പ്രണയം പെയ്യുന്ന മുഖപുസ്തകത്താളിൽ



വരികൾക്കിടയിൽ വായിക്കാൻ പഠിപ്പിക്കുന്ന പ്രണയ കഥകളിൽ എത്രയോ തവണ വായിച്ചു മടുക്കാതെ നീയിരിക്കുന്നു. എഴുതാത്ത അനേകം പ്രണയ ലേഖനങ്ങൾ മനസ്സിലിരുന്ന് മുറിവേൽപ്പിക്കുന്നുവെന്നോ ... എത്ര വായിച്ചാലും പറഞ്ഞാലുമാണ് പ്രണയമേ നീ ഒന്ന് നിറഞ്ഞു തരുന്നത്...?

പ്രണയത്തെ കുറിച്ച് പറയാൻ നൂറു നാവുണ്ട് എല്ലാവർക്കും  പക്ഷെ അതിനുമപ്പുറം ഉണ്ടാകുന്ന ചങ്കു കടയൽ, ഭയം, പ്രണയിക്കുന്ന ആളെ കുറിച്ച് പറഞ്ഞാൽ ജീവിതങ്ങൾ തകർക്കപ്പെടുമോ എന്ന ഭീതി , ഇന്നത്തെ കാലത്തെ എടുത്തു പറഞ്ഞാൽ വരികൾക്കിടയിൽ അനാവശ്യമായ അർത്ഥങ്ങൾ  , ആഴങ്ങൾ കണ്ട് സോഷ്യൽ മീഡിയകൾ ആഘോഷമാക്കുമോ എന്ന ഭയം... ഒന്ന് പ്രണയിക്കാൻ എന്തൊക്കെ നോക്കണം.

പ്രണയത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകൾ , അനുഭവങ്ങൾ പങ്കു വയ്ക്കുന്നു ഇവിടെ ചിലർ. സംഗീതത്തിലും എഴുത്തിലും അഭിനയത്തിലും ഒക്കെ നിറഞ്ഞു നിൽക്കുന്നവർ പ്രണയത്തെ കുറിച്ച് പറയുമ്പോൾ ക്രിയേറ്റീവ് ആകാനുള്ള ഊർജ്ജം അവർക്ക് ലഭിക്കുന്ന ഇടത്തെ കുറിച്ച് അന്വേഷിക്കേണ്ടതില്ല. അത് പ്രണയമല്ലാതെ മറ്റെന്ത്?


ബാൽക്കണിയിലെ പ്രണയം ; love @balcony
കവിത നായർ അഭിനേത്രി, അവതാരക

കൂട്ടുകാരിൽ പലരും പ്രണയച്ചുവപ്പിൽ തുടുത്തുനിന്ന നാളുകളിലാണ്  അത്രനാളൂം തെല്ലഹങ്കരിച്ചു കൊണ്ടുനടന്നിരുന്ന എകാന്തതയിൽ മടുപ്പു തോന്നിത്തുടങ്ങിയത്.  നേരമ്പോക്കിനു എഴുതിത്തുടങ്ങിയതാണ്  “ലവ് അറ്റ് ദി ബാൽക്കണി” എന്ന കവിതാ പരമ്പര . പരസ്പരം പ്രണയിക്കുന്ന രണ്ടുപേരുടെ ചിന്തകളും സംഭാഷണങ്ങളും കവിതാരൂപത്തിൽ കുറിച്ചിടുക, പത്തൊ പന്ത്രണ്ടോ വരികളിൽ . ഏകദേശം രണ്ടു വർഷത്തോളം കൊച്ചിയിൽ ഒരു ഫ്ലാറ്റിൽ കഴിഞ്ഞിരുന്നു. ഫർണീച്ചറുകൾ ഇല്ലാതിരുന്ന ഒഴിഞ്ഞ ആ മുറികളിൽ നിറയെ ബാൽക്കണിയിൽ നിന്നും പ്രണയക്കാറ്റു വീശിയടിച്ചിരുന്നു . 

