Miss World 2014

ശോകഛായയില്‍ അഴകിന്റെ ആഘോഷം

Article_image

ആളും ആഘോഷവുമായി തുടങ്ങുന്ന മിസ് വേള്‍ഡ് മല്‍സരത്തിന് ഇക്കുറി ശോകഛായയാണ്. ലണ്ടന്‍ നഗരം സുന്ദരിമാരെ വരവേല്‍ക്കാനായി എന്നേ ഒരുങ്ങിക്കഴിഞ്ഞതാണ്. പക്ഷേ മിസ് ഹോണ്ടുറാസിന്റെ മരണത്തോടെ മല്‍സരത്തിന്റെ ഉല്‍സവഛായയ്ക്കു അല്പം മങ്ങലേറ്റു. മിസ് ഹോണ്ടുറാസ് മരിയ ജോസ് അല്‍വറാഡോയെയും സഹോദരി സോഫിയയെയും അനുസ്മരിച്ചു കൊണ്ടാണു മിസ് വേള്‍ഡ് മല്‍സരത്തിനു തുടക്കം കുറിച്ചത്.

മിസ് വേള്‍ഡ് സൗന്ദര്യ മല്‍സരത്തില്‍ പങ്കെടുക്കുന്നതിനായി ഗൌണും ഷൂസുമെല്ലാം റെഡിയാക്കി വച്ചതിനു ശേഷമാണ് മരിയയെ കാണാതായത്. ലണ്ടനിലേക്കു പുറപ്പെടാനിരുന്നതിന്റെ തലേന്ന് നവംബര്‍ 13നാണ് മരിയയെയും (19), സഹോദരി സോഫിയയെയും (23) കാണാതായത്. സുഹൃത്തിന്റെ ജന്‍മദിന ആഘോഷത്തില്‍ പങ്കെടുത്തശേഷം നമ്പര്‍പ്ലേറ്റ് ഇല്ലാത്ത കാറിലാണ് ഇരുവരും മടങ്ങിയത്. അഞ്ചു ദിവസത്തെ തിരച്ചിലിനൊടുവില്‍ 18ന് സാന്താ ബാര്‍ബറ നഗരത്തിലെ കാബ്ലൊറ്റെയില്‍ ഗ്രാമത്തില്‍ അഗ്വാഗ്വ നദീതീരത്ത് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തി.

സോഫിയയുടെ കാമുകന്‍ പ്ലൂട്ടാര്‍ക്കോ റൂയിസ്, ആരിസ് മല്‍ഡൊണാ എന്നിവരെ പൊലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. മരിയയെയും സഹോദരിയെയും അവസാനമായി കണ്ടത് ഇവരായിരുന്നു. ഒരു പിസ്റ്റളും രണ്ടു വാഹനങ്ങളും പൊലീസ് പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഏറ്റവും കൂടുതല്‍ അക്രമങ്ങളും കൊലപാതകങ്ങളും നടക്കുന്ന രാജ്യങ്ങളിലൊന്നാണു മധ്യ അമേരിക്കന്‍ രാജ്യമായ ഹോണ്ടുറാസ്. സുന്ദരിയുടെ മരണത്തോടെ ഹോണ്ടുറാസ് ലോകശ്രദ്ധയിലേക്കു വരികയായിരുന്നു.