'' When virtue and modesty enlighten her charms, the lustre of a beautiful woman is brighter than the stars of heaven, and the influence of her power it is in vain to resist '' 

കണ്ണിൽക്കാണുന്ന ക്രീമുകൾ വാരിപൂശല്ലേ, നിറം കിട്ടില്ല, പണി കിട്ടും!

ടിവി തുറന്നാലോ മാഗസിനുകള്‍ എടുത്തു നോക്കിയാലോ ഇന്ന് ഏറ്റവുമധികം കാണുന്ന പരസ്യങ്ങൾ നിറം വെപ്പിക്കുന്ന ബ്രാൻഡുകളുടേതാകും. പലരും ഒന്നു ചിന്തിക്കുക പോലും ചെയ്യാതെയാണ് ഇവ തിരഞ്ഞെടുക്കാറുള്ളത്. പരസ്യത്തിന്റെ റീച്ച് അനുസരിച്ചും സാധനത്തിന്റെ വില നോക്കിയുമാണ് ഭൂരിഭാഗം പേരും ക്രീമുകൾ തിരഞ്ഞെടുക്കാറുള്ളത്. സത്യത്തിൽ അതാണോ ശരിയായ രീതി? ഒരിക്കലും അല്ലെന്നു പറയുന്നു പ്രശസ്ത ഡെർമറ്റോളജിസ്റ്റ് ആയ ഡോ: നിലൂഫർ ഷെരീഫ്. കണ്ണിൽക്കാണുന്ന ക്രീമുകളെല്ലാം വാരിയെടുത്തു ഉപയോഗിക്കുന്നതല്ല ശരിയായ രീതി. നമ്മുടെ ശരീരത്തിന്റെ അഥവാ തൊലിയുടെ സ്വഭാവം അനുസരിച്ചാണ് ബ്രാന്‍ഡുകൾ തിരഞ്ഞെടുക്കേണ്ടത്.

പെട്ടെന്നു നിറം വെക്കണമെന്നാണ് എല്ലാവരുടെയും ആഗ്രഹം. പക്ഷേ മനസിലാക്കേണ്ട മറ്റൊരു കാര്യം പെട്ടെന്നു ഫലം നൽകുന്ന എല്ലാത്തിനും അതിന്റേതായ ചീത്തവശവുമുണ്ട്, അവ മോശം ഫലം ആയിരിക്കും നൽകുക. അതായത് ഫാസ്റ്റ് ആയ റിസൽട്ട് വാഗ്ദാനം ചെയ്യുന്ന ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കുമ്പോൾ എപ്പോഴും ശ്രദ്ധിക്കണമെന്നു ചുരുക്കം. പലരും മികച്ചതെന്നു ധരിച്ചു തിരഞ്ഞെടുക്കുന്ന ക്രീമുകളെല്ലാം ചർമം വരണ്ടതാക്കുകയാണ്. ചർമം കൂടുതൽ വരളുമ്പോൾ എണ്ണ കൂടുതൽ പമ്പ് ചെയ്യുകയാണു ചെയ്യുന്നത്. ഇതുവഴി തൊലിയുടെ ക്വാളിറ്റി നഷ്ടപ്പെടും.

ചർമ്മം അറിഞ്ഞ് ക്രീമുകൾ തിരഞ്ഞെടുക്കാം
ഹോർമോണൽ ഇംബാലൻസ് ഉള്ളവരാണ് പൊതുവെ സ്ത്രീകൾ. കാലാവസ്ഥാപരമായും ശാരീരികമായും വരുന്ന മാറ്റങ്ങളെല്ലാം ഹോർമോണ്‍ അസന്തുലിതാവസ്ഥയ്ക്കു കാരണമാകാറുണ്ട്. അതുകൊണ്ടു, സ്ത്രീകൾ നിർബന്ധമായും വേനൽക്കാലം, മഞ്ഞുകാലം എന്നിങ്ങനെ കാലാവസ്ഥാ മാറ്റമനുസരിച്ച് ഫേസ് വാഷുകളും ക്രീമുകളും മാറ്റണം. ഇന്നത്തെ സാഹചര്യത്തിൽ പിസിഒഡിയും തൈറോയ്ഡ് പ്രശ്നവും ഉള്ള പെൺകുട്ടികൾ ഏറെയാണ്. പത്തു പേരെ തിരഞ്ഞെടുത്താൽ അതിൽ ഏഴു പേർക്കും പിസിഒഡി പ്രശ്നം ഉള്ളതായി കാണാം. പിസിഒഡി ഉള്ളവരുടെ തൊലി വളരെ എണ്ണമയമുള്ളതാകും. അത്തരക്കാര്‍ ക്രീം തിരഞ്ഞെടുക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കണം. എന്തെന്നാൽ അവരുടെ തൊലിക്കകത്തും തൊലിപ്പുറമെയും മുഖക്കുരുക്കൾ ഉണ്ടാകും. അതുകൊണ്ടുതന്നെ അവർ രാത്രിയിൽ നൈറ്റ് ക്രീംസ് ഉപയോഗിക്കാതിരിക്കുന്നതാണു നല്ലത്. കാരണം മോയ്സ്ചറൈസിങ് ക്രീം ഉപയോഗിക്കുന്നതു വഴി മുഖക്കുരു കൂടുതൽ വരികയേ ഉള്ളു.

