അധ്യായം 1
അധ്യായം 1
മുപ്പതടി ഉയരത്തിൽ ഒരു ഗർഭിണിയുടെ ശവം
‘‘ഇതാണ് സാർ പാതിരിവനം....’’
ആയാസപ്പെട്ട് പൊലീസ് ജീപ്പിന്റെ സ്റ്റിയറിംഗ് തിരിക്കുന്നതിനിടെ എഎസ്ഐ യോഹന്നാൻ തല തിരിച്ച് അലനെ നോക്കി.
നൂൽപ്പുഴ പൊലീസ് സ്റ്റേഷനിലേക്ക് സ്ഥലം മാറി വന്ന പുതിയ എസ്ഐ ആണ് അലൻ ഏബ്രഹാം താടിക്കാരൻ!
‘‘ഈ താടിക്കാരൻ എന്നത് കുടുംബപ്പേരാ അല്ലിയോ സാറേ....’’
എഎസ്ഐ യോഹന്നാൻ വീണ്ടും അലനെ നോക്കി.
‘‘എന്റെ മുഖത്ത് താടി കാണാഞ്ഞിട്ടും യോഹന്നാന് അതു കൃത്യമായി പിടികിട്ടിയില്ലേ... ങേ?’’
അലൻ ചിരിച്ചു;
‘‘താടിക്കാരൻ എന്നത് കുടുംബപ്പേര് തന്നാടോ...
മൂന്നുമണിയേ ആയുള്ളൂ എങ്കിലും, വനത്തിനുള്ളിൽ തിങ്ങി നിറഞ്ഞ ഇരുട്ട് ആയിരുന്നു. ഹെഡ്ലൈറ്റുകൾ ഹൈബീമിൽ പ്രകാശിപ്പിച്ച് കൊണ്ടാണ് ജീപ്പ് വനത്തിലേക്ക് കയറിയത്. ഇടയ്ക്ക് ഒന്നു മാറി നിന്ന മഴ അടുത്ത നിമിഷം വീണ്ടും തുടങ്ങി.
‘‘ശ്ശോ...ദേ പിന്നേം കറുകച്ചാൽ... എന്നു പറഞ്ഞ പോലായല്ലോ കാര്യം...’’
യോഹന്നാൻ പിറുപിറുത്തുകൊണ്ട് ജീപ്പിന്റെ വിൻഡോഗ്ലാസ് ഉയർത്തി.
‘‘ഫോർ വീൽ ഡ്രൈവ് അല്ലേ വണ്ടി...’’ അലൻ തല തിരിച്ച് യോഹന്നാനെ നോക്കി.
‘‘അതൊക്കെ അതെ...’’
ചെളിക്കണ്ടം പോലെ ആയ റോഡിൽ ഇടം വലം തെന്നുന്ന ജീപ്പ് ആയാസപ്പെട്ട് നിയന്ത്രിക്കുന്നതിനിടെയാണ് യോഹന്നാൻ ബാക്കി പറഞ്ഞത്;
‘‘ആനയ്ക്ക് എന്തു ഫോർ വീൽ ഡ്രൈവ് സാർ. മഴ പെയ്താലുടൻ അവറ്റകള് എറങ്ങും...’’
ഒന്നു നിർത്തിയിട്ട് യോഹന്നാൻ ജീപ്പ് ഫസ്റ്റ് ഗിയറിലാക്കി,
‘‘ഇത് ഒരു കൊഴപ്പം പിടിച്ച വനമാ സാറേ....’’
അതു പറയുമ്പോൾ യോഹന്നാന്റെ കണ്ണുകളിൽ ഭയത്തിന്റെ ഒരു കരിവാളിപ്പ് ഉണ്ടായി.
‘‘ഈ വനത്തിന് ‘പാതിരി വനം’ എന്ന പേര് വരാൻ തന്നെ ഒരു കാരണമുണ്ട്....’’
‘‘അതെന്താ...?’’
അലന്റെ മുഖത്ത് കൗതുകം ഉണ്ടായി.
‘‘അത് ഒരു കഥയാ സാറേ. പത്തിരുപത്തഞ്ച് കൊല്ലം മുമ്പ്, ഒരു യക്ഷി കാരണം ജീവനുള്ള ഒന്നിനും ഈ വനത്തിൽ കഴിയാൻ പറ്റാത്ത അവസ്ഥ ആയിരുന്നു.
കാട്ടാന ചെരിഞ്ഞ് ചീഞ്ഞ് കിടന്നാലും ഒരൊറ്റ ഫോറസ്റ്റ്കാരും ഉൾവനത്തിലേക്ക് വരത്തില്ല. പൊലീസുകാരുടെ അവസ്ഥയും അതു തന്നെ ആയിരുന്നു....’’
