അധ്യായം 1

1

അധ്യായം 1

മുപ്പതടി ഉയരത്തിൽ ഒരു ഗർഭിണിയുടെ ശവം

‘‘ഇതാണ് സാർ പാതിരിവനം....’’
ആയാസപ്പെട്ട് പൊലീസ് ജീപ്പിന്റെ സ്റ്റിയറിംഗ് തിരിക്കുന്നതിനിടെ എഎസ്ഐ യോഹന്നാൻ തല തിരിച്ച് അലനെ നോക്കി.
നൂൽപ്പുഴ പൊലീസ് സ്റ്റേഷനിലേക്ക് സ്ഥലം മാറി വന്ന പുതിയ എസ്ഐ ആണ് അലൻ ഏബ്രഹാം താടിക്കാരൻ!
‘‘ഈ താടിക്കാരൻ എന്നത് കുടുംബപ്പേരാ അല്ലിയോ സാറേ....’’
എഎസ്ഐ യോഹന്നാൻ വീണ്ടും അലനെ നോക്കി.
‘‘എന്റെ മുഖത്ത് താടി കാണാഞ്ഞിട്ടും യോഹന്നാന് അതു കൃത്യമായി പിടികിട്ടിയില്ലേ... ങേ?’’
അലൻ ചിരിച്ചു;
‘‘താടിക്കാരൻ എന്നത് കുടുംബപ്പേര് തന്നാടോ...
മൂന്നുമണിയേ ആയുള്ളൂ എങ്കിലും, വനത്തിനുള്ളിൽ തിങ്ങി നിറഞ്ഞ ഇരുട്ട് ആയിരുന്നു. ഹെഡ്‍ലൈറ്റുകൾ ഹൈബീമിൽ പ്രകാശിപ്പിച്ച് കൊണ്ടാണ് ജീപ്പ് വനത്തിലേക്ക് കയറിയത്. ഇടയ്ക്ക് ഒന്നു മാറി നിന്ന മഴ അടുത്ത നിമിഷം വീണ്ടും തുടങ്ങി.
‘‘ശ്ശോ...ദേ പിന്നേം കറുകച്ചാൽ... എന്നു പറഞ്ഞ പോലായല്ലോ കാര്യം...’’
യോഹന്നാൻ പിറുപിറുത്തുകൊണ്ട് ജീപ്പിന്റെ വിൻഡോഗ്ലാസ് ഉയർത്തി.
‘‘ഫോർ വീൽ ഡ്രൈവ് അല്ലേ വണ്ടി...’’ അലൻ തല തിരിച്ച് യോഹന്നാനെ നോക്കി.
‘‘അതൊക്കെ അതെ...’’
ചെളിക്കണ്ടം പോലെ ആയ റോഡിൽ ഇടം വലം തെന്നുന്ന ജീപ്പ് ആയാസപ്പെട്ട് നിയന്ത്രിക്കുന്നതിനിടെയാണ് യോഹന്നാൻ ബാക്കി പറഞ്ഞത്;
‘‘ആനയ്ക്ക് എന്തു ഫോർ വീൽ ഡ്രൈവ് സാർ. മഴ പെയ്താലുടൻ അവറ്റകള് എറങ്ങും...’’
ഒന്നു നിർത്തിയിട്ട് യോഹന്നാൻ ജീപ്പ് ഫസ്റ്റ് ഗിയറിലാക്കി, ‘‘ഇത് ഒരു കൊഴപ്പം പിടിച്ച വനമാ സാറേ....’’ അതു പറയുമ്പോൾ യോഹന്നാന്റെ കണ്ണുകളിൽ ഭയത്തിന്റെ ഒരു കരിവാളിപ്പ് ഉണ്ടായി. ‘‘ഈ വനത്തിന് ‘പാതിരി വനം’ എന്ന പേര് വരാൻ തന്നെ ഒരു കാരണമുണ്ട്....’’
‘‘അതെന്താ...?’’
അലന്റെ മുഖത്ത് കൗതുകം ഉണ്ടായി. ‘‘അത് ഒരു കഥയാ സാറേ. പത്തിരുപത്തഞ്ച് കൊല്ലം മുമ്പ്, ഒരു യക്ഷി കാരണം ജീവനുള്ള ഒന്നിനും ഈ വനത്തിൽ കഴിയാൻ പറ്റാത്ത അവസ്ഥ ആയിരുന്നു.
കാട്ടാന ചെരിഞ്ഞ് ചീഞ്ഞ് കിടന്നാലും ഒരൊറ്റ ഫോറസ്റ്റ്കാരും ഉൾവനത്തിലേക്ക് വരത്തില്ല. പൊലീസുകാരുടെ അവസ്ഥയും അതു തന്നെ ആയിരുന്നു....’’
യോഹന്നാൻ ഒന്നു നിർത്തി; ‘‘നമ്മുടെ ഈ നൂൽപ്പുഴ സ്റ്റേഷനിൽ നിന്ന് പൊലീസുകാർ എല്ലാവരും ഒന്നിച്ചാ പട്ടണത്തിലേക്ക് പൊയ്ക്കോണ്ടിരുന്നത്. സ്റ്റേഷനിൽ തനിയെ നിൽക്കാൻ ഒറ്റയാൾക്കും ധൈര്യമില്ല. നിന്നാൽ.....അവൾ വരും’’
പൊടുന്നനെ ശക്തമായ ഒരു മിന്നലുണ്ടായി കാതടപ്പിക്കുന്ന ഇടിയൊച്ചയും. നടുങ്ങിപ്പോയി യോഹന്നാൻ. കൊള്ളിയാന്റെ നീല വെളിച്ചത്തിൽ, മുമ്പിൽ വനം ഒന്നു പ്രകമ്പനം കൊള്ളുന്നത് അലൻ കണ്ടു.
ഓരോ മരങ്ങൾക്കു പിന്നിലും ഒളിച്ചു നിന്ന്, ആരോ തങ്ങളെ നോക്കുന്നതു പോലെ അലന് തോന്നി.
‘‘കേട്ടോ സാറേ...’’ യോഹന്നാൻ വീണ്ടും അലനെ നോക്കി; ‘‘പട്ടണത്തിൽ പോയ പൊലീസുകാർ തിരിച്ചു വരുമ്പോഴല്ലേ രസം. സ്റ്റേഷൻ മുഴുവൻ അടിച്ച് തകർത്തിട്ടിരിക്കും. ഫയലുകളൊക്കെ മുറ്റത്തെ കിണറ്റിലായിരിക്കും...’’
‘‘എന്നിട്ട് ആ യക്ഷി എന്തിയേ.... റിട്ടയർ ചെയ്തോ?’’ അലൻ ചിരിയോടെ യോഹന്നാനെ നോക്കി. ‘‘അതല്ലേ പറഞ്ഞു വരുന്നത്...’’ യോഹന്നാന്‍ അൽപം ഉത്സാഹത്തിലായി.
‘‘കർത്താവ് തമ്പുരാൻ എന്നു പേരുള്ള ഒരു പാതിരി വന്നു. പ്രേതങ്ങളെ പിടിക്കുന്ന അച്ചനാരുന്നു. പടുമരണം സംഭവിച്ച ആ ആത്മാവിനെ അങ്ങേര് പിടിച്ചു കെട്ടി കൊണ്ടു പോയെന്നാ പറയുന്നത്. ശവപ്പെട്ടിയുടെ ഒരു ചെറിയ രൂപം ഉണ്ടാക്കി. അതിൽ കുരുത്തോല കൊണ്ട് ആൾരൂപം മെനഞ്ഞ് അതിന്റെ തലയിൽ കാഞ്ഞിരമുള്ള് തറച്ച് ഹന്നാൻ വെള്ളം തളിച്ച് പെട്ടിയുടെ പുറത്ത് ഒരു ചെറിയ ഇരുമ്പ് കുരിശ് തറച്ചു കൊണ്ടു പോയി. ആ അച്ചന്റെ ഓർമ്മയ്ക്കാ...ഈ വനത്തിന് പാതിരി വനം എന്ന് പേരിട്ട് ആദിവാസികള് വിളിച്ചു തുടങ്ങിയത്.
നേരത്തെ അവളുടെ പേരായിരുന്നു....ആ യക്ഷീടെ’’
‘‘എന്താ.. ബഹുമിടുക്കിയായ ആ യക്ഷീടെ പേര്?’’ ചിരിച്ചു കൊണ്ടാണ് അലൻ ചോദിച്ചത്. യോഹന്നാന്റെ മുഖം പക്ഷേ, ഭയം കൊണ്ട് വലിഞ്ഞു മുറുകിപ്പോയി.
‘‘ചിത്തിനി’’ യോഹന്നാൻ പറഞ്ഞതും ആകാശം പിളരുന്നതു പോലെ ഒരു ഇടിമുഴക്കം ഉണ്ടായി. യോഹന്നാന്റെ കയ്യിൽ നിന്ന് സ്റ്റിയറിംഗ് പാളി.


അലനും ഭയന്നു പോയി. വനത്തിലേക്ക് വെട്ടിത്തിരിഞ്ഞ ജീപ്പ് ഒരു വിധം യോഹന്നാന്‍ റോഡിലേക്ക് തിരിച്ചു കയറ്റി. വനത്തിനുള്ളിൽ ഒരു വെളിച്ചം അലൻ കണ്ടു.
ഒരു കാട്ടുമരത്തിന്റെ തല പന്തം പോലെ നിന്ന് എരിയുന്നു. ‘‘ഇടി ഏശിയതാ...’’ യോഹന്നാൻ അവിടേക്ക് ഒന്നു നോക്കിയിട്ട് വീണ്ടും അലനു നേരെ തിരിഞ്ഞു.
‘‘ചിത്തിനി’’ ആ പേര് പറയാന്‍ പോലും ഇപ്പോഴും എല്ലാവർക്കും പേടിയാ. തമിഴത്തിയായിരുന്നത്രെ. മുപ്പതു കൊല്ലം മുമ്പ് പാതിരി വന്ന് ബന്ധിപ്പിച്ച ചിത്തിനിയെ ഈയിടെ വനത്തിൽ കണ്ടെന്ന് ചില ആദിവാസികളും പറഞ്ഞു....’’
‘‘ചുമ്മാ പറയുന്നതല്ലേ യോഹന്നാനേ....ഇതൊക്കെ... ഇന്നത്തെക്കാലത്തുമുണ്ടോ...ഈ യക്ഷിയും പ്രേതവു മൊക്കെ.....’’
‘‘ദൈവം എല്ലാക്കാലത്തും ഇല്ലേ സാറേ...അപ്പോ പ്രേതവും എല്ലാക്കാലത്തും ഒണ്ട്’’ യോഹന്നാൻ ഭീതിയോടെ ഒന്നു നിർത്തി;
‘‘ആദിവാസികള് കള്ളം പറയത്തില്ല. ചിത്തിനിയെ അവരു കണ്ടെന്നാ പറഞ്ഞത്. നല്ല നിലാവുള്ള രാത്രികളിൽ വനത്തിലൂടെ നടക്കുന്നത്. പുല്ലാന്നി വള്ളികളിൽ തൂങ്ങി ഊഞ്ഞാലാടുന്നത്’’
യോഹന്നാൻ ഒന്നു നിർത്തി;
‘‘ആറടി പൊക്കമുണ്ട് ചിത്തിനിക്ക്. കറുത്ത നെടുങ്കൻ കുപ്പായമാണത്രെ വേഷം കാൽമുട്ടിനു താഴെ വരെ എത്തുന്ന മുടി’’ യോഹന്നാന്റെ കണ്ണുകൾ ഭയം കൊണ്ട് മിഴിഞ്ഞു. പുള്ളത്താച്ചി എന്നാ ആദിവാസികള് ചിത്തിനിയെ വിളിക്കുന്നത്.
പുള്ളത്താച്ചി എന്നു പറഞ്ഞാൽ.... തമിഴിൽ, ഗർഭിണി എന്നാണ് അർഥം. കൊല്ലപ്പെടുമ്പോൾ ഏഴു മാസം ഗർഭിണി കൂടി ആയിരുന്നു ചിത്തിനി’’
അലന്റെ മുഖത്ത് ഒരു അമ്പരപ്പ് ഉണ്ടായി. വനത്തിലൂടെ പ്രതികാരദാഹിയായി അലയുന്ന ഗർഭിണിയായ പ്രേതം. പുള്ളത്താച്ചി....എന്ന ചിത്തിനി!
‘‘ആരാ ചിത്തിനിയെ കൊന്നത്?’’ അലൻ തലതിരിച്ച് യോഹന്നാനെ നോക്കി.
‘‘അതൊന്നും അറിയത്തില്ല സാറേ.. പത്തിരുപത്തഞ്ച് കൊല്ലം മുമ്പുള്ള കഥയല്ലിയോ എന്തോ സിനിമ ഷൂട്ടിംഗുമായി ബന്ധപ്പെട്ട സംഭവമാണെന്നാ കേൾക്കുന്നത്. കൂടുതലൊന്നും അറിയത്തില്ല. ഞാനിവിടെ വന്നിട്ട് രണ്ടു കൊല്ലമേ ആയുള്ളൂ. എല്ലാം കേട്ടറിവാ...’’
ഒന്നു രണ്ടു നിമിഷത്തേക്ക് അലൻ മിണ്ടിയില്ല. പിന്നെ, യോഹന്നാനെ നോക്കി;
‘‘എനിക്ക് താമസിക്കാനുള്ള വീട് സ്റ്റേഷന് അടുത്ത് തന്നെയാണോ?’’
‘‘ങാ.....എട്ടു കിലോമീറ്റർ ഡിസ്റ്റൻസുണ്ട് സാറേ. പാതിരി വനം ക്രോസ് ചെയ്ത് സ്റ്റേഷനിൽ എത്താം. പഴയ ഒരു ബംഗ്ലാവാ.. കരിവേടകം പുഴയ്ക്ക് അപ്പുറത്ത്. പൊൻകുരിശ് സേവ്യർ എന്നൊരു മുതലാളിയുണ്ട് പണ്ട് പാലായിൽ നിന്നു വന്നതാ.. അയാൾടെ ബംഗ്ലാവാ സാറിനാണെന്നറിഞ്ഞപ്പോ സന്തോഷത്തോടെ തന്നു’’
‘‘വാടക ചോദിക്കണം മുതലാളിമാരുടെ ഔദാര്യം എനിക്ക് വേണ്ട’’
‘‘ഓ....ആയ്ക്കോട്ടെ. വാടക സാറ് തന്നെ പറഞ്ഞാൽ മതി അയാള് അടുത്തദിവസം സാറിനെ കാണാൻ വരുന്നുണ്ട്....’’
‘‘ഓകെ നമുക്ക് ആദ്യം സ്റ്റേഷനിലേക്ക് പോവാം. അതു കഴിഞ്ഞ് വീട്ടിലേക്ക് പോയാൽ മതി. ‘‘മതിയോ..’’
‘‘മതി’’
പത്തുമിനിറ്റിനകം ജീപ്പ് പൊലീസ് സ്റ്റേഷന്റെ മുറ്റത്ത് എത്തി.
വനത്തിനു നടുവിൽ ഒരു പഴയ കെട്ടിടം... ഒരു വലിയ കാട്ടു പൂവരസ് സ്റ്റേഷനു മീതേക്ക് ചാഞ്ഞു നിൽക്കുന്നു. സ്റ്റേഷന്റെ മുറ്റത്തു തന്നെ നാകത്തകിട് മേഞ്ഞ ഒരു ഷെഡ്. അതിൽ ഒരു ജീപ്പ് കൂടി കിടപ്പുണ്ട്.
പിന്നെ, ഒരു പൊലീസ് ആംബുലൻസും. ഐഷറിന്റെ പഴയമോഡൽ വാൻ ആണ്. ജീപ്പ് നിന്നപ്പോഴേക്കും മൂന്ന് പൊലീസുകാർ ഓടി വന്നു.
അലൻ ഇറങ്ങിയപ്പോൾ അവർ നിരന്നു നിന്ന് സല്യൂട്ട് ചെയ്തു.
‘‘സർ ഇത് രാജേന്ദ്രൻ... ഇത് യൂസഫ്.. ഇത് മുരളീധരൻ’’
യോഹന്നാൻ ഓരോരുത്തരെയായി പരിചയപ്പെടുത്തി. ‘‘രാജേന്ദ്രനും യൂസഫും സീനിയർ സിവിൽ പൊലീസ് ഓഫീസർമാരാ. മുരളി സിപി.ഒ രണ്ടു പേരു കൂടിയുണ്ട് നജീബും പ്രവീണും. അവരു ട്രഷറിയിൽ പോയേക്കുവാ... ശമ്പളം വാങ്ങാൻ’’
‘‘എങ്ങനെ പോയി.. ബൈക്കിലോ?’’
അലൻ യോഹന്നാനെ നോക്കി.
‘‘ഈ വനത്തിലൂടെയോ...’ ബസിലാ സാറേ പോയത്. കരിവേടകം പുഴയ്ക്ക് അക്കരെ രാവിലെ ഒരു ബസ് വരും.
അതിലാ പോയത്. നാളെ രാവിലെ അതേ ബസിൽ തിരിച്ചു വരും...’’
‘‘സാറേ.....’’
സീനിയർ സിവിൽ പൊലീസ് ഓഫീസർ രാജേന്ദ്രന്‍ അലനെ നോക്കി.
‘‘ഒരു ഹാങ്ങിംഗ് കേസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട് സാറേ. ഞങ്ങളു സാറിനെ വെയ്റ്റ് ചെയ്തു നിൽക്കുവാരുന്നു...’’
‘‘തൂങ്ങിമരണമോ... എവിടെ?’’
അലൻ അമ്പരപ്പോടെ രാജേന്ദ്രനെ നോക്കി.
‘‘പാതിരി വനത്തിലാ സാറേ. കരിവേടകം പുഴയുടെ ഒരു ചെറിയ ചാൽ വഴിതിരിഞ്ഞ് ഒഴുകുന്ന ഒരു സ്ഥലമുണ്ട്. കരിന്തളം! അതാ... സ്ഥലത്തിന്റെ പേര്. അതിനപ്പുറത്ത് ആദിവാസി ഊരുകളാ...’’
‘‘ആരാ രാജേന്ദ്രാ വിവരം പറഞ്ഞത് ?’’ യോഹന്നാൻ രാജേന്ദ്രനെ നോക്കി.
‘‘തേനെടുക്കാൻ പോയ വെളുമ്പൻ. അവൻ മരത്തിലിരുന്നപ്പഴാ കണ്ടത്. പുഴക്കരയിലെ റോഡരുകിലെ കാഞ്ഞിരമരത്തിൽ ശവം തൂങ്ങിക്കിടക്കുന്നത്. ങാ പിന്നെ, സാറേ...മരിച്ചത് ഒരു ഗർഭിണി ആണെന്നും അവൻ പറഞ്ഞു..’’ അലനും യോഹന്നാനും ഒന്നു ഞെട്ടി.
‘‘പിന്നേം.....കറുകച്ചാൽ എന്നു പറഞ്ഞതു പോലെയായോ കാര്യം....’’
യോഹന്നാൻ താടി ചൊറിഞ്ഞു കൊണ്ട് അലനെ നോക്കി;
‘‘സാറ് ....വന്ന ദിവസം തന്നെ...’’
‘‘അത് സാരമില്ല....’’
അലൻ തിരിഞ്ഞു. പിന്നെ, ജീപ്പിൽ നിന്ന് തന്റെ രണ്ട് ബാഗുകളെടുത്ത് സ്റ്റേഷന്റെ വരാന്തയിൽ വച്ചു.
‘‘നമുക്ക് സ്പോട്ടിലേക്ക് പോവാം.’’
അലന്റെയൊപ്പം യോഹന്നാനും രാജേന്ദ്രനും ജീപ്പിൽ കയറി. മുരളിയും യൂസഫും പൊലീസ് ആംബുലൻസിലേക്കും.
‘‘ഇനി ഇതും പ്രേതമായിട്ട് അലയാതിരുന്നാൽ മതിയായിരുന്നു.’’ യോഹന്നാൻ തിരിഞ്ഞ് രാജേന്ദ്രനെ നോക്കി;
‘‘ഗണേശനോട് വരാൻ പറഞ്ഞിട്ടുണ്ടല്ലോ അല്ലേ?’’
‘‘ഒണ്ട്.... അവൻ അവിടെ വന്നു കാണും’’
ജീപ്പും പിന്നാലെ ആംബുലൻസും കാട്ടു പാതയിലേക്ക് ഇറങ്ങി.
‘‘ആരാ ഗണേശൻ?’’ അലൻ യോഹന്നാനെ നോക്കി.
‘‘ങാ.... ഗണേശൻ. കരിന്തളം ഗണേശൻ എന്നാ മുഴുവൻ പേര്. പൊലീസിന്റെ ഒരു സഹായിയാ. എത്ര ഉയരമുള്ള മരത്തിലും കയറി ശവം എറക്കിത്തരുന്നത് ഗണേശനാ. ഏതു കയത്തിൽ മുങ്ങിയും എത്ര അഴുകിയ ശവവും അവൻ എടുക്കും. പിന്നെ, നമ്മുടെ ആംബുലൻസില്‍ ആശുപത്രിയിൽ എത്തിക്കും...’’ യോഹന്നാൻ ഒന്നു നിർത്തി;
‘‘ഈ വനത്തിൽ പ്രേതത്തിലും പിശാചിലും ഒന്നും വിശ്വാസമില്ലാത്ത ഒരേ ഒരാൾ. രണ്ടായിരം രൂപയും ഒരു ഫുൾബോട്ടിൽ ബ്രാണ്ടിയും. അതു മതി അവന്...’’ ജീപ്പ് ഓടിക്കൊണ്ടിരുന്നു.
നാൽപതു മിനിറ്റ് കൊണ്ട് വാഹനങ്ങൾ സംഭവസ്ഥലത്ത് എത്തി. നാലുമണി കഴിഞ്ഞതു കൊണ്ട് ഇരുട്ടിന്റെ കട്ടി കൂടിത്തുടങ്ങിയിരുന്നു. പത്തിരുപത് ആദിവാസികൾ സ്ഥലത്ത് കൂട്ടംകൂടി നിൽപുണ്ട്. വണ്ടിയിൽ നിന്നിറങ്ങിയ അലനും പൊലീസുകാരും അമ്പരന്നു പോയി. ഏതാണ്ട് നാൽപ്പതടി ഉയരത്തിലാണ് ഗർഭിണിയുടെ ശരീരം തൂങ്ങി നിൽക്കുന്നത്.
ഇത്രയും ഉയരത്തിൽ ഒരു ഗർഭിണി.....!
അലനു വിശ്വസിക്കാനായില്ല. കറുത്ത ഗൗൺ ആണ് വേഷം. ഇടതൂർന്ന മുടി രണ്ടായി പകുത്ത് ഇരു ചുമലിലൂടെ മാറിടങ്ങൾക്കു മീതെ കൂടി ഒഴുകിക്കിടക്കുന്നു. കഴുത്തൊടിഞ്ഞ് തല ഒരൽപം ചെരിഞ്ഞ് താഴേക്ക് തൂങ്ങിയിട്ടുണ്ട്. വലിയ കണ്ണുകൾ തുറന്നിരിക്കുന്നു. അരണ്ട വെളിച്ചത്തിൽ ആ കണ്ണുകൾ സ്ഫടികം പോലെ തിളങ്ങുന്നു. ഇത്രയും താഴെ നിന്നിട്ടും കണ്ണുകളുടെ തിളക്കം കാണാൻ കഴിയുന്നത് അലന് വലിയ അത്ഭുതം ആയി തോന്നി.
‘‘സാറേ....’’ ഒരു വിളി കേട്ടു.
അലൻ തിരിഞ്ഞു. കറുത്തു തടിച്ച ഒരാൾ തന്നെ നോക്കി നിൽക്കുന്നതു കണ്ടു.
വലതു കയ്യിൽ പാതി തീരാറായ ഒരു ബ്രാണ്ടിക്കുപ്പി. അമ്പത്തഞ്ചു വയസ്സു തോന്നിക്കും. തല പാതിയിലേറെ നരച്ചിട്ടുണ്ട്.
‘‘നമസ്ക്കാരം സാറേ... ഞാനാ ഗണേശൻ. കരിന്തളം ഗണേശൻ. ചരക്ക് അഴിച്ചിറക്കിയേക്കട്ടെ’’
കയ്യിലിരിക്കുന്ന കുപ്പിയിൽ നിന്ന് അൽപം കൂടി വായിലേക്ക് ഒഴിച്ചിട്ട് ഗണേശൻ ഒന്നു തലകുടഞ്ഞു.
‘‘ഇപ്പം അഴിച്ചാൽ ഇരുട്ടുന്നതിനു മുമ്പ് താലൂക്ക് ആശുപത്രിയിൽ എത്തിക്കാം. ഞാൻ കൊണ്ടു പോവാം. ശവത്തിനൊപ്പം പിന്നെ, ഇവിടുത്തെ പൊലീസുകാർ വരത്തില്ല. പേടിയാ...’’ ഗണേശൻ ചിരിച്ചു.
അലന്റെ മുഖം കനത്തു.
‘‘സാറേ...’’
അവന്റെ വർത്തമാനം കാര്യമാക്കണ്ട വിടുവായനാ. നമ്മക്ക് കാര്യം നടക്കേണ്ടതാ. ഇൻക്വസ്റ്റ് നടത്തി ശവം ഇന്നുതന്നെ താലൂക്ക് ആശുപത്രി മോർച്ചറിയിൽ എത്തിക്കണം. പേപ്പറുകളുമായി നാളെ പകല് നമ്മളങ്ങ് െചന്നാൽ മതി’’.
‘‘ബോഡി ഇയാളെ ഒറ്റയ്ക്കു ഏൽപ്പിച്ച് വിടാനോ....’’ അലൻ അമ്പരന്നു.
‘‘കൊണ്ടു പോവുന്നത് സ്വർണ്ണം ഒന്നുമല്ലല്ലോ സാറേ....’’ കരിന്തളം ഗണേശൻ അലനെ നോക്കി;
‘‘ഒരു ശവം അല്ലേ .! അല്ല, എനിക്ക് നിർബന്ധം ഒന്നുമില്ല. നിങ്ങൾക്ക് വേണേൽ മതി.’’
‘‘സാറേ..’’
യോഹന്നാൻ അപേക്ഷാ ഭാവത്തിൽ അലനെ നോക്കി. സമ്മതിക്കാതെ അലനു നിവൃത്തി ഇല്ലായിരുന്നു.
‘‘ശരി. ഇവിടുത്തെ രീതി എങ്ങനാന്നു വച്ചാൽ നടക്കട്ട്’’
അലൻ ജീപ്പിന്റെ ബോണറ്റിലേക്ക് ചാരി. പൊലീസുകാരുടെ മുഖത്ത് ആശ്വാസത്തിന്റെ ഒരു തെളിച്ചം ഉണ്ടായി. ബ്രാണ്ടിക്കുപ്പി ഗണേശൻ യോഹന്നാന്റെ നേരെ നീട്ടി.
‘‘സാറിത് പിടിച്ചോ... ശവോം കൊണ്ട് പോവും വഴി ഗണേശനു കുടിക്കാനുള്ളതാ... ഒരു ധൈര്യത്തിന്’’
അലനെ ഒന്നു നോക്കിയിട്ട് യോഹന്നാൻ അറച്ചറച്ച് കുപ്പി വാങ്ങി.
‘‘എന്നതാ സാറേ ഒരു നാണം....?’’ ഗണേശൻ ചിരിച്ചു.
‘‘ഓ....പുതിയ എസ്ഐ അടുത്തു നിൽക്കുന്നതിന്റെ ആവും.’’ ഗണേശൻ ഒന്നു തലകുടഞ്ഞ് ചിരിച്ചു.
പിന്നെ, ഒരു ചുറ്റ് കയർ ചുമലിലിട്ട് മരത്തിലേക്കു കയറി. ഒരു കുരങ്ങിന്റെ വേഗത്തിൽ ഗണേശൻ മരത്തിലൂടെ കയറിപ്പോവുന്നത് അലൻ അത്ഭുതത്തോടെ കണ്ടു. മരത്തിന്റെ മുകളിലെത്തി ഗണേശൻ ഒരു കൊമ്പിൽ ഇരുന്നു. പിന്നെ, മൃതശരീരം തൂങ്ങിക്കിടക്കുന്ന ചില്ലയിലേക്ക് വന്നു.
ഗണേശൻ ചുമലിൽ നിന്ന് കയർ എടുത്ത് മൃതശരീരത്തിന്റെ വീർത്തവയറിലും അരയിലുമായി ചുറ്റിക്കെട്ടി. കയർ ചില്ലയിലൂടെ ഒന്നു ചുറ്റിയിട്ട്, ഗണേശൻ യുവതിയുടെ കഴുത്തിലെ കയർ ചില്ലയിൽ നിന്ന് അഴിച്ചു. പിന്നെ, താൻ കെട്ടിയ കയർ അയച്ചു. മൃതശരീരം പതിയെ താഴേയ്ക്ക് വന്നു. മുകളിലേക്ക് പോയതിന്റെ ഇരട്ടി വേഗത്തിൽ ഗണേശനും താഴെയെത്തി.
യുവതിയുടെ മൃതശരീരം കാണുകയായിരുന്നു. അലനും പൊലീസുകാരും. വീർത്തുന്തിയ വയർ കണ്ടിട്ട് ഏഴുമാസം ഗര്‍ഭിണി ആണ് യുവതി എന്ന് അലനു തോന്നി.
‘‘നിങ്ങക്ക് അറിയാവുന്ന ആരെങ്കിലുമാണോടാ....’’ യോഹന്നാന്‍ ആദിവാസികളെ നോക്കി.
‘‘അല്ല സാറെ. ഇവിടെങ്ങും കണ്ടിട്ടുള്ള ആൾ ആല്ല.’’ ആൾക്കൂട്ടത്തിൽ നിന്ന് മറുപടി വന്നു.
‘‘എന്തായാലും ഈ വല്യവയറും വച്ച് ഇത്രയും ഉയരത്തിൽ കയറിയ ഇവളെ സമ്മതിക്കണം. ’’
കിതപ്പടക്കാൻ പാട് പെട്ടു കൊണ്ടാണ് ഗണേശൻ പറഞ്ഞത്. ‘‘അതല്ലാ....വല്ലവനും കെട്ടിത്തൂക്കിയത് ആണെങ്കിൽ ചുമന്നു കയറ്റിയവനെയും സമ്മതിക്കണം’’.
യുവതിയുടെ മുഖത്തിനു നേരെ ആയിരുന്നു അലന്റെ കണ്ണുകൾ.
കറുത്ത നിറമാണ്.... അതീവ സുന്ദരി!
തുറന്നിരിക്കുന്ന കണ്ണുകളുടെ തിളക്കം അപ്പോഴും അലനെ അത്ഭുതപ്പെടുത്തി. കഴുത്തിൽ കയർ ഉരഞ്ഞ് തൊലി പൊട്ടിയിട്ടുണ്ട്. കാലിലെ ഞരമ്പുകൾ നീലനിറത്തിൽ വലിഞ്ഞ് പൊട്ടിയിരിക്കുന്നു. യുവതിയുടെ ഉള്ളം കാലിലേക്ക് നോക്കിയ അലൻ അത്ഭുതപ്പെട്ടുപോയി. ആ, കാലുകൾ ഇന്നുവരെ ഭൂമിയിൽ സ്പർശിച്ചിട്ടില്ലെന്നു തോന്നും. ഒരൽപം ചെളി പുരണ്ടിട്ടില്ല ഉള്ളം കാലിൽ. പിഞ്ചു കുഞ്ഞുങ്ങളുടേത് പോലെ ഇളം റോസ് നിറമാണ്.
പതിനഞ്ചു മിനിറ്റ് കൊണ്ട് പ്രേതവിചാരണ പൂർത്തിയായി. കരിന്തളം ഗണേശൻ തന്നെ മൃതശരീരം ആംബുലൻസിലേക്കു കയറ്റി. അടുത്ത നിമിഷം, ഒരു അലർച്ചയോടെ മഴ ഇരമ്പിയെത്തി.
‘‘ഞാനെന്നാ പൊക്കോട്ടെ സാറേ...’’ ആംബുലൻസിന്റെ ഡോർ അടച്ച് ലോക്ക് ചെയ്തിട്ട് കരിന്തളം ഗണേശൻ അലനെ നോക്കി.
അലൻ തലകുലുക്കി.
കരിന്തളം ഗണേശൻ ആംബുലൻസ് സ്റ്റാർട്ട് ചെയ്തു. കാട്ടുപാതയിലൂടെ അത് ആടിക്കുലുങ്ങി പോയി. മഴയുടെ ശക്തി കൂടി.
‘‘നമ്മുക്കും പോവാം സാറേ...’’ യോഹന്നാൻ അലനെ നോക്കി.
അലനും പൊലീസുകാരും ജീപ്പിലേക്ക് കയറി. ജീപ്പ് സ്റ്റാർട്ടായി തിരിഞ്ഞു. ആദിവാസികളും പിരിഞ്ഞു.
്‘‘ഗണേശന്റെ ധൈര്യം സമ്മതിക്കണം....’’
ജീപ്പ് ഓടിക്കുന്നതിനിടയിൽ യോഹന്നാൻ അലനെ നോക്കി;
‘‘ചാമുണ്ഡി വെള്ളച്ചാട്ടം കടന്ന് മുപ്പത്തിയെട്ട് കിലോമീറ്റർ അവനൊറ്റയ്ക്ക് ആ ശവവും കൊണ്ട് വനത്തിലൂടെ ആംബുലൻസ് ഓടിക്കണം’’ കരിന്തളം ഗണേശന്റെ ധൈര്യത്തെക്കുറിച്ചോർത്തപ്പോൾ അലനും മതിപ്പു തോന്നി.
ഈ സമയം....
ഗർഭിണിയുടെ മൃതശരീരവും കൊണ്ട് വനത്തിലൂടെ ആടിക്കു ലുങ്ങി നീങ്ങുകയായിരുന്നു ആംബുലൻസ്. ബ്രാണ്ടിക്കുപ്പി യുടെ അടപ്പ് തുറന്ന് ഒരു സിപ്പ് എടുത്തിട്ട് ഗണേശൻ ഡ്രൈവർ ക്യാബിന്റെ കിളിവാതിൽ തുറന്ന് പിന്നിലേക്ക് നോക്കി. വണ്ടിയുടെ റൂഫ് ലൈറ്റിന്റെ അരണ്ട വെളിച്ചത്തിൽ, മൃതശരീരം നീണ്ടു നിവർന്നു കിടക്കുന്നതു കാണാം.
അതിന്റെ തുറിച്ച കണ്ണുകൾ തന്റെ നേരെയാണ് എന്ന് ഗണേശനു തോന്നി. ആദ്യമായി കരിന്തളം ഗണേശന്റെ ഉള്ളിൽ ഭയത്തിന്റെ ഒരു മിന്നലുണ്ടായി. ഗണേശൻ കിളിവാതിൽ വലിച്ചടച്ചു കളഞ്ഞു. ‘‘ഏതെങ്കിലും ഒരുത്തനെ ഒപ്പം കൂട്ടേണ്ടതായിരുന്നു’’
ഗണേശൻ പിറുപിറുത്തു.
അരമണിക്കൂർ കൊണ്ട് വണ്ടി ചാമുണ്ഡി വെള്ളച്ചാട്ടത്തിന് മുകളിലെത്തി. ചപ്പാത്തു പോലെ പരന്നൊഴുകുന്ന വെള്ളത്തിലേക്ക് ആംബുലൻസ് ഇറങ്ങി. ടയർ മൂടാനുള്ള വെള്ളം ഉണ്ട്.
മുന്നൂറടി താഴ്ചയിലേക്ക് വെള്ളം പാഞ്ഞു വീഴുന്നതിന്റെ ഇരമ്പം കേൾക്കാം. മഴ, ഒന്നുകൂടി ശക്തിയാർജ്ജിച്ചു. അടുത്തനിമിഷം, ആംബുലൻസിനു പിന്നിൽ നിന്ന്, പല്ലുകടിച്ചു പൊട്ടിക്കുന്നതു പോലത്തെ ശബ്ദം കേട്ടു.
അനുനിമിഷം അതു കൂടിക്കൂടി വന്നു. മുരൾച്ചയും കേൾക്കാം.
ആംബുലൻസിനുള്ളിൽ ഏതോ കാട്ടുജീവി കയറിക്കൂടിയെന്ന് ഗണേശന് ഉറപ്പായി. അത് മൃതശരീരം കടിച്ചു കീറുകയാണ്.
‘‘ദൈവമേ....വല്ല മരപ്പട്ടിയോ കാട്ടുപൂച്ചയോ ആയിരിക്കും’’
വണ്ടി നിർത്താതെ തന്നെ ഗണേശൻ തിരിഞ്ഞ് കിളിവാതിൽ തുറന്നു. പിന്നിലേക്ക് നോക്കിയ ഗണേശൻ ഞെട്ടി വിറച്ചു പോയി. ഒരലർച്ച അയാളുടെ വായിൽ നിന്ന് ഉണ്ടായി.
ആംബുലൻസിന്റെ സ്ട്രെച്ചറിൽ, ഗർഭിണിയുടെ മൃതശരീരം എണീറ്റിരിക്കുന്നു. തല അൽപം കുനിച്ച് ഇരു കൈ കൊണ്ടും മുടി കോതുകയാണ്. പല്ലിറുമ്മുന്നുമുണ്ട്.
ഗണേശൻ കണ്ണുചിമ്മി ഒന്നു കൂടി നോക്കി. അടുത്ത നിമിഷം, യുവതി ഗണേശനു നേരെ തല തിരിച്ചു. തിളങ്ങുന്ന മിഴികളിൽ നിന്നുള്ള പ്രകാശം വന്നടിച്ച് ഗണേശന്റെ കണ്ണഞ്ചി. ‌
പൊടുന്നനെ യുവതിയുടെ മുഖം മാറുന്നത് ഗണേശൻ കണ്ടു. പല്ലുകൾക്കിടയിൽ നിന്ന് ചോര കിനിയുന്നു. യുവതിയുടെ മുഖം കണ്ട് ഗണേശൻ ഭയന്ന് അലറിപ്പോയി;
‘‘ചിത്തിനീ....’’
ചോര കിനിയുന്ന പല്ലുകൾ ഇളിച്ചു കാട്ടിയിട്ട് യുവതി ഒന്ന് അലറി,
ശബ്ദത്തിന്റെ തീവ്രതയിൽ, സ്ഫോടനം നടന്നതു പോലെ ആംബുലൻസിന്റെ ഫ്രണ്ട് ഗ്ലാസും വിൻഡോഗ്ലാസുകളും ഉടഞ്ഞ് ചിതറിപ്പോയി. ഗണേശന്റെ കർണ്ണപടങ്ങൾ പൊട്ടി ചെവിക്കുള്ളിൽ നിന്ന് ചോര പുറത്തേക്ക് ചിതറി.

അധ്യായം 2

2

അധ്യായം 2

രാത്രി പന്ത്രണ്ടു മണിക്ക് കിണറ്റിൽ നിന്ന് യുവതിയ‌ുടെ കരച്ചിൽ...

വൈകിട്ട് ആറുമണി!

പൊലീസ് ജീപ്പ് പാതിരി വനത്തിലൂടെ എസ്.ഐ അലന്റെ താമസസ്ഥലത്തേക്കുള്ള യാത്രയിലായിരുന്നു. എ.എസ്.ഐ യോഹന്നാനും, സി.പി.ഒ മുരളിയും കൂടെയുണ്ടായിരുന്നു.
‘‘ഇനിയും ഒരുപാട് ദൂരമുണ്ടോ യോഹന്നാനെ..?’’ അലൻ എസ്.ഐ യോഹന്നാനെ നോക്കി.
‘‘ഇല്ല സാർ ഇപ്പം എത്തും....’’
സ്റ്റിയറിംഗ് തിരിക്കുന്നതിനിടെ യോഹന്നാൻ പറഞ്ഞു. ‘‘സ്റ്റേഷനിൽ നിന്നു പാതിരി വനത്തിലൂടെ കൃത്യം നാലു കിലോമീറ്റർ. ഞാൻ പറഞ്ഞില്ലേ....
പഴയ ഒരു ബംഗ്ലാവാ സാറേ... എല്ലാ സൗകര്യങ്ങളുമുണ്ട്...’’
യോഹന്നാൻ ഒന്നു നിർത്തി; ‘‘ങാ....ഒരു കാര്യം പറയാൻ മറന്നു. സാറിന് സഹായത്തിനും പാചകത്തിനുമായി ഒരാളെ ഞാൻ ഏർപ്പെടുത്തിയിട്ടുണ്ട്. കാട്ടിവേലവൻ!

നല്ല പാചകക്കാരനാ അവൻ. പക്ഷിമുട്ടയും കാട്ടിറച്ചിയും ഒക്കെ അവൻ വാട്ടിയവാഴയിലയിൽ കെട്ടി കളിമണ്ണിൽ പൊതിഞ്ഞ് ചുട്ടു തരും മുരുകൻ. എന്നാ ടേസ്റ്റാണെന്നോ....’’
പറഞ്ഞപ്പോഴേ എ.എസ്.ഐ യോഹന്നാന്റെ വായിൽ വെള്ളമൂറി;
‘‘പിന്നെ, കാട്ടിവേലവൻ നല്ല ഒന്നാന്തരം അമ്പെയ്ത്തുകാരനാ. കുറിച്യ വിഭാഗത്തിൽപ്പെട്ടതാ അവൻ. എപ്പോഴും കയ്യിൽ അമ്പും വില്ലും കാണും. എത്ര ഉയരത്തിലുള്ള പക്ഷികളേം... എത്ര വേഗത്തിലോടുന്ന കാട്ടുമുയലിനേം അവൻ അമ്പെയ്തു പിടിക്കും...’’
‘‘അപ്പോ..എനിക്കും തനിക്കും ഒക്കെ പിടിച്ച് തിന്നാനാ ഈ വനത്തിലെപക്ഷികളും മൃഗങ്ങളും ഒക്കെ... അല്ലേ യോഹന്നാനേ?’’‌‌
ചെറിയ ചിരിക്കിടെയാണ് അലൻ ചോദിച്ചത്.
യോഹന്നാന്റെ മുഖം ചമ്മൽ കൊണ്ട് വിളറിപ്പോയി. ‘‘അയ്യോ... അങ്ങനെയല്ല സാർ. ഞാൻ ഒരു പരുവത്തിനങ്ങ് പറഞ്ഞു വന്നതാ...’’
‘‘ആയ്ക്കോട്ടപ്പാ...’’ അലൻ വീണ്ടും ചിരിച്ചു;
‘‘ഈ വംശനാശ ഭീഷണി നേരിടുന്നതിനെയൊക്കെ ഒന്നു പരിഗണിച്ചേക്കണം. അടുത്ത തലമുറയ്ക്ക് കാണാൻ വേണ്ടിയാണേ’’. ചിരിച്ചു കൊണ്ട് അലൻ ഒന്നു നിർത്തി;
‘‘കാട്ടി വേലനെ എന്തായാലും വിട്ടുകളയേണ്ട. ആവശ്യം വരും....’’
ദൂരെ, വനത്തിനു നടുവിലായി ഒരു ചെറിയ കുന്ന് കണ്ടു. അതിനു മീതെ ഒരു ബംഗ്ലാവ്!
‘‘ദോ.. അതാ സാറിനു താമസിക്കാനുള്ള ബംഗ്ലാവ്’’.
ജീപ്പ് കുന്ന് കയറിത്തുടങ്ങി. ‘‘കുന്നിന്റെ മുമ്പിലും പുറകിലും പാതിരിവനമാ. കുന്നിന്റെ ഒരു വശത്ത് കരിവേടകം പുഴ! പണ്ട്, ഒരുപാട് ആദിവാസിപ്പെണ്ണുങ്ങളെ മൊതലാളിമാര് മാനഭംഗപ്പെടുത്തീട്ട് തലവെട്ടി പുഴയിൽ ഒഴുക്കീട്ടുണ്ടെന്നാ പറയുന്നത്. അവരുടെ ചോര വീണ് കറുത്തു പോയതു കൊണ്ടാണത്രെ ‘കരിവേടകം’ പുഴ എന്നു പേര് വന്നത്....’’
അലന് വീണ്ടും അമ്പരപ്പ് ഉണ്ടായി. നിറയെ കഥകളും അന്ധവിശ്വാസങ്ങളും മിത്തുകളും നിറഞ്ഞ ഒരു സ്ഥലം. പത്തു മിനിറ്റ് കൊണ്ട് ജീപ്പ് കുന്നുകയറി ബംഗ്ലാവിന്റെ മുറ്റത്ത് എത്തി നിന്നു. യോഹന്നാൻ ജീപ്പ് നിർത്തി.
‘‘താക്കോലൊക്കെ എന്റെ കയ്യിലുണ്ട്. പറഞ്ഞു കൊണ്ട് യോഹന്നാൻ ഇറങ്ങി...’’
പിന്നാലെ, അലനും മുരളിയും. പഴയ ബ്രിട്ടീഷ് മാതൃകയിലുള്ള നിർമ്മിതിയാണ് കെട്ടിടത്തിന്റേത് എന്ന് അലൻ കണ്ടു. രണ്ടു നിലകൾ.
രണ്ടാം നിലയിലേക്ക് പുറത്തു നിന്ന് നേരിട്ട് ഒരു ഗോവണിയുണ്ട്.
‘‘വാ...സാറേ...’’
യോഹന്നാൻ താക്കോലെടുത്ത് മുൻവാതിൽ തുറന്നു. പിന്നെ, തിരിഞ്ഞ് സി.പി.ഒ മുരളിയെ നോക്കി;
‘‘മുരളീ.... സാറിന്റെ ബാഗൊക്കെ ഇങ്ങ് എടുത്തോ’’
‘‘ഓ....’’
മുരളി അലന്റെ ബാഗുകളുമായി വരാന്തയിലേക്ക് കയറി.
‘‘ഇവിടെ കറന്റില്ല സാറേ...’’ യോഹന്നാൻ അലനെ നോക്കി;
‘‘സോളാർ പാനലുണ്ട്. പിന്നെ, ഹോണ്ടയുടെ ജനറേറ്ററും. അതുകൊണ്ട് പവർസപ്ലൈ മുടങ്ങില്ല.’’
അലൻ വീടിന് അകത്തേക്ക് കയറി. ഒരു വലിയ കാട്ടുപോത്തിന്റെ തല ഭിത്തിയിൽ സ്റ്റഫ് ചെയ്ത് വച്ചിട്ടുണ്ട്....’’
‘‘ങാ...പൊൻകുരിശ് മൊതലാളി പണ്ട് വേട്ടയാടി പിടിച്ച പോത്താ’’യോഹന്നാൻ അലനെ നോക്കി;
‘‘വല്യ വേട്ടക്കാരനാ മൊതലാളി. ഇരട്ടച്ചങ്കാ.. കയ്യിൽ ഇരട്ടക്കുഴൽ തോക്കും’’
വീടിനകം മുഴുവൻ നടന്നു കാണുകയായിരുന്നു അലൻ. വൃത്തിയും വിസ്താരവുമുള്ള മുറികളാണ്. അലന് ഇഷ്ടപ്പെട്ടു.
‘‘സാറേ...മുകൾനില കാണണ്ടേ...’’ യോഹന്നാൻ അലനെ നോക്കി.
‘‘കണ്ടേക്കാം’’
അലനും യോഹന്നാനും മുരളിയും മുകൾനിലയിലേക്കുള്ള പടികൾ കയറി. മുകളിൽ ഒരു ഹാൾ പോലത്തെ മുറിയാണ്. ഭിത്തിയിൽ എന്തൊക്കെയോ എഴുതിയിട്ടുണ്ട്. ‘തമിഴ് ലിപി’ ആണെന്ന് അലനു തോന്നി.
‘‘ഇവിടെന്താ... തമിഴരു താമസിച്ചിട്ടുണ്ടോ...’’
അലൻ യോഹന്നാനെ നോക്കി.
‘‘ആ...’’ യോഹന്നാൻ അക്കാര്യത്തിൽ അജ്ഞനായിരുന്നു. പാചകത്തിലുള്ള എല്ലാ സെറ്റപ്പും താഴെ അടുക്കളയിലുണ്ട് സാറേ...
തിരിച്ച് സ്റ്റെയർകെയ്സ് ഇറങ്ങുന്നതിനിടെ അലനെ നോക്കി;
‘‘ഗ്യാസ് സ്റ്റൗവ്വും പിന്നെ അത്യാവശ്യം സാധനങ്ങളും എടുത്തു വച്ചിട്ടുണ്ട്...’’ ഒന്നു നിർത്തിയിട്ട് യോഹന്നാൻ അലനെ നോക്കി;
‘‘സാറിന് ഇഷ്ടമായില്ലേ വീട് ?’’
‘‘പിന്നേ...സൂപ്പർ’’ അലൻ ചിരിച്ചു;
‘‘ഞങ്ങളു രണ്ടു പേർക്ക് ഇതു ധാരാളം...’’
‘‘രണ്ടു പേരോ?’’ യോഹന്നാനും മുരളിയും അമ്പരപ്പോടെ അലനെ നോക്കി;
‘‘രണ്ടു പേരെന്നു വച്ചാൽ...’’
‘‘ഞാനും എന്റെ ഭാര്യയും...’’
‘‘ഭാര്യയോ...?’’ യോഹന്നാൻ ഞെട്ടിപ്പോയി;
‘‘ഇവിടേക്കോ...?’’
‘‘എന്താ യോഹന്നാനേ...’’ അലൻ യോഹന്നാനെ നോക്കി.
‘‘അല്ല ഇത്തരം ഒരു സ്ഥലത്തേക്ക്..’’ യോഹന്നാന്‍ വിക്കി.
‘‘അതിനെന്താ....?’’ അലൻ ചിരിച്ചു;
‘‘ഏതു നരകത്തിൽ ആണെങ്കിലും എന്റെ കൂടയല്ലേ അവൾ. ശ്രീരാമൻ വനവാസത്തിനു പോയപ്പോൾ അക്കൂട്ടത്തിൽ സീതയും പോയില്ലേ? ഇത്, എന്റെ ഡയലോഗ് അല്ല. ഇന്നു രാവിലെ, അവളു പറഞ്ഞതാ... അവളുടെ പേരും അതാ... സീതാരാമനാഥൻ...’’
അലന്റെ കണ്ണുകളിൽ ഒരു സ്നേഹത്തിളക്കം ഉണ്ടായി.
‘‘ഒരു വലിയ മനയിലെ കുട്ടിയാ. കോളജിൽ എന്റെ ജൂനിയർ ആയിരുന്നു. കോളജിലെ ക്രിക്കറ്റ് ടീം ക്യാപ്റ്റനായിരുന്ന ഈ നസ്രാണിയോട് ഒരു നമ്പൂതിരിക്കുട്ടിക്ക് തോന്നിയ പ്രണയം. രജിസ്റ്റർ ആയിട്ട് കല്യാണം നടത്തി. രണ്ടു വീട്ടുകാരും പടിയും അടച്ചു.
ഇപ്പോൾ, അഞ്ചുമാസം പ്രഗ്നന്റാ അവൾ. ഈ സമയത്ത് അവളെ അവിടെ ഒറ്റയ്ക്ക് നിർത്താൻ പറ്റില്ല.
അവളുടെയോ...എന്റെയോ ബന്ധുക്കളുടെ സഹായം ചോദിക്കാൻ എനിക്കു താൽപര്യവുമില്ല.’’
‘‘എന്നാലും....പകലൊക്കെ ഇവിടെ ഒറ്റയ്ക്കിരിക്കേണ്ടേ സാറേ...’’
‘‘സഹായത്തിന് ഒരു സ്ത്രീ കൂടി വരുന്നുണ്ട്. ഒറോത...’’
‘‘മറുതയോ?’’
‘‘മറുതയല്ല യോഹന്നാനേ... ഒറോത..’’ അലൻ ചിരിച്ചു.
‘‘എന്നാലും, ഗർഭിണി ആയ സ്ഥിതിക്ക് കൊണ്ടു വരേണ്ടായിരുന്നു’’ യോഹന്നാൻ പിറുപിറുത്തു.
‘‘ഞാൻ പറഞ്ഞതാ യോഹന്നാനേ...’’ അലൻ തിരിഞ്ഞു.
‘‘അന്നേരമാ അവള് ശ്രീരാമന്റേം സീതേടേം കഥ പറഞ്ഞത്. ഗർഭിണിയല്ലേ... അവളുടെ ആഗ്രഹം സാധിച്ച് കൊടുത്തേക്കാമെന്നു വച്ചു. അല്ലെങ്കിലും അവൾ ഒപ്പമുള്ളതാ എനിക്കും ധൈര്യം...’’
‘‘ങാ.. അതും കറക്ടാ.’’ യോഹന്നാൻ ശരി വച്ചു.
‘‘എന്റെ ഭാര്യ ആലീസാ എന്റെയും ധൈര്യം. അവളെ കാണുമ്പഴാ, യക്ഷിയൊന്നും ഒന്നും അല്ലെന്ന് എനിക്കു മനസ്സിലാവുന്നത്.’’
അലൻ പൊട്ടിച്ചിരിച്ചു പോയി; ‘‘അതു കൊള്ളാം’’
‘‘സാറിന്റെ വൈഫ് എന്നു വരും?’’ മുരളി അലനെ നോക്കി.
‘‘മറ്റന്നാൾ...വെള്ളിയാഴ്ച’’
‘‘വന്നാലും...ഇവിടുത്തെ യക്ഷിക്കഥ ഒക്കെ കേൾക്കുമ്പോൾ തിരിച്ചു പോവും സാറേ...’’
യോഹന്നാൻ ആശ്വാസത്തോടെ അലനെ നോക്കി. ‘‘അവിടാ... യോഹന്നാന് തെറ്റിയത്’’ അലൻ തിരിഞ്ഞു.
‘‘സീതയ്ക്ക്, യക്ഷിയേം പ്രേതത്തേം ഒന്നും ഭയമില്ല. അവളുടെ അച്ഛൻ അറിയപ്പെടുന്ന ഒരു മാന്ത്രികനാ. ഇലഞ്ഞിമഠം കുഞ്ഞിക്കുട്ടൻ നമ്പൂതിരിപ്പാട്. കുഞ്ഞുന്നാളിലേ മുതൽ ഹോമവും ആവാഹനവും കണ്ടു വളർന്നവൾക്ക് എന്ത് യക്ഷി!’’
അലൻ ഒന്നു നിർത്തിയിട്ട് യോഹന്നാനെ നോക്കി;
‘‘ഇവിടെ മൊബൈലിന് റേഞ്ച് കിട്ടുമല്ലോ അല്ലേ.’’
‘‘കുന്നിൻ പുറത്തായതു കൊണ്ട് മിന്നിമിന്നി കിട്ടും.’’ യോഹന്നാൻ ഒന്നു നിർത്തി;
‘‘അല്ല സാറിന് കഴിക്കാൻ’’
‘‘കുറച്ച് ഫ്രൂട്ട്സ് വാങ്ങീട്ടുണ്ട്. ഇന്നതു മതി. പാചകം മറ്റന്നാള് മുതല് തുടങ്ങാം. ’’
‘‘ഓ ഞങ്ങളെന്നാൽ അങ്ങോട്ട്...’’ യോഹന്നാന്‍ അലനെ നോക്കി;
‘‘സാറിന് കൂട്ടിന് ഞാനോ മുരളിയോ... നിൽക്കണോ’’
‘‘എന്തിന്?’’ അലൻ ചുമൽ കൂമ്പി;
‘‘നിങ്ങളു പൊയ്ക്കോ’’
‘‘ഓ മറ്റേ ജീപ്പ് നാളെ ഇവിടെ കൊണ്ടു വന്നിടാം സാറേ പിന്നെ’’ യോഹന്നാൻ ഒന്നു നിർത്തി;
‘‘മൊത്തം പത്ത് ഏക്കറു പുരയിടമാ സാറേ ഇത് താഴെ കാപ്പിത്തോട്ടമാ. മുകളിലത്തെ കിണറ്റീന്നാ ഇവിടേക്ക് വെള്ളം പമ്പ് ചെയ്യുന്നത്. പിന്നെ, കാപ്പിത്തോട്ടത്തിനു നടുക്കും ഒരു വലിയ കിണറുണ്ട്’’
‘‘ഓ..’’
‘‘ങാ...പക്ഷേ, ആ കിണറ്റിലെ വെള്ളം എടുക്കുന്നില്ല, അതിന്റെ ആവശ്യമില്ല’’
‘‘അല്ലെങ്കിൽ തന്നെ രണ്ടു പേർക്ക് വെള്ളം കുടിക്കാൻ എന്തിനാ യോഹന്നാനേ രണ്ട് കിണറ്...’’ അലൻ ചിരിച്ചു.
‘‘കരിന്തളം ഗണേശൻ ആംബുലൻസുമായിട്ട് പോയിട്ട് ഒരു വിവരോം ഇല്ലല്ലോ’’
‘‘അവനെ, ഫോണിലൊന്നും കിട്ടത്തില്ല സാറേ. നാളെ ആശുപത്രീൽ ചെല്ലുമ്പം കാണാം. മോര്‍ച്ചറീടെ മുമ്പിൽ ഇളിച്ചോണ്ട് നിൽക്കുന്നത്.’’
‘‘എന്നാൽ ശരി..നിങ്ങളു വിട്ടോ...’’
‘‘ഓകെ സാറേ... ഗുഡ്നൈറ്റ്...’’
അലനെ ഒന്നു നോക്കിയിട്ട് സി.പി.ഒ മുരളി പുറത്തേക്കു പോയി. പിന്നാലെ യോഹന്നാനും. ജീപ്പ് സ്റ്റാർട്ടായി പോവുന്ന ശബ്ദം അലൻ കേട്ടു.
അലൻ ചെന്ന് വാതിലടച്ച് കുറ്റിയിട്ടു.
പിന്നെ, സ്റ്റെയർകെയ്സ് കയറി മുകൾ നിലയിലേക്ക് വന്നു. അറിയാതെ, ഭിത്തിയിലെ തമിഴ് അക്ഷരങ്ങളിലേക്ക്, അലൻ ഒന്നു നോക്കി. ചോരകൊണ്ട് എഴുതിയതു പോലത്തെ അക്ഷരങ്ങൾ.
അലൻ വാതിൽ തുറന്ന് ബാൽക്കണിയിലേക്ക് ഇറങ്ങി. ശക്തമായി കാറ്റ് വീശുന്നുണ്ടായിരുന്നു. അലന്റെ മുടയിഴകൾ കാറ്റിൽ ചിതറിപ്പറന്നു.
വെളിച്ചത്തിന്റെ ഒരു ചെറിയ ചതുരക്കഷണം പോലെ, ജീപ്പ് കുന്നിറങ്ങിപ്പോവുന്നത് അലൻ കണ്ടു. ഒരു നിമിഷം അതു നോക്കിനിന്ന് അലൻ തിരിയാനാഞ്ഞു. പെട്ടെന്ന് അലൻ ഒന്നു ‍ഞെട്ടി. ജീപ്പ് പോയ വഴിയിലേക്ക് ആരോ ഒരാൾ കയറിയതു പോലെ. പിന്നെ, ജീപ്പ് പോയ ദിശയിലേക്ക് നോക്കി നിൽക്കുന്നു.
അലൻ കണ്ണു ചിമ്മി ഒന്നു കൂടി നോക്കി. അടുത്ത നിമിഷം, ആ രൂപം കാണാതായി. തനിക്ക് തോന്നിയതാവും എന്ന് അലനു തോന്നി. അലൻ ബാൽക്കണിയിൽ നിന്ന് മുറിയിലേക്ക് തിരികെ കയറി. വാതിലടച്ചു തിരിയുമ്പോൾ, മുറിയിലെ അരണ്ട വെളിച്ചത്തിൽ ഭിത്തിയിലെ ചുവന്ന തമിഴ് അക്ഷരങ്ങൾ തിളങ്ങുന്നതു കണ്ടു.
അലൻ താഴെ ഹാളിലെത്തി. പിന്നെ, സോഫയിലേക്ക് ഇരുന്നു കൊണ്ട് മൊബൈൽ ഫോണെടുത്തു. സിഗ്നലുണ്ട് ഭാഗ്യം. സീതയുടെ നമ്പർ ഡയൽ ചെയ്ത് കാതോട് ചേർത്തു.
ഒറ്റ െബല്ലടിച്ചപ്പോൾ തന്നെ മറുവശത്ത് കോൾ എടുത്തു.
‘‘അച്ചായോ...’’ സീതയുടെ വിളി കേട്ടു;
‘‘നീ അങ്ങ് ചെന്നോടാ....’’
‘‘എത്തിയെടീ... ഇവിടെ വീട്ടിലാ. നല്ല കിടു വീട്. നിനക്ക് ഇഷ്ടപ്പെടും.’’
‘‘എന്താ ഇത്ര നേരം വിളിക്കാഞ്ഞത്...? സീതയുടെ സ്വരത്തിൽ പരിഭവം തിങ്ങി.
‘‘വന്നപാടെ ഒരു ഹാംഗിംഗ് കേസ് അതിന്റെ പിന്നാലെ ആയിരുന്നെടീ...’’
അലൻ ഒന്നു നിർത്തി;
‘‘ഒറോതച്ചേട്ടത്തി എന്തിയേ?’’
‘‘ദേ....അവിടെ ഹാളിലിരുന്ന് കരയുന്നു’’
‘‘കരയുന്നോ... എന്തിന്?’’
‘‘ആ സുഗന്ധി മോളുടെ കല്യാണം നടക്കുന്നില്ലെന്ന്’’
‘‘ഏതു സുഗന്ധി?’’ അലൻ അമ്പരന്നു;
‘‘അതിന് ആ തള്ളേടെ പെൺമക്കളെ എല്ലാം കെട്ടിച്ച് വിട്ടതാണല്ലോ.’’
‘‘ഓ... അവരുടെ മക്കളുടെ കാര്യമല്ല! ‘വരണമാല്യം’ സീരിയലിലെ നായിക സുഗന്ധീടെ...’’
‘‘ങാ..പുല്ല്’’
‘‘എടാ...ഇച്ചായാ’’ സീതയുടെ വിളികേട്ടു.
‘‘എന്താ സിത്തൂ’’
‘‘പൊന്നുമോൻ എത്രയെണ്ണം വീശി...’’
‘‘സത്യമായിട്ടും പച്ചയ്ക്ക് പച്ചയാ....’’
‘‘അയ്യടാ... എനിക്ക് അറിയാവുന്നതല്ലേ’’
‘‘ഇല്ലെടീ സത്യം. നീ ഓർമിപ്പിച്ച സ്ഥിതിക്ക് രണ്ടെണ്ണം വീശിയേക്കാം’’
‘‘രണ്ടിൽ നിർത്തിക്കോണം’’
‘‘ങാ...രണ്ടു ഗ്ലാസ് മാത്രം...’’
‘‘രണ്ടു ഗ്ലാസ് അല്ല...രണ്ടു പെഗ്ഗ്’’
‘‘ങാ... പെഗ്ഗിന്റെ അളവ് നമ്മള് തീരുമാനിക്കുതല്ലേ..’’ അലൻ ചിരിച്ചു;
‘‘എന്റെ മോൻ എന്തിയേടീ?’’ നിങ്ങടെ മോൻ ഇവിടെ എന്റെ വയറ്റിക്കെടന്ന് ഫുട്ബോള് കളിക്കുന്നു...’’
‘‘ബെസ്റ്റ്’’ അലൻ വീണ്ടും ചിരിച്ചു.
‘‘അപ്പന്റെ മോന്‍... തന്നെ’’
അടുത്ത നിമിഷം, പടക്കം പൊട്ടുന്ന ശബ്ദത്തിൽ ഒരു ജനൽപ്പാളി വന്നടഞ്ഞു. നടുങ്ങിപ്പോയി അലൻ മുറിയിലെ വെളിച്ചം ഒന്നു മങ്ങി. ബൾബിലെ ഫിലമെന്റിൽ നിന്ന് ഞരങ്ങും പോലെ ശബ്ദം കേട്ടു. കോൾ കട്ട് ആയി.
‘‘ഹലോ....ഹലോ....’’
അലൻ ഫോണിലേക്ക് നോക്കി. സിഗ്നൽ പൂർണ്ണമായും പോയിരിക്കുന്നു.
‘‘ഛെ.....’’
അലൻ ഒരു നിമിഷം അങ്ങനെ ഇരുന്നു. പിന്നെ, ബാഗ് തുറന്ന് ‘പോൾജോൺ ബ്രില്യൻസ്’ വിസ്കിയുടെ ബോട്ടിൽ എടുത്ത് ടീപ്പോയിലേക്ക് വച്ചു. രണ്ടു ലിറ്ററിന്റെ രണ്ടു കുപ്പി വെള്ളവും. പിന്നെ, ആപ്പിളും സബർജില്ലും.. ഒരു പായ്ക്കറ്റ് ചീസും
‘പോൾജോണ്‍ ബ്രില്യൻസി’ന്റെ കുപ്പിയുടെ കഴുത്ത് പിരിച്ചൊടിച്ചിട്ട് അലൻ എണീറ്റ് അടുക്കളയിലേക്കു വന്നു. ഗ്ലാസുകൾ ഭംഗിയായി കഴുകി കമഴ്ത്തി വച്ചിട്ടുണ്ടായിരുന്നു. ഒരു ഗ്ലാസ് എടുത്തു കൊണ്ട് അലൻ ഹാളിലേക്ക് നടന്നു. പിന്നെ, വിസ്കി ഒരു പെഗ്ഗ് ഗ്ലാസിൽ നിറച്ചിട്ട് വെള്ളം ചേർത്തിട്ട് ഒറ്റ വലിക്ക് കുടിച്ചു. അതാണ് രീതി.
‘‘എന്റെ ദൈവങ്ങളേ എന്റെ കരളിനെ കാത്തോണേ...’’ അലൻ അടുത്ത പെഗ്ഗ് നിറച്ചു. ഫ്രൂട്ട്സ് ‘കട്ട്’ ചെയ്യാൻ ഒരു കത്തി ഇല്ലല്ലോ എന്ന് അപ്പോഴാണ് അലൻ ഓർത്തത്. ‘‘ഛെ...ഒരു കത്തി വാങ്ങേണ്ടതായിരുന്നു’’ ഉച്ചത്തിലായിരുന്നു ആത്മഗതം.
അലൻ എണീറ്റ് അടുക്കളയിലേക്ക് വന്നു. അലൻ അമ്പരന്നു പോയി!
ആരോ എടുത്തു വച്ചതു പോലെ, ഒരു സ്റ്റീൽ കത്തി സ്ലാബിൽ ഇരിക്കുന്നു. അൽപം മുമ്പ് അടുക്കളയിലേക്ക് വന്നപ്പോൾ താനിത് കണ്ടില്ലല്ലോ എന്ന് അലൻ ഓർത്തു.
പിന്നെ, കത്തിയുമായി തിരികെ ഹാളിലേക്കു വന്നു. ആപ്പിൾ കട്ട് ചെയ്യാൻ തുടങ്ങി. ഒറ്റവലിക്ക് അടുത്ത പെഗ്ഗും തീർന്നു. പുറത്ത്, കാറ്റിന്റെ മുഴക്കം കേട്ടു. അലൻ പതിയെ വന്ന് വാതിൽ തുറന്നു. ദൂരെ, ആകാശത്ത് കരിനീല കാർമേഘങ്ങൾ ചന്ദ്രനെ വിഴുങ്ങുന്നു.
അടുത്തനിമിഷം ആകാശം പിളർന്നു മാറിയതു പോലൊരു മിന്നലുണ്ടായി. കാതടപ്പിക്കുന്ന ഇടിയൊച്ച മുഴങ്ങി. ഈയൽച്ചിറകുകൾ പോലെ മഴ ചാഞ്ഞു പെയ്തിറങ്ങുന്നതു കണ്ടു. ജനലടച്ചിട്ട് അലൻ സോഫയിലേക്ക് വന്ന് ഇരുന്നു. ഒരു പെഗ്ഗ് കൂടി.
കൺപോളകൾ കനം വന്നു തൂങ്ങുന്നത് അറിഞ്ഞു. ലൈറ്റ് ഓഫ് ചെയ്തിട്ട് അലൻ സോഫയിലേക്ക് ചാഞ്ഞു. അറിയാതെ, വൈകിട്ടത്തെ സംഭവങ്ങൾ മനസ്സിലേക്ക് വന്നു.
മുപ്പതടി ഉയരമുള്ള മരക്കൊമ്പിൽ തൂങ്ങി നിൽക്കുന്ന ഗർഭിണി! പതിയെ അലന്റെ മിഴികളടഞ്ഞു. പുറത്ത് മഴ തകർത്തടിച്ചു പെയ്യുകയായിരുന്നു.
ക്ലോക്കിൽ സമയം 12.10
തന്റെ ഇരുകണ്ണിലും ആരോ ആഞ്ഞു കുത്തുന്നതു സ്വപ്നം കണ്ടാണ് അലൻ ഞെട്ടിപ്പിടഞ്ഞ് എണീറ്റത്. കണ്ണുകൾ വലിച്ചു തുറന്നപ്പോൾ അലന് നീറ്റൽ അനുഭവപ്പെട്ടു. വിരൽ കുത്തിക്കൊണ്ടതു പോലെ കണ്ണുകൾ തുളുമ്പി ഒഴുകുന്നുണ്ട്. അടുത്ത നിമിഷം, പുറത്ത് നിന്ന് ഒരു അലർച്ച കേട്ടു.
അലൻ നടുങ്ങി വിറച്ചു പോയി. ആദ്യം കരുതിയത് കാട്ടുപൂച്ചയുടെ കരച്ചിൽ ആണെന്നാണ്. പിന്നെ, തോന്നി അത് ഒരു സ്ത്രീയുടെ കരച്ചിൽ ആണെന്ന്.
വെറും കരച്ചിൽ അല്ല. പ്രാണരക്ഷാർത്ഥമുള്ള അലറിക്കരച്ചിൽ. അലൻ ചാടിയെണീറ്റു. പിന്നെ, മുറിയിലെ ലൈറ്റിട്ടിട്ട് കുതിച്ചു വന്ന് ജനൽ തുറന്നു.
മഴ പൂർണ്ണമായും മാറിയിരുന്നു. ആകാശത്തിന്റെ പാൽക്കുടം പതഞ്ഞൊഴുകിയതു പോലെ നിലാവ് പെയ്തിറങ്ങുന്നു. ദൂരെ, കാപ്പിച്ചെടിയുടെ തലപ്പുകൾ കാറ്റിൽ ഉലയുന്നതു കണ്ടു. കാപ്പിപ്പൂവുകൾ വജ്രക്കമ്മലുകൾ പോലെ തിളങ്ങുന്നു. അടുത്ത നിമിഷം, വീണ്ടും അലറിക്കരച്ചിൽ കേട്ടു.
അലൻ തലതിരിച്ച് ക്ലോക്കിലേക്ക് നോക്കി.
12.15 AM
അലൻ വെട്ടിത്തിരിഞ്ഞു. പിന്നെ, ബാഗിൽ നിന്ന് ടോർച്ചെടുത്തു കൊണ്ട് വാതിൽ വലിച്ചു തുറന്നു.
തിരമാല പോലെ ശക്തമായ കാറ്റ് മുറിക്ക് അകത്തേക്കു പാഞ്ഞു കയറി. അലൻ പിന്നിലേക്ക് വേച്ചു പോയി. കാപ്പിത്തോട്ടത്തിലെ കിണറിനു ചുറ്റും കരിയിലകൾ ചുഴിയിൽപ്പെട്ടതുപോലെ വട്ടം ചുറ്റി പറക്കുന്നതു കണ്ടു. ഒരു തവണ കൂടി കിണറിന്റെ ഭാഗത്തു നിന്ന് അലറിക്കരച്ചിൽ കേട്ടു.
അലൻ പതിയെ മുറ്റത്തേക്ക് ഇറങ്ങി. പിന്നെ, ടോർച്ച് തെളിച്ചു കൊണ്ട് കാപ്പിത്തോട്ടത്തിലേക്ക് നടന്നു. അടുത്ത നിമിഷം, അലറിക്കരച്ചിൽ അമർത്തിപ്പിടിച്ച തേങ്ങലായി മാറി.
കിണറ്റിനുള്ളില്‍ നിന്നാണ് അതു കേൾക്കുന്നത് എന്ന് അലനു തോന്നി. ഒരു നിമിഷം, അലൻ അമ്പരന്നു... നിന്നു.
പിന്നെ, ജാഗ്രതയോടെ കിണറിനു നേരെ നടന്നു.

അധ്യായം 3

3

അധ്യായം 3

പോസ്റ്റ്മോർട്ടത്തിനയച്ച മൃതദേഹം മരക്കൊമ്പിൽ

കാടു പോലെ നിൽക്കുന്ന കാപ്പിത്തോട്ടത്തിനു നടുവിലെ കിണറ്റിൽ നിന്ന് ഒരു യുവതിയുടെ ഏങ്ങൽ! അലന്റെ നെറ്റിയിലെ ഞരമ്പുകൾ ഒന്നു പിടച്ചു. അവൻ ജാഗ്രതയോടെ കിണറിനടുത്തേക്ക് വന്നു.
അടുത്ത നിമിഷം കിണറ്റിലെ ഏങ്ങൽ നിലച്ചു. പല്ലുകടിച്ചു പൊട്ടിക്കുന്നതു പോലത്തെ ശബ്ദം കേട്ടു. കിണറ്റിനുള്ളിൽ കാട്ടുപൂച്ച ആണോ എന്ന് അലനു വീണ്ടും സംശയം തോന്നി. അലൻ കിണറിന്റെ കൈവരിക്ക് മീതെ ഇടതു കയ്യ് ഊന്നി ക്കൊണ്ട് ടോർച്ച് കിണറ്റിനുള്ളിലേക്ക് തെളിച്ചു.
നാൽപതടി താഴ്ചയിലേക്ക് വെളിച്ചത്തിന്റെ ഒരു നേർരേഖ പാഞ്ഞു പോയി. കിണറ്റിലെ വെള്ളം തിളച്ചു മറിയുംപോലെ ഇളകുന്നത് അലൻ കണ്ടു. അലന്റെ മുഖത്ത് അമ്പരപ്പ് ഉണ്ടായി. ഒരു നിമിഷം, അലൻ അങ്ങനെ നിന്നു. കിണറ്റിനുള്ളിൽ നിന്ന് സംശയാസ്പദമായി ഒന്നും കണ്ടെത്താൻ അലനു കഴിഞ്ഞില്ല.
ചുറ്റും നിശ്ശബ്ദതയാണ്. കാറ്റ് പോലും ചലിക്കുന്നില്ല. തിരിഞ്ഞതും അലൻ നടുങ്ങിപ്പോയി. തന്റെ തൊട്ടുപിന്നിൽ ഒരാൾ. ഇടതു കയ്യിലേക്ക് അലൻ ടോർച്ച് മാറ്റിയതും വലതു കൈ ഓങ്ങിയടിച്ചതും ഒന്നിച്ചായിരുന്നു. കവിളെല്ല് ചതയുന്ന ശബ്ദവും ഒരു ഞരക്കവും കേട്ടു.
‘‘തല്ലല്ലേ സാറേ...’’
നിലവിളിച്ചു കൊണ്ട് വേച്ചു പോയ ആളെ അലൻ കുപ്പായത്തിൽ പിടിച്ചു നിർത്തി. പിന്നെ, ടോർച്ച് അയാളുടെ മുഖത്തേക്ക് തെളിച്ചു; അയാളുടെ കടവായിലൂടെ ചോരയുടെ ഒരു കൊഴുത്ത ചാൽ ഒലിച്ചിറങ്ങുന്നതു കണ്ടു.
‘‘ആരാടാ നായിന്റെ മോനേ... നീ’’
‘‘കാട്ടിയാ...’’
‘‘ആര്...?’’
‘‘കാട്ടി മുരുകൻ...’’
ആ പേര് എ.എസ്.ഐ യോഹന്നാൻ പറഞ്ഞത് അലൻ ഓർത്തു.
‘‘കാട്ടി മുരുകൻ... നീ എന്താ ഇവിടെ?
ഈ നട്ടപ്പാതിരായ്ക്ക്....?’’
‘‘ഞാ.... ഞാ....’’
‘‘ഞഞ്ഞാമിഞ്ഞാ പറയാതെ കാര്യം പറയെടാ...’’
‘‘കാട്ടുമൊയലിനെ കിട്ടുമോയെന്ന് നോക്കി എറങ്ങിയതാ സാറേ... പിന്നെ, യോഹന്നാൻ സാറ് പറഞ്ഞായിരുന്നു പുതിയതായിട്ട് വന്ന സാറ് ഇവിടെ ഒറ്റയ്ക്കാ... ഒന്നു നോക്കിക്കോണം എന്ന്. അതാ... നാൻ ഇങ്ങോട്ട് വന്നത്...’’
അലന് വല്ലായ്മ തോന്നി.
‘‘തല്ലേണ്ടായിരുന്നു....’’
‘‘സാറ് എന്തിനാ ഈ കിണറിന്റെ അടുത്തേക്ക് വന്നത്....?’’ കിണറിനു നേരെ ഭീതിയോടെ നോക്കിയ‌ിട്ടാണ് കാട്ടിമുരുകൻ ചോദിച്ചത്.
‘‘ഇവിടുന്ന് ആരോ കരയുന്നതുപോലൊരു ശബ്ദം കേട്ടു. ഒരു സ്ത്രീയുടെ ശബ്ദം പോലെ....’’
കാട്ടിമുരുകന്റെ കണ്ണുകളിൽ ഒരു ‍ഞെട്ടലുണ്ടായെങ്കിലും കാട്ടിമുരുകന്‍ അതു പെട്ടെന്ന് മറച്ചു കളഞ്ഞു.
‘‘വല്ല കാട്ടുപൂച്ചയോ... മരപ്പട്ടിയോ ആവും സാർ. രാത്രിയിൽ അവറ്റകള് കരയുന്നതു കേട്ടാൽ... മനുഷന്മാർ ആണെന്നേ.... തോന്നൂ....’’
അലൻ മിണ്ടിയില്ല.
‘‘സാറ് വാ....’’
കാട്ടി മുരുകൻ തിരിഞ്ഞു നടന്നു. കിണറിനു നേരെ ഒന്നു നോക്കിയിട്ട് അലൻ പിന്നാലെ ചെന്നു. കാട്ടിമുരുകന്റെ കയ്യിൽ ഒരു റൈഫിള്‍ ഇരിക്കുന്നത് അലൻ കണ്ടു.
‌‌ ‘‘നോക്കട്ട്’’
അലൻ കൈനീട്ടി അതു വാങ്ങി തിരിച്ചും മറിച്ചും നോക്കി. നൂറ്റമ്പത് മീറ്റർ ‘കില്ലിംഗ് റേഞ്ചു’ള്ള എയർഗൺ ആണ്. പെലറ്റ് ഉപയോഗിക്കുന്നത്.
‘‘കാട്ടിമുരുകന് നല്ല ഉന്നമാണോ?’’
അലൻ ചെറു ചിരിയോടെ ചോദിച്ചു.
‘‘അല്ല സാർ...അത്...’’
കാട്ടിമുരുകൻ ഒന്നു പരുങ്ങി.
‘‘പക്ഷിയെയും.... മൊയലിനെയും പിടിക്കാൻ പഴയ തോക്കാശാൻ.... പൊൻകുരിശ് സ്റ്റീഫൻ മൊതലാളി തന്നതാ...’’
‘‘ങും...’’

