വിവാദങ്ങളും ദുരൂഹതകളും നടക്കുന്ന റാംപ്!

1951ല്‍ 'ഫെസ്റ്റിവല്‍ ഓഫ് ബ്രിട്ടണ്‍' ആഘോഷങ്ങളുടെ ഭാഗമായി നടന്ന
'ഫെസ്റ്റിവല്‍ ബിക്കിനി' മല്‍സരമാണ് പില്‍ക്കാലത്ത് മിസ് വേള്‍ഡായത്.
മിസ് വേള്‍ഡ് മല്‍സരങ്ങള്‍ ആദ്യമായി സംഘടിപ്പിച്ച എറിക് മോര്‍ലെ ഒരു
ചൂതാട്ടശാലയുടെ മാനേജരായിരുന്നു. ഒറ്റ കൊല്ലത്തേയ്ക്കായി തുടങ്ങിയ
മല്‍സരം ജനപ്രീതി കണക്കിലെടുത്ത് വാര്‍ഷികപരിപാടിയാക്കുകയായിരുന്നു.
മല്‍സരം തുടങ്ങി രണ്ടാം കൊല്ലം തന്നെ പ്രശ്നങ്ങളായി. കാത്തലിക്
പാരമ്പര്യമുള്ള അയര്‍ലന്‍ഡ്, സ്പെയിന്‍ തുടങ്ങിയ രാജ്യങ്ങള്‍ ബിക്കിനി
പരേഡ് കാരണം മല്‍സരത്തില്‍ നിന്നു വിട്ടുനില്‍ക്കുമെന്നറിയിച്ചു.
ബിക്കിനി ഒഴിവാക്കിയാണു ഇതു പരിഹരിച്ചത്.
1965ലെയും 69ലെയും
ലോകസുന്ദരിമാരും നഗ്നരായി ചിത്രങ്ങള്‍ക്ക് പോസ് ചെയ്തതാണ്
പിന്നീടുണ്ടായ വിവാദം. എന്നാല്‍ ഇവര്‍ പട്ടം നേടുന്നതിനു മുന്‍പാണ്
പോസ് ചെയ്തതെന്ന കാരണത്തില്‍ ഇവരുടെ കിരീടം തിരിച്ചുവാങ്ങിയില്ല.
1970കളില്‍ ഫെമിനിസ്റ്റ് പ്രസ്ഥാനം ശക്തിപ്പെട്ടതോടെ എതിര്‍പ്പുകള്‍
കൂടി. രണ്ടു കറുത്ത സുന്ദരികള്‍ പട്ടം നേടിയതായിരുന്നു ഈ ദശകത്തിന്റെ
പ്രത്യേകത. 1980ല്‍ സ്ത്രീകളുടെ സൌന്ദര്യത്തിനൊപ്പം ബുദ്ധിശക്തിയും
അളക്കണമെന്ന നിബന്ധന വന്നു.
1970ല്‍ ലണ്ടനില്‍
മല്‍സരവേദിയിലേക്കു ഫെമിനിസ്റ്റുകള്‍ ബോംബെറിഞ്ഞതാണു മല്‍സരവുമായി
ബന്ധപ്പെട്ടുണ്ടായ ഏറ്റവും ശക്തമായ വിവാദങ്ങളില്‍ ആദ്യത്തേത്. മല്‍സരം
നടക്കുന്ന റോയല്‍ ആല്‍ബര്‍ട്ട് ഹാളിനു നേരെയാണു ചിലര്‍ വീര്യം കുറഞ്ഞ
ബോംബെറിഞ്ഞു ഭീതി സൃഷ്ടിച്ചത്. സ്ത്രീ സ്വാതന്ത്യ്രത്തിനു
മങ്ങലേല്‍ക്കുമെന്നുള്ള വാദങ്ങളായിരുന്നു ഇവരുടേത്. 1976ല്‍ ഒട്ടേറെ
മല്‍സരാര്‍ഥികള്‍ മല്‍സരത്തില്‍ നിന്നു പിന്‍വാങ്ങിയതാണു മിസ് വേള്‍ഡ്
മല്‍സരത്തെ വീണ്ടും വാര്‍ത്തകളില്‍ നിറച്ചത്. ദക്ഷിണാഫ്രിക്കയിലുണ്ടായ
പ്രശ്നങ്ങളുടെ ഭാഗമായാണു ഒട്ടേറെ രാജ്യങ്ങള്‍ മല്‍സരത്തില്‍ നിന്നു
പിന്‍വാങ്ങിയത്.
