സ്റ്റെല്ലയെന്ന ഒന്നാം രാജ്യാന്തര സുന്ദരി
സൌന്ദര്യമത്സരമെന്നാല്‍ സംഗതി ഗംഭീരമാണെന്ന് ലോകം പതിയെപ്പതിയെ മനസിലാക്കി വരുന്ന കാലത്താണ് ആ ഗാമര്‍ലോകത്തേക്ക് സ്റ്റെല്ല മാര്‍ക്കസ് എന്ന പെണ്‍കുട്ടി നടന്നു കയറുന്നത്. 1959ല്‍ മിസ് കൊളംബിയയായി തിരഞ്ഞെടുക്കുമ്പോള്‍ സ്റ്റെല്ലയ്ക്ക് പ്രായം 23. വീണ്ടുമൊരു രാജ്യാന്തരമത്സരത്തില്‍ പങ്കെടുക്കാന്‍ അമേരിക്കയിലേക്ക് വിമാനം കയറുമ്പോള്‍ അവള്‍ സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചിരുന്നില്ല ഇത്തരമൊരു നേട്ടം. അതും ആദ്യമായി മിസ് ഇന്റര്‍നാഷണല്‍ പട്ടം ചൂടുന്ന സുന്ദരിയെന്ന പേര്.
കാരണവുമുണ്ട്-ഏതാനും മാസം മുന്‍പായിരുന്നു അമേരിക്കയിലെത്തന്നെ മിയാമി ബീച്ചില്‍ മിസ് യൂണിവേഴ്സ് മത്സരം നടന്നത്. അന്ന് ഫൈനലിസ്റ്റുകളായ 15 പേരില്‍ എത്തിപ്പെട്ടു എന്നല്ലാതെ കാര്യമായ നേട്ടങ്ങളൊന്നുമുണ്ടാക്കാനായില്ല.
അതുമാത്രമല്ല കാരണം. സ്റ്റെല്ലയ്ക്ക് രണ്ട് അനിയത്തിമാരുണ്ട്. രണ്ട്പേരും അതിസുന്ദരിമാരെന്ന് സ്റ്റെല്ലയുടെ തന്നെ സര്‍ട്ടിഫിക്കറ്റ്. അവരുടെയത്ര ഗാമറില്ലാത്തതിനാല്‍ വീട്ടിലെ ഭംഗിയില്ലാ കുട്ടിത്താറാവായിരുന്നു താനെന്നായിരുന്നു കിരീടനേട്ടത്തിനു ശേഷം സ്റ്റെല്ല മാധ്യമങ്ങളോട് പറഞ്ഞത്. അനിയത്തിമാരാകട്ടെ അരയന്നങ്ങളെപ്പോലെയും. എന്തായാലും 52 രാജ്യങ്ങളിലെ സൌന്ദര്യറാണിമാരെയും തോല്‍പിച്ച് ഈ കൊളംബിയന്‍ സുന്ദരിക്കുട്ടി തന്നെ മിസ് ഇന്റര്‍നാഷണലിന്റെ വിജയത്തിലേക്ക് നീന്തിക്കയറി. അതും ഇന്ത്യയുടെ ഇയോണ പിന്റോയുടെ കടുത്ത വെല്ലുവിളിയെ അര മാര്‍ക്കിനു മറികടന്ന്.
'ഒരു സ്വപ്നത്തിന്റെ ആഘോഷഭരിതമായ ഫൈനല്‍..' എന്നായിരുന്നു കിരീടമണിഞ്ഞ നിമിഷത്തെ സ്റ്റെല്ല വിശേഷിപ്പിച്ചത്. 10,000 ഡോളറായിരുന്നു ഒന്നാം സമ്മാനം. ഫസ്റ്റ് റണ്ണറപ്പിന് 4000 ഡോളറും. പങ്കെടുത്ത എല്ലാവര്‍ക്കും 100 ഡോളര്‍ വീതവുമായിരുന്നു സമ്മാനം.
സ്റ്റെല്ലയുടെ വിജയത്തെ മാധ്യമങ്ങളും ഏറെ വാഴ്ത്തി. വരാനിരിക്കുന്ന സുന്ദരിമാരുടെ നീണ്ടപട്ടികയിലെ ആദ്യത്തെ മുത്ത് നമ്മുടെ നാട്ടില്‍ നിന്നാണെന്ന് കൊളംബിയന്‍ ജനത അഭിമാനിച്ചു. എല്ലാക്കാലവും നിറഞ്ഞു നില്‍ക്കുന്ന ഒരു അംഗീകാരവുമായാണ് സ്റ്റെല്ല മടങ്ങിയത്. പക്ഷേ തിരിച്ചു വീട്ടിലെത്തിയപ്പോള്‍ സൈക്കോളജി പഠിച്ചു കൊണ്ടിരുന്ന ന്യൂയോര്‍ക്കിലെ മേരി മൌണ്ട് കോളജില്‍ നിന്നൊരു കത്ത്-സുന്ദരിപ്പട്ടത്തിന് കറങ്ങി നടന്ന് ക്ളാസുകളെല്ലാം കട്ട്ചെയ്ത സാഹചര്യത്തില്‍ ഇനി പഠിക്കാന്‍ വേറെ കോളജ് നോക്കിക്കോ എന്നായിരുന്നു കത്തില്‍. സ്റ്റെല്ലയ്ക്കാകട്ടെ അഡ്മിഷന്‍ കൊടുക്കാനായി കാത്തിരിക്കുകയായിരുന്നു കോളജുകള്‍. ആദ്യ മിസ് ഇന്റര്‍നാഷണല്‍ പഠിക്കുന്ന കോളേജെന്നു പറഞ്ഞാലുള്ള അംഗീകാരം ചെറുതുവല്ലതുമാണോ?
എന്തായാലും സ്റ്റെല്ല പഠനം പൂര്‍ത്തിയാക്കി. ഫിലിപ്പീന്‍സിലെ ഒരു ബിസിനസുകാരെ വിവാഹം കഴിച്ചു. 1964 മുതല്‍ മിസ് ഇന്റര്‍നാഷണല്‍ ബ്യൂട്ടി പേജന്റ് മത്സരത്തിന്റെ നടത്തിപ്പിലും സജീവം. നിലവില്‍ മിസ് ഫിലിപ്പീന്‍സ് മത്സരത്തിന്റെ മുഖ്യസംഘാടകയാണ്. മിസ് യൂണിവേഴ്സിലേക്കും മിസ് ഇന്റര്‍നാഷണലിലേക്കുമെല്ലാം മത്സരിക്കാന്‍ ഫിലിപ്പീന്‍ സുന്ദരികള്‍ പോകുന്നത് ആദ്യ രാജ്യാന്തര സുന്ദരിയുടെ അനുഗ്രഹാശ്ശിസ്സുകളോടെയാണെന്നു ചുരുക്കം.