ജറ്റാലിക്ക: ഇന്ത്യയുടെ ഇന്റര്‍നെറ്റ് സുന്ദരി

ഇന്ത്യയുടെ 'ഇന്റര്‍നാഷണല്‍' സുന്ദരി ടോക്കിയോവിലും ആ വിശേഷണം തെറ്റിച്ചില്ല. മിസ് ഇന്റര്‍നാഷണല്‍ ബ്യൂട്ടി സൌന്ദര്യമത്സരത്തില്‍ ലോകമെമ്പാടുമുള്ള ജനങ്ങള്‍ തങ്ങളുടെ പ്രിയസുന്ദരിയായി തിരഞ്ഞെടുത്തത് ജറ്റാലിക്ക മല്‍ഹോത്രയെന്ന മുംബൈക്കാരിയെയാണ്. മികച്ച സുന്ദരിക്കു വേണ്ടിയുള്ള ഓണ്‍ലൈന്‍ വോട്ടെടുപ്പില്‍ ഏറ്റവുമധികം വോട്ടു നേടിയ ജറ്റാലിക്കയാണ് മിസ് ഇന്റര്‍നെറ്റ് ബ്യൂട്ടി 2014. ജനങ്ങള്‍ അണിയിച്ച കിരീടവുമായാണ് അതുകൊണ്ടു തന്നെ ജറ്റാലിക്ക ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നത്.

നവംബര്‍ 11ന് ഫൈനലിനു മുന്‍പുതന്നെ മിസ് ഇന്റര്‍നാഷണല്‍ ബ്യൂട്ടി പേജന്റിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ മികച്ച സുന്ദരിക്കു വേണ്ടിയുള്ള വോട്ടെടുപ്പ് തുടങ്ങിയിരുന്നു. 74 രാജ്യങ്ങളില്‍ നിന്നുള്ള സുന്ദരിമാരായിരുന്നു അവിടെ അണിനിരന്നത്. എല്ലാവരുടെയും ഫോട്ടോയും പ്രൊഫൈലുമെല്ലാം നല്‍കിയായിരുന്നു വോട്ടെടുപ്പ്. നവംബര്‍ 10ന് വോട്ടെടുപ്പ് അവസാനിക്കുന്നതുവരെ ടോപ് 5ല്‍ ജറ്റാലിക്കയുണ്ടായിരുന്നു. അതോടെ ജനം ഏറെ ഇഷ്ടപ്പെടുന്ന സുന്ദരിയെന്ന വിശേഷണത്തോടെ മാധ്യമങ്ങളും വാര്‍ത്ത നല്‍കിത്തുടങ്ങി.

രാജ്യാന്തരതലത്തില്‍ നടത്തിയ വോട്ടെടുപ്പായതിനാല്‍ ജറ്റാലിക്കയുടെ നേട്ടത്തിനും ഇരട്ടിമധുരമാണ്. ഇന്ത്യയില്‍ത്തന്നെ പലരും സാമൂഹികമാധ്യമങ്ങളിലൂടെയും മറ്റും ജറ്റാലിക്കയ്ക്കായി വോട്ട് തേടിയിരുന്നു. മുംബൈയില്‍ നിന്നുള്ള ഈ പത്തൊന്‍പതുകാരി ഇത്തവണത്തെ ഫെമിന മിസ് ഇന്ത്യ കൂടിയാണ്. മിസ് പ്യൂര്‍ട്ടോറിക്കോയായ വലേരി ഹെര്‍ണ്ടാണ്ടസാണ് ഈ വര്‍ഷത്തെ മിസ് ഇന്റര്‍നാഷണല്‍ ബ്യൂട്ടി കിരീടം ചൂടിയത്. മിസ് കൊളംബിയ സുലെയ്ഖ സുവാരസ്-ഫസ്റ്റ് റണ്ണറപ്പ്, മിസ് തായ്ലന്‍ഡ് പുനിക-സെക്കന്‍ഡ് റണ്ണറപ്പ്, മിസ് യുകെ വിക്ടോറിയ ഷാര്‍ലെറ്റ്-തേഡ് റണ്ണറപ്പ്, മിസ് ഫിന്‍ലന്‍ഡ് മില്ല റൊംപ്പാനെന്‍-ഫോര്‍ത്ത് റണ്ണറപ്പ് കിരീടങ്ങളും നേടി. സുലെയ്ഖ സുവാരസിനു തന്നെയാണ് മിസ് ഫ്രണ്ട്ഷിപ്പിനും ബെസ്റ്റ് ഡ്രസിനുമുള്ള പുരസ്കാരം.

മിസ് ഇന്തൊനീഷ്യ എല്‍ഫിന്‍ പെര്‍ത്വിയ്ക്കാണ് നാഷണല്‍ കോസ്റ്റ്യൂം വിഭാഗത്തിലെ കിരീടം. മിസ് പെര്‍ഫെക്ട് ബോഡി കിരീടം ഫ്രാന്‍സിന്റെ സുന്ദരിയായ ഓറിയാന്‍ സിനാകോല നേടി. തായ്ലന്‍ഡ്, യുകെ, ഫിന്‍ലന്‍ഡ്, ബ്രസീല്‍, കൊളംബിയ, മെക്സിക്കോ, പനാമ, ഇന്തൊനീഷ്യ, അര്‍ജന്റീന, പ്യൂര്‍ട്ടോറിക്കോ എന്നിവിടങ്ങളിലെ സുന്ദരിമാരായിരുന്നു മത്സരത്തിന്റെ അന്തിമ റൌണ്ടിലെത്തിയത്.