ലാപ്രോസ്കോപ്പ് എന്നത് വൈദ്യശാസ്ത്രത്തിനായി രൂപകൽപന ചെയ്ത ഒരു പ്രത്യേകതരം ടെലസ്കോപ്പ്' ആണ്. ക്യാമറയിലും ടെലിവിഷൻ മോണിറ്ററിലുമായി ബന്ധിപ്പിച്ചിരിക്കുന്ന ഇതിലൂടെ ശസ്ത്രക്രിയാ വിദഗ്ധന് ശരീരത്തിന്റെ ആന്തരിക ഭാഗങ്ങളെ വീക്ഷിക്കാൻ പറ്റുന്നു. പ്രത്യേക തരത്തിലുള്ള ശസ്ത്രക്രിയ ഉപകരണങ്ങൾ മറ്റു ദ്വാരങ്ങളിലൂടെ കടത്തിവിട്ട് ശസ്ത്രക്രിയ ചെയ്യാം. ദ്വാരങ്ങളുടെ വലുപ്പം 5 മില്ലിമീറ്റർ മുതല്‍ 10 മില്ലീമീറ്റർ വരെയാണ്. 1 മുതൽ 3 വരെ ദ്വാരങ്ങൾ സാധാരണ താക്കോൽദ്വാര ശസ്ത്രക്രിയയിലും 5 മുതൽ 6 വരെ ദ്വാരങ്ങൾ താക്കോൽദ്വാര അർബുദ ചികിത്സയിലും ഉണ്ടാകും.
താക്കോൽദ്വാര ശസ്ത്രക്രിയയുടെ മേന്മകൾ
തുറന്ന ശസ്ത്രക്രിയയേക്കാൾ താക്കോൽദ്വാര ശസ്ത്രക്രിയകൾക്ക് താഴെ കൊടുത്തിരിക്കുന്ന മേന്മകളുണ്ട്
∙ വേദന കുറവ്.
∙ രോഗവിമുക്തി കൂടുതൽ വേഗത്തിൽ.
∙ ആശുപത്രിയിൽ അധികദിവസം ചെലവഴിക്കേണ്ട.
∙ കൂടുതൽ സൗന്ദര്യവർധകം.
താക്കോൽദ്വാര ശസ്ത്രക്രിയയുടെ ബുദ്ധിമുട്ടുകൾ?
ദീർഘകാലത്തിലുള്ളതും ഹ്രസ്വകാലത്തിലുള്ളതുമായ ബുദ്ധി മുട്ടുകൾ ഉണ്ട്. എന്നാൽ ഇതിന്റെ അളവ് വളരെ കുറവാണ്. ഏതൊരു താക്കോൽദ്വാര ശസ്ത്രക്രിയയിലും തുറന്ന ശസ്ത്രക്രിയയിലേക്കുള്ള മാറ്റം ചിലപ്പോൾ ഉണ്ടായേക്കാം. ഉദരരോഗ ശസ്ത്രക്രിയയ്ക്ക് ഒന്നിലധികം തവണ വിധേയരായവരിലോ കേടുപാടുള്ള കോശങ്ങൾ ഉള്ളവരിലോ ഇത്തരം മാറ്റങ്ങൾ സാധാരണമാണ്. വിദഗ്ധ ഡോക്ടർമാരുടെ മേൽനോട്ടത്തിൽ കീ ഹോൾ സർജറി ചെയ്യുമ്പോൾ വയറു കീറിയുള്ള സർജറി ചെയ്യേണ്ട ആവശ്യം കുറവാണ്.
എന്തൊക്കെ ശസ്ത്രക്രിയകൾ താക്കോൽദ്വാരത്തിലൂടെ ചെയ്യാൻ കഴിയും?
ഇന്ന് ചെറുതും വലുതുമായ ഭൂരിഭാഗം ശസ്ത്രക്രിയകളും താക്കോൽദ്വാരം വഴി ചെയ്യാം. ഏറ്റവും അനുയോജ്യമായത് ഡോക്ടർ നിർദേശിക്കും. ഭൂരിഭാഗം ശസ്ത്രക്രിയകളും ഞങ്ങൾ താക്കോൽദ്വാരത്തിലൂടെയാണ് ചെയ്യുന്നത്. ചില സാഹചര്യങ്ങളിൽ ഓപ്പൺസർജറിയാണ് നല്ലത്. വളരെ ചുരുക്കം അവസരങ്ങളിൽ താക്കോൽദ്വാര ശസ്ത്രക്രിയയിൽനിന്ന് ഓപ്പൺ സർജറിയായി മാറാറുണ്ട്.
എന്തൊക്കെയാണ് ശസ്ത്രക്രിയയ്ക്ക് ശേഷം പ്രതീക്ഷിക്കേണ്ടത്
കൂടുതൽ രോഗികൾക്കും ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ വീട്ടിലേക്കു പോവാൻ സാധിക്കുന്നു (ശസ്ത്രക്രിയയുടെ പ്രത്യേകതകൾക്കനുസരിച്ച്). നിങ്ങളുടെ വേദന ഓരോ ദിവസവും കൂടുന്തോറും കുറഞ്ഞു വരുന്നു. ക്രമേണ വേദനാ സംഹാരികൾ പൂർണമായും ഒഴിവാക്കാവുന്നതാണ്. പ്രാഥമിക കാര്യങ്ങൾ എത്രയും പെട്ടെന്ന് ചെയ്യാൻ സാധിക്കും. അധിക ദിവസം ആശുപത്രിയിൽ ചെലവഴിക്കേണ്ടതില്ല. അധികം താമസിക്കാതെ ജോലിയിൽ പ്രവേശിക്കാൻ സാധിക്കും.