Mizhi E-Novel Malayalam

അലൻ തോക്ക് തിരികെ കൊടുത്തു. വീടിന്റെ മുറ്റത്ത് എത്തിയിരുന്നു അവർ. വാതിൽ തുറന്ന് അലൻ അകത്തേക്ക് കയറി.
‘‘വാ...’’
അലൻ തലതിരിച്ചു കാട്ടിമുരുകനെ നോക്കി. ഒന്ന് അറച്ചു നിന്നിട്ട് കാട്ടിമുരുകനും അകത്തേക്ക് കയറി. അടുത്ത നിമിഷം മങ്ങി നിന്നിരുന്ന ബൾബുകള്‍ തെളിഞ്ഞു കത്തി. മുറിക്കുള്ളിൽ നല്ല പ്രകാശം പരന്നു. കാട്ടിമുരുകനെ അപ്പോഴാണ് അലൻ വ്യക്തമായി കണ്ടത്.
കടും തവിട്ടു നിറത്തിലുള്ള കട്ടിയുള്ള കുപ്പായവും കാൽമുട്ടിനു താഴെയെത്തുന്ന കാക്കിപാന്റ്സുമാണ് വേഷം. കാലിൽ പഴയ ബൂട്ടുകൾ
വലതു കൈത്തണ്ടയിൽ പല നിറത്തിലുള്ള ചരടുകൾ ചുറ്റിക്കെട്ടിയിരിക്കുന്നു.
കഴുത്തിൽ പത്തോളം ഏലസ്സുകൾ.
‘‘ഇത്.... എന്നതാ മുരുകാ...കഴുത്ത് നിറയെ’’

‘‘അത്.....‘രക്ഷ’ ശാർ..’’ മുരുകൻ ചിരിച്ചു;
‘‘പേയ്..... പിസാച് ഒന്നിണെയും പേടിക്കേണ്ട..’’
അടുത്ത നിമിഷം പുറത്ത് വീണ്ടും മഴ തുടങ്ങി.
‘‘മുരുകൻ പോയി വായ് കഴുക്. ചുണ്ടത്ത് ചോര ഇരിക്കുന്നു....’’ അലൻ പറഞ്ഞു.
‘‘ഓ...’’
കാട്ടിമുരുകൻ ഭവ്യതയോടെ അകത്തേക്ക് പോയി
പിന്നെ, വായ്കഴുകി തിരിച്ചു വന്ന് തറയിലിരുന്ന് ഭിത്തി ചാരി ഇരുന്നു. അലന് ‘പാവം’ തോന്നി.
‘‘കാട്ടിമുരുകന് വിസ്കി വേണോ....’’ അലൻ കാട്ടിമുരുകനെ നോക്കി.
മുരുകന്റെ മുഖത്ത് ഒരു ചമ്മിയ ചിരി ഉണ്ടായി.
‘‘ഇന്നാ...’’
അലൻ ടീപ്പോയിൽ ഇരുന്ന ‘പോൾ ജോൺ ബ്രില്യൻസി’ന്റെ കുപ്പി എടുത്ത് കാട്ടിമുരുകനു നേരെ നീട്ടി.
മുരുകൻ അത് സന്തോഷത്തോടെ വാങ്ങി. പിന്നെ, വായിലേക്ക് ചെരിച്ചു. അലൻ അമ്പരന്നു പോയി.
അരകുപ്പി വിസ്കി രണ്ടു മിനിറ്റ് കൊണ്ട് തീർന്നു. കുപ്പിയിലെ അവസാന തുള്ളിയും നാവിലേക്ക് ഇറ്റിച്ചിട്ട് കാട്ടിമുരുകൻ അലനെ നോക്കി നിഷ്കളങ്കമായി ചിരിച്ചു.
‘‘തീർന്നു പോയി.....’’
‘‘വെള്ളം വേണ്ടാരുന്നോ....’’
അലൻ അതിശയത്തിൽ കാട്ടിമുരുകനെ നോക്കി.
‘‘ഹേയ്....വെള്ളം ചേർത്താൽ ടേസ്റ്റ് പോവും’’ കാട്ടിമുരുകൻ ചുണ്ടു തുടച്ചു. പിന്നെ, അലനെ നോക്കി;
‘‘സാറേ, ഞാനിന്ന് പൊറത്ത് പോർച്ചിൽ കിടന്നോട്ടെ. അടമഴയാ അതാ...’’
‘‘ഇവിടെ ഹാളിൽ കിടന്നോ.... എന്തിനാ പുറത്ത് കിടക്കുന്നത്...’’ പറഞ്ഞിട്ട് അലൻ മുറിയിലേക്ക് പോയി.
കട്ടിലിലെ ഷീറ്റ് കുടഞ്ഞ് വിരിക്കുമ്പോൾ അലന്റെ മുഖത്ത് ഒരു ആശയക്കുഴപ്പം ഉണ്ടായിരുന്നു. ‘ഇങ്ങനെയൊരു സ്ഥലത്തേക്ക് സീതയെ കൊണ്ടുവരണോ?’ ഒരുപാട് ദുരൂഹതകൾ ഉള്ള ഒരു വനം! പ്രതികാരദാഹിയായ ഒരു യക്ഷി! വരരുത് എന്നു പറഞ്ഞാലും സീത വരും.... അത് അലന് ഉറപ്പായിരുന്നു.
ദീർഘമായി ഒന്നു നിശ്വസിച്ചിട്ട് അലൻ കിടക്കയിലേക്ക് ചാഞ്ഞു. മിഴികളടച്ചതും ഉറങ്ങിപ്പോയി. ഉണർന്നപ്പോൾ ജനൽച്ചില്ലയിൽ വെയിൽതട്ടി തിളങ്ങുന്നുണ്ടായിരുന്നു. അലൻ ഹാളിലേക്കു വന്നു. കാട്ടിമുരുകൻ പോയിക്കഴിഞ്ഞിരുന്നു.
അലൻ വാതിൽ തുറന്ന് മുറ്റത്തേക്ക് ഇറങ്ങി. വനത്തിനുള്ളിൽ കോടമഞ്ഞ് മേയുന്നത് കണ്ടു. കാപ്പിത്തോട്ടത്തിൽ ചിക്കി നടന്ന രണ്ട് മയിലുകൾ അലനെ കണ്ടതും ചിറകടിച്ച് പറന്നുപോയി. അലൻ പതിയെ കാപ്പിത്തോട്ടത്തിനു നടുവിലെ കണറിനരുകിലേക്ക് വന്നു. തലേന്നത്തെ മഴയിൽ പൊഴിഞ്ഞ കാപ്പിപ്പൂവുകൾ മെത്തവിരിച്ചതു പോലെ തറയിൽ കിടപ്പുണ്ട്.
അലൻ പതിയെ കിണറ്റിലേക്ക് നോക്കി. ഒരു ചെറിയ ഓളം പോലുമില്ലാതെ കിടക്കുകയാണ് വെള്ളം. അലൻ തിരികെ വീട്ടിലേക്ക് വന്നു. സീതയെ വിളിക്കാനായി ഫോൺ എടുത്തെങ്കിലും സിഗ്നൽ കിട്ടിയില്ല. അലൻ പെട്ടെന്നു തന്നെ കുളിച്ച് റെഡിയായി. യൂണിഫോം ധരിച്ചു കൊണ്ടു നിൽക്കുമ്പോൾ പുറത്ത് വാഹനങ്ങളുടെ ഇരമ്പൽ കേട്ടു. ഷര്‍ട്ടിന്റെ ബട്ടണുകൾ ഇട്ടുകൊണ്ട് അലൻ പുറത്തേക്ക് വന്നു. രണ്ട് പൊലീസ് ജീപ്പുകൾ വരുന്നതു കണ്ടു.
വാഹനങ്ങൾ വന്ന് മുറ്റത്തു നിന്നു. എ.എസ്.ഐ യോഹന്നാനും പൊലീസുകാരും രണ്ട് ജീപ്പിൽ നിന്നും ഇറങ്ങി.
‘‘ഗുഡ്മോണിംഗ് സാർ....’’
എ.എസ്.ഐ യോഹന്നാൻ അറ്റൻഷനായി.
‘‘എന്തിനാ യോഹന്നാനേ... എന്നെ കൊണ്ടു പോവാൻ രണ്ട് ജീപ്പ്...’’
അലൻ യോഹന്നാനെ നോക്കി ചിരിച്ചു.
‘‘അതല്ല സാർ..ഒരു ചെറിയ പ്രശ്നമുണ്ട്’’ എ.എസ്.ഐ യോഹന്നാൻ മുമ്പോട്ട് വന്നു.
‘‘പ്രശ്നമോ എന്തു പ്രശ്നം?’’
‘‘ഗർഭിണീടെ ബോഡീം കൊണ്ടു പോയ കരിന്തളം ഗണേശൻ താലൂക്ക് ആശുപത്രീൽ ചെന്നിട്ടില്ല...’’
‘‘ഇല്ലേ?’’ അലൻ അമ്പരന്നു;
‘‘അവനെവിടെ പോയി?’’
‘‘മുടിഞ്ഞ മഴയായിരുന്നു സാറേ... അവൻ ചെലപ്പം വഴീൽ കുടുങ്ങിക്കാണും. രാജേന്ദ്രനേം, പ്രവീണിനേം, മുരളിയേം ഒരു ജീപ്പും കൊടുത്ത് പറഞ്ഞു വിടാം എന്നു കരുതി. അതാ രണ്ടു വണ്ടീം കൊണ്ട് വന്നത്. സാറിനോട് ചോദിച്ചിട്ടാവാമെന്നു വച്ചു...’’
‘‘ഓ...ആയ്ക്കോട്ടെ’’ അലൻ സമ്മതിച്ചു.
അപ്പോൾ തന്നെ, ഒരു പൊലീസ് ജീപ്പ് കരിന്തളം ഗണേശനെയും ഗർഭിണിയുടെ ശവവും തെരഞ്ഞ് ചാമുണ്ഡിറോഡിലേക്ക് പോയി. അലൻ വീട് പൂട്ടി വന്ന് എ.എസ്.ഐ യോഹന്നാന് ഒപ്പം പൊലീസ് ജീപ്പിലേക്ക് കയറി. ജീപ്പ് നീങ്ങി.
‘‘കാട്ടിമുരുകൻ വന്നാരുന്നു അല്ലേ സാറേ....’’ യോഹന്നാൻ അലനെ നോക്കി;
‘‘രാവിലെ ഞാൻ കണ്ടാരുന്നവനെ...’’
‘‘വന്നതേ പറഞ്ഞൊള്ളോ.... എന്റെ കയ്യീന്ന് ഒന്നും കിട്ടിയെന്ന് പറഞ്ഞില്ലേ...?’’
‘‘ഒരു െപട കിട്ടിയെന്ന് പറഞ്ഞു...’’ യോഹന്നാൻ ചിരിച്ചു.
‘‘നട്ടപ്പാതിരയ്ക്ക് ഒന്നും മിണ്ടാതെ മുമ്പിൽ വന്നു നിന്നാൽ പിന്നെ മോണവീണ വായിക്കത്തില്ലേ യോഹന്നാനേ...’’ അലനും ചിരിച്ചു. പതിനഞ്ചു മിനിറ്റിനകം വണ്ടി പൊലീസ് സ്റ്റേഷന്റെ മുറ്റത്ത് എത്തി. മുറ്റത്ത് ഒരു ‘ലാൻഡ് റോവർ’ വാൻ കിടപ്പുണ്ടായിരുന്നു.
‘‘സേവ്യറ് മൊതലാളിയാ. പൊൻകുരിശ് സേവ്യർ മൊതലാളി’’
അലൻ എന്തെങ്കിലും ചോദിക്കും മുമ്പ് യോഹന്നാൻ പറഞ്ഞു.
ലാൻഡ് റോവറിന്റെ മുമ്പിൽ... കറുത്ത സ്വെറ്ററും പാന്റ്സും ധരിച്ച ഒരാൾ നിൽക്കുന്നത് അലൻ കണ്ടു.
അമ്പത്തഞ്ച് വയസ്സ് പ്രായം തോന്നിക്കും. പാതിനരച്ച മുടി ക്രീം പുരട്ടി ഭംഗിയായി പിന്നിലേക്ക് ചീകി വച്ചിരിക്കുന്നു. കട്ടി മീശയാണ്. അലൻ ജീപ്പിൽ നിന്ന് ഇറങ്ങി.
‘‘സാറേ... ഗുഡ്മോർണിങ് ഉണ്ട്ട്ടാ...’’ വളരെക്കാലമായി പരിചയമുള്ള ഒരാളെ പോലെ പൊൻകുരിശ് സേവ്യർ ചിരിച്ചു കൊണ്ട് വന്നു.
‘‘അറിയാം... യോഹന്നാൻ പറഞ്ഞു’’ അലനും ചിരിച്ചു.
‘‘ഞാനൊന്ന് കാട്ടിക്കുളം വരെ പോവുന്ന വഴിയാ. പോവുന്നതിന് മുമ്പ് സാറിനെ ഒന്നു കണ്ടേച്ചും പോയേക്കാമെന്നു വച്ചു’’ പൊൻകുരിശ് സേവ്യർ വീണ്ടും ചിരിച്ചു;
‘‘മോളും കൂട്ടുകാരും എറണാകുളത്തൂന്ന് നാളെ വരുമോ...’’
‘‘സേവ്യർ സാറിന്റെ മോള് ചാനലിലാ സാറേ...’’ യോഹന്നാൻ അലനെ നോക്കി.
‘‘ഓ...ഏത് ചാനലിൽ?’’
‘‘ന്യൂസ് കേരള’’ സേവ്യർ അഭിമാനത്തോടെ ചിരിച്ചു; "മീഡിയ അക്കാഡമിയിൽ ആയിരുന്നു ജേർണലിസം.
പിന്നെ, അവളങ്ങ് എറണാകുളത്ത് കൂടി. കൊച്ചുങ്ങളുടെ ഇഷ്ടമല്ലിയോ സാറേ....
നമ്മടെ സന്തോഷം’’
സേവ്യറ് വീണ്ടും ചിരിച്ചു. ‘‘പേര് പറഞ്ഞാൽ സാറിന് ചെലപ്പം അവളെ അറിയുമായിരിക്കും...’’
സേവ്യർ ഒന്നു നിർത്തി; ‘‘ടെസ്സ...ടെസ്സ എലിസബത്ത് സ്റ്റീഫൻ അതാ പേര്’’
സേവ്യർ സ്വെറ്റർ ഒന്നു പിടിച്ചിട്ടു; ‘‘മിക്ക ദിവസോം ചാനലിൽ കാണാം അവളെ. ചത്തു കിടക്കുന്ന ശവത്തിനു മുമ്പിൽ നിന്ന് ക്യാമറാമാനോടൊപ്പം ജീവനോടെ ടെസ്സ’ എന്നൊക്കെ പറയുന്നത്. സേവ്യർ ഉച്ചത്തിൽ ചിരിച്ചു.
ടെസ്സ എന്ന പേര് കേട്ടിട്ടുണ്ടെന്ന് അലന് തോന്നി.
‘‘സാറേ....കൊച്ച് അവതരിപ്പിക്കുന്ന ഒരു പരിപാടി എന്നും രാത്രി പത്തുമണിക്ക് ചാനലിലുണ്ട്. മിത്ത് ആൻ‍ഡ് മിറാക്കിൾ!’’
സേവ്യർ വീണ്ടും അലനെ നോക്കി; ‘‘സംഗതി ക്രൈമും ഹൊററും അന്ധവിശ്വാസവുമൊക്കെയാ...’’
‘‘ആളെ ഇപ്പം മനസ്സിലായി...’’ അലൻ ചിരിച്ചു.
‘‘ങാ... അവളു നാളെ ഇങ്ങോട്ട് വരുന്നുണ്ട്..ഇവിടെ, ഏതാണ്ട് ഷൂട്ടിങ്ങിനാ... ആ പ്രോഗ്രാമിന്റെ’’ സേവ്യർ ഒന്നു നിർത്തി;
‘‘ഞാനെന്നാൽ നീങ്ങട്ടെ സാറേ... വൈകിട്ട് വിശദമായി കാണാം’’
‘‘ഓ....ആയ്ക്കോട്ടെ..’’ അലൻ ചിരിച്ചു.
പൊൻകുരിശ് സേവ്യർ തിരിച്ച് ചെന്ന് ലാൻഡ് റോവറിൽ കയറി. അത് സ്റ്റാർട്ടായി പോയി. അലനും യോഹന്നാനും പൊലീസ് സ്റ്റേഷനു നേരെ തിരിഞ്ഞു.
ഈ സമയം....
കരിന്തളം ഗണേശനെയും ആംബുലൻസും തെരഞ്ഞുപോയ പൊലീസ് ജീപ്പ് ചാമുണ്ഡി വെള്ളച്ചാട്ടം മുറിച്ചു കടക്കുയായിരുന്നു. സി.പി.ഒ രാജേന്ദ്രൻ ആയിരുന്നു ഡ്രൈവിംഗ് സീറ്റിൽ. കോ–ഡ്രൈവർ സീറ്റിലായിരുന്നു മുരളി. പ്രവീൺ പിന്നിൽ. ജീപ്പ് ചാമുണ്ഡി വെള്ളച്ചാട്ടം കഴിഞ്ഞതും ശക്തമായ കാറ്റ് തുടങ്ങി. ജീപ്പിനെ വട്ടം ചുറ്റി എറിയും പോലത്തെ കാറ്റ്. റോഡിനു താഴെ വെള്ളം കുതിച്ച് പാഞ്ഞു പോവുന്നതു കാണാം.
‘‘ഇത് എന്നാ മുടിഞ്ഞ എടപാടാ...’’ മുരളി പിറുപിറുത്തു;
‘‘ഒന്നുകിൽ മഴ...അല്ലെങ്കിൽ കാറ്റ്’’ വനത്തിൽ നിന്ന് പാഴിലകൾ പറന്നു വരുന്നുണ്ടായിരുന്നു.
‘‘എങ്ങനെങ്കിലും ആ ‘ശാസ്താകോവിൽ’ ചെക്ക് പോസ്റ്റ് കടന്നു കിട്ടിയാൽ മതിയായിരുന്നു....’’ പ്രവീൺ പിറുപിറുത്തു.
‘‘ഈ കരിന്തളം ക്ണാപ്പൻ എവിടെപ്പോയി ഒടുങ്ങീന്നാ...’’
അടുത്തനിമിഷം, രാജേന്ദ്രൻ ജീപ്പിന്റെ ബ്രേക്കിൽ കാൽ അമർത്തി. ഒരു വശത്തേക്ക് പാളി ജീപ്പ് നിന്നു.
‘‘മുരളീ...’’ രാജേന്ദ്രൻ നിലവിളിക്കും പോലെയാണ് വിളിച്ചത്.
പിന്നെ, പുറത്തേക്ക് വിരൽ ചൂണ്ടി. രാജേന്ദ്രന്‍ വിരൽചൂണ്ടിയിടത്തേക്ക് നോക്കിയ പ്രവീണും മുരളിയും വിറച്ചു പോയി.
അമ്പതടി മുമ്പിലായി.... ഒരു കാട്ടുകടമ്പിന്റെ കൊമ്പിൽ... തൂങ്ങിയാടുന്നു ഒരു ഗർഭിണിയുടെ മൃതശരീരം.
ഇന്നലെ, പോസ്റ്റ്മോർട്ടത്തിന് അയച്ച മൃതദേഹം... വീണ്ടും ഒരു മരക്കൊമ്പിൽ.
കാറ്റിന് ശക്തി കൂടി... ഗർഭിണിയുടെ ശരീരം കാറ്റിൽ പതിയെ ആടിക്കൊണ്ടിരുന്നു.

അധ്യായം 4

4

അധ്യായം 4

കാറിനു ലിഫ്റ്റ് ചോദിക്കുന്ന പ്രേതം!

'' രാജേന്ദ്രൻ സാറേ.. "
സി.പി.ഒ മുരളിയുടെ ശബ്ദം വിറച്ചു.
"എന്നതാ ഇത്.. നമ്മള് പോസ്റ്റ്മോർട്ടത്തിനയച്ച ബോഡി അല്ലിയോ... ഇത് ഇവിടിങ്ങനെ മരക്കൊമ്പിൽ കിടക്കുന്നു എന്നു വച്ചാൽ .. "
രാജേന്ദ്രൻ മിണ്ടിയില്ല.
തൊണ്ടയിൽ നീർ കുടുങ്ങിയ അവസ്ഥ.
മരക്കൊമ്പിൽ തൂങ്ങിക്കിടക്കുന്ന ഗർഭിണിയുടെ മൃതശരീരം കാറ്റിൽ മെല്ലെ ആടുന്നുണ്ട്.
"സാറേ.. "
പിന്നിൽ നിന്ന് പ്രവീണിന്റെ വിളി കേട്ടു
"ഇതിനകത്ത്.... എന്തോ കളിയുണ്ട് സാറേ..''
അടുത്ത നിമിഷം കാറ്റിന് ശക്തിയേറി. കരിയിലകളും തറയിലെ പൊടിമണ്ണും കാറ്റിൽ വട്ടംചുറ്റി ഉയർന്നു. ചാമുണ്ഡി വെള്ളച്ചാട്ടത്തിലെ ഒഴുക്ക് തിളച്ചു മറിയുന്നത് കണ്ടു.
" സാറേ.. "
മുരളി പകപ്പോടെ വിളിച്ചു.
"നമ്മുടെ ആംബുലൻസ് എവിടെ... കരിന്തളം ഗണേശൻ എവിടെ? ''
ആർക്കും ഉത്തരമില്ലായിരുന്നു. അടുത്ത നിമിഷം, ആകാശം മുഴുവൻ ഇരുൾ വന്ന് മൂടുന്നതു കണ്ടു. ഒരു സൈന്യം യുദ്ധത്തിന് ഇരച്ച് വരുന്നതു പോലെ കാർമേഘങ്ങൾ മാനത്ത് പരക്കുന്നു. പൊടുന്നനെ കാതടപ്പിക്കുന്ന ഒരു ഇടിയൊച്ച മുഴങ്ങി. ആകാശം പിളർന്നു മാറുന്നതു പോലെ ഒരു മിന്നൽ കണ്ടു. കാർമേഘങ്ങളിൽ നിന്ന് ഒരു സ്വർണ്ണ നാഗം ഭൂമിയിലേക്ക് പുളഞ്ഞിറങ്ങുന്നതു പോലെ മിന്നൽ. ചരൽ വാരി എറിയും പോലെ മഴ വീണു.
കാറ്റിലും മഴയിലും പിടിച്ചു നിൽക്കാൻ പാടുപെടുകയായിരുന്നു മൂവരും.
" രാജേന്ദ്രൻ സാറേ... "
സി.പി.ഒ മുരളിയുടെ വിളിയൊച്ച വീണ്ടും കേട്ടു;
"നമ്മുക്ക് തിരിച്ച് പോയാലോ.? "
അടുത്ത നിമിഷം, ആരോ പിടിച്ചുകുലുക്കുന്നതു പോലെ പൊലീസ് ജീപ്പ് ഉലയാൻ തുടങ്ങി. ജീപ്പിന്റെ ചക്രങ്ങൾ വെള്ളച്ചാട്ടത്തിനു നേരെ തിരിഞ്ഞു.
"പ്രവീണേ.... പിടിക്കെടാ.." മുരളി അലറി.
കാട്ടുകല്ലുകൾ പെറുക്കി അവർ ജീപ്പിന്റെ ടയറിനടിയിലേക്ക് ഇട്ടു. വണ്ടി ഒരു ഉലച്ചിലോടെ നിന്നു. എല്ലാ ദൈവങ്ങളെയും വിളിച്ച് പ്രാർത്ഥിക്കുകയായിരുന്നു രാജേന്ദ്രൻ. പൊടുന്നനെ, കാറ്റിന് ശക്തി കൂടി. മരക്കൊമ്പിൽ കിടന്നിരുന്ന ഗർഭിണിയുടെ ശരീരം പമ്പരം പോലെ കറങ്ങുന്നതു കണ്ടു. രാജേന്ദ്രനും കൂട്ടരും ഭയന്ന് കൺമിഴിച്ച് നിൽക്കെ ഗർഭിണിയുടെ മൃതശരീരം കയററ്റ് പറന്ന് വെള്ളച്ചാട്ടത്തിലേക്ക് വീഴുന്നതു കണ്ടു.

പിന്നെ, പതഞ്ഞൊഴുകുന്ന വെള്ളക്കെട്ടിനു മീതെ കൂടി താഴേക്ക് പാഞ്ഞു പോയി. പിടിച്ചു നിർത്തിയതുപോലെ കാറ്റും മഴയും നിന്നു.
അമ്പരപ്പോടെ രാജേന്ദ്രനും കൂട്ടരും പരസ്പരം നോക്കി. ഭയം കൊണ്ട് നാവ് ഉയരുന്നില്ലായിരുന്നു മൂവർക്കും.
"സാറേ.. "
പ്രവീൺ വീണ്ടും വിളിച്ചു ;
" നമ്മുക്ക് നിൽക്കണ്ട സാറേ... പോവാം "
മൂന്നു പേരും ചെന്ന് ജീപ്പിൽ കയറി. വിറയ്ക്കുന്ന വിരലുകൾ കൊണ്ട് സ്വിച്ച് കീ ചേർത്തു പിടിച്ച് രാജേന്ദ്രൻ ഒരു വിധം ജീപ്പ് സ്റ്റാർട്ട് ചെയ്തു. പിന്നെ, റിവേഴ്സെടുത്തു. ജീപ്പ് ഇരച്ച് ഇരച്ച് പിന്നോട്ട് നീങ്ങി.
**** **** ****
"ഒറോതച്ചേടത്തീ... "
വിളിച്ചു കൊണ്ട് സീത രാമനാഥൻ തിരിഞ്ഞു.
" വരുന്നു മോളേ... "
അടുക്കളയിൽ നിന്ന് ഒറേതച്ചേടത്തിയുടെ ശബ്ദം കേട്ടു. കയ്യിൽ ഒരു കുപ്പിയുമായി ഒറേതച്ചേടത്തി വന്നു.
" അച്ചാറാ... കാരറ്റ് "
"എന്റെ പൊന്നു ചേട്ടത്തി ....." സീത ചിരിച്ചു.
" അച്ചാറൊന്നും നമ്മള് കെട്ടിപ്പൊതിഞ്ഞ് കൊണ്ടു പോവേണ്ട കാര്യമില്ല. അവിടെ ചെന്നിട്ട് ഫ്രഷ് ആയിട്ട് വയ്ക്കാമല്ലോ..."
സീത ഒന്നു നിർത്തി;
"പോവുന്നതേ, നല്ല ഒന്നാന്തരം കാട്ടിലേക്കാ. അവിടെ കാട്ടു നെല്ലിക്ക മുതൽ കാട്ടു പോത്തിനെ വരെ ചേടത്തിക്ക് അച്ചാറിടാൻ കിട്ടും.."
"ഞാനല്ലെങ്കിലും അച്ചാറ് കൊറച്ചേ ഇട്ടുള്ളുകൊച്ചേ... ഒത്തിരി ഇട്ടാൽ പെട്ടെന്ന് പൂക്കും "
"പൂക്കാതിരിക്കണമെങ്കിൽ നമ്മക്ക് നീലക്കുറിഞ്ഞി അച്ചാറിടാം ചേട്ടത്തീ... നീലക്കുറിഞ്ഞി ആവുമ്പം പന്ത്രണ്ട് കൊല്ലത്തിൽ ഒരിക്കലേ പൂക്കൂ... "
സീത ഉറക്കെ ചിരിച്ചു.
"നമ്മള് നാളെ എപ്പഴാ മോളെ പോവുന്നത്.? "
ഒറോതച്ചേടത്തി സീതയെ നോക്കി.
"നാളെ വെളുപ്പിന് ." സീത ബാഗിന്റെ സിബ്ബ് വലിച്ചിട്ടു ;
"ഇവിടുന്ന് എഴെട്ട് മണിക്കൂർ യാത്രയുണ്ട്. പ്രകാശൻ ഇന്നോവയുമായിട്ട് വരും."
"അലൻ സാറ് പറഞ്ഞ് ഏൽപ്പിച്ചിട്ടുണ്ടല്ലോ അല്ലേ മോളേ.. "
ഒറോതച്ചേടത്തി സീതയെ നോക്കി.
"ഉവ്വ് "
" എന്നതാ മോളേ... ആ സ്ഥലത്തിന്റെ പേര്?"
"നൂൽപ്പുഴ "
" നൂൽപ്പുഴ " ഒറോതച്ചേടത്തി ഒന്ന് ഉരുവിട്ടു;
"നൂൽപ്പുട്ട്... എന്ന് കേട്ടിട്ടുണ്ട്. അല്ല മോളേ.." പെട്ടെന്ന് ഓർത്തതുപോലെ ഒറോതച്ചേട്ടത്തി തിരിഞ്ഞു ;
"അവിടെ സീരിയല് കാണാനുള്ള സൗകര്യം ഉണ്ടാവുമോ? കരിമാൻചിറയിലെ ജോണിക്കുട്ടി അടുത്താഴ്ച ഗൾഫിൽ നിന്നു വരും."
"ഏത് ... ജോണിക്കുട്ടി ?" സീത അമ്പരന്നു.
"പതിവ്രത സീരിയലിലെ ജോണിക്കുട്ടി." ഒറോതച്ചേടത്തി ആവേശത്തിലായി;
"ജോണിക്കുട്ടി വന്നാലല്ലേ... ഭാര്യ മേഴ്സിക്ക് സ്കൂൾ വാൻ ഡ്രൈവർ ആനന്ദനുമായുള്ള ബന്ധം അറിയു.." ഒറോതച്ചേടത്തി ഒന്നു നിർത്തി;
"ഒരു കൊല്ലമായിട്ട് മനുഷ്യനെ സസ്പെൻഷനിൽ നിർത്തിയേക്കുവാ..."
"സസ്പെൻഷൻ അല്ല ... സസ്പെൻസ് "
"ങാ... എന്നാ കുന്തമെങ്കിലും ആവട്ട്, എന്നാലും... അവള് അങ്ങനെ കാണിക്കാമോ കൊച്ചേ "
ഒറേതച്ചേടത്തി സീതയെ നോക്കി.
'ഭർത്താവ് ഗൾഫിൽ കിടന്ന് കഷ്ടപ്പെടുന്നു. അവളിവിടെ കാമുകനൊപ്പം സുഖിക്കുന്നു. ചാണകവെള്ളത്തിൽ മുക്കിയ ചൂലു കൊണ്ട് തല്ലണം ഇവളെയൊക്കെ .." ഒറേതച്ചേട്ടത്തിയുടെ ശരീരം അമർഷം കൊണ്ട് വിറച്ചു.
"ഹാ... വിട്ട് കള ചേട്ടത്തീ." സീത ചിരിച്ചു.
"അതൊക്കെ കഥയല്ലേ "
പെട്ടെന്ന്, മുറ്റത്ത് ചരൽ ഞെരിയുന്ന ശബ്ദം കേട്ടു. ആരോ വന്നതുപോലെ.
"അക്കാ..." വിളിയൊച്ച കേട്ടു .
"ആരാന്ന് നോക്കിക്കേ ചേട്ടത്തി" സീത പറഞ്ഞു.
ഒറോതച്ചേടത്തീ പുറത്തേക്ക് പോയി.
"മോളേ.. "
ഒറോതച്ചേട്ടത്തിയുടെ വിളിയൊച്ച കേട്ടു. സീത ധൃതിയിൽ പുറത്തേക്ക് വന്നു. മുറ്റത്തു നിൽക്കുന്ന ആളെ കണ്ട് സീതയ്ക്ക് തെല്ല് അമ്പരപ്പുണ്ടായി. തന്നെപ്പോലെ ഗർഭിണിയായ ഒരു യുവതി. നൈറ്റി പോലത്തെ കറുത്ത കുപ്പായമാണ് വേഷം!
വീർത്തുന്തിയ വയർ. നീല ഞരമ്പുകൾ തെളിഞ്ഞ് നിൽക്കുന്ന കൈത്തണ്ട. അറിയാതെ, തന്റെ വീർത്ത വയറിനു മീതെ സീത കൈപ്പടം ഒന്നു ചേർത്തു.
" അക്കാ..."
ഗർഭിണിയായ യുവതി സീതയെ നോക്കി. സ്ഫടികം പോലെ തിളങ്ങുന്ന മിഴികളാണ് യുവതിയുടേതെന്ന് സീത കണ്ടു. തന്റെ കണ്ണഞ്ചിപ്പോവും എന്ന് സീതയ്ക്ക് തോന്നി.
"കൊഞ്ചം തണ്ണി കൊടമ്മാ.. '' യുവതി യാചനയോടെ സീതയെ നോക്കി.
"ചേട്ടത്തീ..." സീത ഒറോതച്ചേട്ടത്തിയെ നോക്കി;
"കുറച്ച് വെള്ളം എടുത്തു കൊണ്ട് വാ..."
മുറ്റത്തു നിൽക്കുന്ന ഗർഭിണിയെ അത്ര തൃപ്തി വരാത്ത മട്ടിൽ ഒന്നു നോക്കിയിട്ട് ഒറോതച്ചേട്ടത്തി അകത്തേക്ക് പോയി.
"അക്കാ നീയും പുള്ളത്താച്ചിയാ ...'' യുവതി അത്ഭുതത്തിൽ സീതയെ നോക്കി.
"എന്താ ..?" സീതയ്ക്ക് മനസ്സിലായില്ല.
"പുള്ളത്താച്ചി ... ഗർഭിണിപ്പൊണ്ണ് "
യുവതി കൈ നീട്ടി സീതയുടെ വയറിനു മീതെ ഒന്നു തൊട്ടു. വയറ്റിനുള്ളിൽ കുഞ്ഞ് ഒന്ന് പിടഞ്ഞ പോലെ സീതയ്ക്ക് തോന്നി.
വെള്ളവുമായി വന്ന ഒറോതച്ചേട്ടത്തിക്ക് അത് അത്ര പിടിച്ചില്ല.
"അങ്ങോട്ട് മാറി നിൽക്ക്... ദേഹത്ത് തൊട്ടുള്ള കളിയൊന്നും വേണ്ട''
ഒറോതച്ചേടത്തി കയ്യിലിരുന്ന ജഗ്ഗും ഗ്ലാസ്സും യുവതിക്ക് നേരെ നീട്ടി. യുവതി ഗ്ലാസ് വാങ്ങിയില്ല. ജഗ്ഗിലെ വെള്ളം നേരെ വായിലേക്ക് ചെരിച്ചു.
'മടുമടാന്ന് ' അത് കുടിച്ച് തീർത്തു. സീതയ്ക്ക് വിഷമം തോന്നി. തന്നെപ്പോലൊരു ഗർഭിണിയാണ്. വെള്ളം മുഴുവൻ കുടിച്ചിട്ട് യുവതി ജഗ്ഗ് സീതയ്ക്ക് നേരെ നീട്ടി;
"റൊമ്പ ...നൻറി അമ്മാ"
"അതിന് നിന്റമ്മ ആവാനുള്ള പ്രായം ഒന്നുമില്ല."
ഒറോതച്ചേട്ടത്തിക്ക് വീണ്ടും ദേഷ്യം വന്നു.
"എന്റെ പൊന്നു ചേടത്തീ.... " സീത ചിരിച്ചു,
"തമിഴിൽ എല്ലാവരെയും അങ്ങനാ വിളിക്കുന്നത്. അതിന് പ്രായമൊന്നുമില്ല"
"നാൻ വരട്ടുമാ ..." യുവതി തിരിയാനാഞ്ഞു.
അപ്പോഴാണ് സീത അതു കണ്ടത്. യുവതിയുടെ കഴുത്തിൽ കയർ വരിഞ്ഞത പോലത്തെ പാട്!
"ഇതെന്താ.. കഴുത്തിൽ?" സീത അമ്പരപ്പോടെ ചോദിച്ചു.
"ദാ.. അതോ " യുവതി കഴുത്തിലൊന്നു തടവി.
"ഒണ്ണുമില്ലമ്മാ..." മുഖത്ത് ചിരി ആയിരുന്നെങ്കിലും പല്ലുകൾ ഞെരിച്ചു കൊണ്ടാണ് യുവതി അത് പറഞ്ഞത്.
"വരട്ടുമാ ..."
"പൈസ... പൈസ വല്ലതും വേണോ?"
അറച്ചറച്ചാണ് സീത ചോദിച്ചത്.
"കാസ്... എനക്ക് തേവയല്ലമ്മാ ..." യുവതി വീണ്ടും ചിരിച്ചു. പിന്നെ, തിരിഞ്ഞ് വേഗത്തിൽ നടന്നു.
"ഏയ്... പേരെന്താ? "
സീത പിന്നിൽ നിന്ന് വിളിച്ചു ചോദിച്ചു. യുവതി അതിന് മറുപടിയാതെ നടത്തത്തിന്റെ വേഗം കുട്ടി.
ഗർഭിണി ആയിട്ടും, അതിന്റെ ആലസ്യമൊന്നുമില്ലാതെ കൈ വീശി വേഗത്തിലുള്ള ആ നടത്തം സീതയെ കുറച്ചൊന്നുമല്ല അതിശയപ്പെടുത്തിയത്.
"വാ മോളേ "
ഒറോതച്ചേട്ടത്തി സീതയെയും കൂട്ടി വീടിന് അകത്തേക്ക് കയറി. പിന്നെ, വാതിലടച്ച് കുറ്റിയിട്ടു.
ഈ സമയം...
ഗർഭിണിയായ തമിഴ് യുവതി ഗേറ്റ് കടന്ന് ഒന്നു നിന്നു. പതിയെ തല തിരിച്ച് അവർ വീടിനു നേരെ നോക്കി.
"ഉനക്ക് എന്നുടെ പേര് തെരിയണമാ ...?"
യുവതിയുടെ മിഴികളിൽ തീയെരിഞ്ഞു. പല്ലുകടിച്ചു പൊട്ടിക്കും പോലൊരു ശബ്ദം കേട്ടു .
വീടിനു നേരെ നോക്കിയിട്ട് അവർ ഒന്നു പല്ലിളിച്ചു;
"എൻ... പേര് വന്ത്..... " പല്ലുകൾക്കിടയിൽ നിന്ന് ചോര കിനിഞ്ഞു;
" ചിത്തിനി.... "
കാറ്റ് പിടിച്ചതു പോലെ മരത്തലപ്പുകൾ ഒന്നുലഞ്ഞു.
****.   *****.  ****
രാത്രി! പതിനൊന്നര കഴിഞ്ഞു. കളമശ്ശേരിയിലെ ചാനൽ ഓഫീസിൽ നിന്ന് ടെസ്സ എലിസബത്ത് സ്റ്റീഫൻ ഇറങ്ങി. നാളെ അതിരാവിലെ സ്വന്തം നാടായ നൂൽപ്പുഴയിലേക്ക് പോവണം. വരും ദിവസങ്ങളിൽ 'മിത്ത് ആൻഡ് മിറക്കളിന്റെ ' ഷൂട്ടിംഗ് അവിടെയാണ്.
പാർക്കിംഗ് ബേയിൽ കിടന്നിരുന്ന ടാറ്റാ ഹെക്സ കാറിന്റെ ഡ്രൈവിംഗ് സീറ്റിലേക്ക് ടെസ്സ കയറി. പിന്നെ, ഡോർ വലിച്ചടച്ച് സീറ്റ് ബെൽറ്റ് വലിച്ചിട്ടു. പെട്ടെന്ന്‌, ഓർത്തതുപോലെ ടെസ്സ മൊബൈൽ ഫോണെടുത്ത് ഒരു നമ്പർ ഡയൽ ചെയ്ത് കാതോട് ചേർത്തു;
"ങാ...സതീഷേ ഹെലി ക്യാമിനൊപ്പം ഗോപ്രോ കൂടി എടുത്തോണം. ലാപ്പല് രണ്ടെണ്ണം എക്സ്ട്രാ കരുതിക്കോണേ"
"എന്റെ പൊന്നു ടെസ്സാ മാഡം... ഓക്കെ "
ക്യാമറാമാൻ സതീഷിന്റെ കുഴഞ്ഞ ശബ്ദം കേട്ടു.
"ക്യാമറാ മോൻ ഇപ്പം എവ്ടാ?" ടെസ്സ ചിരിച്ച് കൊണ്ട് കാർ സ്റ്റാർട്ട് ചെയ്തു.
"ഞാനിവിടെ റൂമില് ...'' സതീഷ് ഒന്നു പരുങ്ങി.
"ഉവ്വുവ്വ്... എത്രാമത്തെ പെഗ്ഗിൽ ഐസിട്ടു സതീഷേ"
"ഒന്നു ചുമ്മാതിരി മാഡം"
"നടക്കട്ട്.... നടക്കട്ട്. മറക്കണ്ട... വെളുപ്പിന് നാലരയ്ക്ക് തിരിക്കേണ്ടതാ ..."
ടെസ്സ കാൾ കട്ട് ചെയ്തു. മഴ ഇരച്ചു വീഴുന്നതു കണ്ടു. വൈപ്പറുകൾ ഓൺ ചെയ്തു കൊണ്ട് ടെസ്സ കാർ മുമ്പോട്ടെടുത്തു. മില്ലുംപടിയിലാണ് ടെസ്സയുടെ ഫ്ലാറ്റ്. എച്ച്.എം.ടി ജംഗ്ഷൻ കഴിഞ്ഞതും മഴയുടെ ശക്തി കൂടി. റോഡ് വ്യക്തമായി കാണാനാവാത്ത അവസ്ഥ!
കാർ ഭാരത് മാതാ കോളജിന് എതിർവശത്തുള്ള 'കൊല്ലംകുടി മുകൾ ' റോഡിലേക്ക് കയറി. ഇടുങ്ങിയ വഴി തീർത്തും വിജനമായിരുന്നു.
കാർ സെമിത്തേരി മുക്കിലെ വളവ് തിരിഞ്ഞു. റോഡിന് ഇടതു വശത്തെ കശുമാവിൻ തോട്ടത്തിൽ നിന്ന്, കറുത്ത നെടുങ്കൻ കുപ്പായം ധരിച്ച ഒരാൾ റോഡിലേക്ക് കയറുന്നതു ടെസ്സ കണ്ടു. ഒരു ഗർഭിണി ആണെന്നു തോന്നി.
അവർ കാറിന് കൈ കാണിച്ചു. ഒട്ടൊരു അമ്പരപ്പോടെ ടെസ്സ ബ്രേക്കിൽ കാലമർത്തി. കാർ നിന്നു. യുവതി കാറിന്റെ വശത്തേക്ക് വന്നു.
ടെസ്സ പവർ വിൻഡോ താഴ്ത്തി;
" ആരാ എന്തു വേണം?"
മുഖം കവിഞ്ഞൊഴുകുന്ന മഴവെള്ളം നീണ്ട വിരലുകൾ കൊണ്ട് വടിച്ചെറിഞ്ഞിട്ട് ഗർഭിണിയായ യുവതി ടെസ്സയെ നോക്കി;
" അമ്മാ...എനക്ക്... ഒരു ലിഫ്റ്റ് കെടയ്ക്കുമാ ....."

അധ്യായം 5

5

അധ്യായം 5

എന്താവും ഗർഭിണിയായ യക്ഷിക്ക് പറയാനുള്ളത്?

‘‘ആരാ... ആരാ നിങ്ങൾ?’’ ‌
ടെസ്സ ഗർഭിണിയായ ആ സ്ത്രീയെ പകച്ചു നോക്കി. ‌
‘‘നാൻ... നാൻ വന്ത്’’ അവർ വിക്കി.‌
‘‘ഇങ്കെ... പക്കത്തൊരു ഫ്ലാറ്റില് വേലയ്ക്ക് വന്തത് അമ്മ. ടൗണിലേക്ക് പോയി... ഫ്ലാറ്റിലേക്കുള്ള റൂട്ട് മറന്തിട്ടേൻ...’’ ‌
മലയാളത്തിലും തമിഴിലുമായി അവർ ഒരു വിധം പറഞ്ഞൊപ്പിച്ചു. ‌
ടെസ്സയ്ക്ക് പാവം തോന്നി. ‌
വീട്ടുവേലയ്ക്കു വന്നൊരു പാവം സ്ത്രീ. അതും ഗർഭിണി. ഫ്ലാറ്റിലേക്ക് തിരികെ പോവാൻ വഴി അറിയാതെ നിൽക്കുന്നു. ‌
‘‘കയറിക്കോ....’’ ‌
ടെസ്സ കാറിന്റെ ഡോർ തുറന്നു. ഗർഭിണി കാറിലേക്ക് കയറി. ‌
‘‘റൊമ്പ താങ്ക്സ് അമ്മാ...’’ ‌
അവർ കാറിന്റെ ഡോർ വലിച്ചടച്ചു. പിടിച്ചുലച്ചതു പോലെ കാർ ഒന്നു കുലുങ്ങി. ‌
കാറിന്റെ വ്യൂഫൈൻഡറിൽ ഇസ്രയേലിൽ നിന്നുകൊണ്ടു വന്ന ഒരു ജപമാല കിടപ്പുണ്ടായിരുന്നു. അതിലെ ക്രൂശിത രൂപത്തിലേക്ക് നോക്കിയതും കണ്ണഞ്ചിയതു പോലെ യുവതി മുഖം തിരിച്ചു കളഞ്ഞു. ജപമാലയിലേക്കു നോക്കാനുള്ള ധൈര്യം ഇല്ലാത്തതുപോലെ അവർ തലകുനിച്ചിരുന്നു. ‌
‘‘പോവാം’’ പറഞ്ഞു കൊണ്ട് ടെസ്സ കാർ മുൻപോട്ട് എടുത്തു. അടുത്തനിമിഷം, കാർ നിന്നു. വണ്ടിയുടെ എഞ്ചിൻ ഓഫ് ആയി. ബാറ്ററി ഡൗൺ ആയതു പോലെ ലൈറ്റുകളും മങ്ങി. സ്വിച്ച് കീ പലതവണ തിരിച്ചിട്ടും വണ്ടി സ്റ്റാർട്ടാവുന്നില്ല. ‌
‘‘ശ്ശെ....ഇതെന്താ....’’ ‌
ടെസ്സ അമ്പരന്നു. കാടും മലയും താണ്ടുന്ന വണ്ടിയാണ്. ആദ്യമായിട്ടാണ് ഇങ്ങനൊരു അനുഭവം. മഴയുടെ ശക്തി വീണ്ടും കൂടി. സെമിത്തേരിക്ക് അതിരു തിരിച്ചു നിൽക്കുന്ന കശുമാവിൻ തോട്ടം ബാധ കയറിയതു പോലെ ഉറഞ്ഞാടുന്നു. ‌

‘‘എന്റെ അന്തോനീസ് പുണ്യാളച്ചാ....’’ ‌
നാഗമ്പടത്തെ ചൊവ്വാഴ്ച പള്ളി മനസ്സിൽ ഓർത്തു കൊണ്ട് ടെസ്സ ഒന്നു കൂടി സ്വിച്ച് കീ തിരിച്ചു. പിടഞ്ഞുണർന്നതു പോലെ കാർ സ്റ്റാർട്ടായി. ടെസ്സ ആശ്വാസത്തോടെ നെ‍ഞ്ചിൽ കൈ ചേർത്തു. ‌
‘‘എന്റെ പള്ളീ....’’ കാർ മുമ്പോട്ട് നീങ്ങി. റോഡിലൂടെ കലക്കവെള്ളം പരന്നൊഴുകുന്നുണ്ടായിരുന്നു. ‌
‘‘എന്താ ഇയാൾടെ പേര്?’’ ടെസ്സ ഗർഭിണിയെ നോക്കി. ‌
‘‘ചിത്തിനി.....’’ ‌
വിൻഡോ ഗ്ലാസ്സിലൂടെ പുറത്തേക്കു നോക്കിക്കൊണ്ടാണ് ഗർഭിണി മറുപടി പറഞ്ഞത്. പല്ലുകടിച്ചു പൊട്ടിക്കുന്നതു പോലൊരു ശബ്ദം കേട്ടു. തണുപ്പ് കൊണ്ട് യുവതിയുടെ പല്ലുകൾ കൂട്ടിയിടിക്കുന്നതാണെന്നാണ് ടെസ്സ കരുതിയത്. ‌
‘‘ഇന്നു വന്നതേയുള്ളോ...’’ ‌
‘‘ങും’’ മുരളും പോലെ ആയിരുന്നു യുവതിയുടെ സ്വരം.‌
‘‘ഊര്...’’‌
‘‘മധുക്കരൈ’’‌
പിച്ചളക്കുഴയില്‍ നിന്നു വരുന്നതു പോലത്തെ മുഴക്കമുള്ള ശബ്ദമായിരുന്നു യുവതിയുടേത്.‌
‘‘കോയമ്പത്തൂർ അല്ലേ...’’‌
‘‘ആമാ...’’‌
‘‘അല്ലാ....ഇവിടെ ഏതു ഫ്ലാറ്റിലാ ജോലി ’’‌
ഒരു നിമിഷത്തെ നിശ്ശബ്ദതയ്ക്കു ശേഷമാണ് യുവതി മറുപടി പറഞ്ഞത്.‌
‘‘ഡി.ബി’’ ടെസ്സ അമ്പരന്നു പോയി.‌
‘‘ഏത് ഡി.ബി... മില്ലും പടിയിലെ ’’‌
‘‘ആമാ’’‌
‘‘ഹേയ്.... അതു ഞാൻ താമസിക്കുന്ന ഫ്ലാറ്റാ...’’ ടെസ്സ ഒരു പുഞ്ചിരിയോടെ ഗർഭിണിയെ നോക്കി;‌
‘‘അവിടെ എപ്പോ ജോയിൻ ചെയ്തു. ഏത് ഫ്ലാറ്റിൽ....’’‌
‘‘ഇന്ന് സായം കാലയിലെ... ഫ്ലാറ്റ് നമ്പർ സിക്സ്ത് ബി ’’‌
‘‘ഓഹ്...’’‌
കാർ മഴയിലൂടെ ഇടത്തേക്ക് തിരിഞ്ഞു. പിന്നെ, ഇറക്കം ഇറങ്ങാൻ തുടങ്ങി. റോഡിലൂടെ കുത്തൊഴുക്ക് കാണാം. മഴവെള്ളത്തിനൊപ്പം ഉരുളൻ കല്ലുകളും പാഞ്ഞു പോവുന്നു. ‌
‘‘ഒറ്റയ്ക്കാ വന്നത്....’’‌
ടെസ്സ യുവതിയെ നോക്കി ‌
‘‘ങും’’ യുവതി പുറത്തേക്ക് നോക്കി തന്നെയിരുപ്പാണ്. ‌
‘‘സ്വന്തക്കാരായിട്ട് ആരുമില്ലേ.....ഐ മീൻ ഹസ്ബൻഡ്’’ ‌
‘‘ഇല്ല’’ പല്ലു കടിച്ചു പൊട്ടിക്കുന്ന ശബ്ദം വീണ്ടും കേട്ടു. ‌
‘‘എന്തു പറ്റി?’’ ടെസ്സ അമ്പരന്നു. ‌
‘‘എൻ പുരുഷൻ ഇന്ത ഉലകത്തിലേ ഇല്ലൈ... സത്തു പോയിട്ടാങ്കെ....’’ ‌
‘‘ഓഹ്...’’ ടെസ്സയുടെ മുഖത്ത് ഒരു വല്ലായ്മ ഉണ്ടായി. ‌
‘‘സോറി...’’ ‌
യുവതി മറുപടി പറഞ്ഞില്ല. കാർ വാണാച്ചിറ ഭദ്രകാളി ക്ഷേത്രത്തിന് മുമ്പിലെത്തി. കൊടുംമഴയിലും കെടാതെ, കരിങ്കൽ വിളക്കിൽ ഒരു നെയ്ത്തിരി തെളിഞ്ഞു നിൽപുണ്ടായിരുന്നു. അമ്പലം കണ്ടതും ഗർഭിണിയുടെ തിളങ്ങുന്ന മിഴികൾ ഒന്നു ചകിതമായി. കൽവിളക്കിന്റെ പ്രഭയേറ്റ് പൊള്ളിയിട്ടെന്നോണം അവർ മുഖം തിരിച്ചു കളഞ്ഞു. ‌
അഞ്ചു മിനുറ്റ് നേരത്തെ ഓട്ടം കൂടി കാർ മില്ലുംപടി ജംഗ്ഷനിലെത്തി. പിന്നെ, റോഡ് മുറിച്ച് കടന്ന് ഡി.ബി യുടെ ഫ്ലാറ്റ് സമുച്ചയത്തിന്റെ മുറ്റത്തേക്ക് കയറി. ‌
കാർ നിന്നതും യുവതി ധൃതി പിടിച്ച് ഇറങ്ങി. ‌
‘‘ഹേയ്...’’ ‌
ടെസ്സ വിളിച്ചു. ‌
‘‘ഞാനും വരുന്നു’’ ‌
‘‘അല്ലമ്മാ.... നാ‍ൻ ഇപ്പോവേ റൊമ്പ ലേറ്റ്, മാഡം കോപിച്ചിടും ‌
റൊമ്പ നന്‍‍റി അമ്മാ....’’ ‌
ടെസ്സയെ ഒന്നു നോക്കിയിട്ട് യുവതി തിരിയാനാഞ്ഞു. അവരുടെ കണ്ണുകൾ കാറിന്റെ വ്യൂഫൈൻഡറിൽ കൊരുത്തിട്ടിരിക്കുന്ന ജപമാലയിലേക്കും ക്രൂശിത രൂപത്തിലേക്കും നീണ്ടു. ഞെട്ടിയിട്ടെന്നോണം അവർ മുഖം തിരിച്ചു കളഞ്ഞു. അടുത്ത നിമിഷം, കണ്ണുകളിൽ പകയുടെ കാർമേഘം വന്നു മൂടി. കയ്യിൽ വന്നുപെട്ടിട്ടും ഇര രക്ഷപ്പെട്ടു പോയതിന്റെ ഒരു ഇച്ഛാഭംഗം. അവർക്ക് ഉണ്ടായിരുന്നു. ‌
പല്ല് കടിച്ചു പൊട്ടിച്ചു കൊണ്ട് അവർ തിരിഞ്ഞു. പാർക്കിംഗ് ബേയിലേക്ക് കയറ്റി ടെസ്സ കാർ നിർത്തി. ഫോണും ലാപ്ടോപ്പും പവർ ബാങ്കും എടുത്തു കൊണ്ട് ഇറങ്ങി നടന്നു. ‌
പെട്ടെന്നാണ്, ടെസ്സ അതു ശ്രദ്ധിച്ചത്. മഴയിൽ നനഞ്ഞു കുതിർന്ന സ്ത്രീ ഇരുന്നിട്ടും കാറിന്റെ സീറ്റ് ഒട്ടും നനഞ്ഞിട്ടില്ല. ‌
‘‘അതു കൊള്ളാമല്ലോ...’’ ടെസ്സ അത്ഭുതപ്പെട്ടു. ‌
‘‘ഹാ...എന്തു കുന്തമെങ്കിലും ആവട്ട്’’ ‌
ടെസ്സ കാറിൽ നിന്ന് ഇറങ്ങി. കാർ ലോക്ക് ചെയ്തു. പിന്നെ, ഫ്ലാറ്റിനു നേരെ നടന്നു. ബയോമെട്രിക് ലോക്ക് ആയിരുന്നു മെയിൻ ഡോറിന്റേത്. ടെസ്സ തള്ള വിരൽ പഞ്ച് ചെയ്തതും ഡോർ തുറന്നു. ഗ്രൗണ്ട് ഫ്ലോറിലൂടെ ടെസ്സ ലിഫ്റ്റിനു നേർക്ക് നടന്നു. ‌
ആ യുവതി എങ്ങനെ ‍ഡോർ തുറന്ന് അകത്തു കയറിയിട്ടുണ്ടാവും എന്നാണ് ടെസ്സ ആലോചിച്ചത്. ഒരു പക്ഷേ, അവർക്ക് ‘അബ്സ്കാര്‍ഡ്’ കിട്ടിയിട്ടുണ്ടാവും. എന്ന് ടെസ്സ ഓർത്തു. ടെസ്സ ലിഫ്റ്റിന്റെ ബട്ടൺ അമർത്തി. ‌
‘‘ചിത്തിനി.... സിക്സ്ത് ബി....’’ ലിഫ്റ്റിലേക്ക് കയറുമ്പോൾ ടെസ്സ പിറുപിറുത്തു. ‌
പിന്നെ, പതിമൂന്നാം നമ്പർ ബട്ടണിൽ വിരൽ അമർത്തി. ലിഫ്റ്റ് മുകളിലേക്ക് ഉയർന്നു. ‌
ഈ സമയം, ഫ്ലാറ്റിന്റെ ഏറ്റവും മുകളിലായി പാഞ്ഞ് െപയ്യുന്ന മഴയ്ക്ക് താഴെ ഗർഭിണിയായ ആ യുവതി നിൽപ്പുണ്ടായിരുന്നു. ആകാശത്തേക്ക് നോക്കി വായ് പിളർന്ന് അവരൊന്നു ചിരിച്ചു. ഇടിമുഴക്കം പോലെ ചിരി മഴയിൽ മുഴങ്ങി. ‌
ഫ്ലാറ്റിനു താഴേക്ക് മഴത്തുള്ളികൾ ആർത്തലച്ച് വീണുകൊണ്ടിരുന്നു. ‌
**** **** **** **** ‌
രാത്രി 11.45 ‌
ഇടിമിന്നൽ പോലെ ഒരു പൊലീസ് ജീപ്പ് നൂൽപ്പുഴ സ്റ്റേഷന്റെ മുൻപിലേക്ക് വന്നു നിന്നു. അതിൽ നിന്നും എസ്.ഐ അലനും എ.എസ്.ഐ യോഹന്നാനും ഇറങ്ങി. അലൻ താമസിക്കുന്ന വീട്ടിലേക്ക് പാതി വഴി വരെ ചെന്നിട്ട് തിരിച്ചു പോന്നതാണ്. വനത്തിൽ ഉരുൾ പൊട്ടിയതാവും... കരിവേടകം പുഴ കരകവിഞ്ഞ് ഒഴുകുന്നു. ‌
‘‘സാറ്.... ഇന്ന് ഇനി ഇവിടെ കിടന്നാൽ മതി...’’‌
‘‘കാട്ടു പാതയിലെ വെള്ളമിറങ്ങാൻ രണ്ടു ദിവസമെടുക്കും....’’‌
‘‘ഞാൻ എവിടെ കിടക്കും എന്നതല്ല യോഹന്നാനേ പ്രശ്നം...’’ അലൻ നെറ്റി തടവി.‌
‘‘നാളെ സീത അവിടുന്ന് തിരിക്കും’’ ‌
‘‘യാത്ര രണ്ടു ദിവസത്തേക്ക് മാറ്റി വയ്ക്കാൻ പറയ് സാറേ...’’ ‌
‘‘അതിന് വിളിച്ചിട്ട് ഫോൺ കിട്ടണ്ടേ..’’ അലന്‍ കസേരയിലേക്ക് വന്നിരുന്നു. ‌
‘‘ആ ആംബുലൻസും കരിന്തളം ഗണേശനും എവിടെ പോയെന്നാ...’’ ‌
‘‘വെള്ളച്ചാട്ടത്തിൽ പോയാൽ.... ഒരു തകിടെങ്കിലും കിട്ടണ്ടേ സാറേ....’’ യോഹന്നാൻ അലനെ നോക്കി; ‌
‘‘രാജേന്ദ്രനും കൂട്ടരും രാവിലെ പോയപ്പോൾ കണ്ട കാഴ്ച സാറും കേട്ടതല്ലേ....’’ ‌
‘‘എനിക്ക് ഒന്നും മനസ്സിലാവുന്നില്ല’’ ‌
തലയ്ക്കുള്ളിലൂടെ ഉറുമ്പുകൾ അരിച്ചു നടക്കുന്നതു പോലെ അലനു തോന്നി. രണ്ടു ദിവസം കൊണ്ട് തന്നെ കരിവേടകം വനം തനിക്ക് തലവേദന ആയിരിക്കുന്നു. അപ്പോപ്പിന്നെ വർഷങ്ങളായി ഇവിടെ തുടരുന്ന പൊലീസുകാരുടെ കാര്യം പറയണോ! ‌
‘‘സാറെന്താ ആലോചിക്കുന്നത്....’’ എ.എസ്. ഐ യോഹന്നാൻ അലനെ നോക്കി. ‌
‘‘തല പെരുക്കുന്നു യോഹന്നാനേ...’’ ‌
‘‘തലയുടെ പെരുപ്പ് മാറ്റാനുള്ള വഴി ഞാനുണ്ടാക്കാം’’ ‌
യോഹന്നാൻ ഒരു കള്ളച്ചിരിയോടെ അലനെ നോക്കി. ‌
‘‘സാറ് വഴക്ക് പറയാതിരുന്നാൽ മതി.....’’ ‌
‘‘ഏതാ ബ്രാന്റ്....’’ അലൻ ഒരു ചമ്മിയ ചിരിയോടെ യോഹന്നാനെ നോക്കി. ‌
‘‘കാട്ടു ബ്രാന്റാ....’’ യോഹന്നാൻ ചിരിച്ചു; ‌
‘‘നല്ല സൊയമ്പൻ വാറ്റ്. ആദിവാസികളുടെ വകയാ. മുളപ്പിച്ച റാഗിയും പയറും ഗോതമ്പും കാട്ടുതേനും ഒക്കെ ചേർത്ത് വാറ്റിയ സാധനം. ‘ജാക്ക് ഡാനിയൽ ഹണി’ യൊക്കെ തൊഴുത് മാറി നിൽക്കും....’’ ‌
‘‘ഒരു പെഗ്ഗ് മതി എനിക്ക്. തലയുടെ കെട്ട് ഒന്നു മാറാൻ....’’ അലൻ പറഞ്ഞു. ‌
മുളങ്കുറ്റിയിൽ ഭദ്രമായി വച്ചിരുന്ന ചാരായവുമായി യോഹന്നാൻ വന്നു. ഒരു പെഗ്ഗ് അലൻ വെള്ളം ചേർത്ത് ഒറ്റ വലിക്ക് കുടിച്ചു. കാൽ നഖം മുതൽ നീറിപ്പിടിക്കുന്നതു പോലെ അലനു തോന്നി. ‌
‘‘ബ്രഡ്ഡും ഉണക്കിറച്ചിയുമുണ്ട് എടുക്കട്ടേ...സാറേ’’ ‌
‘‘കുറച്ചു കഴിഞ്ഞു മതി. മറ്റുള്ളവർ എന്തിയേ...?’’ ‌
‘‘അകത്തുണ്ട്’’ ‌
‘‘അല്ല യോഹന്നാനേ....എനിക്കൊരു സംശയം’’ അലൻ ഒന്നു നിർത്തി ; ‌
‘‘ഒരു യക്ഷി ഇങ്ങനെ പ്രതികാരദാഹി ആയിട്ട് അലയണമെങ്കിൽ, അതിന് പിന്നിൽ ഒരു കാരണം വേണ്ടേടോ....’’ ‌
‘‘അതു പിന്നെ...’’ യോഹന്നാൻ ഒന്നു വിക്കി. ‌
‘‘കാരണം....കാരണം ഉണ്ടാവും....ഒറപ്പ്.’’ യോഹന്നാൻ ചുറ്റും നോക്കിയിട്ട് രഹസ്യം പറയും മട്ടിൽ അലനു നേരെ തിരിഞ്ഞു. ‌
‘‘പണ്ട് നടന്ന സിനിമാഷൂട്ടിംഗുമായി ബന്ധപ്പെട്ട ഒരു കേസാ. അതൊറപ്പാ... നമ്മുടെ പൊൻകുരിശ് മൊതലാളിക്ക് ഏതാണ്ടൊക്കെ അറിയാം.’’ യോഹന്നാൻ പറഞ്ഞു നിർത്തിയതും അതിശക്തമായ ഒരു മിന്നലും ഇടിയൊച്ചയുമുണ്ടായി. യോഹന്നാന്‍ കിടുങ്ങിപ്പോയി. ‌
‘‘അപ്പോൾ കണ്ടുപിടിക്കേണ്ട എന്തോ ഒന്നുണ്ട് ഈ പാതിരി വനത്തിൽ അല്ലേ യോഹന്നാനേ....’’ അലൻ യോഹന്നാന്റെ കണ്ണുകളിലേക്ക് നോക്കി; ‌
‘‘അല്ലെങ്കിൽ ആ യക്ഷിക്ക്, ആരോടോ എന്തോ പറയാനുണ്ട്’’ ‌
‘‘നമ്മള് അതൊന്നും ചിന്തിക്കേണ്ട. സാറ് ഒരു ട്രാൻസ്ഫറ് തരപ്പെടുത്തി ഇവിടുന്ന് രക്ഷപ്പെടാൻ നോക്ക്’’ രക്ഷപ്പെടും മട്ടിൽ യോഹന്നാൻ തിരിഞ്ഞു; ‌
‘‘ഞാനാ... ഒണക്കെറച്ചി ചൂടാക്കാൻ നോക്കാം....’’ പറഞ്ഞിട്ട് യോഹന്നാൻ അകത്തേക്ക് പോയി. ‌
അലന്റെ ചെന്നിയിലെ ഞരമ്പുകൾ പിടച്ചു കൊണ്ടിരുന്നു. എന്താവും ഗർഭിണിയായ യക്ഷിക്ക് പറയാനുള്ളത്? ആരൊക്കെയാവും അവളുടെ ലക്ഷ്യം? ‌
മഴയുടെയും കാറ്റിന്റെയും ശക്തി വീണ്ടും കൂടി ‌
**** **** **** **** ‌
വെളുപ്പിന് മൂന്നുമണി ആവുന്നതേയുള്ളൂ. ആരോ വെള്ളം കുടിക്കുന്ന ശബ്ദം കേട്ടാണ് ടെസ്സ ഉറക്കത്തിൽ നിന്ന് ഞെട്ടിയുണർന്നത്. വാഷ്ബേസിനിലേക്കുള്ള ടാപ്പ് അടയ്ക്കാൻ മറന്നതാവുമെന്ന് ടെസ്സയ്ക്ക് തോന്നി. മുറിയിൽ അരണ്ട വെളിച്ചമുണ്ടായിരുന്നു. ‌
അടുത്ത നിമിഷം മുരളും പോലെ ശബ്ദം കേട്ടു; ‌
‘‘തണ്ണി’’ ‌
ഒരാന്തലോടെ തല തിരിച്ച ടെസ്സ നടുങ്ങിവിറച്ചു പോയി. കറുത്ത നെടുങ്കൻ കുപ്പായും ധരിച്ച ഒരു രൂപം ജഗ്ഗ് വായിലേക്ക് ചെരിച്ച് വെള്ളം കുടിക്കുന്നു. ഒരലർച്ചയോടെ ടെസ്സ ചാടിപ്പിടഞ്ഞെണീറ്റു. രാത്രി താൻ ലിഫ്റ്റ് കൊടുത്ത ഗർഭിണി ആണ് അതെന്ന് െടസ്സയ്ക്കു മനസ്സിലായി. ‌
അടുത്ത നിമിഷം, ഗർഭിണി ടെസ്സയ്ക്കു നേരെ തിരിഞ്ഞു. അഴിഞ്ഞു ചിതറിയ മുടി അവരുടെ മുഖം മറച്ചു. ചിതറിയ മുടി നാരുകൾക്കു പിന്നിൽ വെള്ളിത്തിളക്കമുള്ള കണ്ണുകൾ ടെസ്സ കണ്ടു. ‌

അധ്യായം 6

6

അധ്യായം 6

പ്രേതങ്ങളെ പിടിക്കാൻ ഒരാൾ!

ഒരു അലർച്ച ടെസ്സയുടെ തൊണ്ടയിൽ കുരുങ്ങി നിന്നു. കയ്യും കാലും മരവിച്ചു പോയതു പോലെ. പിടഞ്ഞെണീക്കാൻ ശ്രമിച്ചെങ്കിലും കാൽമുട്ടുകൾക്കു താഴേക്ക് ശൂന്യമാണെന്ന് തോന്നി.
കൈകള്‍ ബെഡ് ഷീറ്റിനു മീതെ ചുര മാന്തിക്കൊണ്ടിരുന്നു. അടുത്ത നിമിഷം, ഒരലര്‍ച്ചയോടെ ടെസ്സ ചാടിപ്പിടഞ്ഞ് എണീറ്റു. പിന്നെ, മുറിയിലെ ലൈറ്റ് ഇട്ടു. ടെസ്സ അമ്പരന്നു പോയി.
മുറി ശൂന്യം!
കണ്ടത് സ്വപ്നം ആയിരുന്നോ? ഇടതു കൈകൊണ്ട് ടെസ്സ നെറ്റിയിൽ, അമർത്തിപ്പിടിച്ചു. തല പൊട്ടിപ്പൊളിയുന്ന വേദന. ടെസ്സ ഒരാന്തലോടെ ടീപ്പോയ്ക്ക് അടുത്തേയ്ക്ക് വന്നു. ജഗ്ഗ് അവിടെ ഇരിപ്പുണ്ട്. അടുത്ത നിമിഷം, ടെസ്സ ഒന്നു ഞെട്ടി.
ജഗ്ഗിൽ പാതി വെള്ളം മാത്രം!
ടെസ്സ കണ്ണു ചിമ്മി ഒന്നു കൂടി നോക്കി. അതെ.... ജഗ്ഗ് പാതി കാലിയാണ്. ടെസ്സയുടെ തൊണ്ട വരണ്ടു. തലതിരിച്ച് ടെസ്സ ക്ലോക്കിലേക്ക് നോക്കി.
മൂന്ന് നാൽപത്
കിടക്കുന്നതിനു മുമ്പ് ജഗ്ഗിൽ താൻ വെള്ളം നിറച്ചു വച്ചതല്ലേ.... (ഉറക്കത്തിനിടെ എണീറ്റ് താൻ പാതി വെള്ളം കുടിച്ചോ?) ടെസ്സയ്ക്ക് ഒന്നും മനസ്സിലായില്ല.
നെറ്റി തടവി ടെസ്സ ബെഡ്ഡിൽ അൽപനേരം ഇരുന്നു. ഇനി കിടക്കാൻ നേരമില്ല. മാത്രമല്ല... കണ്ണുകൾ അടച്ച് ഉറങ്ങാൻ വല്ലാത്ത ഭയം.

ടെസ്സ പതിയെ എണീറ്റു. പിന്നെ, അറച്ചറച്ച് വാതില്‍ തുറന്നു. നീണ്ട കോറിഡോർ വിജനമായിരുന്നു. അരണ്ട വെളിച്ചം മാത്രം. ഒരു പാവ ഭിത്തിയിൽ ചാരി ഇരിക്കുന്നതു കണ്ടു.
ഉണ്ടക്കണ്ണുകളും നീണ്ട ചെവികളും ഉള്ള ഒരു പാവ. പകൽ കളിച്ചിട്ട് അടുത്ത ഫ്ലാറ്റിലെ കുട്ടികൾ ആരെങ്കിലും ഇട്ടിട്ട് പോയതാണെന്ന് ടെസ്സയ്ക്ക് തോന്നി. കാറ്റടിച്ചിട്ടെന്നോണം അടുത്ത നിമിഷം പാവ ഒന്നു തിരിഞ്ഞു. അതിന്റെ തുറിച്ച കണ്ണുകൾ തന്റെ മുഖത്തിന് നേരെ ആണെന്ന് ടെസ്സയ്ക്ക് തോന്നി.
ടെസ്സ ഭീതിയോടെ കണ്ണുകൾ ഒന്ന് ചിമ്മിത്തുറന്നു. പിന്നെ, ധൃതിയിൽ മുറിയിലേക്ക് കയറി വാതിലടച്ചു. വാതിൽ ലോക്ക് ചെയ്തിട്ട് ടെസ്സ വന്ന് ഡ്രോ തുറന്നു.
ഒരു പെയിൻ കില്ലർ എടുത്തിട്ട് ടെസ്സ ടീപ്പോയിലേക്ക് നേരെ തിരിഞ്ഞു. ജഗ്ഗ് എടുത്തതും ടെസ്സ കിടുങ്ങിപ്പോയി. ജഗ്ഗിൽ ഒരു തുള്ളി വെള്ളം പോലുമില്ല.
കണ്ണുചിമ്മി ടെസ്സ ഒന്നു കൂടി നോക്കി. രണ്ടു മിനിറ്റ് മുമ്പ് ജഗ്ഗിൽ പാതി വെള്ളം താൻ കണ്ടതല്ലേ.
അതോ, തന്റെ തോന്നൽ ആയിരുന്നോ? ഇന്നലെ രാത്രി താൻ ജഗ്ഗ് നിറച്ചു വച്ചില്ലേ?
തലവേദന ഇരട്ടിക്കുന്നതുപോലെ ടെസ്സയ്ക്കു തോന്നി. മേശപ്പുറത്തിരുന്ന മിനറൽ വാട്ടറിന്റെ കുപ്പി എടുത്ത് ടെസ്സ പൊട്ടിച്ചു. പിന്നെ, ഗുളിക വായിലേക്ക് ഇട്ടു.
ഒരു കുപ്പിവെള്ളം മുഴുവൻ കുടിച്ചിട്ടും ദാഹം തീരുന്നില്ലെന്ന് ടെസ്സയ്ക്ക് തോന്നി. ഒരു ചായ കൂടി കുടിച്ചാൽ തലവേദന പെട്ടെന്ന് മാറിയേക്കും എന്ന് ടെസ്സയ്ക്കു തോന്നി.
കോഫീമേക്കറിൽ വെള്ളം ഒഴിച്ചിട്ട് സ്വിച്ച് ഓൺ ചെയ്തു. ടെസ്സ ബ്രഷ് ചെയ്തു വന്നപ്പോഴേക്കും വെള്ളം തിളച്ചു. ടവ്വൽ കൊണ്ട് മുഖം തുടച്ചു കൊണ്ട് കപ്പിലേക്ക് വെള്ളം പകര്‍ന്നു. പിന്നെ, ടീ ബാഗ് ഇട്ടു.
അടുത്ത നിമിഷം, വൈബ്രേറ്ററിൽ കിടന്ന ഫോൺ ഇരമ്പി.
ടെസ്സ ഒന്നു ഞെട്ടി. പിന്നെ, തിരിഞ്ഞ് ഫോൺ എടുത്തു.
ദീപു നാരായണൻ!
നെഞ്ചിനുള്ളിലൂടെ സുഖമുള്ളൊരു കൊള്ളിമീൻ പാഞ്ഞതു പോലെ ടെസ്സയ്ക്കു തോന്നി. ടെസ്സയുടെ കണ്ണുകളിൽ ഒരു പ്രണയത്തിളക്കം ഉണ്ടായി. കവിളുകളില്‍ അറിയാതൊരു ചുവപ്പ് പടർന്നു.
ടെസ്സ ഫോൺ എടുത്തു കാതോട് ചേർത്തു.
‘‘എടീ..... ഫാവി ഫാര്യേ......’’ ദീപുവിന്റെ ചിരി കേട്ടു.
‘‘ഗുഡ് മോർണിംഗ്’’
‘‘നീ എവ്ടെത്തിയെടാ.... ബുദ്ദൂസേ?’’
ടെസ്സ അതാണ് ചോദിച്ചത്. ‘‘ഞാൻ കാക്കനാട് എത്തിയെടീ. ഇവിടുന്ന് ഒരു കട്ടൻ കാപ്പി കുടിച്ചിട്ട് ഞാനിപ്പം അങ്ങെത്തും...’’
‘‘നീ നേരേ വാടാ.... ഞാൻ നല്ലൊരു മെഗാഹിറ്റ് ചായ ഇട്ടുതരാം.
‘‘എന്നാൽപ്പിന്നെ അതു മതി....’’
ദീപു ചിരിച്ചു;
"പ്രേമിക്കുന്ന പെണ്ണിനേം കെട്ടിപ്പിടിച്ചിരുന്ന് മഴയും കണ്ട്, കൊച്ചു വെളുപ്പാൻ കാലത്ത് ഒരു ചൂട് ചായ കുടിക്കുന്നതിന്റെ സുഖം ഒന്ന് വേറെ തന്നെയാ...’’
‘‘ചായ.....വിത്തൗട്ട് ആണേ’’
ടെസ്സ അർഥം വച്ച് ചിരിച്ചു.
‘‘ഓ....ആയ്ക്കോട്ടെ ചക്കരക്കുട്ടി അടുത്തുള്ളപ്പം എന്തിനാടീ പഞ്ചസാര’’
‘‘അച്ചടാ.... പുന്നാരം’’ ടെസ്സ ചിരിച്ചു;
‘‘നീ വേഗം വാ....ങാ.. ഞാൻ നമ്മുടെ സെക്യൂരിറ്റി നാരായണൻ ചേട്ടനോട് നീ വരും എന്നു പറഞ്ഞിട്ടുണ്ട്.
പുള്ളിക്കാരൻ ഡോർ തുറന്ന് തരും...’’
‘‘ഓകെ’’
കോൾ കട്ട് ആയി.
മനസ്സിലെ അസ്വസ്ഥതയും ഭീതിയും കാറ്റടിച്ചതു പോലെ ചിതറിപ്പോവുന്നത് ടെസ്സ അറിഞ്ഞു. തലവേദനയും മാറിയിരുന്നു.
‘‘പ്രണയമേ... നീയാണ് മച്ചൂ... വേദനസംഹാരി’’ പറഞ്ഞു കൊണ്ട് ടെസ്സ ചായ പതിയെ ഊതിക്കുടിച്ചു.
കോളജിലും പ്രസ് അക്കാദമിയിലും ടെസ്സയുടെ ക്ലാസ്മേറ്റ് ആയിരുന്നു ദീപു നാരായണൻ. അന്നു തുടങ്ങിയ പ്രണയമാണ്. വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറാണ് ദീപു. അതു കൂടാതെ പാരാനോർമൽ ആക്റ്റിവിറ്റിയിൽ ഗവേഷണം നടത്തുന്നു.
‘ഗോസ്റ്റ് ഹണ്ടിംഗ്’ നെക്കുറിച്ച് ഒരു പുസ്തകം എഴുതുകയാണ് ദീപു. അതു കൊണ്ടാണ് പാതിരിവനത്തിലേക്കുള്ള യാത്രയിൽ ദീപുവിനെ കൂടി ഒപ്പം കൂട്ടാം എന്നു വച്ചത്.
ടവ്വൽ എടുത്തു കൊണ്ട് ടെസ്സ ബാത്ത്റൂമിനു നേരെ തിരിഞ്ഞു. ദീപു വരമ്പോഴേക്കും കുളിച്ച് നിൽക്കാം. ബാത്ത്റൂമിലേക്ക് കയറിയ ടെസ്സയുടെ നെറ്റി ചുളിഞ്ഞു. അപ്പോൾ ആരോ കുളിച്ചിറങ്ങിയതു പോലെ ബാത്ത്റൂമിന്റെ തറയിലാകെ നനവും സോപ്പ് പതയും!
പകൽ ആരെങ്കിലും ഈ മുറി തുറന്ന് ഉപയോഗിച്ചോ? ടെസ്സ വീണ്ടും ആശയക്കുഴപ്പത്തിലായി.
ഒരു ഇലഞ്ഞിപ്പൂമണം ബാത്ത്റൂമിൽ തങ്ങി നിൽപ്പുണ്ടായിരുന്നു. ടെസ്സ പതിയെ ടാപ്പിന്റെ അടപ്പ് തിരിച്ചു.
കൃത്യം പതിനഞ്ച് മിനുറ്റ് കഴിഞ്ഞു. ഒരു ബജാജ് അവഞ്ചർ ബൈക്ക് മുമ്പിലേക്ക് വന്നു നിന്നു. ടോർച്ചുമായി സെക്യൂരിറ്റി നാരായണൻകുട്ടി വരുന്നുണ്ടായിരുന്നു. നാരായണേട്ടോ.... ഞാനാ’’
ദീപു ഉറക്കെ വിളിച്ചു പറഞ്ഞു.
‘‘ങാ സാറേ... മാഡം പറഞ്ഞാരുന്നു’’ നാരായണൻകുട്ടി ഗേറ്റ് തുറന്നു.
‘‘ഒരു യാത്രയുണ്ട്’’
പറഞ്ഞിട്ട് ദീപു ബൈക്ക് ഫ്ലാറ്റിന്റെ മുറ്റത്തേക്ക് ഓടിച്ചു കയറ്റി.
ടെസ്സ നനഞ്ഞ മുടി തോർത്തിക്കൊണ്ട് നിൽക്കുമ്പോൾ കോളിങ് ബെൽ മുഴങ്ങി. പീപ്പിംഗ് ലെൻസിലൂടെ നോക്കാനൊന്നും നിന്നില്ല. ടെസ്സ ചെന്നു വാതിൽ തുറന്നു. ടെസ്സ ഞെട്ടിപ്പോയി.
കോറിഡോർ ശൂന്യമായിരുന്നു. കോളിംഗ് ബെല്ലിന്റെ ശബ്ദം തനിക്ക് തോന്നിയതാണോ? ടെസ്സ സ്വയം തലയ്ക്കടിച്ചു.
പിന്നെ, ഡോറടച്ചു. ഈ സമയം ലിഫ്റ്റിനു മുമ്പിൽ നിൽക്കുകയായിരുന്നു ദീപു. ദീപു ലിഫ്റ്റിലേക്ക് കയറി. പിന്നെ, പതിമൂന്നാം നമ്പർ ബട്ടണിൽ വിരലമർത്തി. ലിഫ്റ്റ് ഉയർന്നു.
ആറാമത്തെ നിലയിൽ എത്തിയതും ലിഫ്റ്റ് ഒന്നുലഞ്ഞു. പിന്നെ നിന്നു. ലിഫ്റ്റിന്റെ ഡോർ ഇരുവശത്തേക്കും മാറി. ആരും കയറിയില്ല.
ലിഫ്റ്റ് വീണ്ടും അടഞ്ഞു. പിന്നെ, മുകളിലേക്ക്.
പക്ഷേ, ലിഫ്റ്റിൽ ആരോ ഉള്ളതുപോലെ ഒരു തോന്നൽ ദീപുവിന് ഉണ്ടായി.
ചൂടു നിശ്വാസത്തിന്റെ ഒരു ഇരമ്പൽ ശബ്ദം. ദീപു ഒരു നിമിഷം ശ്വാസമടക്കി നിന്നു. അപ്പോഴും ശ്വാസോച്ഛ്വാസത്തിന്റെ ശബ്ദം കേട്ടു. ദീപുവിന്റെ മിഴികൾ ഒന്നു പിടഞ്ഞു.
ലിഫ്റ്റ് പതിമൂന്നാം നിലയിൽ നിന്നു. ദീപു ഇറങ്ങി.
പിന്നെ, ടെസ്സയുടെ ഫ്ലാറ്റിനു മുമ്പിലെത്തി കോളിംഗ് ബെൽ അമര്‍ത്തി. ഇത്തവണ പീപ്പിംഗ് ലെൻസിലൂടെ നോക്കിയിട്ടാണ് ടെസ്സ വാതിൽ തുറന്നത്.
‘‘കൂയ്......’’
ദീപു മുറിയിലേക്ക് കയറി. ടെസ്സ വാതിലടച്ച് തിരിഞ്ഞു. ദീപു ബാക്ക്പാക്ക് ഊരി ബെഡ്ഡിലേക്ക് ഇട്ടു. പിന്നെ, ടെസ്സയെ നോക്കി;
‘‘മറന്ന് പോവുന്നതിനു മുമ്പ് ആ ചടങ്ങ് അങ്ങ് നടത്തിയേക്കാം’’
‘‘എന്ത്?’’
ടെസ്സ ദീപുവിനെ തുറിച്ചു നോക്കി.
‘‘കുന്തം. അറ്റൻഷൻ’’
പറഞ്ഞിട്ട് ദീപു ടെസ്സയെ പിടിച്ചു നിർത്തി. പിന്നെ, ചേർത്തണച്ച് ടെസ്സയുടെ പിൻകഴുത്തിൽ മൃദുവായി ഒരു ഉമ്മ വച്ചു;
‘‘ലവ്....യൂ..... സോ മച്ച്’’
‘‘മീ.... ടൂ’’ ടെസ്സ കുറുകി.
‘‘പുല്ല്....’’
ദീപു പുറകോട്ടു മാറി.
‘‘ആ വാക്ക് കേൾക്കുന്നതേ ഇപ്പം പേടിയാ....’’
‘‘എന്തെടാ...’’ ടെസ്സ ഉറക്കെ ചിരിച്ചു;
‘‘നിനക്കെതിരെയും വല്ല വെളിപ്പെടുത്തലുകളും വരാറുണ്ടോ?’’ ടെസ്സ ദീപുവിന്റെ ചുമലിലൂടെ ഇരുകയ്യുമിട്ട് ചേർത്തു നിർത്തി.
‘‘നീ ഏത് സോപ്പ് ആണ് ഉപയോഗിക്കുന്നത്?’’ ദീപു ടെസ്സയെ നോക്കി.
‘‘എന്താടാ?’’
‘‘നല്ല ഇലഞ്ഞിപ്പൂവിന്റെ മണം’’
‘‘എനിക്കും തോന്നി.... അടുത്തെവിടെങ്കിലും ഇലഞ്ഞി പൂത്തു കാണും’’ ടെസ്സ ദീപുവിന്റെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു;
‘‘ഇനി മിടുക്കനായിട്ട് അവിടെങ്ങാനും ഇരുന്നാൽ ഒരു ചായ ഞാൻ തരാം.’’
‘‘ഓ... ആയ്ക്കോട്ടെ’’
ദീപു ബെഡ്ഡിലേക്ക് ഇരുന്നു. പിന്നെ, ബാഗ് തുറന്ന് ‘പാരാനോർമൽ എക്യുപ്മെന്റ്സ്’ എടുത്ത് ബെഡ്ഡിലേക്കു വച്ചു. ഗോസ്റ്റ് ഹണ്ടിംഗിനുള്ള ഉപകരണങ്ങളാണ്.
‘‘ഇതെന്തിനാ.... നീ ഇതെല്ലാം എടുക്കുന്നത്?’’ ടെസ്സ ചിരിയോടെ ദീപുവിനെ നോക്കി.
‘‘ചുമ്മാ....’’ ദീപു ചിരിച്ചു.
‘‘നീ പ്രേതമാണോ എന്നറിയേണ്ടേ?’’ ഉപകരണങ്ങൾ ഓരോന്നായി ദീപു എടുത്തു പുറത്തു വച്ചു.
എട്ട് ചാനൽ, ഉള്ള ‘ട്രിബോ ഇലക്ട്രിക് ഫീൽഡ് മീറ്റർ’ ആയ പാരാസ്കോപ്പ്, ഇ.എം.എഫ് മീറ്റർ.... ടെംപറേച്ചർ റെഡ് ഇല്യുമിനേറ്റർ.... ഗോസ്റ്റ് ഡിറ്റക്ടർ.. വൈബ്രേറ്റര്‍ അലാറം.... ഗോസ്റ്റ് ഹണ്ടിംഗ് ക്യാമറ.... ഇ.വി.പി. ഡിവൈസ്... എയർ ഐക്കൺ കൗണ്ടർ....
ചായ എടുക്കുന്നതിനിടയിലും ടെസ്സ കൗതുകത്തോടെ നോക്കുകയായിരുന്നു ഇതെല്ലാം.
‘‘നീ എന്താ പ്രേതങ്ങളുമായി യുദ്ധത്തിന് പോവാണോ? ടെസ്സ ചിരിച്ചു.
അടുത്ത നിമിഷം ആരോ പല്ലുകടിച്ചു പൊട്ടിക്കുന്നതു പോലൊരു ശബ്ദം മുറിയിൽ ഉണ്ടായി. ദീപുവിന്റെ മിഴികൾ ഒന്നു ഇടുങ്ങി. ദീപു ചെവി വട്ടം പിടിച്ചു. വീണ്ടും അതേ ശബ്ദം!
ദീപു പതിയെ തിരിഞ്ഞ് ‘പാരാസ്കോപ്പും’ ‘ഗോസ്റ്റ് ഡിറ്റക്ടറും’ ഓൺ ചെയ്തു. അടുത്ത നിമിഷം, ദീപുവും ടെസ്സയും ഒരേ പോലെ ഞെട്ടി.
‘ഗോസ്റ്റ് ഡിറ്റക്ടറിൽ നിന്ന് ചുവന്ന വെളിച്ചം ബ്ലിങ്ക് ചെയ്യാൻതുടങ്ങി. അതിനർഥം....
ദീപുവിന്റെ ചെന്നിയിലെ ഞരമ്പുകൾ ഒന്നു പിടച്ചു.
മുറിയിൽ പ്രേതസാന്നിധ്യം ഉണ്ട് !!!