യോഹന്നാൻ ഒന്നു നിർത്തി;
‘‘നമ്മുടെ ഈ നൂൽപ്പുഴ സ്റ്റേഷനിൽ നിന്ന് പൊലീസുകാർ എല്ലാവരും ഒന്നിച്ചാ പട്ടണത്തിലേക്ക് പൊയ്ക്കോണ്ടിരുന്നത്. സ്റ്റേഷനിൽ തനിയെ നിൽക്കാൻ ഒറ്റയാൾക്കും ധൈര്യമില്ല. നിന്നാൽ.....അവൾ വരും’’
പൊടുന്നനെ ശക്തമായ ഒരു മിന്നലുണ്ടായി കാതടപ്പിക്കുന്ന ഇടിയൊച്ചയും. നടുങ്ങിപ്പോയി യോഹന്നാൻ. കൊള്ളിയാന്റെ നീല വെളിച്ചത്തിൽ, മുമ്പിൽ വനം ഒന്നു പ്രകമ്പനം കൊള്ളുന്നത് അലൻ കണ്ടു.
ഓരോ മരങ്ങൾക്കു പിന്നിലും ഒളിച്ചു നിന്ന്, ആരോ തങ്ങളെ നോക്കുന്നതു പോലെ അലന് തോന്നി.
‘‘കേട്ടോ സാറേ...’’
യോഹന്നാൻ വീണ്ടും അലനെ നോക്കി;
‘‘പട്ടണത്തിൽ പോയ പൊലീസുകാർ തിരിച്ചു വരുമ്പോഴല്ലേ രസം. സ്റ്റേഷൻ മുഴുവൻ അടിച്ച് തകർത്തിട്ടിരിക്കും. ഫയലുകളൊക്കെ മുറ്റത്തെ കിണറ്റിലായിരിക്കും...’’
‘‘എന്നിട്ട് ആ യക്ഷി എന്തിയേ.... റിട്ടയർ ചെയ്തോ?’’ അലൻ ചിരിയോടെ യോഹന്നാനെ നോക്കി.
‘‘അതല്ലേ പറഞ്ഞു വരുന്നത്...’’ യോഹന്നാന് അൽപം ഉത്സാഹത്തിലായി.
‘‘കർത്താവ് തമ്പുരാൻ എന്നു പേരുള്ള ഒരു പാതിരി വന്നു. പ്രേതങ്ങളെ പിടിക്കുന്ന അച്ചനാരുന്നു. പടുമരണം സംഭവിച്ച ആ ആത്മാവിനെ അങ്ങേര് പിടിച്ചു കെട്ടി കൊണ്ടു പോയെന്നാ പറയുന്നത്. ശവപ്പെട്ടിയുടെ ഒരു ചെറിയ രൂപം ഉണ്ടാക്കി. അതിൽ കുരുത്തോല കൊണ്ട് ആൾരൂപം മെനഞ്ഞ് അതിന്റെ തലയിൽ കാഞ്ഞിരമുള്ള് തറച്ച് ഹന്നാൻ വെള്ളം തളിച്ച് പെട്ടിയുടെ പുറത്ത് ഒരു ചെറിയ ഇരുമ്പ് കുരിശ് തറച്ചു കൊണ്ടു പോയി. ആ അച്ചന്റെ ഓർമ്മയ്ക്കാ...ഈ വനത്തിന് പാതിരി വനം എന്ന് പേരിട്ട് ആദിവാസികള് വിളിച്ചു തുടങ്ങിയത്.
നേരത്തെ അവളുടെ പേരായിരുന്നു....ആ യക്ഷീടെ’’
‘‘എന്താ.. ബഹുമിടുക്കിയായ ആ യക്ഷീടെ പേര്?’’ ചിരിച്ചു കൊണ്ടാണ് അലൻ ചോദിച്ചത്. യോഹന്നാന്റെ മുഖം പക്ഷേ, ഭയം കൊണ്ട് വലിഞ്ഞു മുറുകിപ്പോയി.
‘‘ചിത്തിനി’’ യോഹന്നാൻ പറഞ്ഞതും ആകാശം പിളരുന്നതു പോലെ ഒരു ഇടിമുഴക്കം ഉണ്ടായി. യോഹന്നാന്റെ കയ്യിൽ നിന്ന് സ്റ്റിയറിംഗ് പാളി.

അലനും ഭയന്നു പോയി. വനത്തിലേക്ക് വെട്ടിത്തിരിഞ്ഞ ജീപ്പ് ഒരു വിധം യോഹന്നാന് റോഡിലേക്ക് തിരിച്ചു കയറ്റി. വനത്തിനുള്ളിൽ ഒരു വെളിച്ചം അലൻ കണ്ടു.
ഒരു കാട്ടുമരത്തിന്റെ തല പന്തം പോലെ നിന്ന് എരിയുന്നു.
‘‘ഇടി ഏശിയതാ...’’
യോഹന്നാൻ അവിടേക്ക് ഒന്നു നോക്കിയിട്ട് വീണ്ടും അലനു നേരെ തിരിഞ്ഞു.
‘‘ചിത്തിനി’’ ആ പേര് പറയാന് പോലും ഇപ്പോഴും എല്ലാവർക്കും പേടിയാ. തമിഴത്തിയായിരുന്നത്രെ. മുപ്പതു കൊല്ലം മുമ്പ് പാതിരി വന്ന് ബന്ധിപ്പിച്ച ചിത്തിനിയെ ഈയിടെ വനത്തിൽ കണ്ടെന്ന് ചില ആദിവാസികളും പറഞ്ഞു....’’
