കേരളത്തിനു ‘വൈര’ത്തോടും വൈരമില്ല

കല്യാണങ്ങൾക്കു പോകാറുണ്ടോ? സദ്യ ഉണ്ടിട്ട് സ്‌ഥലം വിടുകയാണോ അതോ ദമ്പതികളെ കാണാൻ നിൽക്കാറുണ്ടോ? എങ്കിൽ അടുത്ത തവണ പോകുമ്പോൾ വധുവിന്റെ കഴുത്തിലേക്ക് നോക്കുക.

ഡയമണ്ട് നെക്‌ലേസ് കണ്ടിരിക്കും. ഒരു കല്യാണത്തിന് കണ്ടതാണ് : വധുവിന് രണ്ട് ഡയമണ്ട് നെക്‌ലസുകൾ, വൈരക്കല്ല് വച്ച ഡസൻകണക്കിന് വളകൾ, വൈരക്കമ്മൽ, വൈരമോതിരം, വൈര നെറ്റിച്ചുട്ടി.. ഡ്രിപ്പിങ് വിത്ത് ഡയമണ്ട്‌സ്! സ്വർണത്തിലുള്ളത് താലിമാല മാത്രം. ഡയമണ്ട് ബിസിനസിന് ബൂം കാലമാണ്. കേരളത്തിന് എല്ലാം തികയാൻ ഇതു മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളു. ഡയമണ്ട് ഡീലർമാർ പറയുന്നതു കേട്ടോ- ഇന്ത്യയിൽ വൈരക്കൽ വിൽപ്പന ഏറ്റവും കൂടുതൽ വളരുന്നത് കേരളത്തിലാണ്. കഴിഞ്ഞ രണ്ടു വർഷത്തിനിടെയാണ് ഈ കുതിപ്പ്. 10-15% വളർച്ചാ നിരക്ക്.

സ്വർണ വിൽപ്പനയിൽ 6-8% വളർച്ചാ നിരക്ക് മാത്രമേ ഉള്ളു എന്നു പറയുമ്പോഴാണ് ഡയമണ്ട് അതിന്റെ ഇരട്ടിവേഗത്തിൽ വളരുന്നുണ്ടെന്നു ശ്രദ്ധയിൽപ്പെടുക. പ്രമുഖ സ്വർണക്കടകളിലാകെ വൈര ആഭരണങ്ങൾക്ക് പ്രത്യേക വിഭാഗമായി. വൈരാഭരണങ്ങൾക്കു മാത്രം ഷോറൂമുകളായി. പുതിയ സ്‌കീമുകളും വന്നു. പണ്ടൊക്കെ ആഢ്യത്വത്തിന്റെ ലക്ഷണമായി വല്യമ്മമാരൊക്കെ വൈരക്കമ്മൽ ധരിക്കാറുണ്ടായിരുന്നു. ഒരു വൈര മോതിരമോ മൂക്കുത്തിയോ കൂടി കണ്ടേക്കുമെന്നല്ലാതെ നെക്‌ലേസൊന്നും ആഗ്രഹങ്ങളിൽപ്പോലുമില്ലായിരുന്നു. ഇന്ന് ആ പഴയ വൈരക്കമ്മൽ കൊണ്ടു വന്നാൽ പുതിയ ഡിസൈനിൽ സെറ്റ് ചെയ്‌ത് കൊടുക്കും. റീസെറ്റ് ചെയ്യാൻ പണിക്കൂലി മാത്രം.

നിശ്‌ചയത്തിന് ഡയമണ്ട് നെക്‌ലസ് വാങ്ങിയ ശേഷം കല്യാണത്തിനു മുമ്പ് അത് തിരികെ കൊടുത്ത് പകരം സ്വർണം വാങ്ങുന്ന സമ്പ്രദായവുമുണ്ട്. ചെറിയ തുക മാത്രമേ ഈടാക്കുകയുള്ളു. ഒന്നൊന്നര കാരറ്റിന്റെ നെക്‌ലസിന് 50000 രൂപ മുതൽ ഒന്നര ലക്ഷം രൂപ വരെ വന്നേക്കാം. എല്ലാ വൈരാഭരണങ്ങൾക്കും കടയുടെ വക സർട്ടിഫിക്കറ്റും ബൈബാക്ക് ഗാരണ്ടിയുമുണ്ട്. തിരിച്ചുകൊടുത്താൽ എടുക്കും. വൈരക്കല്ലിന് വില വച്ചടി കേറുന്നതിനാൽ നിക്ഷേപം എന്ന നിലയിലും വാങ്ങുന്നവരുണ്ട്. ഇനി തലകറങ്ങിപ്പോകുന്ന ചില കണക്കുകൾ പറയാം. കേരളത്തിലാകെ സ്വർണം എത്ര വിൽക്കുന്നു? ലോക സ്വർണ കൗൺസിൽ കണക്കു പ്രകാരം ഇന്ത്യയിൽ ആകെ വിൽക്കുന്ന സ്വർണത്തിന്റെ 15% കേരളത്തിലാണ്.

