ടോപ് മോഡലായി ഇന്ത്യയുടെ 'കുയില്‍'!

2014ലെ മിസ് വേള്‍ഡ് മല്‍സര വേദിയില്‍ ഇന്ത്യയ്ക്ക് ആദ്യ അംഗീകാരം
കോയല്‍ കൊണ്ടുവന്നു! ടോപ് മോഡല്‍ മല്‍സരത്തിലാണ് ഇന്ത്യയുടെ കോയല്‍ റാണ
ഒന്നാമത് എത്തിയത്. സ്കോട്സന്‍ഡിലെ എല്ലി മാക്കീറ്റിങ് രണ്ടാമതും
ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലെ ഡിയോ മൊറീനോ മൂന്നാമതും എത്തി. അതതു
രാജ്യത്തെ ഡിസൈനര്‍മാര്‍ ഡിസൈന്‍ ചെയ്ത വേഷമണിഞ്ഞാണു ടോപ് മോഡല്‍
വേദിയില്‍ സുന്ദരിമാര്‍ ചുവടുവച്ചത്. ഫാല്‍ഗുനിയും ഷെയ്ന്‍ പീകോക്കും
ചേര്‍ന്നു ഡിസൈന്‍ ചെയ്തതായിരുന്നു കോയലിന്റെ ഗൗണ്‍. ഡിസൈനിലെ ഭംഗി
തന്നെയായിരുന്നു ഹൈലൈറ്റ്. ഗോള്‍ഡ്, സില്‍വര്‍ ഹെവി
എംബ്രോയിഡറിക്കൊപ്പം ബ്രൗണ്‍, ബ്ലാക്ക് നിറങ്ങളുടെ സംഗമം ഇവിടെ കാണാം.
മാറ്റു കൂട്ടാന്‍ കാലില്‍ നീളത്തില്‍ സ്ലിറ്റ്. കോയലിന്റെ അഴകളവും
അഴകും കൂടിയായപ്പോള്‍ മറ്റു സുന്ദരിമാരൊക്കെ മാറിനിന്നു.
ബ്രൗണ്‍ കണ്ണുകള്‍. ബ്രൗണ്‍ നിറത്തില്‍ അലസമായി കിടക്കുന്ന നീളന്‍
മുടി. 35-25-34 എന്ന കൊതിപ്പിക്കുന്ന അഴകളവുകള്‍. സൗന്ദര്യവേദിയില്‍
കോയല്‍ റാണയുടെ സൗന്ദര്യം ഇങ്ങനെയൊക്കെ വാഴ്ത്താം. റാംപില്‍ ചുവടു
പിഴയ്ക്കാത്ത ഈ മോഡലിന് സൗന്ദര്യ കിരീടങ്ങള്‍ പുത്തരിയല്ല. 2008ല്‍
മിസ് ടീനേജ് ഇന്ത്യ കിരീടം. 2009ല്‍ മിസ് യൂണിവേഴ്സല്‍ ടീനേജ് കിരീടം.
2014ല്‍ മിസ് ഇന്ത്യയായി ഇന്ത്യയുടെ സൗന്ദര്യ നെറുകയില്‍. ഇപ്പോള്‍
ലണ്ടനിലെ സുന്ദരികള്‍ക്കിടയില്‍ ആത്മവിശ്വാസത്തോടെ ചുവടുവച്ചു ലോക
സുന്ദരിപ്പട്ടത്തിനായുള്ള മല്‍സര രംഗത്ത്.
കോയല്‍ എന്നാല്‍
കുയില്‍. റാണ എന്നാല്‍ രാജാവു തന്നെ. സൌന്ദര്യത്തില്‍ ഇന്ത്യയുടെ
രാജകുമാരിയായി കിരീടമണിഞ്ഞ കോയല്‍ റാണ എന്ന 22കാരിയുടെ പ്രതിഭ
അടുത്തറിഞ്ഞാല്‍ പലരും നമിക്കും. മിസ് വേള്‍ഡ് മല്‍സരത്തില്‍ ഇന്ത്യയെ
പ്രതിനിധീകരിക്കുന്ന കോയല്‍ റാണ രാജസ്ഥാനില്‍നിന്നുള്ള രാജകുടുംബാംഗം.
19-ാം വയസില്‍ ഗ്രീന്‍ എനര്‍ജിയും നിയമകാര്യങ്ങളിലും
ആരോഗ്യകാര്യങ്ങളിലും ജനങ്ങള്‍ക്ക് അറിവും അവബോധവും പകര്‍ന്നു
നല്‍കാനായി മോക്ഷ ഫൗണ്ടേഷന്‍ സ്ഥാപിച്ച മിടുക്കി. സുഹൃത്തുക്കളുമായി
ചേര്‍ന്നായിരുന്നു ഈ സംരംഭം. ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍നിന്ന്
ഇന്റര്‍നാഷനല്‍ ഫിനാന്‍സും ബിസിനസും പഠിച്ച ബുദ്ധിജീവി.
അവധി
ദിനങ്ങള്‍ ഒത്തു കിട്ടിയാല്‍ കൂട്ടുകാരുമൊത്തു മലകയറാന്‍
ഇറങ്ങിത്തിരിക്കും. ട്രെക്കിങ് കഴിഞ്ഞേയുള്ളു ഇവള്‍ക്കെന്തും. അതു
പറ്റിയില്ലെങ്കില്‍ നീന്തല്‍ക്കുളത്തിലോ ബാഡ്മിന്റന്‍ കോര്‍ട്ടിലോ
കോയലിനെ നോക്കിയാല്‍ മതി. പാട്ടു കേട്ടാല്‍ ചുവടുവയ്ക്കുമെങ്കിലും ഏറെ
പ്രിയം സെമി ക്ളാസിക്കല്‍ നൃത്തം. മേക്കപ്പ് ഒക്കെ റാംപിലും
പാര്‍ട്ടികളിലും മാത്രം. അല്ലാത്തപ്പോള്‍ മേക്കപ്പെന്നു പറയാന്‍ കാജലും
ലിപ് ഗ്ലോസും മാത്രം. സിംപിള്‍ ആന്‍ഡ് നാച്വറല്‍ ലുക്ക് എന്നാണിതിനെ
കോയല്‍ വിശേഷിപ്പിക്കുന്നത്. വെറുതെയിരിക്കുമ്പോള്‍ വായന ഏറെയിഷ്ടം.
ഖാലിദ് ഹുസൈനിയുടെ എ തൌസന്‍ഡ് സ്പെന്‍ഡിഡ് സണ്‍സ് ആണ് ഇഷ്ടപുസ്തകം.
അതിനൊരു കാരണവുമുണ്ട്. അമ്മ- മകള്‍ ബന്ധം ഇത്ര ഭംഗിയായി പറയുന്ന
പുസ്തകം വേറെയില്ലെന്നാണു കോയലിന്റെ പക്ഷം.