‘‘ചുമ്മാ പറയുന്നതല്ലേ യോഹന്നാനേ....ഇതൊക്കെ... ഇന്നത്തെക്കാലത്തുമുണ്ടോ...ഈ യക്ഷിയും പ്രേതവു മൊക്കെ.....’’
‘‘ദൈവം എല്ലാക്കാലത്തും ഇല്ലേ സാറേ...അപ്പോ പ്രേതവും എല്ലാക്കാലത്തും ഒണ്ട്’’ യോഹന്നാൻ ഭീതിയോടെ ഒന്നു നിർത്തി;
‘‘ആദിവാസികള് കള്ളം പറയത്തില്ല. ചിത്തിനിയെ അവരു കണ്ടെന്നാ പറഞ്ഞത്. നല്ല നിലാവുള്ള രാത്രികളിൽ വനത്തിലൂടെ നടക്കുന്നത്.
പുല്ലാന്നി വള്ളികളിൽ തൂങ്ങി ഊഞ്ഞാലാടുന്നത്’’
യോഹന്നാൻ ഒന്നു നിർത്തി;
‘‘ആറടി പൊക്കമുണ്ട് ചിത്തിനിക്ക്. കറുത്ത നെടുങ്കൻ കുപ്പായമാണത്രെ വേഷം കാൽമുട്ടിനു താഴെ വരെ എത്തുന്ന മുടി’’ യോഹന്നാന്റെ കണ്ണുകൾ ഭയം കൊണ്ട് മിഴിഞ്ഞു. പുള്ളത്താച്ചി എന്നാ ആദിവാസികള് ചിത്തിനിയെ വിളിക്കുന്നത്.
പുള്ളത്താച്ചി എന്നു പറഞ്ഞാൽ.... തമിഴിൽ, ഗർഭിണി എന്നാണ് അർഥം. കൊല്ലപ്പെടുമ്പോൾ ഏഴു മാസം ഗർഭിണി കൂടി ആയിരുന്നു ചിത്തിനി’’
അലന്റെ മുഖത്ത് ഒരു അമ്പരപ്പ് ഉണ്ടായി. വനത്തിലൂടെ പ്രതികാരദാഹിയായി അലയുന്ന ഗർഭിണിയായ പ്രേതം. പുള്ളത്താച്ചി....എന്ന ചിത്തിനി!
‘‘ആരാ ചിത്തിനിയെ കൊന്നത്?’’ അലൻ തലതിരിച്ച് യോഹന്നാനെ നോക്കി.
‘‘അതൊന്നും അറിയത്തില്ല സാറേ.. പത്തിരുപത്തഞ്ച് കൊല്ലം മുമ്പുള്ള കഥയല്ലിയോ എന്തോ സിനിമ ഷൂട്ടിംഗുമായി ബന്ധപ്പെട്ട സംഭവമാണെന്നാ കേൾക്കുന്നത്. കൂടുതലൊന്നും അറിയത്തില്ല. ഞാനിവിടെ വന്നിട്ട് രണ്ടു കൊല്ലമേ ആയുള്ളൂ. എല്ലാം കേട്ടറിവാ...’’
ഒന്നു രണ്ടു നിമിഷത്തേക്ക് അലൻ മിണ്ടിയില്ല. പിന്നെ, യോഹന്നാനെ നോക്കി;
‘‘എനിക്ക് താമസിക്കാനുള്ള വീട് സ്റ്റേഷന് അടുത്ത് തന്നെയാണോ?’’
‘‘ങാ.....എട്ടു കിലോമീറ്റർ ഡിസ്റ്റൻസുണ്ട് സാറേ. പാതിരി വനം ക്രോസ് ചെയ്ത് സ്റ്റേഷനിൽ എത്താം. പഴയ ഒരു ബംഗ്ലാവാ.. കരിവേടകം പുഴയ്ക്ക് അപ്പുറത്ത്. പൊൻകുരിശ് സേവ്യർ എന്നൊരു മുതലാളിയുണ്ട് പണ്ട് പാലായിൽ നിന്നു വന്നതാ.. അയാൾടെ ബംഗ്ലാവാ
സാറിനാണെന്നറിഞ്ഞപ്പോ സന്തോഷത്തോടെ തന്നു’’
‘‘വാടക ചോദിക്കണം മുതലാളിമാരുടെ ഔദാര്യം എനിക്ക് വേണ്ട’’
‘‘ഓ....ആയ്ക്കോട്ടെ. വാടക സാറ് തന്നെ പറഞ്ഞാൽ മതി അയാള് അടുത്തദിവസം സാറിനെ കാണാൻ വരുന്നുണ്ട്....’’
‘‘ഓകെ നമുക്ക് ആദ്യം സ്റ്റേഷനിലേക്ക് പോവാം. അതു കഴിഞ്ഞ് വീട്ടിലേക്ക് പോയാൽ മതി.
