ചുളിവുകൾ അകറ്റാം; സ്വന്തമാക്കാം യുവത്വം
പ്രായം മുപ്പതു കടന്നതേയുള്ളൂ. പക്ഷേ, ചര്‍മത്തിൽ ചുളിവുകൾ വീണു തുടങ്ങി. കണ്ടാൽ വാർധക്യം ബാധിച്ചതാണെന്നു തോന്നും. ഈ പ്രശ്നം അഭിമുഖീകരിക്കുന്ന നിരവധിപ്പേർ നമുക്കിടയിലുണ്ട്. ഇതു മൂലം ആത്മവിശ്വാസം നഷ്ടപ്പെടുന്നവരുണ്ട്. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ അകാലത്തിൽ തേടിയെത്തുന്ന ചുളിവുകളെ അകറ്റാം.

ചർമത്തിനു ശരിയായ സംരക്ഷണം നൽകാത്തതോ കടുത്ത വെയിൽ അടിക്കുന്നതോ മൂലം മുഖചർമത്തിൽ അകാലത്തില്‍ ചുളിവുകളുണ്ടാകാം. മുഖം മസാജു ചെയ്യുമ്പോഴും ക്രീമോ പൗഡറോ മറ്റോ തേയ്ക്കുമ്പോഴും കൈകളുടെ ദിശ താഴേക്കായിരുന്നാൽ മുഖത്ത് ചുളിവുകളുണ്ടാകാനിടയുണ്ട്. മസാജു ചെയ്യുമ്പോൾ എപ്പോഴും വിരലുകൾ മുകളിലേക്കോ വശങ്ങളിലേക്കോ മാത്രമേ ചലിപ്പിക്കാവൂ. വെയിലേൽക്കുന്നത് കഴിയുന്നതും കുറയ്ക്കുക.

ഉറങ്ങാൻ പോകും മുൻപ് ഏതെങ്കിലും നറിഷിങ് ക്രീം മുഖത്തും കഴുത്തിലും പുരട്ടണം. ഇങ്ങനെ നിത്യവും ചെയ്യണം. പാൽപ്പാടയിൽ നാരങ്ങാനീരു ചേർത്ത് മുഖത്തു പുരട്ടി അരമണിക്കൂറിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകിയാല്‍ മുഖത്തെ ചുളിവുകളകലും. പഴച്ചാർ മുഖത്തു പുരട്ടുന്നത് ചർമത്തിലെ ചുളിവുകൾ അകറ്റാനും മൃദുത്വം നൽകാനും സഹായിക്കും. ആപ്പിളും നന്നായി പഴുത്ത പപ്പായയും ഈ രീതിയിൽ ഉപയോഗിക്കാം.

നിത്യവും കുളിക്കും മുൻപ് ബേബി ലോഷനോ ബദാം എണ്ണയോ പുരട്ടി മുഖവും കഴുത്തും മൃദുവായി തിരുമ്മുക. ചർമത്തിലെ ചുളിവുകളകലുകയും കൂടുതല്‍ മൃദുവാകുകയും ചെയ്യും. കുളി കഴിഞ്ഞാലുടന്‍ മുഖത്തും കഴുത്തിലും കൈകളിലും മോയ്സ്ചറൈസർ പുരട്ടണം. ചർമം എന്നെന്നും സുന്ദരമായി സൂക്ഷിക്കാൻ ദിവസവും കുളിക്കും മുൻപ് മഞ്ഞൾ, ചെറുപയർ, ചെത്തിപ്പൂവ് ഇവ ഉണക്കിപ്പൊടിച്ച് ശരീരത്ത് പുരട്ടിയാൽ മതി.