Miss World 2014

അഴകിന്റെ ഉത്സവം, മാറ്റങ്ങളുടെ മത്സരക്കാലം!

Article_image

ലോകമെമ്പാടും കണ്ണും നട്ടും കാത്തിരിക്കുന്ന ലോക സുന്ദരി മത്സരത്തിന് പറയാനുണ്ട് ചില കഥകളും വിശേഷങ്ങളും. കാലാനുസൃതമായ മാറ്റങ്ങളോടെ എക്കാലവും ലോകത്തെ ആകാംക്ഷയുടെ കൊടുമുടിലേറ്റുന്ന മത്സരത്തിന്റെ മാറ്റുകൂട്ടുന്ന വിശേഷങ്ങളിതാ...

മിസ് വേള്‍ഡ് മത്സരത്തിന്‍െറ ചരിത്രത്തിലേക്ക്
ഏതൊരു പുരുഷന്‍െറയും വിജയത്തിനു പിന്നില്‍ ഒരു സ്ത്രീയുണ്ടെന്ന ചൊല്ല് ഇവിടെ മാറ്റിയെഴുതേണ്ടി വരും കാരണം ഒരുപാടു സുന്ദരിമാരുടെ തലേവര മാറ്റി വരച്ചത് ബ്രിട്ടനിലെ വിനോദവ്യവസായി എറിക് മോര്‍ളിയുടെ തലയിലുദിച്ച ആശയമാണ്. 'ഫെസ്റ്റിവല്‍ ഓഫ് ബ്രിട്ടണ്‍' എന്ന ആഘോഷത്തിനിടയില്‍ 1951ല്‍ എറിക് മോര്‍ളി സൌന്ദര്യമല്‍സരം നടത്തിയതു സ്വന്തമായി പണം സമ്പാദിക്കാനോ കീര്‍ത്തിനേടാനോ ആയിരുന്നില്ല. സ്ത്രീകളുടെ വ്യക്തിത്വം വികസിപ്പിക്കാനുള്ള ഉദ്ദേശ്യത്തോടെയായിരുന്നു. ഇന്നും വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കും തിരി കൊളുത്തിക്കൊണ്ടിരിക്കുന്ന മത്സരത്തിന് 1951ല്‍ എറിക് തുടക്കം കുറിച്ചപ്പോള്‍ അനുകൂലിച്ചവര്‍ വിരലിലെണ്ണാവുന്നവര്‍ മാത്രം.

ബിക്കിനി കോണ്ടെസ്റ്റ് ടു മിസ് വേള്‍ഡ്
ബിക്കിനി കോണ്‍ടെസ്റ്റിനു ലോകമെമ്പാടും ലഭിച്ച വമ്പിച്ച പ്രതികരണമാണ് ഇന്നത്തെ ലോകസുന്ദരി മത്സരത്തിനു വഴിതെളിച്ചത്. നല്ല രീതിയിലുള്ള മാധ്യമ പിന്തുണയും കൂടിയായപ്പോള്‍ മത്സരത്തിനു വന്‍ പ്രചാരം ലഭിച്ചു. മിസ് വേള്‍ഡ്” എന്ന പേരും മാധ്യമങ്ങളുടെ സംഭാവനയാണ്. അന്‍പത്തൊന്‍പതുമുതല്‍ എഴുപത്തൊന്‍പതു വരെയുള്ള മത്സരങ്ങള്‍ ബിബിസി ഏറ്റെടുത്തു. തെംസ് ടെലിവിഷന്‍ എണ്‍പതുമുതല്‍ എണ്‍പത്തെട്ടുവരെയുള്ള മത്സരങ്ങള്‍ സംപ്രേഷണം ചെയ്തു. പ്രതികരണം അതിശയിപ്പിക്കുന്നതായിരുന്നു. രാജകീയവിവാഹത്തിനു ലഭിക്കുന്നതിന്റെ ഇരട്ടി പ്രേക്ഷകര്‍ മത്സരത്തിനു ലഭിച്ചു. ബ്രിട്ടനില്‍ മാത്രമായി 27.5 മില്ല്യണ്‍ പ്രേക്ഷകര്‍!