അധ്യായം 7

7

അധ്യായം 7

വനത്തിന് നടുവിൽ ഒരു 'ശവ വണ്ടി! '

എന്താടാ .."
ദീപുവിന്റെ മുഖത്തെ ഭാവമാറ്റം കണ്ട് ടെസ്സ അമ്പരന്നു.
"എന്തു പറ്റി "
"ഏയ്... ഒന്നുമില്ല"
ദീപു മുഖത്തെ അമ്പരപ്പ് പുറമെ കാണിച്ചില്ല.
അപ്പോഴേക്കും ഗോസ്റ്റ് ഡിറ്റക്ടറിലെ വെളിച്ചം അണഞ്ഞു.
"നിന്റെ ഫ്രണ്ട്സ് ആരെങ്കിലും ഇന്നലെ ഇവിടെ വന്നിരുന്നോ ?"
ദീപു ടെസ്സയെ നോക്കി.
" ഇല്ലെടാ ... എന്താ ?"
"ഒന്നുമില്ല"
"പക്ഷേ, ഇന്നലെ മുതൽ ... "
പറയാൻ വന്നത് ടെസ്സ പാതി വഴിയിൽ നിർത്തി.
"ഇന്നലെ മുതൽ ... " ദീപു ഉദ്വേഗത്തോടെ ടെസ്സയെ തുറിച്ച് നോക്കി.
" പറയ്"
"ഇന്നലെ രാത്രി ഞാൻ വല്ലാതെ പേടിച്ചു മുറിയിൽ വേറെ ആരുടെയോ പ്രസൻസ് ഉള്ളതുപോലെ "
അതു പറയുമ്പോൾ ടെസ്സയുടെ കണ്ണുകൾ ഭീതി കൊണ്ട് മിഴിഞ്ഞു.
വെളുപ്പാൻ കാലത്ത് കണ്ട ദൃശ്യം ആയിരുന്നു ടെസ്സയുടെ മനസ്സ് നിറയെ.

മുറിയിൽ നിന്ന് വെള്ളം കുടിക്കുന്ന കറുത്ത രൂപം !
തലേ രാത്രി താൻ ലിഫ്റ്റ് കൊടുത്ത ഗർഭിണിയുടെ കാര്യവും ടെസ്സ ദീപുവിനോട് പറഞ്ഞു.
"നീ എന്തിനാ ഈ ആവശ്യമില്ലാത്ത പണിക്കൊക്കെ പോവുന്നത്? "
ദീപു വഴക്ക് പറയും മട്ടിൽ ടെസ്സയെ നോക്കി,
" സ്ട്രെയിഞ്ചേഴ്സിന് ലിഫ്റ്റ് കൊടുക്കാൻ പാടില്ലെന്നറിഞ്ഞുകൂടേ... അതും രാത്രി .. "
"അതല്ലടാ ... പ്രഗ്നന്റ് ലേഡി ആണെന്ന് കണ്ടപ്പോ ..."
"ശരി... ശരി. നീ വേഗം റെഡിയാക്.
ഞാൻ പുറത്ത് നിൽക്കാം "
പറഞ്ഞിട്ട് ഫോണുമെടുത്ത് ദീപു മുറിക്ക് പുറത്തേക്ക് പോയി.
കോറിഡോറിലൂടെ ഇടംവലം നടക്കുമ്പോൾ ദീപുവിന്റെ ചെന്നിയിലെ ഞരമ്പുകൾ പിടച്ചു കൊണ്ടിരുന്നു.
ടെസ്സയുടെ മുറിയിലെ പ്രേത സാന്നിദ്ധ്യം.
'ഇനി ടെസ്സയുടെ ശരീരത്തിൽ എന്തെങ്കിലും നെഗറ്റീവ് എനർജി കടന്നതാണോ?'
ആ ഓർമ്മയിലും ദീപു ഒന്നു ഞെട്ടി.
തലേ രാത്രി ടെസ്സ കാറിൽ ലിഫ്റ്റ് കൊടുത്ത ഗർഭിണിയുടെ രൂപം ദീപുവിന്റെ മനസ്സിലേക്കും പാഞ്ഞു വന്നു.
മഴയിൽ കുതിർന്നു നിൽക്കുന്ന ഗർഭിണി!
മനസ്സ് അസ്വസ്ഥമാവുന്നത് ദീപു  അറിഞ്ഞു.
നെഗറ്റീവ് എനർജി പരിസരത്ത് എവിടെയോ ഉണ്ട്!
ദീപു കോറിഡോറിന്റെ അങ്ങേയറ്റത്തേക്ക് നോക്കി.
ഒരു മുറിയുടെ വാതിലിൽ ചാരി ഒരു പാവ ഇരിക്കുന്നത് കണ്ടു.
അതിന്റെ മിഴിഞ്ഞ കണ്ണുകൾ തന്റെ മുഖത്തിക്ക് നേരെയാണെന്ന് ദീപുവിന് തോന്നി.
അടുത്ത നിമിഷം,
ഒരു വാങ്ക് വിളിയുടെ ശബ്ദം കേട്ടു .
അടുത്തുള്ള ഏതോ മുസ്ലീം പള്ളിയിൽ നിന്നാണ്.
ദീപു വാച്ചിൽ നോക്കി.
അഞ്ചു മണി കഴിഞ്ഞിരിക്കുന്നു.
ഡോർ തുറക്കുന്ന ശബ്ദം പിന്നിൽ നിന്ന് കേട്ടു.
ദീപു തിരിഞ്ഞു.
ടെസ്സയാണ്.
ടെസ്സ വേഷം മാറി കഴിഞ്ഞിരിക്കുന്നു.
ചെക്ക് ഷർട്ടും ഇളം നീല നിറത്തിലുള്ള നാരോ ഫിറ്റ് ജീൻസുമാണ് വേഷം.
മുടി ഉച്ചിയിൽ കെട്ടിയിട്ടുണ്ട്.
" അണ്ണാച്ചീ... കെളമ്പാം "
ടെസ്സ ചിരിയോടെ ദീപുവിനെ നോക്കി.
" പോവാം "
ദീപു മുറിയിലേക്ക് കയറി.
പിന്നെ, തന്റെ ബാഗെടുത്ത് ചുമലിലിട്ടു.
പെട്ടെന്ന് ഓർത്തതു പോലെ ദീപു ടെസ്സയെ നോക്കി,
" നീയാ ബൈബിളെടുത്ത് ഒന്നു വായിച്ചേ "
മനപ്പൂർവ്വമാണ് ദീപു അങ്ങനെ പറഞ്ഞത്.
ടെസ്സയിൽ എന്തെങ്കിലും നെഗറ്റീവ് എനർജിയുണ്ടോ എന്നറിയണം.
" ഇതെന്താടാ ഒരു പുതുമ? "
ടെസ്സ അത്ഭുതം കലർന്ന ഒരു ചിരിയോടെ ദീപുവിനെ നോക്കി.
" ഒന്നുമില്ലെടീ... ഒരു ദൂരയാത്ര പോവല്ലേ "
ദീപു അങ്ങനെയാണ് മറുപടി  പറഞ്ഞത്.
" ശരി വായിച്ചേക്കാം"
ടെസ്സ ബൈബിൾ എടുത്തു നിവർത്തി .
പിന്നെ, സങ്കീർത്തനങ്ങൾ എടുത്ത് അല്പം ഉച്ചത്തിൽ തന്നെ വായിച്ചു.
ദീപുവിന് ആശ്വാസമായി.
" ശരി. ഇറങ്ങാം"
ടെസ്സയും ദീപുവും പുറത്തിറങ്ങി.
ടെസ്സ വാതിൽ പൂട്ടി.
ലിഫ്റ്റിൽ ഗ്രൗണ്ട് ഫ്ളോറിലെത്തി.
" ബൈക്ക് ഓർ കാർ "
ദീപു ടെസ്സയെ നോക്കി.
" ബൈക്ക് മതിയെടാ.."
ടെസ്സയുടെ കണ്ണുകളിൽ ഒരു പ്രണയത്തിളക്കമുണ്ടായി.
" നിന്റെ ബൈക്കിനു പിന്നിൽ നിന്നെ കെട്ടിപ്പിടിച്ചിരുന്ന് യാത്ര ചെയ്യുന്നതാ ഒരു സുഖം"
"ഓക്കെ. അപ്പോ ഈ ലഗേജോ ..?"
"ക്യാമറാ ക്രൂവിൻെറ ഒരു ടെമ്പോ ട്രാവലർ വരുന്നുണ്ട്. ബാഗൊക്കെ അതിലിട്ട് വിടാം"
"ഓക്കെ "
അവർ പാർക്കിംഗ് ഏരിയായിൽ എത്തിയപ്പോഴേക്കും ഒരു ടാക്സി ഇന്നോവ കാർ വന്നു നിന്നു.
അതിൽ നിന്ന് അറുപത് വയസ്സ് തോന്നിക്കുന്ന ഒരാളും ഭാര്യയും ഇറങ്ങി.
റിട്ടയേർഡ് ഡിവൈ.എസ്.പി ശങ്കരൻ മേനോനും  ഭാര്യ പ്രമീളാദേവിയും.
'സിക്സ് - ബി' യിലെ താമസക്കാരാണ്.
" പൊലീസ് അങ്കിളും ആന്റിയും രാവിലെ എവിടെപ്പോയി?''
ടെസ്സ ചിരിയോടെ അവരെ നോക്കി.
" തൃക്കാക്കരയില് ... നിർമ്മാല്യം തൊഴാൻ "
പ്രമീളാദേവിയാണ് പറഞ്ഞത്.
"മോള് ഇത് എവിടേക്കാ വെളുപ്പിനെ "
" നാട്ടിലേക്കാ.. "
ടെസ്സ ചിരിച്ചു;
"ഇനി ഒരാഴ്ച അവിടെയാ "
"ഇയാൾടെ ഗോസ്റ്റ് ഹണ്ടിംഗ് ഒക്കെ നടക്കുന്നുണ്ടല്ലോ അല്ലേ "
ശങ്കരൻ മേനോൻ ദീപുവിനെ നോക്കി.
"ഉവ്വ് "
ദീപു ചെറിയ ചമ്മലോടെ ചിരിച്ചു.
"താനാ മെഷീനും കൊണ്ട്
നിയമസഭേലോട്ട് ചെല്ലടോ... ഇഷ്ടം പോലെണ്ണത്തിനെ  കിട്ടും "
ശങ്കരൻ മേനോൻ ഉറക്കെ ചിരിച്ചു.
"ങാ.. ആൻറീ''
ടെസ്സ പ്രമീളാദേവിയെ നോക്കി,
" പുതിയ സെർവൻറിനെ ഒക്കെ വച്ചല്ലേ.. "
"ഞങ്ങളോ ?"
പ്രമീളാദേവി അമ്പരന്നു.
"ണ്ടാ.. ഞാനല്ലേ ഇന്നലെ രാത്രി ലിഫ്റ്റ്  കൊടുത്തത്. ഒരു ഗർഭിണിപ്പെണ്ണിന് "
"ഞങ്ങള് സെർവന്റിനെ ഒന്നും വച്ചിട്ടില്ല മോളേ."
പ്രമീളാദേവി പറഞ്ഞു.
" അല്ലെങ്കിത്തന്നെ ഞങ്ങളു രണ്ട് പേരു മാത്രമുള്ളിടത്ത് എന്തിനാ മോളേ ഒരു സെർവന്റ്"
"അതും ഗർഭിണിയെ "
ശങ്കരൻ മേനോൻ ഉറക്കെ ചിരിച്ചു,
" ഞങ്ങൾക്കേ എണീറ്റ് നടക്കാൻ വയ്യാ "
"പക്ഷേ, എന്നോട് സിക്സ് ബി എന്നു തന്നെയാ പറഞ്ഞത് "
ടെസ്സയ്ക്ക് സംശയം മാറിയില്ല.
" അതു ചെലപ്പം പറഞ്ഞപ്പം ഫ്ലാറ്റ് നമ്പറ് മാറിയതായിരിക്കും... "
അത് ശരിയായേക്കാം എന്ന് ടെസ്സയ്ക്കും തോന്നി.
" ശരി. നിങ്ങള് പോയിട്ട് വാ "
ശങ്കരൻ മേനോനും ഭാര്യയും ഗ്രൗണ്ട് ഫ്ലോറിന് നേരെ നടന്നു.
ആശയക്കുഴപ്പത്തിൽപ്പെട്ടതു പോലെ നിൽക്കുകയായിരുന്നു ടെസ്സ .
ദീപു അവഞ്ചറിലേക്ക് കയറി.
സെൽഫ് സ്റ്റാർട്ടർ അമർത്തി ബൈക്ക് സ്റ്റാർട്ട് ചെയ്തു.
പിന്നെ തല തിരിച്ച് ടെസ്സയെ നോക്കി;
" കയറെടീ.."
ടെസ്സ ബൈക്കിന്റെ പിന്നിലേക്ക് കയറി.
അപ്പോഴും ടെസ്സയുടെ മുഖത്തെ അമ്പരപ്പ് മാറിയിരുന്നില്ല.
ബൈക്ക് പതിയെ തിരിഞ്ഞ് റോഡിലേക്ക് ഇറങ്ങി.
*           *       *
കരിവേടകം വനത്തിലൂടെ പൊലീസ് ജീപ്പ്  ഓടിക്കൊണ്ടിരുന്നു.
മൊട്ടക്കുന്നിന് മുകളിൽ  ജീപ്പ് എത്തിയപ്പോൾ
എസ്.ഐ അലൻ ഏബ്രഹാം
എ.എസ്.ഐ യോഹന്നാനെ നോക്കി;
"വണ്ടി ഒന്നു നിർത്തിക്കേ യോഹന്നാനേ ''
" എന്നാ പറ്റി സാറേ.. "
യോഹന്നാൻ ജീപ്പ് ഒതുക്കി നിർത്തി.
" അല്ലെടോ.. ഇവിടാവുമ്പം ചെലപ്പം ഫോണിന് നല് റേഞ്ച് കിട്ടും "
അലൻ ഇറങ്ങി.
യോഹന്നാനും ഇറങ്ങി.
ഫോണുമായി അലൻ കുറച്ച് മുമ്പോട്ട് നടന്നു.
യോഹന്നാൻ ജീപ്പിന്റെ ബോണറ്റിൽ ചാരി നിന്നതേയുള്ളു.
അഞ്ചു മിനിറ്റ് .
സംസാരം കഴിഞ്ഞ് അലൻ തിരികെ വന്നു.
അലന്റെ മുഖത്ത് ഒരു വിളർച്ച ഉണ്ടായിരുന്നു.
" എന്നതാ സാറേ.. "
യോഹന്നാൻ അലനെ നോക്കി.
" സീതയൊക്കെ നാട്ടീന്ന് ഇങ്ങോട്ട് പുറപ്പെട്ടു."
അലന്റെ സ്വരത്തിൽ അല്പം ക്ഷീണമുണ്ടായിരുന്നു.
"യാത്ര ഒന്ന് മാറ്റി വയ്ക്കാൻ പറയാമെന്ന് കരുതി വിളിച്ചതാ ഞാൻ. പക്ഷേ....''
'' വരാതിരിക്കുന്നതാരുന്നു സാറേ നല്ലത് "
യോഹന്നാൻ ഒന്നു നിർത്തി,
"എന്തായാലും പുറപ്പെട്ട സ്ഥിതിക്ക് വരട്ട്.
നേരെ സ്റ്റേഷനിലേക്ക് വരാൻ പറഞ്ഞാൽ മതി."
യോഹന്നാൻ ഒന്നു നിർത്തി.
"സാറ് പേടിക്കാതെ. കർത്താവ് അറിയാതെ ഒന്നും സംഭവിക്കുവേല.
കർത്താവ് കാത്തോളുമെന്നേ... "
അലനും യോഹന്നാനും തിരികെ ജീപ്പിലേക്ക് കയറി.
*         *             *
ഉച്ചകഴിഞ്ഞതും വീണ്ടും മഴ തുടങ്ങി.
സീതാരാമനാഥനും ഒറോതയും വന്ന ടാറ്റാ ആര്യാവാൻ നൂൽപ്പുഴ റോഡിൽ നിന്ന് കരിവേടകം വനത്തിലേക്ക് കയറി.
കാട്ടുപാതയിലൂടെ മലവെള്ളം കുത്തിയൊലിച്ച് വരുന്നുണ്ടായിരുന്നു.
" ചേച്ചിയേ.."
സ്റ്റിയറിംഗ് തിരിക്കുന്നതിനിടെ ഡ്രൈവർ രമേശൻ തല തിരിച്ച് സീതയെ നോക്കി;
"സാറിന് ഇവിടേക്കല്ലാതെ വേറെങ്ങോട്ടും മാറ്റം കിട്ടിയില്ലേ ചേച്ചീ.
എന്തൊരു കാടാ ഇത് "
"നമ്മള് ആഗ്രഹിക്കുന്നിടത്തേക്ക് കിട്ടുന്നതാണോ മോനേ രമേശാ ... ഈ ട്രാൻസ്ഫർ എന്നു പറയുന്നത് "
"അതല്ല "
"കർത്താവേ എന്റെ അച്ചാറൊന്നും പോവരുതായിരുന്നു "
വണ്ടിയുടെ ഓരോ കുലുക്കത്തിനും അനുസരിച്ച് ഒറോതച്ചേട്ടത്തിയുടെ പ്രാർത്ഥന അതായിരുന്നു.
"പസ്റ്റ് ..."
ഡ്രൈവർ രമേശൻ ചിരിച്ചു ;
" ഞാൻ കരുതി ചേച്ചീടെ വയറ്റിൽ കിടക്കുന്ന കൊച്ചിനു വേണ്ടിയാ പ്രാർത്ഥന എന്ന് "
"നീ നേരെ നോക്കി വണ്ടി ഓടിക്കെടാ.."
ഒറോതച്ചേടത്തിക്ക് ദേഷ്യം വന്നു.
വണ്ടി കരിവേടകം വനത്തിന്റെ മധ്യത്തിലായി.
ഒട്ടൊരു ഭയത്തോടെയാണ് രമേശൻ വണ്ടി ഓടിച്ചത്.
ഒരു വളവ് തിരിഞ്ഞതും രമേശൻ ബ്രേക്കിൽ കാൽ അമർത്തി.
"എന്താ രമേശാ ..?"
സീത അമ്പരപ്പോടെ രമേശനെ നോക്കി.
" ചേച്ചീ... ദേ "
രമേശൻ വിരൽ ചൂണ്ടിയിടത്തേക്ക് സീതയും നോക്കി.
റോഡിൽ കിടക്കുന്ന ഒരു കറുത്ത ആംബുലൻസ്!
" ഒരു ആംബുലൻസല്ലേ "
സീത രമേശനെ നോക്കി,
"അത് ഇവിടെ ... ഈ നേരത്ത് "
ഗർഭിണിയുടെ മൃതശരീരവുമായി പോവും വഴി കാണാതായ അതേ
'ശവവണ്ടി' ആയിരുന്നു അത്.
" ഞാൻ നോക്കാം "
രമേശൻ കുടയുമെടുത്ത് മഴയിലേക്ക് ഇറങ്ങി ...
കാത്തിരിക്കുന്ന അപകടം അറിയാതെ... !

അധ്യായം 8

8

അധ്യായം 8

ഇലഞ്ഞി മരക്കൊമ്പിലെ പ്രേതം!

" രമേശാ ..."
സീത പിന്നിൽ നിന്ന് വിളിച്ചു. എന്തോ ഒരു ഭയം തണുപ്പു പോലെ സീതയുടെ മനസ്സിനെ വന്നു പൊതിഞ്ഞു. വലതു കൈത്തണ്ടയിലെ ജപിച്ചു കെട്ടിയിരുന്ന ചരട് ചുട്ടുപൊള്ളുന്നതുപോലെ. യക്ഷിയമ്പലമായ പനയന്നാർ കാവിൽ നിന്ന് അഘോര മന്ത്രം ഉരുക്കഴിച്ച് ജപിച്ച് കെട്ടിയ ചരടാണ്.
" എന്താ ചേച്ചീ .. "
രമേശൻ വണ്ടിയുടെ വിൻഡോയ്ക്ക് അടുത്തെത്തി.
"സൂക്ഷിച്ച് .."
അങ്ങനെ പറയാനാണ് സീതയ്ക്ക് തോന്നിയത് ;
" കൊടും കാട് ആണ്"
"ഓ.. "
ഒന്നു തല കുലുക്കിയിട്ട് രമേശൻ ആംബുലൻസിനു നേരെ നടന്നു.

"ഇത് ഏത് വെളിവില്ലാത്തവനാ ഈ നടുറോഡിൽ കൊണ്ടു വന്ന് വണ്ടി ഇട്ടേച്ചും പോയത്..." ഒറോതച്ചേടത്തിക്ക് ദേഷ്യം അടക്കാനായില്ല;
''ഒരു മാതിരി മര്യാദയില്ലാത്ത പണി ... "
"എന്റെ പൊന്നു ചേടത്തീ... ഇത് കാട് അല്ലേ.. ? " സീത ഒന്ന് തണുപ്പിക്കാൻ ശ്രമിച്ചു.
പക്ഷേ, ഒറോതച്ചേടത്തി ക്ഷമിക്കാനുള്ള ഭാവമില്ലായിരുന്നു ;
"എന്നാലും നമ്മള് വരുന്നത് അറിയത്തില്ലേ?"
"പസ്റ്റ് ..."
സീത പിന്നെ മിണ്ടിയില്ല.
രമേശൻ ആംബുലൻസിന് അടുത്ത് എത്തി നിന്നു.
"ഹലോ "
രമേശൻ ഉറക്കെ വിളിച്ചു.
"കൂയ്... ആരുമില്ലേ?"
രമേശൻ വാനിനു ചുറ്റും ഒന്നു നടന്നു. പഴയ 'സ്റ്റാൻഡാർഡ്' മോഡൽ വാൻ ആണ്. തേഞ്ഞു തീരാറായ ടയറുകൾ. പ്രേതം പല്ലിളിച്ച് നിൽക്കുന്നതു പോലത്തെ വലിയ ഗ്രിൽ! തടിച്ച ബംപറുകൾ. വട്ടക്കണ്ണ് പോലത്തെ ഹെഡ് ലൈറ്റുകൾ! രമേശൻ പതിയെ വാനിന്റെ ബോണറ്റിൽ ഒന്നു തൊട്ടു. മിന്നൽ വേഗത്തിൽ രമേശൻ കൈ പിൻവലിച്ചു കളഞ്ഞു. പൊള്ളുന്ന ചൂട്. അപ്പോൾ ഓടി വന്ന് നിന്നതാണെന്നു തോന്നി വാൻ.
"ഹലോ "
രമേശൻ ഒന്നുകൂടി ഉറക്കെ വിളിച്ചു. പ്രതികരണമില്ല. രമേശൻ പതിയെ വന്ന് ആംബുലൻസിന്റെ ഡോർ വലിച്ചു തുറന്നു. കീറിപ്പറിഞ്ഞ റെക്സിൻ കവറുകളോടു കൂടിയ സീറ്റ്. വാനിനുള്ളിൽ ഇലഞ്ഞിപ്പൂവിന്റെ ഗന്ധം ആയിരുന്നു.
രമേശൻ വാനിന്റെ പിന്നിലേക്ക് എത്തി നോക്കി. ശവം മൂടുന്ന ഒരു വെള്ള കച്ചത്തുണിയും ചോര പുരണ്ട കുറച്ച് പഞ്ഞിക്കഷണങ്ങളും കിടപ്പുണ്ട്.
രമേശന് വല്ലായ്മ തോന്നി. അപ്പോഴാണ് രമേശൻ അത് ശ്രദ്ധിച്ചത്. വാനിന്റെ താക്കോൽ  കീ ഹോളിൽ കിടപ്പുണ്ട്.
" അതു ശരി .. " രമേശൻ പിറുപിറുത്തു;
"നമ്മക്ക് പണി തന്നേച്ചാ ... ഡ്രൈവറ് ചേട്ടായി പോയേക്കുന്നത് ..."
ഡ്രൈവറെ കാത്തു നിൽക്കാതെ ആംബുലൻസ് താൻ തന്നെ മാറ്റിയിടുന്നതാണ് നല്ലതെന്ന് രമേശന് തോന്നി.
"എന്നാപ്പിന്നെ... അങ്ങനെ തന്നെ "
ചുറ്റും ഒന്നു നോക്കിയിട്ട് രമേശൻ ആംബുലൻസിലേക്ക് കയറി.
"ഇതല്ല ... ഇതിനപ്പുറം ചാടിക്കടന്നവനാണീ കെ.കെ രമേശൻ." ഈണത്തിൽ പറഞ്ഞു കൊണ്ട് രമേശൻ ആംബുലൻസിന്റെ ഡോർ വലിച്ചടച്ചു. വണ്ടി ഒന്നു കുലുങ്ങി.
അടുത്ത നിമിഷം, വനത്തിനുള്ളിൽ നിന്ന് ഒരു ഇരമ്പൽ മുഴങ്ങി. ഒരു ചെറു വിമാനം താഴ്ന്നു പറക്കുന്നതു പോലത്തെ ശബ്ദം! പൊടുന്നനെ ശക്തമായി കാറ്റ് വീശാൻ തുടങ്ങി. തറയിൽ നിന്ന് ചുഴലി പോലെ കാറ്റ് വട്ടം ചുറ്റി മുകളിലേക്ക് ഉയർന്നു. ഒപ്പം കാറ്റും പൊടിയും കരിയിലകളും..! മരങ്ങൾ തുള്ളി വിറയ്ക്കുന്നതു പോലെ ഉലഞ്ഞാടുന്നത് കണ്ടു.
കാറ്റിന്റെ ശക്തിക്ക് അനുസരിച്ച് ആംബുലൻസ് ഉലഞ്ഞു കൊണ്ടിരുന്നു. ആംബുലൻസ് ആരോ പിടിച്ച് കുലുക്കുന്നത് പോലെയാണ് രമേശന് തോന്നിയത്. വിറയ്ക്കുന്ന കൈ കൊണ്ട് രമേശൻ ഒരു വിധം ആംബുലൻസ് സ്റ്റാർട്ട് ചെയ്തു. ആംബുലൻസിന്റെ സ്റ്റിയറിംഗ് വീലിനു മീതെ മരണത്തണുപ്പ് ആയിരുന്നു. രമേശൻ ക്ലച്ച് അമർത്തി ഗിയർ ലിവർ തട്ടി.
പിന്നെ പണിപ്പെട്ട് വാൻ പാതയോരത്തേക്ക് ഒതുക്കിയിട്ടു
" പുല്ല്.. "
പിറുപിറുത്തു കൊണ്ട് രമേശൻ ആംബുലൻസിൽ നിന്ന് ചാടി;
"മനുഷനെ മെനക്കെടുത്താൻ ഓരോന്ന് വന്ന് വഴി വെലങ്ങി കെടന്നോളും.. "
രമേശൻ ഡോർ അടച്ചു.
പിടിച്ച് നിർത്തിയതു പോലെ കാറ്റ് നിന്നു. കാതടപ്പിക്കുന്ന ഇരമ്പൽ വനത്തിന്റെ ഇരുട്ടിലേക്ക് ഉൾവലിഞ്ഞ് പോയി. രമേശൻ തിരികെ കാറിനടുത്തേക്ക് വന്നു.
" ആംബുലൻസിന്റെ ഡ്രൈവറെ കണ്ടില്ല ചേച്ചീ..."
സീതയോട് പറഞ്ഞു കൊണ്ട് രമേശൻ കാറിലേക്ക് കയറി;
"പക്ഷേ, ഭാഗ്യത്തിന് താക്കോൽ വണ്ടിയിലിട്ടിട്ടാ ഡ്രൈവറ് വനത്തിൽ തെണ്ടാൻ പോയത്.
അതു കൊണ്ട് വണ്ടി മാറ്റിയിടാൻ പറ്റി"
"ഇവനെയൊക്കെ കണ്ടാൽ... കാണുന്നിടത്ത് വച്ച് തല്ലണം''
ഒറോതച്ചേടത്തി പല്ലു കടിച്ചു;
" അമ്മച്ചി രജനീകാന്ത് സ്റ്റൈൽ ആണല്ലോ..." രമേശൻ ചിരിച്ചു;
"പാത്താൽ പാത്ത എടത്തിലേ കുഴി മാന്തി പൊതച്ചിടുവേൻ.. കബാലീഡാ.. "
"എടാ.. വണ്ടിയെടടാ.."
ഒറോതച്ചേടത്തിക്ക് പിന്നെയും ദേഷ്യം വന്നു.
" ഓ... എടുത്തേ "
രമേശൻ വണ്ടി സ്റ്റാർട്ട് ചെയ്ത് മുമ്പോട്ട് എടുത്തു.
" ഭയങ്കര ഇലഞ്ഞിപ്പൂമണം ... അല്ലേ ചേച്ചീ " രമേശൻ സീതയെ നോക്കി.
"അതെ. ഞാനും ഓർത്തു "
സീത തല കുലുക്കി.
"എനിക്ക് ഒരു മണോം തോന്നിയില്ല" ഒറോതച്ചേട്ടത്തി ഇടയ്ക്ക് കയറി.
"പഞ്ഞി വയ്ക്കാറായ മൂക്കല്ലേ... മണം പിടിക്കാനുള്ള ആൻറിനയൊക്കെ അടിച്ച് പോയിക്കാണും.. " രമേശൻ പിറുപിറുത്തു.
പൊട്ടി വന്ന ചിരി സീത കടിച്ചമർത്തി.
" എന്നതാടാ .. നീ പറഞ്ഞേ?" ഒറോതച്ചേടത്തി പോരുകോഴിയെ പോലെ മുമ്പോട്ടാഞ്ഞു.
"ഒന്നുമില്ലേ ... അമ്മച്ചീടെ ചെവിക്ക് നല്ല ആമ്പിയറാന്ന് പറയുവാരുന്നു.. "
"എന്റെ നാക്കിനും നല്ല ആമ്പിയറാടാ കേക്കണോ നിനക്ക് "
"എന്റെ പൊന്നമ്മച്ചീ വേണ്ടായേ ... ഞാൻ സറണ്ടറായി .. "
രമേശൻ കാറിന്റെ ഗിയർ ഡൗൺ ചെയ്തു. പിന്നെ, റിയർവ്യൂ മിററിലേക്ക് ഒന്നു നോക്കി. അടുത്ത നിമിഷം ഒരു ഞെട്ടലോടെ രമേശൻ ബ്രേക്കിൽ കാൽ അമർത്തി.
റോഡിൽ ആംബുലൻസ് കാണാനില്ല. ഒരാന്തലോടെ രമേശൻ തല പുറത്തേക്കിട്ട് നോക്കി. ഇല്ല ... കാട്ടുപാത ശൂന്യമാണ്!
"എന്താ രമേശാ ..?"
സീത രമേശനെ നോക്കി.
"അല്ല ചേച്ചീ ആ വാൻ കാണുന്നില്ല"
"ഹാ.. അത് എവിടെങ്കിലും പോവട്ട്. നീ വണ്ടിയെടുക്ക് ചെറുക്കാ..."
ഒറോതച്ചേടത്തി വീണ്ടും രമേശനു നേരെ തിരിഞ്ഞു.
ഒരു നിമിഷം രമേശൻ അങ്ങനെ ഇരുന്നു. പിന്നെ, കാർ മുമ്പോട്ടെടുത്തു.
**** **** **** ****
പൊൻകുരിശ് ബംഗ്ലാവ്! ഇടിമിന്നൽ പോലെ ഒരു ടാറ്റാ സഫാരി പാഞ്ഞു വന്നു നിന്നു. ഒരു ഇരട്ടക്കുഴൽ തോക്ക് ആണ് ആദ്യം പുറത്തേക്ക് നീണ്ടത്. അതിനു പിന്നാലെ പൊൻകുരിശ് സേവ്യർ ഇറങ്ങി.പിന്നിലെ ഡോർ തുറന്ന് കാട്ടി മുരുകനും. സഫാരിയുടെ ഡിക്കിയിൽ വെടിയേറ്റ് തല പിളർന്ന ഒരു ചെറിയ കാട്ടുപന്നി കിടപ്പുണ്ടായിരുന്നു. കൊഴുത്ത ചോര പ്ലാറ്റ്ഫോമിലേക്ക് പതിയെ ഒഴുകിപ്പടരുന്നു.
"എടാ.. "
പൊൻകുരിശ് സേവ്യർ കാട്ടി മുരുകനെ നോക്കി;
" ഇതിനെ നീ ഇപ്പം തന്നെ ഉരിക്കണം. പകുതി ഒണക്കാം. ടെസ്സ മോളുടെ കൂടെ അവളുടെ കൂട്ടുകാരൊക്കെ വരുന്നുണ്ട്.. "
" ഓ.. "
" വണ്ടി ഇപ്പം തന്നെ വാഷ് ചെയ്തേക്കണം"
"ചെയ്യാം "
" അല്ല.... മൊതലാളീ..... " പറയാൻ വന്നത് കാട്ടി മുരുകൻ പാതി വഴിയിൽ നിർത്തി.
"എന്താടാ ..."
"ആ പുതിയ എസ്.ഐ കൊഴപ്പക്കാരനാണോന്ന്..."
"ഒരു സംശയം അല്ലേ." പൊൻകുരിശ് സേവ്യർ തിരിഞ്ഞു.
"നിന്റെ മോണേടെ വേദന പോയില്ല അല്ലേടാ " അറിയാതെ കാട്ടി മുരുകൻ ഇടത് കവിൾത്തടം തടവിപ്പോയി.
"അതല്ല മൊതലാളീ... "
"എടാ.. കാട്ടിലെ രാജാവ് ആരാ ?" സേവ്യർ കാട്ടി മുരുകനെ നോക്കി.
" അത് സിങ്കം''
"സിങ്കം... അല്ലെടാ വിക്രം " സേവ്യറിന് ദേഷ്യം വന്നു.
"എടാ.. അത് ജനറലായിട്ട്. ഈ കാട്ടിലെ രാജാവ് ആരാ?"
"അത് മൊതലാളി... "
അക്കാര്യത്തിൽ കാട്ടി മുരുകന് സംശയമൊന്നുമില്ലായിരുന്നു.
" ങാ.. അത്രേയുളളു.. "
സേവ്യർ ചിരിച്ചു ;
"ആരു വന്നാലും നമ്മള് തോക്ക് നെറയ്ക്കും. വെടി പൊട്ടിക്കുവേം ചെയ്യും." പൊൻകുരിശ് സേവ്യർ തോക്ക് കയ്യിലിട്ട് ഒന്നു തിരിച്ചു;
"നമ്മക്ക് തിന്നാനല്ലേടാ ഒടേതമ്പുരാൻ ഭൂമീല് ഇവറ്റകളെയൊക്കെ സൃഷ്ടിച്ചേക്കുന്നത് "
പൊൻകുരിശ് സേവ്യർ ബംഗ്ലാവിന് നേരെ തിരിഞ്ഞു.
**** **** **** ****
രാത്രി 10.30
ഇറച്ചിപ്പാലം - മരണമല റോഡ്!
ഒരു മൂളലോടെ അവഞ്ചർ ബൈക്ക് പാഞ്ഞു പോയി.
" ഇനിയും ഒരുപാടുണ്ടോടീ " ദീപു തല തിരിച്ച് ടെസ്സയെ നോക്കി.
"ഈ സമയത്ത് വീട്ടിലെത്തേണ്ടതാ. മുടിഞ്ഞ മഴ ഇടയ്ക്ക് പെയ്തതു കൊണ്ടല്ലേ "
ടെസ്സയുടെ സ്വരത്തിൽ അരിശം ഉണ്ടായിരുന്നു.
"അതു കൊണ്ട്  നിനക്ക് എന്നെ കെട്ടിപ്പിടിച്ചിരിക്കാനുള്ള ഭാഗ്യം കിട്ടിയില്ലേ..."
ദീപു ചിരിച്ചു.
"പിന്നേടാ.... ചക്കരേ'' ടെസ്സ ദീപുവിന്റെ ചുമലിൽ അമർത്തിയൊന്ന് പിച്ചി .
"നിന്റെ ക്യാമറാക്രൂ എവിടെത്തിയോ എന്തോ ? ''
''അവര് ഹിൽ സ്റ്റേഷനിൽ വെയ്റ്റ് ചെയ്യും. ഇന്ന് അവിടെ സ്റ്റേ ചെയ്തിട്ട് വെളുപ്പിന് വനത്തിലേക്ക് കയറാം. പപ്പയോട് ഞാൻ വിളിച്ച് പറയാം''
"ഒരു സംശയം ചോദിക്കട്ടെ " ദീപു തല തിരിച്ചു.
"ചോദിക്കെടാ..''
"അല്ല ഈ ഹിൽ സ്റ്റേഷനിൽ നമ്മൾ ഒരുമിച്ചായിരിക്കുമോ സ്റ്റേ?"
"അയ്യോടാ ... എത്ര നിഷ്ക്കളങ്കമായ സംശയം " ടെസ്സ ചിരിച്ചു.
" ഒന്നിച്ചുള്ള സ്റ്റേ ഒക്കെ കല്യാണം കഴിഞ്ഞിട്ട്. തൽക്കാലം നിന്റെ ആഗ്രഹം ഞാൻ സ്റ്റേ ചെയ്തിരിക്കുന്നു. പോരേ? " ദീപു പിന്നെ മിണ്ടിയില്ല.
ദൂരെ ഒരു മാടക്കടയുടെ വെളിച്ചം കണ്ടു.
"ഒരു കട്ടൻ കാപ്പി കുടിക്കാം അല്ലേ "
പറഞ്ഞിട്ട് ദീപു ബൈക്ക് നിർത്തി. ഒരു വലിയ ഇലഞ്ഞിമരത്തിനു ചുവട്ടിലായിരുന്നു മാടക്കട. മുനിഞ്ഞ് കത്തുന്ന ഒരു മണ്ണെണ്ണ വിളക്ക് മാത്രം അവിടെ ഉണ്ടായിരുന്നു. സമോവറിൽ നിന്നുള്ള ആവി ഇരുട്ടിലേക്ക് പടരുന്നു. ദീപുവും ടെസ്സയും ബൈക്കിൽ നിന്ന് ഇറങ്ങി.
ഒരു വൃദ്ധ ആയിരുന്നു മാടക്കടയിൽ ഉണ്ടായിരുന്നത്. ചുക്കിച്ചുളിഞ്ഞ മുഖവും പഞ്ഞി പോലത്തെ കൂട്ടുപുരികവും. കുഴിഞ്ഞ കണ്ണുകളാണ്...
പക്ഷേ, കൃഷ്ണമണികൾക്ക് സ്ഫടികത്തിളക്കം! തണുത്ത കാറ്റിൽ ഇലഞ്ഞിപ്പൂമണം കനത്തു നിൽപുണ്ടായിരുന്നു.
"അമ്മൂമ്മേ.. "
ജാക്കറ്റ് ഒന്നു വലിച്ചിട്ടിട്ട് ദീപു വൃദ്ധയെ നോക്കി.
"രണ്ട് കട്ടൻ കാപ്പി താ ..."
"ങും'' മുരളും പോലെ അവരിൽ നിന്ന് ഒരു ശബ്ദം ഉയർന്നു.
"ഞാൻ പപ്പയെ വിളിക്കട്ടെടാ.." ടെസ്സ ഫോണുമായി കുറച്ച് മുമ്പിലേക്ക് നടന്നു.
"ഇലഞ്ഞിപ്പൂമണം... ഒഴുകി വരും...'' പാട്ട് മൂളിക്കൊണ്ടാണ് ടെസ്സ മുമ്പോട്ട് നടന്നത്.
രണ്ടു മിനിറ്റ് നേരത്തെ സംസാരം. ടെസ്സ തിരികെ വന്നു. ദീപു കുറെ മാറി നിന്ന് ഫോണിൽ സംസാരിക്കുന്നതു കണ്ടു.
മാടക്കടയിലേക്ക് നോക്കിയ ടെസ്സ അമ്പരന്നു പോയി. മാടക്കടയിൽ വൃദ്ധ ഇല്ല. ആവി പറക്കുന്ന രണ്ട് കാപ്പി മേശപ്പുറത്ത് ഇരിപ്പുണ്ട്.
"ശെടാ .... ഈ അമ്മൂമ്മ ഇത് എവിടെ പോയി?"
ടെസ്സ പിറുപിറുത്തു കൊണ്ട് ഗ്ലാസ് എടുക്കാനാഞ്ഞു.
അടുത്ത നിമിഷം, ഇലഞ്ഞിമരം ഒന്ന് കുലുങ്ങി. മഴ പെയ്യും പോലെ ഇലഞ്ഞിപ്പൂക്കൾ ടെസ്സയുടെ മീതേക്ക് വീണു തുടങ്ങി. ഷവർ പെയ്യും പോലെ ഇലഞ്ഞിപ്പൂക്കൾ.....!

ടെസ്സ അമ്പരപ്പോടെ തല ഉയർത്തി മുകളിലേക്ക് നോക്കി. ഒരു നിലവിളി ടെസ്സയുടെ തൊണ്ടയിൽ കുരുങ്ങി. നീണ്ട നഖങ്ങൾ ഉള്ള ഒരു കാൽപാദം ഇലഞ്ഞി മരക്കൊമ്പ് ചവിട്ടിക്കുലുക്കുന്നതാണ് കണ്ടത്. വിറച്ച് കൊണ്ട് ടെസ്സ തല തിരിച്ചു.
ഇലഞ്ഞിമരക്കൊമ്പിന് മീതെ ആ വൃദ്ധ ! ഇലഞ്ഞി മരക്കൊമ്പ് തുരുതുരാന്ന് ചവിട്ടിക്കുലുക്കുന്നു.
പൊടുന്നനെ, അവരുടെ കുഴിഞ്ഞ മിഴികളിലെ സ്ഫടികം പോലത്തെ കൃഷ്ണമണികൾ ടെസ്സയ്ക്ക് നേരെ തിരിഞ്ഞു.
"വാ.. വാ..."
ടെസ്സയ്ക്ക് നേരെ കൈ നീട്ടിക്കൊണ്ട് അവർ വീണ്ടും ഇലഞ്ഞി മരക്കൊമ്പ് ചവിട്ടിക്കുലുക്കി. ഭയം കൊണ്ട് തന്റെ ശ്വാസം നിലയ്ക്കുന്നത് ടെസ്സ അറിഞ്ഞു. തൊണ്ടയിൽ ചോര ചുവയ്ക്കുന്നു... അലറിക്കരയാൻ ടെസ്സ ശ്രമിച്ചെങ്കിലും ശബ്ദം പുറത്തേക്ക് വന്നില്ല.

അധ്യായം 9

9

അധ്യായം 9

കടൽ കടന്നു വന്ന ഗർഭിണിയുടെ പ്രേതം!

"ദീപു ... " ടെസ്സ ഒന്നുകൂടി അലറി വിളിക്കാൻ ശ്രമിച്ചു. കാലുകൾ തറയിൽ ഉറച്ചു പോയതു പോലെ ...
"ദീപൂ..."
ഇത്തവണ ടെസ്സയ്ക്ക് ശ്വാസം കിട്ടി. ഒരു കുതിപ്പിന് ടെസ്സ ദീപുവിന് അടുത്തേയ്ക്ക് എത്തി. പിന്നെ, ദീപുവിനെ ഉറുമ്പടക്കം പിടിച്ചു. ദീപു ഭയന്നു വിറച്ചു പോയി.
"എന്താ... എന്താടാ " ദീപു ടെസ്സയെ പിടിച്ചുകുലുക്കി;
"എന്തു പറ്റി എന്ന് "
"അവിടെ.... അവിടെ മരത്തില് " ടെസ്സയ്ക്ക് ശബ്ദം കിട്ടിയില്ല.
"എന്തു പറ്റി എന്നു പറയ്."
"അവിടെ മരക്കൊമ്പില് ..."
"മരക്കൊമ്പില് ..." ടെസ്സയെ മാറ്റിയിട്ട് ദീപു ഇലഞ്ഞി മരത്തിനു നേരെ നടന്നു.
"ദീപു വേണ്ടാ.." ടെസ്സ ഭയത്തോടെ വിളിച്ചു പറഞ്ഞു കൊണ്ട് പിന്നാലെ വന്നു. അവിടെയെത്തിയ ടെസ്സ അമ്പരന്നു പോയി.
തിളച്ച കാപ്പി ഗ്ലാസ്സുകളിലേക്ക് പകരുകയാണ് ആ വൃദ്ധ.
"കാപ്പി വേണ്ടേ ?"
അവർ മൂർച്ചയോടെ ദീപുവിനെ നോക്കി.
"മരക്കൊമ്പിൽ എന്തു കുന്തം ആണെന്നാ നീ പറഞ്ഞത്?" ദീപു ടെസ്സയെ നോക്കി. വൃദ്ധയെ ഭീതിയോടെ ഒന്നു നോക്കിയിട്ട് ടെസ്സ ഇലഞ്ഞി മരത്തിനു നേരെ മിഴികൾ ഉയർത്തി. ടെസ്സ അമ്പരന്നു പോയി. മരച്ചില്ലകൾ ശാന്തമാണ്. ഒരു ചെറു കാറ്റു പോലും ഇല്ല.
അപ്പോൾ ...
ടെസ്സ അമ്പരപ്പോടെ വൃദ്ധയുടെ മുഖത്തേക്ക് നോക്കി. അവരുടെ സ്ഫടികത്തിളക്കമുള്ള കണ്ണുകൾ ടെസ്സയുടെ മുഖത്തിന് നേരെ ആയിരുന്നു. ടെസ്സ ഭീതിയോടെ മിഴികൾ താഴ്ത്തി. ഇലഞ്ഞിമരത്തിന് ചുറ്റും മെത്ത വിരിച്ചതു പോലെ പൂക്കൾ കിടപ്പുണ്ട്.
"കാപ്പി കുടിക്ക് " ദീപു ഗ്ലാസ്സെടുത്ത് ടെസ്സയ്ക്ക് നേരെ നീട്ടി. യാന്ത്രികമായി ടെസ്സ അതു വാങ്ങി. പിന്നെ, പതിയെ ചുണ്ടോട് ചേർത്തു. ദീപു പെട്ടെന്ന് കാപ്പി ഊതി കുടിച്ചു. പിന്നെ, ഒരു അമ്പതു രൂപ നോട്ടെടുത്ത് മേശപ്പുറത്ത് വച്ചു. ടെസ്സ കാപ്പി രണ്ട് സിപ്പ് എടുത്തതേയുള്ളു.
"നിനക്ക് മതിയോ?" ദീപു ടെസ്സയെ നോക്കി.
" മ്  "
" എന്നാൽ വാ പോവാം "
ദീപു ടെസ്സയെയും ചേർത്തു പിടിച്ച് ബൈക്കിനു നേരെ നടന്നു. ബൈക്കിലേക്ക് കയറുമ്പോൾ ദീപു ടെസ്സയെ നോക്കി;
"നീ എന്തിനാ പേടിച്ചോടി വന്നത്? അതു പറയ് "
"അല്ല .. ആ മരത്തിനു മുകളിൽ ആരോ നിൽക്കുന്നതു പോലെ " ടെസ്സ അവഞ്ചറിന്റെ പിന്നിലേക്ക് കയറി.
"ആര്... നിന്റെ പപ്പാ പൊൻകുരിശ് സേവ്യർ കൂമനോ?" ദീപു ചിരിച്ചു.
ഭയം വിട്ടൊഴിയാത്ത ടെസ്സയ്ക്ക് പക്ഷേ ചിരി വന്നില്ല. ബൈക്ക് നീങ്ങുമ്പോൾ ടെസ്സ ഒന്നു തിരിഞ്ഞ് നോക്കി. അടുത്ത നിമിഷം, ഒരു ഞെട്ടൽ ഒരു തരിപ്പായി ടെസ്സയുടെ ശരീരത്തിൽ പടർന്നു കയറി. വീണ്ടും, ബാധ കയറിയതുപോലെ ഇലഞ്ഞിമരം തുള്ളി വിറയ്ക്കുന്നു.
**** ***** **** ****
"കഴിഞ്ഞ ദിവസം നീ ആ കിണറ്റിൽ വേണ്ടത് ചെയ്താരുന്നോടാ..?"
ഗ്ലാസിലെ ബ്രാണ്ടിയിലേക്ക് ട്രോപ്പിക്കാനയുടെ പേരയ്ക്ക ജ്യൂസ് ചേർക്കുന്നതിനിടെ പൊൻകുരിശ് സേവ്യർ മുതലാളി കാട്ടിമുരുകനെ നോക്കി.
"ചെയ്തു മുതലാളി. ഓതി കൊണ്ടുവന്ന വെള്ളം ഞാൻ കിണറ്റിൽ ഒഴിച്ചിട്ടുണ്ട് "
"അതു വേണം." ഗ്ലാസ്സുമായി പൊൻകുരിശ് സേവ്യർ എണീറ്റു.
"കുറച്ച് ദിവസമായി ഒരു ഉറക്കക്കുറവ്. ചെവിയുടെ അടുത്ത് വന്നിരുന്ന് ആരോ വർത്താനം പറയുന്നതു പോലെ ... "

സേവ്യർ ബ്രാണ്ടി ഒരു സിപ്പ് കൂടി എടുത്തു. പിന്നെ, കളിമണ്ണ് പൊതിഞ്ഞ് ചുട്ടു വച്ചിരുന്ന കാട്ടുകോഴിയുടെ ആവി പറക്കുന്ന ഇറച്ചി അൽപം അടർത്തിയെടുത്ത് മുളകിൽ മുക്കി വായിലേക്ക് വച്ചു.
"എല്ലാ കറുത്തവാവിലും അത് മുടങ്ങാതെ ചെയ്യണം. ഓതിക്കൊണ്ടു വരുന്ന വെള്ളം കിണറ്റിൽ ഒഴിക്കുന്നതേ ..."
"എന്നാപ്പിന്നെ ആ കിണറങ്ങ് മൂടിയാൽ പോരേ മൊതലാളീ... "
"അതു കൊണ്ട് കാര്യമില്ലല്ലോ .. " സേവ്യർ എന്തോ പറയാനാഞ്ഞതും ഫോൺ ബെല്ലടിച്ചു. ദുബായിൽ നിന്നുള്ള കോൾ ആണ്. സേവ്യറിന്റെ മൂത്ത മകൾ ടാനിയയും ഭർത്താവ് ജോജിയും ദുബായിലാണ്.
"ങാ.. കൊച്ചേ " സേവ്യർ ഫോൺ കാതോട് ചേർത്തു;
"കഴിച്ചോടീ"
"പപ്പയ്ക്ക് എപ്പഴും ഇതേ ചോദിക്കാനുള്ളോ?" ടാനിയയുടെ സ്നേഹം നിറഞ്ഞ പരിഭവം മറുവശത്തു നിന്ന് കേട്ടു.
"ഞാൻ പിന്നെ എന്നാ ചോദിക്കാനാടീ ... " സേവ്യർ ചിരിച്ചു;
"നിന്നെ ഒന്നുകൂടി കെട്ടിച്ച് വിടട്ടേ എന്നോ?" സേവ്യർ വീണ്ടും ചിരിച്ചു;
"എടീ.. മക്കൾക്ക് വെശക്കാതിരിക്കുന്നതാ അപ്പനമ്മമാരുടെ ഏറ്റവും വലിയ സന്തോഷം. മക്കളുടെ വയറ് വേവുമ്പോൾ ... അപ്പനമ്മമാരുടെ ചങ്ക് വേവും എന്ന് നിന്റെ മമ്മി പറഞ്ഞിട്ടുണ്ട്. "
സേവ്യർ ഒന്നു തല തിരിച്ചു. ഭിത്തിയിൽ ചില്ലിട്ട ചിത്രമായി ആനി. അഞ്ചു കൊല്ലം മുമ്പ് പാമ്പ് കടിയേറ്റ് മരിക്കുകയായിരുന്നു.
"ദേണ്ടടീ നിന്റെ മമ്മി ഭിത്തിയിലിരുന്ന് ചിരിക്കുന്നു. സേവ്യറിന്റെ കൺകോണുകൾ നീറി.
"ഓ.. തുടങ്ങി " ടാനിയ വീണ്ടും പരിഭവിച്ചു.
"സെന്റിമെന്റ്സ്‌. മമ്മി ജീവിച്ചിരുന്നപ്പം എന്തുമാത്രം ചീത്ത വിളിച്ചതാ..."
"അതിപ്പം ഇഷ്ടമുള്ളവരെ ചീത്ത വിളിക്കുന്നത് അവര് ചാവാനാണോ ടീ... ങാ, അത് വിട് ജോജി എവിടെ? "
"കൂട്ടുകാരന്റെ വീട്ടിൽ പാർട്ടിയുണ്ട് അതു കഴിഞ്ഞേ വരൂ ... "
"ഓ.. നിന്റെ തമിഴത്തി പാചകക്കാരി നിനക്കു വല്ലതും വച്ചു തരുന്നുണ്ടോ?"
"അമുദം ഇന്നു രാവിലെ നാട്ടിലേക്ക് പോയി പപ്പാ.. " ടാനിയ ഒന്നു നിർത്തി;
"ടെസ്സ വന്നോ പപ്പാ..."
"ങാ... അവള് രാവിലെയേ എത്തു. മഴ കാരണം വരുന്ന വഴിക്ക് കുറച്ച് കുടുങ്ങി "
"എന്നാ ... ശരി അപ്പച്ചാ ... ഗുഡ് നൈറ്റ് "
"ഗുഡ് നൈറ്റ് "
മറുവശത്ത് കോൾ കട്ട് ആയി.
"എടാ " പൊൻകുരിശ് സേവ്യർ തിരിഞ്ഞ് കാട്ടി മുരുകനെ നോക്കി ;
" ടെസ്സ മോള് രാവിലെയേ വരൂ... ങാ.. പിന്നെ അവള് ഒരു പയ്യന്റെ കൂടെ ബൈക്കിലാ വരുന്നത് എന്നൊരു ഇൻഫർമേഷൻ കിട്ടി. നീ അവനെ ഒന്നു നോക്കിക്കോണം. പുതിയ പിള്ളേരല്ലേ.. "
കാട്ടി മുരുകൻ തല കുലുക്കി.
പൊൻകുരിശ് സേവ്യർ ഗ്ലാസ്സിലെ ബ്രാണ്ടി ഒറ്റ വലിക്ക് കുടിച്ചു.
**** ***** **** ****
ദുബായ്
ടാനിയ ഫ്ലാറ്റിന്റെ ബാൽക്കണിയിലേക്കു വന്നു. താഴെ പല നിറത്തിലുള്ള നക്ഷത്രങ്ങൾ വാരി വിതറിയതു പോലെ ദുബായ്! കാറ്റടിച്ചപ്പോൾ കൺപോളകളിൽ ഉറക്കത്തിന്റെ കനം കൂടുന്നു. ടാനിയ ഫോണെടുത്തു. പിന്നെ, ജോജിയുടെ നമ്പർ ഡയൽ ചെയ്തു.
"ജോജീ ... ഇതെവിടാ ..?"
"എടീ.. ഞാനിവിടെ മാൻഹട്ടനിൽ... പറഞ്ഞില്ലാരുന്നോ ഒരു ചിന്നപ്പാർട്ടിയെ കുറിച്ച്. നമ്മടെ ആനന്ദന് കുഞ്ഞുണ്ടായതിന്റെ ... "
"ങാ.... നിങ്ങളിങ്ങനെ കള്ളും കുടിച്ച് ആനന്ദിച്ച് നടന്നോ. അതു പോലൊരു പാർട്ടി ഇവിടെ നടത്തണമെന്ന് വല്ല ചിന്തേം ഒണ്ടോ..?"
ജോജി അതിനു മറുപടി പറഞ്ഞില്ല. പകരം ഉച്ചത്തിലൊരു പൊള്ളച്ചിരി ചിരിച്ചതേയുള്ളു.
"ആട്ടെ എത്രയെണ്ണം കീറി ഇപ്പം ..?" ടാനിയയ്ക്ക് പിന്നെയും ദേഷ്യം വന്നു.
" ഒരു മൂന്ന് ഷോട്ട് ട്വക്കീല മാത്രം "
" ട്വക്കീലേം ഷക്കീലേം... നിങ്ങളവിടെ സ്ഥിര താമസം ആക്കിക്കോ. വരുവാണെങ്കിൽ കോൾ ചെയ്താൽ മതി." ടാനിയ അരിശത്തോടെ കോൾ കട്ട് ചെയ്തു.
പിന്നെ, പെട്ടെന്ന് ഓർത്തതു പോലെ വീണ്ടും ജോജിക്ക് ഫോൺ ചെയ്തു. മറുവശത്ത് കോൾ എടുത്തു.
"എന്നതാടീ...?" കുഴഞ്ഞ ശബ്ദത്തിൽ ജോജി ചോദിച്ചു.
"നിങ്ങളിന്ന് പാർട്ടീലും അല്ല... ഒരു കുന്തത്തിലും അല്ല എന്നെനിക്ക് അറിയാം.." ടാനിയ പകയോടെ ഒന്നു നിർത്തി;
"നിങ്ങടെ പഴയ കാമുകി റിയാദിൽ എത്തിയത് ഞാനറിഞ്ഞു. നാഷണൽ ഗാർഡ് ആശുപത്രിയിൽ അവള് ജോയിൻ ചെയ്തതും അറിഞ്ഞു.
നഷ്ട പ്രേമത്തെ ഓർത്തായിരിക്കും ഇന്ന് കള്ള് വലിച്ചു കേറ്റുന്നത്... അല്ലേ "
"നീ .. ചുമ്മാ "
ചതഞ്ഞ സ്വരത്തിൽ ജോജി എന്തോ പറയാനാഞ്ഞപ്പോഴേക്കും കോൾ കട്ട് ആയി. അരിശത്തോടെ ടാനിയ ഒന്നു രണ്ടു നിമിഷം അങ്ങനെ നിന്നു. പിന്നെ, ഹാളിലേക്ക് വന്ന് സോഫയിൽ ഇരുന്നു. തല പൊട്ടിപ്പിളർക്കുന്നതു പോലത്തെ വേദന. തള്ളവിരലും ചൂണ്ടുവിരലും കൊണ്ട് ഇരു ചെന്നിയിലും ടാനിയ അമർത്തിപ്പിടിച്ചു. പിന്നെ, അകത്തേക്ക് തല തിരിച്ച് ഉറക്കെ പറഞ്ഞു;
"അമുദം.... ഒരു ബ്ലാക്ക് കോഫി "
"സരി.. അമ്മാ" മറുപടിയും വന്നു. ടാനിയ മിഴികൾ അടച്ചു. അടുത്ത നിമിഷം ടാനിയ ഞെട്ടലോടെ മിഴികൾ വലിച്ച് തുറന്നു
'അമുദം രാവിലത്തെ ഫ്ലൈറ്റിന് നാട്ടിൽ പോയതല്ലേ ....? അപ്പോൾ മറുപടി പറഞ്ഞത്?'
ടാനിയ പിടഞ്ഞെണീറ്റു. പിന്നെ, ധൃതിയിൽ അടുക്കളയിലേക്ക് വന്നു.
അവിടെത്തിയ ടാനിയ നടുങ്ങി വിറച്ചു പോയി. ഗ്യാസ് സ്റ്റൗവ് ആരോ ഓൺ ചെയ്തിരിക്കുന്നു. എരിയുന്ന ബർണറിനു മീതെ പാത്രത്തിൽ വെള്ളം തിളയ്ക്കുന്നു.
ആര്?
ടാനിയ ഭീതിയോടെ ചുറ്റും നോക്കി. ആരോ പല്ലുകടിച്ച് പൊട്ടിക്കുന്നത് പോലത്തെ ശബ്ദം ടാനിയ കേട്ടു.

അധ്യായം 10

10

അധ്യായം 10

മരണം സഞ്ചരിക്കുന്ന ആംബുലൻസ്...

"ഹ്..... ആരാ ?" ടാനിയ ഞെട്ടലോടെ ചുറ്റും നോക്കി. കിച്ചണപ്പുറം വർക്ക് ഏരിയയിലേക്കുള്ള വാതിൽ തുറന്നു കിടക്കുന്നത് ടാനിയ കണ്ടു.
ചെറിയ കാറ്റിൽ വാതിൽപ്പാളികൾ ഇളകുന്നു.
"ആരാ.. ആരാ അവിടെ?" ടാനിയ ധൈര്യം സംഭരിച്ചു. ഹൈ സെക്യൂരിറ്റിയുള്ള ഏരിയ ആണ്. ആർക്കും പുറത്തു നിന്ന് ഇവിടെ വരാൻ പറ്റില്ലെന്ന ചിന്ത ടാനിയയ്ക്ക് അൽപം ധൈര്യം പകർന്നു. സിങ്കിനടുത്ത് ഇരുന്ന വലിയ കത്തി എടുത്തുകൊണ്ട് ടാനിയ വർക്കേരിയയുടെ അടുത്തേക്ക് വന്നു. പിന്നെ, ധൈര്യം സംഭരിച്ച് വാതിൽ തുറന്നു.
വർക്കേരിയ ശൂന്യമായിരുന്നു. നേർത്തൊരു മൂളലോടെ വായു അകത്തേക്ക് ഇരമ്പി വന്നു. കെട്ടി നിന്ന വായുവിന്റെ അവിഞ്ഞ ഗന്ധം അല്ലല്ലോ എന്ന് ടാനിയ ഓർത്തു. നല്ല ഇലഞ്ഞിപ്പൂവിന്റെ മണം!

വർക്ക്ഏരിയയുടെ അങ്ങേയറ്റത്ത് അമുദത്തിന്റെ ഒരു കറുത്ത ഗൗൺ ഹാംഗറിൽ തൂങ്ങിക്കിടക്കുന്നത് കണ്ടു. കാറ്റിൽ അത് പതിയെ ഇളകുന്നുണ്ട്. അടുത്ത നിമിഷം ടാനിയ കഠിനമായി ഒന്നു നടുങ്ങി. ഗൗണിനുള്ളിൽ നിന്ന് രണ്ട് കാലുകൾ പുറത്തേക്ക് തൂങ്ങി നിൽപുണ്ടോ?
"അയ്യോ.. " ഒരു നിലവിളി ടാനിയയുടെ തൊണ്ടയിൽ കുരുങ്ങി.
അതേ സമയം, ആരോ പിടിച്ച് തിരിച്ചിട്ടെന്നോണം ഗ്യാസ് സ്റ്റൗവിന്റെ നോബ് തിരിഞ്ഞു. ബർണർ ഓഫ് ആയി. ഹാംഗറിൽ കിടന്ന ഗൗൺ താഴേക്ക് ഊർന്നു വീണു. കാറ്റിന്റെ മൂളക്കം അകന്നു പോവുന്നത് ടാനിയ അറിഞ്ഞു.
ഇലഞ്ഞിപ്പൂ മണവും അകന്നു പോയി. ടാനിയ ഒരു കുതിപ്പിന് വർക്ക് ഏരിയയുടെ വാതിൽ അടച്ച് കുറ്റിയിട്ടു. പിന്നെ, ഹാളിലേക്ക് വന്നു.
ഫ്രിഡ്ജ് വലിച്ച് തുറന്ന് ഒരു കുപ്പി വെള്ളം എടുത്ത് വായിലേക്ക് ചെരിച്ചു. കയ്യിലിരുന്ന കത്തി സോഫയിലേക്ക് ഇട്ടു. വല്ലാത്തൊരു ഭയം മനസ്സിനെ പൊതിയുന്നു. മുറിയുടെ ഓരോ മൂലയിലും പതുങ്ങി നിന്ന് ആരോ തന്നെ നോക്കുന്നത് പോലെ!
ഇന്നത്തെ ദിവസം മൊത്തത്തിൽ മോശമായിരുന്നു എന്ന് ടാനിയ ഓർത്തു. അനുപമ നാട്ടിൽ നിന്ന് റിയാദിലെത്തി എന്ന വാർത്ത ആയിരുന്നു ആകെ തകർത്തു കളഞ്ഞത്. ജോജി അറിഞ്ഞിട്ട് തന്നെയാവും.
ഉറപ്പ്...
ആ ഓർമയിൽ പോലും ടാനിയയുടെ ഉള്ള് കത്തി. അനുപമയെക്കുറിച്ച് ഓർത്തപ്പോൾ പല്ലുകൾ ഞെരിഞ്ഞു. 'കെട്ടാ മങ്കയായ്' നിൽക്കുകയാണ് ഇപ്പോഴും പഴയ കാമുകനെ ഓർത്ത്. ടാനിയ മിഴികളടച്ച് അങ്ങനെ ഇരുന്നു. അര മണിക്കൂർ കഴിഞ്ഞപ്പോൾ, വൈബ്രേറ്ററിൽ കിടന്ന ഫോൺ ഇരമ്പി. ടാനിയ ഞെട്ടി മിഴികൾ തുറന്നു.
ജോജിയാണ്. വീണ്ടും ടാനിയയുടെ മനസ്സ് പുകഞ്ഞു.
പ്രണയിച്ച് ഒത്തിരി മോഹിച്ച് വാശിയോടെ അനുപമയിൽ നിന്ന് സ്വന്തമാക്കിയതാണ് ജോജിയെ. പക്ഷേ, പ്രണയത്തിന്റെ ഉറവകൾ വരണ്ട് പോയതു പോലെ.
രണ്ടു മിനുറ്റ് കഴിഞ്ഞു. കോളിംഗ് ബെൽ മുഴങ്ങി. ടാനിയ ചെന്ന് വാതിൽ തുറന്നു. കലങ്ങിച്ചുവന്ന മിഴികളോടെ ജോജി നിൽപ്പുണ്ടായിരുന്നു.
ടാനിയയെ ഒന്നു നോക്കിയിട്ട് ജോജി വന്ന് സോഫയിലേക്ക് ഇരുന്നു.
"ഇതെന്താടീ കത്തിയൊക്കെ? " ജോജി ചിരിച്ചു.
ഒരു നിമിഷം ജോജിയെ തുറിച്ച് നോക്കി നിന്നിട്ട് ടാനിയ അയാൾക്ക് മുമ്പിലേക്ക് വന്നു.
"എന്താ നിങ്ങടെ ഉദ്ദേശം?"
"എന്ത് ?"
"നിങ്ങളല്ലേ .. അവളെ ഇങ്ങോട്ടു കൊണ്ടുവന്നത്? "
"എവളെ?"
"എന്റെ വായീന്ന് കേൾക്കണോ ആ പന്നേടെ പേര് "
"നീ മാന്യമായിട്ട് സംസാരിക്ക് ടാനിയ "
" ഓ.. അപ്പഴേക്കും പൊള്ളി. പ്രിയപ്പെട്ടവളെ ഞാൻ രാജകുമാരീന്ന് വിളിക്കാം"
"നീ എന്തിനാ വല്ലവരേം നമ്മുക്കിടയിലേക്ക് വലിച്ചു കൊണ്ടുവരുന്നത്. അനുപമയല്ലേ ഇന്നത്തെ ഇഷ്യു " ശബ്ദം ഉയരാതിരിക്കാൻ പരമാവധി ശ്രദ്ധിച്ചാണ് ജോജി സംസാരിച്ചത്.
" അനുപമയ്ക്ക് ഗൾഫിൽ വരാൻ എന്റെ സഹായം വേണോ..?
ഒരിക്കൽ ഞാൻ അനുവിനെ... അല്ല അനുപമയെ ഇഷ്ടപ്പെട്ടിരുന്നു എന്നത് നേരാ. മുമ്പ് തന്നെ നിനക്കും അറിയാം അത്. നാല് കൊല്ലം മുമ്പത്തെ കാര്യമാ.... ഇപ്പോ അത് പറഞ്ഞ് അവനവന്റെ ജീവിതം എന്തിനാ നരകമാക്കാൻ പോവുന്നത്...?''
''അല്ലെങ്കിപ്പിന്നെ എന്റെ ജീവിതം സ്വർഗ്ഗമാണല്ലോ..." ടാനിയ വെട്ടിത്തിരിഞ്ഞു.
" ഒരു കാര്യം ഞാൻ പറഞ്ഞേക്കാം " ടാനിയ വീണ്ടും തിരിഞ്ഞ് ജോജിയെ നോക്കി ;
" പഴയ ബന്ധം വല്ലതും തുടരാനാണ് നിങ്ങടെ പദ്ധതിയെങ്കിൽ രണ്ടിനേം വെട്ടിയരിഞ്ഞ് ഞാൻ പട്ടിക്കിട്ട് കൊടുക്കും" സോഫയിൽ ഇരുന്ന കത്തി എടുത്ത് ഓങ്ങിക്കൊണ്ടാണ് ടാനിയ പറഞ്ഞത്.
"അതൊക്കെ പഴയ ഫാഷനാടീ... ഇപ്പം ബിരിയാണി വയ്ക്കുന്നതാ ട്രെൻഡ് " ജോജി ചിരിക്കാൻ ശ്രമിച്ചെങ്കിലും മുഖത്തെ പേശികൾ സങ്കടം കൊണ്ട് ഒന്ന് പിടഞ്ഞു.
" വേണ്ടിവന്നാൽ ഞാനതും ചെയ്യും." പറഞ്ഞിട്ട് ടാനിയ അകത്തേക്ക് പോയി. കത്തി അടുക്കളയിലേക്ക് വലിച്ചെറിയുന്ന ശബ്ദം കേട്ടു. ജോജി അങ്ങനെ തന്നെ ഇരുന്നു.
അനുപമ റിയാദിൽ....
മറക്കാൻ ശ്രമിക്കുന്ന ഓർമകൾ ആണല്ലോ, അല്ലെങ്കിലും കൂടുതൽ തെളിമയോടെ മനസ്സിലേക്ക് ഇരച്ചു വരുന്നത്. മനസ്സിൽ ആഴത്തിൽ വേരുപിടിച്ച പൂച്ചെടി പോലത്തെ ബന്ധം ആയിരുന്നു. അതാണ് പിഴുതു കളഞ്ഞിട്ടും മുറിവുകളിൽ നിന്ന് ചോര പൊടിയുന്നത്. മുറിയിൽ ഇലഞ്ഞിപ്പൂവിന്റെ ഒരു ഗന്ധം ഉണ്ടെന്ന് ജോജിക്ക് തോന്നി. മത്ത് പിടിപ്പിക്കുന്ന ഒരു ഗന്ധം!
ജോജി എണീറ്റ് പതിയെ അകത്തേക്ക് വന്നു. ബെഡ്ഡിൽ ഒരു വശം ചെരിഞ്ഞ് കിടപ്പുണ്ട് ടാനിയ. ജോജി പതിയെ ബെഡ്ഡിലേക്ക് ഇരുന്നു.
"ആവശ്യമില്ലാത്തത് ഒന്നും നീ ചിന്തിക്കരുത്. ജീവിതത്തിൽ നിന്ന് മുറിച്ചു കളഞ്ഞതൊക്കെ കളഞ്ഞു. വെറുതെ സ്വന്തം കണ്ണിൽ കുത്തി കരയരുത്"
"അതു തന്നെയാണല്ലോ ജീവിതത്തിൽ സംഭവിച്ചതും " ടാനിയ ഒന്നു കവിൾ കോട്ടി.
"ടാനിയ"
ജോജി കൈ നീട്ടി ടാനിയയുടെ ചുമലിൽ തൊട്ടു.
" മാറങ്ങോട്ട്..... "
ടാനിയ ആ കൈ തട്ടിക്കളഞ്ഞു.
"എന്താ മറ്റവളെ ഓർമ വന്നോ ഇപ്പം ... "
കൈ വീശി ഒരെണ്ണം പൊട്ടിക്കാനാണ് ജോജിക്ക് തോന്നിയത്. ഇരച്ചു വന്ന ദേഷ്യം കടിച്ചമർത്തി ജോജി ഒരു നിമിഷം അങ്ങനെ ഇരുന്നു.
പിന്നെ ഹാളിലേക്ക് വന്നു. ഷൂസ് പോലും അഴിക്കാതെ സോഫയിലേക്ക് വീണു. അൽപനേരം അങ്ങനെ കിടന്നിട്ട് ജോജി എണീറ്റു. ഷെൽഫിൽ ജാക്ക്- ഡാനിയൽ വിസ്കിയുടെ പാതി തീർന്ന ഒരു കുപ്പി ഇരിപ്പുണ്ടായിരുന്നു. ജോജി കുപ്പി എടുത്തു. പിന്നെ, തുറന്ന് വായിലേക്ക് ചെരിച്ചു. ഒരു കവിൾ ഇറക്കിയിട്ട് ജോജി കുപ്പിയിലേക്ക് നോക്കി. ഒരു ചെറു ചിരി ജോജിയുടെ മുഖത്ത് ;
"വൈൻ ഈസ് ബെറ്റർ ദാൻ വൈഫ് .... കുടിച്ച് ചത്തു എന്നൊരു പേര് വരുമായിരിക്കും. എന്നാലും സാരമില്ല ... മരണത്തെക്കാളും വലുതാണല്ലോ മനസ്സമാധാനം"
ആത്മനിന്ദ കലർന്ന ഒരു ചിരി ജോജിയുടെ മുഖത്ത് ഉണ്ടായി. ജോജി സോഫയിലേക്ക് ഇരുന്നു. എന്നിട്ട്, പിന്നിലേക്ക് ചാഞ്ഞു. കൺ കോണിലൂടെ ഉപ്പ് നീരിന്റെ ഒരു ചാൽ പതിയെ ഇഴഞ്ഞിറങ്ങി കവിളിലേക്ക് പടർന്നു കൊണ്ടിരുന്നു.
**** **** **** ****
വെളുപ്പാൻ കാലം
ഗസ്റ്റ് ഹൗസിൽ കിടക്കുകയായിരുന്ന പൊൻകുരിശ് സേവ്യർ മുതലാളി ഒരു ഞരക്കത്തോടെ ഉണർന്നു.
" മുരുകാ .."
അഴിഞ്ഞ് പോയ മുണ്ട് വാരിച്ചുറ്റിക്കൊണ്ട് സേവ്യർ മുതലാളി കണ്ണു തിരുമി ഒരു നിമിഷം ഇരുന്നു. ജനലിനപ്പുറം അരണ്ട വെളിച്ചം കാണാം.
നേരം പുലർന്നു തുടങ്ങിയിരിക്കുന്നു.
"ശ്ശോ " പൊൻകുരിശ് സേവ്യർ എണീറ്റു.
"വണ്ടി എടുക്കെടാ... ബംഗ്ലാവിലേക്ക് പോവാം. ടെസ്സക്കൊച്ച് വന്നിട്ടുണ്ടാവും" സേവ്യർ മുതലാളി പുറത്തേക്ക് വന്നു. ഉറക്കച്ചടവ് പൂർണ്ണമായി മാറിയിരുന്നില്ല. മുറ്റത്ത് വണ്ടി സ്റ്റാർട്ടായി കിടക്കുന്നത് കണ്ടു.
" മിടുക്കൻ "
പറഞ്ഞു കൊണ്ട് സേവ്യർ മുതലാളി വണ്ടിയുടെ ഉള്ളിലേക്ക് കയറി. വണ്ടിക്കുള്ളിൽ ഇരുട്ട് ആയിരുന്നു. വട്ടക്കണ്ണുകളിൽ തീയെരിച്ച് കൊണ്ട് വാൻ കരിയിലകൾ നിറഞ്ഞ മുറ്റത്തു കൂടി ഓടി വനത്തിലേക്ക് തിരിഞ്ഞിറങ്ങി. സേവ്യർ മുതലാളി സീറ്റിലേക്ക് ചാരി മിഴികളടച്ചു. വാൻ വനത്തിലൂടെ ആടി കുലുങ്ങി നീങ്ങി.
താൻ യാത്ര ചെയ്യുന്നത് സ്വന്തം ടാറ്റാ സഫാരിയിൽ അല്ല എന്ന് സേവ്യർ മുതലാളി അറിഞ്ഞിരുന്നില്ല. പൊലീസിന്റെ കാണാതായ മോർച്ചറി വാനിനുള്ളിൽ ആയിരുന്നു സേവ്യർ മുതലാളി. ഡ്രൈവിംഗ് സീറ്റീൽ കാട്ടിമുരുകനും അല്ലായിരുന്നു.
പകരം ....
ചിത്തിനി !

അധ്യായം 11

11

അധ്യായം 11

കുളിമുറിയിൽ കൂടെ കൂടിയ പ്രേതം!