ഇരുപത് വയസു വരെ നോ ഫേസ്‌വാഷ്!
ഫേസ്‌വാഷുകൾ തിരഞ്ഞെടുക്കുമ്പോൾ ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഇരുപതു വയസു വരെയെങ്കിലും ഫേസ് വാഷ് ഉപയോഗിക്കരുതെന്നാണു തന്റെ അഭിപ്രായമെന്നു പറയുന്നു ഡോ. നിലൂഫർ. സത്യത്തിൽ നമുക്കു നല്ലൊരു ബ്രാൻഡഡ് നൈറ്റ് ക്രീമും ഇന്ത്യയിൽ ഇല്ല. രാത്രിയിൽ പലരും ഡ്രൈയിങ് ഫേസ് വാഷുകൾ ഉപയോഗിച്ചതിനു ശേഷമാണ് മോയ്സചറൈസിങ് ക്രീമുകൾ ഉപയോഗിക്കുന്നത്. ഡ്രൈയിങ് ഫേസ് വാഷുകൾ ഉപയോഗിച്ചതിന് ശേഷം, അതിന്റെ മുകളിലേക്കു മോയ്സചറൈസിങ് ക്രീം കൂടി ഉപയോഗിക്കുമ്പോൾ മുഖക്കുരു കൂടാനുള്ള സാധ്യത വളരെ അധികമാണ്. മുഖക്കുരു എപ്പോഴും വരുന്നവരാണെങ്കിൽ നൈറ്റ് മോയ്സചറൈസേഴ്സ് ഉപയോഗിക്കാതിരിക്കുന്നതാണു നല്ലത്.

മറ്റൊരു പ്രധാനകാര്യം, ഒരേ തരത്തിലുള്ള ഫേസ്‌വാഷുകൾ സ്ഥിരമായി ഉപയോഗിക്കരുത്. ഒരു ആസിഡ് ഫേസ് വാഷസും ഒരു നോർമൽ മോയ്സചറൈസിങ് ഫേസ്‌വാഷും ഒരു സ്ക്രബ് ഫേസ് വാഷും നിങ്ങളുടെ ബ്യൂട്ടി ബാഗിൽ കരുതണം. ആഴ്ചയിലൊരിക്കൽ ചർമം തിളങ്ങാൻ സഹായിക്കുന്ന ആസിഡ് ഫേസ്‌വാഷുകൾ ഉപയോഗിക്കണം. നിറം നിലനിർത്താനും പാടുകൾ കളയാനും കരിവാളിപ്പിൽ നിന്നു സംരക്ഷിക്കാനും മൃതകോശങ്ങളെ നീക്കം ചെയ്യാനുമൊക്കെയാണിത്. പക്ഷേ ഇതെല്ലാം ദിവസവും ഉപയോഗിക്കുന്നത് ചർമത്തിന്റെ സെൻസിറ്റിവിറ്റി കൂട്ടും. അതുകൊണ്ട് ഒരു മോയ്സചറൈസിങ് ഫേസ് വാഷസും കരുതണം. കൂടുതൽ ദിവസങ്ങളിൽ മോയ്സചറൈസിങ് ഫേസ് വാഷസും ഒന്നോ രണ്ടോ വട്ടം ആസിഡ് ഫേസ് വാഷസും പിന്നെ ബ്ലാക്ഹെഡ്സും വൈറ്റ് ഹെഡ്സുമൊക്കെ നീക്കം ചെയ്യാൻ ഒരു സ്ക്രബ് ഫേസ് വാഷും ഉപയോഗിക്കാം.

© Copyright 2016 Manoramaonline. All rights reserved.