Manorama Online
Header

വാതരോഗങ്ങളെ അകറ്റാം

ത്രിദോഷങ്ങളുടെ സാമ്യവസ്ഥയാണ് ശരീരത്തിന്റെ ആരോഗ്യം. വാത–പിത്ത–കഫ ദോഷങ്ങളുടെ സമാവസ്ഥയെയാണ് ആരോഗ്യം എന്നു വിശേഷിപ്പിക്കുന്നത്. കുത്തിനോവൽ, വലിച്ചിൽ, ഉളുക്ക്, പിടുത്തം തുടങ്ങി പല രീതിയിലുള്ള വാതരോഗങ്ങൾ നമുക്കു കാണാൻ സാധിക്കും. ജീവിതശൈലിയുമായി ബന്ധപ്പെട്ടുള്ള കാരണങ്ങളാണ് പ്രധാനമായും വാതവൃദ്ധിയിൽ കാണുന്നത്. വാതപ്രകൃതമായുള്ള ശരീരപ്രകൃതിയുള്ളവർ തണുത്ത ആഹാരങ്ങൾ അകത്തും പുറത്തും സേവിക്കുക, വിരുദ്ധാഹാരം കഴിക്കുക തുടങ്ങിയവ വാതരോഗങ്ങളിലേക്കു നയിക്കും.

ശരീരപ്രകൃതി പോലെതന്നെ ഒരു ദിവസത്തിന്റെ ആദിയിലും മധ്യത്തിലും അന്ത്യത്തിലും വാതപിത്തകഫ വൃദ്ധിയുണ്ടാകുന്ന സമയമാണ്. കഫചമായുള്ള ശരീരപ്രകൃതിയുള്ള വ്യക്തികളിൽ രാത്രികാലങ്ങളിൽ ശ്വാസംമുട്ടു പോലെയുള്ള പ്രശ്നങ്ങൾ അധികരിക്കുന്നതായി കാണാം. കാലാവസ്ഥയിൽ വരുന്ന വ്യതിയാനം വേദനകളെ കൂട്ടാം.

ആമവാതം, വാതരക്ത, നടുവിനു വരുന്ന നീർക്കെട്ട്, തോളുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾ, കാൽമുട്ടു വേദന എന്നിവയെല്ലാം വാതരോഗങ്ങളുടെ വിവിധ ഭാവങ്ങളാണ്. പുറമേ കാണുന്ന രോഗലക്ഷണങ്ങൾക്ക് ഉപരിയായി നമ്മുടെ രക്തത്തിൽ വരുന്ന മാറ്റങ്ങളും ഇവിടെ പ്രതിഫലിക്കും. കൃത്യമായ ആയുർവേദ ചികിത്സയിലൂടെ ഇതെല്ലാം പരിഹരിക്കാവുന്നതാണ്. രോഗത്തിന്റെ അവസ്ഥയ്ക്കനുസരിച്ചും വൈദ്യന്റെ യുക്തിക്കനുസരിച്ചും രോഗിയുടെ ശരീരബലത്തിനുനുസരിച്ചും ചികിത്സകളും ആഹാരങ്ങളും ഔഷധങ്ങളും നൽകുന്നതിലൂടെ വേണ്ട രീതിയിലുളള പരിഹാരം ലഭിക്കുന്നു.

© Copyright 2019 Manoramaonline. All rights reserved.