‘‘മതിയോ..’’
‘‘മതി’’
പത്തുമിനിറ്റിനകം ജീപ്പ് പൊലീസ് സ്റ്റേഷന്റെ മുറ്റത്ത് എത്തി.
വനത്തിനു നടുവിൽ ഒരു പഴയ കെട്ടിടം... ഒരു വലിയ കാട്ടു പൂവരസ് സ്റ്റേഷനു മീതേക്ക് ചാഞ്ഞു നിൽക്കുന്നു. സ്റ്റേഷന്റെ മുറ്റത്തു തന്നെ നാകത്തകിട് മേഞ്ഞ ഒരു ഷെഡ്. അതിൽ ഒരു ജീപ്പ് കൂടി കിടപ്പുണ്ട്.
പിന്നെ, ഒരു പൊലീസ് ആംബുലൻസും. ഐഷറിന്റെ പഴയമോഡൽ വാൻ ആണ്. ജീപ്പ് നിന്നപ്പോഴേക്കും മൂന്ന് പൊലീസുകാർ ഓടി വന്നു.
അലൻ ഇറങ്ങിയപ്പോൾ അവർ നിരന്നു നിന്ന് സല്യൂട്ട് ചെയ്തു.
‘‘സർ ഇത് രാജേന്ദ്രൻ... ഇത് യൂസഫ്.. ഇത് മുരളീധരൻ’’
യോഹന്നാൻ ഓരോരുത്തരെയായി പരിചയപ്പെടുത്തി. ‘‘രാജേന്ദ്രനും യൂസഫും സീനിയർ സിവിൽ പൊലീസ് ഓഫീസർമാരാ. മുരളി സിപി.ഒ രണ്ടു പേരു കൂടിയുണ്ട് നജീബും പ്രവീണും. അവരു ട്രഷറിയിൽ പോയേക്കുവാ... ശമ്പളം വാങ്ങാൻ’’
‘‘എങ്ങനെ പോയി.. ബൈക്കിലോ?’’
അലൻ യോഹന്നാനെ നോക്കി.
‘‘ഈ വനത്തിലൂടെയോ...’ ബസിലാ സാറേ പോയത്. കരിവേടകം പുഴയ്ക്ക് അക്കരെ രാവിലെ ഒരു ബസ് വരും.
അതിലാ പോയത്. നാളെ രാവിലെ അതേ ബസിൽ തിരിച്ചു വരും...’’
‘‘സാറേ.....’’
സീനിയർ സിവിൽ പൊലീസ് ഓഫീസർ രാജേന്ദ്രന് അലനെ നോക്കി.
‘‘ഒരു ഹാങ്ങിംഗ് കേസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട് സാറേ. ഞങ്ങളു സാറിനെ വെയ്റ്റ് ചെയ്തു നിൽക്കുവാരുന്നു...’’
‘‘തൂങ്ങിമരണമോ... എവിടെ?’’
അലൻ അമ്പരപ്പോടെ രാജേന്ദ്രനെ നോക്കി.
‘‘പാതിരി വനത്തിലാ സാറേ. കരിവേടകം പുഴയുടെ ഒരു ചെറിയ ചാൽ വഴിതിരിഞ്ഞ് ഒഴുകുന്ന ഒരു സ്ഥലമുണ്ട്. കരിന്തളം! അതാ... സ്ഥലത്തിന്റെ പേര്. അതിനപ്പുറത്ത് ആദിവാസി ഊരുകളാ...’’
‘‘ആരാ രാജേന്ദ്രാ വിവരം പറഞ്ഞത് ?’’ യോഹന്നാൻ രാജേന്ദ്രനെ നോക്കി.
‘‘തേനെടുക്കാൻ പോയ വെളുമ്പൻ. അവൻ മരത്തിലിരുന്നപ്പഴാ കണ്ടത്. പുഴക്കരയിലെ റോഡരുകിലെ കാഞ്ഞിരമരത്തിൽ ശവം തൂങ്ങിക്കിടക്കുന്നത്. ങാ പിന്നെ, സാറേ...മരിച്ചത് ഒരു ഗർഭിണി ആണെന്നും അവൻ പറഞ്ഞു..’’ അലനും യോഹന്നാനും ഒന്നു ഞെട്ടി.
‘‘പിന്നേം.....കറുകച്ചാൽ എന്നു പറഞ്ഞതു പോലെയായോ കാര്യം....’’
യോഹന്നാൻ താടി ചൊറിഞ്ഞു കൊണ്ട് അലനെ നോക്കി;
‘‘സാറ് ....വന്ന ദിവസം തന്നെ...’’
‘‘അത് സാരമില്ല....’’
അലൻ തിരിഞ്ഞു. പിന്നെ, ജീപ്പിൽ നിന്ന് തന്റെ രണ്ട് ബാഗുകളെടുത്ത് സ്റ്റേഷന്റെ വരാന്തയിൽ വച്ചു.