ചിലപ്പോഴൊക്കെ എന്നെ കൂടുതൽ  മനസിലാക്കാൻ ഈ ബാൽക്കണി പ്രണയം സഹായിച്ചിട്ടുമുണ്ട്. ഷൂട്ടിങ്ങോ മറ്റുതിരക്കുകളോ ഇല്ലാത്ത ദിവസങ്ങളിൽ പതിവിലും വിശാലമായിത്തോന്നുന്ന ഹാളിൽ രാത്രി വളരെ വൈകി നിലാവുവന്നു വീഴുമ്പോൾ രണ്ടുപേർ എനിക്കുവേണ്ടി വരും. പലപല രൂപങ്ങളിൽ, വേഷങ്ങളിൽ. ചിലപ്പോൾ കലഹിക്കും. മിക്കപ്പോഴും എന്നെ അസൂയപ്പെടുത്തിക്കൊണ്ട് വർത്തമാനങ്ങൾ പറഞ്ഞുകൊണ്ടേയിരിക്കും . ഞാൻ കേൾക്കാൻ കൊതിക്കുന്ന കാര്യങ്ങൾ, എന്നെ വേദനിപ്പിക്കുന്ന, ചിലപ്പോൾ ചൊടിപ്പിക്കുന്ന പലതും പറയും .

അവരിലൂടെയാണ് ഞാൻ ആദ്യം പ്രണയിച്ചതും കലഹിച്ചതും . വിശ്വാസവും വഞ്ചനയും അടങ്ങാത്ത ആവേശവുമൊക്കെ എനിക്കു മുന്നിൽ നിറം മാറിക്കളിച്ചുകൊണ്ടിരുന്നു. പ്രണയത്തിൽ ഭാഗ്യം എന്നൊന്നില്ല എന്നു തോന്നുന്നു. എപ്പോൾ - ആരെ - എങ്ങനെ - എത്ര നാൾ വരെ !! 
പലരും പറഞ്ഞുകേട്ട , വായിച്ചറിഞ്ഞ മാന്ത്രികപ്രണയം അകന്നുമാറിനിൽക്കുന്നുവോ ..  പ്രണയദിനത്തിൽ റോസാപ്പൂക്കളും സമ്മാനങ്ങളുമൊക്കെ കൈമാറുമ്പോഴും മുന്നിൽ നിൽക്കുന്ന ആളിന്റെ കണ്ണുകളിൽ നാം സ്വപ്നം കണ്ടിരുന്ന നോട്ടം ഉണ്ടാവണം എന്നില്ല. അവർ പറയുന്നതിൽ പലതും കേട്ടുമറന്നുപോയെന്നുമിരിക്കും. ഇത്തവണ പ്രണയം തേടിയെത്തിയില്ലെങ്കിലോ.  ഒരിക്കൽ ജനിച്ചാൽ മരണമില്ലാതെ അനന്തവിഹായസ്സിലേയ്ക്കു നാം പറത്തിവിടുന്ന പ്രണയവിത്തുകൾ നമുക്കു ശേഷവും പടർന്നുപന്തലിച്ചു വളരും - ഈ ചിന്ത എന്നെ ചിരിപ്പിക്കുന്നു, മുന്നോട്ടു കൊണ്ടുപോകുന്നു .. നമ്മളിൽ ഇങ്ങനെ ആയിരമായിരം ചിന്തകൾ.

വയലറ്റിന് കത്തുകൾ എഴുതുമ്പോൾ 
കുഴൂർ വിത്സൺ, കവി 

2016 ജനുവരി 17 ശനിയാഴ്ച ഉച്ചയ്ക്ക് 2.55 നു ആണ് അമ്മ പോയത്. അതിനു ശേഷം ഒന്നുമെഴുതിയില്ല. ഈ കുറിപ്പ് പോലും മനസ്സോടെ അല്ല. വായിക്കാനറിയാത്ത അമ്മയ്ക്കുള്ള കത്തുകളായിരുന്നു എഴുതി കൂട്ടിയവയിൽ പലതും. ഇനി എഴുതുമോ എന്നറിഞ്ഞൂടാ...
23 മത്തെ വയസ്സിലാണ് "ഉറക്കം ഒരു കന്യാസ്ത്രീ" പ്രസിദ്ധീകൃതമായത്, ഇപ്പോൾ വർഷം 16 കഴിഞ്ഞു. എഴുത്ത് തുടങ്ങിയിട്ട് 25 വർഷവും.  വയലറ്റിനു അയച്ച കത്തുകൾ എഴുതി പോയതാണ്...