ആംബുലൻസ് ഓടിക്കൊണ്ടേയിരുന്നു. നരച്ച വെളിച്ചം ആയിരുന്നു ചുറ്റും. വനത്തിനുള്ളിൽ നിന്ന് കാറ്റിന്റെ മുഴക്കം മാത്രം. പൊടുന്നനെ വാൻ ഒരു ഉലച്ചിയോടെ നിന്നു. പൊൻകുരിശ് സേവ്യർ ഒരു നടുക്കത്തോടെ കണ്ണ് തുറന്നു. തല കുടഞ്ഞിട്ട് സേവ്യർ കണ്ണ് ചിമ്മിത്തുറന്നു.
പിന്നെ, ഞരങ്ങും പോലെ വിളിച്ചു.
"ഡാ.. മുരുകാ" മറുപടിയില്ല
"ഡാ... മുരുകാ ..." സേവ്യർ മുതലാളി കുറച്ച് കൂടി ഉച്ചത്തിൽ വിളിച്ചു.
"എടാ.. കാട്ടീ ക്ണാപ്പേ .. " സേവ്യർ മുതലാളിക്ക് ദേഷ്യം വന്നു. എന്നിട്ടും അനക്കമില്ല. സേവ്യർ മുതലാളി ഡോർ തുറന്ന് പുറത്തിറങ്ങി.
കാട്ടി മുരുകനെ കാണാനില്ല.
''മുടിയാനെക്കൊണ്ട് ഇവനിത് എവിടെ പോയി തൊലഞ്ഞു" പത്തു ചുവട് കടി സേവ്യർ മുതലാളി മുമ്പോട്ട് വച്ചു. ദൂരെ ചാമുണ്ഡി വെള്ളച്ചാട്ടത്തിന്റെ ഇരമ്പൽ കേൾക്കാം. മുമ്പിൽ ഒരു വലിയ ആമ്പൽ പൊയ്കയാണ്. നീല ആമ്പലുകൾ വിരിഞ്ഞ് നിൽക്കുന്നത് അരണ്ട വെളിച്ചത്തിൽ കാണാം.
" ഇത്... ഏതാ സ്ഥലം.?" സേവ്യർ അമ്പരപ്പോടെ ചുറ്റും നോക്കി. ബംഗ്ലാവിലേക്കുള്ള വഴി അല്ല. പക്ഷേ, നല്ല പരിചയം. കള്ള് തലയ്ക്കു പിടിച്ച് മുരുകന് വഴിതെറ്റിയോ? അടുത്ത നിമിഷം കൊള്ളിമീൻ പോലെ ഒരു നടുക്കം പൊൻകുരിശ് സേവ്യറിന്റെ മനസ്സിലൂടെ പാഞ്ഞു പോയി.
കർത്താവേ ഈ സ്ഥലം ...? സേവ്യർ ഭയത്തോടെ തിരിഞ്ഞു. കഠിനമായ ഒരു നടുക്കം കൂടി. താൻ വന്ന വാഹനം കിടന്നയിടം ശൂന്യം.
"മുരുകാ " സേവ്യർ ഭയം കൊണ്ട് അലറിപ്പോയി. അടുത്ത നിമിഷം മരക്കൂട്ടങ്ങൾക്കിടയിൽ നിന്ന് ഒരു മുരൾച്ച കേട്ടു. സേവ്യർ ഞെട്ടിത്തിരിഞ്ഞു. കാട്ടുപൊന്തകൾ ഞെരിച്ചു ചിതറിച്ചു കൊണ്ട് ഒരു ആംബുലൻസ് പറന്നു വരുന്നതു കണ്ടു. സേവ്യർ കിടുങ്ങി പോയി.
ആംബുലൻസിന്റെ ചിതറിപ്പോയ മുൻ ഗ്ലാസ്സിനപ്പുറം തിളങ്ങുന്ന രണ്ടു കണ്ണുകളും ചിതറിപ്പറക്കുന്ന മുടിയും സേവ്യർ കണ്ടു.
അയാൾ അലറിക്കൊണ്ട് ആമ്പൽ പൊയ്കയ്ക്ക് നേരെ തിരിഞ്ഞു. നീല ആമ്പലിന്റെ തണ്ടുകൾ പാമ്പുകളെ പോലെ കരയിലേക്ക് ഇഴഞ്ഞു കയറി വരുന്നതു കണ്ടു. ആംബുലൻസ് തൊട്ടടുത്ത് എത്തി. പിന്നെ ബ്രേക്കിട്ട് നിന്നു. ആംബുലൻസിന്റെ വട്ടക്കണ്ണുകൾ എരിഞ്ഞു തന്നെ നിന്നു.
എൻജിൻ മുരണ്ടു കൊണ്ടേയിരുന്നു. ഒരു കാട്ടു പോത്ത് മുൻ കാലുകൾ കൊണ്ട് തറയിൽ ചുര മാന്തി നിൽക്കുന്നതു പോലെ ആയിരുന്നു ആംബുലൻസിന്റെ നിൽപ്.
അടുത്ത നിമിഷം അത് പാഞ്ഞു വന്നു. ആംബുലൻസിനുള്ളിൽ നിന്ന് ഒരു അലറിച്ചിരി കേട്ടു.
"മാതാവേ .. " സേവ്യർ അലറിക്കൊണ്ട് കാട്ടുപാതയിലേക്ക് ഓടി. കൊടുങ്കാറ്റ് പോലെ ആംബുലൻസ് പിന്നാലെ വരുന്നുണ്ടായിരുന്നു. കാട്ടുപൊന്തയിൽ തട്ടി വീണും മുൾപ്പടർപ്പിൽ കുരുങ്ങി ശരീരം മുറിഞ്ഞുമായിരുന്നു ഓട്ടം. കുറെ മുമ്പിലായി ഒരു ചെറിയ വെട്ടം മുനിഞ്ഞ് കത്തുന്നത് സേവ്യർ കണ്ടു.
പത്തടി മുമ്പിലായി ഒരു കരിങ്കൽത്തറ. അതിനു മീതെ ഒരു എണ്ണത്തിരി മുനിഞ്ഞ് കത്തുന്നു.
'ഘണ്ടാകർണ്ണന്റെ' കൽത്തറ!
ആദിവാസികൾ എന്നും വൈകിട്ട് പ്രാർഥിക്കാനും ചാരായം നേദിക്കാനും ഒക്കെ വരുന്നതാണ്. സേവ്യർ മുതലാളി നിലവിളിച്ച് കൊണ്ട് കരിങ്കൽത്തറയിലേക്ക് ഓടിക്കയറി. അടുത്ത നിമിഷം വനത്തിലെ കാറ്റ് നിലച്ചു. ആംബുലൻസിനെ മുരൾച്ചയും കേൾക്കാനില്ല. സേവ്യർ മുതലാളി കിതച്ചു കൊണ്ട് ചുറ്റും നോക്കി. കാട് ശാന്തമാണ്. സേവ്യർ മുതലാളിയുടെ ശരീരം ഭയം കൊണ്ട് നേർത്ത് വിറച്ചുകൊണ്ടിരുന്നു.
'ചിത്തിനി'

അവൾ വന്നോ? അതോ തന്റെ തോന്നലാണോ? തന്റെ ടാറ്റാ സഫാരി എവിടെ? ആ ആംബുലൻസിൽ കയറിയാണോ താൻ ഇവിടെ വരെ എത്തിയത്?
പതിയെ വെളിച്ചം വന്നു തുടങ്ങിയിരുന്നു. നേരം നന്നായി പുലരും വരെ ഘണ്ടാകർണ്ണന്റെ തറയിൽ തന്നെ ഇരിക്കുന്നതാണ് ബുദ്ധി എന്ന് സേവ്യർ മുതലാളിക്ക് തോന്നി. ഭൂതവും പ്രേതവും ഒന്നും ഇവിടെ വരില്ല. നാവു നീട്ടി നിൽക്കുന്ന ഘണ്ടാകർണ്ണന്റെ പ്രതിമയിലേക്ക് സേവ്യർ ഭീതിയോടെ ഒന്നു നോക്കി. തലേന്ന് കുരുതി കൊടുത്ത കാട്ടുകോഴിയുടെയും കൂരമാനിന്റെയും ചോര ഘണ്ടാകർണ്ണന്റെ നാവിൽ കറുത്ത് ഉണങ്ങിപ്പിടിച്ചിരിപ്പുണ്ട്.
ശരീരം പലയിടത്തും നീറുന്നത് സേവ്യർ അറിഞ്ഞു. വെളിച്ചം നന്നെ പരന്നു തുടങ്ങി. സേവ്യർ ധൈര്യം സംഭരിച്ച് റോഡിലേക്ക് ഇറങ്ങി. പിന്നെ, വേഗത്തിൽ നടക്കാൻ തുടങ്ങി. വെളിച്ചം പരന്നതോടെ ദിക്കുകളൊക്കെ സേവ്യറിന് മനസ്സിലായി തുടങ്ങിയിരുന്നു. ദൂരെ നിന്ന് ഒരു വാഹനത്തിന്റെ ഇരമ്പൽ കേട്ടു. നേർത്തൊരു നിലവിളിയോടെയാണ് സേവ്യർ തിരിഞ്ഞത്.
പക്ഷേ, ദൂരെ നിന്നു വന്നത് ഒരു പൊലീസ് ജീപ്പ് ആയിരുന്നു. സേവ്യറിന് ആശ്വാസം ആയി. അയാൾ റോഡിലേക്ക് കയറി നിന്ന് കൈ നീട്ടി.
ജീപ്പിൽ എസ്.ഐ അലനും എ.എസ്.ഐ യോഹന്നാനും ആയിരുന്നു.
"ഹാ... സേവ്യർ സാറെന്നാ ഇവിടെ." യോഹന്നാൻ അമ്പരപ്പോടെ സേവ്യറിനെ നോക്കി.
"അയ്യോ ഇതെന്നാ... പറ്റി ഉടുപ്പൊക്കെ കീറിയല്ലോ.. " അതേ അമ്പരപ്പിലായിരുന്നു അലനും.
"ഓ.. അത് '' എന്തു പറയണം എന്ന് സേവ്യറിന് ആദ്യം പിടികിട്ടിയില്ല.
" രാവിലെ നടക്കാനിറങ്ങിയതാ. ഒരു പോത്തുമായിട്ടൊന്ന് കോർത്തു." സേവ്യർ പറഞ്ഞത് അങ്ങനെയാണ്.
" ഡബിൾ ബാരൽ എന്റെ കയ്യിലൊണ്ടാരുന്നെങ്കി കാണിച്ചു കൊടുത്തേനേ... ഞാൻ പന്നിയെ "
"ഹാ.. വിട്ടു കള സാറേ " അലൻ ചിരിച്ചു.
"പോത്തിനെ പന്നിയാക്കി ഡീഗ്രേഡ് ചെയ്യണ്ട. ഒരു മാതിരി പാർട്ടിക്കാര് അച്ചടക്ക നടപടി എടുക്കുന്ന പോലെ " അലൻ ഒന്നു നിർത്തി;
"വണ്ടി എവിടെ?"
"വണ്ടി ... വണ്ടിയുമായിട്ട് കാട്ടി മുരുകൻ വരും "
"എന്നാപ്പിന്നെ ഇതേലോട്ട് കയറിക്കോ... വണ്ടി വരുന്നിടം വരെ പോവാം. ഞങ്ങള് സ്റ്റേഷനിലേക്കാ.. "
അത് നല്ലതാണെന്ന് സേവ്യർ മുതലാളിക്ക് തോന്നി. അയാൾ ജീപ്പിന്റെ ഡോർ തുറന്ന് സെൻറർ സീറ്റിലേക്ക് കയറി. വണ്ടി നീങ്ങി.
"നിങ്ങളെന്താ ഇത്ര രാവിലെ ? " സേവ്യർ അലനെയും യോഹന്നാനെയും നോക്കി.
"ഒന്നും പറയണ്ട " ഗിയർ ലിവർ തട്ടുന്നതിനിടയിലാണ് യോഹന്നാൻ മറുപടി പറഞ്ഞത്; "നമ്മുടെ മോർച്ചറി വാൻ മിസ്സിംഗാ. കൂടെ ഒരു ഗർഭിണിയുടെ ശവവും കരിന്തളം ഗണേശനും "
സേവ്യർ മുതലാളി കഠിനമായി ഒന്നു നടുങ്ങി. "ആ... ആംബുലൻസ് കാണാനില്ലെന്നോ?"
"ങും " അലൻ തല തിരിച്ചു.
"സാരമില്ല. കണ്ടു പിടിക്കാം"
സേവ്യർ മുതലാളി മിണ്ടിയില്ല.
"ഈ വനത്തിന് എന്തോ കുഴപ്പമുണ്ട് അല്ലേ.. " ജീപ്പിന്റെ വ്യൂ ഫൈൻഡറിലേക്ക് നോക്കിക്കൊണ്ടാണ് അലൻ ചോദിച്ചത്. പൊൻകുരിശ് സേവ്യറിന്റെ പിടയ്ക്കുന്ന മിഴികൾ വ്യൂ ഫൈൻഡറിൽ അലന് കാണാമായിരുന്നു.
"ഏയ്... എന്തു കുഴപ്പം ...? നല്ല വനം അല്ലേ?" ശബ്ദം പതറാതിരിക്കാൻ പരമാവധി പണിപ്പെട്ടു കൊണ്ടാണ് സേവ്യർ മുതലാളി മറുപടി പറഞ്ഞത്.
വഴിയിലെങ്ങും കാട്ടി മുരുകനെയോ ടാറ്റാ സഫാരിയോ കണ്ടില്ല.
"സേവ്യർ സാറിനെ വീട്ടിൽ വിട് യോഹന്നാനെ-" അലൻ യോഹന്നാനെ നോക്കി.
"ഗസ്റ്റ് ഹൗസിൽ വിട്ടാൽ മതി യോഹന്നാനേ... " സേവ്യർ പറഞ്ഞു. പിന്നെ, അലന്നെ നോക്കി,
"സാറിന്റെ ഫാമിലി ഒക്കെ വന്നോ "
"ഇന്നലെ രാത്രിയോടെ വന്നു ... " അലൻ ചിരിച്ചു,
"അല്ല .. ബംഗ്ലാവിന്റെ വാടക പറഞ്ഞില്ല കേട്ടോ "
"പറയാം സാറേ " സേവ്യർ ചിരിക്കാൻ ശ്രമിച്ചു.
അഞ്ചു മിനിറ്റിനകം പൊലീസ് ജീപ്പ് സേവ്യറിന്റെ ഗസ്റ്റ്ഹൗസിനു മുമ്പിലെത്തി നിന്നു. ഗസ്റ്റ് ഹൗസിനു മുമ്പിൽ ടാറ്റാ സഫാരി കിടപ്പുണ്ടായിരുന്നു. അതിനു മുമ്പിൽ അമ്പരപ്പോടെ കാട്ടി മുരുകനും.
"എന്നാ ശരി... താങ്ക്സ് '' സേവ്യർ മുതലാളി അലനെ നോക്കി ചിരിച്ചിട്ട് ഇറങ്ങി.
ജീപ്പ് നീങ്ങി.
"യോഹന്നാനേ... "
അലൻ പതിയെ വിളിച്ചു.
"സർ... "
" കീപ്... ആൻ ഐ ഓൺ ഹിം, സേവ്യർ മുതലാളിയിൽ ഒരു കണ്ണ് വേണമെന്ന് ." അലൻ ഒന്നു നിർത്തി;
" ഈ വനത്തിൽ ഇതുവരെ ചുരുളഴിയാത്ത ഒരു രഹസ്യം ഉണ്ടെങ്കിൽ ... അതിന്റെ കാരണം അറിയാവുന്ന ഒരേ ഒരാൾ ഈ പൊൻകുരിശ് സേവ്യറാ... എനിക്ക് ഉറപ്പാ അത് "
യോഹന്നാൻ മിണ്ടിയില്ല. പൊലീസ് ജീപ്പ് ഓടിക്കൊണ്ടേയിരുന്നു.
**** **** **** ****
ദുബായ്
ടാനിയ ഒരു ടവ്വൽ ഉടലിൽ ചുറ്റി കൊണ്ട് ബാത്ത് റൂമിലേക്ക് വന്നു. മനസ്സ് അസ്വസ്ഥമായിരുന്നു. ഷവർ ഓൺ ചെയ്തിട്ട് ടാനിയ മിഴികൾ അടച്ചു നിന്നു. വെള്ളം നെറുകയിലേക്ക് വീണ് ചിതറിക്കൊണ്ടിരുന്നു. തെല്ലു നേരം അങ്ങനെ നിന്നു. തല ഒന്നു തണുക്കട്ടെ. കണ്ണു തുറക്കാതെ തന്നെ ടാനിയ സോപ്പ് എടുക്കാനായി കൈ നീട്ടി. സോപ്പ് ശരീരത്തിലും മുഖത്തും തേച്ചു പിടിപ്പിക്കുമ്പോൾ അറിയാതെ ഒരു മൂളിപ്പാട്ട് ടാനിയയുടെ ചുണ്ടിൽ വന്നു.
" ഇലഞ്ഞിപ്പൂമണം ഒഴുകി വരും... " അടുത്ത നിമിഷം, ടാനിയയ്ക്ക് അൽഭുതം തോന്നി.
'ഈ പാട്ട് എങ്ങനെ ഇപ്പോൾ തന്റെ ചുണ്ടിൽ വന്നു? പഴയ പാട്ടുകൾ എന്നു കേട്ടാലേ തനിക്ക് അലർജിയാണ്...'
ബാത്ത് റൂമിൽ ഒരു ഇലഞ്ഞിപ്പൂമണം ഉണ്ടെന്ന് ടാനിയയ്ക്ക് തോന്നി. അടുത്ത നിമിഷം, ടാനിയ കഠിനമായി ഒന്നു നടുങ്ങി. സോപ്പ് താൻ എടുത്തതാണോ... അതോ തന്റെ കയ്യിൽ ആരെങ്കിലും വെച്ചു തന്നതാണോ?
ആര്? ഭയം കൊണ്ട് ടാനിയയുടെ ശരീരം വിറച്ചു. പൊടുന്നനെ കാതിനടുത്ത് ആരോ പല്ലുകടിച്ച് പൊട്ടിക്കുന്ന ശബ്ദം കേട്ടു. പിടിച്ചു നിർത്തിയതു പോലെ ഷവറിലെ വെള്ളപ്പെയ്ത്ത് നിന്നു. ഒരു അമർത്തിയ നിലവിളിയോടെ ടാനിയ മുഖം തുടച്ചു.
പിന്നെ, കണ്ണുകൾ വലിച്ചു തുറന്നു. സോപ്പ് പത ഒഴുകി വീണ് കണ്ണുകൾ നീറി. തല കുടഞ്ഞു കൊണ്ട് ടാനിയ ഒന്നു കൂടി കണ്ണുകൾ വലിച്ചു തുറന്നു. ബാത്ത് റൂമിലെ വലിയ കണ്ണാടിയിൽ ടാനിയ വ്യക്തമായി കണ്ടു. തന്റെ, പിന്നിലായി കറുത്ത നെടുങ്കൻ കുപ്പായമിട്ട് നിൽക്കുന്ന ഗർഭിണിയായ ഒരു സ്ത്രീ. കഴുത്തൊടിഞ്ഞതു പോലെ ഒരു വശത്തേക്ക് ചെരിഞ്ഞ തല! വെള്ളച്ചാട്ടം പോലെ മുഖം കവിഞ്ഞു പരന്നു കിടക്കുന്ന മുടി. മുടിയിഴകൾക്കു പിന്നിൽ അവരുടെ കണ്ണുകൾ വൈരപ്പൊടി വീണതുപോലെ മിന്നിക്കൊണ്ടിരുന്നു.

അധ്യായം 12

12

അധ്യായം 12

രാത്രി വന്നു വിളിക്കുന്ന യക്ഷി!

ഡോക്ടർ ജോൺ കുരുവിളയുടെ ഫോൺ വന്നപ്പോഴാണ് ജോജി ഒഫീസിൽ നിന്നു വീട്ടിലേക്ക് പുറപ്പെട്ടത്.
"പെട്ടെന്നു വരണം" അത്രയുമേ ജോൺ ഡോക്ടർ പറഞ്ഞുള്ളു. പാർക്കിങ്ങ് ഏരിയയിലേക്ക് കാർ പാഞ്ഞു വന്നു നിന്നു. ജോജി ഇറങ്ങി.
ലിഫ്റ്റിലേക്ക് കയറുമ്പോഴും നെഞ്ച് പടപടാന്ന് മിടിച്ചു കൊണ്ടിരുന്നു.
ടാനിയയ്ക്ക് എന്തെങ്കിലും ... ഫ്ലാറ്റിനു മുമ്പിലെത്തി നിന്നു. അതിനു മുമ്പേ ഡോർ തുറന്നു. ഡോക്ടർ ജോൺ കുരുവിളയും ഭാര്യ സൂസിയും പിന്നെ, അടുത്ത ഫ്ലാറ്റിലെ നാലഞ്ചു പേരും.
"കൺഗ്രാറ്റ്സ്..." ജോൺ കുരുവിള ജോജിയുടെ കൈ പിടിച്ച് കുലുക്കി; "ബാക്കി ശ്രീമതി പറയും''. സ്ത്രീകളും പുറത്തേക്ക് പോയി.

ജോജി വാതിൽ അടച്ചു. ഹാളിൽ ജോജിയും ടാനിയയും മാത്രമായി. ജോജി പതിയെ ടാനിയയുടെ അടുത്തു ചെന്നു. സോഫയിലേക്ക് ഇരുന്നു.
"എന്താടീ.... എന്തു പറ്റി?" ടാനിയ പതിയെ തല തിരിച്ചു. ടാനിയയുടെ മുഖത്ത് അന്നുവരെ കാണാത്ത ഒരു പുഞ്ചിരി ആയിരുന്നു. ജോജിയുടെ ഷർട്ടിന്റെ കോളറിൽ പിടിച്ച് ടാനിയ മുമ്പോട്ട് അടുപ്പിച്ചു.
" നീ എനിക്ക് ഒരു ഉമ്മ ത .. എന്നാൽ പറയാം"
" പറയെടീ "
" ചോദിച്ചത് താടാ പട്ടീ ... "
" തന്നെടീ.... പട്ടിക്കുട്ടീ " ജോജി മുഖം താഴ്ത്തി ടാനിയയുടെ കവിളിൽ ഒന്ന് അമർത്തി ചുംബിച്ചു;
"ഇനി പറയ്"
"എടാ ... നീ ഒരു അപ്പൻ ആവാൻ പോവുന്നെന്ന് " ടാനിയ ജോജിയെ ഇറുകെ പുണർന്നു.
"സത്യം"
"ങാ..." ടാനിയ ജോജിയുടെ കവിളിൽ തലോടി.
"ഞാൻ ബാത്ത് റൂമിൽ ഒന്ന് പേടിച്ച് വീണു. ഓടി വന്ന് നീനാന്റിയേം നമ്മുടെ ഡോക്ടറേം വിളിച്ചു നോക്കിയപ്പം... മാറ്റർ കൺഫേംഡാ "
ജോജി ടാനിയയെ ചേർത്തണച്ചു.
"എന്ത് പേടിച്ചു ?"
"എന്റെ പിന്നിൽ ആരോ നിൽക്കുന്ന പോലെ തോന്നി "
"നിനക്ക് വട്ടാ"
"ഓ... ആയിക്കോട്ടെ "
"ജോജീ " ടാനിയ വിളിച്ചു.;
" ഞാൻ ഒരു കാര്യം പറഞ്ഞാൽ നോ പറയരുത്. "
"നീ പറയെടീ "
"എനിക്ക് നാട്ടിൽ പോണം"
"എന്തിന്?"
"എന്റെ കുഞ്ഞ് അവിടെ ജനിച്ചാൽ മതി"
"ആ ... വനത്തിലോ "
"മതി"
ടാനിയ ഒന്നു നിർത്തി; "ജോജിക്ക് പറ്റില്ലെങ്കിൽ വരണ്ട. ഞാൻ ഒറ്റയ്ക്ക് പൊയ്ക്കോളാം"
"ഞാനും വരാമെടീ ... അല്ലെങ്കി... ഞാനിവിടെ കാമുകിയുടെ കൂടെ കറങ്ങുവാന്ന് നീ പറയും "
"പോടാ " ടാനിയ കയ്യ് ഉയർത്തി ജോജിയുടെ കവിളിൽ പതിയെ തല്ലി.
"നീ... ഇപ്പം എന്റെ കുഞ്ഞിന്റപ്പനാ ..."
"ശരി... നമ്മുക്ക് പോയേക്കാം" ജോജി ചിരിച്ചു. പിന്നെ, ടാനിയയുടെ മുടിയിൽ മുഖം പൂഴ്ത്തി;
"എടീ ... നിന്റെ മുടിക്ക് ഒരു ഇലഞ്ഞിപ്പൂമണം... " ടാനിയ മിണ്ടിയില്ല. അവളുടെ കണ്ണുകൾ ഒന്നു മിന്നി. പല്ലുകൾ ചേർന്ന് അമർന്നു.
**** ***** *****
പൊൻകുരിശ് സേവ്യറിന്റെ ബംഗ്ലാവ്.
" മുരുകാ ...'' സേവ്യർ കാട്ടി മുരുകനെ നോക്കി;
" രണ്ട് കാര്യങ്ങൾ "
" മൊതലാളി പറഞ്ഞോ''
" നീ ഒന്നു തിരുവാങ്കുളം വരെ പോണം"
" എന്തിന്?"
" കത്തനാരുടെ പാതാളക്കിണർ പരമ്പരയിൽ അവശേഷിക്കുന്നത് ആരാണെന്ന് കണ്ടെത്തണം. കൊണ്ട് വരണം "
" മൊതലാളീ "
" കൊണ്ടു വന്നേ പറ്റൂ." സേവ്യറിന്റെ മുഖത്തെ മാംസ പേശികൾ വലിഞ്ഞു മുറുകി;
" ഇല്ലെങ്കിൽ അവള് ... ചിത്തിനി തീർക്കുമെടാ.. നമ്മളെ "
" ഞാൻ പോവാം മൊതലാളി "
" മിടുക്കൻ "
സേവ്യർ ദിവാൻ ബെഡ്ഡിലേക്ക് ചാഞ്ഞു.
"എടാ... നമ്മുടെ ടെസ്സ മോൾടെ കൂടെ വന്ന പയ്യന്റെ പേരെന്താ?"
"ദീപു... ദീപു നാരായണൻ "
" അന്യ ജാതിയാ അല്ലിയോ ?"
"അതെ "
"പ്രേമം ആണോടാ ? ''
"അങ്ങനെ തോന്നുന്നു''
" അപ്പപ്പിന്നെ... അവൻ തിരിച്ച് പോവണ്ട. ഇവിടിട്ട് തീർത്തേക്ക്. ഇവിടെ ആരു ചത്താലും യക്ഷിയുടെ അക്കൗണ്ടിൽ ... മനസ്സിലായോ?"
'' ആയി. മൊതലാളി''
"മിടുക്കൻ ''
സേവ്യർ മുതലാളി ദിവാൻ ബെഡിലേക്ക് ചാഞ്ഞു
**** ***** **** ****
രാത്രി .
ആരോ വിളിക്കുന്നതു കേട്ടാണ് ഒറോതച്ചേട്ടത്തി വാതിൽ തുറന്നത്. മുമ്പിൽ കറുത്ത ഗൗൺ അണിഞ്ഞ ഒരു ഗർഭിണി.
"നീ ഏതാ കൊച്ചേ...'' ഒറോത ചേട്ടത്തി അമ്പരപ്പോടെ ഗർഭിണിയെ നോക്കി.
"വാ... ആ കിണറ്റിൽ ആരോ വീണു "
ഗർഭിണി ഒറോത ചേടത്തിയുടെ കൈയിൽ പിടിച്ചു. ഗർഭിണിക്ക് പിന്നാലെ ഒറോത ചേടത്തി പെരുമഴയിലേക്ക് ഇറങ്ങി.

അധ്യായം 13

13

അധ്യായം 13

പ്രേതങ്ങളെ പിടിക്കാൻ പാതാളക്കിണറിൽ

ഒരു സ്വപ്നത്തിലായിരുന്നു സീത. ഇലഞ്ഞിമരങ്ങൾ മാത്രം പൂത്തു നിൽക്കുന്ന ഒരിടം! മഞ്ഞു പെയ്യും പോലെ ഇലഞ്ഞിപ്പൂക്കൾ പെയ്യുന്നു.
താൻ നടക്കുകയാണ്.... ഇലഞ്ഞിമരങ്ങൾക്ക് ഇടയിലൂടെ...
പെട്ടെന്ന് ഇലഞ്ഞിമരങ്ങൾ ബാധ കയറിയതുപോലെ ഉറഞ്ഞ് തുള്ളാൻ തുടങ്ങി. മഴ പോലെ പെയ്യുന്ന പൂക്കൾക്ക്‌ ഇപ്പോൾ ശവം നാറി പൂക്കളുടെ അവിഞ്ഞ ഗന്ധം!
പുറകിൽ നിന്ന് എന്തോ ഇഴഞ്ഞ് എത്തുന്ന ശബ്ദം. സീത ഞെട്ടിത്തിരിഞ്ഞു. ഒരു നിലവിളി തൊണ്ടയിൽ കുരുങ്ങി. തിളങ്ങുന്ന കരിനീല നിറമുള്ള ഒരു വലിയ സർപ്പം!
സീത ഓടാൻ ആഞ്ഞു... കഴിയുന്നില്ല. കാലുകൾ തറയിൽ ഉറച്ചു പോയതുപോലെ... സർപ്പം സീതയുടെ മുമ്പിലെത്തി നിന്നു.

പിന്നെ പത്തി ഉയർത്തി. സീതയുടെ തലയുടെ ഉയരത്തിൽ സർപ്പം പത്തി വിരിച്ചു നിന്നു. അതിന്റെ കറുത്ത വട്ടക്കണ്ണുകൾ ചുവന്ന വൈഢൂര്യം പതിച്ചതു പോലെ മിന്നുന്നു. സർപ്പം വായ് തുറന്നു, പിളർന്ന നാവ് സീതയുടെ നേരെ പാഞ്ഞു വന്നു.
"അമ്മേ..''
സീത സർവശക്തിയുമെടുത്ത് അലറി. പിന്നെ പിടഞ്ഞെണീറ്റു. ഒപ്പം അലനും ഉണർന്നു.
"എന്താടീ... എന്താ?" അലൻ സീതയെ നോക്കി.
"ഞാൻ ... ഞാനൊരു സ്വപ്നം ... "
" പുല്ല്... " അലനു ദേഷ്യം വന്നു. മനുഷ്യന്റെ നല്ല ജീവനങ്ങ് പോയി.
"അല്ലു ... "
സീത ഭീതിയോടെ അലനെ നോക്കി.
"സംതിംഗ് റോംഗ്''
"എന്താ ''
"ഇവിടെ എന്തോ കുഴപ്പമുണ്ട്. എനിക്ക് ഉറപ്പാ..."
"നീ ചുമ്മാ ..." അലൻ വെള്ളം ഇരുന്ന ജഗ്ഗ് എടുത്ത് സീതയ്ക്ക് നേരെ നീട്ടി.
"വെളളം കുടിക്ക് "
" അലൻ ഞാൻ "
"വെള്ളം കുടിക്കെടീ "
വാത്സല്യത്തോടെ സീതയുടെ വയറിൽ തലോടി. "നിനക്ക് വേണ്ടി മാത്രമല്ല... എന്റെ മോന് വേണ്ടി കൂടി ... "
സീത വെള്ളം കുടിച്ചു. പിന്നെ അലനെ നോക്കി; "അല്ലു ഞാൻ പറയുന്നത് ഒന്ന് കേൾക്ക് ഇവിടെന്തോ കുഴപ്പമുണ്ട്. നമ്മുക്ക് തിരിച്ച് പോവാം "
"കോപ്പ് " അലനു ദേഷ്യം വന്നു.
"ഒന്നാമതേ... ഇവിടുള്ളവരെല്ലാം അന്ധവിശ്വാസികളാ. അതിന്റെ കൂടെ നീ കൂടെ കൂടിക്കോ..." അലൻ ഒന്നു നിർത്തി.
"ഇവിടെ പ്രേതോം ഇല്ല. പിശാചും ഇല്ല... ഒരു കുന്തോമില്ല'' അലൻ പറഞ്ഞു തീരും മുമ്പ് ഒരു മരക്കൊമ്പ് ഒടിയുന്ന ശബ്ദം കേട്ടു.
ഒപ്പം ഒരു അലർച്ചയും.
" അല്ലു " സീത ഭീതിയോടെ അലനെ ചുറ്റിപ്പിടിച്ചു.
"ഒറോതച്ചേടത്തിയുടെ കരച്ചിൽ അല്ലേ അത് "
"വാ" സീതയെയും കൂട്ടി അലൻ പുറത്തേക്ക് കുതിച്ചു.
അവർ ഹാളിലെത്തിയതും എടുത്തെറിഞ്ഞതുപോലെ ഒറോതച്ചേടത്തി അകത്തേക്ക് പാഞ്ഞു വന്നു.
"മക്കളേ... "
"എന്താ ... എന്താ ചേടത്തീ... "
"എന്നെ... എന്നെ കൊന്നേനേ?"
ഒറോതച്ചേടത്തി ആലില പോലെ വിറച്ചു കൊണ്ടിരുന്നു.
"ആര്?"
"ആ... ആ ഗർഭിണി " അലൻ കഠിനമായി ഒന്നു നടുങ്ങി.
"ഗർഭിണിയോ?" സീത അമ്പരന്നു. "ഏത് ... ഗർഭിണി''
"ഏയ്.... ഒന്നുമില്ല."
അലൻ വിഷയം മാറ്റാൻ ശ്രമിച്ചു.
"ചേട്ടത്തി എന്തോ സ്വപ്നം കണ്ടതല്ലേ. നമ്മുക്ക് കിടക്കാൻ നോക്കാം "
സീത എന്തോ പറയാൻ ആഞ്ഞപ്പോ അലൻ കൈ ഉയർത്തി തടഞ്ഞു;
"എല്ലാം നാളെ, ചേട്ടത്തിയെ നീ അകത്തേക്ക് കൊണ്ട് പോ..." സീത പിന്നെ ഒന്നും മിണ്ടിയില്ല. ഒറോതച്ചേടത്തിയെയും കൂട്ടി അകത്തേക്ക് പോയി.
അലൻ പതിയെ വാതിൽക്കലേക്ക് വന്നു. പുറത്ത്, മഴ തിമിർക്കുകയാണ്. കാപ്പിത്തോട്ടങ്ങൾക്കു നടുക്ക് കാറ്റ് വീശിയടിക്കുന്നു. കിണറിനു ചുറ്റും കുതിർന്ന കരിയിലകൾ വട്ടം ചുറ്റി പറക്കുന്നു. അലന് വല്ലാത്ത ഭീതി തോന്നി. അലൻ വാതിലടച്ചു.
ഈ സമയം...
കിണറിന്റെ അരഭിത്തിയിൽ അമർത്തിപ്പിടിച്ചിരുന്ന ഒരു കൈ പതിയെ താഴേയ്ക്ക് ഇഴഞ്ഞു. ഒരു പാമ്പ് ഇഴഞ്ഞ് ഇറങ്ങുന്നതു പോലെ ആയിരുന്നു. അത്ര നീളം ഉള്ള, കരിനാഗത്തെ പോലെ കറുത്ത കയ്യ്! നാൽപ്പതടി താഴ്ചയിൽ വെള്ളത്തിനു മീതെ എത്തി ആ കൈ നിശ്ചലമായി.
പിന്നെ പാമ്പിനെ പോലെ വെള്ളത്തിനു മുകളിൽ ഇടംവലം ഇഴഞ്ഞു. അടുത്ത നിമിഷം കിണറ്റിനുള്ളിൽ ഒരു ചിലമ്പിച്ച ചിരി മുഴങ്ങി.
"നാളെ ... നാളെ വരും ഒരു ബലി. "
ചിരിക്ക് ഇടയിൽ നിന്ന് അക്ഷരങ്ങൾ ചിതറി വീണു.
**** **** **** ****
പിറ്റേന്ന് സന്ധ്യ.
പൊൻകുരിശ് സേവ്യറിന്റെ ടാറ്റാ സഫാരി പാഞ്ഞു വന്ന് അലന്റെ വാടക വീടിനു പിന്നിലുള്ള കാപ്പിത്തോട്ടത്തിന്റെ അതിരിലായി നിന്നു.
ദീപു നാരായണൻ അതിലുണ്ടായിരുന്നു.
"ഇറങ്ങെടാ കൊച്ചനേ... " സേവ്യർ ദീപുവിനെ നോക്കി. കാട്ടി മുരുകനും സഫാരിയിൽ നിന്ന് ഇറങ്ങി. ദീപു ഇറങ്ങി. തോളിലെ ബാക്ക് പാക്കിൽ ഗോസ്റ്റ് ഹണ്ടിംഗിനുള്ള ഉപകരണങ്ങൾ ഉണ്ടായിരുന്നു.
"നീ ഒരുപാട് പ്രേതത്തെ പിടിച്ചിട്ടുള്ളവനല്ലേ..." പൊൻകുരിശ് സേവ്യർ ദീപുവിനെ നോക്കി;
"ആ കാപ്പിത്തോട്ടത്തിന് നടുവിലെ കിണറ്റിൽ ഒരു കിടിലൻ പ്രേതം ഉണ്ട്. പറ്റുമെങ്കിൽ പിടിച്ചോണ്ട് വാ "
"ഷുവർ അങ്കിൾ " ദീപു ഉത്സാഹത്തോടെ മുമ്പോട്ട് നടന്നു.
"വെറും കിണർ അല്ല. പാതാളക്കിണർ "
"ഞാൻ ഏറ്റു അങ്കിളേ... " ദീപു വേഗം കാപ്പിത്തോട്ടത്തിലേക്ക് കയറി.
"മുരുകാ "
സേവ്യർ മുതലാളി പതിയെ വിളിച്ചു.
"മുതലാളീ''
"കരിന്തളത്ത് വിളിച്ച് നാലു ടിപ്പർ നിറച്ച് കരിങ്കല്ല് കൊണ്ടുവരാൻ പറയ്. ആ കിണറങ്ങ് മൂടിയേക്കാം. അവൻ... എന്റെ മോൾടെ കാമുകൻ കിണറ്റിലിറങ്ങി കഴിഞ്ഞ്..."
പൊൻകുരിശ് സേവ്യറിന്റെ മുഖത്ത് ഒരു കൊല്ലുന്ന ചിരി ഉണ്ടായി.

അധ്യായം 14

14

അധ്യായം 14

ഗർഭിണിയുടെ വയറ് തടവുന്ന പ്രേതം!

ദീപു കിണറിനു നേരെ നടക്കുന്നത് ഒരു കൊല്ലുന്ന ചിരിയോടെ നോക്കി നിൽക്കുകയായിരുന്നു പൊൻകുരിശ് സേവ്യർ. പക്ഷേ, സ്വപ്നത്തിൽ പോലും ചിന്തിക്കാത്തതായിരുന്നു അടുത്ത നിമിഷം സംഭവിച്ചത്. കിണറിനു ചുറ്റും ചുഴലി രൂപപ്പെടുന്നതു പോലെ കാറ്റ് കരിയിലകൾ കൊണ്ട് ഒരു കോട്ട തീർക്കുന്നു.
മുമ്പോട്ട് ചുവട് വയ്ക്കാനാവാതെ പകച്ച് നിൽക്കുകയാണ് ദീപു.
"അങ്കിളേ... "
ദീപു ചുവടുകൾ ഉറപ്പിക്കാൻ പാടുപെട്ടു കൊണ്ട് വിളിച്ചു; "ആരെങ്കിലും ഇങ്ങോട്ടു വാ "
മുമ്പോട്ട് ഒരു ചുവട് വച്ച കാട്ടി മുരുകന്റെ ചുമലിൽ പൊൻകുരിശ് സേവ്യറിന്റെ കൈ വന്നു വീണു;
"മുരുകാ നിൽക്ക് " സേവ്യർ ഒന്നു നിർത്തി..
" അവള് പണി തുടങ്ങി. ചിത്തിനി"

അടുത്ത നിമിഷം സേവ്യറിന്റെ ഫോൺ ബെല്ലടിച്ചു. കാറ്റിൽ ഉലഞ്ഞു പോവാതിരിക്കാൻ പണിപ്പെട്ട് കൊണ്ട് സേവ്യർ ഫോണെടുത്തു.
"ഹലോ..."
"പപ്പാ... ഞാനാ ടാനിയ " "ങാ... പറയെടീ കൊച്ചേ "
"ഞങ്ങള് നാട്ടിലേക്ക് വരുവാ"
" അതെന്നാ പെട്ടെന്ന് "
" പപ്പാ ഒരു വിശേഷം ഉണ്ട്. വന്നിട്ട് പറയാം"
"ങ്ങാ... നീ വാ "
അത്രയും പറഞ്ഞിട്ട് സേവ്യർ ഫോൺ വച്ചു.
കിണറിന് അടുത്തേക്ക് അടുക്കാനാവാതെ നിൽക്കുകയാണ് ദീപു. അടുത്ത നിമിഷം, ഹെഡ് ലൈറ്റുകൾ മിന്നിച്ചു കൊണ്ട് ഒരു പൊലീസ് ജീപ്പ് ബംഗ്ലാവിന്റെ മുറ്റത്തേക്ക് പാഞ്ഞു വന്നു നിന്നു. അതിൽ നിന്ന് അലൻ ഇറങ്ങി. പൊൻകുരിശ് സേവ്യറിന്റെ മുഖം വിളറി. അലന്റെ ഒപ്പം എ.എസ്.ഐ യോഹന്നാന്നും ജീപ്പിൽ നിന്ന് ഇറങ്ങി.
കാപ്പിത്തോട്ടങ്ങൾക്കു നടുവിലെ കിണറിന് അടുത്ത് പൊൻകുരിശ് സേവ്യറും കാട്ടി മുരുകനും ദീപുവും നിൽക്കുന്നത് അലൻ കണ്ടു.
"യോഹന്നാനേ... വാ " വിളിച്ചു കൊണ്ട് അലൻ നേരെ കാപ്പിത്തോട്ടത്തിലേക്ക് വന്നു. അലൻ എത്തിയതും കിണറിന് ചുറ്റും പറന്ന കാറ്റ് അപ്രത്യക്ഷമായി. കരിയിലകൾ പത്തി മടക്കിയ പാമ്പിനെ പോലെ തറയിലേക്ക് അമർന്നു.
"എന്നതാ സേവ്യർ കാട്ടിയെയും കൂട്ടി ഇവിടൊരു പരിപാടി " അലൻ ഒരു ചെറു ചിരിയോടെ സേവ്യറിനെ നോക്കി.
"ഇത് ഏതാ ഈ പയ്യൻ..?"
"ദീപുവിനെ നോക്കിക്കൊണ്ടാണ് അലൻ ചോദിച്ചത്.
" ഇത് ..."
സേവ്യർ വിക്കി;
" ചാനലീന്ന് മോൾടെ കൂടെ വന്നതാ. പ്രേതങ്ങളെ പിടിക്കുന്ന..."
"ഗോസ്റ്റ് ഹണ്ടർ ആണ് സാർ." ദീപു പൂരിപ്പിച്ചു.
" പാരാനോർമ്മൽ ആക്ടിവിറ്റിയിൽ റിസേർച്ച് "
"ഈ കിണറ്റിലെന്തായിരുന്നു പരിപാടി?"
അലന്റെ കണ്ണുകൾ കൂർത്തു.
" അത് ഇവിടെ എന്തോ നെഗറ്റീവ് സ്പിരിറ്റ് ഉണ്ടെന്ന് ടെസ്സയുടെ പപ്പ പറഞ്ഞു "
" അപ്പം.... അതിനെ പിടിക്കാം എന്നു കരുതി അല്ലേ " അലൻ പൂരിപ്പിച്ചു.
"നമ്മുക്ക് പിടിക്കാടോ "
അലൻ ദീപുവിന്റെ ചുമലിലൂടെ കയ്യിട്ടു.
"ഈ വനത്തിലൂടെ അലഞ്ഞ് തിരിയുന്ന ചിത്തിനി എന്ന ഗർഭിണി പ്രേതത്തിന്റെ കഥ എനിക്ക് അറിയണം ... " പൊൻകുരിശ് സേവ്യറിന്റെ മുഖം കടലാസു പോലെ വിളറിപ്പോയി.
"കണ്ടു പിടിക്കാം നമ്മുക്ക്. തൽക്കാലം മോൻ പോ"
"സാറേ ..." ദീപു വിളിച്ചു.
"പറഞ്ഞോ "
"സാറ് വിശ്വസിച്ചാലും ഇല്ലെങ്കിലും ഒരു കാര്യം ഞാൻ പറയും."
"നീ പറയ്" അലൻ ദീപുവിന് നേരെ തിരിഞ്ഞു.
"ഇവിടൊരു നെഗറ്റീവ് എനർജി ഉണ്ട് സാർ. ആർക്കും പിടികൊടുക്കാത്ത ഒരു പ്രേതം. സാറ് സൂക്ഷിച്ചോ..."
"നമ്മുക്ക് നോക്കാടാ"
അലന്റെ മുഖത്ത് പുഞ്ചിരി ആയിരുന്നു. പൊൻകുരിശ് സേവ്യറിന്റെ മുഖത്ത് ഇച്ഛാഭംഗവും. ദീപു നാരായണൻ തിരിഞ്ഞു.
പിന്നാലെ കാട്ടി മുരുകരും പൊൻകുരിശ് സേവ്യറും. ഇടിമിന്നൽ പോലെ ടാറ്റാ സഫാരി കാപ്പിത്തോട്ടങ്ങൾക്ക് നടുവിലൂടെ പാഞ്ഞ് പോയി.
"യോഹന്നാനെ... " അലൻ തിരിഞ്ഞു;
"പറഞ്ഞത് തന്നെ ഞാൻ വീണ്ടും വീണ്ടും ആവർത്തിക്കുന്നു. പൊൻകുരിശ് സേവ്യർ ഒരു കാട്ടുരാജാവ് മാത്രമല്ല. ഇവിടെ വർഷങ്ങൾക്കു മുമ്പ് നടന്ന ചില രഹസ്യങ്ങളുടെ താക്കോൽ സൂക്ഷിപ്പുകാരൻ കൂടിയാ"
"നമ്മളതൊക്കെ ചെകഞ്ഞ് പോവണോ സാർ" യോഹന്നാന്റെ മുഖത്ത് ആവലാതി ആയിരുന്നു.
"ചിലത് ചികയുക എന്നത് ചിലരുടെ നിയോഗമാണ് യോഹന്നാനേ... സത്യം ... സൂര്യവെളിച്ചം പോലെയാണ്. കൈപ്പടം കൊണ്ട് ആർക്കും അതിനെ തടയാനാവില്ല...!"
" സാറേ ... " യോഹന്നാൻ ഭീതിയോടെ വിളിച്ചു;
" ചിത്തിനിയുടെ പിന്നാലെയുള്ള യാത്ര മരണക്കളിയാ ..."
" കളിച്ചാൽ... മരണത്തോട് കളിക്കണം യോഹന്നാനെ ... " അലൻ ചിരിച്ചു. " എങ്കിലേ... ജീവിതത്തിനോട് കൊതി തോന്നു" അലൻ ചിരിച്ചു.
"വാ... സീത എന്തെങ്കിലും കഴിക്കാൻ ഉണ്ടാക്കി കാണും'' അലൻ വീടിന് നേരെ തിരിഞ്ഞു. പിന്നാലെ, യോഹന്നാനും.
വീട്ടിൽ സീത കാത്തിരിക്കുകയായിരുന്നു. യോഹന്നാന്നെ അലൻ ഊണ് മുറിയിലിരുത്തി. പിന്നെ, ബെഡ് റൂമിലേക്ക് വന്നു.
അലൻ വന്നത് അറിയാതെ സീത നേർത്ത മയക്കത്തിലായിരുന്നു. ഒരു കുസൃതിച്ചിരിയോടെ അലൻ സീതയുടെ അരുകിലേക്ക് ഇരുന്നു.
പിന്നെ, വയറിൽ കൈ ചുറ്റിപിടിച്ച് കൊണ്ട് കഴുത്തിൽ ഒരുമ്മ കൊടുത്തു. ഒരു ഞെട്ടലോടെ സീത ഞെട്ടിപ്പിടഞ്ഞ് എണീറ്റു.
പിന്നെ, മുഖത്ത് വന്ന ചിരി മാറ്റി അലനെ തുറിച്ചു നോക്കി;
" കെട്ടിയോനാ... കോപ്പാ പക്ഷേ, പോക്രിത്തരം കാണിക്കരുത് "
"എന്താടീ "
"ഉമ്മ വയ്ക്കുന്നതിനും പെർമിഷൻ വേണ്ടേ "
"പിന്നേ... പുല്ല് " അലൻ സീതയെ വലിച്ച് നോക്കി.
"എന്റെ ഭാര്യയെ ഉമ്മ വയ്ക്കുന്നതിന് ഞാൻ പഞ്ചായത്ത് പ്രസിഡന്റിന്റെ അനുമതിപത്രം കൊണ്ടു വരാം. എണീറ്റ് വാ. എ.എസ്.ഐ യോഹന്നാൻ ചേട്ടൻ വന്നിട്ടുണ്ട് "
"യ്യോ'' സീത ചാടിപ്പിടഞ്ഞ് എണീറ്റു.
"എന്നിട്ടാ ശൃംഗരിക്കാൻ വന്നേക്കുന്നത് " സീത ധൃതിയിൽ ഊണുമുറിയിലേക്ക് വന്നു.
ഒറോതച്ചേടത്തി യോഹന്നാന് ചായ കൊടുക്കുകയായിരുന്നു.
"അല്ലാ... ഈ എ.എസ്.ഐ എന്നു പറയുന്നത് എസ്.ഐ ക്കും താഴെയല്ലേ.?'' ഒറോതച്ചേടത്തി യോഹന്നാനെ തുറിച്ച് നോക്കി. യോഹന്നാന് ആ ചോദ്യം ഇഷ്ടപ്പെട്ടില്ല.
"അതെ. എന്താ?"
"അപ്പം... ചാവുന്നതിന് മുമ്പ് നിങ്ങള് എസ്.ഐ ആവത്തില്ലേ? "
" ആയാൽ നിങ്ങള് ചാവുന്നതിന് മുമ്പ് ഞാൻ അറിയിക്കാം." യോഹന്നാന്റെ സ്വരം കടുത്തു.
സീതയെയും കൂട്ടി അലൻ ഹാളിലേക്ക് വന്നു. അടുത്ത നിമിഷം യോഹന്നാന്റെ ഫോൺ ബെല്ലടിച്ചു.
"മോളേ... ഒരു സെക്കന്റ് "
സീതയെ നോക്കിയിട്ട് യോഹന്നാൻ ഫോൺ എടുത്തു. പിന്നെ ഞെട്ടലോടെ അലനെ നോക്കി.
"സാറേ ... "
"എന്താ യോഹന്നാനെ ... ?" അലൻ അമ്പരന്നു.
" ഉടൻ സ്റ്റേഷനിൽ എത്തണം"
"എന്താ കാര്യം?"
"പറയാം. സാറ് വാ ..."
കാപ്പിക്കപ്പ് മേശപ്പുറത്തേക്ക് വച്ചിട്ട് യോഹന്നാൻ എണീറ്റു. പിന്നെ, സീതയെ നോക്കി,
"പേടിക്കാൻ ഒന്നുമില്ല മോളേ... ഞങ്ങളിപ്പം വരാം "
"പോട്ടേ ടീ" സീതയുടെ കവിളിൽ ഒന്നു തട്ടിയിട്ട് അലനും പുറത്തേക്ക് പോയി.
പൊലീസ് ജീപ്പ് പാഞ്ഞു പോവുന്ന ശബ്ദം കേട്ടു. ഒറോതച്ചേടത്തി ചെന്ന് വാതിലടച്ചു. സീത മുറിയിൽ വന്നു കിടന്നു.
"കൊച്ചേ ഞാൻ ഒന്നു മയങ്ങാൻ പോവാണേ" ഒറോതച്ചേടത്തിയുടെ ശബ്ദം കേട്ടു.
സീതയുടെ മിഴികളും അടഞ്ഞു. പുറത്ത് മഴ തകർത്തു തുടങ്ങി. തന്റെ വീർത്ത വയറിന് മീതെ ആരുടെയോ വിരലുകൾ ഇഴയുന്നത് അറിഞ്ഞാണ് സീത കണ്ണു തുറന്നത്. മുമ്പിൽ അലൻ ആണെന്ന് സീതയ്ക്ക് തോന്നി.
"കള്ളാ... നീ പോയില്ലേടാ"
സീത പ്രണയാർദ്രയായി കൈ നീട്ടി.
സീതയുടെ അടുത്ത് പക്ഷേ
ചിത്തിനി ആയിരുന്നു.
സീതയുടെ വീർത്ത വയറിന് മീതെ ചിത്തിനിയുടെ കൂർത്ത നഖങ്ങൾ പതിയെ നീന്തിക്കൊണ്ടിരുന്നു ....!!!

അധ്യായം 15

15

അധ്യായം 15

പാതിരി വനത്തെ വിറപ്പിച്ച് ഗർഭിണി പ്രേതം

രാത്രി!
ആകാശത്തിന്റെ പാൽക്കുടം പതഞ്ഞ് തൂവും പോലെ നിലാവ് പെയ്തിറങ്ങിക്കൊണ്ടിരുന്നു. മുറിയിൽ സീതയെ ചേർത്തു പിടിച്ച് കിടക്കുകയായിരുന്നു അലൻ
"എന്നിട്ട്... പറയ്" അലൻ സീതയെ നോക്കി;
"എന്റടുത്ത് ആരോ ഇരിപ്പുണ്ടായിരുന്നു. അതും ഒരു ഗർഭിണി. " അലൻ കിടുങ്ങിപ്പോയി.
" ഗർഭിണിയോ?"
"അതെ" സീത എണീറ്റിരുന്നു.
"നീ... ചുമ്മാ '' അലൻ ആ വിഷയം മാറ്റാൾ ശ്രമിച്ചു.
"നീ സ്വപ്നം കണ്ടതാവും ... "

"അല്ലെന്ന് " സീതയുടെ മിഴികൾ ജാഗരൂകമായി.
"നമ്മുടെ ഇവിടേക്കുള്ള വരവ്... ഒരു വെറും വരവല്ല അല്ലേ?..." സീത അലന്റെ നെഞ്ചിലേക്ക് മുഖം പൊത്തി.
"നമ്മളെ ആരോ വിളിച്ച് വരുത്തിയതാണ്!"
"ആര്?"
"ആരോ... ഏതോ ശക്തി. ആവാഹിച്ച് വരുത്തും പോലെ നമ്മളെ വിളിച്ച്  വരുത്തിയിരിക്കുന്നു."
"എന്തിന്?"
"ചിലത് പറയാനും ചിലത് തെളിയിക്കാനും ... "
അതു പറയുമ്പോൾ സീതയുടെ കണ്ണുകളിൽ അസാധാരണമായ ഒരു തിളക്കം ഉണ്ടായി. പല്ലുകൾ ഒന്ന് ചേർന്നമർന്നു. അലൻ അത് കണ്ടില്ല.
"നീ എന്താ ഈ പറയുന്നത്?" അലൻ സീതയെ നോക്കി.
"സത്യമാ ഞാൻ വെറുതെ പറയില്ല ഒന്നും. എന്റെ അച്ഛന്റെ സിദ്ധി ഒരൽപം എനിക്ക് കിട്ടിയിട്ടുണ്ട് എന്നു കൂട്ടിക്കോ. ഈ വീട് ഒരു സാധാരണ വീട് അല്ല. അസാധാരണമായ ഒരു പാട് സംഭവങ്ങൾ നടന്നിട്ടുണ്ട്. "
"എന്തു സംഭവം ''
"പടു മരണം" സീതയുടെ പല്ലുകൾ ചേർന്ന് അമർന്നു.
"ഏതോ... ഒരു പാവം പെണ്ണിന്റെ കണ്ണുനീരും ചോരയും കരച്ചിലും ജീവനും ജീവിതവും വീണ് ചിതറിയിട്ടുണ്ട് ഇവിടെ " സീത കിതപ്പോടെ ഒന്നു നിർത്തി;
"ഒരു വെറും പെണ്ണല്ല... നിറവയറോടെ നിന്ന ഒരു പാവം ഗർഭിണിയുടെ " അവസാന വാചകം പറയുമ്പോൾ സീതയുടെ സ്വരം ഇടറിപ്പോയി.
"സീതേ " അലൻ സീതയെ ഒന്നു ചേർത്ത് പിടിച്ചു. "നീ ചുമ്മാ ..."
"ചുമ്മാതല്ല. എത്ര വർഷം മുമ്പ് നടന്നത് ആണെങ്കിലും നീതികേട് നീതികേട് ആണ്. അത് കണ്ടു പിടിക്കണം" സീത ഒന്നു നിർത്തി.
"ഒരു പെണ്ണിന്റെ കണ്ണുനീരിനും കരച്ചിലിനും ആർത്ത് വരുന്ന തിരമാലയേക്കാൾ ശക്തിയുണ്ട് അല്ലു. കൊല്ലപ്പെട്ടതാണ്. കരുതിക്കൂട്ടി കൊന്നതാണ്. അമ്മയെ മാത്രമല്ല... ഏഴു മാസം പ്രായമുള്ള ഒരു ഭ്രൂണത്തെക്കൂടി .. " സീത ഒന്നു നിർത്തി.
"അമ്മയുടെ വയറ്റിനുള്ളിൽ ശ്വാസം കിട്ടാതെ പിടഞ്ഞു മരിച്ച കുഞ്ഞ്. അവർ പകരം വീട്ടും. അവർക്ക് നീതി കിട്ടിയില്ലെങ്കിൽ ... "
"സീതേ നീ ഇതൊക്കെ ഇങ്ങനെ പറയുന്നത് "
"ഞാൻ പറഞ്ഞില്ലേ ... അച്ഛന്റെ സിദ്ധികളിൽ ഒരൽപം കിട്ടിയതാവാം. വന്ന വഴിക്ക് വനത്തിന് നടുവിൽ ഒരു ആംബുലൻസ് കണ്ടപ്പോൾ തുടങ്ങിയതാണ് എന്റെ ആപത് ശങ്ക. ഈ വീട്ടിൽ എത്തിയപ്പോൾ സംശയം കൂടി. ഒറോതച്ചേടത്തിക്ക് ഉണ്ടായ അനുഭവം സംശയം ബലപ്പെടുത്തി. പിന്നെ, എന്റെ വയറ് തടവാൻ മറ്റൊരു ഗർഭിണി എത്തിയപ്പോൾ .. " സീതയുടെ ശരീരം ഒന്നു കുളിർന്നു.
"അത് സ്വപ്നമല്ല. സത്യമായിരുന്നു അല്ലു .വലതു കൈയ്യിൽ ആറ് വിരലുകൾ"
"ആറ് വിരലുകളോ?"
"അതെ. ഞാൻ കൃത്യമായി കണ്ടതാണ്. ആദ്യം തിരക്കേണ്ടത് അതാണ്. ഈ ഭാഗത്ത് ഏതെങ്കിലും ഗർഭിണി... അതും വലത് കൈയിൽ ആറ് വിരലുള്ള ആൾ കൊല്ലപ്പെട്ടിട്ടുണ്ടോ എന്ന്. അല്ലെങ്കിൽ ആത്മഹത്യ ചെയ്ത നിലയിൽ കാണപ്പെട്ടിട്ടുണ്ടോ എന്ന്. " സീത ഒന്നു നിർത്തി. "അല്ല ... യോഹന്നാൻസാർ എന്താണ് ധൃതി പിടിച്ച് വിളിച്ചു കൊണ്ടു പോയത് ?"
"അത് സ്‌റ്റേഷനിൽ ഒരു കുഞ്ഞ് പ്രശ്നം "
"എന്ത് പ്രശ്നം?"
"ഓ... ഫയലുകളൊക്കെ വാരിവലിച്ചിട്ടിരിക്കുന്നു."
"ങും " ഒരു നിമിഷത്തേക്ക് സീത മിണ്ടിയില്ല.
"ഞാൻ ഒരു കാര്യം ചോദിച്ചാൽ അല്ലു സത്യം പറയുമോ?"
"ചോദിക്ക് "
" ഈ വനത്തിൽ ഒരു ഗർഭിണി പ്രേതം  ഉണ്ടെന്ന് അല്ലു അറിഞ്ഞതല്ലേ..."
അലൻ ഒന്നു ഞെട്ടി.
"സത്യം പറയ്"
"ഉവ്വ്. ഇവിടുത്തെ ട്രൈബ്സ്‌ പുള്ളത്താച്ചി എന്നു വിളിക്കുന്ന ഒരു ഒരു പ്രേതം ''
"പേര്?"
ഒന്നു ശ്വാസം എടുത്തിട്ടാണ് അലൻ മറുപടി പറഞ്ഞത്:
"ചിത്തിനി''
അടുത്ത നിമിഷം ഒരു ഇടിമിന്നൽ ഉണ്ടായി. ശക്തമായ ഒരു നീല വെളിച്ചം ഭിത്തിയിലടിക്കുന്നതും ജനൽച്ചില്ലുകൾ ചിതറിപ്പോവുന്നതുമാണ് അലനും സീതയും കണ്ടത്.
" അല്ലു " സീത ഭയത്തോടെ അലനെ കെട്ടിപ്പിടിച്ചു.
"ചിത്തിനിക്ക് എതിരെ നിൽക്കരുത്. ചിത്തിനിയുടെ കൂടെ നിൽക്കണം"
"നീ എന്താ ഈ പറയുന്നത് " അലന് ദേഷ്യം വന്നു.
"പ്രേതങ്ങളുടെ കേസ് ഏറ്റെടുക്കാൻ ഡിപ്പാർട്ട്മെന്റിൽ വകുപ്പില്ല.. "
അടുത്ത നിമിഷം വലിയ ശബ്ദത്തോടെ ഭിത്തിയിലെ ക്ലോക്ക് താഴേക്ക്‌ വീണു. ഇത്തവണ അലനും ഭയന്ന് പോയി. ക്ലോക്കിലെ സൂചികൾ പമ്പരം പോലെ കറങ്ങുന്നത് കണ്ടു. പിന്നെ ഒരു സമയത്തിനു നേരെ ഉറച്ചു. അലൻ അതിലേക്ക് സൂക്ഷിച്ച് നോക്കി.

11.30
തീയതി ജനുവരി 13
സീതയുടെ മിഴികൾ ഒന്നു പിടഞ്ഞു.
"ജനുവരി പതിമൂന്ന് 11.30 " സീത അലനെ ചുറ്റിപ്പിടിച്ചു;
"അല്ലൂ... ഈ വീട്ടിൽ നേരത്തെ ... അതും എത്ര വർഷം പിന്നിലാണെങ്കിലും എന്താണ് നടന്നത് എന്നു കണ്ടെത്തണം." സീത ഒന്നു നിർത്തി;
"ചിത്തിനി എന്ന ആത്മാവ് കെട്ടുകഥയോ അന്ധവിശ്വാസമോ...  എന്തും ആവട്ടെ. പക്ഷേ, ആ കുഞ്ഞ്. അമ്മയുടെ ശ്വാസത്തിന്റെ പങ്കു പറ്റി അമ്മയുടെ വയറ്റിൽ ജനിച്ച് ഏഴു മാസം മാത്രം ജീവിച്ച് മരിച്ചു പോയ ആ കുഞ്ഞ്... അതിന് നീതി കിട്ടണം. ഈ ലോകം കാണും മുമ്പേ അതിന്റെ കണ്ണുകൾ തിരുമ്മി അടച്ചത് ആരാണെന്ന് കണ്ടെത്തണം."
"സീതേ ... നിനക്ക് എന്താ വട്ടായോ?" അലൻ സീതയുടെ ഇരു ചുമലുകളിലും പിടിച്ച് പിന്നിലേക്ക് മാറ്റി നിർത്തി.
"വട്ട് അല്ല ഏട്ടാ..." ഇത്തവണ സീത അലനെ കെട്ടിപ്പിടിച്ച് കരഞ്ഞു;
"ഈ രഹസ്യം പുറത്ത് വന്നില്ലെങ്കിൽ നമ്മുടെ കുഞ്ഞ് ജനിക്കത്തില്ല എന്നൊരു തോന്നൽ. അങ്ങനൊരു പേടി. ഞാനും ഇല്ലാതാവും എന്ന് "
അലന്റെ നെഞ്ചിനുള്ളിലൂടൊരു മിന്നലൊളി പാഞ്ഞു പോയി.
"പോടീ '' അലൻ സീതയെ നെഞ്ചോട് ചേർത്തു.
"ഇന്നു മുതൽ ഞാനിറങ്ങാം. എന്താണ് പതിരി വനത്തിലെ ഗർഭിണി പ്രേതത്തിന് പിന്നിലെ കഥ എന്ന് തിരക്കാം"
"മതി '' സീത അലനെ വീണ്ടുംഇറുകെ പുണർന്ന് കൊണ്ട് നെഞ്ചിലേക്ക് മുഖം പൊത്തി.
"ഭൂമിയിൽ നടപ്പാക്കേണ്ട ശിക്ഷ ഭൂമിയിൽ തന്നെ നടപ്പാക്കണം ഏട്ടാ..."
സീതയുടെ മിഴികൾ വൈരപ്പൊടി വീണതു പോലെ ഒന്നു മിന്നി.
**** **** **** ****
കരിന്തളം വനം. ഇടിമിന്നൽ പോലെ പൊലീസ് ജീപ്പ് പാഞ്ഞ് വന്നു നിന്നു. അതിൽ നിന്ന് ദീപു നാരായണനെ ഇറക്കി. എ.എസ്.ഐ യോഹന്നാൻ അലനു നേരെ വന്നു.
"സാറേ ... പയ്യൻ വന്നിട്ടുണ്ട് " അലൻ പതിയെ തല തിരിച്ച് ദീപുവിനെ നോക്കി.
"സ്ട്രെയിറ്റായിട്ട് കാര്യങ്ങൾ ചോദിക്കാം "
"ചോദിക്കണം സാർ"
"ഈ ഗോസ്റ്റ് ഹണ്ടിംഗ് സത്യമാണോ.?"
"അതെ സാർ'' ദീപു അലന്റെ മിഴികളിലേക്ക് നോക്കി.
"ഗോസ്റ്റ് ഹണ്ടിംഗ് എന്ന് ഞാൻ പറയില്ല. പക്ഷേ, പാരാനോർമൽ ആക്ടിവിറ്റികളെ കണ്ടെത്താം. നെഗറ്റീവ് എനർജികളുടെ സാന്നിധ്യം തിരിച്ചറിയാം"
"എങ്കിൽ മുപ്പത് വർഷം മുമ്പത്തെ ഒരു കേസ് അന്വേഷിക്കാൻ നീ എന്റെ കൂടെ നിൽക്കുമോ?" അലൻ ദീപുവിന്റെ കണ്ണുകളിലേക്ക് നോക്കി.
"നിൽക്കാം സാർ" ദീപുവിന്റെ സ്വരം ശാന്തമായിരുന്നു. എന്നാൽ ഉറച്ചതും.
"ഈ വനത്തിൽ വന്നപ്പഴേ എനിക്ക് തോന്നിയിരുന്നു സാർ ഇവിടെ എന്തോ തെളിയിക്കപ്പെടാൻ ഉണ്ടെന്ന്. ഞാനും അതിന്റെ ഭാഗം ആവും എന്ന് "
ദീപുവിന്റെ മറുപടി  കേട്ട് അലൻ അമ്പരന്ന് പോയി.
"സാറേ ... " എ.എസ്.ഐ യോഹന്നാൻ അമ്പരപ്പോടെ വിളിച്ചു;
"എന്താ ഇതൊക്കെ "
"ചുമ്മാ.. ഇതും ഡ്യൂട്ടിയുടെ ഭാഗമാ യോഹന്നാന്നേ " അലൻ ചിരിച്ചു.
ഇതേ സമയം... പൊൻകുരിശ് ബംഗ്ലാവിന്റെ മുമ്പിലേക്ക് ഒരു ടാറ്റാ സഫാരി പാഞ്ഞു വന്നു നിന്നു. പൊൻകുരിശ് സേവ്യർ ഓടി വന്നു.
കാട്ടി മുരുകൻ ആണ് ആദ്യം വണ്ടിയിൽ നിന്ന് ഇറങ്ങിയത്.
"കിട്ടിയോ മുരുകാ ആളെ " സേവ്യർ ആവേശത്തോടെ ചോദിച്ചു.
അതിനു മറുപടി എന്നോണം പിന്നിലെ ഡോർ തുറന്നു. കറുത്ത ചരട് ചുറ്റിക്കെട്ടിയ ഒരു വെളുത്ത കാൽ മണ്ണിൽ അമർന്നു. അതിസുന്ദരിയായ ഒരു യുവതി പുറത്തേക്ക് ഇറങ്ങി.
" പെണ്ണോ? " പൊൻകുരിശ് സേവ്യർ അമ്പരപ്പോടെ കാട്ടി മുരുകനെ നോക്കി.
" കർത്താവ് തമ്പുരാന്റെ പാതിരി പരമ്പരയിലെ അവസാന കണ്ണി " മുരുകൻ സേവ്യറിന്റെ അടുത്തേക്ക് നീങ്ങി നിന്നു.
" മന്ത്രവും തന്ത്രവും കുതന്ത്രവും എല്ലാം അറിയാം. നമ്മളെ രക്ഷിക്കാൻ തക്ക കഴിവുണ്ട്. മൊതലാളീ''
" എന്നതാ ഇതിന്റെ പേര്?"
" വജ്ര " കാട്ടി മുരുകൻ ഒന്നു നിർത്തിയിട്ടാണ് ബാക്കി പൂരിപ്പിച്ചത്, "വജ്ര ഡേവിഡ് ഡാനിയൽ " വജ്ര പതിയെ തിരിഞ്ഞ് സേവ്യറിനെ ഒന്നു നോക്കി.
" പൊൻകുരിശ്  സേവ്യർ സാർ ..." വജ്രയുടെ ചുണ്ടിന്റെ കോണിൽ ഒരു ചിരി ഉണ്ടായി. കണ്ണുകളിൽ വജ്രത്തിളക്കവും.
" ഒന്നു സൂക്ഷിക്കണം. ഒരു മരണം ... പിന്നാലെയുണ്ട് " സേവ്യർ കിടുങ്ങിപ്പോയി.
**** **** **** ****
രാത്രി
കാട്ടു മുയലുകൾക്കും കുളക്കോഴികൾക്കും കെണി വയ്ക്കാൻ ഇറങ്ങിയതായിരുന്നു കാട്ടി മുരുകൻ. കൊച്ചാണ്ടി ചതുപ്പിനടുത്ത് എത്തിയതും ജീപ്പിന്റെ ഒരു ടയർ ചെളിയിലേക്ക് പൂണ്ടു പോയി.
"പുല്ല്... ''
സ്റ്റിയറിംഗ് വീലിൽ ആഞ്ഞൊരിടി ഇടിച്ചു കൊണ്ട് കാട്ടി മുരുകൻ ആക്സിലറേറ്ററിൽ കാൽ അമർത്തി. അടുത്ത നിമിഷം ജീപ്പ് അനായാസമായി മുമ്പോട്ട് ഉരുണ്ടു. അമ്പരപ്പോടെ റിയർവ്യൂ മിററിലേക്ക് നോക്കിയ കാട്ടി മുരുകൻ ഭയം കൊണ്ട് വിറച്ചു പോയി. ഇരു കൈ കൊണ്ടും ചതുപ്പിന് നേരെ ജീപ്പ് തള്ളുന്ന ഗർഭിണി.
'ചിത്തിനി !!! '

അധ്യായം 16

16

അധ്യായം 16

മരണം വരുന്നു... പൊലീസ് ജീപ്പിൽ

''ചിത്തിനീ..." കാട്ടി മുരുകൻ അലറി
"കൊല്ലരുതേ..."
അടുത്ത നിമിഷം മുരുകൻ വീണ്ടും ഒന്നു ഞെട്ടി. റിയർവ്യൂ മിററിൽ ആരെയും കാണാനില്ല. 'തന്റെ തോന്നലാണോ?'
കാട്ടി മുരുകൻ പതിയെ വണ്ടിയുടെ സീറ്റിനടിയിൽ നിന്ന് വടി വാൾ വലിച്ചെടുത്തു. പിന്നെ, ഗ്രാമ്പുവും മുളപ്പിച്ച ചെറുപയറും കാട്ടുപഴങ്ങളും ഇട്ട് വാറ്റിയെടുത്ത ചാരായത്തിന്റെ കുപ്പി എടുത്തു. അത് വായിലേക്ക് ചെരിച്ചു. ധൈര്യം കുറച്ചു കൂടി വേണം! ചാരായം മടമടാന്ന് തൊണ്ടക്കുഴിയിലൂടെ ഇറങ്ങിപ്പോയി.

തീക്കനൽ വാറ്റിയ തൈലം നെഞ്ചിനുള്ളിലൂടെ പാഞ്ഞു പോവുന്നതു പോലെയാണ് മുരുകന് തോന്നിയത്. മുരുകൻ തല ഒന്നു കുടഞ്ഞു.
ചാരായം ഉള്ളിൽ ചെന്നപ്പോൾ ഞരമ്പുകളിലെ തീയ്ക്ക് ചൂട് കൂടിയിരിക്കുന്നു.
"ചിത്തിനി" കാട്ടി മുരുകൻ ഒന്നു ചിരിച്ചു.
'പണ്ടു നിന്നെ നിറവയറോടെ ജീവനോടെ കണ്ടിട്ടുണ്ട്. പിന്നല്ലേ ഇപ്പം.. ' മുരുകൻ പിറുപിറുത്തു. പിന്നെ, കുപ്പിയിൽ അവശേഷിച്ചിരുന്ന ചാരായം കൂടി വായിലേക്ക് ചെരിച്ചു.
"കറു കറുത്ത ഞാവൽപ്പഴം പോലത്തെ ചിത്തിനി " കാട്ടി മുരുകൻ ഉന്മാദം പിടിപെട്ടതു പോലെ ഒന്നു തല കുലുക്കി. പിന്നെ, ജീപ്പിൽ നിന്ന് ചാടി ഇറങ്ങി. പെട്ടെന്ന്, ഒരു കാറ്റു വീശി. നിലാവ് അൽപം കൂടി മങ്ങി.
''ചിത്തിനീ" വടിവാൾ വീശിക്കൊണ്ട് കാട്ടി മുരുകൻ സ്വബോധം നഷ്ടപ്പെട്ടവനെ പോലെ അലറി.
"എന്ന മെരട്ടാൻ നോക്കുവാ... അറിയാമല്ലോ നിന്റെ കെട്ടിയവൻ കതിരവന് എന്താ സംഭവിച്ചത് എന്ന്... ചുറ്റികയ്ക്ക് ഒറ്റയടിക്ക് അവന്റെ തലയോട് തകർക്കുക ആയിരുന്നെടീ ... ഈ ഞാൻ "
കാട്ടി മുരുകൻ പറഞ്ഞു നിർത്തിയതും നിലാവ് അൽപം കൂടി മങ്ങി. ചുറ്റുമുള്ള കാറ്റിൽ ഇലഞ്ഞിപ്പൂമണമായി. വടിവാൾ വീശിക്കൊണ്ട് കാട്ടിമുരുകൻ ചുറ്റും നോക്കി വീണ്ടും അലറി;
"പണ്ട് നിന്നെ പൂട്ടിയ പാതിരിയുടെ കുടുംബത്തിൽ നിന്ന് വന്നിട്ടുണ്ടെടീ ഒരു പെങ്കൊച്ച്. അവളു നിന്നെ പൂട്ടും. ഇനി നീ തിരിച്ചു വരാത്ത രീതിയിൽ പൂട്ടും "
അടുത്ത നിമിഷം കാറ്റ് നിലച്ചു. ചുറ്റും നിശ്ശബ്ദത മാത്രമായി.
"എൻ പുള്ളേ...
എൻ മകനേ... "
ചിലമ്പിച്ച ശബ്ദത്തിൽ ഒരു പാട്ട് തൊട്ടടുത്തു നിന്നു കേട്ടു. കാട്ടി മുരുകന്റെ വീറും തൊണ്ടയിലെ വെള്ളവും ഒക്കെ ഒരു നിമിഷം കൊണ്ട് വറ്റിപ്പോയി. കേൾക്കുന്നത് തമിഴ്നാട്ടിലെ മരണ വീടുകളിൽ കേൾക്കുന്ന 'ഒപ്പാരി'യാണ്.
അടുത്ത നിമിഷം പല്ലുകടിച്ച് പൊട്ടിക്കുന്ന ശബ്ദം കേട്ടു. മുരുകൻ ഞെട്ടിപ്പകച്ച് ചുറ്റും നോക്കി. ലഹരി തന്ന വീര്യം ഒരു നിമിഷം കൊണ്ട് ആവിയായി പോയിരിക്കുന്നു. പല്ലുകടിച്ചു പൊട്ടിക്കുന്ന ശബ്ദം വീണ്ടും കേട്ടു. തൊട്ടടുത്തു നിന്ന്... തലയ്ക്കു മുകളിൽ നിന്ന്...
മുരുകൻ മുകളിലേക്ക് നോക്കി. ജീപ്പിന്റെ മുകളിൽ ഒരൽപം പിന്നിലേക്കു ചാഞ്ഞിരിക്കുന്ന ചിത്തിനി. ഇടതു കൈ കൊണ്ട് മുടി കോതുന്നുണ്ട്. വലതുകൈ കൊണ്ട് നിറവയറിൽ പതിയെ തടവുന്നു. ഇടതൂർന്ന മുടി മുഖത്തിന്റെ പതിമറച്ച് ഒഴുകിപ്പരന്ന് കിടക്കുകയാണ്.
ചിത്തിനി പതിയെ തലതിരിച്ച് കാട്ടി മുരുകനെ ഒന്നു നോക്കി. പിന്നെ പതിയെ ഒന്നു ചിരിച്ചു. സ്ഫടികം പോലത്തെ കണ്ണുകളിൽ നിന്നുള്ള പ്രകാശമേറ്റ് മുരുകന്റെ കണ്ണഞ്ചി.
"അയ്യോ " മുരുകൻ അലറിക്കൊണ്ട്  ജീപ്പിന് നേരെ തിരിഞ്ഞു. അടുത്ത നിമിഷം, ജീപ്പിന്റെ മുകളിൽ ചിത്തിനി പറന്ന് താഴേക്ക് വന്നു.
"അടുക്കരുത്" മുരുകൻ അലറിക്കൊണ്ട് വടിവാൾ ആഞ്ഞു വീശി.
"ഉന്നെ നാൻ കണ്ടം തുണ്ടമാവെട്ടി ആറ്റു തണ്ണിയിലേ പോട്ടിടുവേൻ"
"എന്നെയാ... നീയാ.. " ചിത്തിനി ഒന്ന് അലറിച്ചിരിച്ചു. മുരുകന്റെ കർണ്ണപടങ്ങൾ പൊട്ടിപ്പോയി. ചിത്തിനി മുരുകന്റെ കഴുത്തിൽ കുത്തിപ്പിടിച്ചു. പിന്നെ, രണ്ടു വിരലുകൾക്കു നടുവിൽ വച്ച് വടിവാൾ നിസ്സാരമായി ഒടിച്ചു കളഞ്ഞു. പിന്നെ ഇരുകൈയും കൊണ്ട് മുരുകന്റെ ഇരുചെവിയും ചേർത്ത് ഒറ്റയടി അടിച്ചു. കാട്ടി മുരുകന്റെ മൂക്കിലൂടെയും വായിലൂടെയും ചോര ചീറ്റി.
"എൻ പുരുഷനോട് സെഞ്ചമാതിരി "
അവസാന ശ്വാസത്തിന് മുമ്പ് മുരുകൻ അത്രയും കേട്ടു. തറയിലേക്ക് വീണ മുരുകന്റെ ഒരു കാലിൽ പിടിച്ചു വലിച്ചു കൊണ്ട് കുളവാഴകൾക്കിടയിലൂടെ ചിത്തിനി ചതുപ്പിന് അരുകിലേക്ക് വന്നു. പിന്നെ, മുരുകനെ കാലിൽ തൂക്കിയെടുത്ത് തലകീഴായി ചതുപ്പിലേക്ക് ഒരു കുത്ത് കുത്തി. ഒരു കമ്പ് ചതുപ്പിൽ കുത്തി നിർത്തുന്നത് പോലെ ആയിരുന്നു അത്. കാട്ടി മുരുകൻ തലകീഴായി ചതുപ്പിലേക്ക് താഴ്ന്നു പോയി. കാലുകൾ മാത്രം മുകളിലേക്ക് ഉയർന്ന് നിന്നു. ഇരുവശത്തേക്കും മുടി ചികഞ്ഞു വിതറിക്കൊണ്ട് ചിത്തിനി ആർത്തു ചിരിച്ചു. പിന്നെ, തിരിഞ്ഞ് ജീപ്പിനു നേരെ വന്നു. ഒരു കൈകൊണ്ട് ജീപ്പ് പതിയെ ഒന്നു തളളി.
എടുത്തെറിഞ്ഞ കളിപ്പാട്ടം പോലെ ജീപ്പ് പറന്നു വന്ന് ചതുപ്പിലേക്ക് മൂക്കു കുത്തി. അടുത്ത നിമിഷം മഴ അലറിയാർത്ത് പെയ്തു തുടങ്ങി.
***** ***** ***** *****
പിറ്റേന്ന് ചതുപ്പിനപ്പുറത്തേക്ക് ഒരു പൊലീസ് ജീപ്പ് പാഞ്ഞു വന്നു നിന്നു. എസ്ഐ അലൻ ഇറങ്ങി. എഎസ്ഐ യോഹന്നാനും സിവിൽ ഓഫീസർമാരും നേരത്തെ എത്തിയിരുന്നു. പൊൻകുരിശ് സേവ്യറും മകൾ ടെസ്സയും ദീപു നാരായണനും വജ്ര ഡേവിഡ് ഡാനിയലും അവിടുണ്ടായിരുന്നു.
"യോഹന്നാനേ... " അലൻ വിളിച്ചു.
" സർ " യോഹന്നാൻ ഓടി വന്നു.
"ഏതാ ആ പെൺകുട്ടി " വജ്രയെ നോക്കിക്കൊണ്ടാണ് അലൻ ചോദിച്ചത്.
"ഇന്നലെ സേവ്യർ മൊതലാളീടെ വീട്ടില് വന്നതാ സാറേ ..."
"ഇനി ഈ വനത്തിൽ ആര് വന്നാലും സ്‌റ്റേഷനിൽ റിപ്പോർട്ട് ചെയ്യാൻ പറയണം. ഇല്ലെങ്കിൽ പ്രേത വിചാരണ നടത്തി നമ്മൾ മടുക്കും"
കാട്ടി മുരുകന്റെ മൃതശരീരം ആദിവാസികൾ ഒരു വിധം ചതുപ്പിൽ നിന്ന് എടുത്തു കരയിലേക്ക് കിടത്തി. ജീപ്പ് ചതുപ്പിലേക്ക് കൂടുതൽ താഴ്ന്നു പോവാതെ ഒരു മരത്തിലേക്ക് വടം കൊണ്ട് കെട്ടിയിട്ടിട്ടുണ്ട്. പൊൻകുരിശ് സേവ്യർ ഭയന്ന് നിൽക്കുകയായിരുന്നു.
"സേവ്യർ സാറേ " അലൻ വിളിച്ചു.
സേവ്യർ അടുത്തുവന്നു; "എന്താ സാറേ ..."
"ചില കാര്യങ്ങൾ ഞാൻ ചോദിച്ചാൽ സത്യം പറയണം"
"സാറ് ചോദിക്ക്. എനിക്ക് അറിയാവുന്നതാണെങ്കിൽ പറയാം"
"ഏതാണ്ട് ഇരുപത്തഞ്ച് കൊല്ലം മുമ്പ് ഈ വനത്തിൽ ഒരു സിനിമ ഷൂട്ടിംഗ്‌ നടന്നിരുന്നോ?" സേവ്യർ ഒന്നു പതറി.
"എന്തിനാ സാറേ ... അതൊക്കെ ഇപ്പം ചോദിക്കുന്നത് "
"ഞാൻ ചോദിച്ചതിന് ഉത്തരം പറയ്"
" ഷൂട്ടിംഗ്‌ നടന്നോ ഇല്ലയോ ?"
" നടന്നു " സേവ്യറിന്റെ സ്വരം പതിഞ്ഞു.
" ഷൂട്ടിംഗ് സംഘം താമസിച്ചത് എവിടാരുന്നു. ഞാനിപ്പം താമസിക്കുന്ന ബംഗ്ലാവിൽ അല്ലേ ?"
"അതെ "
"എന്തായിരുന്നു ആ സിനിമയുടെ പേര്?"
"അത് " സേവ്യർ വിക്കി.
അടുത്ത നിമിഷം ശക്തമായി കാറ്റ് വീശാൻ തുടങ്ങി. മഴക്കാറ്റ് മൂടിയതുപോലെ ചുറ്റും ഇരുളിമയായി. പെട്ടെന്ന് മൂവന്തി ആയതു പോലെ. ചതുപ്പിന് മീതെ കരിയിലകൾ വട്ടംചുറ്റി പറന്നു കൊണ്ടിരുന്നു.
"പറയ്... എന്തായിരുന്നു ആ സിനിമയുടെ പേര്?"
കാറ്റിൽ പിടിച്ചു നിൽക്കാൻ പണിപ്പെട്ടു കൊണ്ട് അലൻ സേവ്യറിന്റെ കണ്ണുകളിലേക്ക് നോക്കി.
ഒന്നു ശ്വാസമെടുത്തിട്ടാണ് സേവ്യർ മറുപടി പറഞ്ഞത് ;
" മിഴി ! "
അടുത്ത നിമിഷം, കാതടപ്പിക്കുന്ന ഒരു ഇടിയൊച്ച മുഴങ്ങി. നടുങ്ങി വിറച്ച് പോയി എല്ലാവരും. ഡ്രൈവർ ഇല്ലാതെ കിടന്നിരുന്ന പൊലീസ് ജീപ്പുകളിൽ ഒരെണ്ണം ആരോ തളളി വിട്ടിട്ടെന്നോണം അലന്റെയും സേവ്യറിന്റെയും നേരെ ഉരുണ്ടു വരുന്നുണ്ടായിരുന്നു ...!

അധ്യായം 17

17

അധ്യായം 17

മൊബൈൽ ഡിസ്പ്ലേയിൽ പ്രത്യക്ഷപ്പെടുന്ന പ്രേതം

ഒരു മുരൾച്ചയോടെ പൊലീസ് ജീപ്പ് അലന്റെയും സേവ്യറിന്റെയും നേരെ കുതിച്ചു വന്നു.
"സാർ ..." എ.എസ്.ഐ യോഹന്നാന്റെ അലർച്ച കേട്ടാണ് അലൻ ഞെട്ടിത്തിരിഞ്ഞത്.
ഒരു നിമിഷം! സേവ്യറിനെ പിടിച്ചു കൊണ്ട് അലൻ ഇടത് വശത്തേക്ക് പറന്നു മാറി. ഉരുണ്ട് വന്ന ജീപ്പ് ഒരു വലിയ കാട്ടുകടമ്പിൽ ഇടിച്ചു നിന്നു.