‘‘നമുക്ക് സ്പോട്ടിലേക്ക് പോവാം.’’
അലന്റെയൊപ്പം യോഹന്നാനും രാജേന്ദ്രനും ജീപ്പിൽ കയറി. മുരളിയും യൂസഫും പൊലീസ് ആംബുലൻസിലേക്കും.
‘‘ഇനി ഇതും പ്രേതമായിട്ട് അലയാതിരുന്നാൽ മതിയായിരുന്നു.’’ യോഹന്നാൻ തിരിഞ്ഞ് രാജേന്ദ്രനെ നോക്കി;
‘‘ഗണേശനോട് വരാൻ പറഞ്ഞിട്ടുണ്ടല്ലോ അല്ലേ?’’
‘‘ഒണ്ട്.... അവൻ അവിടെ വന്നു കാണും’’
ജീപ്പും പിന്നാലെ ആംബുലൻസും കാട്ടു പാതയിലേക്ക് ഇറങ്ങി.
‘‘ആരാ ഗണേശൻ?’’ അലൻ യോഹന്നാനെ നോക്കി.
‘‘ങാ.... ഗണേശൻ. കരിന്തളം ഗണേശൻ എന്നാ മുഴുവൻ പേര്. പൊലീസിന്റെ ഒരു സഹായിയാ. എത്ര ഉയരമുള്ള മരത്തിലും കയറി ശവം എറക്കിത്തരുന്നത് ഗണേശനാ. ഏതു കയത്തിൽ മുങ്ങിയും എത്ര അഴുകിയ ശവവും അവൻ എടുക്കും. പിന്നെ, നമ്മുടെ ആംബുലൻസില് ആശുപത്രിയിൽ എത്തിക്കും...’’ യോഹന്നാൻ ഒന്നു നിർത്തി;
‘‘ഈ വനത്തിൽ പ്രേതത്തിലും പിശാചിലും ഒന്നും വിശ്വാസമില്ലാത്ത ഒരേ ഒരാൾ. രണ്ടായിരം രൂപയും ഒരു ഫുൾബോട്ടിൽ ബ്രാണ്ടിയും. അതു മതി അവന്...’’ ജീപ്പ് ഓടിക്കൊണ്ടിരുന്നു.
നാൽപതു മിനിറ്റ് കൊണ്ട് വാഹനങ്ങൾ സംഭവസ്ഥലത്ത് എത്തി. നാലുമണി കഴിഞ്ഞതു കൊണ്ട് ഇരുട്ടിന്റെ കട്ടി കൂടിത്തുടങ്ങിയിരുന്നു. പത്തിരുപത് ആദിവാസികൾ സ്ഥലത്ത് കൂട്ടംകൂടി നിൽപുണ്ട്. വണ്ടിയിൽ നിന്നിറങ്ങിയ അലനും പൊലീസുകാരും അമ്പരന്നു പോയി. ഏതാണ്ട് നാൽപ്പതടി ഉയരത്തിലാണ് ഗർഭിണിയുടെ ശരീരം തൂങ്ങി നിൽക്കുന്നത്.
ഇത്രയും ഉയരത്തിൽ ഒരു ഗർഭിണി.....!
അലനു വിശ്വസിക്കാനായില്ല. കറുത്ത ഗൗൺ ആണ് വേഷം. ഇടതൂർന്ന മുടി രണ്ടായി പകുത്ത് ഇരു ചുമലിലൂടെ മാറിടങ്ങൾക്കു മീതെ കൂടി ഒഴുകിക്കിടക്കുന്നു. കഴുത്തൊടിഞ്ഞ് തല ഒരൽപം ചെരിഞ്ഞ് താഴേക്ക് തൂങ്ങിയിട്ടുണ്ട്. വലിയ കണ്ണുകൾ തുറന്നിരിക്കുന്നു. അരണ്ട വെളിച്ചത്തിൽ ആ കണ്ണുകൾ സ്ഫടികം പോലെ തിളങ്ങുന്നു. ഇത്രയും താഴെ നിന്നിട്ടും കണ്ണുകളുടെ തിളക്കം കാണാൻ കഴിയുന്നത് അലന് വലിയ അത്ഭുതം ആയി തോന്നി.
‘‘സാറേ....’’ ഒരു വിളി കേട്ടു.
അലൻ തിരിഞ്ഞു. കറുത്തു തടിച്ച ഒരാൾ തന്നെ നോക്കി നിൽക്കുന്നതു കണ്ടു.
വലതു കയ്യിൽ പാതി തീരാറായ ഒരു ബ്രാണ്ടിക്കുപ്പി. അമ്പത്തഞ്ചു വയസ്സു തോന്നിക്കും. തല പാതിയിലേറെ നരച്ചിട്ടുണ്ട്.
‘‘നമസ്ക്കാരം സാറേ... ഞാനാ ഗണേശൻ. കരിന്തളം ഗണേശൻ. ചരക്ക് അഴിച്ചിറക്കിയേക്കട്ടെ’’
കയ്യിലിരിക്കുന്ന കുപ്പിയിൽ നിന്ന് അൽപം കൂടി വായിലേക്ക് ഒഴിച്ചിട്ട് ഗണേശൻ ഒന്നു തലകുടഞ്ഞു.