അഞ്ചു സുന്ദരികളും ഇന്ത്യയും
ലോക സുന്ദരി മത്സരം തുടങ്ങി ഒരു ദശകം കാത്തിരിക്കേണ്ടി വന്നു ഇന്ത്യക്ക് ഒരു ലോക സുന്ദരിയെ സ്വന്തമാക്കാന്‍. റീത്താ ഫാരിയ എന്ന ഇന്ത്യയുടെ ആദ്യത്തെ ലോകസുന്ദരി മാറ്റുരച്ചത് 1966ലെ മത്സരത്തിലാണ്. വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം തൊണ്ണൂറുകളുടെ മധ്യം മുതല്‍ ഇരുപതാം നൂറ്റാണ്ടിന്‍െറ തുടക്കം വരെ ലോക സുന്ദരിപ്പട്ടം സ്വന്തമാക്കിയത് 4 ഇന്ത്യന്‍ സുന്ദരികളാണ്. 1994 ല്‍ ഐശ്വര്യ റോയ്. 1997ല്‍ ഡയാനാ ഹേഗല്‍ 1999ല്‍ യുക്താമുഖി, 2000ല്‍ പ്രിയങ്ക ചോപ്ര.

ജസ്റ്റ് മിസ്സ് മിസ് വേള്‍ഡ്
2008ലെ മിസ് വേള്‍ഡ് മത്സരം ഒരു മലയാളിക്കും മറക്കാന്‍ സാധിക്കില്ല. തലനാരിഴക്ക് ലോക സുന്ദരിപ്പട്ടം നഷ്ടമായ പാര്‍വതി ഓമനക്കുട്ടന്‍ എന്ന മലയാളിപ്പെണ്‍കുട്ടിയെയും. ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ് ബര്‍ഗില്‍ വച്ച് നടന്ന 59-ാം മിസ് വേള്‍ഡ് മത്സരത്തിലാണ് പാര്‍വതി മാറ്റുരച്ചത്. ദക്ഷിണാഫ്രിക്കയെക്കുറിച്ച് എന്തു തോന്നുന്നു എന്ന ചോദ്യത്തിന് ദക്ഷിണാഫ്രിക്ക സ്വന്തം നാടുപോലെ തോന്നുന്നുവെന്നും ഇന്ത്യയും ദക്ഷിണാഫ്രിക്കയും വൈവിധ്യമാര്‍ന്ന സംസ്കാരങ്ങളെ ഉള്‍ക്കൊള്ളുന്ന രാജ്യങ്ങളാണെന്നും. ഇരു രാജ്യങ്ങള്‍ക്കും ഗാന്ധിജി, നെല്‍സണ്‍ മണ്ടേല എന്നീ മഹദ് നേതാക്കള്‍ ഉണ്ടെന്നും ഉത്തരം നല്‍കി മത്സരത്തിലെ ഫസ്റ്റ് റണ്ണര്‍ അപ്പ് ആയി.

മത്സരത്തിലെ അപൂര്‍വ്വ നിമിഷങ്ങള്‍
ബിക്കിനി മത്സരത്തില്‍ പങ്കെടുക്കാന്‍ ബിക്കിനിയില്‍ സ്റ്റേജിലെത്തിയ ആദ്യത്തെയും അവസാനത്തെയും ലോകസുന്ദരി 1951 ലെ വിജയിയായ സ്വീഡന്റെ കികി ഹാക്കിന്‍സണ്‍ ആയിരുന്നു. മിസ് വേള്‍ഡ് മത്സര ചരിത്രം ഇവിടെ തുടങ്ങുന്നു. അറുപതുകളുടെ അവസാനത്തിലെ ലോകസുന്ദരി സ്വീഡന്റെ ഇൌവാ റൂബര്‍ സ്റ്റെയര്‍ ആയിരുന്നു. സമ്മാനത്തുക എങ്ങനെ ചെലവഴിക്കുമെന്ന പത്രപ്രവര്‍ത്തകരുടെ ചോദ്യത്തിനൂ ഇൌവ നല്‍കിയ ഉത്തരം രസമുള്ളതായിരുന്നു. ഞാന്‍ ചോക്ളേറ്റുകള്‍ വാങ്ങും എന്നായിരുന്നു ആരെയും മോഹിപ്പിക്കുന്ന ദന്തനിര സ്വന്തമായുള്ള സൂന്ദരിയുടെ പ്രതികരണം.

