പ്രസവത്തിനു ശേഷമുള്ള ലൈംഗിക ജീവിതം

ഡോ. കെ പ്രമോദ്

sexual health check up

പ്രസവത്തിനു ശേഷമുള്ള ലൈംഗിക ജീവിതത്തെക്കുറിച്ച് പലർക്കും പല സംശയങ്ങളാണ്. പ്രസവത്തിനു ശേഷം എപ്പോൾ ലൈംഗിക ബന്ധം പുനരാരംഭിക്കാം, സ്ത്രീകളുടെ ലൈംഗിക താൽപര്യം പ്രസവശേഷം കുറയുമോ എന്നിവയെല്ലാം സാധാരണ തോന്നുന്ന സംശയങ്ങളാണ്. സുഖപ്രസവമോ സിസേറിയനോ എന്തുതന്നെയായാലും ലൈംഗിക ജീവിതം പുനരാരംഭിക്കുന്നതിനു മുൻപ്, ചികിൽസിച്ച ഗൈനക്കോളജിസ്റ്റിന്റെ അഭിപ്രായം നിർബന്ധമായും തേടണം. സിസേറിയൻ സമയത്തെ സ്റ്റിച്ചുകളും സുഖപ്രസവ സമയത്തെ ആന്തരിക മുറിവുകളും ഭേദമാകാതെയുള്ള ലൈംഗികബന്ധം സ്ത്രീയുടെ ആരോഗ്യത്തെ സാരമായി ബാധിക്കാം.

അമ്മയായതിനു ശേഷമുള്ള ജീവിതം

പ്രസവശേഷമുള്ള സ്ത്രീയുടെ ജീവിതം ഉത്തരവാദിത്തം നിറഞ്ഞതാണ്. ശരീരത്തിൽ വരുന്ന ഹോർമോൺ വ്യതിയാനവും നവജാതശിശുവിനെ പരിചരിക്കാനുള്ള തത്രപ്പാടുമെല്ലാം സ്ത്രീകളിൽ ലൈംഗിക താൽപര്യം കുറച്ചേക്കാം. ചില സമയങ്ങളിൽ കുഞ്ഞിനെ പരിപാലിക്കുന്നതിന്റെ തിരക്കിൽ ഭർത്താവിനെ കാര്യമായി ശ്രദ്ധിക്കാൻ സമയം കിട്ടിയില്ലെന്നും വരാം. ഇതു ചില ഭർത്താക്കന്മാരിൽ ചെറിയ പിണക്കത്തിനും വഴിതെളിക്കാം. കുഞ്ഞു വന്നപ്പോൾ എന്നെ തിരിഞ്ഞു നോക്കുന്നില്ലെന്ന് പരാതി പറയുന്നവരും കുറവല്ല. മുലയൂട്ടുന്ന അമ്മമാരുടെ സ്തനങ്ങളിൽ മുലപ്പാൽ കെട്ടിനിന്ന് നേരിയ വേദന അനുഭവപ്പെടാറുണ്ട്. ഇതെല്ലാം പ്രസ‌വാനന്തരം ലൈംഗിക ജീവിതത്തിൽ കുറച്ചു നാളത്തേക്കു താൽപര്യക്കുറവിനു കാരണമാകാം.

ലൈംഗിക ബന്ധം എപ്പോൾ

പ്രസവത്തിനു ശേഷം രണ്ടു മൂന്നു മാസം കഴിഞ്ഞ് ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതാണ് സ്ത്രീയുടെ ആരോഗ്യത്തിന് അഭികാമ്യം. അതു കൊണ്ടാവാം പ്രസവശേഷം മൂന്നു മാസം സ്ത്രീയുടെ വീട്ടിൽ ചെലവഴിക്കുകയെന്ന പൊതുരീതി കാലങ്ങളായി പിന്തുടുരന്നത്. ലൈംഗിക ബന്ധത്തിന് ആരോഗ്യകരമായ സമയം വരെ കാത്തിരിക്കണം എന്നു കരുതി പങ്കാളികൾ തമ്മിലുള്ള ആത്മബന്ധത്തിനു തടസം വരാതെ നോക്കേണ്ടതായുണ്ട്. കുഞ്ഞിനെ അമിതമായി പരിപാലിക്കുന്നു എന്ന ചിന്ത ചില ഭർത്താക്കന്മാരിൽ ഉടലെടുക്കാനും സാധ്യതയുണ്ട്. പരസ്പരം ലാളനകളും സ്നേഹ പ്രകടനങ്ങളും കുഞ്ഞു പിറന്നതിനു ശേഷവും ദാമ്പത്യം കൂടുതൽ ഉൗഷ്മളമാക്കാൻ സഹായിക്കും.

(എറണാകുളം പത്തടിപ്പാലത്തുള്ള ഡോ. പ്രമോദ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സെക്ഷ്വൽ ആൻഡ് മാരിറ്റൽ ഹെൽത്തിലെ സെക്സ് തെറാപ്പിസ്റ്റും ക്ലിനിക്കൽ െെസക്കോളജിസ്റ്റുമാണ് ലേഖകൻ)