ഒരിക്കലും ഞാൻ എഴുതിയത് എന്തെന്ന് അറിയാതെ പോയ അമ്മയും വായിക്കാൻ തുടങ്ങിയിട്ടില്ലാത്ത അമ്മിണിയും, സമയമെന്തായി എന്ന് ചോദിച്ച പെൺകുട്ടിയും എന്നെ കുറിച്ച് ഒരു കവിത എഴുതുമോ എന്ന് ആരാഞ്ഞ യുവതിയും ഒക്കെയുണ്ട് വയലറ്റിനുള്ള  കത്തുകളിൽ. ഇതിൽ ഒരാളെ തിരഞ്ഞ് കഷ്ടപ്പെടണമെന്നില്ല . എന്റെയുള്ളിലെ ഒരാൾക്ക് ഞാനെഴുതിയ കത്തുകൾ എന്ന് വിചാരിച്ചാൽ മതി. എന്നാൽ എപ്പോഴെങ്കിലും അതിൽ നിങ്ങൾ നിങ്ങളെ കണ്ടു മുട്ടാനും മതി. 
"സൂര്യനു പോലും പ്രവേശനമില്ലാത്ത
ഒരു കാടുണ്ട്
ജനിക്കുന്നതിനു മുന്നേ
ഞാനത് കണ്ടുവച്ചതാണു
നീ വരുമെന്ന്
എനിക്കറിയാമായിരുന്നു
അത് കൊണ്ടാണു
കൊള്ളിയിലയുടെ
തണ്ട് കൊണ്ട്
കുട്ടിക്കാലത്ത് ഉണ്ടാക്കിയ ആ മാല
ഇന്നോളം 
കാത്ത് വച്ചത്.."

പ്രണയം തിരിച്ചറിയുന്ന വിധം 
ഹരി നാരായണൻ ബി കെ, സിനിമാ ഗാനരചയിതാവ് 

പ്രണയം മനസ്സിലാക്കുന്നത് ഏതു പ്രായത്തിലാണ്? ഇപ്പോഴത്തെ കുട്ടികളുടെ കാര്യം പറഞ്ഞാൽ എത്ര ചെറിയ പ്രായത്തിൽ തന്നെ കാര്യങ്ങളെ വേണ്ട രീതികളിൽ അവർ മനസ്സിലാക്കുന്നുണ്ട് . പക്ഷെ വർഷങ്ങൾ പിന്നോട്ട് നോക്കിയാൽ ഇത്തരം പടങ്ങളോ അറിവുകളോ ലഭിക്കാനുള്ള മാർഗ്ഗങ്ങൾ ഒന്നുമില്ലാതിരുന്ന കുട്ടിക്കാലത്തായിരുന്നല്ലോ ജീവിച്ചിരുന്നത്. സിനിമ ആയിരുന്നു പുറം ലോകവുമായി ബന്ധമുണ്ടായിരുന്ന ഏക വഴി. എന്നാൽ ഒരു സിനിമയ്ക്ക് പോകണമെങ്കിൽ ഒറ്റയ്ക്ക് പോകാനാകില്ല, വീട്ടില് നിന്നും അമ്മ വരണം. അങ്ങനെ കണ്ട ഒരുപാട് സിനിമകളൊന്നുമില്ല എങ്കിലും അത്തരം സിനിമകളിലാണ് പ്രണയം എന്തെന്ന് അറിയുന്നത്. പക്ഷെ പല സീനുകളും പ്രണയ സീക്വൻസുകളാണെന്ന് മനസ്സിലാകി തന്നത്, അബ്ദുൽ റഹിമാനായിരുന്നു .