വണ്ടിയുടെ ഹെഡ് ലൈറ്റ് ഉടഞ്ഞ് താഴെ വീഴുന്ന ശബ്ദം കേട്ടു. കാട്ടുകടമ്പിൽ ഇരുന്നിരുന്ന പക്ഷികൾ തീപ്പൊള്ളലേറ്റതു പോലെ നാലു വശത്തേക്കും ചിതറിപ്പറന്നു. പൊലീസുകാരും മറ്റുള്ളവരും ഓടി വരുന്നുണ്ടായിരുന്നു. അപ്പോഴേക്കും അലനും സേവ്യറും തറയിൽ നിന്ന് എണീറ്റ് കഴിഞ്ഞിരുന്നു.
"സാറേ ... സത്യമായിട്ടും ഞാൻ ഹാൻഡ് ബ്രേക്ക് ഇട്ടിരുന്നതാ.. " പൊലീസ് ഡ്രൈവർ കിതപ്പോടെ അലനെ നോക്കി. അലൻ മിണ്ടിയില്ല. ശ്വാസമെടുക്കാൻ ബുദ്ധിമുട്ടി നെഞ്ച് തടവുകയായിരുന്നു സേവ്യർ.
" പപ്പാ..." ടെസ്സ ഓടി വന്ന് സേവ്യറിനെ പിടിച്ചു. "ആർ... യൂ .. ഓക്കെ ?"
കുഴപ്പമില്ല എന്ന് സേവ്യർ കൈ കൊണ്ട് ആഗ്യം കാട്ടി.
"സേവ്യർ സാറേ " അലൻ പൊൻകുരിശ് സേവ്യറിനെ നോക്കി;
"സാറ് ഈ പിള്ളേരേം കൂട്ടി ബംഗ്ലാവിലോ ഗസ്റ്റ് ഹൗസിലോ പോയി വിശ്രമിക്ക്. കാട്ടി മുരുകന്റെ പോസ്റ്റ്മോർട്ടം ഇവിടെത്തന്നെ നടത്താനാ തീരുമാനം. പൊലീസ് സർജനും ടീമും വരുന്നുണ്ട് " അലൻ ഒന്നു നിർത്തി.
"പ്രൈമാ ഫെയ്സിയിൽ ഇത് ഒരു അപകടമരണമാ."
"എന്ത്?" സേവ്യറിന് മനസ്സിലായില്ല.
" പ്രഥമദൃഷ്ട്യാ മനസ്സിലാവുന്നത് ഇത് ഒരു അപകട മരണം ആണ് എന്നാണ്. മനസ്സിലായോ?"
"ഉവ്വ് "
"മദ്യലഹരിയിൽ ഓടിച്ച ജീപ്പ് മറിഞ്ഞ് ചതുപ്പിൽ വീണ് കാട്ടി മുരുകൻ കൊല്ലപ്പെട്ടു"
"അ... അതെ " സേവ്യർ ഭീതിയോടെ വിക്കി.
"സേവ്യർ സാറേ ..." അലൻ സേവ്യറിനെ നോക്കി.
" ഇങ്ങ് വന്നേ... " അലൻ സേവ്യറിനെയും കൂട്ടി അൽപം മാറി നിന്നു. പിന്നെ സേവ്യറിന് മാത്രം കേൾക്കാവുന്ന സ്വരത്തിലാണ് അലൻ സംസാരിച്ചത്.
"സത്യം പറഞ്ഞാൽ ഈ സ്റ്റേഷനിൽ ചാർജ് എടുക്കാൻ വന്നപ്പോൾ ഞാൻ കേട്ട പേരാണ് - ചിത്തിനി. ചിത്തിനി എന്ന ഗർഭിണിയായ യക്ഷി.
പുള്ളത്താച്ചി!"
സേവ്യറിന്റെ മിഴികൾ ഭയം കൊണ്ട് ഇരുണ്ടു പോയി.
"കർത്താവ് തമ്പുരാൻ എന്ന പാതിരി ബന്ധിച്ച യക്ഷി. യോഹന്നാൻ ആ കഥ പറഞ്ഞപ്പോൾ എനിക്ക് പുച്ഛമായിരുന്നു. പക്ഷേ... പക്ഷേ, ഇപ്പം എനിക്ക് ഉറപ്പാ. ചിത്തിനി എന്നൊരു ഗർഭിണി യക്ഷി ഉണ്ട്. അവര് പ്രതികാരദാഹിയായി ഈ വനത്തിൽ അലയുന്നുമുണ്ട്. അതിന്റെ ഉദാഹരണമാണ് ആംബുലൻസുമായി കാണാതായ കരിന്തളം ഗണേശനും ഇപ്പോൾ ചതുപ്പിൽ പൂണ്ട് ചത്ത കാട്ടി മുരുകനും "
പൊൻകുരിശ് സേവ്യറിന്റെ തൊണ്ടയിൽ വെള്ളം കുടുങ്ങി.
"അതു കൊണ്ട് സേവ്യർ സാറേ ..." അലൻ സേവ്യറിന്റെ തോളിലൂടെ കൈയിട്ടു.
"ചിത്തിനി ആരാണ് എന്ന് എനിക്കറിയില്ല. ചിത്തിനിക്ക് എന്താണ് സംഭവിച്ചതെന്ന് എനിക്ക് അറിയില്ല. പക്ഷേ, ഒരു കാര്യം എനിക്ക് ഉറപ്പാ..."
അലൻ ഒന്നു നിർത്തി. " ചിത്തിനിയുടെ പടുമരണത്തിന് ആരൊക്കെ കാരണക്കാർ ആയിട്ടുണ്ടോ... അവർക്ക് ഒക്കെ ചിത്തിനി പണി തന്നിരിക്കും. ഉറപ്പ്..."
സേവ്യറിന്റെ ശരീരം ഒന്നു ഞെട്ടി. അലൻ അത് അറിഞ്ഞു.
" അതു കൊണ്ട്... പ്രേതങ്ങളോട് കളിക്കാൻ നിൽക്കരുത്. എന്താന്നു വച്ചാൽ പ്രേതങ്ങളെ ശിക്ഷിക്കാൻ ഇന്ത്യൻ പീനൽ കോഡിൽ വകുപ്പില്ല.
ഞാനിത്രയും വിശദീകരിച്ച് പറഞ്ഞത് എന്താണെന്നു വച്ചാൽ... ചിത്തിനിയെക്കുറിച്ച് സേവ്യർ സാറിന് എന്തെങ്കിലും അറിയാമെങ്കിൽ... പണ്ട് സംഭവിച്ചത് എന്താണെന്ന് ഓർമ ഉണ്ടെങ്കിൽ എന്നോട് തുറന്ന് പറയണം. സാറിന്റെ നന്മയ്ക്ക് വേണ്ടിയാ ഞാനിത് പറയുന്നത്. "
അലൻ ഒന്നു നിർത്തി.
"സാറിന്റെ ഇൻക്വസ്റ്റ് തയ്യാറാക്കുന്നതിനെക്കുറിച്ച് എനിക്ക് ചിന്തിക്കാൻ പോലും വയ്യ. അതാ " പൊൻകുരിശ് സേവ്യർ വീണ്ടും കഠിനമായി ഒന്നു നടുങ്ങി. അലൻ കൗശലത്തോടെ സേവ്യറിന്റെ കണ്ണുകളിലേക്ക് നോക്കി;
"എന്നാപ്പിന്നെ സാറ് പൊക്കോ. ചെന്നിട്ട് അറിയാവുന്ന കുരിശ് എല്ലാം ഒന്നിച്ച് വരച്ച് വിശ്രമിക്ക്. ആ പിള്ളേരെ എല്ലാറ്റിനേം വിളിച്ചോണ്ട് പൊയ്ക്കോ. പൊലീസിന്റെ പണി നടക്കുന്നിടത്ത് പൊലീസ് മാത്രം മതി."
"ശരി" പൊൻകുരിശ് സേവ്യർ തിരിഞ്ഞു.
പിന്നെ തന്റെ വാഹനത്തിന് നേരെ നടന്നു. ചതുപ്പിന്റെ കരയിൽ കിടക്കുന്ന കാട്ടി മുരുകന്റെ മൃതശരീരത്തിലേക്ക് ഒന്നു നോക്കാനുള്ള ധൈര്യം സേവ്യറിന് ഉണ്ടായില്ല. രണ്ടു മിനിറ്റിനകം സേവ്യറും വജ്രയും ടെസ്സയും ടീമും ദീപുവും തിരികെ പോയി. എ.എസ്.ഐ യോഹന്നാൻ പതിയെ അലന്റെ അടുത്തേക്ക് വന്നു.
"സാറേ.. " യോഹന്നാൻ പതിയെ വിളിച്ചു.
" ഇത് അവൾടെ പണിയാ.. " യോഹന്നാൻ ഭീതിയോടെയാണ് ബാക്കി പൂരിപ്പിച്ചത്:
"ചിത്തിനിടെ .."
"ങും "അലൻ മൂളി.
"നമ്മക്ക് എങ്ങനെങ്കിലും ട്രാൻസ്ഫർ സംഘടിപ്പിച്ച് ഈ നശിച്ച വനത്തീന്ന് പോവാം സാറേ ..."
"ഞാൻ പോവുന്നില്ല" അലന്റെ സ്വരം ഉറച്ചതായിരുന്നു. യോഹന്നാൻ ഞെട്ടിപ്പോയി.
"അയ്യോ.. അതെന്നാ സാറേ "
"ഗതി കിട്ടാതെ ഒരു ആത്മാവ് ഇവിടെ അലയുന്നുണ്ടെങ്കിൽ .. അതിനു പിന്നിലെ കാരണം എനിക്ക് കണ്ടെത്തണം യോഹന്നാനേ "
"സാറേ.. ഞാൻ നേരത്തെ പറഞ്ഞതു തന്നെ പറയുവാ. ഇത് അപകടം പിടിച്ച കളിയാ"
"നമ്മൾ തെറ്റ് ചെയ്തിട്ടില്ലെങ്കിൽ പിന്നെ നമ്മള് ഭയക്കുന്നത് എന്തിനാ യോഹന്നാനേ.. "
"സാറേ ... അത് '' യോഹന്നാന് എന്തു പറയണം എന്നറിയില്ലായിരുന്നു.
"യോഹന്നാൻ ചെല്ല്. കൊച്ചാണ്ടി ചെക്ക് പോസ്റ്റിൽ പൊലീസ് സർജനും ടീമും വരും. അവർക്ക് വഴി കാട്ടാൻ മുരളിയെയും രാജേന്ദ്രനെയും വിട്..."
"സർ ..."
നിരാശയോടെ ഒന്ന് തല കുടഞ്ഞിട്ട് യോഹന്നാൻ തിരിച്ചു നടന്നു. അലൻ തിരിഞ്ഞു. പിന്നെ, പോക്കറ്റിൽ നിന്ന് ഒരു സിഗരറ്റ് എടുത്ത് ചുണ്ടിൽ വച്ചു.
"ശ്വാസകോശം സ്പോഞ്ച് പോലെയാണ് .. " പറഞ്ഞു കൊണ്ട് അലൻ ലൈറ്റർ തെളിച്ച് സിഗരറ്റിന് തീ പടർത്തി.
***** ***** ***** *****
രാത്രി പതിനൊന്ന് മണി കഴിഞ്ഞു. ബംഗ്ലാവിന്റെ മുകളിലായിരുന്നു പൊൻകുരിശ് സേവ്യർ. അവിടെ നിന്നാൽ ദൂരെ മുതുവൻ പാറയ്ക്ക് മുകളിൽ കാട്ടി മുരുകന്റെ ചിതകാണാം. ചിത അണഞ്ഞിട്ടില്ല. കാറ്റിൽ കനലുകൾ പൊട്ടിത്തെറിക്കുന്നുണ്ട്. ഊര് മൂപ്പൻ വെളുത്തക്കാണി ആണ് കർമ്മങ്ങൾ നടത്തിയത്. ആദിവാസികളിലാരോ ചിതയ്ക്ക് തീയ് കൊളുത്തി.
വിശ്വസ്തനായിരുന്നു കാട്ടി മുരുകൻ. സേവ്യർ മുതലാളി സങ്കടത്തോടെ ഓർത്തു. സേവ്യർ പതിയെ തല തിരിച്ചു. കരിന്തളം പാറമടയിൽ നിന്ന് വരുത്തിയ നാല് മല്ലൻമാർ സേവ്യറിന്റെ പിന്നിലായി തറയിൽ ഇരിപ്പുണ്ടായിരുന്നു. മുമ്പിലെ കുപ്പികളിൽ ചാരായവും കളിമണ്ണിൽ പൊതിഞ്ഞ് ചുട്ടെടുത്ത താറാവ് മുട്ടകളും പൊരിച്ചെടുത്ത കുളക്കോഴിയും.
"എടാ .. പാണ്ഡ്യാ.. "
സേവ്യർ മുതലാളി മല്ലന്മാരുടെ നേതാവിനെ വിളിച്ചു.
"സൊല്ലുങ്കോ ... തലൈവാ " അയാൾ തല ഉയർത്തി.
"നിങ്ങള് ഇനി പാറമടേലേക്ക് പോവണ്ടാ. പിന്നെ... സദാ സമയോം... എന്റെ കൂടെ കണ്ടാൽ മതി"
"സരി... തലൈവാ " അയാൾ തല കുലുക്കി. എന്നിട്ട്, പൊരിച്ചെടുത്ത കുളക്കോഴിയുടെ കാലിൽ പിടിച്ച് എടുത്തു.
ഈ സമയം... ടെസ്സ മുറിയിലായിരുന്നു. ഉറക്കം വരുന്നില്ല. തിരിഞ്ഞും മറിഞ്ഞും അൽപ നേരം കിടന്നിട്ട് ടെസ്സ എണീറ്റു. ദീപു ഗസ്റ്റ് ഹൗസിലുണ്ട്. ഒന്നു വിളിക്കാം. ടെസ്സ ചെന്ന് മൊബൈൽ ഫോൺ എടുത്തു. അടുത്ത നിമിഷം, കറന്റ് പോയി. മുറിയിൽ മൊബൈൽ ഡിസ്പ്ലേയിൽ നിന്നുള്ള വെളിച്ചം മാത്രം.
പൊടുന്നനെ പുറത്ത് കാറ്റ് വീശാൻ തുടങ്ങി. ചൂളം കുത്തുന്ന ശബ്ദത്തിൽ അതിശക്തമായ കാറ്റ്. ടെസ്സയ്ക്ക് വല്ലാത്ത ഭയം തോന്നി. ടെസ്സ ഓടിച്ചെന്ന് ജനൽപ്പാളികൾ വലിച്ചടച്ച് കുറ്റിയിട്ടു. പിന്നെ, വന്ന് മൊബൈൽ ഫോൺ എടുത്തു.
പെട്ടെന്ന്, ടെസ്സ ഒന്ന് ഞെട്ടി. മുറിയിൽ വേറെ ആരെങ്കിലുമുണ്ടോ? കനത്ത നിശ്വാസത്തിന്റെ ശബ്ദം. ഇലഞ്ഞിപ്പൂവിന്റെ മണവുമുണ്ട്.
തണുപ്പിലും ടെസ്സയുടെ ശരീരം വിയർത്തു. ഭയം കൊണ്ട് ചെന്നിയിലെ ഞരമ്പുകൾ പിടയ്ക്കുന്നു. അടുത്ത നിമിഷം, മൊബൈൽ ഫോണിന്റെ ഡിസ്പ്ലേ മാറി. ടെസ്സ പകച്ചു നിൽക്കെ ഡിസ്പ്ലേയിൽ ഒരു മുഖം തെളിഞ്ഞു വന്നു. ഒരു വൃദ്ധയുടെ മുഖം. ആ മുഖം കണ്ട ടെസ്സയുടെ തൊണ്ടയിൽ ഒരു നിലവിളി കുരുങ്ങി.
താനും ദീപുവും വരുന്ന വഴിക്ക് കണ്ട വൃദ്ധ. ഇലഞ്ഞി മരക്കൊമ്പിൽ താൻ കണ്ട വൃദ്ധ ! അടുത്ത നിമിഷം വൃദ്ധയുടെ മുഖം മാറി. ടെസ്സ രാത്രി ലിഫ്റ്റ് കൊടുത്ത ഗർഭിണിയുടേതായി. ടെസ്സയുടെ കൈയിലിരുന്ന് മൊബൈൽ ഫോൺ വിറച്ചു. സ്ഫടികം പോലെ തിളങ്ങുന്ന മിഴികൾ തിരിച്ച് ഗർഭിണി ടെസ്സയെ ഒന്നു നോക്കി. അവരുടെ കൃഷ്ണമണികൾക്ക് നടുവിൽ ഒരു വെള്ള വൃത്തം വലുതാവുന്നത് ടെസ്സ കണ്ടു.
പല്ലുകൾക്ക് ഇടയിൽ നിന്ന് ചോര കിനിയുന്നു. പല്ലു കടിച്ച് പൊട്ടിക്കുന്ന ശബ്ദം ടെസ്സ കണ്ടു.
" ചിത്തിനി" അവർ ഒന്നു ചിരിച്ചു.
" അടുത്തത് വന്ത് നീ ... "
മൊബൈൽ ഫോൺ ഡിസ്പ്ലേയിൽ ചോര കൊണ്ട് ചിത്തിനി എന്ന പേര് തമിഴിൽ എഴുതി വന്നു. ടെസ്സ ഒരലർച്ചയോടെ കൈ കുടഞ്ഞു. മൊബൈൽ ഫോൺ താഴെ വീണ് ചിതറി.

അധ്യായം 18

18

അധ്യായം 18

പുഴയിൽ നിന്ന് ഉയർന്നു വന്ന പ്രേതം!

"പപ്പാ..." ടെസ്സ അലറി വിളിച്ചു കൊണ്ട് തിരിഞ്ഞു. കുതിച്ചു ചെന്ന് വാതിൽ വലിച്ചു തുറക്കാൻ ശ്രമിച്ച ടെസ്സ കിടുങ്ങി പോയി. വാതിൽ പുറത്തു നിന്ന് ആരോ ലോക്ക് ചെയ്തിരിക്കുന്നു. തൊട്ടു പിന്നിൽ നിന്ന് പല്ലുകടിച്ച് പൊട്ടിക്കുന്ന ശബ്ദം ടെസ്സ കേട്ടു. വിറച്ചുകൊണ്ട് അവൾ തിരിഞ്ഞു നോക്കി.
അടുത്ത നിമിഷം ജനൽപ്പാളികൾ ഇരുവശത്തേക്കും മലർക്കെ തുറന്നു. ഒരു മുരൾച്ച കേട്ടു. ജനലഴികളിലേക്ക് നീണ്ട നഖങ്ങളുള്ള രണ്ട് കൈപ്പടം മുറുകുന്നതു കണ്ടു. അടുത്ത നിമിഷം, കറുത്ത ഗൗൺ അണിഞ്ഞ ഒരു രൂപം ഉയർന്നു വന്നു. മൊബൈൽ ഡിസ്പ്ലേയിൽ കണ്ട അതേ മുഖം.

മഴ ആർത്തലച്ചു പെയ്ത ആ രാത്രിയിൽ കാറിൽ താൻ ലിഫ്റ്റ് കൊടുത്ത അതേ ഗർഭിണി. ടെസ്സയുടെ മുഖത്തിനു നേരെ ആയിരുന്നു ചിത്തിനിയുടെ കണ്ണുകൾ. ചിത്തിനി വായ് പിളർന്ന് ഒന്നു ചിരിച്ചു. പല്ലുകൾക്ക് ഇടയിൽ നിന്ന് ചോര കിനിയുന്നത് ടെസ്സ കണ്ടു.
"പപ്പാ... ഹെൽപ്പ് മീ" ടെസ്സ വീണ്ടും അലറി വിളിച്ചു.
ഇരുകൈകൊണ്ടും അവൾ വാതിലിൽ ആഞ്ഞടിക്കുന്നുണ്ടായിരുന്നു. അടുത്ത നിമിഷം, പുറത്ത് ആരൊക്കെയോ ഓടി വരുന്ന ശബ്ദം കേട്ടു.
"മോളേ " പൊൻകുരിശ് സേവ്യറിന്റെ പരിഭ്രാന്തി നിറഞ്ഞ ശബ്ദം.
"പപ്പാ...''
ടെസ്സ ഉറക്കെ കരഞ്ഞുകൊണ്ട് വാതിലിൽ ആഞ്ഞടിച്ചു. പുറത്തു നിന്ന് കൊളുത്ത് എടുക്കുന്ന ശബ്ദം കേട്ടു. വാതിൽ തുറന്ന് സേവ്യർ അകത്തേക്കു പാഞ്ഞു കയറി. അടുത്ത നിമിഷം മുറിയിലെ ലൈറ്റ് തെളിഞ്ഞു.
"എന്നതാ... എന്നതാ മോളേ " സേവ്യർ ടെസ്സയെ പകച്ചു നോക്കി.
"പപ്പാ.. ദേ അവടെ ... അവടെ " ജനലിനു നേരെ വിരൽ ചൂണ്ടിയ ടെസ്സ ഞെട്ടിപ്പോയി. ജനൽ അടഞ്ഞു തന്നെ കിടക്കുകയാണ്. അവിടെ ആരുമില്ല.
" എന്നതാ മോളേ... നീ എന്തിനാ കരഞ്ഞത്?" സേവ്യർ വീണ്ടും ടെസ്സയെ നോക്കി.
" പപ്പാ... അവ്ടെ... അവ്ടെ " ടെസ്സ വിക്കി; "ഞാൻ കണ്ടു. കറുത്ത ഗൗൺ ധരിച്ച് ഒരു ഗർഭിണി "
സേവ്യർ കഠിനമായി ഒന്നു നടുങ്ങി.
"ചിത്തിനി... എന്നാ അവരെന്നോട് പേരു പറഞ്ഞത് " പിന്നിൽ നിന്ന് വെട്ടേറ്റതു പോലെ സേവ്യർ ഒന്നുലഞ്ഞു.
"ഒക്കെ.. ഒക്കെ മോൾടെ തോന്നലാ."
"അല്ല ..പപ്പാ "
പാണ്ഡ്യനും കൂട്ടരും ഓടി വരുന്നുണ്ടായിരുന്നു. അവർക്കു പിന്നാലെ ദീപു നാരായണനും ഉണ്ടായിരുന്നു.
"എന്നാച്ച്... എന്നാച്ച് മൊതലാളീ... "
പാണ്ഡ്യൻ സേവ്യറിനെ നോക്കി. സേവ്യറിന്റെ മിഴികൾ പക്ഷേ, ദീപുവിന്റെ മുഖത്ത് ആയിരുന്നു.
"നീ എങ്ങനെ ഇവിടെ... അതും ഈ നട്ടപ്പാതിരയ്ക്ക് ..." സേവ്യറിന്റെ മിഴികളിൽ ഒരു തീപ്പൊട്ട് വീണു.
ടെസ്സയും ദീപുവും വിളറിപ്പോയി. "നീ ഔട്ട് ഹൗസിൽ അല്ലേ താമസം?" ദീപുവിന്റെ മുഖത്ത് നിന്ന് സേവ്യർ കണ്ണടുത്തില്ല.
"അതെ... ഞാൻ ടെസ്സയുടെ കരച്ചില് കേട്ടപ്പോ..!" ദീപു വിക്കി.
"നിനക്ക് ഉറക്കം ഒന്നും ഇല്ലേടാ കൊച്ചനേ... " സേവ്യർ പുച്ഛത്തിൽ ഒന്ന് കവിൾ കോട്ടി;
"അല്ല എന്റെ മോളുടെ കരച്ചില് കേൾക്കാൻ നീ ഈ പതിനൊന്നാം മണിക്കും ഉണർന്നിരുന്നത് കൊണ്ട് ചോദിച്ചതാ..."
"ഞാൻ ഉറങ്ങിയില്ലാരുന്നു അങ്കിളേ.." ദീപു ഒരു ചുവട് മുന്നോട്ടു വെച്ചു.
"ഗോസ്റ്റ് ഹണ്ടിംഗിനെ കുറിച്ചും പാരാ നോർമൽ ആക്ടിവിറ്റിയെക്കുറിച്ചുമുള്ള ഒരു ബുക്ക് വായിക്കുകയായിരുന്നു. ഒരു നെഗറ്റീവ് വൈബ്സ് എനിക്ക് കിട്ടിയിരുന്നു. എനിക്ക് അറിയാമായിരുന്നു... ഈ രാത്രി എന്തെങ്കിലും സംഭവിക്കുമെന്ന് "
"എന്നാൽ ശരി... അനിയൻ ചെല്ല് " സേവ്യർ ചുണ്ടു കോട്ടി.
"പൊയ്ക്കോ ദീപു ... എനിക്ക് ഒന്നുമില്ല" ടെസ്സ ദീപുവിനെ നോക്കി.
"ശരി " ദീപു പതിയെ തിരിഞ്ഞു.
"മോളേ.. "
പൊൻകുരിശ് സേവ്യർ ടെസ്സയ്ക്ക് നേരെ തിരിഞ്ഞു;
"ഇന്ന് ഇനി ഒറ്റയ്ക്ക് കിടക്കണ്ട. കിച്ചണീന്ന് ഞാൻ ലീലയെ പറഞ്ഞ് ഇങ്ങോട്ട് വിടാം. നാളെ ടാനിയ മോള് വന്നു കഴിഞ്ഞാൽ പിന്നെ, നിങ്ങളൊന്നിച്ച് ഒരു മുറിയിൽ കിടന്നാൽ മതി .. "
"ശരി പപ്പാ.. "
"എന്നാ ... നൊവേന ചൊല്ലി ഇരിക്ക്. ഞാൻ ലീലയെ ഇപ്പം പറഞ്ഞു വിടാം"
സേവ്യർ തിരിഞ്ഞു. ഒപ്പം പാണ്ഡ്യനും മറ്റുള്ളവരും. ടെസ്സ കട്ടിലിൽ ഇരുന്നില്ല. മുറിയിലൂടെ ഇടംവലം നടന്നതേയുള്ളു. തറയിൽ ചിതറിക്കിടക്കുന്ന മൊബൈൽ ഫോൺ അവൾ പെറുക്കി എടുത്തു. ഡിസ്പ്ലേ തകർന്ന് തരിപ്പണമായിട്ടുണ്ട്. ടച്ച് പാഡും പൂർണ്ണമായി പോയി.
" ഛെ "
ടെസ്സ അരിശത്തോടെ തല വെട്ടിച്ചു. പിന്നെ സിംകാർഡും മെമ്മറി കാർഡും ഊരി മേശപ്പുറത്തേക്ക് വച്ചു. അടുത്ത നിമിഷം, വാതിലിനപ്പുറത്തു നിന്ന് ലീലയുടെ വിളി കേട്ടു.
"ടെസ്സ മോളേ "
"ഓ... കയറി വാ '' ടെസ്സ തിരിഞ്ഞു.
ലീല മുറിയിലേക്ക് കയറി വന്നു. മുപ്പത്തിയഞ്ച് വയസ്സാണ് ലീലയ്ക്ക്. പൊൻകുരിശ് ബംഗ്ലാവിലെ പാചകമാണ് ജോലി. എണ്ണക്കറുപ്പ് ആണെങ്കിലും സ്ത്രീകൾക്ക് പോലും അസൂയ തോന്നുന്ന അഴക് അളവുകൾ ഉള്ള ശരീരം. മൂന്ന് കൊല്ലം മുമ്പ് ലീലയുടെ ഭർത്താവ് കരിവേടകം പുഴയിൽ മുങ്ങി മരിച്ചു.
ലീലയെ സ്വന്തമാക്കാനായി സേവ്യർ മുതലാളി ലീലയുടെ ഭർത്താവ് കുമരേശനെ കരിവേടകം പുഴയിൽ മുക്കിക്കൊന്നതാണ് എന്നൊരു ശ്രുതിയും ആളുകൾക്ക് ഇടയിലുണ്ട്. അതു കൊണ്ട് തന്നെ ടെസ്സയ്ക്ക് ലീലയെ ഇഷ്ടവുമല്ല.
" ടെസ്സ മോളേ... " ലീല വീണ്ടും വിളിച്ചു.
"മൊതലാളി പറഞ്ഞു... ഇന്ന് മോൾക്ക് കൂട്ട് കിടക്കാൻ "
"ങാ... എനിക്ക് കൂട്ട് കിടന്നാൽ മതി." അർത്ഥം വച്ച് പറഞ്ഞു കൊണ്ട് ടെസ്സ ഒരു ബെഡ്ഷീറ്റ് എടുത്തു നീട്ടി;
"ഇന്നാ ..."
ലീല അതു വാങ്ങി തറയിലേക്ക് വിരിച്ചിട്ട് കിടന്നു. ടെസ്സ കിടക്കയിലേക്ക് ഇരുന്നു. താനും ദീപുവും തമ്മിലുള്ള ബന്ധത്തിൽ പപ്പയ്ക്ക് സംശയം ഉണ്ടെന്ന് ടെസ്സയ്ക്ക് ഉറപ്പായി കഴിഞ്ഞിരുന്നു. ടെസ്സ പതിയെ കിടക്കയിലേക്ക് ഇരുന്നു.
ചിത്തിനിയുടെ വാക്കുകൾ ടെസ്സയുടെ കാതിൽ മുഴങ്ങിക്കൊണ്ടിരുന്നു.
"അടുത്തത് ... വന്ത് നീ ... "
ടെസ്സ ഭീതിയോടെ മിഴികൾ ചേർത്തടച്ചു. ഹൃദയമിടുപ്പുകൾ കുതിരക്കുളമ്പുകൾ പോലെ കുതിച്ച് പായുകയാണെന്ന് ടെസ്സയ്ക്ക് തോന്നി.
***** ***** ***** *****
പിറ്റേന്ന്,
കരിവേടകം പുഴയുടെ കരയിൽ ആയിരുന്നു പൊൻകുരിശ് സേവ്യറും ഗുണ്ടാപ്പട്ടാളവും. ടാറ്റാ സഫാരി പുഴക്കരയിൽ കിടപ്പുണ്ട്. മുപ്പതടി അകലത്തിലായി നാല് വലിയ ചുണക്കമ്പുകൾ മണ്ണിൽ കുത്തിത്താഴ്ത്തി വച്ചിരുന്നു. കുറഞ്ഞത് പതിനഞ്ച് കിലോ തൂക്കമുള്ള ആറ്റ് വാളകളാണ് കരിവേടകം പുഴയിലുള്ളത്.
' മീനാക്ഷിക്കയ ' ത്തിന്റെ  അരികിലായിരുന്നു സേവ്യർ മുതലാളി ചൂണ്ട കുത്തിയിരുന്നത്. പുഴയിൽ ചാടി ചത്ത ആദിവാസി പെണ്ണിന്റെ പേരിൽ അറിയപ്പെടുന്ന കയം! അവിടെ കറുപ്പ് കലർന്ന നീല നിറമാണ് ജലത്തിന്.
" പാണ്ഡ്യാ ..."
ജലോപരിതലത്തിനു നേരെയുള്ള നോട്ടം മാറ്റിയിട്ട് സേവ്യർ തിരിഞ്ഞ് പാണ്ഡ്യനെ നോക്കി. പിടിച്ചെടുക്കുന്ന മീൻ കരയിൽ വച്ചു തന്നെ കറിയാക്കാനായി അടുപ്പ് കല്ലുകൾ കൂട്ടുകയായിരുന്നു പാണ്ഡ്യൻ.
'സ്മിർണോഫി'ന്റെ സ്ട്രോബെറി ഫ്ലേവറിലുള്ള രണ്ട് ഫുൾ ബോട്ടിലുകൾ മണലിൽ കിടപ്പുണ്ട്.
"പയ്യനെ കാണുന്നില്ലല്ലോ ..! "
"അവൻ വരും മൊതലാളി. "
"ഒന്നു വിരട്ടി വിട്ടാൽ മതി. അവന്റെ ദേഹത്ത് കൈ വച്ചാൽ ടെസ്സമോൾ അറിയും"
പൊൻകുരിശ് സേവ്യർ പറഞ്ഞു നിർത്തിയതും പുഴക്കരയിൽ നിന്ന് 'അവഞ്ചർ 'ബൈക്കിന്റെ ശബ്ദം കേട്ടു. അറ്റു മണൽ കുരവപ്പൂവ് പോലെ ചിതറിച്ചു കൊണ്ട് ദീപുവിന്റെ ബൈക്ക് പാഞ്ഞു വന്നു നിന്നു. ഹാൻഡിൽ ബാറിന് മീതെ കൂടി കാൽ വീശിയെടുത്തു കൊണ്ട് ദീപു ഇറങ്ങി.
പിന്നെ, പൊൻകുരിശ് സേവ്യറിനു നേരെ വന്നു.
"ഗുഡ് മോർണിംഗ്‌ അച്ചായോ..." ദീപു ചിരിച്ചു.
സേവ്യർ കാണണം എന്നു പറഞ്ഞു വിളിപ്പിച്ചപ്പോൾ തന്നെ അത് ടെസ്സയും താനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് സംസാരിക്കാനായിരിക്കുമെന്ന് ദീപുവിന് ഉറപ്പായിരുന്നു. ടാറ്റാ സഫാരിയുടെ മുമ്പിലെത്തി ദീപു നിന്നു. ദീപുവിനെ തുറിച്ചു നോക്കിക്കൊണ്ട് സേവ്യർ വാനിന്റെ അടുത്തേക്ക് വന്നു. പാണ്ഡ്യനും കൂട്ടരും ഒരു നിശ്ചിത അകലമിട്ട് ദീപുവിനെ പതിയെ വളഞ്ഞു നിന്നു.
" എന്നതാ.. രാവിലെ കബഡി കളിക്കാൻ വിളിച്ചതാണോ?" ദീപു എല്ലാവരെയും മാറി മാറി നോക്കി.
" അതേടാ .." സേവ്യർ ചിരിച്ചു. "കുറച്ച് പുതിയ കളികള് പഠിച്ചിട്ട് നീ കരിന്തളം വനത്തിന് പോയാൽ മതി..!" സേവ്യർ ഒന്നു നിർത്തി;
"ഒരു ചോദ്യം ... ഒരൊറ്റ ചോദ്യം." സേവ്യർ ദീപുവിന്റെ മിഴികളിലേക്ക് തുറിച്ച് നോക്കി.
"എന്താ ... നീയും എന്റെ മകൾ ടെസ്സയും തമ്മിലുള്ള ബന്ധം "
"പ്രേമം" ദീപു നിസ്സാരമായി പറഞ്ഞു.
സേവ്യർ പകച്ചു പോയി. ഒരു ബന്ധവും ഇല്ലെന്ന് ദീപു പറയും എന്നാണ് സേവ്യർ കരുതിയത്.
"പ്രേമമോ?''
"ങാ... നല്ല ഒന്നാന്തരം നയൻ വൺ സിക്സ് പ്രേമം. ടൈം പാസ് അല്ല. കല്യാണം കഴിക്കാനാ"
"അവൾടെ തന്തയാ ഞാൻ " സേവ്യറിന്റെ മിഴികൾ എരിഞ്ഞു.
"പുരുഷു ഞങ്ങളെ ... സോറി അപ്പച്ചൻ ഞങ്ങളെ അനുഗ്രഹിക്കണം'' ദീപു തല കുനിച്ചു.
"നായിന്റെ മോനേ " മീൻ വെട്ടാൻ കൊണ്ടുവന്ന കത്തിയുമായി ഗുണ്ടകളിൽ ഒരാൾ പാഞ്ഞു വന്നു.
ദീപു മിന്നൽ വേഗത്തിൽ ഒഴിഞ്ഞുമാറി. പിന്നെ, ഗുണ്ടയുടെ കത്തി പിടിച്ച കയ്യ് ടാറ്റാ സഫാരിയുടെ ബോണറ്റിന് മീതെ ആഞ്ഞടിച്ചു. കത്തി തെറിച്ചു പോയി.
പിന്നെ, ഗുണ്ടയുടെ പെടലിക്ക് കുത്തിപ്പിടിച്ച് മുഖം ബോണറ്റിനു മീതെ ഒറ്റയിടി ഇടിച്ചു. വണ്ടി ഒന്നു കുലുങ്ങി.
" നഖം വെട്ടീം കൊണ്ട് വെരട്ടാൻ വരുന്നോടാ..!" സ്പ്രിങ് നിവരും പോലെ ഗുണ്ടയുടെ ശരീരം നിവർന്നു.
" ഇതാ.. എനിക്കു പിടിക്കാത്തത് '' ദീപു ചിരിച്ചു.
" ഞങ്ങള് ഫാവി.. അമ്മായിയപ്പനും ഫാവി മരുമകനും ഫാവിയെപ്പറ്റി ഫാരിച്ച ചർച്ച നടത്തുമ്പോൾ അതിനെടയിൽ കയറി ഒണ്ടാക്കരുത്!"
ഗുണ്ടയുടെ മൂക്കിൽ നിന്ന് ചോരയുടെ ഒരു ചാൽ മീശയിലേക്ക് പടർന്നു കൊണ്ടിരുന്നു. മുമ്പോട്ട് കുതിക്കാനാഞ്ഞ പാണ്ഡ്യനെയും കൂട്ടരെയും സേവ്യർ മുതലാളി കൈ ഉയർത്തി തടഞ്ഞു. പിന്നെ, ദീപുവിനെ നോക്കി ചിരിച്ചു.
"ചുറ്റും കാടാ .. കാട്ടിൽ കിടന്ന് കരഞ്ഞാൽ കേൾക്കാൻ ആരും ഉണ്ടാവില്ല. അതു കൊണ്ട് ടെസ്സയെ മറന്നേക്ക്. ഒരു അന്യമതക്കാരനായ നിനക്ക് അവളെ ഞാൻ തരില്ല..."
"സേവ്യർ സാറേ ..." നേർത്ത ഒരു പുഞ്ചിരിയോടെ ദീപു വിളിച്ചു;
"നമ്മളെല്ലാം ഈ ഭൂമിയിയിൽ വിവസ്ത്രരായിട്ടാ ജനിച്ചു വീഴുന്നത് അല്ലേ? അതിന് ശേഷം നമ്മളിടുന്ന കുപ്പായങ്ങളിലൊന്നാ ജാതീം മതോം ഒക്കെ. അതു കൊണ്ട് അതു വിട്.. " ദീപു ഒന്നു നിർത്തി.
"ടെസ്സയ്ക്ക് ഇഷ്ടമാണെങ്കിൽ അവൾ എന്റെ കൂടെ തന്നെ ജീവിക്കും. ഞാനിത് തറപ്പിച്ച് പറയാൻ ഒരു കാരണമുണ്ട്. എനിക്ക് ഒരു തന്തയേ ഉള്ളൂ... ഒരു തണ്ടെല്ലും " ദീപു ഒരു ചുവട് മുമ്പോട്ടു വച്ചു.
"പിന്നെ... മുക്കാൽച്ചക്രത്തിന്റെ മൂന്ന് ഗുണ്ടകളേം ഒരു കൊച്ചു പിച്ചാത്തിയും കണ്ടാൽ ചോര ആവിയായി പോവുന്ന ജനുസ്സല്ല ഞാൻ. പച്ചച്ചോരയിൽ വെടിമരുന്ന് മണക്കുന്ന ഇനമാ... അതു കൊണ്ട് പോട്ടേ..." ദീപു തിരികെ ചെന്ന് ബൈക്കിൽ കയറി.
"പോട്ടേ... മീൻപിടുത്തക്കാരേ ... " ഗുണ്ടകളെ ഒന്നു നോക്കിയിട്ട് ദീപു ബൈക്ക് ഓടിച്ചു പോയി. ബൈക്ക് കണ്ണിൽ നിന്നു മറയും വരെ സേവ്യർ മുതലാളി നോക്കി നിന്നു. പിന്നെ, പതിയെ വിളിച്ചു.
" പാണ്ഡ്യാ.. "
"ഓ.. "
"ഷട്ടറിട്ടേക്ക് കഴുവേറിക്ക്. കൊലപാതകക്കുറ്റം ചിത്തിനിയുടെ പേരിൽ മതി."
അന്തിമ വിധി വാചകം പോലെ പറഞ്ഞിട്ട് സേവ്യർ 'മീനാക്ഷിക്കയത്തിന് ' നേരെ വന്നു. വെള്ളത്തിനു മുകളിൽ കിടന്നിരുന്ന ചൂണ്ട നൂൽ ഇടം വലം വെട്ടുന്നത് സേവ്യർ കണ്ടു. ആറ്റുവാള ചൂണ്ട വിഴുങ്ങിയിരിക്കുന്നു!
സേവ്യർ ഉത്സാഹത്തോടെ ചുണ്ടക്കയർ ഇടംവലം ഒന്ന് വെട്ടിച്ച് വലിച്ചു. അടുത്ത നിമിഷം സേവ്യർ കിടുങ്ങിപ്പോയി. ചുണ്ടക്കയറിൽ പിടിമുറുക്കിയിരിക്കുന്ന ഒരു കൈപ്പത്തി. വെള്ളത്തിനടിയിൽ നിന്ന് ഒരു കൈ മുകളിലേക്ക് പാഞ്ഞു വരുന്നു. സേവ്യറിന് നിലവിളിക്കാനാവും മുമ്പ് ആ കൈപ്പടം സേവ്യറിന്റെ കഴുത്തിൽ പിടിമുറുക്കി. പിന്നെ, മിന്നൽ വേഗത്തിൽ സേവ്യറിനെയും കൊണ്ട് കരിവേടകം പുഴയുടെ അടിയിലേക്കു പോയി.
ഗുണ്ടകൾ ഒന്നും അറിഞ്ഞില്ല. 'മീനാക്ഷിക്കയത്തിന് ' മീതേക്ക് കുമിളകൾ വന്ന് പൊട്ടിക്കൊണ്ടിരുന്നു...!

അധ്യായം 19

19

അധ്യായം 19

ആശുപത്രി ഇടനാഴിയിൽ കാത്തു നിന്ന പ്രേതം...

ഇടിമിന്നലിന്റെ വേഗത്തിൽ മരങ്ങൾക്ക് ഇടയിലൂടെ പൊലീസ് ജീപ്പ് പാഞ്ഞു കൊണ്ടിരുന്നു. വൻ മരങ്ങളുടെ വേരുകളിലും വലിയ ഉരുളൻ കല്ലുകളിലും ചക്രങ്ങൾ കയറുമ്പോൾ ജീപ്പ് ഇടംവലം പാളിക്കൊണ്ടിരുന്നു.
"സാറേ.. "
എഎസ്ഐ യോഹന്നാൻ ജീപ്പിന്റെ ഡ്രൈവിംഗ് സീറ്റിൽ ഇരുന്ന അലനെ നോക്കി.
"ഞാൻ ഓടിക്കണോ... സാറേ "
"യോഹന്നാൻ ഓടിക്കുമ്പം ഈ വഴി എക്സ്പ്രസ് ഹൈവേ ഒന്നും ആവത്തില്ലല്ലോ ... ഉവ്വോ?" അലൻ ചെറുചിരിയോടെ യോഹന്നാനെ നോക്കി.
"അതല്ല സാറേ ..." യോഹന്നാൻ ഒന്നു നിർത്തി.

"കേരളത്തിലെ റോഡുകളിൽ വണ്ടി ഓടിക്കുന്നവൻ ലോകത്ത് എവിടെയും വണ്ടി ഓടിക്കും യോഹന്നാനേ. പൂച്ചേടെ ജന്മമാ കേരളത്തിലെ വണ്ടികൾക്ക്. വലിച്ചെറിഞ്ഞാലും വണ്ടി നാലു വീലിൽ..." അലൻ ചിരിച്ചു.
"അല്ല സാറേ ... " യോഹന്നാൻ വീണ്ടും അലനു നേരെ തിരിഞ്ഞു.
"സത്യത്തിൽ സേവ്യർ മുതലാളിക്ക് എന്നതാ സംഭവിച്ചത് ?"
"മീൻ വേട്ടയ്ക്കിടെ പുഴയിൽ പോയെന്ന്... "
"മീൻ വേട്ടയോ?"
"എന്റെ യോഹന്നാനെ മീൻ പിടിക്കുന്നതിനിടെ അയാള് എങ്ങനെയോ പുഴയിൽ വീണെന്ന്. ഭാഗ്യത്തിന് കൂടെ ഉണ്ടായിരുന്നവർ കണ്ടതു കൊണ്ട് രക്ഷപ്പെട്ടു"
"ഭാഗ്യം. ചത്തില്ലല്ലോ " യോഹന്നാൻ ആശ്വസിച്ചു.
"ആരോ ... പുഴയിലേക്ക് വലിച്ചു കൊണ്ടുപോയി എന്നൊക്കെയാണ് പൊൻകുരിശ് സേവ്യർ കണ്ണു തുറന്നപ്പം പറഞ്ഞത്.. " അലൻ ഒന്നു നിർത്തി;
"ദീപു വിളിച്ചു പറഞ്ഞ വിവരമാ ..."
"വല്ല മൊതലേം ആണോ സാറേ ..." യോഹന്നാന്റെ കണ്ണുകൾ ഭയം കൊണ്ട് ഇരുണ്ടു.
"ആ മൊതലിനെ ഏത് മൊതല പിടിക്കാനാടോ?" അലൻ ചിരിച്ചു;
"ഇത് അടിയൊഴുക്കിൽ പെട്ടതാവും. അണ്ടർകറന്റിൽ പെട്ടാൽ ആരെങ്കിലും നമ്മളെ വലിച്ചുകൊണ്ട് പോവുന്നതായിട്ട് തോന്നും " അലൻ ജീപ്പ്
പൊൻകുരിശ് ബംഗ്ലാവിലേക്കുള്ള വഴിയിലേക്ക് തിരിച്ചു.
"യോഹന്നാനേ... "
"എന്തോ "
"എടോ.. ഏറ്റവും സുഖകരമായ മരണം ഏതാണെന്ന് അറിയാമോ?"
"ഇല്ല "
"മുങ്ങിമരണം. ഒരു സ്വപ്നം കാണുന്നതായേ മരിക്കുന്ന ആളിന് തോന്നൂ... "
"സാറ് മരിച്ചിട്ടുണ്ടോ?" ചോദിച്ചു കഴിഞ്ഞാണ് യോഹന്നാന് മണ്ടത്തരം മനസ്സിലായത്. അലൻ തിരിഞ്ഞ് യോഹന്നാനെ ഒന്നു നോക്കി.
"അല്ല സാറേ ... പെട്ടന്നങ്ങ് ചോദിച്ചപ്പം .. "
അലൻ ഒന്നു തല കുലുക്കി ; "യോഹന്നാൻ ഇവിടെങ്ങും ഇരിക്കേണ്ട ആൾ അല്ല. മിനിമം ഒരു മന്ത്രി എങ്കിലും ആവണം''
യോഹന്നാന്റെ മുഖത്ത് ഒരു വിളറിയ ചിരി ഉണ്ടായി. ജീപ്പ് പൊൻകുരിശ് ബംഗ്ലാവിന്റെ മുറ്റത്തേക്ക് കയറി നിന്നു.
"ഫയലും കിടുതാപ്പും ഒക്കെ എടുത്തോണ്ട് വാ..." അലൻ ജീപ്പിൽ നിന്ന് ഇറങ്ങി. പിന്നാലെ, യോഹന്നാനും.
വരാന്തയിൽ ഗുണ്ടാ നേതാവ് പാണ്ഡ്യൻ നിൽപ്പുണ്ടായിരുന്നു. അവന്റെ മുമ്പിലെത്തി അലൻ നിന്നു. പിന്നെ, പാണ്ഡ്യനെ അടിമുടി ഒന്നു നോക്കി. പാണ്ഡ്യന്റെ മുഖത്ത് ഒരു പതർച്ച ഉണ്ടായി. പാണ്ഡ്യന്റെ നെറ്റിയിൽ നിന്ന് മൂക്കിനു മുകളിലൂടെ ഇടതു കവിൾ വരെ നീളുന്ന ഒരു കുത്തിക്കെട്ടിന്റെ പാട് അലൻ കണ്ടു.
" എത്ര കുത്തിക്കെട്ട് ആണെടാ മോന്തയ്ക്ക്...?" അലൻ പാണ്ഡ്യന്റെ കണ്ണുകളിലേക്ക് നോക്കി.
" അത്..." പാണ്ഡ്യൻ ഒന്നു വിക്കി ;
" ഇരുപത് "
"വടിവാളോ ... മടവാളോ?" പാണ്ഡ്യൻ ഒന്നും മിണ്ടിയില്ല.
" ങും " ഒന്ന് അമർത്തി മൂളിയിട്ട് അലൻ അകത്തേക്ക് നടന്നു. പിന്നാലെ യോഹന്നാനും. അകത്തെ മുറിയിലെ കട്ടിലിൽ പൊൻകുരിശ് സേവ്യർ കിടപ്പുണ്ടായിരുന്നു. അരികെ ടെസ്സയും വജ്രയും ഒന്നു രണ്ട് ജോലിക്കാരും. പരിക്ഷീണനായിരുന്നു സേവ്യർ.
"എന്തു പറ്റി അച്ചായാ ... " അലൻ അവിടെ കിടന്നിരുന്ന കസേരയിലേക്ക് ഇരുന്നു..
"ഓ... ഒന്നു വീണു വെള്ളത്തിൽ ."
അലൻ തിരിഞ്ഞ് മുറിയിൽ നിൽക്കുന്നവരെ നോക്കി.
"പ്ലീസ്... ഞങ്ങളൊന്നു സംസാരിക്കട്ട്‌" ഒന്നും മിണ്ടാതെ ടെസ്സയും വജ്രയും ജോലിക്കാരും പുറത്ത് പോയി.
"ങാ.. ഇനി പറയ്'' അലൻ തിരിഞ്ഞു.
"ആരാ അച്ചായനെ പിടിച്ച് പുഴയിലിട്ടത് ?"
പൊൻകുരിശ് സേവ്യർ പകച്ചു പോയി.
"സാറെന്താ ഉദ്ദേശിക്കുന്നത് ? "
"എന്റെ ഉദ്ദേശം എന്തെങ്കിലും ആവട്ടെ..." അലൻ ഒന്നു നിർത്തി;
"ചിത്തിനി അല്ലേ..." സേവ്യർ കഠിനമായി ഒന്നു നടുങ്ങി.
"സാറേ ..." സേവ്യറിന്റെ കണ്ണുകൾ ഭീതി കൊണ്ട് മിഴിയുന്നത് അലൻ കണ്ടു.
"പൊൻകുരിശ് സേവ്യർ സാറേ... " അലൻ മുമ്പോട്ട് ആഞ്ഞു.
"ഞാൻ കഴിഞ്ഞ ദിവസം പറഞ്ഞത് ഓർക്കുന്നുണ്ടോ... മരണം പിന്നാലെയുണ്ടെന്ന് ..." അലൻ ഒന്നു നിർത്തി ;
"ഇതിപ്പം ആരാണ്ടെടെ നേരു കൊണ്ട് ഒള്ള ശ്വാസം തിരിച്ച് കിട്ടി. അല്ലെങ്കിലിപ്പം... പൊൻകുരിശ് സേവ്യർ സാറ് തലയ്ക്ക് പിന്നിൽ വെള്ളിക്കുരിശും വച്ച് നീണ്ടു നിവർന്ന് കിടന്നേനേ... " അലൻ ഒന്നു നിർത്തി;
"കട്ടിലിൽ മെത്തപ്പൊറത്ത് കിടക്കുന്ന സുഖം ഉണ്ടാവത്തില്ല അച്ചായാ... കല്ലറയ്ക്കകത്ത് ഒറ്റയ്ക്ക് കിടക്കുമ്പോൾ ... ബോറടിക്കും "
സേവ്യറിന്റെ മുഖത്തെ ചോരമയം വറ്റിപ്പോയി. അലൻ അൽപ്പം കൂടി മുമ്പോട്ടാഞ്ഞു.
"ഞാൻ വീണ്ടും പറയുന്നു. ചിത്തിനിയെ സംബന്ധിച്ച ... എന്തെങ്കിലും രഹസ്യം മനസ്സിൽ ഒളിപ്പിച്ചിട്ടുണ്ടെങ്കിൽ അത് തുറന്നു പറയാൻ "
"സാറേ .. ഞാൻ " സേവ്യർ വിക്കി.
"ധൃതിയില്ല. അടുത്ത ദിവസം മതി. എന്തായാലും ഈ അപകടം സ്റ്റേഷൻ രേഖകളിൽ ഉണ്ടാവില്ല. പിന്നെ... " അലൻ ഒന്നു നിർത്തി;
"ഗുണ്ടാപ്പട്ടാളത്തെ കൂടെ നിർത്തിക്കോ.. പ്രത്യേകിച്ച് ഗുണം ഒന്നും ഉണ്ടാവില്ല. ചുമ്മാ ഒരു ധൈര്യത്തിന്. എന്നാപ്പിന്നെ വരട്ടെ... ഗെറ്റ് വെൽ സൂൺ..."
പറഞ്ഞിട്ട് അലൻ തിരിഞ്ഞു. പിന്നാലെ, യോഹന്നാനും. പുഴയ്ക്ക് അടിയിൽ വച്ചു കണ്ട ചിത്തിനിയുടെ രൂപമായിരുന്നു പൊൻകുരിശ് സേവ്യറിന്റെ മനസ്സ് നിറയെ. തന്നെ ആഴങ്ങളിലക്ക് വലിച്ചുകൊണ്ടു പോവുന്ന ചിത്തിനി. നീരാളിയെ പോലെ വെള്ളത്തിൽ ഒഴുകിപ്പരക്കുന്ന അവളുടെ നീണ്ട മുടിയിഴകൾ...
വെളുത്ത് തൊലി വിണ്ടു കീറിത്തുടങ്ങിയ മുഖം! മുഴക്കമുള്ള ശബ്ദം ഇപ്പോഴും കാതിൽ...
"നിന്നെ, ഞാൻ ഇപ്പോൾ കൊല്ലുന്നില്ല. മറ്റുള്ള എല്ലാവരുടെയും പടുമരണം നീ അറിയണം... കാണണം. അതു കണ്ട് ഭയന്ന് ഭയന്ന് നീ ചാവണം.. " ചിത്തിനി അലറിച്ചിരിക്കുന്നു.
ഭയം കൊണ്ട് സേവ്യറിന്റെ ശരീരം കുളിർന്നു. അയാൾ മിഴികളടച്ചു കളഞ്ഞു.
ഈ സമയം.. പൊൻകുരിശ് ബംഗ്ലാവിന്റെ മുറ്റത്ത് ജീപ്പിലേക്ക് കയറുകയായിരുന്നു അലനും യോഹന്നാനും. മുറ്റത്ത് വജ്ര നിൽക്കുന്നത് അലൻ കണ്ടു. അലന്റെ മിഴികൾ ഒന്നുമിന്നി.
"യോഹന്നാനേ... ഒരു മിനിറ്റ് '' പറഞ്ഞിട്ട് അലൻ വജ്രയുടെ നേരെ വന്നു.
"വജ്ര അല്ലേ "
"അതെ "
വജ്ര തല കുലുക്കി.
"പ്രേതത്തെ പിടിക്കാൻ വന്നയാൾ ... " അലൻ ഒന്നു നിർത്തി.
"എന്നിട്ട് പ്രേതത്തെ കണ്ടോ?"
വജ്രയുടെ മിഴികൾ ഒന്നുമിന്നി.
"ചോദ്യത്തിലെ പരിഹാസം മനസ്സിലായി. പാതിരി വനത്തിൽ പ്രേതം ഒന്നല്ല."
"പിന്നെ.. " അലൻ ഒന്നു പകച്ചു.
"കേട്ടറിവിൽ ചിത്തിനി മാത്രമാണ് അല്ലേ." വജ്ര പതിയെ തിരിഞ്ഞു.
"എനിക്ക് ഫീൽ ചെയതത് മൂന്ന് ദുരാത്മാക്കളുടെ സാന്നിധ്യമാണ്. ചിത്തിനിയുടെ ഭർത്താവ്...!
തലയോട് തകർന്നു ചത്ത കതിരവൻ. പിന്നെ, അമ്മയുടെ ഉദരത്തിനുള്ളിൽ ശ്വാസം മുട്ടി മരിച്ച ഏഴ് മാസം പ്രായമുള്ള ഭ്രൂണം... " വജ്ര ഒന്നു നിർത്തി.
പിന്നെ, അലന്റെ കണ്ണുകളിലേക്ക് തറച്ചുനോക്കി.
"സാറ് താമസിക്കുന്ന വീട് ഒന്നു സൂക്ഷിച്ചോ. ഒരു പടു മരണം അതിന്റെ പരിസരത്ത് എവിടെയോ പതിയിരിപ്പുണ്ട് ... " അലൻ ഒന്നു ഞെട്ടി.
സീതയുടെ മുഖം ഒരു മിന്നൽ പോലെ മനസ്സിലേക്ക് പാഞ്ഞു വന്നു.
"സൂക്ഷിച്ചാൽ മതി .. " വജ്ര ആശ്വസിപ്പിക്കും മട്ടിൽ പറഞ്ഞു. അലൻ ഒന്നും മിണ്ടാതെ ജീപ്പിന് നേരെ തിരിഞ്ഞു.
***** ***** ***** *****
രാത്രി. ശക്തമായ മഴ ആയിരുന്നു. വരാന്തയിൽ ഇരുന്ന് മഴ കാണുകയായിരുന്നു അലൻ. കൈയിലെ ഗ്ലാസ്സിൽ 'ബ്ലാക്ക് ഡോഗ്'ന്റെ ഒരു പെഗ്ഗ്!
മഴ കണ്ടിരുന്ന് സിപ്പ് ചെയ്യാൻ ഒരു പ്രത്യേക സുഖമാണ്! അലൻ ഓർത്തു. ഉള്ളിലെ തീയ്ക്ക് തണുപ്പിന്റെ പുതപ്പ്. കാപ്പിച്ചെടികൾ കാറ്റിൽ ഉലയുന്ന ശബ്ദം കേൾക്കാമായിരുന്നു.
"എസ്ഐ സാറേ " പിന്നിൽ നിന്ന് സീതയുടെ വിളി കേട്ടു. അടുത്ത നിമിഷം സീത ഫോണുമായി ധൃതിയിൽ വന്നു;
"ദേ ... യോഹന്നാൻ ചേട്ടൻ വിളിക്കുന്നു "
"യോഹന്നാനോ....! " അലൻ പിറുപിറുത്ത് കൊണ്ട് ഫോൺ വാങ്ങി കാതോട് ചേർത്തു.
"യോഹന്നാനേ ... പറയ്"
"സാറേ ... സാറിന്റെ  നമ്പർ ചോദിച്ച് ഒരാള് വിളിച്ചാരുന്നു."
"എന്റെ നമ്പർ ചോദിച്ചോ... ആര്?"
"ഒരു ഹസൻ അലി "
" ഹസൻ അലിയോ ... അത് ആരാ ?"
" പഴയ 'മിഴി' സിനിമയുടെ ക്യാമറാമാനാ.. " അലൻ ഒന്നു പിടഞ്ഞ് ഉണർന്നു. ഇന്ദ്രിയങ്ങൾ ജാഗരൂകമായി.
"എന്നിട്ട് ... എന്നിട്ട് അയാൾ എന്തു പറഞ്ഞു ?"
"സാറിനോട് സംസാരിക്കണം എന്ന്. ചിത്തിനിയെ കുറിച്ച് എന്തോ പറയാനുണ്ടെന്ന്. ഞാൻ നമ്പർ കൊടുത്തിട്ടുണ്ട്. വിളിക്കും"
യോഹന്നാൻ ഒന്നു നിർത്തി.
"സാറേ .. ഇവിടെ ഭയങ്കര ഇടിയും മിന്നലുമാ. ഞാൻ വച്ചേക്കുവാ. ഗുഡ് നൈറ്റ് "
കോൾ കട്ട് ആയി.
അലൻ പതിയെ എണീറ്റു. മദ്യത്തിന്റെ ലഹരി അപ്പാടെ ആവിയായി കഴിഞ്ഞിരുന്നു. ചിത്തിനിയെ കുറിച്ച് രഹസ്യം പറയാൻ പഴയ 'മിഴി' സിനിമയുടെ ക്യാമറാമാൻ. അടുത്ത നിമിഷം, വൈബ്രേറ്ററിൽ കിടന്ന ഫോൺ ഇരമ്പി. ട്രൂ കോളറിൽ 'ഹസൻ അലി ' എന്ന പേര് കണ്ടു.
അലൻ ധൃതിയിൽ ഫോൺ എടുത്തു.
"ഹലോ''
"സാറേ ... ഞാൻ " മറുവശത്തു നിന്ന് പതിഞ്ഞ സ്വരം കേട്ടു .
" മനസ്സിലായി. ഹസൻ അലി അല്ലേ. പഴയ ക്യാമറാമാൻ. എന്താ എന്നോട് പറയാനുള്ളത് "
" പറയാനുള്ളത് വർഷങ്ങൾ പഴക്കമുള്ള ഒരു കഥയാ സാറേ "
"ഹസൻ അലി ... ഇപ്പോൾ എവിടുണ്ട്.?" അലൻ ചോദിച്ചു.
" ഞാൻ നൂൽപ്പുഴയിലുണ്ട് സാറേ.. " മറുവശത്തു നിന്ന് ഹസൻ അലിയുടെ ശബ്ദം കേട്ടു;
"നൂൽപ്പുഴയിലെ താലൂക്ക് ആശുപത്രിയിൽ."
"ആശുപത്രിയിലോ ..." അലൻ അമ്പരന്നു.
"ങാ... ഞാൻ സാറിനെ കാണാൻ വന്നതാ. ഇവിടെത്തിയപ്പം ഒരു വയ്യായ്ക. കാൻസർ പേഷ്യന്റാണേ ഞാൻ "
"ഓ... "
"നാളെ രാവിലത്തെ ആദ്യ ജങ്കാറിന് ഞാൻ പുഴ കടന്ന് വരാം സാറേ ''
"വേണ്ട" അലൻ ധൃതിയിൽ പറഞ്ഞു;
"നിങ്ങൾ ബുദ്ധിമുട്ടി വരണ്ട. ഞാൻ അങ്ങോട്ട് വന്നോളാം.. "
"എന്നാ വല്യ ഉപകാരം സാറേ ... " ഹസൻ അലിയുടെ ശബ്ദം കേട്ടു;
" എന്നാൽ വയ്ക്കട്ടെ"
" ശരി. നാളെ കാണാം " കോൾ കട്ട് ആയി.
ആശുപത്രിയിൽ മുറിക്ക് ഉള്ളിലായിരുന്നു ഹസൻ അലി. തുറന്നു കിടന്ന ജനലിന് അപ്പുറം മഴ പെയ്യുന്നത് കാണാം. ഒരു ചൂട് ചായ കുടിക്കണമെന്ന് ഹസൻ അലിക്ക് തോന്നി. അങ്ങ് താഴെ കാന്റീനിലെ വെളിച്ചം കാണാം. ഹസൻ അലി പുറത്തിറങ്ങി വാതിൽ ചാരി. സൂചി കൊണ്ട് കുത്തുന്നതു പോലത്തെ തണുപ്പാണ്. ഇട്ടിരുന്ന കുപ്പായം ഹസൻ അലി ഒന്നുകൂടി വലിച്ചിട്ടു. പിന്നെ, ഇടനാഴിയിലേക്ക് ഇറങ്ങി.
അരണ്ട വെളിച്ചം മാത്രമായിരുന്നു ഇടനാഴിയിൽ. മുമ്പോട്ട് നടക്കുമ്പോൾ ഹസൻ അലിക്ക് നേരിയ ഭയം തോന്നി. അരണ്ട വെളിച്ചത്തിൽ എവിടെ നിന്നോ ... ആരോ തന്നെ തുറിച്ച് നോക്കും പോലെ.
ഹസൻ അലി നടത്തത്തിന് വേഗം കൂട്ടി. ഇടനാഴിയിൽ ഒരു വീൽച്ചെയർ മാത്രം കിടപ്പുണ്ടായിരുന്നു. ഏതോ മുറിയിൽ നിന്ന് ഒരു കുഞ്ഞ് നിർത്താതെ കരയുന്ന ശബ്ദം. വീൽച്ചെയർ കടന്ന് അൽപം മുമ്പോട്ട് ചെന്നതും ഹസൻ അലി ഒന്നു നിന്നു. തന്റെ പിന്നിൽ ആരെങ്കിലുമുണ്ടോ?
പല്ലു കടിച്ച് പൊട്ടിക്കുന്ന ഒരു ശബ്ദം. ഹസൻ അലി ഭീതിയോടെ തിരിഞ്ഞ് നോക്കി. ഇല്ല ... ആരുമില്ല. കുറച്ച് പിന്നിലായി വീൽച്ചെയർ കിടക്കുന്നത് കാണാം. ഹസൻ അലി ധൃതിയിൽ മുന്നോട്ട് നടന്നു. അടുത്ത നിമിഷം, പിന്നിൽ ചക്രങ്ങൾ ഉരുളുന്ന ശബ്ദം കേട്ടു.
ഹസൻ അലി ഞെട്ടിത്തിരിഞ്ഞു. ഒരു നിലവിളി അയാളുടെ തൊണ്ടയിൽ കുരുങ്ങി. തന്റെ നേരെ ഉരുണ്ടു വരുന്ന വീൽച്ചെയർ.
വീൽച്ചെയറിൽ ... ഭയം കൊണ്ട് ഹസൻ അലി വിറച്ച് പോയി. കറുത്ത ഗൗൺ അണിഞ്ഞ ഗർഭിണിയായ ഒരു സ്ത്രീ. കഴുത്തൊടിഞ്ഞതുപോലെ അവരുടെ തല താഴേക്ക് തൂങ്ങിക്കിടക്കുകയാണ്. മുഖം മറച്ച് ഒഴുകിക്കിടക്കുന്ന തലമുടി. വീൽച്ചെയർ അൽപ്പം കൂടി അടുത്ത് വന്നു.
ഗർഭിണി യുവതി തല ഉയർത്തി ഹസൻ അലിയെ ഒന്നു നോക്കി. മുടിനാരുകൾക്കു പിന്നിൽ സ്ഫടികം പോലെ ആ മിഴികൾ തിളങ്ങുന്നത് ഹസൻ അലി കണ്ടു. അയാളുടെ നട്ടെല്ലിൽ ഒരു തരിപ്പ് ഉണ്ടായി. തൊണ്ട വരണ്ടു. യുവതി ഹസൻ അലിയുടെ കണ്ണുകളിലേക്ക് നോക്കി ഒന്ന് വായ്‌ പിളർന്നു; " ഉനക്ക്... എന്നെ ജ്ഞാപകം ഇര്ക്കാ ..." ചിലമ്പിച്ച സ്വരം ഹസൻ അലി കേട്ടു. പിന്നാലെ, ഉച്ചത്തിലുള്ള ചിരിയും.
" ചിത്തിനീ ...."
ഹസൻ അലി അലറി വിളിച്ചു കൊണ്ട് തിരിഞ്ഞ് പുറത്തേക്ക് കുതിച്ചു. വീൽച്ചെയർ പിന്നാലെ പാഞ്ഞ് വരുന്നുണ്ടായിരുന്നു.

അധ്യായം 20

20

അധ്യായം 20

ഗർഭിണി പ്രേതത്തിന്റെ കൈ പിടിച്ച് സീത

മഴ!
ആർത്തിരമ്പുന്ന മഴയിലേക്ക് ഹസൻ അലി ഓടിയിറങ്ങി. ചങ്ങല കിലുങ്ങുന്ന പോലെയുള്ള ശബ്ദം പിന്നിൽ നിന്നു കേട്ടു. വീൽച്ചെയർ പാഞ്ഞുവരികയാണ്. അതിനു മീതെ ...
ഹസൻ അലി ഒന്നുകൂടി തിരിഞ്ഞു നോക്കി. തന്നെ കൈമാടി വിളിച്ചു കൊണ്ട് ചിത്തിനി. ആശുപത്രി മുറ്റം വിജനമായിരുന്നു. മഴയ്ക്കു താഴെ ഒന്നു രണ്ട് സ്കൂട്ടറുകളും ഒരു അംബാസഡർ കാറും മാത്രം.
ദൂരെ, ആംബുലൻസ് കിടക്കുന്നിടത്ത് ഒരു വെളിച്ചം കണ്ടു. സർവ ശക്തിയുമെടുത്ത് ഹസൻഅലി അവിടേക്കു പാഞ്ഞു. വീൽചെയർ മഴയിലേക്ക് പാഞ്ഞിറങ്ങുന്നത് കണ്ടു.
ഹസൻ അലി ആംബുലൻസ് കിടന്നിടത്തേക്ക് ഓടി. ആംബുലൻസിന്റെ മറവിൽ പതുങ്ങി നിന്നുകൊണ്ട് ഹസൻ അലി പതിയെ പിന്നിലേക്കു നോക്കി.
മഴയിൽ, ആശുപത്രി മുറ്റത്തിനു നടുവിലായി ആംബുലൻസ് കിടപ്പുണ്ട്. അതിൽ ആരും ഇല്ല. നനഞ്ഞൊട്ടിയ കുപ്പായത്തിനു മീതെ കൂടി ഹസൻ അലി നെഞ്ച് ഒന്നു തടവി. തന്റെ തോന്നലായിരുന്നോ എല്ലാം?
പക്ഷേ, ഇരുപത്തിയേഴ് വർഷങ്ങൾക്കു ശേഷം താൻ ചിത്തിനിയെ എന്തിന് കാണണം.? അതും... അവസാനം അവർ ധരിച്ചിരുന്ന അതേ വേഷത്തിൽ.

പെട്ടെന്ന്, ഹസൻ അലി കഠിനമായി ഒന്നുകൂടി നടുങ്ങി. ചിത്തിനിയെ തുടർച്ചയായി സ്വപ്നം കണ്ടതു കൊണ്ടല്ലേ താൻ ഈ നൂൽപ്പുഴയിലേക്ക് വന്നത്? എസ് ഐ അലനെ വിളിച്ചത്. നാളെ കാണാം എന്നു പറഞ്ഞത്.
ഹസൻ അലി വിറച്ചു കൊണ്ട് ഒന്നു കൂടി വീൽച്ചെയറിനു നേരെ നോക്കി. അടുത്ത നിമിഷം വീൽചെയർ തറയിൽ പമ്പരം പോലെ കറങ്ങുന്നത് കണ്ടു. വീൽച്ചെയറിന് അടിയിൽ നിന്ന് കുരവപ്പൂവ് പോലെ മഴത്തുള്ളികൾ ചിതറുന്നു. ദൂരെ ഒരു ബൾബ് മിന്നുന്നത് ഹസൻ അലി കണ്ടു. മിന്നാമിന്നിയുടെ വെട്ടം പോലെ.
സർവ്വശക്തിയുമെടുത്ത് ഹസൻ അലി അവിടേക്ക് കുതിച്ചു. വലിയ കെട്ടിടത്തിന്റെ വാതിൽ പാതിയേ ചാരിയിരുന്നുള്ളു. വാതിൽ തള്ളിത്തുറന്ന് ഹസൻ അലി അകത്തേക്കു കയറി. അടുത്ത നിമിഷം, അസ്ഥി മരവിപ്പിക്കുന്ന തണുപ്പ് ഹസൻ അലിയെ വന്നു പൊതിഞ്ഞു.
സ്പിരിറ്റിന്റെ രൂക്ഷമായ ഗന്ധം. താൻ നിൽക്കുന്നത് മോർച്ചറിയിൽ ആണെന്ന് ഹസൻ അലിക്ക് തോന്നി.
അയാൾ വിറച്ചു കൊണ്ട് ചുറ്റും നോക്കി. പോസ്റ്റ്മോർട്ടം കാത്തു കിടക്കുന്ന ഒരു ബോഡി ടേബിളിൽ കണ്ടു. അടുത്ത നിമിഷം മോർച്ചറിയുടെ വാതിലുകൾ ഇരുവശത്തേക്കും തുറന്നു. ഈയൽച്ചിറകുകൾ പോലെ മഴ ആർത്തിരമ്പി വീഴുന്നതു കണ്ടു.
അടുത്ത നിമിഷം, ഹസൻ അലി നടുങ്ങി വിറച്ചു പോയി മഴനൂലുകൾ മുറിച്ചു കൊണ്ട് വീൽച്ചെയർ പതിയെ മോർച്ചറിയിലേക്ക് കയറി വരുന്നു.
അതിൽ ചിത്തിനി!
കുത്തൊടിഞ്ഞതുപോലെ കിടന്ന തല ഉയർത്തി ചിത്തിനി ഹസൻ അലിയെ നോക്കി. പിന്നെ, മൃദുവായി ചിരിച്ചു.
"പോലാ മാ ..."
"എന്നെ കൊല്ലരുത് ..." ഹസൻ അലി കൈകൂപ്പി.
" ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ലല്ലോ "
" ഇല്ലേ... ഇല്ലേ... ഇല്ലേ..." ചിത്തിനി അലറി.
" എല്ലാ ഐഡിയാവും ഉന്നുടെ താൻ. എനക്ക് നല്ലാ തെരിയും'' ചിത്തിനിയുടെ മിഴികൾ കത്തി;
"അന്ത... തക്കൊല ഐഡിയ ...." ചിത്തിനി വായ്പിളർന്ന് ഒന്ന് അലറി. ഹസൻ അലിയുടെ കർണ്ണപുടങ്ങൾ പൊട്ടി ചോര ചിതറി.
***** ***** ***** *****
പിറ്റേന്ന് രാവിലെ. ആശുപത്രിക്ക് മുൻപിലേക്ക് ഒരു പൊലീസ് ജീപ്പ് പാഞ്ഞു വന്നു നിന്നു. അതിൽ നിന്ന് എസ് ഐ അലൻ ഇറങ്ങി. മോർച്ചറിക്കു മുമ്പിൽ ഒരു ആൾക്കൂട്ടം ഉണ്ടായിരുന്നു. രണ്ട് പൊലീസുകാരും. പൊലീസുകാരിൽ ഒരാൾ അലന്റെ മുമ്പിലെത്തി അറ്റൻഷനായി.
"സൂയിസൈഡ് ആണ് സാർ. പഴയ ഒരു സിനിമ ക്യാമറാമാനാ. പേര് ... ഹസൻ അലി. ഡീറ്റയിൽസ് എടുത്തു. ക്യാൻസർ പേഷ്യന്റ് ആയിരുന്നു. പിന്നെ... ഡിപ്രഷനും മൂഡ് ഡിസ്ഓർഡറിനുമുള്ള ചികിത്സയിൽ ആയിരുന്നു."
അലൻ ഒന്നും മിണ്ടിയില്ല.
ഹസൻ അലിയുടെ മൃതശരീരം പൊലീസുകാർ അഴിച്ച് തറയിൽ കിടത്തിയിരുന്നു. ഹസൻ അലിയുടെ തുറിച്ച കണ്ണുകളിലേക്ക് നോക്കി അലൻ ഒരു നിമിഷം നിന്നു. അടുത്ത നിമിഷം മൊബൈൽ ഫോൺ ഇരമ്പി. അലൻ ഫോണെടുത്തു. സീതയാണ്.
അലൻ ഫോൺ കാതോട് ചേർത്തു;
"ങാ... പറഞ്ഞോ "
"ഇവിടെ മോട്ടോർ കേട് ആണെന്ന് തോന്നുന്നു. വെള്ളം വരുന്നില്ല"
സീതയുടെ ആവലാതി കേട്ട് അലനു ദേഷ്യം വന്നു;
"ഞാനിവിടെ ഉത്തരവാദിത്തപ്പെട്ട ഒരു ജോലിയിൽ നിൽക്കുന്ന പൊലീസ് ഓഫീസറാണ്. മേലിൽ ഇത്തരം നിസ്സാര കാര്യങ്ങൾക്ക് എന്നെ വിളിക്കരുത്..." അലന്റെ സ്വരം കനത്തു.
"ഏട്ടാ ഞാൻ..." സീത എന്തോ പറയാൻ ശ്രമിച്ചു.
"താഴെ... കാപ്പിത്തോട്ടത്തിൽ ഒരു കിണറുണ്ട്. അവിടുന്ന് വെള്ളമെടുക്ക്. അല്ലാതെ എനിക്കിപ്പം പാഞ്ഞു വന്ന് മോട്ടറ് നന്നാക്കാനോ... പുതിയ കിണറ് കുത്താനോ ഒന്നും പറ്റത്തില്ല " അലൻ കോൾ കട്ട് ചെയ്തു.
പിന്നെ, തിരിഞ്ഞു പൊലീസുകാരനെ നോക്കി;
"ഈ ഹസൻ അലിയുടെ ബന്ധുക്കൾ ആരെങ്കിലും എത്തിയാൽ എന്നെ വിളിക്കണം. ഐ വാണ്ട് ടു സീ ദെം.."
"സർ..'' അലൻ തിരിഞ്ഞ് പൊലീസ് ജീപ്പിനു നേരെ നടന്നു. ജീപ്പിലേക്ക് കയറിയ അലന്റെ മിഴികൾ അടുത്ത നിമിഷം ഒന്നു പിടഞ്ഞു. റിയർവ്യൂ മിററിലെ പൊടിക്ക് മീതെ വിരൽ കൊണ്ട് എന്തോ എഴുതിയിരിക്കുന്നു.
"കുറത്തിമല "
അത് ഒരു സൂചന പോലെ അലനു തോന്നി. പെട്ടെന്ന് ഓർത്തതു പോലെ അലൻ ഫോണെടുത്തു. പിന്നെ, എഎസ്ഐ യോഹന്നാന്റെ നമ്പർ ഡയൽ ചെയ്തു.
"സർ... " മറുവശത്ത് നിന്ന് യോഹന്നാന്റെ വിളി കേട്ടു .
"യോഹന്നാനേ... ഈ കുറത്തി മല എന്ന സ്ഥലം നമ്മുടെ പരിസരത്ത് ഉണ്ടോ?"
"ഒണ്ട് സാറേ ..." യോഹന്നാന്റെ മറുപടി. "നമ്മുടെ സേവ്യർ സാറിന്റെ കരിങ്കൽ ക്വാറി ആയിരുന്നു. പണ്ട് പാതിരി അച്ചൻ വന്ന് ചിത്തിനിയെ അവിടെ എവിടെയോ ബന്ധിച്ചു എന്നാ കഥ ... "
അലന്റെ ശരീരത്തിൽ ഒരു തരിപ്പ് ഉണ്ടായി.
"നമ്മുക്ക് അവിടെ വരെ ഒന്നു പോവണം. പറ്റിയാൽ ഇന്നു തന്നെ... "
ഇതു പറഞ്ഞിട്ട് അലൻ ജീപ്പ് സ്റ്റാർട്ട് ചെയ്ത് മുമ്പോട്ട് എടുത്തു. ആശുപത്രി മുറ്റത്തെ മരച്ചുവട്ടിൽ കിടന്നിരുന്ന വീൽച്ചെയറിന് അരികിലൂടെ ജീപ്പിന്റെ ചക്രങ്ങൾ മുമ്പോട്ട് ഉരുണ്ടു.
***** ***** ***** *****
സന്ധ്യ ഉറക്കത്തിലായിരുന്നു സീത. ഒറോതച്ചേടത്തി വീടിനു പുറത്ത് ഉണങ്ങാനിട്ടിരിക്കുന്ന തുണികൾ പെറുക്കിയെടുക്കുന്ന തിരക്കിലും.
" സീതേ ...'' ഒരു വിളി കേട്ടു.
"മ്"
ഉറക്കത്തിൽ തന്നെയാണ് സീത വിളി കേട്ടതും. ഒരു കൈത്തലം സീതയുടെ മിഴികൾക്കു മീതെ കൂടി തഴുകി താഴേയ്ക്കു പോയി.
" സീതേ .. " വീണ്ടും വിളി കേട്ടു.
" നമ്മുക്ക് വെള്ളം കോരാൻ പോവണ്ടേ..."
"വേണം " സീത ചാടിപ്പിടഞ്ഞ് എണീറ്റു.
" വാ ..." തുറന്നു കിടന്ന വാതിലിനപ്പുറത്തെ ഇരുട്ടിൽ നിന്ന് ഒരു കൈ തന്നെ മാടി വിളിക്കുന്നത് സീത കണ്ടു.
" വാ..."
തൃസന്ധ്യയുടെ അരണ്ട വെളിച്ചം ആയിരുന്നു ചുറ്റും. മുൻപിലൊരു നിഴൽ ചലിക്കുന്നത് സീതയ്ക്ക് കാണാമായിരുന്നു. ഇലഞ്ഞിപ്പുക്കളുടെ ഗന്ധം സീതയെ മത്ത് പിടിപ്പിച്ചു. ദൂരെ, വൈഡൂര്യക്കമ്മലുകൾ പോലെ കാപ്പിപ്പൂക്കൾ തിളങ്ങുന്നത് കണ്ടു. സീത, പതിയെ കാപ്പിത്തോട്ടത്തിലേക്ക് ഇറങ്ങി.
അടുത്ത നിമിഷം, മഞ്ഞു പോലെ തണുത്ത ഒരു കൈ വന്നു സീതയുടെ കൈത്തണ്ടയിൽ പിടിച്ചു.
"വാ... ഈ കിണറ്റിൽ ഒരു രഹസ്യം ഉണ്ട്. ഞാൻ പറഞ്ഞു തരാം"
തന്റെ മുമ്പിൽ നിൽക്കുന്നതും... തന്നെപ്പോലെ ഗർഭിണിയായ ഒരു യുവതിയാണെന്ന് പാതി മയക്കത്തിൽ സീത കണ്ടു. കിണറിന്റെ അടുത്ത് എത്തി സീത നിന്നു.
ചിറകടിച്ച് പറന്നതു പോലെ ഗർഭിണി കിണറ്റിനുള്ളിലേക്കു പോവുന്നത് സീത കണ്ടു. കിണറിന്റെ അര ഭിത്തിയിൽ പിടിച്ച് കൊണ്ട് സീത താഴേക്ക് നോക്കി.
നാൽപ്പതടി താഴ്ചയിൽ കറുത്ത ജലത്തിൽ ഗർഭിണി നീന്തി തുടിക്കുന്നു.
"വാ... വാ..." അവർ സീതയെ കൈമാടി വിളിച്ചു. സീത പതിയെ കിണറിന്റെ കരിങ്കൽ കെട്ടിലേക്ക് കയറി.

അധ്യായം 21

21

അധ്യായം 21

ആ രഹസ്യം തേടി കുറത്തി മലയിലേക്ക് ...

ഉണക്കിയെടുത്ത തുണികളുമായി ഒറോതച്ചേടത്തി വീടിന്റെ മുറ്റത്ത് എത്തിയപ്പോൾ നേർത്ത ഇരുട്ട് പരന്നിരുന്നു.
"മോളേ.. " സീതയെ വിളിച്ചു കൊണ്ടാണ് ഒറോതച്ചേടത്തി അകത്തേക്കു വന്നത്. സീതയെ അവിടെങ്ങും കണ്ടില്ല.
"ഈ പെണ്ണ് ഇത് എവിടെ പോയി. അതും വയറ്റു കണ്ണി. ഈ മൂവന്തിക്ക് " ഒറോതച്ചേടത്തി പിറുപിറുത്തു കൊണ്ട് തിരിഞ്ഞു;
"സീതേ.... മോളേ " ഒറോതച്ചേടത്തിയുടെ ഉള്ളിലേക്ക് വല്ലാത്തൊരു ഭയം അരിച്ചു കയറി. ഈ വീട്ടിൽ വന്നപ്പോൾ മുതൽ ഉണ്ടാവുന്ന അനുഭവങ്ങൾ... അങ്ങനത്തെയാണ്! ധൈര്യം സംഭരിച്ചു കൊണ്ട് ഒറോതച്ചേടത്തി മുറ്റത്തേക്ക് ഇറങ്ങി.
"മോളേ " ഒറോതച്ചേടത്തി ചുറ്റും നോക്കി.

