വ്യക്തിത്വം വളര്‍ത്താന്‍ തുടങ്ങിയ മത്സരം

ഡിസംബര്‍ 14ന് സുന്ദരിപ്പട്ടത്തിനുവേണ്ടി ലോക സുന്ദരികള്‍
അണിനിരക്കുമ്പോള്‍ എറിക് മോര്‍ളി തുടങ്ങിവച്ച ഈ പ്രസ്ഥാനത്തിന്‍െറ
ലക്ഷ്യവും സാധ്യതകളും പുനര്‍വിചിന്തനത്തിനു വിധേയമാകുകയാണ്. സൗന്ദര്യ
മല്‍സരത്തെ എതിര്‍ക്കുന്നവരെക്കാള്‍ അനുകൂലിക്കുന്നവരുടെ സംഖ്യ
വര്‍ധിച്ചുവരുന്നു.
മിസ് വേള്‍ഡ്, വര്‍ഷങ്ങള്‍ക്ക് മുന്‍പ്
എറിക് മോര്‍ളി എന്നൊരു ഇംഗീഷുകാരന്‍െറ മനസില്‍ ഉദിച്ച ഒരു
ആശയമായിരുന്നു. ബുദ്ധിശക്തിയിലും ആകര്‍ഷണശക്തിയിലും മികവു
പ്രകടിപ്പിക്കുന്ന സ്ത്രീകള്‍ക്കുവേണ്ടി ഒരു ലോകമല്‍സരം. ഇംഗണ്ടില്‍
1951ല്‍ ആദ്യമായി അരങ്ങേറിയ 'മിസ്വേള്‍ഡ്', പിന്നെയൊരു
മഹാപ്രസ്ഥാനമായിത്തീര്‍ന്നു. 'മിസ്വേള്‍ഡ്' കിരീടം
വിശ്വസുന്ദരിമാര്‍ക്കുള്ള നൊബേല്‍ സമ്മാനം പോലെയാണിത്. 'ഫെസ്റ്റിവല്‍
ഓഫ് ബ്രിട്ടണ്‍' എന്ന ആഘോഷത്തിനിടയില്‍ 1951ല്‍ എറിക് മോര്‍ളി
സൗന്ദര്യമല്‍സരം നടത്തിയതു സ്വന്തമായി പണം സമ്പാദിക്കാനോ
കീര്‍ത്തിനേടാനോ ആയിരുന്നില്ല. സ്ത്രീകളുടെ വ്യക്തിത്വം
വികസിപ്പിക്കാനുള്ള ഉദ്ദേശ്യത്തോടെയായിരുന്നു. നന്നായി വസ്ത്രം
ധരിക്കാനും പെരുമാറാനും ചിന്തിക്കാനും സ്ത്രീകള്‍ക്ക് അവസരം ഉണ്ടാക്കുക
എന്നതായിരുന്നു എറിക് ലക്ഷ്യമാക്കിയത്. ആദ്യത്തെ 'മിസ്വേള്‍ഡ്'
മല്‍സരത്തില്‍ ഏറ്റവും ഭംഗിയായി വസ്ത്രം ധരിച്ചവര്‍ക്കായിരുന്നു
സമ്മാനം. വസ്ത്രധാരണം വ്യക്തിത്വത്തിന്‍െറ പ്രധാന ഘടകമാണെന്നു എറിക്
കരുതി.
