ഒ. ചന്തുമേനോൻ( 1847–1899)
മലയാളത്തിലെ ലക്ഷണമൊത്ത ഒന്നാമത്തെ നോവലായ ‘ഇന്ദുലേഖ’ യെഴുതി അനശ്വരമായിത്തീർന്ന നോവലിസ്റ്റാണ് ചന്തുമേനോൻ. 1847 ജനുവരി 9 ന് വടകരയ്ക്കടുത്ത് പിണറായിയിൽ ജനിച്ചു. അച്ഛൻ ഇടപ്പാടി ചന്തുനായർ– അമ്മ ചിറ്റേഴത്ത് പാർവ്വതി അമ്മ. ബ്രിട്ടീഷ് സർക്കാരിന്റെ കീഴിൽ കോടതി ഗുമസ്തനായി ജോലിക്കു ചേർന്ന ചന്തുമേനോൻ സബ്ജഡ്ജി പദവിവരെ ഉയർന്നു. 1899 സെപ്റ്റംബർ 7 ന് 52–ാം വയസ്സിൽ അന്തരിച്ചു.
സൂരി നമ്പൂതിരിപ്പാട്
മലയാള നോവലിന്റെ ചരിത്രത്തിൽ ഇന്ദുലേഖയെ അറിയാത്തവരുണ്ടാകില്ല. അതുപോലെ ചന്തുമേനോനെയും. രചനാവൈഭവംകൊണ്ടും, ഉള്ളടക്കം കൊണ്ടും, മലയാളത്തിലെ ആദ്യനോവലായ അപ്പു നെടുങ്ങാടിയുടെ ‘കുന്ദലത’ യെ ‘ഇന്ദുലേഖ’ തോൽപ്പിച്ചു. 1889 ൽ പുറത്തിറങ്ങിയ ആ കൃതി ലക്ഷണമൊത്ത ആദ്യ നോവലെന്ന കീർത്തി നേടി. നോവലിന്റെ പണിപ്പുരയിൽ പിന്നീട് കാലുകുത്തിയവരൊക്കെയും അതിലെ കഥാപാത്രങ്ങളെ ഓർത്തു. മരുമക്കത്തായ കുടുംബത്തിൽ നിലനിന്ന അനാചാരങ്ങൾക്കു നേരേ കരിമഷിയൊഴുക്കയായിരുന്നുവോ ചന്തുമേനോൻ? അതോ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ നല്ലവശം മലയാളിക്കു മുമ്പിൽ തുറന്നുകാട്ടുകയായിരുന്നോ? രണ്ടായാലും അതിനു ഫലമുണ്ടായെന്നത് ഇന്നു ചരിത്രം.
മരുമക്കത്തായ അനാചാരങ്ങളുടെ പ്രതിരൂപമായി പഞ്ചു മേനോൻ എന്നൊരു അമ്മാവൻ. നമ്പൂതിരി സമുദായത്തിന്റെ വിടത്വത്തിന്റെ പ്രതിഫലനമായി സൂരിനമ്പൂതിരിപ്പാട് എന്ന അഴകിയ രാവണൻ. അവർക്കിടയിൽ സ്നേഹസ്വരൂപരായി മാധവനും ഇന്ദുലേഖയും. രണ്ടുപേരും ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയവർ. അവരിലൂടെ കഥ വളരുന്നു. കഥയിൽ അത്ഭുതങ്ങൾ സംഭവിക്കുന്നില്ല. ഇന്ദുലേഖയുടെ സ്നേഹത്തെച്ചൊല്ലി മാധവനുള്ള ശങ്കപോലും അസ്ഥാനത്താണെന്ന് വായനക്കാരുടെ മനസിൽ നേരത്തേ കോറിയിട്ടാണ് ചന്തുമേനോൻ കഥ പറയുന്നത്.
സൂരി നമ്പൂതിരിപ്പാടും പഞ്ചുമേനോനും നേരിടുന്ന തോൽവി ഇന്ദുലേഖയുടെ വിജയമായി ചന്തുമേനോൻ കാണുന്നു. സത്യത്തിൽ പഴയ നായർ സമുദായത്തിലെ അനാചാരങ്ങളാണ് ഇവിടെ തോൽക്കുന്നത്. ഏത് അനാചാരങ്ങളെയും അറിവുകൊണ്ട് തിരുത്തിയെഴുതാമെന്നതാണ് ഇന്ദുലേഖയിലൂടെ ചന്തുമേനോൻ നൽകുന്ന സന്ദേശം .