നാലാം ക്ലാസ്സിലെ ഉറ്റ സുഹൃത്തായ അബ്ദുൽ റഹിമാൻ അവൻ കണ്ടിരുന്ന സിനിമാ കഥകൾ ഒന്നൊഴിയാതെ ഉച്ചയ്ക്കുള്ള ഇടവേളകളിൽ പറഞ്ഞു കേൾപ്പിക്കാറുണ്ടായിരുന്നു . അന്നത്തെ കാലത്തെ പ്രധാന വിനോദവും ഇത് തന്നെ. പരസ്പരം കണ്ട സിനിമകളുടെയും സീരിയലുകളുടെയും കഥ പറച്ചിലുകൾ. ഞാനും അബ്ദുൽ റഹിമാനും കണ്ട ഒരു ബെഡ് റൂം സീനിനെ കുറിച്ച് സംസാരിക്കുമ്പോഴാണ് പ്രണയം എന്ന വാക്ക് ഞങ്ങളുടെ ഇടയിലേയ്ക്ക് കയറി വന്നത്. നായകനും നായികയും പരസ്പരം തലയിണ എറിഞ്ഞുള്ള സീനുകളെ പ്രണയത്തിന്റെ കണ്ണുകളോടെ കാണുവാൻ എനിക്ക് അറിയുമായിരുന്നില്ല. പരസ്പരമുള്ള വഴക്കുകൾ എന്നാ വാക്കിനപ്പുറം അതിൽ പ്രണയത്തിന്റെ പരിഭവങ്ങളുമുണ്ടെന്നു അബ്ദുൽ രഹിമാനാണ് പറഞ്ഞു തരുന്നത്. പ്രണയം എന്നാൽ ഒരു ആണിന് പെണ്ണിനോട് തോന്നുന്നതാണെന്നും , അത് അവരോടു പറയാൻ കത്ത് കൊടുക്കണം എന്നും വിവാഹം കഴിച്ചു ഒന്നിച്ചു ജീവിക്കണമെന്നും മറ്റുമുള്ള കണ്ടെത്തലിൽ ഞാൻ അതിശയിച്ചിരുന്നു. 

ഇന്ന് ഒരു പ്രണയ ഗാനത്തിന്റെ വരികൾ എഴുതുമ്പോൾ പലപ്പോഴും അബ്ദുൽ റഹിമാൻ മനസ്സിലേയ്ക്ക് ഓടിയെത്തും. സ്കൂൾ കാലത്തൊക്കെയും  പ്രണയിക്കാൻ ഭയമായിരുന്നു.  എങ്കിലും ഉള്ളിൽ ഇല്ലാതെ ഇരിക്കുന്നില്ലല്ലൊ. അത് തന്നെയാണ് വരികളിലും പ്രണയമായി പെയ്തിറങ്ങുന്നത്. എങ്കിലും ആത്മബോധത്തിനപ്പുറം  അബ്ദുൽ റഹിമാൻ തന്ന തിരിച്ചറിവുകൾ അതങ്ങനെ തന്നെ ഉണ്ട്. പിന്നീട് അബ്ദുൽ റഹിമാനെ കണ്ടിട്ടില്ല, പക്ഷെ ഓർമ്മകളിൽ അവൻ എന്നുമുണ്ട്. 


ആയതിനാൽ ഞാൻ വാലന്റൈൻ ആയിത്തന്നെ മരിച്ചുപോവും...
ശൈലൻ, കവി 

വീട്ടിൽ ചോറുള്ളവനേ നാട്ടിൽ ചോറുള്ളൂ എന്ന് അമ്മയുള്ളപ്പോൾ‌ പറഞ്ഞുതരാറുണ്ടായിരുന്നു.. സ്നേഹത്തിന്റെയും പ്രണയത്തിന്റെയും അതുമായി ബന്ധപ്പെട്ട മറ്റെന്തിന്റെയും കാര്യം അങ്ങനെത്തന്നെയെന്ന് കാലം പഠിപ്പിച്ചു തന്നു... അതായത്, വീട്ടിൽ ചോറുള്ളവന് നാട്ടിലും അതുണ്ട്.. സ്വയമേവ പ്രണയത്തിന്റെ ഒരു കൊടുംകാട് ഉള്ളിൽ കാത്തുവച്ചവർക്ക് പ്രപഞ്ചമെങ്ങും അതിൽ നിന്നുമുള്ള റിഫ്ലക്ഷനും അനുഭവിക്കാം...
ഫെബ്രുവരി 14 എന്ന തിഥി മാത്രം മുന്നൂറ്റിഅറുപത്തഞ്ചേകാൽ കോളങ്ങളിലും അങ്കിതപ്പെടുത്തിയ ഒരു കലണ്ടർ പണ്ടുമുതൽ തന്നെ വീട്ടിൽ തൂങ്ങിക്കിടപ്പുണ്ട്.. എത്ര അഴിച്ചുകളഞ്ഞാലും എല്ലാവർഷവും തെളിഞ്ഞുവരുന്ന ഒന്ന്.. ഉള്ളിൽ പ്രണയത്തിന്റെ ഒരിറ്റ് ഈർപ്പം പോലും ഇല്ലാത്തവനാകണം അതും തെരഞ്ഞ് അലഞ്ഞലഞ്ഞ് ഒടുങ്ങത്.. പ്രണയത്തിന് കണക്കുപുസ്തകവും ടാലിഷീറ്റും സൂക്ഷിക്കുന്നത്.. കിട്ടിയതും കൊടുത്തതും തമ്മിലുള്ള പണത്തൂക്കവ്യത്യാസം ഇലക്ട്രോണിക് ബാലൻസിലിട്ട് വ്യാകുലപ്പെടുന്നത്.. നെടുവീർപ്പിടുന്നത്.. ആയതിനാൽ ഞാൻ വാലന്റൈൻ ആയിത്തന്നെ മരിച്ചുപോവും.. അങ്ങനെത്തന്നെ ജീവിച്ച്..