ആദ്യത്തെ 'മിസ്വേള്‍ഡ്' മല്‍സരം ഇംഗണ്ടില്‍
അരങ്ങേറിയപ്പോള്‍, അതില്‍നിന്നു പ്രചോദനം ഉള്‍ക്കൊണ്ട് അതേ വര്‍ഷംതന്നെ
അമേരിക്കയിലും 'യു എസ് സുന്ദരി'പ്പട്ടത്തിനുവേണ്ടിയുള്ള മല്‍സരം
നടന്നു. സ്ത്രീകളുടെ വ്യക്തിത്വത്തെ പ്രോജ്വലിപ്പിക്കാന്‍
ലക്ഷ്യമാക്കിയ സൗന്ദര്യമല്‍സരത്തിന്‍െറ അലകും പിടിയും മാറിയത്, അത്
അമേരിക്കയില്‍ പ്രചാരണത്തിലായതോടെയാണ്. എറിക് മോര്‍ളി, പത്തുവര്‍ഷം
കഴിഞ്ഞു 'മിസ്വേള്‍ഡ്' മല്‍സരം വീണ്ടും നടത്തിയപ്പോള്‍ അതിനു
സാമൂഹികമായ ചില താല്‍പര്യങ്ങളാണ് ഉണ്ടായിരുന്നത്. ജീവകാരുണ്യ
പ്രവര്‍ത്തനങ്ങളെ സഹായിക്കാന്‍ ഫണ്ട് ശേഖരിക്കുക എന്നതായിരുന്നു
അപ്പോള്‍ എറിക്കിന്‍െറ ലക്ഷ്യം. അതോടെ മല്‍സരസ്വഭാവം മാറുകയും
സ്ത്രീകളുടെ വ്യക്തിത്വ വികസനമെന്ന സങ്കല്‍പം വിസ്മൃതിയാവുകയും ചെയ്തു.
വസ്ത്രധാരണത്തിലെ ആകര്‍ഷകത്വത്തിനു പ്രാധാന്യം നല്‍കുന്ന മല്‍സരമായി
അതു മെല്ലെ മാറിയതു അമേരിക്കയില്‍ അതിനു പ്രചാരം ലഭിച്ചതോടെയായിരുന്നു.
'മിസ്വേള്‍ഡിനു' പിന്നാലെ 'മിസ് യൂണിവേഴ്സ്' തുടങ്ങിയ മല്‍സരങ്ങളും
തുടങ്ങി. എല്ലാം ഫലത്തില്‍ ഒന്നായിരുന്നു.
മിസ്വേള്‍ഡ് ഒരു
കമ്പനിയായി മാറിയപ്പോള്‍ അതിനു ചുക്കാന്‍ പിടിക്കാന്‍ എറിക്
മോര്‍ളിയുടെ പത്നി ജൂലിയാ മോര്‍ളി രംഗത്തുവന്നു. ലണ്ടന്‍ കേന്ദ്രമാക്കി
ജൂലിയായുടെ നേതൃത്വത്തില്‍ നടന്ന 'മിസ്വേള്‍ഡ്' മല്‍സരം ലോക ശ്രദ്ധ
പിടിച്ചുപറ്റി. ലണ്ടന്‍ വിട്ട് ഹോങ്കോംഗ്, അറ്റ്ലാന്റാ, സണ്‍സിറ്റി
എന്നിവിടങ്ങളിലേക്കും മല്‍സരവേദി നീങ്ങി.അതോടെയാണ്
സ്ത്രീസൗന്ദര്യത്തിന്‍െറ പേരില്‍ ചൂഷണം നടക്കുന്നെന്നും മൂന്നാം
ലോകരാഷ്ട്രങ്ങളെ ചൂഷണം ചെയ്യുന്നെന്നും ഉള്ള മുറവിളികള്‍
ഉയര്‍ന്നുതുടങ്ങിയത്. അമിതാഭ് ബച്ചന്‍ കോര്‍പറേഷന്‍ സുന്ദരി മല്‍സരം
എത്തിച്ചതോടെ സൗന്ദര്യത്തിന്‍െറയും വിവാദങ്ങളുടെയും കൊടുങ്കാറ്റ്
ഒരിക്കല്‍ ഇന്ത്യയിലും ആഞ്ഞടിച്ചത് അതിന്‍െറ തുടര്‍ച്ച. സ്ത്രീകളെ
കമ്പോളത്തിലെ ചരക്കായി കാണുന്ന സൌന്ദര്യമല്‍സരം മൂന്നാം
ലോകരാഷ്ട്രങ്ങളെ ചൂഷണം ചെയ്യാനുള്ള ഏര്‍പ്പാടാണെന്നു പുരോഗമനവാദികള്‍
ആരോപിക്കുന്നു. കുത്തക കമ്പനികള്‍ സൌന്ദര്യവസ്തുക്കള്‍ മൂന്നാം ലോക
രാജ്യങ്ങളില്‍ എത്തിക്കാന്‍ 'മിസ്വേള്‍ഡ്' മല്‍സരം പോലെയുള്ള
അവസരങ്ങള്‍ മുതലാക്കുന്നു എന്നാണ് വാദം.