ഒരു മാസികയ്ക്കു വേണ്ടി നഗ്നയായി പോസ്
ചെയ്തതിന്റെ പേരില്‍ മിസ് വേള്‍ഡ് വിജയിയെ ആ സ്ഥാനത്തു നിന്നു മാറ്റിയ
ചരിത്രവുമുണ്ട് ഈ മല്‍സരത്തിന്. 1980ലെ വിജയി ജര്‍മ്മന്‍കാരിയായ
ഗബ്രിയേല ബ്രേമിന്റെ കിരീടമാണു തൊട്ടടുത്ത ദിവസം തന്നെ തിരികെ
വാങ്ങിയത്. ഒരു മാസികയ്ക്കു നഗ്നയായി പോസു ചെയ്തു എന്നതായിരുന്നു
കാരണം. ലോസ് ഏഞ്ചലില്‍ ജീവിക്കുന്ന ജര്‍മന്‍കാരി ഗബ്രിയേല ബ്രം എന്ന
18കാരിക്ക് കിരീടം നേടി 17ാം മണിക്കൂറില്‍ തന്നെ പട്ടം വേണ്ടെന്നു
വെക്കേണ്ടി വന്നു. അതേസമയം ചട്ടപ്രകാരം മിസ് വേള്‍ഡ് ഒരു വര്‍ഷം
ഇംഗണ്ടില്‍ തങ്ങണമെന്നായിരുന്നു അന്ന്. എന്നാല്‍ ലോസ് ഏഞ്ചല്‍സില്‍
താമസിക്കുന്ന 52കാരനായ തന്റെ കാമുകനെ വിട്ടുവരാന്‍ അവര്‍ക്കു
താല്‍പര്യമുണ്ടായിരുന്നില്ലെന്നതാണു രാജിക്കു കാരണമെന്നും
വാര്‍ത്തയുണ്ട്.
1996ല്‍ ഇന്ത്യ ആതിഥേയത്വം വഹിച്ച
മല്‍സരത്തില്‍ സ്വിംസ്യൂട്ടിന്റെ പേരിലായിരുന്നു പ്രശ്നങ്ങളുണ്ടായത്.
അമിതാഭ് ബച്ചന്റെ അമിതാഭ് ബച്ചന്‍ കോര്‍പറേഷന്‍ ലിമിറ്റഡ് (എബിസിഎല്‍)
എന്റര്‍ടെയ്ന്‍മെന്റ് കമ്പനിയാണു മല്‍സരം സ്പോണ്‍സര്‍ ചെയ്തത്. വന്‍
നഷ്ടമായിരുന്നു പ്രതിഫലം. ഇതു കൂടാതെയാണു സ്വിംസ്യൂട്ടിന്റെ
പേരിലുണ്ടായ വിവാദങ്ങളും. രണ്ടുവര്‍ഷം മുന്‍പ് ലണ്ടനില്‍ നടന്ന
മല്‍സരത്തില്‍ ഇരുന്നൂറിലേറെ ഫെമിനിസ്റ്റുകള്‍ പ്രതിഷേധമുയര്‍ത്തിയതു
മല്‍സരത്തിന്റെ നിറം അല്‍പ്പം കെടുത്തി.
പോയ വര്‍ഷം മല്‍സര
റാംപില്‍ കൂടി സുന്ദരിമാര്‍ക്കൊപ്പം ചുവടുവച്ചത് ബിക്നിയുടെ പേരിലുളള
വിവാദമായിരുന്നു. ഇന്തോനേഷ്യയിലെ ബാലിയിലായിരുന്നു മത്സരം. ഇന്തോനേഷ്യ
യഥാസ്ഥിതിക മുസ്ലിം ഭൂരിപക്ഷ രാജ്യമായതിനാല്‍ പ്രതിഷേധമുയരാനുള്ള
സാധ്യത മുന്‍കൂട്ടിക്കണ്ടാണു ബിക്നി ഉപേക്ഷിക്കാനുള്ള
തീരുമാനമുണ്ടായത്. മിസ് വേള്‍ഡ് മല്‍സരത്തിന്റെ ഫൈനലിന്റെ അവസാന റൗണ്ട്
ജക്കാര്‍ത്തയില്‍ നടത്താനുള്ള തീരുമാനം മാറ്റി ബാലിയിലേക്കു വേദി
പറിച്ചു നടുകപോലുമുണ്ടായി. പോപ് ലോകത്തെ സെന്‍സേഷനല്‍ ലേഡി ഗാഗയുടെ
സംഗീതപരിപാടിയും പല എതിര്‍പ്പുകളെയും ഒഴിവാക്കാന്‍ വേണ്ടി
റദ്ദുചെയ്തിരുന്നു.
മല്‍സരത്തിന്റെ ഒാരോ ഘട്ടങ്ങളിലും ചെറുതും
വലുതുമായ ഒട്ടേറെ വിവാദങ്ങളും പ്രതിസന്ധികളും മിസ് വേള്‍ഡ് മത്സരത്തോടു
ചേര്‍ന്നു നിന്നിരുന്നു. ഇക്കൊല്ലത്തെ മത്സരാര്‍ത്ഥി ആയിരുന്ന മിസ്
ഹോണ്ടുറാസ് മരിയ ജോസ് അല്‍വറാഡോയെ ദുരൂഹ സാഹചര്യത്തില്‍
മരണപ്പെട്ടത്താണ് ലോക സുന്ദരി മത്സര പട്ടികയിലെ അവസാനത്തെ സെന്‍സേഷണല്‍
വാര്‍ത്ത.