ചിരി പോയി, ഇന്ത്യയ്ക്ക് കിരീടവും
ഇതുവരെ ഒരു ഇന്ത്യക്കാരിക്ക് മിസ് ഇന്റര്‍നാഷണല്‍ സൌന്ദര്യകിരീടം ചാര്‍ത്താനുള്ള ഭാഗ്യമുണ്ടായിട്ടില്ല. പക്ഷേ ആ ഭാഗ്യം ഇന്ത്യയ്ക്ക് നഷ്ടപ്പെടുത്തിയത് ഒരു നിമിഷത്തെ ചിരിയാണ്, അല്ല, ചിരിക്കാതിരുന്നതാണ്. കൃത്യമായിപ്പറഞ്ഞാല്‍ മിസ് ഇന്റര്‍നാഷണല്‍ കിരീടം ഇന്ത്യയിലേക്കായിരുന്നു ആദ്യമായി എത്തേണ്ടിയിരുന്നത്. എന്നാല്‍ നമുക്കത് നഷ്ടപ്പെട്ടതാകട്ടെ വെറും അരമാര്‍ക്കിന്റെ വ്യത്യാസത്തിലും. 1960ല്‍ ഈവ്സ് വീക്ക്ലി മിസ് ഇന്ത്യ മത്സരത്തില്‍ കിരീടം ചൂടിയത് ഇയോണ പിന്റോ എന്ന പെണ്‍കുട്ടിയായിരുന്നു. സ്വാഭാവികമായും മിസ് ഇന്റര്‍നാഷണലില്‍ മത്സരിക്കാനും അവള്‍ യോഗ്യത നേടി. അങ്ങിനെ അമേരിക്കയിലെ ലോങ് ബീച്ചില്‍ ആദ്യ മത്സരം നടക്കുന്നു.
മത്സരം പുരോഗമിക്കവെ കാഴ്ചക്കാരും മാധ്യമങ്ങളും വിധി പറഞ്ഞു-കിരീടം ഇന്ത്യയിലേക്ക് പറക്കും.
ഭംഗിയുള്ള ചിരിയില്‍ എല്ലാവരുടെയും കാഴ്ചകളെ കൊരുത്തിട്ടുകൊണ്ട് ഇയോള സൌന്ദര്യമത്സരത്തിലെ താരമായി മാറി. സെമിഫൈനലും കടന്നു. അവസാന റൌണ്ടില്‍ അഞ്ചു പേര്‍. ആരെ തിരഞ്ഞെടുക്കണമെന്നതില്‍ വിധികര്‍ത്താക്കള്‍ക്കു വരെ കണ്‍ഫ്യൂഷന്‍. ഒടുക്കം ഒരു തീരുമാനമെടുത്തു. അഞ്ചുപേരും വേദിയില്‍ 10 മിനിറ്റ് ചുമ്മാതെ നില്‍ക്കുക. പരമാവധി പ്രസന്നതയോടെ. അതിനിടയില്‍ ആര്‍ക്കെങ്കിലും തെറ്റുപറ്റുമോയെന്നു നോക്കാം. അഞ്ചു പേരും തയാറായി നിന്നു. നിറഞ്ഞ ചിരിയോടെ വേദിയില്‍ ഇയോണ. കിരീടം കൈവിട്ടുപോകുമെന്ന് മറ്റു സുന്ദരികള്‍ക്കു പോലും തോന്നിയിട്ടുണ്ടാകാം. പക്ഷേ ഏതോ ഒരു നിമിഷത്തേക്ക് ഇയോണയുടെ ചുണ്ടിലെ ചിരി മാഞ്ഞു. ഒരൊറ്റ നിമിഷത്തേക്കു മാത്രം. സ്വിച്ചിട്ടതുപോലെ ആ ചിരി തിരിച്ചെത്തിയെങ്കിലും വിധികര്‍ത്താക്കളിലൊരാള്‍ പറഞ്ഞു-ചിരിച്ചു നിന്നയാള്‍ക്ക് ക്രൌണ്‍(കിരീടം)ചിരി മാഞ്ഞു പോയവള്‍ക്ക് ഫ്രോണ്‍(നിരാസം).
ഇയോണക്ക് ലഭിച്ചതില്‍ നിന്ന് അരമാര്‍ക്ക് ആ നിമിഷം തന്നെ കുറച്ചു.
എന്നിട്ടും രണ്ടാം സ്ഥാനത്ത് അവളായിരുന്നു. അതോടെ മിസ് ഇന്റര്‍നാഷണലിന്റെ ആദ്യറണ്ണറപ്പ് ഇന്ത്യക്കാരിയാവുകയായിരുന്നു. ആ വര്‍ഷം മിസ് വേള്‍ഡില്‍ മത്സരിച്ചിട്ടും ഇയോണയ്ക്ക് നേട്ടമുണ്ടാക്കാനായില്ല. തിരിച്ച് ഇന്ത്യയിലെത്തിയ ഇയോണ മോഡലിങ് രംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ചു. പിന്നീട് വിവാഹിതയായി. അഞ്ച് മക്കളുണ്ട്. 2012 ജൂണില്‍ അന്തരിച്ചു.
കിരീടത്തിനും ചുണ്ടിനുമിടയില്‍ പിന്നെയും പലപ്പോഴും ഇന്ത്യയില്‍ നിന്ന് മിസ് ഇന്റര്‍നാഷണല്‍ പട്ടം വഴുതിമാറിപ്പോയിട്ടുണ്ട്. 1975ല്‍ ഇന്ത്യയുടെ ഇന്ദിര മരിയ സെക്കന്‍ഡ് റണ്ണറപ്പായിരുന്നു. 1976ല്‍ നഫീസ അലി മൂന്നാം സ്ഥാനത്തെത്തി. 1997ല്‍ ദിയ ഏബ്രഹാം ഫസ്റ്റ് റണ്ണറപ്പ്. പിന്നീട് ശ്വേതജയശങ്കറും സൊണാലി നഗ്റാണിയുമൊക്കെ കിരീടത്തിന് അടുത്തുവരെയെത്തി. പക്ഷേ മിസ് ഇന്റര്‍നാഷണല്‍ കിരീടത്തിന്റെ തിളക്കം ഇന്ത്യയുടെ നെറുകയില്‍ നിന്ന് ഇപ്പോഴും അകലെത്തന്നെ...