Manorama Online
Header

കംപ്യൂട്ടറും മൊബൈലും സമ്മാനിക്കും വേദനകൾ

ഇന്ന് നമ്മുടെ ജീവിതത്തിൽ അവശ്യ ഘടകമായിരിക്കുകയാണ് കംപ്യൂട്ടറും മൊബാൽഫോണും. കൊച്ചുകുട്ടികൾ വരെ മൊബൈൽഫോണിന് അടിമപ്പെട്ടിരിക്കുന്ന അവസ്ഥയാണുള്ളത്. ഇതു പലരീതിയിലുള്ള ആരോഗ്യപ്രശ്നങ്ങളിലേക്കു നയിക്കുന്നുണ്ട്. ഇവയുടെ അമിതോപയോഗം കണ്ണ്, കഴുത്ത്, തലച്ചോറ്, ബുദ്ധി എന്നിവയ്ക്കൊക്കെ മാന്ദ്യം വരുത്തുകയും ഞരമ്പുകളുടെയും എല്ലുകളുടെയും ശക്തിയെ കുറയ്ക്കുകയുമൊക്കെ ചെയ്യുന്നുണ്ട്.

കുട്ടികളിൽ നേത്രരോഗങ്ങൾ ഇപ്പോൾ കൂടിയ അളവിൽ കാണുന്നുണ്ട്. പഴയ കാലഘട്ടത്തിലുള്ള എണ്ണതേച്ചു കുളിയും കണ്ണിൽ അഞ്ജനം എഴുതുക, വിശപ്പു വന്നതിനു ശേഷം മാത്രം ആഹാരം കഴിക്കുക, ചെറിയ രീതിയിലുള്ള വ്യായാമത്തിലേക്കു വരിക എന്നിവയെല്ലാം ആയുർവേദ ദിനചര്യയിൽ പറയുന്ന കാര്യങ്ങളാണ്. പണ്ടുകാലത്ത് കുട്ടികള്‍ പറമ്പിലും മറ്റും ഓടിക്കളിച്ചാണു വളർന്നിരുന്നത്. ഇതുവഴി അവരുടെ എനർജി വേണ്ടരീതിയിൽ ഉപയോഗപ്പെടുത്താനും ബ്രെയിനിലേക്കുള്ള ഓക്സിജനേഷൻ കൃത്യമായി കിട്ടാനും സഹായിച്ചിരുന്നു. ഇന്നത്തെ തലമുറ അധിക സമയവും ചെലവിടുന്നത് ടിവി, കംപ്യൂട്ടർ, മൊബൈൽഫോണ്‍ എന്നിവയ്ക്കു മുന്നിലാണ്. ഇത് കുട്ടികളെ വളരെ ദോഷകരമായി ബാധിക്കുന്നുണ്ട്.

കുട്ടികളെ എണ്ണ തേച്ചു കുളിപ്പിക്കുന്ന ശീലത്തിലേക്കു വീണ്ടും വരിക, മുതിർന്നവരിൽ കംപ്യൂട്ടറുമായി ബന്ധപ്പെട്ടുള്ള ജോലികൾ ചെയ്യുന്നവർ ഒരാഴ്ചക്കാലമെങ്കിലും കണ്ണിനും തലയ്ക്കും ശിരസ്സിനെ ആശ്രയിച്ചു വരുന്ന നെർവുകൾക്കുമൊക്കെ പോഷകമായിട്ടുള്ളതും അവയെ പുനരുജ്ജീവിപ്പിക്കുന്നതുമായ ആയുർവേദ ചികിത്സ ചെയ്യാവുന്നതാണ്. ഒരുപാട് സ്ട്രെസ്സ് അനുഭവിക്കുന്ന ജോലികൾ ചെയ്യുന്നവർ ഒരാഴ്ച റെസ്റ്റ് എടുത്ത് നസ്യം, ശിരോധാര തുടങ്ങിയ ചികിത്സകൾ ചെയ്യുന്നത് ഉത്തമമാണ്. ഇതുവഴി ആരോഗ്യം വീണ്ടെടുക്കാനും പുതിയൊരുണർവ് ഉണ്ടാക്കാനും ഊർജ്ജസ്വലരായി ജോലിചെയ്യാനും സാധിക്കും.

കംപ്യൂട്ടറും മൊബൈലും നമുക്ക് ആവശ്യമാണ്. അതിനാൽ അതിന്റെ നല്ല വശങ്ങളെ ഉൾക്കൊണ്ടുകൊണ്ട് ആരോഗ്യപ്രശ്നങ്ങളെ അകറ്റുന്നതിനു വേണ്ടി ശ്രദ്ധിക്കണം. തുടർച്ചയായി കംപ്യൂട്ടറിനു മുന്നിൽ ഇരിക്കാതെ ഓരോ അറ മണിക്കൂർ ഇടവേളകളിലെങ്കിലും അവിടെ നിന്നു മാറാനും കണ്ണുകൾക്ക് വിശ്രമം നൽകാനും ശ്രമിക്കണം. കംപ്യൂ്ടടറിനു മുന്നിൽ ശരിയായ രീതിയിൽ ഇരിക്കുന്നതിലൂടെ നടുവേദന, കഴു്തതു വേദന ഉൾപ്പടെയുള്ള പ്രശ്നങ്ങളെ അകറ്റാനും സാധിക്കും.

© Copyright 2019 Manoramaonline. All rights reserved.