പ്രണയദിനാഘോഷത്തിനു പിന്നില്‍ മരണം!

രാധിക ചന്ദ്രൻ

ജീവനും ജീവിതവും സന്തോഷമാണ്, മരണം ദു:ഖവുമാണ്. ജീവനുള്ള ഏതൊരു ജീവിക്കും ഈ വികാരം ഒരുപോലെയാണ്. പിറന്നാളുകള്‍ ആഘോഷിക്കുന്നതും ഒരു പിറവിയുടെ സന്തോഷത്തിനാണ്.അതുപോലെ മരണത്തെ എന്നും ദു:ഖത്തോടെ ശാപവാക്കുകളോടെയാണ് നാം മനസ്സില്ലാമനസ്സോടെ സ്വീകരിക്കുന്നത്. വിലാപയാത്രകളും മൗനപ്രാർഥനകളും അവിടെ നിത്യക്കാഴ്ച്ചകളാണ്. പക്ഷെ വര്‍ഷത്തിലെ 364 ദിവസങ്ങള്‍ മാത്രമാണ് മരണത്തെ നാം നീറുന്ന മനസ്സോടെ നോക്കുന്നത്. ബാക്കി ഒരു ദിവസം അന്ന് ലോകമെങ്ങും ഒരു മരണത്തെ ആഘോഷത്തോടെയാണ് കൊണ്ടാടുന്നത്. ഒരു ജീവന്റെ ത്യാഗത്തെ സന്തോഷത്തോടെയാണ് സ്മരിക്കുന്നത്. ആ ദിനമാണ് ഫെബ്രുവരി 14… പ്രണയത്തിന്റെ മറ്റൊരു വാക്കായ വാലന്റൈന്‍സ് ദിനം.

റോം ഭരിച്ചിരുന്ന ക്ലോഡിയസ് ചക്രവര്‍ത്തി യുവാക്കളിലെ യുദ്ധവീര്യം ചോരാതിരിക്കാന്‍ രാജ്യത്ത്‌ വിവാഹം നിരോധിച്ച കാലത്ത് കത്തോലിക്ക സഭയുടെ ബിഷപ്പായിരുന്നു വാലന്റൈന്‍ എന്നാ വൈദികന്‍. സ്നേഹം ആണ് ലോകത്തിലെ ഏറ്റവും വലിയ ശക്തി എന്നും സ്നേഹിക്കുന്നവരെ പരസ്പരം അകറ്റുന്നത് പാപമാണെന്നും തിരിച്ചറിഞ്ഞ അദ്ദേഹം പരസ്പരം സ്നേഹിക്കുന്നവരുടെ വിവാഹം വളരെ രഹസ്യമായി നടത്തിക്കൊടുത്തു. ഇക്കാരണത്താല്‍ ചക്രവര്‍ത്തിയുടെ കോപത്തിനിരയായി ജയിലിലടക്കപ്പെട്ട വാലന്റൈന്‍ ജയിലറുടെ അന്ധയായ മകളുമായി പ്രണയത്തിലായി. സ്നേഹമാണ് പ്രപഞ്ചത്തിലെ ഏറ്റവും വലിയ ഔഷധം എന്ന് പറഞ്ഞ പോലെ അന്ധയായ പെണ്‍കുട്ടിക്ക്‌ ബിഷപ്പിന്റെ സ്നേഹവും അദ്ദേഹത്തോടുള്ള വിശ്വാസവും മൂലം കാഴ്ച ലഭിച്ചു. പക്ഷെ അതിനു പകരമായി വാലന്റൈന്‍നെ കാത്തിരുന്നത് ചക്രവര്‍ത്തിയുടെ വധശിക്ഷയായിരുന്നു. മരണത്തിലേക്ക്‌ നടന്നടുക്കും മുന്‍പ് അദ്ദേഹം പ്രണയിനിക്ക് ഒരു കുറിപ്പ് നല്കി. അത്തില്‍ ഇപ്രകാരം കുറിച്ചിരുന്നു; From your Valentine.....