എറിക് മോര്‍ളിയുടെ
സൗന്ദര്യമല്‍സരത്തില്‍ സൗന്ദര്യം ശാരീരികമാണെന്ന ധാരണ
ഉണ്ടായിരുന്നില്ല. അന്നു സൗന്ദര്യവിപണിയുടെ കൈയും ഇല്ലായിരുന്നു.
ഇന്നാകട്ടെ, സൗന്ദര്യവിപണിയുടെ ചുവടൊപ്പിച്ചാണ് സൗന്ദര്യ മല്‍സരങ്ങള്‍
അരങ്ങേറുന്നത്. നഗ്നതയ്ക്കു സൗന്ദര്യമല്‍സരത്തില്‍ സ്ഥാനം ലഭിച്ചതും
അങ്ങനെയാണ്. സ്ത്രീകളുടെ വ്യക്തിത്വത്തെയും ബുദ്ധിശക്തിയെയും അളക്കുന്ന
ചോദ്യങ്ങളും 'മിസ്വേള്‍ഡ്' മല്‍സരത്തില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും അതു സുന്ദരിയെ നിശ്ചയിക്കാനുള്ള
അവസാനത്തെ മാനദണ്ഡം മാത്രമാണ്.
സൗന്ദര്യമല്‍സരത്തെ
എതിര്‍ക്കുന്നവര്‍ ടിവി ചാനലുകളില്‍കൂടി നമ്മുടെ കുടുംബത്തിലേക്ക്
ഒഴുകിയെത്തുന്ന അതിരുവിട്ട പരിപാടികളെ നിത്യവും സ്വാഗതം
ചെയ്യുന്നവരല്ലേ? നമ്മുടെ സംസ്കാരത്തെ തകര്‍ക്കുന്നതു 'മിസ്വേള്‍ഡ്'
മല്‍സരമാണോ ടിവി സംസ്കാരമാണോ? സൗന്ദര്യമല്‍സരത്തെ അനുകൂലിക്കുന്നവര്‍
ഉയര്‍ത്തുന്ന ചോദ്യമാണിത്. സൗന്ദര്യമല്‍സരങ്ങളും ഫാഷന്‍ മല്‍സരങ്ങളും
പെണ്‍കുട്ടികളുടെ ആത്മവിശ്വാസത്തെ ശക്തിപ്പെടുത്തുന്നു എന്നാണ്
പൊതുവേയുള്ള അഭിപ്രായം. പുതിയ ഫാഷന്‍ എപ്പോഴും പെണ്‍കുട്ടികള്‍ക്ക്
ആത്മവിശ്വാസം തരുന്ന ഒരു ഘടകമാണ്. സൗന്ദര്യവും ഫാഷനും ഇന്നൊരു
ബിസിനസായി വളര്‍ന്നുകഴിഞ്ഞു. കേരളത്തില്‍തന്നെ ആയിരക്കണക്കിനു
പെണ്‍കുട്ടികള്‍ മോഡലിങ് പ്രഫഷനായി അംഗീകരിക്കാന്‍
സന്നദ്ധരായിട്ടുണ്ട്. സൗന്ദര്യം വ്യക്തിപരമായ നേട്ടമാണെന്ന്
കരുതാമെങ്കില്‍ സൗന്ദര്യമല്‍സരം നടത്തുന്നതിനെ എതിര്‍ക്കുന്നതില്‍
യുക്തിയില്ലെന്നാണ് ഇതിനെ അനുകൂലിക്കുന്നവരുടെ പക്ഷം.