ഇന്ത്യയുടെ ഇന്റര്‍നാഷണല്‍ സുന്ദരി
''നിങ്ങളുടെ സ്വപ്നങ്ങളെ ഒരിക്കലും വിട്ടുകൊടുക്കരുത്. അത് യാഥാര്‍ഥ്യമാക്കാന്‍ പരിശ്രമിക്കുക. അല്ലെങ്കില്‍ സ്വപ്നങ്ങള്‍ നിങ്ങളെയും ഉപേക്ഷിച്ചു പൊയ്ക്കളയും...''
ജറ്റാലിക്ക മല്‍ഹോത്രയെന്ന കൊച്ചുസുന്ദരിക്ക് ഏറ്റവും ഇഷ്ടമുള്ള വാചകമാണിത്. തന്റെ സ്വപ്നങ്ങളെ മുറുകെപ്പിടിച്ചതിന്റെ ഫലം ഇപ്പോള്‍ ജാറ്റലിക്ക മനസ്സുനിറയെ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്.
ഇന്ത്യയിലെ മറ്റു സുന്ദരിമാരെ പിന്തള്ളി ഇത്തവണത്തെ ഫെമിന മിസ് ഇന്ത്യ പട്ടം നെറുകയില്‍ ചൂടുമ്പോള്‍ ജാറ്റലിക്കയ്ക്ക് 19 വയസ്സേ ആയിട്ടുള്ളൂ പ്രായം. തൊട്ടുപിറകെ ഇന്ത്യയെ പ്രതിനിധീകരിച്ചു കൊണ്ട് മിസ് ഇന്റര്‍നാഷണല്‍ ബ്യൂട്ടി പേജന്റ് മത്സരത്തില്‍ പങ്കെടുക്കാനുള്ള അവസരവും.
ടോക്ക്യോവില്‍ നവംബര്‍ 11നു നടക്കുന്ന ലോകത്തെ പ്രധാനപ്പെട്ട സൌന്ദര്യമത്സരങ്ങളിലൊന്നില്‍ ഇന്ത്യയുടെ പ്രതിനിധിയായി റാംപില്‍ ചുവടുവയ്ക്കുക ഈ മുംബൈക്കാരിയായിരിക്കും. പ്രതീക്ഷകളേറെയാണ്. അതിന് ആക്കം കൂട്ടിക്കൊണ്ട് മത്സരത്തിന് മുന്നോടിയായി മിസ് ഇന്റര്‍നാഷണലിന്റെ വെബ്സൈറ്റില്‍ നടക്കുന്ന മികച്ച സുന്ദരിമാര്‍ക്കായുള്ള ഓണ്‍ലൈന്‍ വോട്ടെടുപ്പില്‍ ആദ്യത്തെ 10 പേരില്‍ ജാറ്റലിക്കയുണ്ട്. അറുപത്തിയഞ്ചിലധികം രാജ്യങ്ങളിലെ സുന്ദരിമാര്‍ മത്സരിക്കാനുണ്ടെന്നതും ഓര്‍ക്കണം.
മുംബൈയിലെ ഒരു പഞ്ചാബി കുടുംബത്തില്‍ 1995ലാണ് ജാറ്റലിക്കയുടെ ജനനം. മുംബൈയിലെ ആര്യവിഹാര്‍ സ്കൂളില്‍ പഠനം. ഇപ്പോള്‍ അവിടത്തെ എംഎംകെ കോളജില്‍ ബിരുദ വിദ്യാര്‍ഥി. ചെറിയ ചില മോഡലിങ്ങും കാര്യങ്ങളുമൊക്കെയുണ്ടായിരുന്നെങ്കിലും കക്ഷി ഒരു പൊതുവേദിയില്‍ ആദ്യമായി മത്സരിക്കുന്നത് കഴിഞ്ഞ വര്‍ഷമാണ്. അന്ന് മിസ് ദിവ മത്സരത്തില്‍ ടോപ് 5ല്‍ എത്തി. തീര്‍ന്നില്ല, ആദ്യമത്സരത്തില്‍ത്തന്നെ മിസ് ഫൊട്ടോജനിക് ആയി തിരഞ്ഞെടുക്കപ്പെട്ടു.
അതിന്റെ ആത്മവിശ്വാസത്തിലാണ് 2014 ഏപ്രിലില്‍ നടന്ന ഫെമിന മിസ് ഇന്ത്യ ഇന്റര്‍നാഷണലില്‍ പങ്കെടുത്തത്. പ്രതീക്ഷകള്‍ തെറ്റിയില്ല, ജാറ്റലിക്ക കിരീടമണിയുക തന്നെ ചെയ്തു.
യാത്ര, നൃത്തം, പാട്ട്, വായന, പാചകം ഇങ്ങിനെ ഹോബികള്‍ ഒരുപാടുണ്ട് ഈ പെണ്‍കുട്ടിക്ക്. യാത്രകളില്‍ കാഴ്ചകള്‍ കാണുന്നതിനേക്കാള്‍ പുതിയ പുതിയ ആള്‍ക്കാരെ കാണുന്നതും പരിചയപ്പെടുന്നതുമാണത്രേ ഏറെ സന്തോഷം പകരുന്നത്. ഫര്‍ഹാന്‍ അഖ്തറും പ്രിയങ്കചോപ്രയുമാണ് ഈ ഇന്ത്യന്‍ സുന്ദരിയുടെ പ്രിയതാരങ്ങള്‍. നാളെ ഒരുപക്ഷേ വെള്ളിത്തിരയിലെ താരത്തിളക്കമായും ഈ പെണ്‍കുട്ടി മാറിയേക്കാം. ജാറ്റലിക്കയാണ് തന്റെ പ്രിയതാരമെന്ന് പ്രേക്ഷകര്‍ പറയുന്ന ഒരു നാളും പ്രതീക്ഷയുടെ റീലിലാണ്.
ഒരിന്ത്യക്കാരിയും ഇതുവരെ മിസ് ഇന്റര്‍നാഷണല്‍ പട്ടം നേടിയിട്ടില്ല. കാത്തിരിക്കാം, ജാറ്റലിക്ക ചരിത്രം തിരുത്തിക്കുറിക്കുമോയെന്ന്...