‘‘ഇപ്പം അഴിച്ചാൽ ഇരുട്ടുന്നതിനു മുമ്പ് താലൂക്ക് ആശുപത്രിയിൽ എത്തിക്കാം. ഞാൻ കൊണ്ടു പോവാം. ശവത്തിനൊപ്പം പിന്നെ, ഇവിടുത്തെ പൊലീസുകാർ വരത്തില്ല. പേടിയാ...’’ ഗണേശൻ ചിരിച്ചു.
അലന്റെ മുഖം കനത്തു.
‘‘സാറേ...’’
അവന്റെ വർത്തമാനം കാര്യമാക്കണ്ട വിടുവായനാ. നമ്മക്ക് കാര്യം നടക്കേണ്ടതാ. ഇൻക്വസ്റ്റ് നടത്തി ശവം ഇന്നുതന്നെ താലൂക്ക് ആശുപത്രി മോർച്ചറിയിൽ എത്തിക്കണം. പേപ്പറുകളുമായി നാളെ പകല് നമ്മളങ്ങ് െചന്നാൽ മതി’’.
‘‘ബോഡി ഇയാളെ ഒറ്റയ്ക്കു ഏൽപ്പിച്ച് വിടാനോ....’’ അലൻ അമ്പരന്നു.
‘‘കൊണ്ടു പോവുന്നത് സ്വർണ്ണം ഒന്നുമല്ലല്ലോ സാറേ....’’ കരിന്തളം ഗണേശൻ അലനെ നോക്കി;
‘‘ഒരു ശവം അല്ലേ .! അല്ല, എനിക്ക് നിർബന്ധം ഒന്നുമില്ല. നിങ്ങൾക്ക് വേണേൽ മതി.’’
‘‘സാറേ..’’
യോഹന്നാൻ അപേക്ഷാ ഭാവത്തിൽ അലനെ നോക്കി. സമ്മതിക്കാതെ അലനു നിവൃത്തി ഇല്ലായിരുന്നു.
‘‘ശരി. ഇവിടുത്തെ രീതി എങ്ങനാന്നു വച്ചാൽ നടക്കട്ട്’’
അലൻ ജീപ്പിന്റെ ബോണറ്റിലേക്ക് ചാരി. പൊലീസുകാരുടെ മുഖത്ത് ആശ്വാസത്തിന്റെ ഒരു തെളിച്ചം ഉണ്ടായി. ബ്രാണ്ടിക്കുപ്പി ഗണേശൻ യോഹന്നാന്റെ നേരെ നീട്ടി.
‘‘സാറിത് പിടിച്ചോ... ശവോം കൊണ്ട് പോവും വഴി ഗണേശനു കുടിക്കാനുള്ളതാ... ഒരു ധൈര്യത്തിന്’’
അലനെ ഒന്നു നോക്കിയിട്ട് യോഹന്നാൻ അറച്ചറച്ച് കുപ്പി വാങ്ങി.
‘‘എന്നതാ സാറേ ഒരു നാണം....?’’ ഗണേശൻ ചിരിച്ചു.
‘‘ഓ....പുതിയ എസ്ഐ അടുത്തു നിൽക്കുന്നതിന്റെ ആവും.’’ ഗണേശൻ ഒന്നു തലകുടഞ്ഞ് ചിരിച്ചു.
പിന്നെ, ഒരു ചുറ്റ് കയർ ചുമലിലിട്ട് മരത്തിലേക്കു കയറി. ഒരു കുരങ്ങിന്റെ വേഗത്തിൽ ഗണേശൻ മരത്തിലൂടെ കയറിപ്പോവുന്നത് അലൻ അത്ഭുതത്തോടെ കണ്ടു. മരത്തിന്റെ മുകളിലെത്തി ഗണേശൻ ഒരു കൊമ്പിൽ ഇരുന്നു. പിന്നെ, മൃതശരീരം തൂങ്ങിക്കിടക്കുന്ന ചില്ലയിലേക്ക് വന്നു.
ഗണേശൻ ചുമലിൽ നിന്ന് കയർ എടുത്ത് മൃതശരീരത്തിന്റെ വീർത്തവയറിലും അരയിലുമായി ചുറ്റിക്കെട്ടി. കയർ ചില്ലയിലൂടെ ഒന്നു ചുറ്റിയിട്ട്, ഗണേശൻ യുവതിയുടെ കഴുത്തിലെ കയർ ചില്ലയിൽ നിന്ന് അഴിച്ചു. പിന്നെ, താൻ കെട്ടിയ കയർ അയച്ചു. മൃതശരീരം പതിയെ താഴേയ്ക്ക് വന്നു. മുകളിലേക്ക് പോയതിന്റെ ഇരട്ടി വേഗത്തിൽ ഗണേശനും താഴെയെത്തി.
