Manorama Online
Header

എല്ലിനു ബലം നൽകാൻ കഴിക്കാം ഈ ഭക്ഷണങ്ങൾ

അസ്ഥി സന്ധിയെ ആശ്രയിച്ചു വരുന്ന വേദനകളും പ്രശ്നങ്ങളും എല്ലാ പ്രായക്കാരിലും കാണുന്നുണ്ട്. ഇതിനൊരു പ്രധാന കാരണം ആഹാരശീലങ്ങളാണ്. എല്ലുകളുടെ പോഷണവും വളർച്ചയും ശരിയായ രീതിയിൽ നടക്കാത്തതാണ് അസ്ഥിസംബന്ധമായ വേദനകൾക്കു കാരണമാകുന്നത്. അതിനാൽ ഇതിനു സഹായിക്കുന്ന രീതിയിലുള്ള ആഹാരങ്ങൾ നമ്മുടെ ഡയറ്റിൽ ഉൾപ്പെടുത്തണം.

പാൽ, മുട്ട, സോയാബീൻ, പയറുവർഗങ്ങൾ, മുളപ്പിച്ച ചെറുപയർ എന്നിവ ചെറുപ്രായത്തിലെ കുട്ടികളിൽ ശീലിപ്പിക്കാം. പാലും മുട്ടയും സ്ഥിരമായി കഴിക്കുന്നത് മുതിർന്നവരിൽ ചിലപ്പോൾ കൊളസ്ട്രോൾ പ്രശ്നങ്ങൾ സൃഷ്ടിക്കാം. അതിനാൽ വിദഗ്ധ നിർദേശ പ്രാകാരം ഇവ കഴിക്കുക. വൈറ്റമിൻ കെ സപ്ലിമെന്റ് അസ്ഥി സന്ധികളുടെയും എല്ലുകളുടെയും പോഷണത്തിന് സഹായകമാണ്. ബ്രക്കോളി, കോളിഫ്‌ളവർ, ബീൻസ് മുതലായവ ആഹാരത്തിൽ ഉൾപ്പെടുത്താം. പാലും പാലുൽപ്പന്നങ്ങളും കാൽസ്യം വർധിപ്പിക്കാൻ സഹായിക്കും.

വൈറ്റമിൻ ഡിയുടെ കുറവ് അസ്ഥിവേദനകൾക്കു പ്രധാന കാരണമാണ്. ഇതു പരിഹരിക്കാൻ വൈകുന്നേരം ഇളംവെയിൽ ഏൽക്കാം. വൈറ്റമിൻ ഡിയിൽ വരുന്ന കുറവ് കഴിക്കുന്ന ആഹാരത്തിലുള്ള കാൽസ്യം ശരീരത്തിലേക്കു വലിച്ചെടുക്കുന്നതു കുറയ്ക്കും. ഇത് അസ്ഥിക്ഷയം, ഓസ്റ്റിയോപൊറോസിസ് തുടങ്ങിയവയ്ക്കു കാരണമാകും.

ബേക്കറിയിൽ നിന്നു വാങ്ങുന്ന പലഹാരങ്ങളിൽ മിക്കവയിലും കലോറിക മൂല്യം കൂടുതലാണ്. എന്നാൽ പോഷകം വളരെ കുറവും. വീട്ടിൽത്തന്നെ ഇവ ആവശ്യത്തിനു പോഷകം കൂടി കിട്ടുന്ന രീതിയിൽ ഉണ്ടാക്കി ഉപയോഗിക്കാവുന്നതാണ്. ഇലക്കറികൾ, പച്ചക്കറികൾ, പഴവർഗങ്ങൾ, ചെറുമത്സ്യങ്ങൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്താം.

© Copyright 2019 Manoramaonline. All rights reserved.