കാപ്പിത്തോട്ടത്തിൽ കാറ്റ് ചൂളം കുത്തുന്നു. പെട്ടെന്ന് ഒറോതച്ചേടത്തിയുടെ കണ്ണുകളിൽ കഠിനമായ ഒരു നടുക്കം ഉണ്ടായി. കണ്ണു ചിമ്മി ഒറോതച്ചേടത്തി ഒന്നുകൂടി നോക്കി. കിണറിന്റെ കരിങ്കൽക്കെട്ടിന് മീതെ ഒരു സ്ത്രീരൂപം! നീണ്ട മുടിയും അയഞ്ഞ വസ്ത്രങ്ങളും കാറ്റിൽ പറക്കുന്നു വീർത്ത് ഉന്തിയ വയർ!
സീത അല്ലേ അത് ?
"മോളേ.. "
ഒരു നിലവിളി ഒറോതച്ചേടത്തിയുടെ തൊണ്ടയിൽ കുരുങ്ങി. അടുത്ത നിമിഷം, സീത കരിങ്കൽകെട്ടിലേക്ക് ഇരിക്കുന്നതു കണ്ടു.
"അയ്യോ "
സീത കിണറ്റിലേക്ക് വീണെന്നു കരുതി ഒറോതച്ചേടത്തി നിലവിളിച്ചു പോയി. കരിങ്കൽക്കെട്ടിന് മീതേക്ക് സീത കാൽ നീട്ടി ഇരുന്നു.
പിന്നെ, ഇടതൂർന്ന മുടി മാറിലേക്ക് ഇട്ടു തഴുകാൻ തുടങ്ങി. കിണറ്റിലേക്ക് നോക്കി ആരോടോ സംസാരിക്കുന്നുമുണ്ട്. നേരത്തെ തനിക്ക് ഉണ്ടായ ഭയപ്പെടുത്തുന്ന അനുഭവത്തിന്റെ ഓർമയിൽ ഒറോതച്ചേടത്തി ഒരു നിമിഷം തരിച്ചുനിന്നു.
പിന്നെ, പെട്ടെന്ന് എന്തോ ഓർത്തതു പോലെ വീട്ടിലേക്ക് തിരിച്ചോടി. അവിടെ പൂജാമുറിയിൽ ദൈവങ്ങളുടെ ചിത്രത്തിനു മുമ്പിലായി ഒരു ബൈബിൾ ഇരിപ്പുണ്ടായിരുന്നു. പിന്നെ, ഒരു ചെറിയ പ്ലാസ്റ്റിക് ഡപ്പിയിൽ മണർകാട് പള്ളിയിലെ കരിങ്കൽ കുരിശിനു താഴെ നിന്നെടുത്ത എണ്ണയും. ഇതു രണ്ടും എടുത്തു കൊണ്ട് ഒറോതച്ചേടത്തി പുറത്തേക്ക് കുതിച്ചു. പിന്നെ, ഒറ്റക്കുതിപ്പിന് സീതയുടെ അരികിലെത്തി.
"മോളേ " വിളിച്ചു കൊണ്ട് അവർ സീതയുടെ കൈത്തണ്ടയിൽ പിടിച്ചു. ഇരുമ്പിന്റെ കരുത്തായിരുന്നു സീതയുടെ കൈത്തണ്ടയ്ക്ക്. അഗ്നി എരിയുന്ന മിഴികൾ തിരിച്ച് സീത ഒറോതച്ചേടത്തിയെ നോക്കി.
"പോ.. " സീതയുടെ സ്വരത്തിന് വല്ലാത്തൊരു മുഴക്കം ആയിരുന്നു.
"പോവാൻ... ഞങ്ങൾ സംസാരിക്കട്ടെ "
ചലിക്കുന്നത് സീതയുടെ ചുണ്ടുകൾ ആണെങ്കിലും ശബ്ദം മുഴങ്ങുന്നത് കിണറ്റിനുള്ളിൽ നിന്നാണ് എന്ന് ഒറോതച്ചേടത്തിക്ക് തോന്നി.
" സീതേ .. "
ഒറോതച്ചേടത്തി രണ്ടും കൽപ്പിച്ച് സീതയുടെ കയ്യിൽ പിടിച്ച് വലിച്ചു. പിന്നെ, ബൈബിൾ സീതയുടെ കയ്യിലേക്ക് അമർത്തി. തീയ് പടർന്നതു പോലെ ഒരു പൊള്ളൽ സീതയുടെ മേലാസകലം ഉണ്ടായി. കണ്ണുകൾ മിഴിച്ച് സീത ഒറോതച്ചേടത്തിയെ ഒന്നു നോക്കി.
" വാ.. "
ഒറോതച്ചേടത്തി സീതയെ കരിങ്കൽക്കെട്ടിൽ നിന്ന് ഇറക്കി. ഒരു യന്ത്രപ്പാവയെ പോലെ സീത കരിങ്കൽ കെട്ടിൽ നിന്ന് ഇറങ്ങി. സീതയുടെ ഉടൽ ഞെട്ടി വിറയ്ക്കുന്നുണ്ടായിരുന്നു. കയ്യിലിരുന്ന പ്ലാസ്റ്റിക് ഡപ്പി ഒറോതച്ചേടത്തി തുറന്നു. പിന്നെ, ഒരു തുള്ളി എണ്ണ എടുത്ത് സീതയുടെ പുരികങ്ങൾക്ക് നടുവിലായി കുരിശ് വരച്ചു.
കഠിനമായ ഒരു ഞെട്ടലിൽ സീതയുടെ ഉടൽ ഒന്നു വെട്ടിവിറച്ചു. അടുത്ത നിമിഷം, കണ്ണുകളിലെ തീ അണഞ്ഞു. സീത മിഴികൾ തിരിച്ച് ഒറോതച്ചേടത്തിയെ നോക്കി,
" ചേടത്തീ... നമ്മളെവിടാ..."
"കിണറ്റിൻ കരയിൽ ... അല്ലാതെവിടാ ?" ഒറോതച്ചേട്ടത്തിയുടെ സ്വരത്തിൽ ഒരൽപം ശാസന കലർന്നിരുന്നു.
"അയ്യോ " സീത ചുറ്റും നോക്കി, "നമ്മളെങ്ങനെ ഇവിടെ ...?"
"ഒക്കെ പറയാം...വാ " ഒറോതച്ചേടത്തി സീതയെയും കൂട്ടി മുമ്പോട്ട് നടന്നു. "ആ അലൻ സാറ് ഇങ്ങോട്ട് വരട്ട് ... ചോദിക്കാനുണ്ട് എനിക്ക് "
സീതയെയും ചേർത്ത് പിടിച്ച് നടക്കുന്നതിനിടെ ഒറോച്ചേടത്തി പിറുപിറുത്തു കൊണ്ടിരുന്നു;
"ഒരു ഗർഭിണിപ്പെങ്കൊച്ചിനെ കൊണ്ടുവന്നു താമസിപ്പിക്കാൻ പറ്റിയ സ്ഥലം. ഇതെന്നതാ രാമായണം കളിക്കുവാണോ... അതോ ജംഗിൾ ബുക്കോ"
"എന്നതാ ചേടത്തീ... വല്ല്യ പതം പറച്ചില് '' തളർന്ന സ്വരത്തിൽ സീത ചോദിച്ചു.
"ഓ... ധിം തലക്കടി ധുമ്മ " ഒറോതച്ചേട്ടത്തിക്ക് ദേഷ്യം വന്നു. ആ തളർച്ചയിലും അറിയാതെ സീതയുടെ ചുണ്ടിൽ ചിരി പൊട്ടി
കിണറിന് മീതെ ചുഴലി പോലെ കരിയിലകൾ വട്ടം ചുറ്റി പറന്നു കൊണ്ടിരുന്നു.
***** ***** ***** *****
"അപ്പോൾ കുറത്തി മലയെ കുറിച്ച് സേവ്യർ സാറിന് അറിയാം" എസ്.ഐ. അലൻ പൊൻകുരിശ് സേവ്യറിന്റെ കണ്ണുകളിലേക്ക് നോക്കി.
രാത്രി എട്ടു മണി ആവുന്നതേയുള്ളായിരുന്നു. സേവ്യറിന്റെ ഗസ്റ്റ് ഹൗസിൽ ആയിരുന്നു അവർ.
" എന്നതാ സാറേ കാര്യം" സേവ്യറിന്റെ തൊണ്ടയിൽ നീർ കുടുങ്ങി.
" അത് പറയാം." അലൻ ഒന്നു നിർത്തി;
" ഞാൻ ചിത്തിനി എന്ന ഗർഭിണി പ്രേതത്തിന്റെ പിന്നാലെയും ... പ്രേതം നിങ്ങടെയെല്ലാം പിന്നാലെയും ആണല്ലോ. അതു കൊണ്ട് ചോദിച്ചതാ. സഹകരിച്ച് കൂടെ നിന്നാൽ ഒള്ള ആയുസ്സിൽ ചിട്ടി വട്ടമെത്തും... അല്ലെങ്കിൽ ഇടയ്ക്ക് പൊട്ടും "
"ഞാൻ പറയാം സാറേ " സേവ്യർ ഒന്ന് മുമ്പോട്ട് ആഞ്ഞിരുന്നു. പൊൻകുരിശ് സേവ്യറിന്റെ മുഖത്തായിരുന്നു അലന്റെയും
എ എസ് ഐ യോഹന്നാന്റെയും കണ്ണുകൾ.
"സാറിനോട് എ എസ് ഐ യോഹന്നാൻ പറഞ്ഞത് സത്യമാ. പണ്ട് ഈ കാട് വിറപ്പിച്ചു നടന്ന ചിത്തിനി എന്ന ഗർഭിണി പ്രേതത്തെ പാതിരിയച്ചനും ഒരു ഭട്ടതിരിയും ചേർന്ന് പൂട്ടിയത് കുറത്തി മലയിൽ വച്ചാ."
"ഭട്ടതിരിയോ.. ഏത് ഭട്ടതിരി ? " അലന്റെ മുഖത്ത് ഒരു അമ്പരപ്പുണ്ടായി.
സീതയുടെ അച്ഛനും മഹാമാന്ത്രികനുമായ നീലകണ്ഠൻ ഭട്ടതിരിയുടെ മുഖം ആയിരുന്നു അലന്റെ മനസ്സിൽ.
"ഭട്ടതിരിയെ ഒന്നും എനിക്ക് അറിയില്ല സാറേ. നല്ല ചെറുപ്പം ആയിരുന്നു അദ്ദേഹം. ങാ.. പിന്നൊരു കാര്യം ഞാൻ ഓർക്കുന്നുണ്ട്.
ഇവിടെ കർമ്മത്തിന് വരുന്ന സമയത്ത് അദ്ദേഹത്തിന്റെ ഭാര്യ ഗർഭിണി ആയിരുന്നു''
"ഗർഭിണിയോ?" അലൻ വീണ്ടും ഞെട്ടി.
"അതെ. ഭാര്യ ഗർഭിണിയായി വീട്ടിൽ ഇരിക്കുമ്പോൾ ഇത്തരം മാരണക്രിയകൾ ഒന്നും പതിവില്ലെന്ന് പാതിരിയച്ചനോട് ഭട്ടതിരി പറയുന്നത് ഞാൻ കേട്ടതാ.പക്ഷേ, അച്ചനോട് വല്യ ബഹുമാനവും അനുസരണയും ആയിരുന്നു ഭട്ടതിരിക്ക് "
" ങാ.. എന്നിട്ട് "
"ഒരു വെള്ളിയാഴ്ച രാത്രി ആയിരുന്നു കർമം. കുറത്തിമലയുടെ അടിവാരത്തിൽ വാഴപ്പോള കൊണ്ട് കട്ടിൽ ഉണ്ടാക്കി അതിൽ ഗർഭിണിയായ
ചിത്തിനിയുടെ കാഞ്ഞിര വേരിൽ തീർത്ത ബൊമ്മയിൽ നിറയെ കട്ടകാരമുള്ള് തറച്ച്. ഇലഞ്ഞിപ്പൂക്കൾ കൊണ്ടുള്ള മാല ചാർത്തി കുറത്തി മലയിലെ പാറ പത്തടിതാഴ്ചയിൽ ഡ്രില്ല് ചെയ്ത് ആ ബൊമ്മ അതിനുള്ളിൽ ഇറക്കി കോൺക്രീറ്റ് ചെയ്യുകയായിരുന്നു "
"പിന്നെ എങ്ങനെ ഇപ്പോൾ ചിത്തിനി പുറത്തു വന്നു?"
"എനിക്ക് അറിയത്തില്ല സാറേ " സേവ്യർ പരിക്ഷീണനായി കഴിഞ്ഞിരുന്നു.
"ഞാൻ താമസിക്കുന്ന വീടിനു താഴെയുള്ള കിണറിന്റെ രഹസ്യം എന്താ?"
"അതും സത്യമായും എനിക്ക് അറിയില്ല '' സേവ്യർ കിതച്ചു;
"ഒരു പ്രേതബാധയുള്ള കിണർ ആണെന്ന് അറിയാം. അതാ അതിൽ നിന്ന് വെള്ളം പോലും എടുക്കാത്തത്.." അലൻ ഒന്നും മിണ്ടിയില്ല.
കുറത്തി മലയിൽ നിന്നു വേണം തുടങ്ങാൻ. അലന്റെ ഇരു ചെന്നിയിലെയും ഞരമ്പുകൾ പിടച്ചു കൊണ്ടിരുന്നു.
***** ***** ***** *****
രാത്രി പത്ത് മണി. അലനും ദീപു നാരായണനും അടങ്ങുന്ന സംഘം 'പ്രേത വേട്ടയ്ക്കുള്ള ' ഉപകരണങ്ങളുമായി കുറത്തിമലയ്ക്ക് പുറപ്പെട്ടു.
ചിത്തിനി എന്ന ഗർഭിണി പ്രേതത്തിന്റെ രഹസ്യം തേടി...

അധ്യായം 22

22

അധ്യായം 22

മരണക്കയത്തിൽ മുങ്ങി വജ്ര

ഇരുട്ടിൽ വട്ടക്കണ്ണുകൾ തെളിച്ച് ജീപ്പ് ഓടിക്കൊണ്ടേയിരുന്നു. എഎസ്ഐ യോഹന്നാൻ ആയിരുന്നു ഡ്രൈവിംഗ് സീറ്റിൽ. കോ- ഡ്രൈവർ സീറ്റിൽ അലൻ. പിന്നിൽ ദീപുവും സിവിൽ പൊലീസ് ഒഫീസർ മുരളിയും.
"ദീപൂ ''
അലൻ തല തിരിച്ചു.
"സാർ''
"പേടിയുണ്ടോ?"
"എന്തിന് സാർ''
"പ്രേതത്തെ പിടിക്കാൻ പോവുന്നതിന് ?"
"ഇല്ല "
"അതെന്താ ...?" അലൻ ചിരിച്ചു;
"ദീപു ഗോസ്റ്റ് ഹണ്ടർ ആയത് കൊണ്ടാണോ?"
"അതല്ല സാർ"
"പിന്നെ?"
"ചിത്തിനി എന്ന സ്പിരിറ്റിനെ അത്ര പെട്ടെന്ന് കിട്ടില്ല സാർ. ഞാൻ പഠിച്ചിടത്തോളം നമ്മുടെ ചിന്തകൾക്കു മുൻപേ പറക്കുന്ന പ്രേതമാണ് അവർ "
അലന്റെ നെറ്റി ചുളിഞ്ഞു.

ദീപു ഒന്നു കൂടി മുമ്പോട്ടാഞ്ഞു;
"സാറ് വിളിച്ചപ്പോ ഒഴിഞ്ഞു മാറാതെ ഞാൻ വന്നു എന്നേയുള്ളു. പക്ഷേ, എനിക്ക് അറിയാം സാർ ചിത്തിനിക്ക് പിന്നാലെയുള്ള യാത്ര അപകടമാണെന്ന്. ചിലതു പറയാനും പക വീട്ടാനും വന്നയാൾ ആണ് ചിത്തിനി. ആരെയെങ്കിലും കൊണ്ടുപോവാൻ ചിത്തിനി തീരുമാനിച്ചിട്ടുണ്ടെങ്കിൽ... കൊണ്ടു പോയിരിക്കും.."
അടുത്ത നിമിഷം, പടക്കം പൊട്ടുന്നതു പോലെ ഒരു ശബ്ദം കേട്ടു. ജീപ്പ് വലതു വശത്തേക്ക് വെട്ടിത്തിരിഞ്ഞു.
"യോഹന്നാനേ ...'' അലൻ വിളിച്ചപ്പോഴേക്കും ജീപ്പ് പൊന്തക്കാടുകൾ ഞെരിച്ചു നിന്നു.
"ടയറ് പൊട്ടിയതാ സാറേ.. " യോഹന്നാന്റെ സ്വരത്തിൽ പകപ്പ് ഉണ്ടായിരുന്നു.
അലനും കൂട്ടരും ജീപ്പിൽ നിന്ന് ചാടിയിറങ്ങി. ജീപ്പിന്റെ നാല് ചക്രങ്ങളിലും കാല് കൊണ്ട് തട്ടി നോക്കി. അമ്പരന്നു പോയി എല്ലാവരും.
ഒരു ടയർ പോലും പഞ്ചർ അല്ല.
"എന്തോന്ന് യോഹന്നാനേ ഇത്?" അലന് ദേഷ്യം വന്നു.
"സാറേ സത്യമായിട്ടും ഞാൻ കരുതിയത് ടയർ പഞ്ചറായതാണെന്നാ. കണ്ടില്ലേ... വണ്ടി എടുത്തു വച്ചതു പോലെ തിരിഞ്ഞു നിൽക്കുന്നത് "
അതു ശരിയാണെന്ന് അലനും മനസ്സിലായി.
" സാറേ.. " യോഹന്നാൻ പതിയെ വിളിച്ചു;
"സ്റ്റേഷനീന്ന് എറങ്ങുമ്പം തന്നെ ഞാൻ സാറിനോട് ഒരു കാര്യം പറഞ്ഞില്ലാരുന്നോ. നമ്മള് തേടി പോവുന്നത് ഏതെങ്കിലും മുക്കാൽ ചക്രത്തിന്റെ ഗുണ്ടയേയോ കള്ളവാറ്റ് കേസിലെ പ്രതിയേയോ ഒന്നുമല്ല. ഒരു പ്രേതത്തിന്റെ പിന്നാലെയാ. അതും എന്നോ ... എന്തോ സംഭവിച്ചു എന്ന വിശ്വാസത്തിന്റെ പേരിൽ ... "
യോഹന്നാൻ ഒന്നു നിർത്തി;
"ഈ യാത്രയിൽ നമ്മളറിയാതെ നമ്മൾക്കൊപ്പം അവളും കാണും സാറേ. ചിത്തിനി''
യോഹന്നാൻ പറഞ്ഞു നിർത്തിയതും കാതടപ്പിക്കുന്ന ഒരു ഇടിയൊച്ച മുഴങ്ങി. എല്ലാവരും നടുങ്ങി പോയി. അടുത്ത നിമിഷം അതിശക്തമായി കാറ്റ് വീശാൻ തുടങ്ങി. തങ്ങൾ പറന്നു പോവും എന്ന് അലന് തോന്നി. എല്ലാവരും ജീപ്പിൽ അള്ളിപ്പിടിച്ചാണ് നിന്നത്. ജീപ്പും ആരോ പിടിച്ചു കുലുക്കുന്ന പോലെ ഉലഞ്ഞു കൊണ്ടിരുന്നു.
"സാറേ " ദീപു വിളിച്ചു.
"എങ്ങനാ പരിപാടി... മുമ്പോട്ട് പോവുന്നോ.. അതോ തിരിച്ചു പോവാണോ?" ഒരു നിമിഷം അലൻ ഒന്ന് ആലോചിച്ച് നിന്നു.
" മുമ്പോട്ട് തന്നെ " അലൻ ജീപ്പിന്റെ ഡ്രൈവിംഗ് സീറ്റിലേക്ക് കയറി ;
"യോഹന്നാനേ കയറ്... മുരളീ'' എല്ലാവരും ജീപ്പിലേക്ക് കയറി.
വീശിയടിക്കുന്ന കാറ്റിനും പാഞ്ഞു പറക്കുന്ന കരിയിലകൾക്കും ഇടയിലൂടെ അലൻ ഒരു വിധം ജീപ്പ് പിന്നിലേക്ക് എടുത്തു.
"ഇവിടുന്ന് എത്ര ദൂരമുണ്ട് കുറത്തി മലയ്ക്ക് .. "
"കഷ്ടിച്ച് രണ്ടു കിലോമീറ്റർ " യോഹന്നാനാണ് മറുപടി പറഞ്ഞത്.
"പക്ഷേ, വഴി തീരെ മോശമാ. നേരത്തെ കരിങ്കല്ലുമായി ലോറി പൊയ്ക്കോണ്ടിരുന്ന വഴിയാ."
ഹെഡ് ലൈറ്റിന്റെ വെളിച്ചത്തിൽ മുമ്പിലെ കാട്ടുപാത അലന് കാണാമായിരുന്നു. നിറയെ പുല്ലുകൾ വളർന്നു നിൽക്കുന്ന ഉരുളൻ കല്ലുകൾ നിറഞ്ഞു നിൽക്കുന്ന വഴി. അതിനു മീതെ കൂടി ജീപ്പ് ആടിക്കുലുങ്ങി നീങ്ങിക്കൊണ്ടിരുന്നു. ദൂരെ കുറത്തിമല കണ്ടു. വീശിയടിച്ചു കൊണ്ടിരുന്ന കാറ്റ് ദുർബലമായി കഴിഞ്ഞിരുന്നു. ചുറ്റും പകൽ പോലെ വെട്ടം പരത്തി നിലാവ്.
ജീപ്പ് നിന്നു. അലനും കൂട്ടരും ഇറങ്ങി. ദീപു ഗോസ്റ്റ് ഹണ്ടിംഗിനുള്ള ഉപകരണങ്ങൾ എടുത്ത് ജീപ്പിന്റെ ബോണറ്റിൽ വച്ചു.
അലന്റെ മിഴികൾ ജാഗ്രതയോടെ ചുറ്റും പരതിക്കൊണ്ടിരുന്നു. ഇലഞ്ഞിപ്പൂക്കളുടെ മത്ത് പിടിപ്പിക്കുന്ന ഗന്ധം ആയിരുന്നു ചുറ്റുമുള്ള വായുവിൽ. കുറത്തിമലയ്ക്ക് മുമ്പിൽ വലിയ നാല് ഇലഞ്ഞി മരങ്ങൾ നിൽക്കുന്നത് അലൻ കണ്ടു. അവയിൽ നിന്ന് മഴ പെയ്യും പോലെ പൂക്കൾ ഇറുന്നു വീഴുന്നു. മരച്ചുവട്ടിൽ മെത്ത വിരിച്ചതു പോലെ പൂക്കൾ കിടപ്പുണ്ട്.
"സാറേ.. "
യോഹന്നാൻ അലന്റെ തൊട്ടു പിന്നിൽ എത്തി.
"ഇവിടെ അധികനേരം നിൽക്കണ്ട സാറേ പോവാം "
"ങും " അലൻ ഒന്നു മൂളി.
പിന്നെ, ഇലഞ്ഞിമരങ്ങൾക്ക് നേരെ നടന്നു.
"സാറ് .. ഇതെങ്ങോട്ടാ " യോഹന്നാൻ പിന്നാലെ വന്നു.
"ഇവിടെ വരെ വന്നതല്ലേ യോഹന്നാനേ... വല്ല പൊട്ടോ പൊടിയോ കിട്ടുമോ എന്നറിയാൻ "
അലൻ നടന്നു നടന്ന് ഇലഞ്ഞിമരങ്ങൾക്ക് മുന്നിലെത്തി. അരയടി ഘനത്തിൽ മെത്ത വിരിച്ചതു പോലെ കിടക്കുകയാണ് ഇലഞ്ഞിപ്പൂക്കൾ.
അലൻ ഇലഞ്ഞിമരങ്ങൾക്ക് ഇടയിലേക്ക് കയറാനാഞ്ഞതും പിന്നിൽ നിന്നു ദീപുവിന്റെ വിളി വന്നു.
"സാറേ " അലൻ വെട്ടിത്തിരിഞ്ഞു.
"സാറേ ഒന്നു വന്നേ " ദീപുവിന്റെ അരികിലേക്ക് അലൻ ഓടിച്ചെന്നു. പിന്നാലെ യോഹന്നാന്നും ഉണ്ടായിരുന്നു.
" നോക്കിക്കേ.. "
ജീപ്പിന്റെ ബോണറ്റിൽ വച്ചിരുന്ന ഗോസ്റ്റ് ഹണ്ടിംഗ് ഡിറ്റക്ടറിൽ നീലയും ചുവപ്പും ലൈറ്റുകൾ മിന്നിക്കൊണ്ടിരുന്നു.
" ഇവിടുണ്ട് സാറേ.. " ദീപുവിന്റെ സ്വരത്തിൽ വിറയലുണ്ടായിരുന്നു.
"നമ്മുടെ തൊട്ടടുത്ത് തന്നെയുണ്ട്... "
"ആര്... ചിത്തിനിയോ?"
"അത് എനിക്ക് പറയാൻ പറ്റത്തില്ല സാറേ .." ദീപുവിന്റെ സ്വരം പതുങ്ങി;
"പക്ഷേ, ഒന്നു ഞാൻ ഉറപ്പിച്ച് പറയാം. നമ്മുടെ തൊട്ടടുത്ത് ഒരു ദുരാത്മാവ് ഉണ്ട്. നമ്മള് പറയുന്നതു കേട്ട് ... ഞാനീ പറയുന്നതു വരെ കേട്ട്... നമ്മളെ സൂക്ഷിച്ചു നോക്കി ... "
അടുത്ത നിമിഷം, അലർച്ച പോലെ ഒരു ശബ്ദം കേട്ടു .
"അയ്യോ.. "
യോഹന്നാൻ അറിയാതെ നിലവിളിച്ചു പോയി.
"സാറേ.. " എഎസ്ഐ യോഹന്നാൻ വിറയലോടെ അലനെ നോക്കി.
" നമ്മുക്ക്.. പോവാം സാറേ .."
"എന്റെ യോഹന്നാനെ പേടിക്കാതെ. അത് ഏതോ കാട്ടുപൂച്ച കരഞ്ഞതാ."
"സാറേ പൂച്ച കരഞ്ഞാലും... പുലി ചിരിച്ചാലും എനിക്ക് ഭാര്യേം മൂന്നു മക്കളും ഒള്ളതാ. വല്ല യക്ഷീം പിടിച്ച് ചത്തൂന്നറിഞ്ഞാൽ ഭാര്യ വീട്ടിൽ കയറ്റത്തില്ല.. "
"ഞാൻ ചത്തിട്ടേ ... യോഹന്നാൻ ചാവൂ.. പോരേ" അലൻ ഒരു പുഞ്ചിരിയോടെ യോഹന്നാന്റെ ചുമലിൽ അമർത്തിപ്പിടിച്ചു.
"സാറേ ... നമ്മളു രണ്ടും ചത്തിട്ട് എന്തെങ്കിലും മെച്ചം വേണ്ടേ സാറേ " യോഹന്നാൻ ഒന്നു നിർത്തി;
"സാറ് പറയുന്നത് എന്തും ഞാൻ അനുസരിക്കും. ഇത് പക്ഷേ, അപകടം പിടിച്ച കളിയാ. തുടങ്ങി വച്ചപ്പഴേ ഞാൻ സാറിന് മുന്നറിയിപ്പ് തന്നതാ."
"നമ്മുക്ക് ഇപ്പം പോവാം യോഹന്നാനേ... " അലൻ തിരിഞ്ഞ് സിവിൽ പൊലീസ് ഓഫീസർ മുരളിയെ നോക്കി;
"മുരളീ"
"സർ''
''മൊബൈലിൽ ഇവിടെ നടക്കുന്നതെല്ലാം ഷൂട്ട് ചെയ്തോണം.."
"ചെയ്യാം സാറേ "
"ദീപു .. "
അലൻ ദീപുവിനു നേരെ തിരിഞ്ഞു;
"നിന്റെ ഡിറ്റക്ടറുകൾ എടുത്തോ. നമ്മുക്ക് ആ ഇലഞ്ഞിമരങ്ങൾക്കിടയിൽ വരെ ഒന്നു പോവാം "
"സാറേ " യോഹന്നാൻ വീണ്ടും വിളിച്ചു.
" എന്നതാ യോഹന്നാനേ ...''
"എന്നാപ്പിന്നെ സാറിന്റെ പെർമിഷനോടെ ഞാനിത്തിരി ധൈര്യം സംഭരിക്കാനുള്ള വഴി നോക്കുവാ..''
"ഓ.. ആയ്ക്കോട്ടെ "
അലന്റെ മുഖത്ത് ഒരു ചിരി ഉണ്ടായി.
യോഹന്നാൻ ധൃതിയിൽ ജീപ്പിനു നേരെ തിരിഞ്ഞു. പിന്നെ, ജീപ്പിനിടയിൽ നിന്ന് ഒരു ബ്രാണ്ടിക്കുപ്പി എടുത്ത് പൊട്ടിച്ച് വായിലേക്ക് ഒഴിച്ചു.
പിന്നാലെ, മിനറൽ വാട്ടറിന്റെ കുപ്പി തുറന്ന് കുറെ വെള്ളവും കുടിച്ചു.
"മുരളിക്ക് വേണോടാ .." യോഹന്നാൻ മുരളിയെ നോക്കി.
" നെപ്പോളിയനാ.. നല്ല ധൈര്യം കിട്ടും " മുരളിയും അലനെ ഇടംകണ്ണിട്ട് ഒന്നു നോക്കിയിട്ട് ബ്രാണ്ടിക്കുപ്പി വാങ്ങി ഒരു കവിൾ വായിലേക്ക് ഒഴിച്ചു.
"സാറേ " യോഹന്നാൻ പതുങ്ങിപ്പതുങ്ങി വിളിച്ചു.
"എനിക്ക് വേണ്ട യോഹന്നാനേ.. " അലൻ ചിരിച്ചു ;
"നിങ്ങൾക്ക് രണ്ടിനും ആവശ്യത്തിന് ധൈര്യം ആയ സ്ഥിതിക്ക് എനിക്ക് തത്ക്കാലം വേണ്ട .. " പറഞ്ഞിട്ട് അലൻ മുമ്പോട്ട് നടന്നു. പിന്നാലെ ദീപുവും. അതിനു പിന്നാലെ യോഹന്നാനും മുരളിയും. ഗോസ്റ്റ് ഡിറ്റക്ടറിലെ നീലയും ചുവപ്പും ലൈറ്റുകൾ മിന്നി കത്തി കൊണ്ടിരുന്നു. പൊടുന്നനെ കാറ്റ് വീശാൻ തുടങ്ങി. അത്ര ശക്തിയിൽ അല്ലെങ്കിലും ഇലഞ്ഞിപ്പൂക്കൾ പറക്കുന്ന കാറ്റ്.
"സാറേ.. " ദീപു വിളിച്ചു.
"അത് കണ്ടോ.." ദീപു വിരൽ ചൂണ്ടയിടത്തേക്ക് അലൻ നോക്കി. പായൽ പിടിച്ച പാറക്കെട്ടിനു മീതെ ചോര നിറത്തിൽ ചില അക്ഷരങ്ങൾ തിളങ്ങുന്നത് അലൻ കണ്ടു. അവർ അൽപം കൂടി അടുത്ത് ചെന്നു. ആ സമയം ചോര കൊണ്ട് എഴുതിയതു പോലത്തെ അക്ഷരങ്ങൾ. തമിഴ് അക്ഷരങ്ങളാണ്.
"മുരളി'' അലൻ വിളിച്ചു.
"തമിഴ് അറിയത്തില്ലേ .... ?"
"അറിയാം സാർ.. "
"വായിക്ക് "
ടോർച്ച് വെളിച്ചത്തിൽ മുരളി എഴുതിയത് വായിച്ചു.
"ഒവ്വൊരു ആളെയും കണ്ഠിപ്പാ നാൻ കൊലപ്പണിടുവേൻ..." മുരളി ആദ്യവാചകം വായിച്ചു.
" നോക്കി വച്ച ഓരോരുത്തരെയും തീർക്കുമെന്നാ സാറേ ..! " മുരളി അലനെ നോക്കി. ആ വാചകത്തിനു താഴെ, ചോര തുളുമ്പി നിൽക്കുന്നതു പോലത്തെ ഒരു വാക്ക് കൂടി ഉണ്ടായിരുന്നു.
" അതുകൂടി വായിച്ചേ... " അലൻ പറഞ്ഞു.
" വില്ലുപുരം " മുരളി വായിച്ചു ;
"സാറേ ഇത് ഒരു സ്ഥലപ്പേരാ ..."
" വില്ലുപുരം " അലൻ ഒന്നു മന്ത്രിച്ചു.
" തമിഴ്നാട്ടിലെ ഒരു കുഞ്ഞ് ഗ്രാമമാ സാറേ ഇത് '' യോഹന്നാൻ അലനെ നോക്കി.
" മനസ്സിലായി '' അലൻ തിരിഞ്ഞു;
" വില്ലുപുരം. ഒന്നുകിൽ ചിത്തിനിയുടെ നാട്. അല്ലെങ്കിൽ ... ചിത്തിനിയുടെ ഭർത്താവ് കതിരവന്റെ നാട് ." അലൻ ഒന്നു നിർത്തി.
"എന്തായാലും കഥ തുടങ്ങിയത് അവിടെ നിന്നാ. അവിടെ നിന്നു വേണം ... നമ്മളും തുടങ്ങാൻ "
"അയ്യോ.. " യോഹന്നാൻ അറിയാതെ നിലവിളിച്ചു പോയി;
"നമ്മളിപ്പം അവിടേക്ക് പോവാണോ?"
"ഇപ്പഴല്ല. പക്ഷേ, പോവും.
തത്ക്കാലം തിരിച്ചു പോവാം " അലൻ തിരിഞ്ഞു.
എല്ലാവരും ചെന്ന് ജീപ്പിൽ കയറി.
"മുരളീ" അലൻ തിരിഞ്ഞ് മുരളിയെ നോക്കി;
" റെക്കോർഡ് ചെയ്ത വിഡിയോ കാണിച്ചേ.. "
"സർ " മുരളി ഫോൺഗ്യാലറിയിൽ നിന്ന് വിഡിയോ സെലക്ട് ചെയ്ത് അലനു നീട്ടി. അലൻ അതു വാങ്ങി തുറന്നു നോക്കി. അമ്പരന്നു പോയി എല്ലാവരും. വിഡിയോയിൽ ഒരു ദൃശ്യം പോലും ഇല്ലായിരുന്നു. ഇരുട്ട് മാത്രം!
" ഞാൻ ഊഹിച്ചു. ഇങ്ങനെയേ വരൂ എന്ന്.. " അലൻ പറഞ്ഞിട്ട് മൊബൈൽ തിരികെ മുരളിക്ക് നീട്ടി. പിന്നെ, സ്റ്റാർട്ട് ചെയ്ത് പിന്നോട്ട് എടുത്തു. ശക്തമായ കാറ്റിൽ ഇലഞ്ഞിമരങ്ങൾ ഒന്ന് ഉലഞ്ഞു.
***** ***** ***** *****
പൊൻകുരിശ് ബംഗ്ലാവ്.
രാത്രി പന്ത്രണ്ടര കഴിഞ്ഞു. വജ്ര ഡേവിഡ് ഡാനിയൽ മാത്രം ഉറങ്ങിയിരുന്നില്ല. ഫ്ലാസ്കിൽ നിന്ന് ഒരു കപ്പ് കാപ്പി കൂടി പകർന്ന് വജ്ര കുടിച്ചു.
പീറ്റർ ബെബർഗാൻ എഴുതിയ പാരാനോർമൽ സ്റ്റഡി ബുക്ക് ആയ 'സ്ട്രെയിഞ്ച് ഫ്രീക്വൻസീസ്' വായിക്കുകയായിരുന്നു വജ്ര.
പുറത്ത്, കാറ്റിന്റെ ശക്തമായ ഇരമ്പം കേൾക്കാമായിരുന്നു. വജ്ര ചെന്ന് ജനൽ തുറന്നു. മനോഹരമായ കാഴ്ച ആയിരുന്നു മുമ്പിൽ. പതഞ്ഞു തുളുമ്പുന്ന നിലാവിൽ പുതച്ചു കിടക്കുകയാണ് വനം. ഓരോ ഇലച്ചാർത്തും വ്യക്തമായി കാണാവുന്ന അത്ര പ്രകാശം.
നേരം വെളുത്തു എന്നാണ് വജ്രയ്ക്ക് തോന്നിയത്. സമയം നോക്കാനായി വജ്ര തിരിഞ്ഞു. പക്ഷേ, വജ്ര തിരിയും മുമ്പേ ക്ലോക്കിലെ സൂചി ആരോ പിടിച്ച് കറക്കിയതു പോലെ മുമ്പോട്ട് ഓടി.
വജ്ര നോക്കിയപ്പോൾ സമയം രാവിലെ 5.50
"ങാ... ചുമ്മാതല്ല ഇത്ര വെട്ടം. നേരം വെളുത്തു " പറഞ്ഞിട്ട് വജ്ര ഒരു സ്വെറ്റർ എടുത്ത്‌ ധരിച്ചു.
പിന്നെ, ഒരു തൊപ്പിയും വച്ചു കൊണ്ട് വാതിൽ തുറന്ന് പുറത്തേക്ക് ഇറങ്ങി. നിലാവ് പരന്നു കിടക്കുന്ന പാതയിലൂടെ വജ്ര ഒരു സ്വപ്നാടകയെ പോലെ നടന്നു കൊണ്ടിരുന്നു. താൻ നടക്കുന്നിടത്തു മാത്രമാണ് നിലാവ് എന്ന് വജ്ര അറിഞ്ഞില്ല. നടത്തം അവസാനിച്ചത് പുഴക്കരയിൽ.
വെള്ളി ഉരുക്കി ഒഴിച്ചതു പോലെ നിലാവിൽ പുഴ വെട്ടിത്തിളങ്ങുന്നത് വജ്ര കണ്ടു. ആരോ ഒരാൾ പുഴയിൽ നീന്തുന്നത് കാണാം. വജ്രയ്ക്കും വല്ലാത്ത ഒരു ഉത്സാഹം തോന്നി.ഒന്ന് നീന്തിയാലോ...!
വജ്രയും പതിയെ പുഴയിലേക്ക് ഇറങ്ങി.

അധ്യായം 23

23

അധ്യായം 23

ചിത്തിനിയുടെ കൊലപാതകത്തിന്റെ ചുരുൾ അഴിയുന്നു!

വെള്ളത്തിന് വെള്ളി നിറം ആയിരുന്നു. പുലരിക്ക് പൊൻ നിറവും പുലരി വെളിച്ചത്തിൽ വജ്ര എന്ന സുന്ദരിക്ക് പവൻ നിറവും!
നീന്തിത്തുടിക്കണം എന്നു തോന്നി വജ്രയ്ക്ക്. വജ്ര പതിയെ പുഴയിലേക്ക് ഇറങ്ങി. വെണ്ണക്കൽ കാൽപാദങ്ങളിൽ ചെറുമീനുകൾ വന്നു മുട്ടിയുരുമ്മി കൊഞ്ചി. വല്ലാത്ത ഒരു ഉന്മാദ അവസ്ഥയിലായിരുന്നു വജ്ര. ആരോ ഒരാൾ പുഴയിൽ നീന്തിത്തുടിക്കുന്നത് കാണാം.

"വാ.. വാ''
അവർ വജ്രയെ കൈ നീട്ടി വിളിച്ചു. വജ്ര പതിയെ മുന്നോട്ട് നടന്നു. വെള്ളം മുട്ടറ്റം ആയി. ഇതേ സമയം പൊലീസ് ജീപ്പ് കുറത്തി മലയിൽ നിന്ന് തിരികെയുള്ള യാത്രയിൽ ആയിരുന്നു.
" സാറേ.. " യോഹന്നാൻ അലനെ നോക്കി.
"എന്താ ഇനി നമ്മുടെ അടുത്ത പദ്ധതി?"
" യോഹന്നാനേ " അലൻ തിരിഞ്ഞു.
"നമ്മുക്ക് വേണമെങ്കിൽ ഈ അന്വേഷണം ഇവിടെ നിർത്താം. നാളെ ട്രാൻസ്ഫർ മേടിച്ച് തിരിച്ച് പോവാം. പക്ഷേ, നിസ്സഹായയായി മരിച്ചു പോയ ഒരു പെണ്ണിന്റെ കരച്ചിൽ നമ്മളെ വെറുതെ വിടുമോ... യോഹന്നാനേ. എന്റെ ഭാര്യയും ഗർഭിണിയാ. പിറക്കാൻ പോവുന്ന കുഞ്ഞിനെ കുറിച്ച് അവൾക്ക് എന്തെല്ലാം സ്വപ്നം ഉണ്ടെന്ന് എനിക്ക് അറിയാം. അതു പോലെ ഒരു പെണ്ണാരുന്നില്ലേ ചിത്തിനിയും ... "
"സാറേ ... അത് പ്രേതമാ''
" ജീവിച്ചിരിക്കുമ്പോൾ തീർക്കാൻ പറ്റാത്ത പ്രതികാരം മരണശേഷമെങ്കിലും തീർക്കട്ടെ യോഹന്നാനേ... " പിന്നെ യോഹന്നാൻ മിണ്ടിയില്ല.
പൊലീസ് ജീപ്പ് കരിവേടകം പുഴയുടെ അടുത്ത് എത്തിയിരുന്നു.
"സാറേ " യോഹന്നാന്റെ  വിളി കേട്ട് അലൻ ഞെട്ടിത്തിരിഞ്ഞു.
"സാറേ ... ദേ പുഴയില്" നോക്കിയ അലൻ ഞെട്ടിപ്പോയി.
പുഴയിൽ നെഞ്ചൊപ്പം വെള്ളത്തിൽ വജ്ര! അലൻ ജീപ്പിൽ നിന്ന് ചാടിയിറങ്ങി. പിന്നെ, പുഴയുടെ നേരെ കുതിച്ചു. വജ്ര കഴുത്തൊപ്പം വെള്ളത്തിൽ എത്തിയിരുന്നു.
"ഹേയ്.. "
അലൻ വജ്രയെ പിടിച്ചു. പിന്നെ, കരയിലേക്ക് നീന്തി. പുഴക്കരയിൽ വജ്രയെ പിടിച്ചിട്ടപ്പോഴേക്കും ദീപുവും യോഹന്നാനും മുരളിയും ഓടി വന്നു.
"ഹലോ''
ദീപു വജ്രയുടെ ദേഹത്ത് കൈപ്പടം അമർത്തി. ഒന്നു ഞെട്ടിയിട്ടെന്നോണം വജ്ര മിഴികൾ തുറന്നു.
"ഞാൻ ഇത് എവിടാ "
"പുല്ല് " ദീപുവിന് ദേഷ്യം വന്നു. "നട്ടപ്പാതിരയ്ക്ക് നീരാടാൻ വന്നിട്ട് ... ഒരു മാതിരി ചോദ്യം."
" വജ്ര '' അലൻ വജ്രയുടെ അരികിലേക്ക് ഇരുന്നു.
"ഇപ്പോൾ സമയം ഒരു മണി. എന്താണ് സംഭവിച്ചത് "
"ഞാൻ... ഞാൻ " വജ്രയ്ക്ക് ഒന്നും പറയാൻ ആയില്ല.
"ഓക്കെ... പോവാം " അലൻ വജ്രയുടെ കൈ പിടിച്ച് എണീപ്പിച്ചു. വജ്രയെ കൊണ്ടുവന്ന് അലൻ ജീപ്പിലേക്ക് കയറ്റി.
" പോവാം''
ജീപ്പ് വീണ്ടും നീങ്ങി. ഇരുട്ട് കട്ടപിടിച്ചത് പോലെ ഒരു രൂപം ജീപ്പിനു പിന്നാലെ ഉണ്ടായിരുന്നു.
***** ***** ***** *****
പൊൻകുരിശ് സേവ്യറിന്റെ ബംഗ്ലാവ്. പൊലീസ് ജീപ്പ് പാഞ്ഞു വന്നു നിന്നു. അലൻ ഇറങ്ങി. പിന്നാലെ യോഹന്നാനും ദീപുവും വജ്രയും.
സേവ്യർ മുതലാളി വാതിൽ തുറന്ന് പുറത്തേക്ക് വന്നു.
" എന്നതാ... എന്നതാ സാറേ രാത്രീല് ''
" വരേണ്ടി വന്നാൽ വന്നല്ലേ പറ്റൂ'' അലൻ സേവ്യർ മുതലാളിയെ തുറിച്ച് നോക്കി.
"സാറിങ്ങ് വന്നേ... ചോദിക്കട്ട് " അലൻ സേവ്യർ മുതലാളിയെ പിടിച്ച് മാറ്റി നിർത്തി.
" ഇനിയും ഈ അപകടം പിടിച്ച കളി തുടരാൻ പറ്റത്തില്ല. പറഞ്ഞു വരുന്നത് ചിത്തിനിയുടെ കാര്യമാണ്. സാറിന് അറിയാവുന്ന കാര്യങ്ങൾ തുറന്നു പറഞ്ഞേ പറ്റൂ. അത് കേട്ടിട്ട് വേണം എനിക്ക് വില്ലുപുരത്തിന് പോവാൻ."
"വില്ലുപുരം " സേവ്യറിന്റെ കണ്ണുകളിൽ ഒരു നടുക്കം ഉണ്ടായി.
"അതെ. വില്ലുപുരം. ചിത്തിനിയുടെ നാട്. കതിരവന്റെ നാട്. അവിടെ നിന്നാണ് അവർ സിനിമ ഷൂട്ടിങ് എന്നും പറഞ്ഞ് ഇങ്ങോട്ട് വന്നത്.
അതിനു ശേഷമാണ് അവരുടെ ജീവിതം തകിടം മറിഞ്ഞത്. "
"എനിക്ക് അറിയാവുന്നത് ഞാൻ പറയാം സാറേ " പരിക്ഷീണമായിരുന്നു സേവ്യറിന്റെ സ്വരം.
"പക്ഷേ, കൃത്യമായി അറിയുന്നത് വില്ലുപുരത്ത് ഉള്ളവർക്കാണ്. 'മിഴി' എന്ന സിനിമയുടെ സംവിധായകനും ആളുകൾക്കും ഒക്കെയാ.. "
"അവരെ കണ്ടെത്തണം. അതിന് കൂടെ നിൽക്കണം"
"നിൽക്കാം സാറേ " സേവ്യറിന്റെ തല താണു.
"എനിക്ക് എന്റെ ജീവനാണ് വലുത് "
" അപ്പോൾ നമ്മൾ വില്ലുപുരത്തിന് പോവുന്നു അടുത്ത ദിവസം " ഒന്നു നിർത്തിയിട്ട് അലൻ  തിരിഞ്ഞു;
"ഈ മിഴി എന്ന സിനിമ റിലീസ് ആയോ?"
"ഇല്ല " സേവ്യറിന്റെ കണ്ണുകൾ ഭയം കൊണ്ട് ഇരുണ്ടു. " അത് വിതരണത്തിന് എടുക്കാൻ മൂന്നു പേർ വന്നതാ."
"എന്നിട്ട്.. "
"മൂന്നു പേരും വാഹനാപകടത്തിൽ മരിച്ചു... "
അലന് ഒരു ഞെട്ടൽ ഉണ്ടായി. മിഴിക്ക് പിന്നിലെ ദുരൂഹത ചെറുതല്ല.
"എന്തായാലും നമ്മുക്ക് ഈ ഭയം അവസാനിപ്പിക്കണം. വേണ്ടേ "
"വേണം" സേവ്യർ ഒന്നു നിർത്തി:
"സാറേ... നാളെ എന്റെ മകൾ ടാനിയ ഗൾഫിൽ നിന്ന് വരും. അവൾ വന്നിട്ട് പോവാം "
" ശരി "
അലൻ തിരിഞ്ഞു.
***** ***** ****** *****
പിറ്റേന്ന്
നെടുമ്പാശ്ശേരി എയർപോർട്ട്.
ടെർമിനൽ 3
ടാനിയയും ജോജിയും പുറത്തേക്ക് വന്നു. പൊൻകുരിശ് സേവ്യർ കാറുമായി പാർക്കിങ് ബേയിൽ കാത്ത് നിൽപ്പുണ്ടായിരുന്നു.
"പപ്പാ.. " ടാനിയ സേവ്യറിനെ കെട്ടിപ്പിടിച്ചു;
" ടെസ്സ എന്നാന്നേ... വരാഞ്ഞത് "
"അവള് നിനക്കും കെട്ടിയവനുമുള്ള ട്രീറ്റ് തയാറാക്കുവാ.. " സേവ്യർ ചിരിച്ചു.
"അവൾടെ ഫ്രണ്ട്സും ഉണ്ട്" എല്ലാവരും കാറിലേക്ക് കയറി.
പാണ്ഡ്യനായിരുന്നു ഡ്രൈവിംഗ് സീറ്റിൽ. പുറകിൽ ഒരു സ്കോർപ്പിയോയിൽ എട്ടു മല്ലന്മാർ വേറെ ഉണ്ടായിരുന്നു. വാഹനങ്ങൾ എയർപോർട്ടിൽ നിന്ന് നീങ്ങി.
***** ***** ***** ******
പൊലീസ് സ്റ്റേഷൻ
"സാറേ.. '' ഉച്ചത്തിൽ വിളിച്ചു കൊണ്ട് യോഹന്നാൻ ഓടി വന്നു.
" എന്താ " അലൻ തിരിഞ്ഞു.
"സാറേ... വില്ലുപുരം ഇൻസൈറ്റ് മെന്റൽ അസൈലത്തിൽ നിന്ന് ഒരു കോൾ. ഒരു അറുമുഖം"
" വില്ലുപുരത്ത് നിന്നോ ..."
"ങാ... അയാൾ ആ പഴയ മിഴി സിനിമയുടെ കൺട്രോളറാ. സാറിനോട് സംസാരിക്കണമെന്ന് " അലന്റെ മിഴികൾ ഒന്നു മിന്നി. അലൻ പൊലീസ് സ്റ്റേഷനു നേരെ വെട്ടിത്തിരിഞ്ഞു.
***** ***** ***** *****
ടാനിയായും ജോജിയും പൊൻകുരിശ് സേവ്യറും കയറിയ കാർ കരിന്തളം വനത്തിലേക്ക് കയറി. പിന്നാലെ ഗുണ്ടാപ്പട്ടാളത്തിന്റെ സ്കോർപ്പിയോ വരുന്നുണ്ടായിരുന്നു. ഘണ്ടാകർണ്ണൻ തറ കഴിഞ്ഞതും മഴ തുടങ്ങി. ഒരു വളവ് തിരിഞ്ഞതും പാണ്ഡ്യൻ ബ്രേക്കിൽ കാൽ അമർത്തി. മുമ്പിലെ ദൃശ്യം  അത്ര ഭയപ്പെടുത്തുന്നത് ആയിരുന്നു...

(തുടരും)

അധ്യായം 24

24

അധ്യായം 24

ചിത്തിനിയുടെ നാട്ടിൽ അലൻ

"എന്താടാ .." സേവ്യർ പാണ്ഡ്യനെ നോക്കി.
"സാർ... മാഡം'' പാണ്ഡ്യന്റെ ചുണ്ടുകൾ വിറച്ചു.
മുന്നിലേക്ക് നോക്കിയ ജോജിയും ടാനിയയും സേവ്യറും വിറച്ചു പോയി. കാട്ടുപാതയുടെ മുമ്പിൽ ഒരു സ്ത്രീ രൂപം! കറുത്ത ഗൗൺ! മുഖം കവിഞ്ഞൊഴുകുന്ന മുടി. മുടിയിഴകൾക്ക് ഇടയിൽ സ്ഥടികം പോലെ തിളങ്ങുന്ന കണ്ണുകൾ.

"ആരാ പാണ്ഡ്യാ അത്.." ജോജി പാണ്ഡ്യനെ നോക്കി.
"ഏതെങ്കിലും പ്രാന്തിപ്പെണ്ണ് ആവും അല്ലേ, എന്തായാലും സംഗതി കൊള്ളാം. വനത്തിൽ ഒരു ഹൊറർ മൂഡ് ക്രിയേറ്റ് ചെയ്യാൻ. നീ വണ്ടിയെടുക്കെടാ ..."
"അത് ... അത് '' പാണ്ഡ്യന്റെ ചുണ്ടുകൾ വിറച്ചു.
"അത് ചിത്തിനിയാ ..."
ടാനിയയുടെ ചുണ്ടുകൾ കടലാസ് പോലെ വിളറി പോയി. സേവ്യറിന്റെ മുഖത്തും ചോര മയം ഇല്ലായിരുന്നു. ഗുണ്ടാപ്പട്ടാളം കയറിയ വാഹനം പിന്നാലെ വരുന്നുണ്ട് എന്നതായിരുന്നു ഏക ആശ്വാസം. ജോജിക്ക് പക്ഷേ ഒന്നും മനസ്സിലായില്ല.
"ചിത്തിനിയോ.... അത് ആര്?"
"അത്... സേവ്യർ സാറിന് അറിയാം കൃത്യമായി. ചിലപ്പം ടാനിയ മാഡത്തിനും അറിയാം"
"നീ വണ്ടി എടുക്കെടാ... മുമ്പോട്ട് " ടാനിയ ഗർജ്ജിച്ചു;
"കണ്ട പ്രേതത്തെയും പിശാചിനെയും കണ്ട് മിണ്ടാതിരിക്കാതെ "
"പ്രേതവും പിശാചുമോ?" ജോജിക്ക് ഒന്നും മനസ്സില്ലായില്ല.
"നിങ്ങൾ മിണ്ടരുത് " ടാനിയ പല്ലു ഞെരിച്ചു;
"നിങ്ങൾക്ക് അറിയില്ല കഥകൾ ഒന്നും നിങ്ങൾ വെറും കുട്ടിയാ"
"അതാണല്ലോ... നിനക്കിപ്പോ ഒരു കുട്ടി ഉണ്ടാവാൻ പോവുന്നത്." ജോജിയും അതേ നാണയത്തിൽ തിരിച്ചടിച്ചു.
"പാണ്ഡ്യാ.. " ടാനിയ അലറി;
"വണ്ടി കയറ്റി എറക്കെടാ.. അവടെ നിറവയറിനു മീതെ കൂടി... " ടാനിയ ഒന്നു നിർത്തി;
"പഴയ ഏതോ പ്രേതകഥയുടെ പേരും പറഞ്ഞ് ഭീതിയുടെ സെറ്റ് ഇട്ട് ഭയത്തിന്റെ ആംപിയൻസ് ക്രിയേറ്റ് ചെയ്ത് ഓരോരുത്തന്മാര് കാശ് ഒണ്ടാക്കാനായിട്ട് ..."
"മാഡം... അങ്ങനല്ല " പാണ്ഡ്യൻ വിക്കി.
"എടാ... നീ വണ്ടി എടുക്കണോ അതോ ഞാൻ സ്റ്റിയറിംഗ് വീൽ പിടിക്കണോ?"
"വേണ്ട ... വേണ്ട ഞാൻ ചെയ്യാം മാഡം" പാണ്ഡ്യൻ ക്ലച്ച് അയച്ചു. പിന്നെ, ആക്സിലറേറ്ററിൽ കാൽ അമർത്തി. ഇന്നോവ ക്രിസ്റ്റ മുമ്പോട്ട് കുതിച്ചു. ചിത്തിനി വാഹനത്തിനു നേരെ നടന്നു വരുന്നുണ്ടായിരുന്നു.
"കയറ്റിയെറക്കെട" ടാനിയ അലറി.
പാണ്ഡ്യൻ ആക്സിലറേറ്ററിൽ ഒന്നു കൂടി കാൽ അമർത്തി. അടുത്ത നിമിഷം എല്ലാവരും നടുങ്ങിപ്പോയി. ചിത്തിനി വലതു കൈപ്പത്തി കൊണ്ട് കാറിന്റെ ബോണറ്റിൽ ഒരടി അടിച്ചു. കാറിന്റെ മൂക്ക് മണ്ണിലേക്ക് അമർന്ന് പിൻചക്രങ്ങൾ ഉയർന്നു കറങ്ങി.
എല്ലാവരും വിറച്ചു പോയി.
അടുത്ത നിമിഷം ചിത്തിനി അപ്രത്യക്ഷയായി. രണ്ടു മൂന്ന് മിനിറ്റ് നേരത്തെ നിശ്ശബ്ദത. പാണ്ഡ്യൻ ഒരു വിധം ഡോർ തുറന്ന് പുറത്ത് ഇറങ്ങി.
കാറിന്റെ ബോണറ്റ് ഡോർ താഴേക്ക് വളഞ്ഞിരുന്നു. ഭീതി കൊണ്ട് ഇരുണ്ടു പോയ മിഴികളോടെ ജോജിയും ടാനിയയും പരസപരം നോക്കി.
***** ***** ***** *****
"വില്ലുപുരത്തിന് പോണോ?" സീത അലനെ നോക്കി.
"വേണം"
അലൻ ഷർട്ടിന്റെ ബട്ടണുകൾ ഇട്ടു,
"അറിയണ്ടേ... നമ്മുക്ക് ചിത്തിനിയുടെ രഹസ്യം "
അലന്റെ മുഖത്ത് ഒരു കുസൃതിച്ചിരി ഉണ്ടായി. അലൻ സീതയുടെ ഇടുപ്പിൽ പിടിച്ച് തന്നോട് ചേർത്ത് നിർത്തി.
"സത്യത്തിൽ എനിക്കിപ്പം ഈ ഗർഭിണിയോടുള്ളതിനേക്കാൾ കൂടുതൽ ഇഷ്ടം ആ ഗർഭിണിയോടാണോ എന്നൊരു സംശയം. ചിത്തിനിയോടെ ... "
"പോടാ.." സീത ചിരിച്ചു കൊണ്ട് അലനെ തള്ളി മാറ്റി.
" എങ്കിലേ... ചിത്തിനിയേക്കാളും വലിയ യക്ഷി ആവും ഞാൻ. എന്നിട്ട് നിന്നെ കൊല്ലും. എന്നിട്ട് ഞാനും ഈ പാതിരി വനത്തിലൂടെ അലഞ്ഞു നടക്കും."
"അതു കലക്കി... " അലൻ ചിരിച്ചു;
"ഇരട്ട യക്ഷികൾ... ഇരട്ട ഗർഭിണികൾ "
അലൻ തിരിഞ്ഞു. പിന്നെ, ബാഗെടുത്ത് ചുമലിൽ ഇട്ടു. സീതയുടെ കവിളിൽ മൃദുവായി ഒന്നു നുള്ളി
"പോയിട്ട് വരട്ടെ"
"ഒരു ഉമ്മ തന്നേച്ച് പോടാ പിശുക്കാ..." സീത കൊഞ്ചി.
"ഉമ്മയ്ക്ക് ജിഎസ്ടി ഉണ്ട് " അലൻ ചിരിച്ചു. പിന്നെ സീതയെ ചേർത്തു പിടിച്ച് നിറുകയിൽ ഒരു ഉമ്മ നൽകി.
"എന്റെ മോനും ഇരിക്കട്ട് ഒരെണ്ണം ... " സീതയുടെ വയറിനു മീതെയും അലൻ ഒരു ഉമ്മ നൽകി. പിന്നെ, പുറത്തേക്ക് വന്നു. ഹാളിൽ ഒറോത ചേടത്തി നിൽപ്പുണ്ടായിരുന്നു.
"ചേടത്തിയേ... എന്റെ സീതക്കൊച്ചിനെ നന്നായിട്ട് നോക്കിക്കോണേ... " അലൻ അങ്ങനെയാണ് പറഞ്ഞത്.
"പോയിട്ടു വാ മോനേ " ഒറോതച്ചേടത്തിയുടെ മിഴികൾ പതിവില്ലാതെ നനഞ്ഞിരുന്നു. സന്ധ്യ മയങ്ങിത്തുടങ്ങിയിരുന്നു. അലൻ സീതയെ ഒന്നു കൂടി നോക്കിയിട്ട് പുറത്തേക്ക് ഇറങ്ങി.
***** ****** ***** ******
ഒരു രാത്രി മുഴുവൻ നീണ്ട യാത്ര! തമിഴ്നാട് സർക്കാരിന്റെ പച്ച നിറമുള്ള ബസ് ചോളപ്പാടങ്ങൾക്ക് നടുവിലൂടെ ഓടിക്കൊണ്ടിരുന്നു. ബസ് ഒരു ഉലച്ചിലോടെ നിന്നു.
"വില്ലുപുരം " കണ്ടക്ടർ വിളിച്ചു പറയുന്ന ശബ്ദം കേട്ടു. അലൻ ഞെട്ടി ബാഗുമായി എണീറ്റു.
"വില്ലുപുരം താനേ ?"
" ആമാങ്ക് ശാർ ..." കണ്ടക്ടർ തലയാട്ടി.
അലൻ പുറത്തേക്ക് ചാടി. ഇരുട്ട് മാറിയിരുന്നില്ല. ആകാശത്തിനും ഭൂമിക്കും ഒരേ ചാര നിറം. ചോളപ്പോളകൾ കടിച്ച് ചവച്ചു കൊണ്ട് കുതിരകൾ അലസമായി മേയുന്നു.
"തമ്പീ .. "
തൊട്ടു പിന്നിൽ നിന്ന് കാറ്റിന്റെ സ്വരത്തിൽ ഒരു വിളി കേട്ടു. അലൻ നടുങ്ങിത്തിരിഞ്ഞു. കരിമ്പടം പുതച്ച് നിൽക്കുന്ന ഒരു സ്ത്രീ. തീരെ പൊക്കമില്ല. കൂനും ഉണ്ട്.
"യേതാവത് കൊടുങ്കയ്യാ ..." സ്ത്രീ കൈ നീട്ടി.
"അതു ശരി സൂര്യൻ ഉദിക്കും മുമ്പാണല്ലേ പിച്ച... " അലൻ പിറുപിറുത്തു.
പിന്നെ, പോക്കറ്റിൽ നിന്ന് ഒരു പത്തു രൂപ എടുത്തു നൽകി. വൃദ്ധയുടെ അടുത്ത ചോദ്യം അലനെ നടുക്കിക്കളഞ്ഞു.
" സിത്തിനിയെ തേടി... വന്തിട്ടയാ..?"
" അത് .. അത് നിങ്ങൾക്ക് എങ്ങനെ അറിയാം"
"സിത്തിനി വന്ത് പടു മരണം. നല്ലാ... പാത്ത് പഠിച്ച് പോങ്കോ "
പറഞ്ഞതും ആ സ്ത്രീ തിരിഞ്ഞു. പിന്നെ, കുതിരകൾക്ക് ഇടയിലൂടെ വേഗത്തിൽ നടന്നു പോയി. "ഹേയ്... "
അലൻ വിളിച്ചെങ്കിലും അവർ നിന്നില്ല. നടുക്കത്തോടെ ഒരു നിമിഷം അങ്ങനെ നിന്നിട്ട് അലൻ തിരിഞ്ഞു. ഇൻസൈറ്റ് എന്ന മെന്റൽ അസൈലം കണ്ടെത്തണം. അറുമുഖം എന്ന പ്രൊഡക്ഷൻ കൺട്രോളറെ കണ്ടെത്തണം. അവിടെ നിന്നു വേണം തുടങ്ങാൻ. അലൻ ഒരു ചുവട് മുമ്പോട്ട് വച്ചതും വൈബ്രേറ്റർ മോഡിൽ കിടന്ന ഫോൺ ഇരമ്പി. അലൻ ഫോൺ എടുത്ത് ഡിസ്പ്ലേയിലേക്ക് നോക്കി. എഎസ്ഐ യോഹന്നാൻ. അലൻ ഫോൺ കാതോട് ചേർത്തു.
"ഗുഡ് മോർണിംഗ് യോഹന്നാനേ... "
"സർ " യോഹന്നാന്റെ സ്വരം പതറിയിരുന്നു.
"എന്താ യോഹന്നാനേ "
"സാറേ അത്..." യോഹന്നാൻ ഒന്നു നിർത്തി;
"പറയാനുള്ളത് ഒരു മോശം വാർത്തയാ .... " യോഹന്നാൻ ഒന്നു കൂടി നിർത്തി;
"സാറിന്റെ ഭാര്യ സീതാ മാഡം....."
അത്രയും കേട്ടപ്പോഴേക്കും കാൾ കട്ട് ആയി. സീതയ്ക്ക് എന്താണ് സംഭവിച്ചത് എന്നറിയാതെ അലൻ പകച്ചു നിന്നു.

അധ്യായം 25

25

അധ്യായം 25

അലനെ വഴിയിൽ കാത്തു നിന്ന മരണം

"ഹലോ... ഹലോ യോഹന്നാനേ... "
അലൻ ഉച്ചത്തിൽ വിളിച്ചു.
അലന് തന്റെ ശരീരം ചുട്ടെരിയുന്നുണ്ടെന്ന് തോന്നി.
സീതയ്ക്ക് എന്തു സംഭവിച്ചു?
"യോഹന്നാനേ... "
അലൻ വീണ്ടും അലറി വിളിച്ചു.
പിന്നെ, ഫോണിലേക്ക് നോക്കി.
ഡിസ്പ്ലേയിലെ സിഗ്നൽ ബാറുകൾ ഒന്നിനു പുറകെ ഒന്നായി മായുന്നതു കണ്ടു.
എന്തു ചെയ്യണം എന്നറിയാതെ അലൻ ചുറ്റും പതറി നോക്കി.

പാതിരി വനത്തിന് നടുവിലെ തങ്ങളുടെ വാടക ബംഗ്ലാവിലേക്ക് പറന്നു ചെല്ലാൻ അലന്റെ മനസ്സ് പിടച്ചു.
"ദൈവമേ... "
അലൻ മനസ്സുരുകി വിളിച്ചു.
ഫോൺ ഒന്ന് കണക്ട് ആയെങ്കിൽ ....
അലന്റെ പ്രാർത്ഥന ദൈവം കേട്ടതു പോലെ അടുത്ത നിമിഷം ഫോൺ ബെല്ലടിച്ചു.
അലൻ മിന്നൽ പോലെ ഫോൺ കാതോട് ചേർത്തു;
"യോഹന്നാനേ... പറയ് എന്തു പറ്റി എന്റെ സീതയ്ക്ക് ?"
"സാറേ ... വിഷമിക്കാതെ "
"ഹാ... കാര്യം പറയ് യോഹന്നാനേ... "
"സാറേ ..മാഡത്തെ വെളുപ്പിനെ മുതൽ കാൺമാനില്ല.. "
"കാണാനില്ലെന്നോ ?"
അലൻ വിറച്ചു പോയി.
"ങാ..."
യോഹന്നാന്റെ മറുപടി അലൻ കേട്ടു.
"രാവിലെ എണീറ്റപ്പോ സീതാ മാഡത്തെ കാണാനില്ലെന്നാ ഇവിടുത്തെ ചേട്ടത്തി പറഞ്ഞത്. വീട്ടിലും പരിസരത്തും ഒക്കെ നോക്കിയത്രേ.
കാണാഞ്ഞിട്ട് ചേട്ടത്തി തന്നെയാ സ്റ്റേഷനിലേക്ക് വിളിച്ചത്..."
"യോഹന്നാനെ... "
അലന്റെ സ്വരം ഇടറി.
"സാറ് വിഷമിക്കേണ്ട..."
അലനെ ആശ്വസിപ്പിക്കാൻ യോഹന്നാൻ ശ്രമിച്ചു.
"ഞങ്ങളെല്ലാം ഇവിടുണ്ട്.
ആദിവാസികളുമുണ്ട്.
പിന്നെ സേവ്യർ മൊതലാളീടെ ആളുകളുമുണ്ട്.
എല്ലാവരും ചേർന്ന് തെരയുവാ.
തെരഞ്ഞ് കണ്ടു പിടിച്ചോളാം ഞങ്ങൾ ...''
"യോഹന്നാനേ... "
അലന്റെ മിഴികൾ തുളുമ്പി.
"ഏഴു മാസം ഗർഭിണിയാ അവള് .
എന്റെ എടുത്തു ചാട്ടം കാരണം അവൾക്ക് എന്തെങ്കിലും സംഭവിച്ചാൽ... "
"സാറിനോട് ഞാൻ ആദ്യം മുതൽക്കേ പറഞ്ഞതല്ലേ സാറേ ..
ആവശ്യമില്ലാത്ത വിഷയങ്ങൾക്ക് പിന്നാലെ പോവരുത് എന്ന്. "
യോഹന്നാന്റെ സ്വരത്തിൽ നിരാശ ഉണ്ടായിരുന്നു;
"താൻ ചത്ത് മീൻപിടിക്കുക എന്നൊരു പഴമൊഴിയുണ്ട്.
അതുപോലായിരുന്നു സാർ.
ഇനിയിപ്പം പറഞ്ഞിട്ടു കാര്യമില്ല.
സാറ് അങ്ങു ദൂരെ നിന്നു വിഷമിക്കേണ്ട.
മാഡത്തെ ഞങ്ങൾ എങ്ങനെയും കണ്ടെത്തിയിരിക്കും... "
"ഞാൻ... ഞാൻ തിരിച്ചു വരികയാ യോഹന്നാനേ.. "
പരാജിതനെ പോലെ തീർത്തും പരിക്ഷീണമായിരുന്നു അലന്റെ സ്വരം.
"അതാ.. സാറേ നല്ലത്..."
യോഹന്നാന്റെ സ്വരം അൽപ്പം പതിഞ്ഞു;
"ഇരുപത്തഞ്ച് കൊല്ലം മുമ്പ് ചത്തവര് ചത്തു. അത് ... ആത്മഹത്യയോ കൊലപാതകമോ എന്തു കുന്തമോ എങ്കിലും ആവട്ട്.
ആ പടു മരണത്തിന് പിന്നാലെ പോയി നമ്മള് മരണം ഇന്ന് വാങ്ങേണ്ട.."
യോഹന്നാൻ ഒന്നു നിർത്തി;
"ഒരു മൂത്ത സഹോദരന്റെ ഉപദേശമായി സാറിത് കണ്ടാൽ മതി... "
"മനസ്സിലായി... "
അലൻ മിഴികൾ ചേർത്തടച്ചു.
ചേർത്തടച്ച ഇമകൾക്ക് ഇടയിലൂടെ ഉപ്പുനീരിന്റെ ഓരോ തുള്ളി കവിളിലേക്ക് ഇറ്റു വീണു.
"ഞാൻ തിരിച്ചു വരികയാ...
ചിത്തിനിയുടെ ദുർമ്മരണത്തിന് പിന്നിലെ രഹസ്യം തേടിയുള്ള യാത്ര ഞാൻ ഇവിടെ അവസാനിപ്പിക്കുന്നു ... "
അലൻ കാൾ കട്ട് ചെയ്തു.
പിന്നെ, പതിയെ നടന്നു ചെന്ന് വെയ്റ്റിംഗ് ഷെഡ്ഡിലെ സിമൻറ് ബെഞ്ചിലേക്ക് ഇരുന്നു.
അലന്റെ വീടിന്റെ മുറ്റത്ത് ആയിരുന്നു എ.എസ്.ഐ യോഹന്നാൻ.
ഫോൺ പോക്കറ്റിലേക്ക് ഇട്ടു കൊണ്ട് യോഹന്നാൻ തിരിഞ്ഞു.
കുറച്ചു പിന്നിലായി പൊലീസുകാരും പൊൻകുരിശ് സേവ്യറിന്റെ ആളുകളും നിൽപ്പുണ്ടായിരുന്നു.
അഞ്ചെട്ട് ആദിവാസികളും .
അവർക്ക് നടുവിലായി കരഞ്ഞു കൊണ്ട് ഒറോതച്ചേടത്തിയും .
"എന്റെ കർത്താവേ... എന്റെ പെങ്കൊച്ചിനെ ഒരു പോറലും കൂടാതെ ഇങ്ങു കൊണ്ടെത്തരണേ..."
കരച്ചിലിനിടയിലും ഒറോതച്ചേടത്തി പ്രാർത്ഥിച്ചു കൊണ്ടിരുന്നു ;
"ഞാൻ നൂറ്റിയൊന്ന് മെഴുകുതിരി കത്തിച്ചേക്കാമേ ... "
എ.എസ്.ഐ യോഹന്നാന് അടിമുടി പെരുത്തു കയറി.
" പിന്നേ.. മെഴുകുതിരി .. "
യോഹന്നാൻ ധൃതിയിൽ ഒറോതച്ചേടത്തിയുടെ നേരെ വന്നു;
"സ്വർഗ്ഗത്തിലും ഇപ്പം എൽ.ഇ. ഡി ബൾബാ തള്ളേ.
അവര് കർത്താവിന് മെഴുകുതിരി കൈക്കൂലിയുമായി എത്തിയിരിക്കുന്നു."
യോഹന്നാൻ ഒറോതച്ചേട്ടത്തിയെ തുറിച്ചു നോക്കി;
"ആ ഗർഭിണി പെങ്കൊച്ചിനെ നോക്കാനല്ലേ നിങ്ങളെ ശമ്പളോം തന്ന് ഇവിടെ കൊണ്ടു വന്ന് നിർത്തിയത്.
എന്നിട്ട് മൂക്കുമുട്ടെ തിന്ന് പോത്തുപോലെ കിടന്നുറങ്ങിയിട്ട് .. "
"എന്റെ പൊന്നു സാറേ ....
ദൈവദോഷം പറയല്ലേ..."
ഒറോതച്ചേടത്തി കരഞ്ഞു.
"ഞാനാ കുഞ്ഞിന്റെ മുറീൽ തറയിൽ പായ് വിരിച്ച് കിടന്നതാ.
ആരോ കതക് തുറക്കുന്നതുപോലൊരു ശബ്ദം കേട്ട് ഞാൻ ഓടിപ്പാഞ്ഞ് വന്നപ്പോഴേക്കും .. വാതിൽ തുറന്നു കിടക്കുന്നത് മാത്രമാ കണ്ടത്.
സീത മോളെ അവിടെയെങ്ങും കണ്ടില്ല.
"അന്നേരം ഉദ്ദേശം സമയം എത്ര ആയിക്കാണും."
"വെളുപ്പിന് ഒരു നാലര.
അന്നേരം മുതൽക്കെ ഞാൻ ഒരു ടോർച്ചുമെടുത്ത് ഇിതിലെ കരഞ്ഞു വിളിച്ചു നടക്കുവാ.
അലൻ സാറിനെ വിളിച്ചിട്ട് കിട്ടിയില്ല അതാ പിന്നെ, സാറിനെ വിളിച്ചത് "
"ങും.. "
ഒന്ന് അമർത്തി മൂളിക്കൊണ്ട് എ.എസ്.ഐ യോഹന്നാൻ തിരിഞ്ഞു.
ഒരു ലാൻഡ് റോവർ വാൻ കൂടി പാഞ്ഞു വന്നു നിന്നു.
അതിൽ നിന്ന് പൊൻകുരിശ് സേവ്യർ മുതലാളി ഇറങ്ങി.
"യോഹന്നാനേ.. "
പൊൻകുരിശ് സേവ്യർ വിളിച്ചു.
"സാറേ.. "
യോഹന്നാൻ ഓടി വന്നു.
"വല്ല വിവരോം കിട്ടിയോ ആ പെങ്കൊച്ചിനെ കുറിച്ച് ?"
"ഇല്ല സാറേ.. "
"കഷ്ടമായിപ്പോയല്ലോ.. "
സേവ്യർ മുതലാളി പോക്കറ്റിൽ നിന്ന് ടോർപ്പിഡോ ചുരുട്ടിൽ ഒരെണ്ണം എടുത്ത് ചുണ്ടിൽ വച്ചു.
പിന്നെ, ലൈറ്റർ കൊണ്ട് തീയ് പടർത്തി.
"അതിന്റെ കാര്യം ഓർക്കുമ്പം എനിക്ക് ദെണ്ണമുണ്ട്.
കാര്യം എന്റെ വീട്ടിലുമുണ്ടല്ലോ ഒരു ഗർഭിണി പെങ്കൊച്ച് ..."
സേവ്യർ മുതലാളി ഒന്നു നിർത്തി;
"അതിന്റെ ഭർത്താവ് മഹാൻ എസ്.ഐ സാറിന്റെ അഹമ്മതി ചില്ലറയൊന്നും അല്ലല്ലോ.
ഇരുപത്തഞ്ച് കൊല്ലം മുമ്പത്തെ കുഴിമാടം മാന്തി കോപ്പിലെ ഒരു അന്വേഷണം "
സേവ്യർ മുതലാളി പകയോടെ ഒന്നു നിർത്തി.
"പല തവണ ഞാൻ വേണ്ടാ ..വേണ്ടാ എന്ന് ഉപദേശിച്ചതാ സാറേ.. "
എ.എസ്.ഐ യോഹന്നാന്റെ തല താണു.
"അനുഭവിക്കട്ട്.. "
സേവ്യർ മുതലാളി ചുരുട്ടിന്റെ പുക ഊതി വിട്ടു കൊണ്ട് തിരിഞ്ഞു ;
"ഗർഭിണി പ്രേതത്തിന്റെ രഹസ്യം തേടി പോയതല്ലേ..
ഇനി ഗർഭിണി ഭാര്യേടെ ശവവും കെട്ടിപ്പൊതിഞ്ഞോണ്ട് പോവാം "
"സാറേ.. "
യോഹന്നാൻ വിറച്ചു പോയി.
"അതേടോ.."
സേവ്യർ മുതലാളി തിരിഞ്ഞു.
"കൊല്ലങ്ങളായി പാതിരി വനത്തിലെ കളി കാണുന്നവനല്ലേ ഞാൻ. ഇന്നേക്ക് മൂന്നാം പക്കം അറിയാം...
പുതിയ ഗർഭിണിയുടെ ശവം പൊന്തുന്നത് കരിവേടകം പുഴയിലാണോ .... ചാമുണ്ഡി വെള്ളച്ചാട്ടത്തിന് താഴെയാണോ എന്ന് "
വിറച്ചു നിൽക്കുകയായിരുന്നു യോഹന്നാൻ.
............................
കനത്ത മഴ ആയിരുന്നു.
കരിമ്പിൻ പാടങ്ങൾക്ക് നടുവിലൂടെ ബസ് പാഞ്ഞു കൊണ്ടിരുന്നു.
ഷട്ടറുകൾ ഇട്ടതിനാൽ ബസ്സിനുള്ളിൽ കനത്ത ഇരുട്ട് ആയിരുന്നു.
എട്ടോ പത്തോ യാത്രക്കാർ മാത്രം.
ബസ്സിന്റെ പിൻനിരയിലെ സീറ്റുകളിലൊന്നിലായിരുന്നു അലൻ .
തീക്കനലുകൾ പൊതിഞ്ഞതു പോലെ ഹൃദയം ചുട്ടു നീറിക്കൊണ്ടിരുന്നു.
സീത എവിടെയാവും?
അടുത്ത നിമിഷം പടക്കം പൊട്ടുന്നതു പോലെ ഒരു ശബ്ദം കേട്ടു .
ബസ് ഇടം വലം പാളിയിട്ട് ഒരു ഉലച്ചിലോടെ നിന്നു.
"എന്നാച്ച് :.....
എന്നയ്യാ?"
ബസ്സിനുള്ളിൽ നിന്ന് ചോദ്യങ്ങൾ ഉയർന്നു.
" sയർ വെടിച്ചാച്ച് "
കണ്ടക്ടറുടെ മറുപടി കേട്ടു .
"തലവലി" ആളുകൾ പിറുപിറുത്ത് കൊണ്ട് മഴയിലേക്ക് ഇറങ്ങി.
ഒപ്പം അലനും.
പെരുമഴയ്ക്ക് താഴെ അലൻ പകച്ചു നിന്നു.
ആളുകൾ പിറുപിറുത്തുകൊണ്ടും മഴയെ ശപിച്ചു കൊണ്ടും നടന്നകന്നു.
ഒടുവിൽ ബസ്സിനരികെ അലൻ മാത്രമായി.
ദൂരെ മഴയിൽ രണ്ട് തീക്കണ്ണുകൾ എരിയുന്നത് അലൻ കണ്ടു.
ഒരു വാഹനം വരുന്നു.
അടുത്തു വന്നത് ഒരു പഴയ മോഡൽ ഇറ്റാലിയൻ ഫിയറ്റ് കാർ ആയിരുന്നു.
അലൻ റോഡിലേക്ക് കയറി നിന്ന് കൈ നീട്ടി.
കാർനിന്നു.
കറുത്ത കോട്ട് ധരിച്ച ഒരാൾ ആയിരുന്നു കാറിൽ .
അയാൾ ഡോർ തുറന്നു കൊടുത്തു.
അലൻ കയറി.
കാർ മഴയിലൂടെ നീങ്ങി.
കാറിനുള്ളിൽ മോർച്ചറി സ്പിരിറ്റിന്റെ ഗന്ധം ആണല്ലോ എന്ന് അലൻ ഓർത്തു.
അടുത്ത നിമിഷം ഡ്രൈവിംഗ് സീറ്റിൽ ഇരുന്ന ആൾ അലനു നേരെ തല തിരിച്ചു;
" അലൻ ശാർ .."
കറ പുരണ്ട പല്ലുകൾ കാട്ടി അയാൾ ചിരിച്ചു.
അലൻ നടുങ്ങിപ്പോയി.
"നിങ്ങൾക്ക് എന്നെ എങ്ങനെ..?"
"നാൻ വന്ത് അറുമുഖം സാർ..."
അയാൾ വീണ്ടും ചിരിച്ചു.
"അന്ത മിഴി സിനിമയുടെ കൺട്രോളർ.
ഇപ്പോ വന്ത് സൈക്കോ...
നാനാ ശാർ ഉങ്കളെ കൂപ്പിട്ടത്."
അടുത്ത നിമിഷം അയാളുടെ മുഖം മാറി.
"നീ സിത്തിനിയുടെ ആൾ..
അതിനാലെ ഉന്നൈനാൻ കൊല പണ്ണ പോറേൻ .. "
അലൻ നടുങ്ങി പോയി.
ചതി!!!
ജാക്കറ്റിനിടയിൽ നിന്ന് അറുമുഖം ഒരു വലിയ കത്തി എടുത്തു.
പിന്നെ, അലറി ച്ചിരിച്ചു കൊണ്ട് കാർ കരിമ്പിൻ തോട്ടത്തിലേക്ക് വെട്ടിച്ചിറക്കി.
"ഉങ്കളുക്ക് സുടുകാട് റെഡിയായി തലൈവാ..."

അധ്യായം 26

26

അധ്യായം 26

ഒടുവിൽ ചിത്തിനിയുടെ കഥ ചുരുളഴിയുന്നു

" അറുമുഖം ... "
അലൻ അലറി.
"സ്റ്റോപ് ദ കാർ ...''
അറുമുഖം ചിരിച്ചതേയുള്ളു.
കരിമ്പിൻ തണ്ടുകൾ കൂട്ടത്തോടെ ഒടിച്ചു കൊണ്ട് കാർ മുമ്പോട്ട് പാഞ്ഞു.
"അറുമുഖം സ്റ്റോപ്പ് .. "
അലൻ അറുമുഖത്തിന്റെ ജാക്കറ്റിന്റെ കോളറിൽ കയറി പിടിച്ചു.
"സ്റ്റോപ്പ് ... അദർ വൈസ് "
"ഉന്നാലെ എന്നെ ഒണ്ണുമേ പണ്ണ മുടിയാതെ തലൈവാ..'
അറുമുഖം ചിരിച്ചു.
"നായിന്റെ മോനേ... "
അലൻ ഒന്നു കുതറിപ്പിടഞ്ഞു.