യുവതിയുടെ മൃതശരീരം കാണുകയായിരുന്നു. അലനും പൊലീസുകാരും. വീർത്തുന്തിയ വയർ കണ്ടിട്ട് ഏഴുമാസം ഗര്ഭിണി ആണ് യുവതി എന്ന് അലനു തോന്നി.
‘‘നിങ്ങക്ക് അറിയാവുന്ന ആരെങ്കിലുമാണോടാ....’’ യോഹന്നാന് ആദിവാസികളെ നോക്കി.
‘‘അല്ല സാറെ. ഇവിടെങ്ങും കണ്ടിട്ടുള്ള ആൾ ആല്ല.’’ ആൾക്കൂട്ടത്തിൽ നിന്ന് മറുപടി വന്നു.
‘‘എന്തായാലും ഈ വല്യവയറും വച്ച് ഇത്രയും ഉയരത്തിൽ കയറിയ ഇവളെ സമ്മതിക്കണം. ’’
കിതപ്പടക്കാൻ പാട് പെട്ടു കൊണ്ടാണ് ഗണേശൻ പറഞ്ഞത്. ‘‘അതല്ലാ....വല്ലവനും കെട്ടിത്തൂക്കിയത് ആണെങ്കിൽ ചുമന്നു കയറ്റിയവനെയും സമ്മതിക്കണം’’.
യുവതിയുടെ മുഖത്തിനു നേരെ ആയിരുന്നു അലന്റെ കണ്ണുകൾ.
കറുത്ത നിറമാണ്.... അതീവ സുന്ദരി!
തുറന്നിരിക്കുന്ന കണ്ണുകളുടെ തിളക്കം അപ്പോഴും അലനെ അത്ഭുതപ്പെടുത്തി. കഴുത്തിൽ കയർ ഉരഞ്ഞ് തൊലി പൊട്ടിയിട്ടുണ്ട്. കാലിലെ ഞരമ്പുകൾ നീലനിറത്തിൽ വലിഞ്ഞ് പൊട്ടിയിരിക്കുന്നു. യുവതിയുടെ ഉള്ളം കാലിലേക്ക് നോക്കിയ അലൻ അത്ഭുതപ്പെട്ടുപോയി. ആ, കാലുകൾ ഇന്നുവരെ ഭൂമിയിൽ സ്പർശിച്ചിട്ടില്ലെന്നു തോന്നും. ഒരൽപം ചെളി പുരണ്ടിട്ടില്ല ഉള്ളം കാലിൽ. പിഞ്ചു കുഞ്ഞുങ്ങളുടേത് പോലെ ഇളം റോസ് നിറമാണ്.
പതിനഞ്ചു മിനിറ്റ് കൊണ്ട് പ്രേതവിചാരണ പൂർത്തിയായി. കരിന്തളം ഗണേശൻ തന്നെ മൃതശരീരം ആംബുലൻസിലേക്കു കയറ്റി. അടുത്ത നിമിഷം, ഒരു അലർച്ചയോടെ മഴ ഇരമ്പിയെത്തി.
‘‘ഞാനെന്നാ പൊക്കോട്ടെ സാറേ...’’ ആംബുലൻസിന്റെ ഡോർ അടച്ച് ലോക്ക് ചെയ്തിട്ട് കരിന്തളം ഗണേശൻ അലനെ നോക്കി.
അലൻ തലകുലുക്കി.
കരിന്തളം ഗണേശൻ ആംബുലൻസ് സ്റ്റാർട്ട് ചെയ്തു. കാട്ടുപാതയിലൂടെ അത് ആടിക്കുലുങ്ങി പോയി. മഴയുടെ ശക്തി കൂടി.
‘‘നമ്മുക്കും പോവാം സാറേ...’’ യോഹന്നാൻ അലനെ നോക്കി.
അലനും പൊലീസുകാരും ജീപ്പിലേക്ക് കയറി. ജീപ്പ് സ്റ്റാർട്ടായി തിരിഞ്ഞു. ആദിവാസികളും പിരിഞ്ഞു.
്‘‘ഗണേശന്റെ ധൈര്യം സമ്മതിക്കണം....’’
ജീപ്പ് ഓടിക്കുന്നതിനിടയിൽ യോഹന്നാൻ അലനെ നോക്കി;
‘‘ചാമുണ്ഡി വെള്ളച്ചാട്ടം കടന്ന് മുപ്പത്തിയെട്ട് കിലോമീറ്റർ അവനൊറ്റയ്ക്ക് ആ ശവവും കൊണ്ട് വനത്തിലൂടെ ആംബുലൻസ് ഓടിക്കണം’’ കരിന്തളം ഗണേശന്റെ ധൈര്യത്തെക്കുറിച്ചോർത്തപ്പോൾ അലനും മതിപ്പു തോന്നി.
ഈ സമയം....
