മൃതകോശങ്ങളെ അകറ്റി ചർമം സുന്ദരമാക്കാം
ചർമത്തിന്റെ ആരോഗ്യം ചില്ലറക്കാര്യമല്ല. വിയർപ്പും പൊടിയുമെല്ലാം ചർമത്തെ ശ്വാസം മുട്ടിക്കും. രാവിലെയും രാത്രി കിടക്കുന്നതിനു മുൻപും ഫെയ്സ്‌വാഷോ ക്ലെൻസറോ ഉപയോഗിച്ചു ചർമം വൃത്തിയായി കഴുകണം. മുഖം കഴുകാൻ തണുത്ത വെള്ളം ഉപയോഗിക്കണം. തുടർന്നു ടോണറും മോയിച്യുറൈസറും ഉപയോഗിക്കാം. ചൂടുകാലത്തു ഡബിൾ ഹൈഡ്രേറ്റിങ് മോയിച്യുറൈസർ ആണ് നല്ലത്. ആഴ്ചയിലൊരിക്കൽ സ്ക്രബ് ഉപയോഗിക്കണം. മൃതകോശങ്ങൾ അകന്ന് ചർമം മൃദുവാകാൻ ഇതു സഹായിക്കും.

കെമിക്കലുകൾ വേണ്ട

ക്ലെൻസർ:
തൈരും തേനും നാരങ്ങാനീരും ചേർത്ത് മുഖത്തിട്ട് 10 മിനിറ്റിനുശേഷം തണുത്ത വെള്ളത്തിൽ കഴുകാം. വെള്ളരിക്കയോ തണ്ണിമത്തനോ ഫ്രിഡ്ജിൽവച്ച ശേഷം മുഖത്ത് മസാജ് ചെയ്യുന്നതും അഴുക്കുകളകന്ന് ചർമം സുന്ദരമാകാൻ സഹായിക്കും.

ടോണർ:
റോസ് വാട്ടർ മികച്ച ടോണറാണ്. മുഖത്തു സ്പ്രേ ചെയ്യുകയോ പഞ്ഞിയി‍ൽ മുക്കി തുടയ്ക്കുകയോ ചെയ്യാം.

സ്ക്രബ്:
ഒരു ടീസ്പൂൺ ഓട്സ് പൊടിച്ചതും ഒരു ടീസ്പൂൺ ബേക്കിങ് സോഡയും ചേർത്ത് മുഖം സ്ക്രബ് ചെയ്യാം. പഞ്ചസാരയും മികച്ച സ്ക്രബ്ബറാണ്.

മോയിച്യുറൈസർ:
വരണ്ട ചർമമുള്ളവർക്ക് വെളിച്ചെണ്ണയും എണ്ണമയമുള്ളവർക്ക് ആൽമണ്ട് ഓയിലും മികച്ച മോയിച്യുറൈസറുകളാണ്.