പിന്നെ കാലുയർത്തി സർവ ശക്തിയുമെടുത്ത് അറുമുഖത്തിന്റെ നെഞ്ചിന് മീതെ ആഞ്ഞൊരു ചവിട്ട് ചവിട്ടി .
തികച്ചും അപ്രതീക്ഷിതമായ നീക്കം ആയിരുന്നതിനാൽ അറുമുഖം പകച്ചു പോയി.
സ്റ്റിയറിംഗ്‌ വീലിലെ പിടി വിട്ട് അയാൾ ഡോറിലേക്ക് ചാഞ്ഞു.
ഒരു ചവിട്ട് കൂടി.
ഒരു മുരൾച്ചയേ അറുമുഖത്തിന്റെ വായിൽ നിന്ന് ഉണ്ടായുള്ളു.
ഇറ്റാലിയൻ ഫിയറ്റ് കാറിന്റെ ഒരു ഡോർ പിഴുത് പറത്തിക്കൊണ്ട് അറുമുഖം കരിമ്പിൻ കാട്ടിലേക്ക് തെറിച്ചു.
ആ ഒരു നിമിഷം അലന് ധാരാളമായി.
കൈ നീട്ടി ഗിയർ ലിവർപിടിച്ച് അലൻ കാർ ന്യൂട്രൽ ആക്കി.
പിന്നെ ബ്രേക്കിൽ കാൽ അമർത്തി.
കരിമ്പിൻ കൂട്ടത്തിലേക്ക് കയറി കാർ നിന്നു.
അലൻ കാറിൽ നിന്നു ചാടിയിറങ്ങി.
കരിമ്പിൻ തോട്ടം മഴയിലും കാറ്റിലും ഉലഞ്ഞു കൊണ്ടിരുന്നു.
"അറുമുഖം ... "
അലൻ ചുറ്റും നോക്കി.
"അറുമുഖം നീ എവിടെ?"
അടുത്ത നിമിഷം പിന്നിൽ കാൽപ്പെരു മാറ്റം അലൻ കേട്ടു.
തിരിഞ്ഞതും ഒരു കത്തിമുന തൊണ്ടക്കുഴിയെ തൊട്ടു - തൊട്ടില്ല എന്ന മട്ടിൽ പാഞ്ഞു പോയി.
അലന്റെ കഴുത്തിലെ കരിന്തൊലി പിളർന്ന് ചോര പൊടിഞ്ഞു.
"സത്തു പോടാ..."
അറുമുഖം അലറിക്കൊണ്ട് ഒരു തവണ കൂടി കത്തി വീശി.
അലൻ മിന്നൽവേഗത്തിൽ കുനിഞ്ഞു.
പിന്നെ, അറുമുഖത്തിന്റെ നെഞ്ചിനും വയറിനും മധ്യത്തിൽ തുരുതുരാ നാലഞ്ച് ഇടി ഇടിച്ചു.
അതിനു ശേഷം കൈ പിന്നിലേക്ക് പിടിച്ചൊന്നു കറക്കി.
അറുമുഖത്തിന്റെ തോളിലെ പേശീ ഞരമ്പുകൾ പൊട്ടുന്ന ശബ്ദം കേട്ടു .
നിലവിളിക്കാൻ വായ് പിളർന്ന അറുമുഖത്തിന്റെ മൂക്കും വായും ചേർത്ത് ഇടിവീണു.
അറുമുഖത്തെ ഒന്നു വട്ടം കറക്കിയിട്ട് കരിമ്പിൻ തോട്ടത്തിന് നടുവിലേക്ക് അലൻ മുട്ടുകുത്തിച്ച് നിർത്തി.
അറുമുഖത്തിന്റെ കട വായിലൂടെ നൂൽ കൊണ്ട് വരച്ചതു പോലെ കൊഴുത്ത ചോരയുടെ ഒരു ചാൽ താഴേക്ക് ഒഴുകി ഇറങ്ങി കൊണ്ടിരുന്നു.
തറയിൽ കിടന്നിരുന്ന സ്റ്റീൽ കത്തി എടുത്ത് അലൻ അറുമുഖത്തിന്റെ കഴുത്തിന് താഴെ വിലങ്ങനെ പിടിച്ചു.
"നീ ... നീ പറയണം. എന്താണ് ചിത്തിനിക്ക് സംഭവിച്ചത് എന്ന്.
എന്താണ് മിഴി സിനിമയിൽ സംഭവിച്ചത് എന്ന്.
എന്തിന് നീ എന്നെ വിളിച്ചു വരുത്തി കൊല്ലാൻ ശ്രമിച്ചു എന്ന്.. "
അലൻ ഒന്നു നിർത്തി.
പിന്നെ, കത്തി അറുമുഖത്തിന്റെ കഴുത്തിന് താഴെ ഒന്ന് അമർത്തി;
"പൊന്നുമോനേ..."
അലന്റെ പല്ലുകൾ ഞെരിഞ്ഞു ;
"വെളവെടുത്താൽ ... നിന്റെ തല ഞാനിങ്ങ് എടുക്കും.
ഉടൽ തമിഴ് നാട്ടുക്ക്... തല കേരള മക്കൾക്ക്.
എപ്പടി....?"
"സാറേ ..."
അറുമുഖം ഞരങ്ങി.
"കൊല്ലരുത് "
"ആദ്യം നീ കാര്യം പറയെടാ... "
അലൻ കത്തിയുടെ പിടിയുടെ മീതെയുള്ള പിടി ഒന്നു കൂടി മുറുക്കി.
"എന്റെ ഗർഭിണിയായ ഭാര്യയെ കാണാനില്ല എന്നറിഞ്ഞിട്ടും ... ഞാനീ കേസിന് പിന്നാലെ നിൽക്കുന്നത് മരണം എന്റെ പിന്നിലുണ്ടെന്ന് അറിഞ്ഞിട്ടു തന്നെയാ.
പക്ഷേ, ഞാൻ അവസാന ശ്വാസം എടുക്കും മുമ്പ് എനിക്ക് അറിയണം...
മിഴി സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ എന്താ നടന്നത് എന്ന്.
ആരാണ് ചിത്തിനിയുടെ ഉള്ളിലെ ശ്വാസത്തിന്റെ നാളം ഊതികെടുത്തിയതെന്ന്.
അറുമുഖാ പറയാൻ..."
അലൻ അലറി.
വല്ലാത്തൊരു ഉൻമാദാവസ്ഥയിൽ ആയിരുന്നു അലൻ.
"ഞാൻ പറയാം... ഞാൻ പറയാം"
അറുമുഖം വിക്കി .
"എങ്കിൽ പറയെടാ ... ആരായിരുന്നു ചിത്തിനി?"
"വില്ലുപുരത്തെ ... അഴകി "
അറുമുഖം വിക്കി;
"കതിരവനുടെ പൊണ്ണ് ..."
"ചിത്തിനിയെ എങ്ങനെ കൊന്നു ... എന്തിന് കൊന്നു എന്നു പറയെടാ "
"അത്.. ''
അറുമുഖം ഒന്നു നിർത്തി.
"പറയാൻ..."
അലൻ അലറി.
"കൊന്നതാ...''
അറുമുഖത്തിന്റെ തല താണു.
"അന്ത നേരത്ത് ഏഴു മാസം ഗർഭിണി ആയിരുന്നു ചിത്തിനി. "
"എങ്ങനെ കൊന്നു എന്നു പറയെടാ.."
അലന്റെ സ്വരം വിറച്ചു. "
അതിശക്തമായ ഒരു കാറ്റ് കരിമ്പിൻ തോട്ടത്തിൽ ആഞ്ഞ് വീശി.
മഴയുടെ ശക്തി പതിന്മടങ്ങ് ആയി.
"അതു വന്ത് ..."
നനഞ്ഞു കുഴഞ്ഞ മണ്ണിലേക്ക് ഇരുകൈയ്യും കുത്തി അറുമുഖം കിതച്ചു;
" കെട്ടിത്തൂക്കി... ജീവനോടെ "
അലന്റെ നെഞ്ചൊന്ന് പിടഞ്ഞു.
ഏഴു മാസം ഗർഭിണിയായ ഒരു പാവം പെണ്ണിനെയാണ് ജീവനോടെ കഴുത്തിൽ കുടുക്കിട്ട് കെട്ടി തൂക്കിയത്.
"എന്തിനാടാ അങ്ങനെ ചെയ്തത്?"
"അതു വന്ത്... ഡയറക്ടർ സാറുടെ ഡസിഷൻ സാർ ..."
"എന്തിനാണ് അത്തരം ഒരു തീരുമാനം എടുത്തത്.... എന്നാണ് എനിക്ക് അറിയേണ്ടത് "
അലൻ കത്തിയുടെ പിടിയുടെ മീതെയുള്ള പിടി ഒന്നുകൂടി മുറുക്കി.
"ആരാണ് ആ ഡയറക്ടർ ?
എവിടെയുണ്ട് അയാൾ ?"
അറുമുഖത്തിന്റെ തൊണ്ടക്കുഴിയിൽ ചോര പൊടിഞ്ഞു.
"ഞാൻ.. ഞാൻ പറയാം സാർ"
അറുമുഖത്തിന്റെ തല താണു.
ഇടർച്ചയുടെയും പതർച്ചയുടെയും വിള്ളൽ വീണ സ്വരത്തിൽ അറുമുഖം പതിയെ പറഞ്ഞു തുടങ്ങി.
ഇരുപത്തിയഞ്ച് വർഷം പഴക്കമുള്ള 'മിഴി' സിനിമയുടെ കഥ.
വില്ലുപുരം എന്ന തമിഴ് ഗ്രാമത്തിൽ നിന്ന് കരിവേടകം വനത്തിലേക്ക് ചോര കൊണ്ട് വരച്ച ചതിയുടെ ഒരു നേർരേഖയുടെ കഥ!
അലൻ ശ്വാസമടക്കി കേട്ടുകൊണ്ടേയിരുന്നു.
മഴ രണ്ടു പേരുടെയും മീതേക്ക് ആർത്തിരമ്പി പെയ്തിറങ്ങി കൊണ്ടിരുന്നു.
***************
ഇലഞ്ഞിമരങ്ങൾ മാത്രമുള്ള ഒരിടം!
നൂറു കണക്കിന് ഇലഞ്ഞിമരങ്ങൾ മാനം തൊടും മട്ടിൽ വളർന്നു നിൽക്കുന്ന അവിടെ അരണ്ട വെളിച്ചം മാത്രമായിരുന്നു.
തറയിൽ ഒരയടിയിലേറെ കനത്തിൽ മെത്ത വിരിച്ചതു പോലെ കിടക്കുന്ന ഇലഞ്ഞിപ്പൂക്കൾ!
ഒരു ഇലഞ്ഞിമരത്തിൽ ചുണാമ്പ് വള്ളികൾ കൊണ്ട് കെട്ടിയ ഒരു ഊഞ്ഞാൽ!
അതിനു മീതെ ആയിരുന്നു സീത.

ഒരു സ്വപ്നത്തിലെന്നവണ്ണം ആയിരുന്നു സീത.
സ്ഥലകാലബോധം നഷ്ടപ്പെട്ട അവസ്ഥ.
പാതി മയക്കത്തിൽ കൂമ്പിയ കണ്ണുകൾ.
തന്റെ മുമ്പിൽ കറുത്ത നെടുങ്കൻ കുപ്പായം ഇട്ട ഒരാൾ നിൽക്കുന്നത് മഞ്ഞു പടലങ്ങൾക്ക് അപ്പുറമെന്നോണം സീത കണ്ടു.
"ആരാ ?"
ദുർബലമായ സ്വരത്തിൽ സീത ചോദിച്ചു.
"സിത്തിനി..."
അമർത്തിയ ചിരി കേട്ടു.
പിന്നാലെ പല്ലു കടിച്ചു പൊട്ടിക്കുന്നതു പോലത്തെ ശബ്ദം.
സീതയ്ക്ക് ഭയം ഒന്നും തോന്നിയില്ല. വല്ലാത്ത ഒരു മരവിപ്പിൽ ആയിരുന്നു സീത.
"ഉനക്ക് എന്നെ തെരിയുമാ.. "
ചിത്തിനിയുടെ ചോദ്യം ദൂരെ എവിടെയോ നിന്നെന്ന വണ്ണം സീത കേട്ടു .
"ഇരുപത്തഞ്ചു വർഷം മുമ്പ് ഉന്നൈ മാതിരി ഒരു പുള്ളത്താച്ചി ആയിരുന്നു നാനും"
ചിത്തിനി ഒന്നു നിർത്തി.
കറുത്ത രൂപം തന്റെ പിന്നിലേക്ക് വരുന്നത് സീത കണ്ടു.
സീത ഇരുന്ന ഊഞ്ഞാൽ അവർ പതിയെ ആട്ടുവാൻ തുടങ്ങി.
"എല്ലാമേ... എനിക്ക് നഷ്ടപ്പെട്ടു.
എൻ പുരുഷൻ .... എൻ കുളന്ത
എന്നുടെ ഉയിർ... എന്നുടെ മാനം ...
എൻ പാസം... "
പിന്നിൽ നിന്ന് ഏങ്ങലടിച്ചുള്ള കരച്ചിൽ സീത കേട്ടു .
പോക പോകെ അത് ഒരു മുരൾച്ച ആയി മാറി.
"ഒവ്വൊരുവനെയും നാൻ കൊല പണ്ണിടുവേൻ..."
പല്ലുകടിച്ചു പൊട്ടിക്കുന്ന ശബ്ദം സീത കേട്ടു .
"ഉന്നുടെ അപ്പാവുക്ക് എന്നെ നല്ലാ തെരിയും.
അന്ത ഭട്ടതിരിക്ക് ."
ചിത്തിനിയുടെ മിഴികൾ തീക്കനൽ കട്ടകൾ പോലെ ജ്വലിച്ചു.
ഊഞ്ഞാൽ ആട്ടുന്നതിന്റെ വേഗം കൂടി
"പോ...പോ...പോ..."
ചിത്തിനി ആർത്ത് അട്ടഹസിച്ചു കൊണ്ട് ഊഞ്ഞാലാട്ടാൻ തുടങ്ങി.
സീതയ്ക്ക് തന്റെ ശരീരത്തിന്റെ ഭാരം കുറയുന്നത് പോലെ തോന്നി.
അപ്പൂപ്പൻ താടി പോലെ താൻ ഉയർന്ന് ഉയർന്ന് പോവുകയാണ്.
ഇലഞ്ഞിമരത്തിന്റെ തലപ്പിന് ഒപ്പം വരെ സീത എത്തി.
സീത തല തിരിച്ച് താഴേക്ക് നോക്കി.
നാൽപ്പതടിയോളം താഴ്ചയിൽ ഇലഞ്ഞിമരച്ചുവട്ടിൽ ചിത്തിനി നിൽപ്പുണ്ട്.
അലറിച്ചിരിച്ചു കൊണ്ട് ചിത്തിനി ഇരുകൈയ്യുകളും ഉയർത്തി;
"പോ...പോ..."
താഴേക്ക് പാഞ്ഞു വന്ന ഊഞ്ഞാൽ ചിത്തിനി വീണ്ടും മുകളിലേക്ക് തള്ളിവിട്ടു.
വന്നതിന്റെ ഇരട്ടി വേഗത്തിൽ സീത ഇലഞ്ഞിമരത്തലപ്പുകൾക്ക് മീതേക്ക് പറന്നുയർന്നു.
***************
വെളുപ്പാൻ കാലം.
പൊലീസ് സ്റ്റേഷൻ.
കാട്ടുപാതയിലൂടെ പാഞ്ഞു വന്ന ഒരു ടാറ്റാ സുമോവാൻ പൊലീസ് സ്റ്റേഷന്റെ മുറ്റത്തേക്ക് പാഞ്ഞു കയറി വന്നു നിന്നു.
എ.എസ്.ഐ യോഹന്നാനും പൊലീസുകാരും ഓടി വന്നപ്പോഴേക്കും എസ്.ഐ അലൻ സുമോയിൽ നിന്ന് ഇറങ്ങിയിരുന്നു.
"യോഹന്നാനേ... സീതയെ കുറിച്ച് എന്തെങ്കിലും വിവരം ... "
"തിരയുകയാണ് സാർ ..."
യോഹന്നാന്റെ തല കുനിഞ്ഞു.
അലന്റെ മുഖത്ത് വല്ലാതെ കനത്ത ഭാവം ആയിരുന്നു.
സുമോയുടെ ഡോർ തുറന്ന് അലൻ അറുമുഖത്തെ വലിച്ച് പുറത്തേക്ക് ഇട്ടു.
"ആരാ സാർ ഇത്?"
യോഹന്നാൻ അമ്പരപ്പോടെ അലന്നെ നോക്കി.
"ഇവനാണ് അറുമുഖം. പണ്ടത്തെ
മിഴി സിനിമയുടെ പ്രൊഡക്ഷൻ കൺട്രോളർ ''
അലൻ ഒന്നു നിർത്തി.
"കഥ എല്ലാം ഇവൻ എന്നോട് പറഞ്ഞു... "
"എന്ത് കഥയാ സാറേ ..?"
യോഹന്നാന്റെ മിഴികൾ പിടഞ്ഞു.
"എല്ലാ കഥയും.
ഇരുപത്തഞ്ച് കൊല്ലം മുമ്പ് കരിവേടകം വനത്തിൽ മിഴി സിനിമയുടെ ഷൂട്ടിംഗിനിടെ സംഭവിച്ച എല്ലാം കാര്യങ്ങളും .
ചിത്തിനി എന്ന പാവം ഗർഭിണിപ്പെണ്ണിനെ ജീവനോടെ കെട്ടിത്തൂക്കിയത് വരെ... "
യോഹന്നാന്റെ മിഴികൾ ഒന്നു പിടച്ചു.
"ഇനി വേണ്ടത് ഒരാളെയാ."
അലൻ തിരിഞ്ഞു.
"മിഴി സിനിമയുടെ സംവിധായകനെ
ഇരുപത്തഞ്ചു വർഷമായിട്ടും പിടി തരാതെ നടക്കുന്ന കൊലയാളിയെ.
ചിത്തിനിയുടെ ആത്മാവ് പ്രതികാരം വീട്ടുന്നതിന് മുമ്പ് എനിക്ക് അവനെ വേണം"
"എങ്ങനെ കണ്ടെത്തും സാർ.
അയാളിപ്പോൾ.. ജീവിച്ചിരിപ്പുണ്ടോന്ന്..... പോലും... "
യോഹന്നാന്റെ മുഖത്ത് ഒന്നും നടക്കത്തില്ല എന്ന ഭാവം ആയിരുന്നു.
"അയാൾ ീവിച്ചിരിപ്പുണ്ട്.
നമ്മുടെ അടുത്തുണ്ട്''
അലന്റെ സ്വരം കനത്തു.
"ആരാണ് സാർ അയാൾ ..?"
യോഹന്നാന്റെ ഹൃദയമിടിപ്പിന് വേഗതയേറി.
"പറയാം. പേര് കേട്ടാൽ യോഹന്നാന് ചിലപ്പോൾ ആളെ പിടി കിട്ടും "
"പറയ് സാറേ ..."
"അയാളുടെ പേര് ..."
അലൻ യോഹന്നാന്റെ കണ്ണുകളിലേക്ക് നോക്കി.

അധ്യായം 27

27

അധ്യായം 27

ചിത്തിനിയെ തളയ്ക്കാൻ രണ്ടും കൽപ്പിച്ച് സേവ്യർ!

"ആരാ സാറേ... പറയ്. ആരാ അത്... ഏതാ ആ സംവിധായകൻ.. "
എ.എസ്.ഐ യോഹന്നാൻ അലനെ നോക്കി.
"പറയാം"
അലൻ തിരിഞ്ഞ് മുരളിയെയും രാജേന്ദ്രനെയും നോക്കി.
"ആദ്യം ഈ അറുമുഖത്തെ കൊണ്ട് ലോക്കപ്പ് ചെയ്യ് മുരളീ ... " അലൻ ഒന്നു നിർത്തി.
"അത് കഴിഞ്ഞ് പറയാം കഥ എല്ലാം." മുരളിയും രാജേന്ദ്രനും ചേർന്ന് അറുമുഖത്തെ പിടിച്ച് സ്‌റ്റേഷന് അകത്തേക്ക് കൊണ്ടുപോയി.

"മുരളീ.. " അലൻ പിന്നിൽ നിന്ന് വിളിച്ചു.
"സാർ ..." മുരളി തിരിഞ്ഞു.
"ലോക്കപ്പിന് ആരെങ്കിലും രണ്ടു പേര് എപ്പഴും കാവല് വേണം .. " അലൻ ഒന്നു നിർത്തി.
"ലോക്കപ്പിൽ വച്ച് അറുമുഖം കൊല്ലപ്പെടരുത് " യോഹന്നാന്റെ മിഴികൾ ഒന്നു പിടച്ചു.
"സാറേ.. " യോഹന്നാൻ അലനെ ഭീതിയോടെ നോക്കി.
"ചിത്തിനി... അവള് അവള് ഇവിടേം വരുമോ സാറേ..."
"തേടി വരേണ്ടവരെ തേടി ചിത്തിനി വന്നിരിക്കും യോഹന്നാനേ... " അലൻ ഒന്നു നിർത്തി;
"അതിന് നമ്മളെ കൊണ്ട് തടയിടാൻ പറ്റത്തില്ല. പിന്നെ, സ്വന്തം ജീവിതം നശിപ്പിച്ചവരോടും ജീവനെടുത്തവരോടും മാത്രമാ ചിത്തിനിക്ക് പ്രതികാരം. അതിന് നമ്മളു പേടിക്കേണ്ട കാര്യമില്ലല്ലോ "
"അതില്ല. എന്നാലും... " യോഹന്നാൻ പാതി വഴിയിൽ ഒന്നു നിർത്തി.
"അല്ലെങ്കിത്തന്നെ യോഹന്നാൻ പേടിക്കുന്നത് എന്തിനാ ..?" അലൻ നേർത്തൊരു ചിരിയോടെ യോഹന്നാന്റ കഴുത്തിലേക്ക് നോക്കി.
"കത്തനാർ കുടുംബത്തിൽ നിന്ന് ജപിച്ചു തന്ന ഒരു ഏലസ്സ് യോഹന്നാനെ കഴുത്തിൽ കിടക്കുവല്ലേ. കത്തനാർ മന്ത്രം പഠിക്കാൻ ഇറങ്ങിപ്പോയ പതളക്കിണറിലെ വെള്ളം ഓതി നിറച്ച ഏലസ്''
"സാറിന് ഇത് എങ്ങനെ മനസ്സിലായി.?" യോഹന്നാൻ അമ്പരപ്പോടെ അലനെ നോക്കി.
"നമ്മുടെ പൊൻകുരിശ് സേവ്യറ് പറഞ്ഞതാ യോഹന്നാനെ... " അലൻ തിരിഞ്ഞു.
"ഈ ഏലസ്സ് കഴുത്തിൽ ഉള്ളിടത്തോളം കാലം യോഹന്നാനെ ചിത്തിനി തൊടില്ല എന്ന് "
"അത് ശരിയാ സാറേ ..." തല അൽപ്പം ഉയർത്തിപ്പിടിച്ചാണ് യോഹന്നാൻ മറുപടി പറഞ്ഞത്.
മുരളിയും രാജേന്ദ്രനും സ്റ്റേഷന് അകത്തു നിന്ന് ഇറങ്ങി വന്നു.
"ലോക്കപ്പ് ചെയ്ത് സാറേ ..."
"ഗുഡ് "
"സാറേ... ആ സംവിധായകന്റെ പേര് പറഞ്ഞില്ല." യോഹന്നാൻ അലനെ നോക്കി.
"യോഹന്നാന്റെ വീട് ചങ്ങനാശ്ശേരിക്ക് അടുത്തല്ലേ.. "
"അതെ സാർ... സായിപ്പ് കവല "
"അവിടെ പണ്ട് ഒരു ദാവീദ് ഉണ്ടായിരുന്നു "
" ദാവീദോ " യോഹന്നാൻ അമ്പരന്നു.
" അതെ ദാവീദ്. പത്തു മുപ്പത് കൊല്ലം മുമ്പ് സിനിമ സംവിധാനം ചെയ്യാൻ നടന്നൊരു ചിങ്ങവനംകാരൻ." അലൻ ഒന്നു നിർത്തി.
" അന്ന് മമ്മൂട്ടിയും മോഹൻലാലും ഒക്കെ സൂപ്പർസ്റ്റാറുകൾ ആയിട്ടില്ല. ഐ.വി. ശശിയൊക്കെ സൂപ്പർ സംവിധായകനായി നിറഞ്ഞു നിൽക്കുന്ന കാലം. ആ സമയത്താണ് ചിങ്ങവനംകാരൻ ദാവീദ് സംവിധായകനാവാൻ കോടമ്പാക്കത്ത് എത്തുന്നത്.." വായ് പിളർന്നു നിൽക്കുക ആയിരുന്നു യോഹന്നാൻ.
"നിലവിലുള്ള ട്രെൻഡിൽ നിന്ന് മാറി ഒരു ഹൊറർ സിനിമ എടുക്കണം എന്ന് ദാവീദിന് തോന്നി. അന്നുവരെ മലയാള സിനിമ കണ്ട ഏറ്റവും വലിയ ഹൊറർ സിനിമകൾ ലിസയും, പച്ചവെളിച്ചവും ഒക്കെയാണ്. മദ്രാസിലെ ഒരു വരദരാജചെട്ടിയാർ ആയിരുന്നു നിർമ്മാതാവ്. കഥയും തിരക്കഥയും ഒക്കെ എഴുതിയതും ദാവീദ് ആയിരുന്നു. 'മിഴി' അതായിരുന്നു ആ പ്രേതസിനിമയുടെ പേര്. 'എല്ലാം കാണുന്നവൾ' എന്ന് ടാഗ് ലൈനും..." അലൻ ഒന്നു നിർത്തി.
"ലൊക്കേഷൻ ഈ വനവും പൊൻകുരിശ് സേവ്യറിന്റെ ബംഗ്ലാവും. ആ ലൊക്കേഷനിൽ ഡ്രൈവറായി വന്നതാണ് കതിരവൻ.
ചിത്തിനിയുടെ ഭർത്താവ്. പിന്നീട്, തന്റെ ഭാര്യ ചിത്തിനിയെയും അയാൾ ഇവിടെ കൊണ്ടുവന്നു. അന്ന് അവൾ ഏഴു മാസം ഗർഭിണിയായിരുന്നു. ഇപ്പോൾ ഞാൻ താമസിക്കുന്ന ബംഗ്ലാവിന്റെ മുകൾനിലയിൽ ആയിരുന്നു അവർ താമസിച്ചിരുന്നത്. "
"സാറേ... ചിത്തിനി എങ്ങനെ കൊല്ലപ്പെട്ടു... അതു പറയ്?" യോഹന്നാന്റെ ശ്വാസഗതിക്ക് വേഗതയേറി.
"ചിത്തിനി മാത്രമല്ല... കതിരവനും കൊല്ലപ്പെടുകയായിരുന്നു. പ്ലാൻഡ് മർഡർ " അലൻ ഒന്നു നിർത്തി.
'' മിഴി സിനിമ ഇറങ്ങിയില്ല . അതുമായി ബന്ധപ്പെട്ട പലർക്കും വിധി കാത്തു വച്ചത് പടു മരണം. അന്ന് അപ്രത്യക്ഷനായതാണ് ദാവീദ് എന്ന സംവിധായകൻ. അയാളോട് പ്രതികാരം തീർത്താൽ ചിത്തിനി അതോടെ അടങ്ങും."
"എന്തിനാ ചിത്തിനിയെയും കതിരവനെയും അവർ കൊന്നത് എന്നു മാത്രം സാർ പറഞ്ഞില്ല." യോഹന്നാൻ അലനെ നോക്കി.
" അതാണ് കഥയിലെ ഏറ്റവും വലിയ രഹസ്യം. വേറെയും ചില ട്വിസ്റ്റുകളുണ്ട്. അതു ഞാൻ പറയാം യോഹന്നാനേ. കഥ ക്ലൈമാക്സിനോട് അടുക്കുകയാ. ഇനി അധികം ദിവസമില്ല. യഥാർഥ വില്ലനെ ഞാൻ കണ്ടെത്തും " അലന്റെ സ്വരം ഉറച്ചു.
യോഹന്നാന്റെ മുഖത്ത് ഒരു പകപ്പ് ഉണ്ടായി.
"സാറ് ... ആരെയോ കണ്ടെത്തി വച്ചതു പോലെയാണല്ലോ സംസാരം''
"അതെ... യോഹന്നാനേ... " അലൻ ഒന്നു ചിരിച്ചു.
"എന്റെ ജീവനാ എനിക്ക് എന്റെ സീത അവളെ കാണാനില്ലെന്നറിഞ്ഞിട്ടും എന്റെയും സീതയുടെയും ഞങ്ങൾക്ക് പിറക്കാൻ പോവുന്ന കുഞ്ഞിന്റെയും ജീവൻ പണയപ്പെടുത്തി ഞാനീ കേസിനു പിന്നാലെ നിൽക്കണമെങ്കിൽ... അത് ലക്ഷ്യത്തിൽ എത്തിച്ചേരും എന്ന് ഉറപ്പുള്ളതു കൊണ്ടാണ് " അലന്റെ കണ്ണുകളിൽ ഒരു മൂർച്ച ഉണ്ടായി.
"പ്രതിയെ ഞാൻ കണ്ടെത്തിയിരിക്കും. മുന്നേ മൂന്ന് ദിവസത്തിനകം "
"ഇരുപത്തഞ്ച് കൊല്ലം മുമ്പത്തെ ഒരു സംഭവത്തിൽ ഉൾപ്പെട്ട ഒരാളെ കണ്ടെത്തിയിട്ട് എന്നാത്തിനാ സാറേ ... " യോഹന്നാൻ ഒന്നു കവിൾ കോട്ടി. "നമ്മടെ കൈയിൽ വല്ല തെളിവുകളും ഉണ്ടോ.. ശിക്ഷിക്കാനായിട്ട് "
"തെളിവുകള് ചിത്തിനിയുടെ കൈയിലുണ്ട്. ചിത്തിനി ശിക്ഷിച്ചോളും."
അലൻ പറഞ്ഞതും ശക്തമായ ഒരു കാറ്റ് വീശി. കരിയിലകൾ കൂട്ടത്തോടെ പറന്നു വരുന്ന നരിച്ചീറുകളെ പോലെ വന്ന് അലന്റെയും യോഹന്നാന്റെയും ശരീരത്തിൽ പറ്റിപ്പിടിച്ചു. പുലരി വെളിച്ചം മങ്ങിപ്പോയി. ചുറ്റും ഇരുട്ട് പരന്നു.
"സാറേ "
പിന്നിൽ നിന്ന് ഒരു വിളി കേട്ടു. ആദിവാസി മൂപ്പൻ വെളുത്തയും നാലഞ്ച് പേരും ഓടി വരുന്നതു കണ്ടു. അലന്റെ കണ്ണുകളിൽ ഒരു പിടച്ചിലുണ്ടായി.
"സാറേ " ഓടി വന്നവരിൽ ഒരു ചെറുപ്പക്കാരൻ അലനെ നോക്കി.
" സീതാ മാഡത്തെ കിട്ടി.. "
"എവിടെ വച്ച് ?" അലന്റെ നെഞ്ചിനുള്ളിലൂടൊരു മിന്നലൊളി പാഞ്ഞു പോയി.
"അവിടെ ഇലഞ്ഞിക്കാവിൽ വച്ച് ..."
"എന്നിട്ട് എവിടെ?"
"ഞങ്ങള് വീട്ടിൽ എത്തിച്ചിട്ടുണ്ട് സാറേ ... ഒരു കൊഴപ്പോമില്ല." ചെറുപ്പക്കാരൻ ആവേശത്തോടെ അലനെ നോക്കി.
"സംസാരിക്കുകേം ഒക്കെ ചെയ്തു ." അലന്റെ നെഞ്ചാന്ന് തണുത്തു.
"ഞാൻ പറഞ്ഞില്ലേ സാറേ ... ദൈവം കൂടെയുണ്ടെന്ന് " യോഹന്നാൻ അലനെ നോക്കി;
"സാറ് വീട്ടിലേക്ക് ചെല്ല്.
ഞങ്ങളാരെങ്കിലും വരണോ കൂടെ.."
"വേണ്ട"
അലൻ പൊലീസ് ജീപ്പിലേക്ക് കയറി. പിന്നെ, അറുമുഖത്തെ കൊണ്ടുവന്ന സുമോവാനിന്റെ ഡ്രൈവറെ നോക്കി.
" ജെയ്സാ ... ഒരു മൂന്നു ദിവസം താനിവിടെ വെയ്റ്റ് ചെയ്യേണ്ടി വരും കുഴപ്പമില്ലല്ലോ .. "
"ഇല്ല സാറേ "
" യോഹന്നാനേ ...'' അലൻ തല തിരിച്ച് യോഹന്നാനെ നോക്കി.
" ഇത് ജെയ്സൺ എന്റെ സുഹൃത്തിന്റെ അനിയനാ.. "
" ഓ.. "
" പറ്റിയാൽ നമ്മുക്ക് ഒന്നിച്ച് കാടിറങ്ങാം ജെയ്സാ .. "
പറഞ്ഞിട്ട് അലൻ ജീപ്പ് സ്റ്റാർട്ട് ചെയ്തു. പൊലീസ് സ്റ്റേഷന്റെ മുറ്റത്ത് വട്ടം തിരിഞ്ഞ ജീപ്പ് നേരെ കാട്ടുപാതയിലേക്ക് പോയി.
ജീപ്പ് കണ്ണിൽ നിന്ന് മറയുന്നതു വരെ യോഹന്നാൻ നോക്കി നിന്നു. പിന്നെ, പോക്കറ്റിൽ നിന്ന് മൊബൈൽ ഫോണെടുത്ത് ഒരു നമ്പർ ഡയൽ ചെയ്തു കാതോട് ചേർത്തു.
"ഹലോ..."
***** ***** ***** *****
കയ്യിലിരുന്ന മദ്യ ഗ്ലാസ്സിൽ നിന്ന് ഒരു സിപ്പ് എടുത്തു കൊണ്ട് പൊൻകുരിശ് സേവ്യർ തിരിഞ്ഞു. ബംഗ്ലാവിന്റെ ഹാളിൽ എല്ലാവരും ഉണ്ടായിരുന്നു. ടാനിയയും ടെസ്സയും ജോജിയും വജ്രയും ദീപുവും... പിന്നെ, പാണ്ഡ്യന്റെ നേതൃത്വത്തിലുള്ള ഗുണ്ടാ പട്ടാളവും.
"പപ്പാ.. ഇപ്പം പകലും കുടി തുടങ്ങിയോ?" ടാനിയ അനിഷ്ടത്തോടെ സേവ്യറിനെ നോക്കി.
"ടെൻഷൻ കൊണ്ടാണെടീ ..." സേവ്യർ സോഫയിലേക്ക് ഇരുന്നു.
"ഞാൻ കുറച്ച് പാപങ്ങള് ചെയ്തിട്ടുണ്ട്. പണ്ട്... എന്റെ ചോരത്തിളപ്പുള്ള പ്രായത്തില് " സേവ്യർ ഒന്നു നിർത്തി, ''അതിന്റെ പേരിൽ എന്റെ മക്കൾ അനുഭവിക്കാൻ പാടില്ല " സേവ്യർ ഗ്ലാസിൽ നിന്ന് ഒരു സിപ്പ് കൂടി എടുത്തു.
"ചിത്തിനി "
കാതടപ്പിക്കുന്ന ഒരു ഇടിയൊച്ച മുഴങ്ങി. കറുത്ത ആകാശം നെടുകെ പിളർന്നതു പോലെ ഒരു മിന്നൽ കൂടി. മഴ ആർത്തിരമ്പി വീണു.
"ചിത്തിനിയെ എന്നെന്നേയ്ക്കുമായി തീർക്കാതെ നമ്മുടെ പരമ്പരകൾക്ക് സമാധാനം കിട്ടത്തില്ല "
"ഇതൊക്കെ അന്ധവിശ്വാസം അല്ലേ അപ്പച്ചാ .." - ജോജി താൽപര്യമില്ലാത്ത മട്ടിൽ സേവ്യറിനെ നോക്കി.
"അല്ല '' സേവ്യറിന്റെ സ്വരം ഉറച്ചു.
"ഇങ്ങോട്ട് വന്ന വഴിക്ക് നീയും കണ്ടതല്ലേ.. " സേവ്യർ തിരിഞ്ഞ് ദീപുവിനെയും വജ്രയെയും നോക്കി.
"പിള്ളേരേ ... നിങ്ങക്ക് പ്രേതം ഉള്ള സ്ഥലം കണ്ടു പിടിക്കാനല്ലേ പറ്റൂ.. പക്ഷേ, പ്രേതത്തെ പിടിക്കാൻ ഒരാള് വരുന്നുണ്ട്. നിങ്ങള് കൂടെ നിൽക്കണം"
"ആര് ?." ദീപു സേവ്യറിനെ നോക്കി.
"കരിമഠം കോട്ട മുത്തി... "
സേവ്യർ പറഞ്ഞതും കാറ്റിൽ ഒരു ജനൽപ്പാളി പാഞ്ഞു വന്നടഞ്ഞു. ചില്ലുകൾ ഉടഞ്ഞു ചിതറിപ്പോയി.
"വരട്ടെ... കരിമഠം കോട്ടമുത്തി വരട്ടെ. അവസാന കളിക്ക് അവർ കളം വരയ്ക്കും .. " സേവ്യർ ഒറ്റ വലിക്ക് ഗ്ലാസ്സിലെ മദ്യം കുടിച്ചു.
പിന്നെ, തല തിരിച്ച് പാണ്ഡ്യനെ ഒന്നു നോക്കി.
"എടാ ഞാൻ പറഞ്ഞതെല്ലാം റെഡിയല്ലേ..."
"അതെ സാറേ ..."
"ഇന്നു രാത്രി തന്നെ അതങ്ങ് ചെയ്തേക്ക്. ആ ഇൻസ്പെക്ടറുടെ സൂക്കേടും അതോടെ തീരുമല്ലോ..."
"ശരി സാറേ ''
യമകിങ്കരനെ പോലെ പാണ്ഡ്യൻ തല കുലുക്കി.
***** ***** ***** *****
രാത്രി, പന്ത്രണ്ട് കഴിഞ്ഞു. മഴ ആർത്തിരമ്പി പെയ്തു കൊണ്ടിരുന്നു. അലന്റെ ബംഗ്ലാവിനു പിന്നിലുള്ള കാപ്പിത്തോട്ടത്തിലെ വഴിയിലേക്ക് നാല് ടിപ്പർ ലോറികൾ വന്നു വന്നു. മുമ്പിലത്തെ ലോറിയിൽ നിന്ന് പാണ്ഡ്യൻ ചാടിയിറങ്ങി. പിന്നാലെ പത്തോളം ഗുണ്ടകളും. ചെറിയ പെൻടോർച്ചുകൾ മിന്നിച്ച് കൊണ്ട് അവർ മഴയിലൂടെ മുമ്പോട്ട് നീങ്ങി.

അധ്യായം 28

28

അധ്യായം 28

കിണറ്റിനുള്ളിൽ നിന്ന് ഉയർന്നു വന്ന ഗർഭിണിയുടെ മൃതശരീരം

"അണ്ണാ... " ഗുണ്ടകളിൽ ഒരാൾ പിന്നിൽ നിന്ന് പാണ്ഡ്യനെ വിളിച്ചു.
"എന്നാ മഴയാ... മഴ കഴിഞ്ഞിട്ടു പോരേ...?"
"എടാ... ഒരു പണിക്ക് എറങ്ങിയാൽ അതിന് മഴയും വെയിലും ഒന്നുമില്ല. കള്ള് ഏതു ക്ലൈമറ്റിലും മോന്തുമല്ലോ..."
"അതല്ല...." ഗുണ്ട ഒന്നു പരുങ്ങി.
"മുട്ടറ്റം വളർന്നു നിൽക്കുന്ന പൊന്തക്കാട്ടിലൂടെ വേണം കിണറിന്റെ അടുത്ത് എത്താൻ ... വല്ല പാമ്പും "

"പിന്നേ..." പാണ്ഡ്യൻ ഒന്നു കവിൾ കോട്ടി.
"ഈ പെരുമഴയത്ത് അതും മുതുപാതിരയ്ക്ക് നിന്നെ കടിക്കാനായി കണ്ണും മിഴിച്ച് കിടക്കുവല്ലേ പാമ്പ് ..." പാണ്ഡ്യൻ ഒന്നു നിർത്തി;
"എടാ... മഴ തോരും മുമ്പ് ആ കിണർ മൂടണം... "
"ആ എസ് ഐ തടയാൻ വന്നാൽ നമ്മൾ എന്തു ചെയ്യും അണ്ണാ...?"
"അവനെയും അതിൻറകത്തിട്ട് മൂടും സിംപിൾ ... " പാണ്ഡ്യൻ നിസ്സാരമായി ചുമൽ കൂച്ചി.
"നമ്മൾ എത്ര പൊലീസുകാരെ കണ്ടിട്ടൊള്ളതാടാ ..."
"അല്ല അണ്ണാ... ഇയാള് "
"പിന്നേ... ഇയാൾക്കെന്നാ കൊമ്പും വാലും ഉണ്ടോ..."പാണ്ഡ്യന്റെ ശബ്ദം പതിഞ്ഞു;
"വെളവെടുത്താൽ അവനും പെണ്ണുമ്പിള്ളേം പാതിരി വനം വിട്ട് പുറത്തിറങ്ങത്തില്ല. ഉറപ്പ്." ശക്തമായ ഒരു ഇടിമിന്നലുണ്ടായി.
കാപ്പിത്തോട്ടം ബാധകയറിയതു പോലെ തുള്ളി വിറയ്ക്കുകയായിരുന്നു. ദൂരെ വലിയ കിണറിന്റെ, കരിങ്കല്ലുകൾ കൊണ്ടുള്ള വട്ടച്ചുറ്റ് കണ്ടു.
" രാജുവേ.. " പാണ്ഡ്യൻ തിരിഞ്ഞ് പിന്നിൽ നിന്ന ഗുണ്ടയെ നോക്കി.
" മൊതലാളി ഒരു കുപ്പിയിൽ ഓതിയ വെള്ളം തന്നു വിട്ടിട്ടുണ്ട്. അത് ഞാൻ ആദ്യം കിണറ്റിലൊഴിക്കും.
അതു കഴിഞ്ഞാൽ ടിപ്പറുകൾ ഓരോന്നായി ഇങ്ങ് കയറി വരാൻ പറയണം. അഞ്ച് മിനുറ്റ് കൊണ്ട് കിണറ് മൂടി മടങ്ങണം."
"അല്ല അണ്ണാ... ഒരു സംശയം കൂടി... " ഗുണ്ട പാണ്ഡ്യനെ നോക്കി.
"മുടിയാനെക്കൊണ്ട്  നിന്റെ ഒരു സംശയം. പറയ്..."
"അണ്ണാ... ഈ ചിത്തിയുടെ പ്രേതം പാതിരി വനത്തിൽ അലഞ്ഞ് നടക്കുവല്ലേ... അതിന് നമ്മളീ കിണറ് മന്ത്രം ചൊല്ലി മൂടിയിട്ട് വല്ല കാര്യവുമുണ്ടോ.."
"ങാ... ഈ സംശയം ഞാനും മുതലാളിയോട് ചോദിച്ചതാ... ഇത് ഏതോ പുതിയ മന്ത്രവാദി പറഞ്ഞു കൊടുത്ത ടെക്നിക്കാടാ. ദുരാത്മാവിന്റെ കുഴിമാടം നശിപ്പിക്കുക."
"എന്നു വച്ചാൽ ... "
" എന്നു വച്ചാൽ .. ഇരുപത്തഞ്ച് കൊല്ലം മുമ്പ് ഏഴു മാസം ഗർഭിണിയായ ചിത്തിനിയെ കഴിച്ചിട്ടത് ഈ കിണറ്റിനുള്ളിലാ."
" കിണറ്റിനുള്ളിലോ ...?" രാജു അമ്പരന്നു പോയി.
"ങാ.. അതും മൊതലാളി പറഞ്ഞതാ. ചത്തുപോയ കാട്ടി മുരുകനായിരുന്നു എല്ലാറ്റിനും നേതൃത്വം. ആദ്യം കിണറ്റിലെ വെള്ളം മുഴുവൻ വറ്റിച്ചു. എന്നിട്ട്, കിണറ്റിനടിയിലെ പാറ മാറ്റിയിട്ട് കുഴിയെടുത്തു. പിന്നെ, ഗർഭിണിയുടെ ശവം കിണറ്റിലേക്ക് കയറിൽ കെട്ടി ഇറക്കി.
കുഴി മൂടിയിട്ട് പാറ പഴയതു പോലെ വച്ചിട്ട് മുകളിൽ കോൺക്രീറ്റ് ചെയ്തു... ഒരിക്കലും ആരും കണ്ടു പിടിക്കാതിരിക്കാനായി.
തെളിവിന്റെ ഒരു തുമ്പോ തുരുമ്പോ പോലും പുറത്ത് വരാതിരിക്കാനായി .. "
അവർ കിണറിനടുത്ത് എത്തി. മഴയുടെയും കാറ്റിന്റെയും ശക്തി കൂടി. അടുത്ത നിമിഷം ഭൂമി പ്രകമ്പനം കൊള്ളുന്നതു പോലെ പാണ്ഡ്യനും കൂട്ടർക്കും തോന്നി. തറ വിറയ്ക്കുന്നു. ചില കാപ്പിച്ചെടികൾ വേരോടെ പിഴുത് മുകളിലേക്ക് പറന്നു പോവുന്നു.
ആരോ, പിഴുത് എറിയന്നതു പോലെയാണ് പാണ്ഡ്യനും കൂട്ടർക്കും തോന്നിയത്...
" അണ്ണാ ... " രാജുവിന്റെ സ്വരം വിറച്ചു.
" ഇത് നമ്മുടെ കൈയിൽ നിൽക്കുന്ന കളി അല്ല... മാതാവാണേ സത്യം എനിക്ക് പേടിയാ. ഞാനില്ല പ്രേതത്തോട് കളിക്കാൻ .."
" വായ മൂടെടാ... നായേ " പാണ്ഡ്യൻ അലറി.
" എന്തായാലും നനഞ്ഞിറങ്ങി. ഇനി കുളിച്ചു കയറിയിട്ടു തന്നെ കാര്യം...''
കിണറിന്റെ പത്തടി അകലത്തിലായിരുന്നു പാണ്ഡ്യനും ഗുണ്ടകളും. കാറ്റിൽ പറന്നു പോവാതിരിക്കാനായി കാപ്പിച്ചെടികളിൽ പിടിച്ചു കൊണ്ടായിരുന്നു ഗുണ്ടകളുടെ നിൽപ്പ്. ഇതിന് ഇറങ്ങിപ്പുറപ്പെടേണ്ടിയിരുന്നില്ല എന്ന ഭാവം ആയിരുന്നു എല്ലാവരുടെയും മുഖത്ത്.
ഇടുപ്പിൽ നിന്ന് പാണ്ഡ്യൻ ഒരു ചെറിയ കുപ്പി എടുത്തു. പൊടുന്നനെ പിടിച്ചു നിർത്തിയതു പോലെ കാറ്റ് നിന്നു. മഴയുടെ ഇരമ്പൽ മാത്രമായി.
" കണ്ടോടാ.." പാണ്ഡ്യൻ ഒരൽപം അഹങ്കാരത്തിൽ പിന്നിൽ നിന്ന രാജുവിനെ നോക്കി.
"ഓതിയ വെള്ളത്തിന്റെ കുപ്പി എടുത്തതേയുള്ളു. പ്രേതം പകുതി പേടിച്ചു... "
അടുത്ത നിമിഷം, കിണറിനു ചുറ്റുമുള്ള തറ ഇളകാൻ തുടങ്ങി. പിന്നെ, ഒരു നിമിഷത്തെ നിശ്ശബ്ദത. കൈയിലുള്ള കുപ്പിയുടെ അടപ്പ് തുറക്കാനുള്ള ശ്രമത്തിൽ ആയിരുന്നു പാണ്ഡ്യൻ. പൊടുന്നനെ, ബോംബ് പൊട്ടുന്നതു പോലെ ഒരു ശബ്ദം കിണറ്റിനുള്ളിൽ നിന്ന് കേട്ടു.
നിശ്ചലമായി നിന്ന കാറ്റ് വീണ്ടും മുടിയഴിച്ചാടൻ തുടങ്ങി. അടുത്ത നിമിഷം, ഒരു വലിയ ഫൗണ്ടൻ പോലെ കിണറ്റിനുള്ളിൽ നിന്ന് വെള്ളം മുകളിലേക്ക് ഇരച്ചു വന്നു.
ആ വെള്ളത്തിനൊപ്പം...സപാണ്ഡ്യനും കൂട്ടരും വ്യക്തമായി കണ്ടു. വെള്ളത്തിനൊപ്പം ഉയർന്നു നിൽക്കുന്ന ഗർഭിണിയുടെ ശരീരം
കറുത്ത നെടുങ്കൻ കുപ്പായം ആണ്. നനഞ്ഞൊട്ടിക്കിടക്കുന്ന മുടി മുഴുവൻ മുഖത്തെ മൂടി കിടക്കുന്നു. അതിനിടയിലൂടെ തീക്കട്ട പോലെ ജ്വലിക്കുന്ന കണ്ണുകൾ കാണാം. അടുത്ത നിമിഷം ചിത്തിനി തറയിലേക്ക് പറന്നിറങ്ങി. പിന്നെ, പതിയെ ഓരോ ചുവട് മുമ്പോട്ട് വച്ചു.
പാണ്ഡ്യൻ പതറിപ്പോയി. കയ്യിലിരുന്ന കുപ്പിയുടെ കപ്പ് തുറക്കാനായിരുന്നു പാണ്ഡ്യന്റെ ശ്രമം. പക്ഷേ, എത്ര ശ്രമിച്ചിട്ടും കുപ്പിയുടെ അടപ്പ് തുറക്കാൻ കഴിഞ്ഞില്ല. ചിത്തിനി അടുത്തു വന്നു.
"അണ്ണാ... ഓട് അണ്ണാ ..." രാജുവിന്റെ അലർച്ച കേട്ടു .
പാണ്ഡ്യൻ തിരിയും മുമ്പെ ചിത്തിനിയുടെ നീണ്ട നഖങ്ങളുള്ള കൈ നീണ്ടു വന്നു. പാണ്ഡ്യന്റെ കഴുത്തിലാണ് പിടി വീണത്.
ഓതിയ വെള്ളം നിറച്ച കുപ്പി തറയിലേക്ക് വീണു. വലതുകാലിന്റെ തള്ളവിരലിലെ നീണ്ട നഖം കൊണ്ട് ചിത്തിനി അതിനു മീതെ ഒന്ന് ആഞ്ഞു ചവിട്ടി. കുപ്പി കാപ്പിച്ചെടികൾക്ക് മീതെ കൂടി മാനംമുട്ടെ ഉയർന്നു പറന്നു പോയി.
പാണ്ഡ്യനെ ചിത്തിനി ഒരാൾ പൊക്കത്തിൽ ഉയർത്തിപ്പിടിച്ചു. പിന്നെ, കാപ്പിത്തോട്ടങ്ങൾക്ക് മീതെ കൂടി വീശി ഒരേറ് എറിഞ്ഞു.
ഒരു നിലവിളി പാഞ്ഞു പോവുന്നത് മാത്രമേ രാജുവും കൂട്ടരും കേട്ടുള്ളു. അവർ തിരിഞ്ഞ് ഓടിക്കളഞ്ഞു. ഒരു വിധം ടിപ്പർ ലോറികൾ കിടക്കുന്നിടത്ത് എത്തിയ രാജുവും കൂട്ടരും നടുങ്ങിപ്പോയി.
കരിങ്കല്ലും കയറ്റിവന്ന നാല് ലോറികളും കളിപ്പാട്ടം കണക്കെ തലകീഴായി മറിഞ്ഞു കിടക്കുന്നു. ഒരു ലോറിയുടെ ക്യാബിൻ വിൻഡോയിൽ,
തൂക്കിയിട്ടതു പോലെ പാണ്ഡ്യൻ കിടപ്പുണ്ടായിരുന്നു.
"അണ്ണാ ..."
രാജു നിലവിളിച്ച് കൊണ്ട് ഓടി ചെന്നു. പാണ്ഡ്യന്റെ വായിൽ നിന്ന് കൊഴുത്ത ചോര താഴേക്ക് ഇറ്റ് ഇറങ്ങി കൊണ്ടിരുന്നു.
***** ***** ***** *****
വെളുപ്പാൻ കാലം
കരിമഠം കോട്ട എന്ന് വിൻഡ് സ്ക്രീനിൽ എഴുതി വച്ചിരിക്കുന്ന ഒരു താർ ജീപ്പ് പൊൻകുരിശ് സേവ്യറിന്റെ ബംഗ്ലാവിന്റെ മുറ്റത്തേക്ക് വന്നു നിന്നു. ദുർമന്ത്രവാദിയായ കരിമഠം കോട്ട മുത്തിയുടെ പരികർമ്മികളായ രണ്ടു പേർ ഇറങ്ങി. ചുറ്റും വെളിച്ചം പരന്നു തുടങ്ങിയില്ലെങ്കിലും സേവ്യറും മറ്റുള്ളവരും ഗുണ്ടകളും വരാന്തയിൽ തന്നെ ഉണ്ടായിരുന്നു. പാണ്ഡ്യനെ വെളുപ്പാൻ കാലത്തു തന്നെ നൂൽപ്പുഴയിലെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചിരുന്നു.
"സേവ്യർ മുതലാളി...?" ജീപ്പിൽ നിന്ന് ഇറങ്ങിയ പരികർമ്മികളിൽ ഒരാൾ എല്ലാവരെയും നോക്കി.
"ഞാനാ.... "
സേവ്യർ മുമ്പോട്ട് വന്നു.
"കരിമഠം കോട്ടേന്നാ ... ഒരു ചാർത്ത് തന്നു വിട്ടിട്ടുണ്ട്. ഇതിൽ പറയുന്നതെല്ലാം ഒന്നുപോലും കുറയാതെ ഒരുക്കി വയ്ക്കണം."
"ചെയ്യാം "
"പിന്നെ... " അയാൾ ഒന്ന് നിർത്തി;
"എല്ലാവരും എപ്പോഴും ഒന്നിച്ചു നിൽക്കുക ... ഒറ്റയ്ക്കുള്ള യാത്ര വേണ്ട. ഒരു കാരണവശാലും പുഴയിൽ കുളിക്കരുത്. പുഴത്തീരത്തേക്ക് പോവുക പോലും അരുത്.." സേവ്യർ തല കുലുക്കി.
"എന്നാൽ ശരി .. " അവർ തിരിഞ്ഞു.
" അല്ല. പണം എന്തെങ്കിലും..." സേവ്യർ പിന്നാലെ ചെന്നു.
" ദക്ഷിണ പൂജ വിജയിച്ചതിന് ശേഷം ... " അവർ തിരിഞ്ഞു നോക്കാതെ മറുപടി പറഞ്ഞ് ജീപ്പിലേക്ക് കയറി.
താർ ജീപ്പ് സ്റ്റാർട്ടായി കാട്ടുപാതയിലേക്ക് ഇറങ്ങി.
***** ****** ***** *****
"സീതേ... " തന്റെ നെഞ്ചിലേക്ക് സീതയെ ചാരിയിരിത്തിയിരിക്കുകയായിരുന്നു അലൻ.
"ഒത്തിരി പേടിച്ചു പോയി അല്ലേ?" അലൻ സീതയുടെ നിറുകയിൽ ഉമ്മ വച്ചു.
"ഇതിനെക്കാളും ഒരുപാട് ഭയന്നല്ലേ ചിത്തിനി മരിച്ചത്. അതും ഭർത്താവിന്റെ മരണം കൂടി കണ്ടിട്ട്.. " ഈറനണിഞ്ഞിരുന്നു സീതയുടെ സ്വരം.
"നിനക്ക് മനസ്സിലായോ ... എല്ലാം "
" ങും.. " സീത മൂളി.
"എന്തിനാണ് ചിത്തിനിയെ കെട്ടിത്തൂക്കിയതെന്ന് ...."
"പറയണ്ട. അതും അറിയാം"
"പക്ഷേ, അത് ലോകം അറിയണ്ടേ..."
"അറിയിക്കണം" സീത ഒന്നു നിർത്തി.
" അതിനുള്ള സമയം ആയി .. "
സീത ഒന്നുകൂടി അലന്റെ ശരീരത്തിലേക്ക് പറ്റിച്ചേർന്നിരുന്നു. പിന്നെ, മിഴികൾ ചേർത്തടച്ചു.
***** ***** ***** *****
സേവ്യർ മുതലാളിയുടെ ബംഗ്ലാവിന്റെ മുറ്റത്ത് ഉണ്ടായിരുന്നു എല്ലാവരും. കൂട്ടത്തിൽ എഎസ്ഐ യോഹന്നാനും.
"യോഹന്നാനേ... " പൊൻകുരിശ് സേവ്യർ തലതിരിച്ച് യോഹന്നാനെ നോക്കി.
" എന്തിനാടോ... തന്റെ എസ് ഐ അടിയന്തിരമായി കാണണം എന്നു പറഞ്ഞത് ?"
"ആ... എനിക്ക് അറിയാൻ പാടില്ലാ"
"അയാൾ ആ പ്രേതത്തിന്റെ പിന്നാലെയുള്ള നടത്തം നിർത്തിയില്ല അല്ലേ "
യോഹന്നാൻ എന്തോ പറയാനാഞ്ഞതും കാട്ടുപാതയിലൂടെ പൊലീസ് ജീപ്പ് പാഞ്ഞു വരുന്നതു കണ്ടു. ജീപ്പ് വന്നു വട്ടം തിരിഞ്ഞു നിന്നു.
എസ്ഐ അലൻ ജീപ്പിൽ നിന്ന് ഇറങ്ങി. പിന്നെ, എല്ലാവരെയും നോക്കി;
"ഒരു കാര്യം പറയാൻ വന്നതാ. എല്ലാവരും ഒന്നിച്ചുണ്ടായത് നന്നായി " അലൻ ഒന്നു നിർത്തി.
"അടുത്താഴ്ച ഒരു ഷൂട്ടിങ് ഉണ്ട്. ഞാനിപ്പം താമസിക്കുന്ന സേവ്യർ മുതലാളിയുടെ ബംഗ്ലാവിലും പരിസരത്തുമായി .. "
"ഷൂട്ടിങ്ങോ ..." സേവ്യർ മുതലാളി അമ്പരന്നു.
"അതെ... ഷൂട്ടിങ് " അലൻ ഒരു ചുവട് മുൻപോട്ട് വന്നു.
"ഇരുപത്തിയഞ്ച് വർഷം മുൻപ് നടന്ന 'മിഴി' സിനിമയുടെ ക്ലൈമാക്സ് ഞാൻ ഒന്നു പുനരാവിഷ്ക്കരിക്കാൻ പോവുന്നു"
"എന്തിന് ..."
" ആ ഷൂട്ടിങ്ങിന് ഇടയിൽ ആണല്ലോ ചിത്തിനി എന്ന ഏഴു മാസം ഗർഭിണിയായ തമിഴത്തി യുവതിയും അവളുടെ ഭർത്താവ് കതിരവനും കൊല്ലപ്പെട്ടത്. പ്രധാന പ്രതി ഇന്നും മറവിൽ തന്നെ. പക്ഷേ... "
അലൻ ഒന്നു നിർത്തി;
"പഴയ രംഗം പുനരാവിഷ്കരിക്കുമ്പോൾ യഥാർഥ പ്രതി മറനീക്കി പുറത്ത് വരും. എന്താണ് ചിത്തിനിക്ക് സംഭവിച്ചത് എന്ന് അയാൾ പറയും "
അലൻ എല്ലാവരെയും ഒന്നു നോക്കി.
"അപ്പോൾ... ഷൂട്ടിങ്ങ് തീയതി ഞാൻ അറിയിക്കും. എല്ലാവരും ബംഗ്ലാവിൽ ഉണ്ടാവണം" അലൻ തിരിഞ്ഞ് ജീപ്പിനു നേരെ നടന്നു.
"ഗർഭിണിയുടെ വേഷം ചിത്തിനിക്കു പകരമായി ആര് അവതരിപ്പിക്കും സാറേ ..." പരിഹാസത്തിലായിരുന്നു പൊൻകുരിശ് സേവ്യറിന്റെ  ചോദ്യം.
അലൻ ഒന്നു നിന്നു. പിന്നെ, തല തിരിച്ച് സേവ്യറിനെ നോക്കി. ഒരു പുഞ്ചിരിയോടെ ശാന്തമായിട്ടായിരുന്നു മറുപടി.
"ഒരു നിയോഗം പോലെ ഈ പാതിരി വനത്തിൽ വന്നുപെട്ട ഒരു ഗർഭിണി എന്റെ വീട്ടിൽ ഉണ്ടല്ലോ. എന്റെ ഭാര്യ സീത.
ചിത്തിനിയെ പോലെ തന്നെ ഏഴു മാസം ഗർഭിണി. അവൾ ചെയ്തോളും." അലൻ ജീപ്പിലേക്ക് കയറി.
ജീപ്പ് സ്റ്റാർട്ടായി കാട്ടുപാതയിലേക്ക് ഇറങ്ങി. സ്തംഭിച്ച് നിൽക്കുക ആയിരുന്നു പൊൻകുരിശ് സേവ്യർ.

അധ്യായം 29

29

അധ്യായം 29

ചിത്തിനിയെ പിടിക്കാൻ കരിമഠം കോട്ട മുത്തി

എഎസ്ഐ യോഹന്നാനും പൊലീസുകാരും അലനു മുമ്പിൽ ഉണ്ടായിരുന്നു.
"സാറേ..."
യോഹന്നാൻ അലനെ നോക്കി;
" ഏതോ ഒരു മന്ത്രവാദിയെ പൊൻകുരിശ് സേവ്യർ സാർ കൊണ്ടു വന്നിട്ടുണ്ട്. അവർ പ്രേതത്തെ പിടിക്കട്ടെ, ആ വഴിക്ക് പോവുന്നതല്ലേ നല്ലത് "

" യോഹന്നാന് പേടിയുണ്ടോ? " അലൻ തിരിഞ്ഞ് യോഹന്നാനെ നോക്കി;
" ഇത്... യഥാർഥ ശത്രുവിനെ കണ്ടെത്താനുള്ള ഒടുക്കത്തെ കളിയാ യോഹന്നാനെ"
"എന്തിന്? " യോഹന്നാൻ അൽപം മൂർച്ചയോടെയാണ് അലനെ നോക്കിയത്.
"സാറ് എന്തിനാ ഈ ആവശ്യമില്ലാത്ത കളിക്ക് നിൽക്കുന്നത് ..."
"ആവശ്യമില്ലാത്ത കളി അല്ല യോഹന്നാനേ..." അലൻ എണീറ്റു. പിന്നെ ഒരു സിഗരറ്റ് എടുത്ത് ചുണ്ടിൽ വച്ചു.
"സീതയുടെ അച്ഛനാ ചിത്തിനിയെ ബന്ധിച്ചത്. നീതി കിട്ടാതെ ബന്ധിക്കപ്പെട്ട ഒരു പ്രേതം. അവർക്ക് നീതി കൊടുക്കാൻ ഒരു നിയോഗം ആയിട്ടാണ് ഞാനീ പാതിരി വനത്തിൽ എത്തിയതെങ്കിലോ?''
"സാറ് ചുമ്മാ... മറ്റുള്ളവരുടെ ജീവൻ കൂടി അപകടത്തിലാക്കുവാ..." യോഹന്നാൻ മുഷിച്ചിലോടെ എണീറ്റു.
"ഞങ്ങൾ പാവം പൊലീസുകാർക്ക് ഇത്രയും ധൈര്യം ഒന്നുമില്ല. ഞങ്ങളതു കൊണ്ട് ഈ മന്ത്രവാദത്തിന് ഒന്നുമില്ല. സാറിനെ ഒരു അനുജനെ പോലെ കണ്ട് ഇതുവരെ കൂടെ നിന്നു. ഇനി പറ്റത്തില്ല സാറേ ... പൊലീസ് ട്രെയിനിംഗ് ക്യാമ്പിൽ പഠിച്ചത് കവടി നെരത്തലും ഹോമകുണ്ഡം ഉണ്ടാക്കലും ഒന്നും അല്ലല്ലോ ..."
അലന്റെ മുഖത്ത് നേർത്ത ചിരി ആയിരുന്നു.
"യോഹന്നാനെ" അലൻ സിഗരറ്റിന്റെ ഒരു പുക കൂടി ഊതി വിട്ടു.
"എന്തായാലും മറ്റന്നാൾ വെള്ളിയാഴ്ച ... അമാവാസി ദിവസം. ഇവിടെ ഷൂട്ടിംഗ് നടക്കും. ക്യാമറാ ക്രൂ പുറപ്പെട്ടു കഴിഞ്ഞു."
അലൻ പതിയെ തിരിഞ്ഞു
''കൂടെ നിൽക്കുന്നവർ രക്ഷപ്പെടും. അല്ലാത്തവർ ജീവനോടെ പാതിരിവനം കടക്കില്ല.. " യോഹന്നാന്റെ തൊണ്ട വരണ്ടു. അലൻ ഒരു പുക കൂടി എടുത്തു;
"സത്യം കണ്ടെത്താനായി... ഞാൻ എന്റെ ഭാര്യയുടെ ജീവൻ വച്ച് നടത്തുന്ന കളിയാ. ധൈര്യമുള്ളവർ കൂടെ നിന്നാൽ മതി. അല്ലാത്തവർ എനിക്ക് ദേ, ഈ കോപ്പാ ..."
വലിച്ചു കൊണ്ടിരുന്ന സിഗരറ്റ് അലൻ മുറ്റത്തേക്ക് വലിച്ചെറിഞ്ഞു.
***** ***** ***** *****
ലോക്കപ്പിലായിരുന്നു പ്രൊഡക്ഷൻ കൺട്രോളർ അറുമുഖം. പരിക്ഷീണനായിരുന്നു.
"അറുമുഖം ... "
അലൻ പതിയെ വിളിച്ചു. പിന്നിലെ ഭക്ഷണപ്പൊതി മുന്നിലേക്ക് നീട്ടിവച്ചു.
" പൊറോട്ടയും മുട്ടക്കറിയുമാ ..."
അറുമുഖം ആർത്തിയോടെ പൊറോട്ട പിച്ചിക്കീറി എടുത്തു.
"അറുമുഖാ..." അലൻ വീണ്ടും വിളിച്ചു.
"മിഴിയുടെ ക്ലൈമാക്സ് നമ്മൾ വീണ്ടും എടുക്കുവാ. നാളെ കഴിഞ്ഞ് അതേ ബംഗ്ലാവിൽ. കൺട്രോളറുടെ സ്ഥാനത്ത് നീ കാണണം"
പൊറോട്ട അറുമുഖത്തിന്റെ തൊണ്ടയിൽ കുടുങ്ങി.
"ശാ ... വേണ്ണാ ശർ. അതു വന്ത് റൊമ്പ ഡേഞ്ചർ ശാർ''
"സാരമില്ല " അലൻ പുഞ്ചിരിച്ചു.
"നമ്മുക്ക് നോക്കാം... എന്തു സംഭവിക്കും എന്ന് "
അലൻ പതിയെ തിരിഞ്ഞു, പിന്നെ എണീറ്റു. ലോക്കപ്പിന് പുറത്തേക്ക് വന്നു.
***** ***** ***** ******
"ഗർഭിണിയായി മരിച്ച ഒരു പെണ്ണിന്റെ അസ്ഥിക്കഷണം, കാട്ടു കാഞ്ഞിരത്തിന്റെ തെക്കോട്ട് പോവുന്ന വേര്, പതിനൊന്നു കുട്ട ഇലഞ്ഞിപ്പൂവ്, പനനിയുടെ കരൾ, ആറു കുട്ട ചേന, കുന്തിരക്കവും സാമ്പ്രാണിയും കർപ്പൂരവും കുട്ടക്കണക്കിന്..." കരിമഠം കോട്ടമുത്തി പൊൻകുരിശ് സേവ്യറിനെ നോക്കി.
"നാളെ കഴിഞ്ഞ് അമാവാസി രാത്രിയിൽ ആവാഹനം. പിന്നെ നിങ്ങൾ ഒന്നും പേടിക്കേണ്ട..."
"അല്ല... ഈ ഗർഭിണിയായി മരിച്ച പെണ്ണിന്റെ അസ്ഥിയൊക്കെ ...."
"അതൊന്നുമെനിക്ക് അറിയില്ല.. "
ചുമലിൽ കിടന്നിരുന്ന കറുത്ത ഷാൾ ഒന്നു കൂടി വാരിപ്പുതച്ച് കൊണ്ട് കരിമഠം കോട്ട മുത്തി എണ്ണീറ്റു.
"എല്ലാം നാളെ കഴിഞ്ഞ് രാത്രി ഏഴു മണിക്ക് വേണം... "
***** ***** ***** ******
" സീതേ ..." സീതയുടെ വയറിൽ തലോടിക്കൊണ്ട് അലൻ പതിയെ വിളിച്ചു.
" നിനക്ക് പേടിയുണ്ടോ...?"
" ഇല്ല ഏട്ടാ..." സീതയുടെ സ്വരം ശാന്തമായിരുന്നു.
"നാളെ ഒരു ദിവസം കൂടിയേ നമ്മുടെ മുമ്പിലുള്ളു"
" അറിയാം" സീത അലനോട് പറ്റിച്ചേർന്നു.
" ഏട്ടൻ പറയും പോലെ നമ്മൾ ഇവിടെ വന്നത് ഒരു നിയോഗം ആണ്. ആ നിയോഗം തീർത്ത് കഴിയുമെങ്കിൽ നമ്മുക്ക് തിരിച്ച് പോവാം.
ഇല്ലെങ്കിൽ വരുന്ന വിധിക്ക് കീഴടങ്ങാം..."
"ഇല്ല. നിനക്ക് ഒന്നും സംഭവിക്കില്ല" അലൻ സീതയെ ചേർത്തു പിടിച്ചു. വരിഞ്ഞു മുറുക്കി നെറ്റിയിൽ ഒന്നു ചുംബിച്ചു.
***** ***** ***** *****
അമാവാസി ദിവസം. അവസാന കളിക്ക് കളം ഒരുങ്ങി. ബംഗ്ലാവിനു മുമ്പിലേക്ക് ഷൂട്ടിംഗ് യൂണിറ്റ് വന്നു നിന്നു. പക്ഷേ...

അധ്യായം 30

30

അധ്യായം 30

ചിത്തിനിയുടെ ജീവനെടുത്ത യഥാർഥ വില്ലൻ ആര്?

ഇടിമിന്നൽ പോലെയാണ് പൊലീസ് ജീപ്പ് പാഞ്ഞു വന്നത്. അലന്റെ ബംഗ്ലാവിനു മുമ്പിൽ ജീപ്പ് നിന്നു. ചക്രങ്ങൾ ചരലിൽ ഉരസിയ ജീപ്പ് കുറെക്കൂടി മുമ്പോട്ട് നിരങ്ങി പോയി.
"സാറേ ... " വിളിച്ചു കൊണ്ട് എ.എസ്.ഐ യോഹന്നാൻ ചാടിയിറങ്ങി.
"സാറേ ... " ഷൂട്ടിങ് ക്രൂവിലുള്ള പത്ത് പേർ അവിടെ ഉണ്ടായിരുന്നു. അവരെ യോഹന്നാൻ ഒന്നു ശ്രദ്ധിച്ചു. യോദ്ധാക്കളെ പോലെ ശരീരപുഷ്ഠി ഉള്ളവർ.

"സാറേ ..."
യോഹന്നാൻ ഒന്നു കൂടി വിളിച്ചു. അലൻ അകത്തു നിന്ന് ധൃതിയിൽ വന്നു.
"എന്താ യോഹന്നാനേ... " അലന്റെ കണ്ണുകൾ ഒന്നു മിന്നി.
"സാറേ... " യോഹന്നാൻ കിതച്ചു;
"അറുമുഖം ... "
"അറുമുഖത്തിന് എന്തു പറ്റി?" അലന്റെ മിഴികൾ പിടഞ്ഞു.
" കാണാനില്ല ... "
" കാണാനില്ലെന്നോ ..." അലന്റെ മുഖം മാറി.
"ലോക്കപ്പിൽ ഇട്ടിരുന്ന ഒരു പ്രതിയെ കാണാനില്ലെന്നോ..?" അലൻ മുമ്പോട്ട് കുതിച്ചു വന്നു.
"യോഹന്നാനേ... മാന്യമായി പെരുമാറുന്ന അലന്റെ മുഖം മാത്രമേ താൻ കണ്ടിട്ടുള്ളു. ഉത്തരവാദിത്വക്കേട് ഞാൻ വച്ച് പൊറുപ്പിക്കില്ല"
"സാറേ ... പ്ലീസ്'' യോഹന്നാൻ ദൈന്യതയോടെ അലനെ നോക്കി.
"ആരും ഒന്നും മനപ്പൂർവം ചെയ്തത് അല്ല. ഭക്ഷണം കൊടുക്കാനായി പോയ മുരളിയെയും രാജേന്ദ്രനെയും അടിച്ചിട്ടിട്ട് അവൻ വനത്തിലേക്ക് ഓടി... " യോഹന്നാൻ ഒന്നു നിർത്തി,
''ഒന്നുകിൽ ചിത്തിനി അവനെ പിടിക്കും... അല്ലെങ്കിൽ സേവ്യർ മുതലാളീടെ ആളുകൾ ..." യോഹന്നാൻ ഒന്നു നിർത്തി.
"ഞാൻ സേവ്യർ മുതലാളിയെ വിളിച്ച് പറഞ്ഞിട്ടുണ്ട്... "
"സേവ്യർ മുതലാളി ആരാടോ... ഇവിടുത്തെ ... ങേ " അലൻ പൊട്ടിത്തെറിച്ചു.
" അയാളാരാ യോഹന്നാന്റെ എസ്പി യോ?"
" അയ്യോ സാറേ ... " യോഹന്നാൻ അബദ്ധം പിണഞ്ഞതു പോലെ നിന്നു.
" ഞാനൊരു ലോക്കൽ സപ്പോർട്ടിന് ..."
" ലോക്കൽ സപ്പോർട്ട്... കോപ്പ് " അലനു ദേഷ്യം വന്നു.
" ഇന്നു സന്ധ്യയ്ക്ക് മുമ്പായി ചാടിപ്പോയവനെ എനിക്കു കിട്ടണം." അലന്റെ മിഴികൾ കുറുകി.
" ഇല്ലെങ്കിൽ യോഹന്നാനേ... " അലന്റെ സ്വരം മാറി.
" സൗഹൃദം വേറെ ... പ്രൊഫഷൻ വേറെ. ഇന്നു കൊണ്ടു തെളിയിക്കും ഞാൻ ചിത്തിനിയുടെ കേസ്... എന്തുവന്നാലും എനിക്കത് തെളിയിച്ചേ പറ്റൂ.. "
"സാറീ ആവശ്യമില്ലാത്ത പണിക്ക് ഇറങ്ങി പുറപ്പെട്ടത് ആണ് എല്ലാവരുടെയും ജീവൻ അപകടത്തിലാക്കിയത്..."
മറുപടിയായി അലൻ ഒന്നു ചിരിച്ചതേയുള്ളു.
"യോഹന്നാൻ ചെല്ല്. അപകടത്തിലാവേണ്ട ജീവനേ അപകടത്തിലാവു " അലൻ തിരിഞ്ഞു.
"ങാ.. പിന്നൊരു കാര്യം." അലൻ തല തിരിച്ച് യോഹന്നാനെ നോക്കി.
" ഒരു ജീപ്പ് വിടണം. എനിക്ക് ചില യാത്രകൾ ഉണ്ട് പാതിരി വനത്തിലൂടെ... ഇലഞ്ഞിക്കാവിലൂടെ ഘണ്ടാകർണ്ണൻ തറയിലൂടെ... "
" സാറ് അപകടം വിലയ്ക്ക് വാങ്ങുകയാണ്... ' യോഹന്നാന്റെ മിഴികൾ വൈരപ്പൊടി വീണതു പോലെ ഒന്നു മിന്നി.
" ഇത് തീക്കളിയാണ് സാറേ ... ഞാൻ വീണ്ടും പറയുന്നു "
"സാരമില്ല." അലനും ചിരിച്ചു.
"കളിച്ചാൽ തീ കൊണ്ട് കളിക്കണം. മകുടി ഊതിയാൽ അത് മൂർഖന് മുമ്പിൽ ഊതണം. നീർക്കോലിയെ കൊഞ്ഞനം കുത്തിയിട്ട് എന്തു കാര്യം യോഹന്നാനേ... " അലൻ ഒന്നു നിർത്തി;
"ങാ പിന്നെ... രാത്രി എല്ലാവരും ഇവിടെ കാണണം. മിഴിയുടെ ക്ലൈമാക്സിന്റെ റീ– ഷൂട്ട് കാണാൻ. ആ കൂട്ടത്തിൽ... "
അലൻ പാതി വഴിയിൽ ഒന്നു നിർത്തി.
"ലോക്കപ്പിൽ നിന്ന് കാണാതായ പഴയ പ്രൊഡക്ഷൻ കൺട്രോളർ അറുമുഖവും ഉണ്ടാവണം" അന്ത്യശാസനം പോലെ ആയിരുന്നു അവസാന വാചകം. യോഹന്നാൻ ഒന്നും മിണ്ടാതെ തിരിഞ്ഞു. പിന്നെ, ജീപ്പിലേക്ക് കയറി. ജീപ്പ് സ്റ്റാർട്ട് ആയി മുറ്റത്ത് തിരിഞ്ഞു.
അലൻ തിരിയുമ്പോൾ തൊട്ടു പിന്നിൽ സീത നിൽപ്പുണ്ടായിരുന്നു.
" സീതേ ... " അലൻ സീതയെ ചേർത്തു പിടിച്ചു.
"നിനക്ക് പേടിയുണ്ടോ?"
"ഇല്ല " സീതയുടെ മിഴികൾ ദൃഢമായി.
"പേടി ഇല്ലെന്ന് ഞാൻ നേരത്തെ ഏട്ടനോട് പറഞ്ഞതല്ലേ... പക്ഷേ... " സീത ഒന്നു നിർത്തി.
"എന്ത് പക്ഷേ.... " അലൻ സീതയെ നോക്കി.
"എന്തോ ഒരു വലിയ അപകടം വരാൻ പോവുന്നത് പോലെ.
ചിത്തിനിക്ക് നീതി കിട്ടില്ല എന്നു മനസ്സു പറയുന്നു ......"
അലന്റെ കണ്ണുകളിൽ ഒന്നു ഞെട്ടലുണ്ടായി. ഒരു നിമിഷം അലൻ ഒന്നും മിണ്ടാതെ നിന്നു. പിന്നെ, സീതയെ നോക്കി.
" നിന്റെ വീട്ടിലൊന്ന് വിളിക്ക് " സീത അമ്പരന്നു പോയി;
"എന്താ ഏട്ടൻ പറഞ്ഞത് ?"
"നിന്റെ വീട്ടിൽ ഒന്നു വിളിക്കാൻ. അവസാന യുദ്ധത്തിനു മുമ്പ്, നമ്മുക്കു വേണ്ട ഉപദേശം അവിടെ നിന്നു വരും... " അലൻ സീതയെ ചേർത്തണച്ചു.
***** ****** ***** ***** *****
വനം എഎസ്ഐ യോഹന്നാന്റെ ജീപ്പ് ഓടിക്കൊണ്ടേയിരുന്നു. പൊടുന്നനെ മരങ്ങൾക്കു പിന്നിൽ നിന്ന് ഒരു കല്ല് ചീറി വന്നു. പടക്കം പൊട്ടുന്ന ശബ്ദത്തോടെ ജീപ്പിന്റെ മുൻ ഗ്ലാസ് വിണ്ടു കീറി. യോഹന്നാൻ ഒരു ആന്തലോടെ ബ്രേക്ക് ചവിട്ടി. ജീപ്പ് പാളി നിന്നു. മരങ്ങൾക്കിടയിലൂടെ ഒരാൾ കുതിച്ചു പായുന്നതു കണ്ടു.
ലോക്കപ്പിൽ നിന്ന് ചാടിപ്പോയ പ്രൊഡക്ഷൻ കൺട്രോളർ അറുമുഖം ആണ് അതെന്ന് എഎസ്ഐ യോഹന്നാന് മനസ്സിലായി.
" അറുമുഖം ... ഓടരുത്.. "
യോഹന്നാൻ അലറി. പക്ഷേ, തീ പിടിച്ച കാട്ടു മുയലിനെ പോലെ അറുമുഖം മരങ്ങൾക്കിടയിലൂടെ കുതിച്ചു പാഞ്ഞു. യോഹന്നാൻ തിരികെ ജീപ്പിലേക്ക് കയറി. പല്ലു ഞെരിച്ചു കൊണ്ട് ജീപ്പ് മുമ്പോട്ട് എടുത്തു.
***** ***** ***** ***** ******
അലന്റെ ബംഗ്ലാവിനു പിന്നിലെ കാപ്പിത്തോട്ടം. പകലും ഇരുട്ടു നിറഞ്ഞ വഴിയിലൂടെ അറുമുഖം അവിടെ എത്തി. പിന്നെ, കാപ്പിച്ചെടികളുടെ മറവു പറ്റി ബംഗ്ലാവിനു പിന്നിൽ എത്തി. ഇതേ സമയം ഒരു പൊലീസ് ജീപ്പ് ബംഗ്ലാവിന്റെ മുറ്റത്തേയ്ക്ക് വന്നു നിന്നു. അലൻ ബംഗ്ലാവിൽ നിന്ന് ഇറങ്ങി വരുന്നത് അറുമുഖം കണ്ടു. അറുമുഖത്തിന്റെ പല്ലുകൾ ഞെരിഞ്ഞു.
"നീ പോ... പോടാ "
അറുമുഖത്തിന്റെ ശബ്ദത്തിൽ ആവി തിങ്ങി.
"നീ തിരിച്ചു വരുമ്പോഴേക്കും... നിന്റെ ഭാര്യയുടെ ജീവൻ ഞാൻ എടുത്തിരിക്കും''
അറുമുഖം കാപ്പിച്ചെടികളുടെ മറപറ്റി ബംഗ്ലാവിന്റെ പിന്നിലേക്ക് വന്നു. അലനെയും കൊണ്ട് പൊലീസ് ജീപ്പ് പതിയെ കാട്ടുപാതയിലേക്ക് തിരിഞ്ഞിറങ്ങി.
***** ***** ****** ****** ******
ഇലഞ്ഞിക്കാവിൽ ഇരുട്ട് ആയിരുന്നു. ആദിവാസി മൂപ്പൻ വെളുത്തയുമായി സംസാരിച്ചിട്ട് അലൻ ജീപ്പിന് അടുത്ത് എത്തി. പൊടുന്നനെ അലൻ ഒന്നു നിന്നു. ഇലഞ്ഞിമരങ്ങൾക്ക് പിന്നിൽ ആളനക്കം ഉണ്ടോ?
അലൻ തിരിഞ്ഞതും മുഖത്തിന് ഒരു ഇടി കിട്ടി. ജീപ്പിന്റെ ബോണറ്റിനു മീതെ കൂടി അലൻ പിന്നിലേക്ക് തെറിച്ചു വീണു. ഇലഞ്ഞിപ്പൂക്കൾ ചിതറിപ്പറന്നു.
"അലൻ സാർ ..." ഒരു വിളി കേട്ടു. അലൻ തിരിഞ്ഞതും ഒരു ഇടികൂടി കിട്ടി. അലന്റെ തല ചെന്നിടിച്ച് ജീപ്പിന്റെ ഹെഡ് ലൈറ്റുകളിലൊന്ന് ഉടഞ്ഞു ചിതറിപ്പോയി. അലൻ തറയിലേയ്ക്കു വീണു. ആരാണ് ആക്രമിക്കുന്നത് എന്ന് അലന് കാണാനായില്ല. അടുത്ത നിമിഷം, തറയിൽ എന്തോ ഉരയുന്ന ശബ്ദം കേട്ടു. അലൻ കിടന്നു കൊണ്ട് തന്നെ തല തിരിച്ചു.
ഒരു ചുറ്റിക വലിച്ചു കൊണ്ട് ഒരാൾ വരുന്നതു കണ്ടു. നീളമേറിയ അതിന്റെ പിടിയിൽ പിടിച്ചിരുന്ന അയാൾ കടും ചുവപ്പുള്ള നെടുങ്കൻ കുപ്പായം ആണ് ധരിച്ചിരുന്നത്. തല മൂടി ഒരു പ്ലാസ്റ്റിക് ചാക്ക് ധരിച്ചിരുന്നു.
"ഞാനാ.. നീ തിരയുന്ന ദാവീദ്. മിഴിയുടെ സംവിധായകൻ ... "
ചുറ്റിക കൈയിലിട്ട് ചുഴറ്റിക്കൊണ്ട് അയാൾ അലനു നേരെ വന്നു.

അധ്യായം 31

31

അധ്യായം 31

സീതയെ കൊല്ലാൻ അറുമുഖം !

അലൻ തറയിൽ കൈ കുത്തി എണീറ്റു. ചുവപ്പ് കുപ്പായം ധരിച്ച ആളുടെ കയ്യിലെ ചുറ്റികയിൽ ആയിരുന്നു അലന്റെ നോട്ടം.
" ദാവീദ് ..." അലന്റെ സ്വരം വിറച്ചു.
"അതെ "
പ്ലാസ്റ്റിക് ചാക്ക് കൊണ്ട് തല മൂടിക്കെട്ടിയിരുന്ന അയാളുടെ ശബ്ദത്തിന് വല്ലാത്ത മുഴക്കം ഉണ്ടായിരുന്നു.