എഴുപതുകളിലെ ആദ്യത്തെ ലോകസുന്ദരി മത്സരത്തില്‍ ആതിഥ്യം വഹിച്ചത് ഇതിഹാസ നായകനായ ഇംഗീഷ് ഹാസ്യനടന്‍ ബോബ് ഹോപ്പാണെന്നത് ഫെമിനിസ്റ്റുകളുടെ പരിഹാസത്തിനിടയാക്കി. എന്നാല്‍ ഇതേ മത്സരത്തിലായിരുന്നു ചരിത്രത്തിലാദ്യമായി കറുത്തവര്‍ഗക്കാരായ രണ്ടുപേര്‍ ഒന്നും രണ്ടും സ്ഥാനങ്ങളിലെത്തിയത്. ഗ്രനാഡായുടെ ജന്നിഫര്‍ ഹോസ്റ്റെണും ആഫ്രിക്കയുടെ പേള്‍ ഹോസ്റ്റണും ആയിരുന്നു ആ സുന്ദരികള്‍. സ്ത്രീപക്ഷവാദികളുടെ കടുത്തവിമര്‍ശനത്തിനു ഇരയാകേണ്ടി വന്നെങ്കിലും അറുപതുകളിലെയുംഎഴുപതുകളിലെയും ലോകസുന്ദരി മത്സരങ്ങള്‍ സമ്പാദിച്ച ടെലിവിഷന്‍ പ്രേക്ഷകര്‍ എണ്ണമറ്റതായിരുന്നു. യുകെയില്‍ ആ വര്‍ഷത്തെ ഏറ്റവും മികച്ച റേറ്റിങ്ങ് നേടിയ ടെലിവിഷന്‍ പരിപാടിയും മിസ് വേള്‍ഡ് 1970 ആയിരുന്നു.

എഴുപത്തൊന്‍പതാകുമ്പോഴേക്കും ലോകമെമ്പാടുമുള്ള അഞ്ഞൂറുമില്യനോളം ജനങ്ങളെ ആകര്‍ഷിക്കാന്‍ ഷോയ്്ക്ക് കഴിഞ്ഞു. എഴുപത്തൊന്‍പതിലെ ലോകസുന്ദരി ജിന സ്വൈസണിന്റെ വിജയം സ്വരാജ്യമായ ബര്‍മൂഡ എന്ന കൊച്ചുദ്വീപ് ആഘോഷിച്ചത് രാജ്യവ്യാപകമായി അവധി പ്രഖ്യാപിച്ചുകൊണ്ടായിരുന്നു.

മാറ്റങ്ങളുടെ മത്സരക്കാലം
വിധിനിര്‍ണയത്തിലെ പ്രധാന മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വന്നത് എണ്‍പതുകളിലാണ്. ബുദ്ധിശക്തിയും വ്യക്തിത്വവും സൌന്ദര്യത്തിന്റെ അളവുകോലാവാന്‍ തുടങ്ങിയെന്നതാണ് മുഖ്യ മാറ്റം. പോളണ്ട് സുന്ദരി അനീറ്റാ റെഗിക്കയാണ് ഇൌ ദശകത്തിലെ അവസാന സുന്ദരി.

ലോകസുന്ദരി മത്സരം അമേരിക്കന്‍ ഐക്യനാടുകളില്‍ അരങ്ങേറിയ വര്‍ഷമായിരുന്നു 1991. മിസ് വേള്‍ഡ് മത്സരത്തിന്റെ സുവര്‍ണകാലമായിരുന്നു 92 മുതല്‍ 95 വരെയുള്ള വര്‍ഷങ്ങള്‍. 90 കളില്‍ മറ്റൊരു വിസ്മയത്തിനും കൂടി ഇന്ത്യ സാക്ഷ്യം വഹിച്ചു, 1996 ല്‍ ബാംഗൂര്‍ മിസ് വേള്‍ഡ് മത്സരത്തിന് വേദിയായി. സൌന്ദര്യത്തിന്‍െറയും വിവാദങ്ങളുടെയും കൊടുങ്കാറ്റ് ആഞ്ഞടിച്ചെങ്കിലും അതിഗംഭീരമായ് തന്നെ ഇന്ത്യ മിസ് വേള്‍ഡ് മത്സരം ആഘോഷിച്ചു. ഗ്രീസുകാരി ഐറിന്‍ സ്ക്ളീവയ്ക്കായിരുന്നു ഇന്ത്യയില്‍ അരങ്ങേറിയ മിസ് വേള്‍ഡില്‍ കിരീടം. 1999 ല്‍ മത്സരം ലണ്ടനില്‍ അരങ്ങേറിയപ്പോള്‍ അതോടെ മിസ് വേള്‍ഡ് മത്സരം നിരോധിക്കുമെന്ന വാര്‍ത്തകളും പ്രചരിച്ചിരുന്നു.

