വിശേഷങ്ങളുണ്ട്, വിവാദങ്ങളും...

1960 മുതല്‍ 2014 വരെയെത്തുമ്പോള്‍ ഇതുവരെ 52 രാജ്യാന്തര സുന്ദരിമാര്‍ മത്സരത്തില്‍ സൌന്ദര്യപ്പട്ടം നേടിയിട്ടുണ്ട്. ഒറ്റത്തവണയേ മത്സരം മുടങ്ങിയിട്ടുള്ളൂ-ചില രാഷ്ട്രീയസാഹചര്യങ്ങളാല്‍ 1966ല്‍ മാത്രം. . ആദ്യ മിസ് ഇന്റര്‍നാഷണല്‍ പട്ടം നേടിയത് കൊളംബിയന്‍ സുന്ദരി സ്റ്റെല്ല മാര്‍ക്കസായിരുന്നു. . നിലവിലെ കിരീടം ഫിലിപ്പീന്‍ സുന്ദരി ബിയ സാന്റിയാഗോയുടെ പേരിലാണ്. 2014ലെ സുന്ദരിക്ക് കിരീടം ചാര്‍ത്തുന്നതും ബിയയായിരിക്കും. . ഒരൊറ്റത്തവണ മാത്രമേ മുന്‍വര്‍ഷത്തെ സുന്ദരിക്ക് പുതിയ സൌന്ദര്യറാണിക്ക് കിരീടം ചാര്‍ത്തിക്കൊടുക്കാനുള്ള അവസരം നഷ്ടപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ വര്‍ഷമായിരുന്നു അത്.

2012ല്‍ ചരിത്രത്തിലാദ്യമായി ഇക്കുമി യോഷിമാത്സുവിലൂടെ ജപ്പാന് സൌന്ദര്യകിരീടം ലഭിച്ചു. എന്നാല്‍ ഒരു ഫിലിം പ്രൊഡക്ഷന്‍ കമ്പനിയുമായി കരാര്‍ ഒപ്പിടാത്തതിന്റെ പേരിലുള്ള പ്രശ്നവും തുടര്‍ന്നുണ്ടായ വിവാദവും കാരണം ഇക്കുമിക്ക് 2013ലെ ചടങ്ങിനെത്തുന്നതിന് വിലക്കേര്‍പ്പെടുത്തി. മത്സരത്തെ വിവാദത്തിന്റെ നിഴലിലാക്കാന്‍ താല്‍പര്യമില്ല എന്നായിരുന്നു അതിന് സംഘാടകര്‍ കാരണം പറഞ്ഞത്. മിസ് ഇന്റര്‍നാഷണല്‍ 2008 ആയ അലസാണ്ട്ര ആന്‍ഡ്രൂവായിരുന്നു 2013ലെ സുന്ദരിക്ക് കിരീടം വച്ചുകൊടുത്തത്. അതോടെ അലസാണ്ട്രയുടെ പേരില്‍ പുതിയ വിശേഷണവുമുണ്ടായി-രണ്ട് സുന്ദരിമാര്‍ക്ക് കിരീടം ചാര്‍ത്തിക്കൊടുത്ത വ്യക്തി. കാരണം കീഴ്വഴക്കമനുസരിച്ച് 2009ലെ വിജയി അനഗബ്രിയേലക്ക് കിരീടം ചാര്‍ത്തിയതും അലസാണ്ട്രയായിരുന്നു. . ഒരു കറുത്ത വര്‍ഗക്കാരിക്ക് ആദ്യമായി മിസ് ഇന്റര്‍നാഷണല്‍ പട്ടം കിട്ടുന്നത് 2004ലാണ്. കൊളംബിയയില്‍ നിന്നുള്ള ജെയ്മിവര്‍ഗാസ് ആയിരുന്നു ആ സുന്ദരി.

എന്നിരുന്നാലും ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള ഒരു സുന്ദരിക്കും ഇതുവരെ മിസ് ഇന്റര്‍നാഷണല്‍ പട്ടം കിട്ടിയിട്ടില്ല. 1996ല്‍ മിസ് ടുണീഷ്യ റണ്ണറപ്പായെത്തിയതായിരുന്നു ആഫ്രിക്കക്കുണ്ടായ ആകെയുള്ള നേട്ടം. മിസ് ഇന്റര്‍നാഷണല്‍ സംഘാടകരുടേത് മന:പൂര്‍വമുള്ള വംശീയാധിക്ഷേപമാണെന്ന ആരോപണം അതുകൊണ്ടുതന്നെ പലപ്പോഴായി പലരും ഉന്നയിച്ചിട്ടുണ്ട്. . യൂറോപ്പിലേക്ക് ആദ്യമായി മിസ് ഇന്റര്‍നാഷണല്‍ പട്ടം പോകുന്നത് 1961ലാണ്-നെതര്‍ലന്‍ഡുകാരി സ്റ്റാം വാന്‍ബിറിനായിരുന്നു കിരീടം. . 1964ല്‍ ആദ്യമായി ഏഷ്യയിലേക്ക് മിസ് ഇന്റര്‍നാഷണല്‍ കിരീടമെത്തി, ഫിലിപ്പീന്‍സ് സുന്ദരി ജെമ്മ തെരേസ ക്രൂസിലൂടെ. . ഏറ്റവുമധികം കാലം മിസ് ഇന്റര്‍നാഷണല്‍ കിരീടം കൈവശം വച്ച റെക്കോര്‍ഡ് ജര്‍മന്‍ സുന്ദരിയായ ഇന്‍ഗ്രിഡ് ഫിഞ്ചറിന്റെ പേരിലാണ്.

1965ല്‍ കിരീടം നേടിയ ഇവര്‍ 1966ല്‍ മത്സരം ഇല്ലാതിരുന്നതിനാല്‍ അത് തിരികെ നല്‍കിയത് 1967ല്‍. 624 ദിവസം കിരീടം ഇന്‍ഗ്രിഡിനൊപ്പമുണ്ടായിരുന്നു. . ഏറ്റവും കുറച്ചുകാലം കിരീടം കൈവശം വച്ചത് 1975ലെ വിജയി യുഗോസ്ളാവിയയില്‍ നിന്നുള്ള ലിഡിയ മാനിക് ആയിരുന്നു-242 ദിവസം. യൂഗോസ്ളാവിയ പല രാജ്യങ്ങളായി മാറിയതായിരുന്നു പ്രശ്നമായത്. . മിസ് യൂണിവേഴ്സില്‍ സെമി ഫൈനലിസ്റ്റുകളായ അഞ്ചു സുന്ദരിമാര്‍ മിസ് ഇന്റര്‍നാഷണല്‍ കിരീടം നേടിയിട്ടുണ്ട്. 1960,84, 87,98, 2007 വര്‍ഷങ്ങളിലാണത്.