"ഇരുപത്തഞ്ച് വർഷത്തിനു പിന്നിലെ മരണ രഹസ്യം തേടിയിറങ്ങിയവന് ഞാൻ മരണം വിധിക്കുന്നു. മരണവുമായി പകിട കളിക്കുന്നവനാ ദാവീദ്. അത് എല്ലാക്കാലത്തും അങ്ങനെ തന്നെ. പക്ഷേ, എല്ലാ കളികളിലും ജയിച്ചിട്ടുള്ളതും ഞാൻ മാത്രമാ. ആ എന്റെ മുമ്പിൽ ഒരു ഗർഭിണി പ്രേതത്തെയും കൂട്ടുപിടിച്ചു വന്ന് നീ ആളാവാൻ നോക്കിയാൽ എന്റെ സ്വസ്ഥത കെടുത്താൻ നോക്കിയാൽ ഞാൻ വെറുതെ വിടുമോടാ...?" ദാവീദ് വലിയ ചുറ്റിക തലയ്ക്ക് മീതേയ്ക്ക് ഉയർത്തി.
"തുലഞ്ഞ് പോ നീ ... " മിന്നൽവേഗത്തിൽ ചുറ്റിക താഴ്ന്നു വന്നു. ആഞ്ഞൊരടി! അലൻ മിന്നൽ പോലെ ഒഴിഞ്ഞു മാറി. പൊലീസ് ജീപ്പിന്റെ ഫ്രണ്ട് ഗ്ലാസ് ഉടഞ്ഞു ചിതറി പോയി.
അടുത്ത നിമിഷം ഇലഞ്ഞിമരങ്ങൾക്ക് ഇടയിലുള്ള റോഡിൽ നിന്ന് ഒരു വാഹനത്തിന്റെ ഇരമ്പൽ കേട്ടു. അലന്റെ എതിരാളിയുടെ ശ്രദ്ധ ഒന്നു പാളി. ആ നിമിഷം കൊണ്ട് അലൻ അയാളുടെ ദേഹത്തേക്ക് പറന്നു വന്നു. തലയിലെ പ്ലാസ്റ്റിക് ചാക്ക് മാറ്റി ആളെ തിരിച്ചറിയുക ആയിരുന്നു ലക്ഷ്യം. കത്രികപ്പൂട്ടിൽ മുറുക്കി അയാളെ വീഴ്ത്താൻ നോക്കിയെങ്കിലും കഴിഞ്ഞില്ല. അപ്പോഴേക്കും ടാറ്റാ സുമോവാൻ ഇലഞ്ഞിമര കാട്ടിലേക്ക് വന്നു നിന്നു. പൊൻകുരിശ് സേവ്യറും അനുയായികളും ഇറങ്ങി.
"സാറേ ....." സേവ്യർ ഉച്ചത്തിൽ വിളിച്ചു. അലൻ തല തിരിച്ചു. ആ നിമിഷം കൊണ്ട് എതിരാളി അലനെ വട്ടം കറക്കി എറിഞ്ഞു. പിന്നെ, ഇലഞ്ഞി മരങ്ങൾക്ക് ഇടയിലൂടെ ഓടിപ്പോയി. ഇലഞ്ഞിപ്പൂക്കൾ ചിതറിച്ചു കൊണ്ട് അലൻ തറയിലൂടെ നിരങ്ങിപ്പോയി.
"സാറേ ....." സേവ്യർ ഓടി വന്നു.
" എന്നതാ സാറേ... കാര്യം... ആരാ അത്...?"
തറയിൽ കൈ കുത്തി അലൻ പതിയെ എണീറ്റു. പിന്നെ, സേവ്യറിന്റെ മുഖത്തേക്ക് നോക്കി.
"അതാണ് കഥയിലെ യഥാർത്ഥ വില്ലൻ.''
അലൻ കിതച്ചു.
"ആര്?"
പൊൻകുരിശ് സേവ്യറിന് പിടി കിട്ടിയില്ല.
"സേവ്യർ സാറിന് അറിയാവുന്ന ആളാ. പഴയ 'മിഴി' സിനിമയുടെ ഡയറക്ടർ ദാവീദ് "
"അയ്യോ " സേവ്യർ ഞെട്ടി.
"അവനെന്തിനാ ... സാറിനെ ഉപദ്രവിക്കാൻ വന്നത് ?"
"അത് ഊഹിക്കാവുന്ന കാര്യമല്ലേ സേവ്യർ സാറേ ....." അലൻ ചിരിച്ചു. അർഥഗർഭമായ ഒരു ചിരി ആയിരുന്നു അത്.
"കാര്യമൊക്കെ ... സേവ്യർ സാറിന് ഊഹിക്കാവുന്നതേയുള്ളു. എന്താണ് ചിത്തിനിക്ക് സംഭവിച്ചത് എന്നും ആരാണ് ചിത്തിനിയെ കൊന്നത് എന്നും പുറത്ത് വരരുത് എന്ന് ആഗ്രഹിക്കുന്ന ആൾ എന്റെ തല ഉന്നം വയ്ക്കത്തില്ലേ സേവ്യർ സാറേ .....?" പൊൻകുരിശ് സേവ്യറിന്റെ കണ്ണുകളിലേക്ക് തുറിച്ചു നോക്കിക്കൊണ്ടാണ് അലൻ അതു ചോദിച്ചത്.
അടിയേറ്റതു പോലെ സേവ്യറിന്റെ മുഖം വിളറിപ്പോയി.
"അല്ല സേവ്യർ സാർ എന്താ ഇവിടെ '' അലൻ സേവ്യറിനെ ഒന്നു ചുഴിഞ്ഞു നോക്കി.
"കൃത്യ സമയത്ത് തന്നെ ഇലഞ്ഞിക്കാവിൽ..."
'' രണ്ട് കാര്യങ്ങളാ സാറേ ......" സേവ്യർ ഒരു ചുവട് മുന്നോട്ട് വച്ചു.
"സ്റ്റേഷനിൽ നിന്ന് ചാടിപ്പോയ ഒരുത്തനില്ലേ... ആ യോഹന്നാൻ സാറ് പറഞ്ഞായിരുന്നു. ഒരു അറുമുഖം. അവനെ കണ്ടു പിടിക്കാം എന്നു വച്ചു... പിന്നെ..... "
"പിന്നെ... ?"
"വൈകിട്ട് ഒരു പൂജയുണ്ട് ബംഗ്ലാവിൽ. അതിന് കുറച്ച് സാധനങ്ങള് കളക്ട് ചെയ്യാൻ.. ഈ കാട്ടു കാഞ്ഞിരത്തിന്റെ വേരും പാലപ്പൂവും പിന്നെ , ആദിവാസി മൂപ്പന്റെ കൈയീന്ന് കുറെ നാട്ടു മരുന്നും" "ഓ... ചിത്തിനിയെ പൂട്ടാൻ ആയിരിക്കും അല്ലേ?" അലൻ ചിരിച്ചു.
"പൂട്ടിയല്ലേ സാറേ .. പറ്റു" സേവ്യറും ചിരിച്ചു.
"വൈകിട്ട് ബംഗ്ലാവിൽ ഒരു ഷൂട്ടിംഗ് ഉണ്ട്. ഞാൻ പറഞ്ഞിരുന്നല്ലോ "
"വരാൻ പറ്റുമോ എന്ന് നോക്കാം സാറേ.. " പൊൻകുരിശ് സേവ്യർ ടാറ്റാ സുമോയ്ക്ക് നേരെ തിരിഞ്ഞു.
"ഓരോരുത്തർക്കും അവരവരുടെ ജീവനല്ലേ വലുത് ..."
"ഇന്നു രാത്രി കൊണ്ട് ഒരു തീരുമാനം ആവും. കാര്യങ്ങൾ. "
അലൻ ജീപ്പിലേക്ക് കയറി. ഇലഞ്ഞിപ്പൂക്കൾക്കു മീതെ കൂടി ജീപ്പിന്റെ ചക്രങ്ങൾ തിരിഞ്ഞു. പൊൻകുരിശ് സേവ്യർ നോക്കി നിൽക്കെ ജീപ്പ് പാഞ്ഞു പോയി. പൊൻകുരിശ് സേവ്യറിന്റെ പല്ലുകൾ ഞെരിഞ്ഞു.
"അതെ... ഇന്നു രാത്രി കൊണ്ട് തീരും എല്ലാം "
അലന്റെ ജീപ്പ് കണ്ണിൽ നിന്ന് മറയുന്നതു വരെ പൊൻകുരിശ് സേവ്യർ നോക്കി നിന്നു.
പിന്നെ, ടാറ്റാ സുമോ വാനിന് നേരെ തിരിഞ്ഞു.
"മരണത്തിന് പിന്നാലെ നടന്ന് മരണം ഇരന്നു വാങ്ങിക്കുന്ന ഒരു എസ്ഐ മണ്ടൻ"
പറഞ്ഞിട്ടും പറഞ്ഞിട്ടും പൊൻകുരിശ് സേവ്യറിന് കലി തീരുന്നില്ലായിരുന്നു.
***** ***** ***** ***** ******
ഈ സമയം...
അലന്റെ ബംഗ്ലാവിനു പിന്നിലെ കാപ്പിത്തോട്ടത്തിൽ ഒളിച്ചിരുന്ന അറുമുഖം പതിയെ പുറത്തേക്ക് ഇറങ്ങി. പിന്നെ, ബംഗ്ലാവിന്റെ പിന്നിലേക്ക് വന്നു. ഇതേ സമയമാണ് ഒറോതച്ചേടത്തി അടുക്കള വാതിൽ തുറന്ന് പുറത്തേക്ക് ഇറങ്ങിയതും. അറുമുഖം ഭിത്തിയിലേക്ക് പറ്റിച്ചേർന്നു നിന്നു.
ഒറോതച്ചേടത്തി വീടിന്റെ മുൻ വശത്തേക്ക് പോയി. അറുമുഖം മിന്നൽ പോലെ അകത്തേക്ക് കയറി.
സീത കുളിമുറിയിൽ ആയിരുന്നു. അറുമുഖം നേരെ കിടപ്പ് മുറിയുടെ വാതിൽക്കൽ എത്തി. കുളിമുറിയിൽ നിന്ന് ഷവർ ചെയ്യുന്ന ശബ്ദം കേൾക്കാമായിരുന്നു. തിരിയാനാഞ്ഞ അറുമുഖം പിടിച്ചു നിർത്തിയതുപോലെ നിന്നു. ഒരു കാഴ്ച കണ്ണിലുടക്കി. മുറിയിലെ കട്ടിലിൽ ആരോ നീണ്ടു നിവർന്നു കിടപ്പുണ്ട്. കരിമ്പടം കൊണ്ട് മൂടിപ്പുതച്ചാണ് കിടപ്പ്. വീർത്ത വയർ നേർത്ത ശ്വാസഗതിയിൽ ഉയർന്നു താഴുന്നു. സീത തന്നെയാണ് പുതച്ച് കിടക്കുന്നത് എന്ന് അറുമുഖത്തിന് ഉറപ്പായി.
അപ്പോൾ കുളിമുറിയിൽ ...?
ആരെങ്കിലുമാവട്ടെ....
അതെക്കുറിച്ച് ചിന്തിക്കാൻ അറുമുഖം അധികം മെനക്കെട്ടില്ല. പതിഞ്ഞ ചുവടുകളോടെ അറുമുഖം അകത്തേക്ക് വന്നു. കട്ടിലിൽ കരിമ്പടം പുതച്ചു കിടന്നയാളുടെ കഴുത്തിനു നേരെ അറുമുഖം കൈ നീട്ടിയതും പല്ലുകടിച്ചു പൊട്ടിക്കുന്ന ഒരു ശബ്ദം മുറിയിലുണ്ടായി. കരിമ്പടം പറന്നു പോയി. കട്ടിലിൽ കിടക്കുന്ന ആളെ കണ്ട് അറുമുഖം കിടുങ്ങി വിറച്ചു പോയി.
ചിത്തിനി!
മുഖം കവിഞ്ഞു കിടന്ന മുടിക്കെട്ടിന് താഴെ സ്ഫടികം പോലത്തെ മിഴികൾ തുറന്നു.
"വന്തിട്ടയാ നീ ... "
ചിത്തിനി ഒന്നു വായ പിളർന്നു. പല്ലുകൾക്ക് ഇടയിൽ ചോര കിനിയുന്നത് അറുമുഖം കണ്ടു. അലറിക്കരയാൻ അറുമുഖം വായ പിളർന്നതേയുള്ളു.
മിന്നൽ വേഗത്തിൽ ചിത്തിനിയുടെ കൈ വന്ന് അറുമുഖത്തിന്റെ കഴുത്തിൽ കുത്തിപ്പിടിച്ചു. പിന്നെ, തൂക്കിയെടുത്ത് ഒറ്റയേറ്. ഒരു വശത്തെ ജനൽ അപ്പാടെ തകർത്തു കൊണ്ട് അറുമുഖം മുറ്റത്തേക്ക് പറന്നു പോയി.
ശബ്ദം കേട്ട് കിടുങ്ങിപ്പോയ സീത ടൗവൽ വാരിപ്പുതച്ചു കൊണ്ട് പുറത്തേക്ക് ഓടി വന്നു. ഒറോതച്ചേടത്തിയും വിറച്ചുകൊണ്ട് മുറ്റത്ത് നിൽപ്പുണ്ടായിരുന്നു.
"മോളേ... "
ഒറോത വിരൽ ചൂണ്ടിയിടത്തേക്ക് സീത നോക്കി. കാപ്പിത്തോട്ടത്തിലൂടെ അറുമുഖം കുതിച്ച് പായുന്നതാണ് കണ്ടത്. പിന്നാലെ, ഒരാൾ പൊക്കത്തിൽ വട്ടം ചുറ്റി ഒരു കരിയിലക്കൂട്ടവും. അറുമുഖം ഒരു വിധം കുതിച്ചു പാഞ്ഞ് റോഡിലെത്തി.
പിന്നെ, കരിവേടകം പുഴയുടെ കരയിലേക്ക് ഓടി. എങ്ങനെയും പുഴ കടന്ന് രക്ഷപ്പെടുകയായിരുന്നു ലക്ഷ്യം. പുഴയുടെ കരയിൽ കെട്ടിയിരുന്ന ചെറിയ ചങ്ങാടം അഴിക്കാനായി അറുമുഖം കുനിഞ്ഞതേയുള്ളു. ഒരു ചീങ്കണ്ണി ഉയർന്നു വരുന്നതു പോലെ വെള്ളത്തിനടിയിൽ നിന്ന് ചിത്തിനി ഉയർന്നു വന്നു. അറുമുഖത്തിന് നിലവിളിക്കാനുള്ള അവസരം പോലും കിട്ടിയില്ല. അതിനു മുമ്പേ ചിത്തിനി അറുമുഖത്തെയും കൊണ്ട് വെള്ളത്തിനടിയിലേക്ക് പോയി. തിളച്ചതു പോലെ വെള്ളം ഒന്ന് ഇളകി മറിഞ്ഞു.
വെള്ളത്തിനടിയിൽ നിന്ന് ചോര നിറത്തിലുള്ള കുമിളകൾ ഉയർന്നു വന്നു കൊണ്ടിരുന്നു.
***** ***** ****** ****** ******
രാത്രി.
അലന്റെ ബംഗ്ലാവിന്റെ രണ്ടാം നിലയിൽ 'മിഴി' സിനിമയുടെ ക്ലൈമാക്സ് ഷൂട്ടിംഗിന്റെ പുനരാവിഷ്ക്കാരത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി.
ഇലഞ്ഞിക്കാവിൽ ചുണ്ണാമ്പ് വള്ളികൾ കൊണ്ടു കെട്ടിയ ഊഞ്ഞാലിൽ ആർത്തു ചിരിച്ചു കൊണ്ട് ചിത്തിനി ഇരിപ്പുണ്ടായിരുന്നു. ആർത്തു ചിരിച്ചു കൊണ്ട് ചിത്തിനി പതിയെ ആടിക്കൊണ്ടിരുന്നു.
ഇതേ സമയം...
ചുവന്ന നെടുങ്കൻ കുപ്പായം ധരിച്ച് .. തല പ്ലാസ്റ്റിക് ചാക്കു കൊണ്ട് കെട്ടിയ ആ രൂപം കാപ്പിത്തോട്ടത്തിലൂടെ പതിയെ വരുന്നുണ്ടായിരുന്നു.
അവസാന യുദ്ധത്തിന് ദാവീദും !
കാപ്പിത്തോട്ടത്തിലൂടെ ചുറ്റികയും വലിച്ചു കൊണ്ട് ദാവീദ് ബംഗ്ലാവിന് നേരെ വന്നു.

അധ്യായം 32

32

അധ്യായം 32

കാഞ്ഞിര പ്രതിമയിൽ ചിത്തിനിക്ക് കെണിയൊരുക്കി കരിമഠം കോട്ടമുത്തി

അലന്റെ ബംഗ്ലാവിനുള്ളിൽ ഷൂട്ടിങ്ങിനുള്ള അവസാന ഒരുക്കങ്ങളും പൂർത്തിയായി കഴിഞ്ഞു. സിവിൽ പൊലീസ് ഓഫീസർമാരായ രാജേന്ദ്രനും മുരളിയും അവിടെ ഉണ്ടായിരുന്നു.
''സാറേ... കുഴപ്പം ഒന്നും വരത്തില്ലല്ലോ അല്ലേ?" മുരളി ഒട്ടൊരു അങ്കലാപ്പോടെ അലനെ നോക്കി.
"എന്തു കുഴപ്പം മുരളീ.. " അലൻ ചിരിച്ചു.
" എല്ലാ കുഴപ്പങ്ങളും ഇന്നു കൊണ്ട് തീരും " അലൻ ഒന്നു നിർത്തി; "മുരളി യോഹന്നാനെ വിളിച്ച് എവിടെ ആയെന്ന് ചോദിക്ക്. 'മിഴി' യുടെ ക്ലൈമാക്സ് പുനരാവിഷ്ക്കരിക്കുമ്പോൾ എല്ലാവരും ഇവിടെ വേണം"
"ശരി സാർ"

അലൻ പടികൾ ഇറങ്ങി താഴേയ്ക്കു ചെന്നു. പകച്ച മിഴികളുമായി ഒറോതച്ചേടത്തി നിൽപ്പുണ്ടായിരുന്നു.
"മോനേ.. " ഒറോതച്ചേടത്തി അലനെ നോക്കി.
"എന്താ ചേടത്തീ.. "
"ചേടത്തിക്ക് പറയാൻ അവകാശം ഉണ്ടോ എന്നൊന്നും അറിയത്തില്ല " പറയാൻ വന്നത് ഒറോതച്ചേടത്തി പാതിവഴിയിൽ നിർത്തി.
"ചേടത്തിക്ക് എന്നോട് എന്തും പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടല്ലോ.. " അലൻ ചിരിച്ചു.
"അല്ല മോനേ.. " ഒറോതച്ചേടത്തി വല്ലായ്മയോടെ ഒന്നു നിർത്തി.
"ഒരു ഗർഭിണിപ്പെണ്ണിന്റെ കഴുത്തിൽ കുരുക്കിട്ടു കൊണ്ടു വേണോ... കേസന്വേഷണവും... കേസ് തെളിയിക്കലും ഒക്കെ... "
ഒറോതച്ചേടത്തിയുടെ കണ്ണുകൾ നനഞ്ഞു.
"വല്ലതുമൊരു കൈപ്പിഴ പറ്റിയാൽ ... ജീവനുകൾ ഒന്നല്ല ... രണ്ടാ നമ്മുക്ക് നഷ്ടപ്പെടുന്നത്.." അലന്റെ ഉള്ള് ഒന്നുലഞ്ഞു.
"ഒന്നും .. ഒന്നും സംഭവിക്കത്തില്ല ചേടത്തീ "
"സംഭവിക്കാതെ  കർത്താവ് കാത്തു രക്ഷിക്കട്ടെ .. " ചുമലിൽ കിടന്ന തോർത്ത് മുണ്ടിൽ കൺകോണുകൾ ഒപ്പിക്കൊണ്ട് ഒറോതച്ചേടത്തി തിരിഞ്ഞു നടന്നു.
ഒരു നിമിഷം അലൻ ആ പോക്ക് നോക്ക് നിന്നു. പിന്നെ, മുറിയിലേക്ക് വന്നു. കട്ടിലിൽ സീത ഇരിപ്പുണ്ടായിരുന്നു.
"തുടങ്ങാറായോ ഷൂട്ടിങ്ങ്?" സീത പുഞ്ചിരിയോടെ അലനെ നോക്കി.
"സീതേ .. " അലൻ സീതയെ ചേർത്തു പിടിച്ചു.
"നിനക്ക് പേടിയുണ്ടോ?"
"എന്തിന് ...?" സീത കണ്ണുകൾ വിടർത്തി അലനെ നോക്കി.
"എന്റെ അല്ലു അടുത്തുള്ളപ്പോൾ ഞാൻ എന്തിന് പേടിക്കണം.... ?"
"അല്ല .. അപകടം പിടിച്ചൊരു കളിക്കാണ് നമ്മൾ പോവുന്നത് "
"സോ.. ?" സീത അലനോട് അൽപ്പം കൂടി ചേർന്നു നിന്നു.
"സത്യം കണ്ടെത്താനല്ലേ... ദൈവം നമ്മുടെ കൂടെയുണ്ടാവും. ദൈവം മാത്രമല്ല..." സീത ഒന്നു നിർത്തി.
" ചിത്തിനിയും ...."
"ചിത്തിനിയോ?" അലൻ അമ്പരന്നു.
"അതെ" സീതയുടെ പല്ലുകൾ ഒന്നു ചേർന്ന് അമർന്നു.
" ചിത്തിനി തന്നെ, സ്വന്തം മരണ രഹസ്യം ലോകത്തിന് മുമ്പിൽ വെളിപ്പെടേണ്ടത്... ചിത്തിനിയുടെ ആവശ്യം അല്ലേ?" സീതയുടെ കണ്ണുകളിൽ സ്ഫടിക സമാനമായ ഒരു തിളക്കം ഉണ്ടായത് അലൻ കണ്ടില്ല.
"സാർ.. " ഹാളിൽ നിന്ന് മുരളിയുടെ വിളി കേട്ടു. സീതയെ അടർത്തി മാറ്റിയിട്ട് അലൻ ധൃതിയിൽ ഹാളിലേക്ക് വന്നു.
"എന്താ മുരളീ ..?"
"യോഹന്നാൻ സാറിനെ വിളിച്ചിട്ട് കിട്ടുന്നില്ല.. "
" കിട്ടുന്നില്ലേ?"
"ഇല്ല. ഫോൺ സ്വിച്ച്ഡ് ഓഫ് എന്നാണ് പറയുന്നത്. " മുരളി ഒന്നു നിർത്തി.
"സ്റ്റേഷനിൽ വിളിച്ചപ്പോൾ ... ഒരു മണിക്കൂർ മുമ്പ് അവിടുന്നു പോന്നു എന്നാണ് അറിയാൻ കഴിഞ്ഞത്..." അലന്റെ നെറ്റി ചുളിഞ്ഞു.
"സാറേ... ഇനി വരുന്ന വഴി വല്ല അപകടവും" മുരളിയുടെ സ്വരത്തിൽ ഒരു പകപ്പ് ഉണ്ടായി.
"പൊൻകുരിശ് സേവ്യറിനെ ഒന്നു വിളിച്ച് അവിടെ ചെന്നോ എന്ന് തെരക്ക്. ഇന്ന് അവിടെ എന്തോ പൂജയുണ്ടല്ലോ. യോഹന്നാൻ ഇനി നമ്മുടെ പരിപാടി വിട്ടിട്ട് അങ്ങോട്ട് പോയോ എന്ന്. "
"ശരി സാർ"
മുരളി ഫോൺ എടുത്തു തിരിഞ്ഞു. ഒരു മിനിറ്റിനകം മുരളി തിരികെ ഹാളിലേയ്ക്കു വന്നു.
"ഇല്ല സാർ. യോഹന്നാൻ സാറ് അവിടെയുമില്ല."
അലന്റെ മിഴികൾ ഒന്നു വെട്ടിപ്പിടഞ്ഞു. യോഹന്നാൻ പിന്നെ എവിടെ? കരയ്ക്കിട്ട മീനുകളെ പോലെ അലന്റെ ചെന്നിയിലെ ഞരമ്പുകൾ പിടച്ചു കൊണ്ടിരുന്നു. അലൻ പതിയെ പുറത്തേയ്ക്ക് ഇറങ്ങി. കാപ്പിത്തോട്ടത്തിൽ മരണം പതിയിരിക്കുന്നത് അറിയാതെ.
***** ***** ***** *****
പൊൻകുരിശ് സേവ്യറിന്റെ ഔട്ട്ഹൗസ്.
കാട്ടു കാഞ്ഞിരമരത്തിന്റെ തെക്കോട്ടു വളർന്ന വേര് മുറിച്ചെടുത്ത് അതിൽ തീർത്ത ഗർഭിണി പ്രതിമയിൽ പതിനായിരത്തൊന്ന് പച്ച ഈർക്കിലികൾ കരിമഠം കോട്ട മുത്തി കുത്തി. പിന്നെ പച്ച ദർഭപ്പുല്ലു കൊണ്ട് ചുറ്റിവരിഞ്ഞു. പിന്നെ ഇലഞ്ഞിപ്പൂമാല ചാർത്തി.
കുത്തി നിർത്തിയിരുന്ന പന്തങ്ങൾ  അണച്ചതിനു ശേഷം കരിമഠം കോട്ടമുത്തി തല തിരിച്ച് സേവ്യറിനെ നോക്കി.
"നമ്മുക്ക് ആ ബംഗ്ലാവ് വരെ പോവാം. എനിക്ക് ആ കിണർ കാണണം. ഈ പ്രതിമ അതിനുള്ളിൽ ഇറക്കി കിണർ മൂടണം. പിന്നെ ചിത്തിനിയുടെ ശല്യം ഉണ്ടാവില്ല! "
"അയ്യോ " സേവ്യർ ഒന്നു ഞെട്ടി.
''ഇപ്പോൾ തന്നെ പോവണോ?"
"വേണം. അമാവാസി തീർന്ന് പുലരി വെളിച്ചം പരക്കും മുമ്പ് എല്ലാം തീരണം "
"എന്നാ പോവാം അല്ലിയോടാ" സേവ്യർ പിന്നിൽ നിന്നിരുന്ന മല്ലന്മാരെ നോക്കി. അവർ തല കുലുക്കി.
പിന്നെ, താമസിച്ചില്ല രണ്ടു വാഹനങ്ങളിലായി സേവ്യറും കൂട്ടരും പുറപ്പെട്ടു. മുമ്പിലെ ടാറ്റാ സഫാരിയിൽ ഗുണ്ടകൾ ആയിരുന്നു.
പിന്നിലെ ലാൻഡ് റോവറിൽ സേവ്യർ മുതലാളിയും കരിമഠം കോട്ടമുത്തിയും കരിമഠം കോട്ട മുത്തിയുടെ സഹായികളും.
അമാവാസിയുടെ കട്ട പിടിച്ച ഇരുട്ട് തുളച്ച് ഹെഡ് ലൈറ്റുകളുടെ പ്രകാശം വനത്തിലേക്ക് ചീറിപ്പരന്നു കൊണ്ടിരുന്നു. പൊടുന്നനെ മുമ്പിൽ പോയ ടാറ്റാ സഫാരി നിന്നു.
അവർ കണ്ട കാഴ്ച നടുക്കുന്നതായിരുന്നു. മരത്തിൽ ഇടിച്ച് തകർന്നു കിടക്കുന്ന പൊലീസ് ജീപ്പ്. സ്റ്റിയറിംഗ് വീലിലും സീറ്റിലുമായി ഒഴുകിപ്പരന്നു കിടക്കുന്ന ചോര! സേവ്യർ മുതലാളിയും അത് വ്യക്തമായി കണ്ടു.
"കർത്താവേ... യോഹന്നാന് പണി കിട്ടി എന്ന് തോന്നുന്നു " കാറിൽ നിന്ന് ഇറങ്ങാൻ തുടങ്ങിയ സേവ്യറിനെ കരിമഠം കോട്ട മുത്തി തടഞ്ഞു.
"പുറത്തിറങ്ങരുത്. അങ്ങ് എത്തും വരെ " വാഹനങ്ങൾ വീണ്ടും ഓടിത്തുടങ്ങി.
ഘണ്ടാകർണ്ണൻ കാവ് കഴിഞ്ഞതും കാവിലെ ഇലപ്പടർപ്പുകളുടെ മറവിൽ നിന്ന് ഒരു മോർച്ചറിവാൻ കാട്ടുപാതയിലേക്ക് ഇറങ്ങി.
സേവ്യർ മുതലാളിയുടെ വാഹനങ്ങൾക്ക് പിന്നിൽ ഒരു നിശ്ചിത അകലമിട്ട് മോർച്ചറിവാൻ ഓടിത്തുടങ്ങി.
ചിത്തിനി ആയിരുന്നു ഡ്രൈവിങ്ങ് സീറ്റിൽ.
പടുമരണം പിന്നിലുണ്ടെന്ന് അറിയാതെ സേവ്യർ മുതലാളി. വാഹനങ്ങൾ ഇലഞ്ഞിക്കാവിന് അടുത്ത് എത്തി.

അധ്യായം 33

33

അധ്യായം 33

മുഖംമൂടിയണിഞ്ഞ മരണം

വാഹനങ്ങൾ ഇലഞ്ഞിക്കാവിന് അടുത്ത് എത്തിയതും ശക്തമായ കാറ്റ് തുടങ്ങി. പിന്നാലെ ചരൽ വാരി എറിയും പോലെ മഴയും.
ആകാശം പിളർന്നു മാറുന്നതു പോലെ കനത്ത മിന്നലുകളും കാതടപ്പിക്കുന്ന ഇടിയൊച്ചയും. പൊൻകുരിശ് സേവ്യർ ഭയത്തോടെ കരിമഠംകോട്ട മുത്തിയെ നോക്കി.

കരിമഠംകോട്ട മുത്തിയുടെ കണ്ണുകളിലെ ചുവന്ന ചെറുഞരമ്പുകൾ ഒന്നു പിടച്ചു.
"അവള് കളി തുടങ്ങി... " അയാൾ പിറുപിറുത്തു.
പിന്നെ, കൈയിലിരുന്ന മന്ത്രവടിയിൽ ഒന്നു മുറുകെ പിടിച്ചു. മിഴികളടച്ച് വലതു കൈപ്പത്തി നെഞ്ചോട് ചേർത്തു.
"അമ്മേ... രക്തചാമുണ്ഡീ... "
കരിമഠംകോട്ട മുത്തിയുടെ ചുണ്ടുകൾ മന്ത്രങ്ങളാൽ വിറയ്ക്കുന്നത് പൊൻകുരിശ് സേവ്യർ കണ്ടു.
"എന്റെ പാറേപ്പള്ളി മാതാവേ ... " പേടിയോടെ സേവ്യർ തുരുതുരാ കുരിശ് വരച്ചു.
"എനിക്ക് ഒരു കുഴപ്പവും കൂടാതെ എല്ലാ പ്രശ്നവും ഇന്നു രാത്രി കൊണ്ട് തീർന്നാൽ... ഒരു ചാക്ക് മെഴുകുതിരി ഞാൻ മാതാവിന്റെ മുമ്പിലിട്ട് കത്തിച്ചേക്കാമേ ... "
ലാൻഡ് റോവറിന് മുമ്പിൽ പോയ ടാറ്റാ സഫാരി നിന്നു.
"ഇവൻമാരെന്തിനാ വണ്ടി നിർത്തിയത് ?" സേവ്യർ മുതലാളി അരിശത്തോടെ ഫോൺ എടുത്തു. പിന്നെ, പാണ്ഡ്യന്റെ നമ്പർ ഡയൽ ചെയ്തു.
" പാണ്ഡ്യാ..."
" മൊതലാളീ... പറഞ്ഞോ " പാണ്ഡ്യന്റെ മറുപടി കേട്ടു.
"എന്തിനാടാ കോപ്പേ... ഈ മുടിഞ്ഞ സ്ഥലത്ത് വണ്ടി നിർത്തിയിട്ടേക്കുന്നത്. ങേ?" സേവ്യറിന് അരിശം അടക്കാനായില്ല.
"ഹാ.. മുമ്പോട്ട് പോവാൻ വഴി കാണണ്ടേ മൊതലാളീ... " പാണ്ഡ്യൻ ഒന്നു നിർത്തി.
"മഴ ഇരച്ചു വീഴുന്നതു കൊണ്ട് ഒന്നും കാണാൻ പറ്റുന്നില്ല,... " അതു ശരിയാണെന്ന് സേവ്യറിനും മനസ്സിലായി.
കണ്ണിൽ കുത്തിയാൽ അറിയാത്ത കനത്ത ഇരുട്ടും ചതച്ചു കുത്തി പെയ്യുന്ന മഴയുമാണ് മുമ്പിൽ. കാറ്റിന്റെ അലർച്ചയാണ് കാതിൽ.
പരസ്പരം തല തല്ലുന്ന ഇലഞ്ഞി മരങ്ങളാണ് കാട്ടുപാതയ്ക്ക് ഇരുവശത്തും. അടുത്ത നിമിഷം, ഒരു ഇലഞ്ഞി മരത്തിന്റെ തലപ്പ് ഒടിയുന്ന ശബ്ദം കേട്ടു. സേവ്യർ മുതലാളി വിറച്ചു പോയി. ഒടിഞ്ഞ ഇലഞ്ഞിമരത്തലപ്പ് നേരെ വന്ന് ടാറ്റാ സഫാരിയുടെ മുമ്പിലേക്ക് വീണു. കാട്ടുപാത പൂർണ്ണമായി അടഞ്ഞു.
"നമ്മളിനി എന്നാ ചെയ്യും?"
പൊൻകുരിശ് സേവ്യർ പരിഭ്രാന്തനായി കരിമഠംകോട്ട മുത്തിയെ നോക്കി.
"പേടിക്കേണ്ട. ഇത്തരം പ്രതിബന്ധങ്ങൾ ഞാൻ പ്രതീക്ഷിച്ചതാണ്. അതിനെ തരണം ചെയ്തു തന്നെ മുമ്പോട്ടു പോയേ മതിയാവൂ.. "
അടുത്ത നിമിഷം, ടാറ്റാ സഫാരിയുടെ എൻജിൻ ഓഫായി. തൊട്ടുപിന്നാലെ ഹെഡ് ലൈറ്റുകളും അണഞ്ഞു. അതു തന്നെ ലാൻഡ് റോവറിനും സംഭവിച്ചു. കനത്ത മഴയ്ക്കു താഴെ കുറ്റാക്കൂരിരുട്ടിൽ... ഇരു വാഹനങ്ങളും കിടന്നു. വാഹനങ്ങളുടെ എൻജിൻ സ്റ്റാർട്ട് ചെയ്യാൻ ആവുന്നത്ര ശ്രമിച്ചിട്ടും നടന്നില്ല. ചിത്തിനിയുടെ മോർച്ചറി വാൻ ഒരു മുരൾച്ചയോടെ മഴയിലൂടെ പതിയെ വരുന്നുണ്ടായിരുന്നു.
"പാണ്ഡ്യാ ..." സേവ്യർ ഫോണെടുത്ത് വെപ്രാളത്തോടെ പാണ്ഡ്യനെ വിളിച്ചു.
"എടാ... എന്തു ചെയ്യുമെടാ നമ്മൾ...?"
അടുത്ത നിമിഷം ഫോണിലെ നെറ്റ് വർക്ക് സിഗ്നൽ ബാറുകൾ ഒന്നൊന്നായി അപ്രത്യക്ഷമാവുന്നത് പൊൻകുരിശ് സേവ്യർ ഒരു നടുക്കത്തോടെ കണ്ടു. ഫോൺ ഡിസ്പ്ലേയിൽ ലോ ബാറ്ററി വാണിങ് തെളിഞ്ഞു.
അടുത്ത നിമിഷം മൊബൈൽ ഫോണും ഓഫ് ആയി.
"പണിയാണല്ലോ കർത്താവേ..''
പൊൻകുരിശ് സേവ്യർ വിലപിച്ചു കൊണ്ട് നെഞ്ചിൽ കൈ വച്ചു. ചെമ്പട്ടിൽ പൊതിഞ്ഞിരുന്ന ചിത്തിനിയുടെ കാഞ്ഞിര പ്രതിമയിൽ കരിമഠം കോട്ട മുത്തി ഒന്ന് അമർത്തിപ്പിടിച്ചു. ചിത്തിനിയുടെ മോർച്ചറിവാൻ ലാൻഡ് റോവറിന് തൊട്ടു പിന്നിൽ എത്തിയിരുന്നു.
***** ***** ***** ***** *****
പൊൻകുരിശ് ബംഗ്ലാവ്.
"ദീപു ... " ടെസ ഭീതിയോടെ തിരിഞ്ഞ് ദീപുവിനെ നോക്കി.
"പപ്പയുടെ പോക്ക് അപകടത്തിലേക്കാണ് എന്ന് എന്റെ മനസ്സു പറയുന്നു. എന്തെങ്കിലും ചെയ്യണം ദീപൂ...''
"എന്തു വേണമെന്നാ ടെസ്സ പറയുന്നത് ..?" ദീപു ടെസ്സയെ നോക്കി.
"പറയ്... എന്തിനും ഞാൻ റെഡിയാ. നിനക്ക് അറിയാമല്ലോ... നീ പറഞ്ഞാൽ ഞാൻ എന്തും ചെയ്യും."
"നമ്മുക്കും പോയാലോ ദീപു ... ആ ബംഗ്ലാവിലേക്ക്."
"നിനക്ക് ധൈര്യമുണ്ടോ...?" ദീപു ടെസ്സയുടെ കണ്ണുകളിലേക്ക് നോക്കി. "മരണത്തിന്റെ വായിലേക്കാ നമ്മൾ നടന്നു കയറാൻ പോവുന്നത് ...''
"എന്റെ ദീപു കൂടെ ഉള്ളപ്പോൾ എനിക്ക് എന്തിനാ പേടി... " ടെസ്സ ദീപുവിന്റെ കൈയിൽ ചുറ്റിപ്പിടിച്ചു.
"ഞാനുമുണ്ട് നിങ്ങളുടെ കൂടെ .." പിന്നിൽ നിന്ന് ഒരു ശബ്ദം കേട്ടു. ദീപുവും ടെസ്സയും ഒന്നിച്ച് ഞെട്ടിത്തിരിഞ്ഞു. പിന്നിൽ വജ്ര നിൽപ്പുണ്ടായിരുന്നു.
"നീ ... നീയും വരുന്നോ ?" ടെസ്സ അമ്പരപ്പോടെ വജ്രയെ നോക്കി.
"വരുന്നു ... " വജ്രയുടെ സ്വരം ഉറച്ചതായിരുന്നു.
" ചിത്തിനിയെ തറച്ച പാതിരി കുടുംബത്തിലെ അവസാന കണ്ണിയാ ഞാൻ. അവളെ പൂട്ടാൻ വേണ്ടിയാ ഞാനീ വനത്തിൽ എത്തിയതും. അപ്പോൾ അവസാന കളിയിൽ ഞാനും വേണം. ദീപുവിനും ടെസ്സയ്ക്കും അത് ഒരു സഹായം ആവത്തേയുള്ളു. "
ടെസ്സ പിന്നെ ഒന്നും പറഞ്ഞില്ല.
അഞ്ചു മിനിറ്റിനകം, മുറ്റത്ത് കിടന്നിരുന്ന ഒരു മാരുതി ജിപ്സി ജീപ്പിലേക്ക് മൂന്നു പേരും കയറി. ടെസ്സയുടെ കൈയിൽ ഒരു ഇരട്ടക്കുഴൽ തോക്ക് ഉണ്ടായിരുന്നു.
"പപ്പ... കാട്ടു കൊമ്പന്റേം കാട്ടു പോത്തിന്റേം തല പിളർക്കുന്ന സാധനമാ... ഇരിക്കട്ടെ, യാത്രയ്ക്ക് ഒരു കൂട്ടിന് ''
ടെസ്സ പറഞ്ഞു കൊണ്ട് ഇരട്ടക്കുഴൽ തോക്ക് ജീപ്പിലേക്ക് ഇട്ടു. ദീപു ജീപ്പ് സ്റ്റാർട്ട് ചെയ്തു. ഹെഡ് ലൈറ്റുകളിൽ തീ എരിയിച്ചു കൊണ്ട് മഴയെയും ഇരുട്ടിനെയും പിളർന്ന് ജീപ്പ് കാട്ടുപാതയിലേക്ക് ഇറങ്ങി. പിന്നെ, ആടിക്കുലുങ്ങി പാഞ്ഞു പോയി.
***** ***** ***** ***** ******
അലന്റെ ബംഗ്ലാവ്.
ഷൂട്ടിങ്ങിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി കഴിഞ്ഞിരുന്നു. എഎസ്ഐ യോഹന്നാനും പൊൻകുരിശ് സേവ്യറിനും വേണ്ടി കാത്തുനിൽക്കുകയായിരുന്നു എല്ലാവരും.
"സാറേ ...." ക്യാമറാമാൻ ഷാജി മാത്യു അലന്റെ അടുത്തേക്ക് വന്നു.
"തുടങ്ങണ്ടേ.. ഇപ്പം തന്നെ ഒത്തിരി ലേറ്റ് ആയി. "
"തുടങ്ങാം. ചിലര് വരാനുണ്ട് " അലൻ പറഞ്ഞു.
ഈ ഷൂട്ടിങ് നാടകത്തിനു പിന്നിലെ രഹസ്യങ്ങൾ ഒന്നും ക്യാമറാമാനോ മറ്റ് യൂണിറ്റ് അംഗങ്ങൾക്കോ അറിയില്ല. പൊലീസിന് വേണ്ടി എന്തോ ഒരു വർക്ക് അത്രയുമേ അറിയൂ.
"യൂണിറ്റ്കാർ ഉറക്കം തൂങ്ങി തുടങ്ങി. അതാ ഞാൻ പറഞ്ഞത് ..." പറഞ്ഞിട്ട് ക്യാമറാമാൻ ഷാജി പുറത്തേക്ക് ഇറങ്ങി. മഴ തോർന്നിരുന്നു. ഒരു സിഗരറ്റ് ചുണ്ടിൽ വച്ച് തീയ് പടർത്തിക്കൊണ്ട് ഷാജി കാപ്പിത്തോട്ടത്തിലേക്ക് നോക്കി. കാറ്റിൽ കാപ്പിത്തലപ്പുകൾ ഇളകുന്നുണ്ട്.
"ഷാജീ.. " പെട്ടെന്ന് കാപ്പിത്തോട്ടത്തിൽ നിന്ന് ഒന്നു വിളി കേട്ടു. ഷാജി മാത്യു അമ്പരന്നു.
"ഷാജീ... ഇവ്ടെ " വീണ്ടും വിളി കേട്ടു. യൂണിറ്റിലെ ആരോ ആണെന്ന് ഷാജിക്ക് തോന്നി. ഒതുക്കത്തിൽ രണ്ട് പെഗ്ഗ് വീശാൻ പോയതാവും. സിഗരറ്റ് ആഞ്ഞു വലിച്ച് പുക ഊതി വിട്ടുകൊണ്ട് ഷാജി മാത്യു കാപ്പിത്തോട്ടത്തിലേക്ക് വന്നു.
"ആരാ...?" ഷാജി ചുറ്റും നോക്കി.
"എടാ.. ആരാന്ന്?"
"ഞാനാ.. " പിന്നിൽ നിന്ന് ഒരു മുരൾച്ച കേട്ടു. ക്യാമറാമാൻ ഷാജി ഞെട്ടിത്തിരിഞ്ഞു. പ്ലാസ്റ്റിക് ചാക്കുകൊണ്ട് തല മൂടിക്കെട്ടിയ ഒരാൾ പിന്നിൽ നിൽക്കുന്നു. അയാളുടെ കൈയിൽ നീണ്ട പിടിയുള്ള ഒരു ചുറ്റിക.
"ആരാ ?" ഷാജി മാത്യുവിന്റെ സ്വരം വിറച്ചു.
"മരണം ... "
പ്ലാസ്റ്റിക് ചാക്കിനുള്ളിൽ നിന്ന് ശബ്ദം കേട്ടു. അടുത്ത നിമിഷം അയാൾ ചുറ്റിക ഓങ്ങി ഒറ്റയടി അടിച്ചു. ഷാജി മാത്യുവിന്റെ തലയോട് പൊട്ടുന്ന ശബ്ദം കേട്ടു. ഒരു ഞരക്കം പോലും ഉണ്ടായില്ല. അയാൾ കമഴ്ന്ന് തറയിലേക്ക് വീണു.

(തുടരും)

അധ്യായം 34

34

അധ്യായം 34

ചിത്തിനിയുടെ കൊലയാളിയുടെ മുഖം മൂടി അഴിയുന്നു

കാപ്പിച്ചെടികൾക്കു മീതെ കാറ്റ് തലതല്ലിപ്പറന്നു. കമഴ്ന്നു കിടക്കുകയായിരുന്നു ക്യാമറാമാൻ ഷാജി മാത്യു.
ഇരു ചെവിയിൽ നിന്നും നൂൽപ്പാമ്പിനെ പോലെ കറുപ്പ് നിറമാർന്ന കൊഴുത്ത ചോര ഇഴഞ്ഞിറങ്ങി വരുന്നുണ്ടായിരുന്നു.
പ്ലാസ്റ്റിക് കൊണ്ട് തല മുടിക്കെട്ടിയ ചുവന്ന നെടുങ്കൻ കുപ്പായം ധരിച്ച ആ രൂപം കയ്യിലിരുന്ന ചുറ്റിക ഒന്നു കൂടി ഉയർത്തിയതും ബംഗ്ലാവിന്റെ മുറ്റത്ത് നിന്ന് വിളിയൊച്ച കേട്ടു.

" ഷാജിയണ്ണാ... "
ചുവന്ന കുപ്പായം ധരിച്ച ആൾ വെട്ടിത്തിരിഞ്ഞു. വായുവിലേക്ക് ഉയർന്ന ചുറ്റിക നിശ്ചലമായി നിന്നു. ആരോ കാപ്പിത്തോട്ടത്തിനു നേരെ വരുന്നതു കണ്ടതും അയാൾ പതിയെ കാപ്പിച്ചെടികൾക്ക് പിന്നിലേയ്ക്കു മാറി. കാമറാ അസിസ്റ്റന്റ് പൂങ്കുന്നം ഗോപി ആയിരുന്നു അത്.
"അണ്ണോ... ഒളിച്ചു നിന്ന് ഒറ്റയ്ക്ക് വീശുവാ അല്ലേ.. ?" ചോദിച്ചു കൊണ്ട് പൂങ്കുന്നം ഗോപി കാപ്പിത്തോട്ടത്തിലേക്ക് ഇറങ്ങി വന്നു. വരുന്നതിനിടയിൽ ഷാജി മാത്യുവിനോടായി പൂങ്കുന്നം ഗോപി ഉച്ചത്തിൽ സംസാരിക്കുന്നുമുണ്ടായിരുന്നു.
" ഇത്... എന്തര് വർക്ക് എന്റണ്ണാ. മുതു പാതിരായ്ക്കും കൊച്ചു വെളുപ്പാൻ കാലത്തുമാണോ ഷൂട്ടിങ്. ആ... പിന്നെ, തേർഡ് ബാറ്റ കിട്ടുമല്ലോ എന്നോർത്ത് ഞാനങ്ങ് നിന്നതാ." പൂങ്കുന്നം ഗോപി ഒന്നു നിർത്തി.
"അടിച്ചതിന്റെയൊക്കെ പിടുത്തം തലയിൽ നിന്ന് പോയണ്ണാ. കുപ്പീടെ അടിത്തട്ടിൽ വല്ലതുമുണ്ടെങ്കിൽ വച്ചേക്കണേ. എനിക്കും കൂടൊന്ന് തൊണ്ട നനയ്ക്കാൻ..!" പൂങ്കുന്നം ഗോപി അതു പറഞ്ഞതും കാൽ എന്തിലോ തട്ടി മുന്നോട്ട് ആഞ്ഞ് വീണു പോയി.
"അയ്യോ.. " ഭയന്നു പോയ ഗോപി ഒരു വിധം തറയിൽ കൈ കുത്തി എണീറ്റു. പിന്നെ, ജീൻസിന്റെ പോക്കറ്റിൽ നിന്ന് മൊബൈൽ ഫോൺ എടുത്ത് ഫ്ലാഷ് ലൈറ്റ് ഓൺ ആക്കി. മൊബൈൽ ടോർച്ചിന്റെ വെളിച്ചത്തിൽ മുമ്പിലെ ദൃശ്യം കണ്ട പൂങ്കുന്നം ഗോപി നടുങ്ങി വിറച്ചു പോയി. തറയിൽ അനക്കമില്ലാതെ കമഴ്ന്നു കിടക്കുന്ന ക്യാമറാമാൻ ഷാജി മാത്യു.
"അയ്യോ അണ്ണാ... " പൂങ്കുന്നം ഗോപി ഷാജി മാത്യുവിനെ കുലുക്കി വിളിച്ചു. പിന്നെ, ബംഗ്ലാവിന് നേരെ നോക്കി അലറി.
" അയ്യോ... ആരെങ്കിലും ഒന്ന് ഓടി വരണേ..."
പൂങ്കുന്നം ഗോപിയുടെ നിലവിളി കാപ്പിത്തോട്ടത്തിലെ ഇരുട്ടിൽ ചിതറിപ്പറന്നു.

***** ***** ***** ***** ******

കാട്ടിലൂടെ ജിപ്സി ജീപ്പ് ഓടിക്കൊണ്ടിരുന്നു.
"ദീപു .. " ഭീതിയോടെ ടെസ വിളിച്ചു.
"സത്യത്തിൽ എനിക്ക് ഒന്നും മനസ്സിലാവുന്നില്ല. എല്ലാം കേട്ട കഥകൾ ആണ്. ചിത്തിനി എന്നൊരു ഗർഭിണി പ്രേതം അത് എന്തിന് ഞങ്ങളുടെ കുടുംബത്തെ വേട്ടയാടണം?"
"ഓരോ വേട്ടയ്ക്കും ഒരു കാരണമുണ്ട് ടെസാ ..." ദീപു അങ്ങനെയാണ് പറഞ്ഞത്.
വീണ്ടും മഴ ഇരച്ചു വീഴാൻ തുടങ്ങി. അതീവ ശ്രദ്ധയോടെയാണ് ദീപു സ്റ്റിയറിങ് വീൽ തിരിച്ചു കൊണ്ടിരുന്നത്. വഴിയിൽ എവിടെയോ ഒരു അപകടം പതിയിരിക്കുന്നതു പോലെ ഒരു തോന്നൽ ദീപുവിന്റെ ഇടനെഞ്ചിൽ പിടച്ചു കൊണ്ടിരുന്നു.
"ദീപു പറഞ്ഞത് തീർത്തും ശരിയാണ്" ജിപ്സിയുടെ പിന്നിൽ നിന്ന് വജ്രയുടെ സ്വരം കേട്ടു.
"കർമ്മ എന്നൊന്നുണ്ട് ടെസ്സ. അത് കാലങ്ങൾ കഴിഞ്ഞാലും നമ്മളെ വേട്ടയാടിക്കൊണ്ടിരിക്കും "
"അപ്പോൾ എന്റെ പപ്പ എന്തോ വലിയ തെറ്റ് ചെയ്തു എന്നാണോ?" ടെസ തല തിരിച്ച് വജ്രയെ നോക്കി.
"എന്നു പറയാൻ ഞാൻ ആളല്ല." ജിപ്സിയുടെ കുലുക്കത്തിനൊപ്പം വജ്ര ഒന്നുലഞ്ഞു.
"പക്ഷേ, സേവ്യർ സാറിന് കൃത്യമായി ചിലത് അറിയാം. അത് കൃത്യമായി അദ്ദേഹം മറയ്ക്കുന്നുമുണ്ട്." വജ്ര ഒന്നു നിർത്തി;
"അത് എന്തിനു വേണ്ടി... ആർക്ക് വേണ്ടി...? ആ ചോദ്യങ്ങളുടെ ഉത്തരങ്ങളിൽ എല്ലാം ഉണ്ടാവും.."

പൊടുന്നനെ ജിപ്സി ഒരു ഉലച്ചിലോടെ നിന്നു.
"എന്താ ദീപു .. " ടെസ അമ്പരപ്പോടെ ദീപുവിനെ നോക്കി.
"നോക്കിക്കേ... "
ദീപു മുമ്പോട്ട് വിരൽ ചൂണ്ടി. റോഡരുകിലെ കടമ്പ് മരത്തിലിടിച്ച് തകർന്നു കിടക്കുന്ന പൊലീസ് ജീപ്പ്. ദീപു ജിപ്സി ജീപ്പിൽ നിന്ന് ഇറങ്ങി.
"ദീപു സൂക്ഷിച്ച് ..." വജ്ര മുന്നറിയിപ്പു പോലെ പറഞ്ഞു. ദീപു ചെന്ന് പൊലീസ് ജീപ്പിന്റെ ഡോർ തുറന്ന് ഉള്ളിലേക്ക് നോക്കി.
ഫ്രണ്ട് ഗ്ലാസ് തകർന്ന് ചില്ലുകൾ സീറ്റിൽ ചിതറിക്കിടപ്പുണ്ട്. സ്റ്റിയറിങ് വീലിൽ നിന്ന്, കൊഴുത്ത ചോരയുടെ ഒരു ചാൽ താഴേക്ക് ഇറ്റ് ഇറങ്ങുന്നു. ദീപു തിരികെ ജിപ്സിയുടെ നേരെ വന്നു. വണ്ടിയിലേക്ക് കയറി. മഴ വീണ്ടും ശക്തി പ്രാപിച്ചു.

ജിപ്സി ഫോഗ് ലാംപുകൾ തെളിച്ച് കുഴഞ്ഞുമറിഞ്ഞു കിടക്കുന്ന കാട്ടുപാതയിലൂടെ ഒരു വിധം നീങ്ങിക്കൊണ്ടിരുന്നു. രണ്ടു കിലോമീറ്റർ കൂടി മുമ്പോട്ട് ചെന്നതും ജിപ്സി വീണ്ടും നിന്നു. ദീപുവും വജ്രയും ടെസയും ഒന്നിച്ചാണ് മുമ്പോട്ട് നോക്കിയത്. റോഡിൽ കിടക്കുന്ന ലാൻഡ് റോവറും ടാറ്റാ സഫാരി വാനും.
"അയ്യോ... പപ്പയുടെ വണ്ടിയാ അത് " ടെസ നിലവിളിക്കും പോലെ പറഞ്ഞു. ടെസയും വജ്രയും ദീപുവും ഒന്നിച്ച് മഴയിലേക്ക് ഇറങ്ങി. ജാഗ്രതയോടെയാണ് അവർ ലാൻഡ് റോവറിന്റെയും ടാറ്റാ സഫാരിയുടെയും നേരെ ചെന്നത്. ഇരു വണ്ടികളുടെയും ഉൾവശം ശൂന്യമായിരുന്നു. പൊൻകുരിശു സേവ്യറും കരിമഠം കോട്ടമുത്തിയും അകമ്പടി വന്നവരും എവിടെ? ഇരച്ചു പെയ്യുന്ന മഴയ്ക്കും വീശിയടിക്കുന്ന കാറ്റിനും താഴെ ദീപുവും കൂട്ടരും പരസ്പരം നോക്കി പകച്ച് നിന്നു.

***** ***** ***** ***** ******

അലന്റെ ബംഗ്ലാവ്!
മഴ ഇരമ്പിയാർത്ത് പെയ്തു കൊണ്ടിരുന്നു. ബംഗ്ലാവിന്റെ വരാന്തയിൽ ആയിരുന്നു അലനും ഷൂട്ടിങ് യൂണിറ്റിലെ ആളുകളും. തലയ്ക്ക് പരിക്കേറ്റ ക്യാമറാമാൻ ഷാജി മാത്യുവിനെ ആശുപത്രിയിലേക്ക് കൊണ്ടു പോയിരുന്നു. മരണം തൊട്ടടുത്തുണ്ട്.
ആ ചിന്തയിൽ ... അലന്റെ ചെന്നിയിലെ ഞരമ്പുകൾ പിടച്ചു കൊണ്ടിരുന്നു.
"സാറേ ... " ഒരു വിളി കേട്ടു. അലൻ തിരിഞ്ഞു.
ക്യാമറാ അസിസ്റ്റന്റ് പൂങ്കുന്നം ഗോപി ആയിരുന്നു. ഗോപിയുടെ പിന്നിൽ യൂണിറ്റിലെ എല്ലാ അംഗങ്ങളും ഉണ്ടായിരുന്നു.
"സാറേ ... പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്..." പൂങ്കുന്നം ഗോപി അലനെ നോക്കി.
"ഞങ്ങളീ വർക്കിന് ഇല്ല സാറേ. സത്യമായിട്ടും ഇല്ല. ഇത് എന്തോ കൊനഷ്ട് പിടിച്ച കേസാ" പൂങ്കുന്നം ഗോപി ഒന്നു നിർത്തി.
"ഒരു പ്രേതക്കാടും... അവിടെ തലതല്ലിപ്പൊളിക്കുന്ന ഒരു പ്രേതവും. പേടി കൊണ്ടാ സാറേ... കാശ് തന്നില്ലെങ്കിലും വേണ്ട.
ഞങ്ങളെ പോവാൻ അനുവദിക്കണം. എങ്ങനെങ്കിലും കരിവേടകം പുഴയുടെ അക്കരെ എത്തിക്കണം... "
"ഗോപിച്ചേട്ടാ.. " അലൻ എണീറ്റു.
"നമ്മളീ നടത്തുന്ന കളി അപകടം പിടിച്ചതു തന്നെയാ. എന്റെ കൂടെ നിൽക്കുന്നവർ പോലും എനിക്ക് എതിരാണ് ഇക്കാര്യത്തിൽ.
നിങ്ങളെ ഞാൻ കുറ്റം പറയത്തില്ല. പക്ഷേ, ഒന്നു ഞാൻ ഉറപ്പ് തരാം. എനിക്ക് എന്തെങ്കിലും സംഭവിക്കാതെ നിങ്ങളുടെ ശരീരത്തിൽ ഒരു തരി മണ്ണ് പോലും വീഴില്ല..!" യൂണിറ്റ് അംഗങ്ങൾ എല്ലാവരും പരസ്പരം ഒന്നു നോക്കി.

"എന്തായാലും ...  ഈ പാതിരായ്ക്ക്... അതും ഈ മഴയത്ത് കരിവേടകം പുഴ കടക്കുക സാധ്യമല്ല " അലൻ ഒന്നു നിർത്തി.
"എന്താ എന്നെ വിശ്വസിച്ച് എല്ലാവരും എന്റെ കൂടെ നിൽക്കുവല്ലേ? "
"നിൽക്കാം സാറേ.. " നെടുവീർപ്പ് പോലെ ആയിരുന്നു പൂങ്കുന്നം ഗോപിയുടെ മറുപടി.
"ഷാജി മാത്യുവിന് പകരം ആര് ക്യാമറ ഓപ്പറേറ്റ് ചെയ്യും?" അലൻ എല്ലാവരെയും നോക്കി.
"ഞാൻ ചെയ്തോളാം സാറേ.. " അസോസിയേറ്റ് ക്യാമറാമാൻ ഷെല്ലി മുമ്പോട്ട് വന്നു.
"ബേസിക്കലി ഫോക്കസ് പുളളർ ആണ് ഞാൻ. എന്നാലും ക്യാമറ ചെയ്യും. ഇതിപ്പോ... വല്യ പെർഫെക്ഷൻ ഒന്നും വേണ്ടല്ലോ.ഒരു കേസ് തെളിയാനല്ലേ "
"മതി .. " അലന്റെ മുഖത്ത് ഒരു പുഞ്ചിരി ഉണ്ടായി.
"തോൽക്കില്ല നമ്മൾ.. തോറ്റ് പിൻമാറില്ല "

അലൻ പറഞ്ഞു നിർത്തിയതും മഴയിൽ നിന്ന് ഒരു അലർച്ച കേട്ടു. എല്ലാവരും നടുങ്ങിപ്പോയി. ചുവന്ന നെടുങ്കൻ കുപ്പായം ധരിച്ച, തല പ്ലാസ്റ്റിക് ചാക്ക് കൊണ്ട് മൂടിക്കെട്ടിയ ഒരു രൂപം അലനു നേരെ പാഞ്ഞു വന്നു. നീളമേറിയ പിടിയുള്ള ചുറ്റിക അയാളുടെ കൈയിൽ ഉണ്ടായിരുന്നു. ചുറ്റിക അയാൾ  അലനു നേരെ ആഞ്ഞു വീശി. മിന്നൽ പോലെ അലൻ താഴേക്ക് കുനിഞ്ഞു.
ചുറ്റിക ഭിത്തിയിലടിച്ച് ... സിമൻറും കുമ്മായവും ചിതറി.
അടുത്ത നിമിഷം, സിവിൽ പൊലീസ് ഓഫീസർ മുരളിയും രാജേന്ദ്രനും ആ രൂപത്തിന് മീതെ ചാടി വീണു.
ഷൂട്ടിങ് യൂണിറ്റിൽ ഉള്ളവരും ഒപ്പം കൂടി. ചുവന്ന നെടുങ്കൻ കുപ്പായം ധരിച്ച ആൾ സർവശക്തിയും എടുത്തിട്ടും അവരുടെ പിടിയിൽ നിന്ന് കുതറി രക്ഷപ്പെടാനായില്ല.
"ആരാ നീയ്... ?" അലൻ അയാളെ നോക്കി.
"ഞാൻ ദാവീദ് ... 'മിഴി' സിനിമയുടെ സംവിധായകൻ. നിന്റെ കാലൻ.."
പ്ലാസ്റ്റിക് ചാക്കിനുള്ളിൽ നിന്ന് മുഴങ്ങുന്ന ശബ്ദം കേട്ടു.
അലൻ ബലം പ്രയോഗിച്ച് അയാളുടെ മുഖം മൂടിയിരുന്ന പ്ലാസ്റ്റിക് ചാക്ക് വലിച്ചു മാറ്റി. മുമ്പിൽ തെളിഞ്ഞ മുഖം കണ്ട് അലൻ നടുങ്ങി വിറച്ചു പോയി...!

(തുടരും)

'മിഴി ' അടുത്ത ലക്കത്തിൽ അവസാനിക്കുന്നു. ഞെട്ടിക്കുന്ന ക്ലൈമാക്സിന് കാത്തിരിക്കുക...

അധ്യായം 35

35

അധ്യായം 35

രണ്ടാം വരവ് അറിയിച്ച് ചിത്തിനി; ഭയം തുടരുന്നു...

"യൂ ..."

കണ്ണു ചിമ്മി അലൻ ഒന്നുകൂടി നോക്കി. അതെ മരവിപ്പിൽ തന്നെ ആയിരുന്നു പൊലീസുകാരും മറ്റുള്ളവരും. ദാവീദ് എന്ന ആളെ പൊലീസുകാർ ബലമായി പിടിച്ചു വച്ചിരിക്കുകയായിരുന്നു. അയാൾ പതിയെ തല ഉയർത്തി അലനെ നോക്കി വികൃതമായി ഒന്നു ചിരിച്ചു.

"ഒടുവിൽ അന്വേഷണത്തിന് റിസൽട്ട് കിട്ടിയില്ലേ... അലൻ പഞ്ഞിക്കാരൻ സാറേ..."
"എ.എസ്.ഐ യോഹന്നാൻ...." അലന്റെ ചുണ്ടുകൾ വിറച്ചു.
"താൻ... താനായിരുന്നില്ലേ ദാവീദ്? കഥയിലെ യഥാർഥ വില്ലൻ ''
"അതെ " എ.എസ്.ഐ യോഹന്നാൻ പല്ലുകൾ കടിച്ചമർത്തി.
"ഞാൻ തന്നെ. ഞാൻ തന്നെയാണ് ദാവീദ്. മിഴി സിനിമയോടെ സിനിമാ മോഹം വിട്ടതാ ഞാൻ... പിന്നെ, പൊലീസ് ആയി.
ഔദ്യോഗിക രേഖകളിൽ ദാവീദ് യോഹന്നാൻ. നിലവിൽ വെറും യോഹന്നാൻ..." യോഹന്നാൻ ചിരിച്ചു.
"അലൻ പഞ്ഞിക്കാരൻ സാറേ..." യോഹന്നാൻ ഈണത്തിൽ വിളിച്ചു.
"സാറിന് കഥകളുടെ ബാക്കി കേൾക്കണ്ടെ?'' എ.എസ്.ഐ യോഹന്നാൻ ഒന്നു നിർത്തി.
"ഓട്ടത്തിന്റെ  അവസാന ലാപ്പിൽ തോറ്റു പോയതു കൊണ്ട് കഥ ഞാൻ പറഞ്ഞേക്കാം. അതിനു മുമ്പ് എനിക്ക് കുടിക്കാൻ ഇത്തിരി വെള്ളം വേണം. ഇരിക്കാൻ ഒരു കസേരയും." യോഹന്നാൻ അലനെ നോക്കി.

"പുതിയ നമ്പറോ... വെളച്ചിലോ വല്ലതുമാണോ യോഹന്നാനേ...? " അലന്റെ മിഴികൾ എരിഞ്ഞു.
"നിഴലു പോലെ കൂടെ കൊണ്ടു നടന്ന എന്നെ പിന്നിൽ നിന്ന് കുത്തിയ ആളാ താൻ ... "
"സാറിനെ ഞാൻ എന്തിന് ചതിക്കണം..." വായിൽ നിറഞ്ഞ ചോര തുപ്പിക്കൊണ്ട് യോഹന്നാൻ ചിരിച്ചു.
"ജീവിക്കാൻ വേണ്ടി പേരും രൂപവും വേഷവും മാറി ഒളിച്ചു നടന്നവനാണ് ഞാൻ. പക്ഷേ, വിധി എന്നെ ഇവിടെ എത്തിച്ചു. എന്നിട്ടും ഞാൻ പിടിച്ചു നിൽക്കാൻ ശ്രമിച്ചു. "
"താൻ ദാവീദ് ആണെന്ന് പൊൻകുരിശ് സേവ്യറിന് അറിയത്തില്ലായിരുന്നോ?" "അറിയാമായിരുന്നു. പക്ഷേ, ഒരു നോട്ടം കൊണ്ടു പോലും ഞങ്ങളത് ഒരിടത്തും ഡിസ്ക്ലോസ് ചെയ്തിട്ടില്ല."
"മിടുക്കൻമാർ " അലൻ ചിരിച്ചു.
"വില്ലുപുരത്തുവച്ച് അറുമുഖം എന്റെ കൈയിൽ പെട്ടപ്പഴേ എനിക്ക് അറിയാമായിരുന്നു, യഥാർഥ വില്ലൻ എന്റെ ഒപ്പമുണ്ടെന്ന്.
പക്ഷേ, സ്വയം പുറത്തു വരണ്ടേ. അതാണ്, പൊൻകുരിശ് സേവ്യർ കരിമഠം കോട്ടമുത്തിയെ കൂട്ടുപിടിച്ച് മന്ത്രക്കളം വരച്ച് ചിത്തിനിയെ ആവാഹിക്കാൻ തുടങ്ങിയപ്പോൾ... യഥാർഥ വില്ലനെ ആവാഹിക്കാൻ ഞാൻ ഇവിടിങ്ങനൊരു ഷൂട്ടിങ് നാടകം നടത്തിയത്.."

"സാറ് ജയിച്ചു" യോഹന്നാന്റെ തല താണു.
അടുത്ത നിമിഷം, ഒരു വാഹനത്തിന്റെ ഇരമ്പൽ കേട്ടു. അലൻ ജാഗ്രതയോടെ ഇരുട്ടിലേക്ക് നോക്കി. ഒരു ജിപ്സി ജീപ്പ് പാഞ്ഞു വരുന്നതു കണ്ട്. ജീപ്പ് വന്ന് മുറ്റത്തു നിന്നു. ചക്രങ്ങൾ മുറ്റത്തെ ചരലിൽ ഉരസി തീ ചിതറി. ടയർ കരിഞ്ഞ ഗന്ധം കാറ്റിൽ പറന്നു.
ജീപ്പിൽ നിന്ന് ദീപുവും ടെസ്സയും വജ്രയും ഇറങ്ങി. പിന്നാലെ പൊൻകുരിശ് സേവ്യറും കരിമഠം കോട്ട മുത്തിയും. ഇരുവരുടെയും വസ്ത്രങ്ങൾ കീറിപ്പറിഞ്ഞിരുന്നു. ശരീരത്ത് ചോരപ്പാടുകളും .
"ഇവരെ എവിടുന്നു കിട്ടി?" അലൻ ദീപുവിനെ നോക്കി.
"ഇലഞ്ഞിക്കാവിനും ചാമുണ്ഡി വെള്ളച്ചാട്ടത്തിനും ഇടയിലുള്ള വഴിയിൽ വച്ച്..."
അലൻ പൊൻകുരിശ് സേവ്യറിനെയും കരിമഠം കോട്ട മുത്തിയെയും ഒന്നു നോക്കി;
"ചിത്തിനിയെ തളയ്ക്കാൻ പോയതാ..." ദീപുവിന്റെ സ്വരത്തിൽ പരിഹാസം ഉണ്ടായിരുന്നു.
"അതിന്... യഥാർഥ പ്രതിയെ കിട്ടിക്കഴിഞ്ഞു... ദീപു. ദാവീദ് എന്ന ക്രിമിനലിനെ എ.എസ്.ഐ യോഹന്നാന്റെ കാക്കി കുപ്പായത്തിൽ നിന്ന് ഞാൻ പുറത്ത് ചാടിച്ചു കഴിഞ്ഞു."
പൊൻകുരിശ് സേവ്യർ കഠിനമായി ഒന്നു കുടുങ്ങി.
"പൊൻകുരിശ് സേവ്യർ ... " അലൻ അയാളെ ഒന്നു നോക്കി. "ദാവീദിനെ യോഹന്നാനായി ചേർത്തു പിടിച്ച് കൂടെ നിർത്തിയ ആൾ.
ചിത്തിനി എന്ന പാവം പെണ്ണിന്റെ മരണ രഹസ്യം അറിയാവുന്ന ആൾ. എല്ലാം അറിഞ്ഞിട്ടും ഒന്നും അറിയാതെ എല്ലാവർക്കും ഒപ്പം നടന്നു... കൊടുങ്കാട്ടിൽ ഒളിച്ചു. പക്ഷേ, മരണം വിടാതെ പിന്നാലെ വന്നു "
അലൻ ഒന്നു നിർത്തി.
"സേവ്യർ മുതലാളിയെ കഴുവേറ്റാനുള്ള കുരിശ് ഉടൻ വരും. പൊൻകുരിശ് അല്ല. നല്ല കാഞ്ഞിരമരത്തിന്റെ കുരിശ്!
ഒന്നെങ്കിൽ, ചിത്തിനി വക... അല്ലെങ്കിൽ, നിയമത്തിന്റെ വക..."

അടുത്ത നിമിഷം അതിശക്തമായ ഒരു മിന്നൽ ഉണ്ടായി. നീല വെളിച്ചത്തിൽ ബംഗ്ലാവും കാപ്പിത്തോട്ടവും ജ്വലിച്ചു. കാതടപ്പിക്കുന്ന ഇടിയൊച്ചയിൽ തറ പ്രകമ്പനം കൊണ്ടു. ചരൽ വാരി എറിയും പോലെ മഴ തുടങ്ങി. പിന്നാലെ വീശിയടിക്കുന്ന കാറ്റും. ബംഗ്ലാവിന്റെ റൂഫിലെ അലുമിനിയം ഷീറ്റുകൾ പറന്നു പോയി. കാപ്പിച്ചെടികൾ മൂടോടെ പിഴുത് പറന്നു പോവുന്നു. മുറ്റത്തു കിടക്കുന്ന വാഹനങ്ങൾ വട്ടം തിരിഞ്ഞ് തമ്മിലിടിച്ചു. കാപ്പിത്തോട്ടത്തിലെ കിണർ ഇടിഞ്ഞു താഴുന്നത് മിന്നലിന്റെ നീലവെളിച്ചത്തിൽ അലനും കൂട്ടരും കണ്ടു. ബംഗ്ലാവും നിലം പൊത്തുമോ എന്ന ഭീതിയിൽ ആയിരുന്നു അവർ. യോഹന്നാന്റെ മുഖത്തു മാത്രം നിർവികാരത ആയിരുന്നു.

  "വാ.. "
യോഹന്നാനെ പിടിച്ച് എഴുന്നേൽപ്പിച്ച് അലൻ ബംഗ്ലാവിന്റെ മുകളിലത്തെ നിലയിലേക്ക് വന്നു. പിന്നാലെ മറ്റുള്ളവരും. സീതയും ഒറോതച്ചേടത്തിയും അവിടെ ഉണ്ടായിരുന്നു. ഹാളിനു നടുവിൽ കിടന്നിരുന്ന ഒരു കസേരയിലേക്ക് യോഹന്നാനെ അലൻ ഇരുത്തി.
"പറയ്. എന്തിനാ വില്ലുപുരത്ത് നിന്ന് ഭർത്താവ് കതിരവനൊപ്പം വന്ന ചിത്തിനി എന്ന പാവം പെണ്ണിനെ... അതും ഏഴു മാസം ഗർഭിണിയായ ഒരു പെണ്ണിനെ നീയൊക്കെ ചേന്ന് ജീവനോടെ തൂക്കിലേറ്റിയത്? പറയ്.. "
യോഹന്നാൻ മിണ്ടിയില്ല. അലനെ തുറിച്ച് നോക്കി ഇരുന്നതേയുള്ളു.
"യോഹന്നാനേ പറയാൻ..." അലന്റെ സ്വരം മാറി. യോഹന്നാൻ മിണ്ടിയില്ല.
"പറയെടാ നായിന്റെ മോനേ... " അലൻ കൈ വീശി യോഹന്നാന്റെ കരണത്ത് ഒന്നു പൊട്ടിച്ചു. എല്ലാവരും നടുങ്ങിപ്പോയി. കഴുത്ത് ഒടിഞ്ഞതു പോലെ യോഹന്നാന്റെ തല ഒരു വശത്തേക്ക് ചെരിഞ്ഞു. അലൻ യോഹന്നാന്റെ കീഴ്ത്താടിക്ക് പിടിച്ച് തലനേരെയാക്കി.
"പറയെടോ "
"പറയാം" യോഹന്നാന്റെ ശബ്ദം പതിഞ്ഞു.
പുറത്ത് മഴയും കാറ്റും അലറിയാർക്കുകയായിരുന്നു ജനൽപ്പാളികൾ തമ്മിലടിച്ച് ചില്ലുകൾ ഉടഞ്ഞു ചിതറുന്ന ശബ്ദം കേട്ടു.
കരിമഠം കോട്ടമുത്തി പോലും ഭയന്നു നിൽക്കുകയായിരുന്നു. നാലു പതിറ്റാണ്ടുകാലത്തെ ദുർമന്ത്രവാദ പ്രക്രിയകളിൽ ആദ്യത്തെ അനുഭവം.
"ചിത്തിനിയെ ജീവനോടെ കെട്ടിത്തൂക്കിയിട്ടുണ്ടെങ്കിൽ... അത് അവൻ പറഞ്ഞിട്ടു തന്നെയാ ..." യോഹന്നാൻ അലനെ നോക്കി.
"ആര് പറഞ്ഞിട്ട് ?" അലൻ അമ്പരന്നു.
"ചിത്തിനിയുടെ ഭർത്താവ്... കതിരവൻ " നടുങ്ങിപ്പോയി എല്ലാവരും.
"കതിരവനോ... എന്തിന്?" അലൻ വിശ്വാസം വരാതെ യോഹന്നാനെ തുറിച്ചു നോക്കി. "താൻ കള്ളം പറയുകയല്ലേ?"
"ഈ അവസാന നിമിഷം ഞാൻ എന്തിന് കള്ളം പറയണം സാറേ?" കീഴ് ചുണ്ടിലെ ചോര പുറം കൈകൊണ്ട് തുടച്ചു കൊണ്ട് യോഹന്നാൻ ചിരിച്ചു. "അതും ഈ അവസാന നിമിഷം " യോഹന്നാൻ ഒന്നു നിർത്തി.
"മരിക്കും വരെ ചിത്തിനിക്കു പോലും അറിയാനോ കണ്ടു പിടിക്കാനോ കഴിയാതെ പോയ രഹസ്യം.. "
അലനും സീതയും സേവ്യറും ഉൾപ്പെടെ എല്ലാവരും സ്തംഭിച്ചു നിൽക്കുകയായിരുന്നു.
"എന്തിന്... എന്തിന് അവൻ ഗർഭിണിയായ ചിത്തിനിയെ ഒഴിവാക്കണം? അവൻ പ്രേമിച്ച് കല്യാണം കഴിച്ചതല്ലേ... അവന്റെ ഭാര്യ ആയിരുന്നില്ലേ."
"അവന്റെ ഭാര്യമാരിൽ ഒരാൾ... അതായിരുന്നു സത്യം. ഔദ്യോഗികമായി മധുരയിലെ ഒരു വലിയ ഗൗണ്ടറുടെ മകൾ ആയിരുന്നു അവന്റെ ഭാര്യ. ചിത്തിനിയുടെ പ്രണയം കിട്ടുന്നതിന് വേണ്ടി ആയിരുന്നു അവൻ ഡ്രൈവറായും പാവപ്പെട്ടവനായും ഒക്കെ നടിച്ചത്.
അതിൽ അവൻ വിജയിച്ചു. കതിരവന്റെ ഭാര്യയായി ചിത്തിനി. ഗർഭിണിയായി. ഗർഭം അലസിപ്പിക്കാൻ അവൾ സമ്മതിച്ചില്ല." യോഹന്നാൻ ഒന്നു നിർത്തി.
"മധുരയിലെ ഗൗണ്ടർ ഇക്കാര്യം അറിഞ്ഞാൽ തല പോകും എന്ന് കതിരവന് അറിയാമായിരുന്നു. ചിത്തിനി ആണെങ്കിൽ ഒഴിഞ്ഞു പോവത്തുമില്ല. പിറക്കാനിരിക്കുന്ന കുഞ്ഞിനെ സ്വപ്നം കണ്ട് കഴിയുകയാണ് ചിത്തിനി. ഒരു പരിഹാരം തേടി സുഹൃത്തായ എന്നെ കാണാൻ കതിരവൻ വന്നു. മിഴി സിനിമയുടെ സ്ക്രിപ്റ്റിന്റെ ഫൈനൽ ടച്ചപ്പിൽ ആയിരുന്നു ഞാൻ. അതിൽ ഒരു ഗർഭിണിയുടെ തൂങ്ങിമരണം ഉണ്ടായിരുന്നു. ചിത്തിനിയെ റിയലായി അങ്ങ് തൂക്കിയാലോ എന്നു ഞാൻ ചോദിച്ചു. കതിരവൻ സമ്മതിച്ചു. അങ്ങനെയാണ് ... "
"അങ്ങനെയാണ് നീയൊക്കെ ചേർന്ന് ഒരു പാവം പെണ്ണിനെ കൊന്നത് അല്ലേ? പൊൻകുരിശ് സേവ്യറ് മൊതലാളി അതിന് കൂട്ടുനിന്നു. അല്ലേ?" അലൻ യോഹന്നാന്റെ കരണത്ത് ഒന്നുകൂടി പൊട്ടിച്ചു.
"പിന്നെ, എന്തിനാ കതിരവനെ കൊന്നത്?"
"ചിത്തിനി മരിച്ചു കഴിഞ്ഞപ്പോൾ കതിരവൻ അതും പറഞ്ഞ് എന്നെയും സേവ്യർ മുതലാളിയെയും ബ്ലാക്ക് മെയിൽ ചെയ്യാൻ തുടങ്ങി. സഹികെട്ടപ്പോൾ മുതലാളിയാ കാട്ടി മുരുകനെയും കരിന്തളം ഗണേശനെയും കൊണ്ട്... അവനെ തീർത്തത് "
"നായേ... " ഒരു അലർച്ച കേട്ടു. ബാധ കയറിയതു പോലെ സീത മുന്നോട്ട് കുതിച്ചു വന്നു. പിന്നെ, യോഹന്നാന്റെ കഴുത്തിലെ രക്ഷ വലിച്ച് പൊട്ടിച്ചു.
"ഇനി... ഈ രക്ഷാകവചം നിനക്ക് വേണ്ട" യോഹന്നാൻ കിടുങ്ങിപ്പോയി. അയാൾക്ക് ഒന്നു ചലിക്കാൻ പോലും ആയില്ല.
അത്രയ്ക്ക് വേഗത്തിലായിരുന്നു സീതയുടെ നീക്കം. യോഹന്നാന്റെ കഴുത്തിൽ നിന്ന് പൊട്ടിച്ചെടുത്ത, പാതാളക്കിണറിലെ വെള്ളം നിറച്ച ഏലസ്സ് സീത പുറത്തെ മഴയിലേക്ക് വലിച്ചെറിഞ്ഞു. അത് തറയിൽ വീണതും പൊട്ടിത്തെറിച്ചു. അടുത്ത നിമിഷം ബംഗ്ലാവിലെ ലൈറ്റുകൾ എല്ലാം അണഞ്ഞു. മുറി പൂർണ്ണമായും ഇരുട്ടിലായി.
"ആരും നിൽക്കുന്നിടത്തു നിന്ന് അങ്ങരുത് "
അടുത്ത നിമിഷം, ആരൊക്കെയോ താഴേക്ക് കുതിച്ചു പായുന്ന ശബ്ദം കേട്ടു. പൊടുന്നനെ വെളിച്ചം വന്നു. മുറിയിൽ യോഹന്നാനും പൊൻകുരിശു സേവ്യറും ഇല്ലായിരുന്നു. താഴെ മുറ്റത്തു നിന്ന് ഒരു ജീപ്പ് സ്റ്റാർട്ടായി പോവുന്ന ശബ്ദം കേട്ടു.
"പോവട്ടെ രണ്ടും... പോയി മരണം ഇരന്നു വാങ്ങട്ട്..." അലൻ നിരാശയോടെ മുഖം തിരിച്ചു. ഈ സമയം മഴ തിമിർത്തു പെയ്യുന്ന കാട്ടുപാതയിലൂടെ പൊലീസ് ജീപ്പ്‌ കുതിച്ചു പായുകയായിരുന്നു. യോഹന്നാൻ ആയിരുന്നു ഡ്രൈവിങ് സീറ്റിൽ. തൊട്ടടുത്ത് പൊൻകുരിശ് സേവ്യറും. വണ്ടി ചാമുണ്ഡി വെള്ളച്ചാട്ടത്തിന് മുകളിൽ എത്തി. അടുത്ത നിമിഷം, ഒരു കൂറ്റൻ കടവാവലിനെ പോലെ എന്തോ വന്ന് ജീപ്പിന്റെ ഗ്ലാസ്സിലടിച്ചു. ചില്ല് ഉടഞ്ഞു ചിതറിപ്പോയി. തീ കത്തുന്ന കണ്ണുകളും ചോര കിനിയുന്ന നാവും യോഹന്നാനും സേവ്യറും മുമ്പിൽ കണ്ടു.
"ചിത്തിനി..." യോഹന്നാനും സേവ്യറും ഭയന്ന് അലറി. ചിത്തിനി കൈ നീട്ടി രണ്ടു പേരുടെയും കഴുത്തിൽ കുത്തിപ്പിടിച്ചു.
"ശ്വാസം മുട്ടി മരിക്കുന്നതിന്റെ സുഖം നീയൊക്കെ അറിയ്..." കൂർത്ത നഖങ്ങൾ ആഴ്ന്നിറങ്ങി രണ്ടു പേരുടെയും കഴുത്തിൽ നിന്ന് ചോര ചീറ്റി. ജീപ്പ് തലകീഴായി ചാമുണ്ഡി വെള്ളച്ചാട്ടത്തിലേക്ക് മറിഞ്ഞു.
ഇതേ സമയം... ഘണ്ടാകർണ്ണൻ തറ കുതിച്ചു വന്ന മലവെള്ളപ്പാച്ചിലിൽ ഇടിഞ്ഞൊഴുകിപ്പോയി. ഇലഞ്ഞിമരങ്ങൾ പരസ്പരം തല തല്ലി ഒടിഞ്ഞു വീണു. പാതിരി വനത്തിലെ മഴ പിടിച്ചു നിർത്തിയതു പോലെ നിന്നു.

***** ***** ***** ******

രണ്ടു മാസങ്ങൾക്കു ശേഷം. സീതയും അലനും എറണാകുളത്ത് ആയിരുന്നു. സീതയ്ക്ക് ഒരു പെൺകുഞ്ഞ് ജനിച്ചത് ഇന്നു രാവിലെയാണ്. നീലക്കണ്ണുകളും പഞ്ഞിത്തലമുടിയും  പാലിൽ പൊന്നു കുഴച്ചെടുത്തതു പോലത്തെ നിറവുമുള്ള ഒരു കുഞ്ഞ്. സീത മയങ്ങുകയായിരുന്നു.
കുഞ്ഞിന്റെ മുഖത്തേയ്ക്ക് നോക്കി ഇരിക്കുകയായിരുന്നു അലൻ. പെട്ടെന്ന്, ആരോ പല്ലുകടിച്ചു പൊട്ടിക്കുന്നതു പോലത്തെ ഒരു ശബ്ദം മുറിയിൽ മുഴങ്ങി. അലൻ പകച്ചു ചുറ്റും നോക്കി. സീത ഉറങ്ങുകയാണ്.
പിന്നെ...
കുഞ്ഞിന്റെ മുഖത്തേക്ക് നോക്കിയ അലൻ ഞെട്ടിപ്പോയി. അൽപം മുമ്പ് ജനിച്ച കുഞ്ഞിന്റെ വായിൽ നിറയെ പല്ലുകൾ! അലൻ ഞെട്ടലോടെ നോക്കിയിരിക്കെ പൂച്ചയുടെ നഖങ്ങൾ ഉള്ളിലേക്ക് വലിയും പോലെ പല്ലുകൾ കുഞ്ഞിളം മോണയ്ക്ക് ഉള്ളിലേയ്ക്കു പോയി.
തനിക്ക് തോന്നിയതാണെന്ന് അലനു തോന്നി. മുഖം താഴ്ത്തി കുഞ്ഞിന്റെ നിറുകയിൽ അലൻ ഒരു ഉമ്മ നൽകി. പിന്നെ, പുറത്തേക്ക് നടന്നു. മുറിയിൽ കുഞ്ഞും സീതയും മാത്രമായി. കുഞ്ഞ് ഒന്നു ചിരിച്ചു. മുഴുവൻ പല്ലുകളും പുറമെ കാട്ടിയുള്ള ചിരി
മുറിയിലെ വെളിച്ചത്തിൽ ഉളിപ്പല്ലുകൾ വെട്ടിത്തിളങ്ങി.

(അവസാനിച്ചു.)

പ്രിയ വായനക്കാരേ,
'മിഴി'ക്ക് നിങ്ങൾ നൽകിയ പ്രോത്സാഹനത്തിനും പിന്തുണയ്ക്കും ഒരുപാട് നന്ദി.