ഇന്ത്യയിലാകെ 800 ടണ്ണെങ്കിൽ അതിന്റെ 15 ശതമാനമായ 120 ടൺ സ്വർണം വർഷം ഇവിടെ വിൽക്കുന്നുണ്ട്. നമുക്ക് കണക്കുകൂട്ടലിലെ എളുപ്പത്തിനു വേണ്ടി 100 ടൺ എന്നെടുക്കുക. ഗ്രാമിന് 850 രൂപ വച്ച് 8500 കോടി രൂപയുടെ മുതലാണിത്. പണിക്കൂലിയും മറ്റും ചേർന്നുള്ള യഥാർഥ വിലയാണെങ്കിൽ ഗ്രാമിന് 950 രൂപ വച്ച് 9500 കോടിയുടെ മുതൽ. ഇതെത്ര പവൻ ഉണ്ടെന്നറിയാമോ? ഒരു പവൻ എട്ട് ഗ്രാം. അപ്പോൾ ഒരു കിലോ സ്വർണം 120 പവൻ. ഒരു ടൺ സ്വർണം 120000 പവൻ. 100 ടൺ സ്വർണം എത്ര പവൻ..? ശ്വാസം പിടിച്ച് വായിക്കുക- ഒരു കോടി 20 ലക്ഷം പവൻ!!!

ഗ്രാമിന് 850 രൂപ വച്ച് നോക്കുമ്പോൾ ഒരു ടൺ സ്വർണം 85 കോടി രൂപയാണ്. 100 ടൺ 8500 കോടിയും. കണക്ക് ടാലിയാവുന്നുണ്ട്. ആകെ ആഭരണ വിൽപ്പനയുടെ 3% വൈരമാണത്രെ. എങ്കിൽ ഏകദേശം 200-300 കോടിയുടെ വൈരാഭരണങ്ങൾ വിൽക്കുന്നുണ്ട്. ഏപ്രിൽ-മേയ് വിവാഹ സീസണും ജൂൺ-ജൂലൈ, ഡിസംബർ-ജനുവരി എൻ.ആർഐ.സീസണുമാണ് ഡയമണ്ട് വിൽപ്പനയുടെ സമയമെന്ന് ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ എറണാകുളം ജില്ലാ പ്രസിഡന്റ് ബാബു ആലപ്പാട്ട് പറഞ്ഞു. കാരണം വിദേശത്ത് വൈരത്തിനു വൻ വിലയാണ്.

ഇന്ത്യയാണ് ഏറ്റവും കൂടുതൽ വൈരം കട്ട് ചെയ്‌ത് കയറ്റി അയയ്‌ക്കുന്ന രാജ്യം. ഇവിടെ വില കുറവാണ്. അതിനാൽ വിദേശ മലയാളികൾ നാട്ടിൽ വരുമ്പോഴേ വൈരം വാങ്ങൂ. വൈരം പതിച്ച മോതിരങ്ങളും ലോക്കറ്റുകളുമാണ് കൂടുതലും വിൽപ്പന. നിശ്‌ചയത്തിന് വൈരമോതിരം കൈമാറൽ പതിവായി. അതിലും പുരോഗമിച്ച് സ്വർണത്തിനു പകരം പ്ലാറ്റിനത്തിൽ സെറ്റ് ചെയ്‌ത മോതിരങ്ങൾക്കും പ്രിയമാണ്. പ്ലാറ്റിനം ഗ്രാമിന് 2000 രൂപയിലേറെ.

ഒടുവിൽ കിട്ടിയത്: സോളിറ്റൈർ അഥവാ ഒറ്റയാൻ വൈരക്കല്ലിന് വൻ വിലയാണ്. 25 സെന്റ് മുതൽ ഒന്നോ രണ്ടോ കാരറ്റ് വരെ തൂക്കമുള്ള ഒറ്റക്കൽ മോതിരം വില 50000 മുതൽ 10 ലക്ഷം വരെ വന്നേക്കാം. വാങ്ങി ചൂണ്ടുവിരലിലിട്ടിട്ട് മറ്റുള്ളവരെ വിരട്ടാൻ കൂടെക്കൂടെ കൈചൂണ്ടുക.