പാട്ടുകളിൽ പ്രണയം തളിർക്കും വിധം 
ശ്രീവത്സൻ ജെ മേനോൻ, സംഗീത സംവിധായകൻ, കർണാടക സംഗീതജ്ഞൻ 

പ്രണയം എന്നാൽ ഒരേ സമയം അനുഭവിയ്ക്കുകയും മറ്റൊരാളിലേയ്ക്ക് പകർന്നു കൊടുക്കുകയും ചെയ്യുന്ന മായികമായ അനുഭൂതി തലം തന്നെ. സംഗീത സംവിധായകൻ എന്ന തലത്തിൽ നിൽക്കുമ്പോൾ ഉത്തരവാദിത്തങ്ങൾ പിന്നെയും കൂടുന്നു. രണ്ടു തരം സ്വാഭാവികമായ രീതികളിലേയ്ക്ക് ചേർന്ന് പോകണം. സ്വയം അനുഭവിയ്ക്കാതെ ഒരിക്കലും പ്രണയത്തെ കേൾക്കുന്നവരിലെയ്ക്ക് സന്നിവേശിപ്പിക്കാൻ ആകില്ല. അതുകൊണ്ട് തന്നെ പ്രണയത്തിലാണ് ഇതു നേരവും. ഉള്ളിൽ ഉള്ളത് തന്നെയാണത് എന്ന് പറയുന്നതാണ് ശരി. 

പ്രണയത്തിന്റെ തലങ്ങൾക്ക്‌ വളരെയധികം ഊർജ്ജ പ്രസരണ ശേഷിയുണ്ട്. അപാരമായ വിഷമങ്ങളെയും ടെൻഷനുകളെയും  വളരെ ലൈറ്റാക്കി നിലനിർത്തുകയും ക്രിയേറ്റീവ് ആയി കൂടുതൽ മാറുന്നതിനും പ്രണയത്തിന്റെ ഊർജ്ജം ഒരാൾക്ക്‌ പ്രത്യേകിച്ച് ഒരു കലാകാരന് അത്യാവശ്യമാണ്. ഇതു തലത്തിലാണെങ്കിലും  അതിന്റെ സ്വാഭാവിക ഭംഗി കാത്തു സൂക്ഷിക്കുന്നത് ആ ക്രിയേറ്റിവിറ്റി നിലനിർത്താനും നല്ലതാണ്. 

ഞങ്ങളുടേത്  പ്രണയ വിവാഹമായിരുന്നു. വിരഹത്തിലാണ് പ്രണയം പൂത്തുലയുന്നതെന്ന്  പറയാറുണ്ട്‌. അത് അക്ഷരാർത്ഥത്തിൽ ശരിയുമാണ്. ബി എസ് സി ഒരേ കോളേജിൽ ആയിരുന്നു, എന്നാൽ എം എസ് സി യ്ക്ക് രണ്ടു കോളേജുകളിൽ ആയിരുന്നപ്പോഴത്തെ കാണാതിരിയ്ക്കൽ ഞങ്ങളിലെ പ്രണയത്തെ പൂത്തുവിടർത്തി. ഇപ്പോഴും അതെ പ്രണയത്തിന്റെ ചൂടിൽ , ഊർജ്ജത്തിൽ നിലനില്ക്കാൻ കഴിയുന്നുണ്ട്. സംഗീതം വിരിയിച്ചെടുക്കാൻ കഴിയുന്നുണ്ട്.