ഗർഭിണിയുടെ മൃതശരീരവും കൊണ്ട് വനത്തിലൂടെ ആടിക്കു ലുങ്ങി നീങ്ങുകയായിരുന്നു ആംബുലൻസ്. ബ്രാണ്ടിക്കുപ്പി യുടെ അടപ്പ് തുറന്ന് ഒരു സിപ്പ് എടുത്തിട്ട് ഗണേശൻ ഡ്രൈവർ ക്യാബിന്റെ കിളിവാതിൽ തുറന്ന് പിന്നിലേക്ക് നോക്കി. വണ്ടിയുടെ റൂഫ് ലൈറ്റിന്റെ അരണ്ട വെളിച്ചത്തിൽ, മൃതശരീരം നീണ്ടു നിവർന്നു കിടക്കുന്നതു കാണാം.
അതിന്റെ തുറിച്ച കണ്ണുകൾ തന്റെ നേരെയാണ് എന്ന് ഗണേശനു തോന്നി. ആദ്യമായി കരിന്തളം ഗണേശന്റെ ഉള്ളിൽ ഭയത്തിന്റെ ഒരു മിന്നലുണ്ടായി. ഗണേശൻ കിളിവാതിൽ വലിച്ചടച്ചു കളഞ്ഞു.
‘‘ഏതെങ്കിലും ഒരുത്തനെ ഒപ്പം കൂട്ടേണ്ടതായിരുന്നു’’
ഗണേശൻ പിറുപിറുത്തു.
അരമണിക്കൂർ കൊണ്ട് വണ്ടി ചാമുണ്ഡി വെള്ളച്ചാട്ടത്തിന് മുകളിലെത്തി. ചപ്പാത്തു പോലെ പരന്നൊഴുകുന്ന വെള്ളത്തിലേക്ക് ആംബുലൻസ് ഇറങ്ങി. ടയർ മൂടാനുള്ള വെള്ളം ഉണ്ട്.
മുന്നൂറടി താഴ്ചയിലേക്ക് വെള്ളം പാഞ്ഞു വീഴുന്നതിന്റെ ഇരമ്പം കേൾക്കാം. മഴ, ഒന്നുകൂടി ശക്തിയാർജ്ജിച്ചു. അടുത്തനിമിഷം, ആംബുലൻസിനു പിന്നിൽ നിന്ന്, പല്ലുകടിച്ചു പൊട്ടിക്കുന്നതു പോലത്തെ ശബ്ദം കേട്ടു.
അനുനിമിഷം അതു കൂടിക്കൂടി വന്നു. മുരൾച്ചയും കേൾക്കാം.
ആംബുലൻസിനുള്ളിൽ ഏതോ കാട്ടുജീവി കയറിക്കൂടിയെന്ന് ഗണേശന് ഉറപ്പായി. അത് മൃതശരീരം കടിച്ചു കീറുകയാണ്.
‘‘ദൈവമേ....വല്ല മരപ്പട്ടിയോ കാട്ടുപൂച്ചയോ ആയിരിക്കും’’
വണ്ടി നിർത്താതെ തന്നെ ഗണേശൻ തിരിഞ്ഞ് കിളിവാതിൽ തുറന്നു. പിന്നിലേക്ക് നോക്കിയ ഗണേശൻ ഞെട്ടി വിറച്ചു പോയി. ഒരലർച്ച അയാളുടെ വായിൽ നിന്ന് ഉണ്ടായി.
ആംബുലൻസിന്റെ സ്ട്രെച്ചറിൽ, ഗർഭിണിയുടെ മൃതശരീരം എണീറ്റിരിക്കുന്നു. തല അൽപം കുനിച്ച് ഇരു കൈ കൊണ്ടും മുടി കോതുകയാണ്. പല്ലിറുമ്മുന്നുമുണ്ട്.
ഗണേശൻ കണ്ണുചിമ്മി ഒന്നു കൂടി നോക്കി. അടുത്ത നിമിഷം, യുവതി ഗണേശനു നേരെ തല തിരിച്ചു. തിളങ്ങുന്ന മിഴികളിൽ നിന്നുള്ള പ്രകാശം വന്നടിച്ച് ഗണേശന്റെ കണ്ണഞ്ചി.
പൊടുന്നനെ യുവതിയുടെ മുഖം മാറുന്നത് ഗണേശൻ കണ്ടു. പല്ലുകൾക്കിടയിൽ നിന്ന് ചോര കിനിയുന്നു. യുവതിയുടെ മുഖം കണ്ട് ഗണേശൻ ഭയന്ന് അലറിപ്പോയി;
‘‘ചിത്തിനീ....’’
ചോര കിനിയുന്ന പല്ലുകൾ ഇളിച്ചു കാട്ടിയിട്ട് യുവതി ഒന്ന് അലറി,
ശബ്ദത്തിന്റെ തീവ്രതയിൽ, സ്ഫോടനം നടന്നതു പോലെ ആംബുലൻസിന്റെ ഫ്രണ്ട് ഗ്ലാസും വിൻഡോഗ്ലാസുകളും ഉടഞ്ഞ് ചിതറിപ്പോയി.
ഗണേശന്റെ കർണ്ണപടങ്ങൾ പൊട്ടി ചെവിക്കുള്ളിൽ നിന്ന് ചോര പുറത്തേക്ക് ചിതറി.