മിസ് വേള്‍ഡ് മത്സരം അരനൂറ്റാണ്ട് പിന്നിട്ട 2000 ത്തില്‍ ആഘോഷതിമിര്‍പ്പോടെ ലണ്ടനില്‍ മത്സരം അരങ്ങേറി. സൌന്ദര്യമത്സരത്തിന്റെ അമ്പതാം വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാന്‍ ലണ്ടനില്‍ മാത്രമായ് എത്തിയത് എട്ട് മില്ല്യന്‍ പ്രേക്ഷകരായിരുന്നു. ചാനലുകളെല്ലാം ആഘോഷം തത്സമയം സംപ്രേഷണം ചെയ്യാന്‍ മത്സരിച്ചതും ആ വര്‍ഷം തന്നെ! മിസ് വേള്‍ഡിന്റെ ചരിത്രത്തില്‍ ആദ്യമായ് ഒരു കറുത്ത സുന്ദരിയ്ക്ക് പട്ടം കിട്ടുന്നത് 2001ലാണ്. നൈജീരിയക്കാരി അഗ്ബാനി ഡരേഗോ! 2007ല്‍ ചൈനയില്‍ അരങ്ങേറിയ മത്സരത്തില്‍ ചൈനക്കാരി സാങ്ങ് സിലിന്‍ ലോകസുന്ദരി കിരീടം ചൂടി.

മത്സരം ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍
ചൈനയില്‍ നടന്ന അറുപതാം മിസ് വേള്‍ഡ് മത്സരത്തില്‍ യുണൈറ്റഡ് സ്റ്റേറ്റ്സിലെ അലക്സാണ്ട്രിയ മില്‍സ് ആയിരുന്നു 2010 ലെ ലോകസുന്ദരി. 2011 നവംബര്‍ 6 ന് ലണ്ടനില്‍ നടന്ന മത്സരത്തില്‍ വെനിസ്വലയിലെ ഇവൈയ്ന്‍ സര്‍ക്കോസിയായിരുന്നു മിസ് വേള്‍ഡ് ആയി തെരഞ്ഞെടുക്കപ്പെട്ടത്. 2012 ഓഗസ്റ്റ് 12 ന് ചൈനയില്‍ നടന്ന 62-ാമത് ലോകസുന്ദരി മത്സരത്തിലെ വിജയി ചൈനയിലെ തന്നെ യുവ വെന്‍സിയ ആയിരുന്നു.

ബിക്കിനി വേണ്ടേ വേണ്ട!
യഥാസ്ഥിതിക മുസ്ലിം വിഭാഗം കൂടുതലുള്ള ഇന്തൊനീഷ്യയില്‍ മിസ് വേള്‍ഡ് മത്സരത്തിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. സ്ത്രീകളെ ചൂഷണം ചെയ്യുന്ന മിസ് വേള്‍ഡ് ബഹിഷ്കരിക്കൂ, മിസ് വേള്‍ഡ് മല്‍സരം നശിക്കട്ടെ എന്നിങ്ങനെയുള്ള പ്ളക്കാര്‍ഡുകളുമായി ജനങ്ങള്‍ തെരുവിലിറങ്ങിയതും മല്‍സരം തന്നെ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ചില മുസ്ലിം സംഘടനകള്‍ രംഗത്തു വന്നതു കാരണം ബിക്നി ഒഴിവാക്കി മല്‍സരം നടത്താന്‍ അധികൃതര്‍ തയാറായി.