വാലന്റൈന്‍ ന്റെ മരണത്തിനു ശേഷം അദ്ദേഹത്തെ ഒരു വിശുദ്ധനായി പ്രഖ്യാപിക്കുകയും ആദ്ദേഹത്തിന്റെ ത്യാഗത്തെ ആളികള്‍ സ്മരിക്കുവാനും തുടങ്ങി. ഫെബ്രുവരി 14 അങ്ങനെ ലോകം മുഴുവന്‍ പ്രണയദിനമായി. ഈ ദിവസം പ്രണയിക്കാന്‍ പോകുന്നവരും പ്രണയിക്കുന്നവരും പരസ്പരം ആശംസകളും സമ്മാനങ്ങളും കൈമാറുന്നു. പ്രണയിക്കാന്‍ പോകുന്നവര്‍ പച്ചയും കമിതാക്കള്‍ ചുവപ്പും നിറങ്ങള്‍ വസ്ത്രങ്ങളായും ഉപയോഗിക്കുന്നു. ഇന്നേ ദിവസം മാര്‍ക്കറ്റുകളില്‍ പൂക്കള്‍ക്കും ആശംസാ കാർഡുകള്‍ക്കും സമ്മാനങ്ങള്‍ക്കും വേണ്ടി നല്ല തിരക്കാണ് അനുഭവപ്പെടാറ്.

പാശ്ചാത്യര്‍ നാട് വിട്ടോഴിഞ്ഞാലും അവരുടെ സംസ്കാരം എത്ര കാലങ്ങള്‍ കഴിഞ്ഞാലും നമ്മളെ വിട്ടോഴിയില്ല എന്ന് പറയുന്ന പോലെ വാലന്റൈന്‍സ് ഡേ ഇന്ത്യക്കാരും കുറച്ചു വര്‍ഷങ്ങളായി വളരെ ആര്‍ഭാടമായി തന്നെയാണ് ആഘോഷിക്കുന്നത്. സ്കൂളുകളിലും കോളേജുകളിലുമെല്ലാം പ്രണയം പങ്കുവയ്ക്കാന്‍ ഈ ദിവസത്തിനു വേണ്ടി കാത്തിരിക്കുന്നവരുണ്ട്.

പ്രണയത്തിന്റെ പ്രത്യേകത തന്നെ അതിന്റെ ഭാവങ്ങളാണ്. സഫലീകരിക്കപ്പെടുന്ന പ്രണയം, പരാജയപ്പെട്ടു പോകുന്ന പ്രണയം, വിട്ടുകൊടുക്കുന്ന പ്രണയം, തിരിച്ചറിയപ്പെടാതെ പോകുന്ന പ്രണയം അങ്ങനെ പ്രണയത്തിന് ഭാവങ്ങള്‍ പലതാണ്. കാറ്റിനോടും കടലിനോടും കാലത്തോടും കലാകാരന്മാര്‍ പ്രണയത്തെ ഉപമിക്കുമ്പോള്‍ ഇനി പ്രണയം ചെന്നെത്താത്ത തലങ്ങള്‍ ഇല്ല എന്ന് തന്നെ പറയേണ്ടി വരും. പ്രണയം... അത് ജീവിക്കാനും മരിക്കാനും പോരാടാനും എല്ലാം പലപ്പോഴും കാരണമാകുന്നു. ഏതു നൂറ്റാണ്ടിലും ഏതു സാഹചര്യത്തിലും അത് അനശ്വരമാണ്. സുഖമുള്ള ഒരു നൊമ്പരമാണ്. എത്ര പഴകിയാലും വീര്യം ചോരാതെ ഇന്നും മനസ്സുകളില്‍ തങ്ങിനിൽക്കുന്ന വീഞ്ഞാണ്.....