
തകഴി ശിവശങ്കരപ്പിള്ള (1911–1999)
ജ്ഞാനപീഠ പുരസ്കാരം നേടിയ നോവലിസ്റ്റും ചെറുകഥാകൃത്തുമാണ് തകഴി. 1911–ൽ ആലപ്പുഴ ജില്ലയിലെ തകഴിയിൽ ജനിച്ചു. 1985 ലെ ജ്ഞാനപീഠ പുരസ്കാരം കയറിനു ലഭിച്ചു. 1999 ഏപ്രിൽ 10 ന് അന്തരിച്ചു.
മണ്ണിനോടു മല്ലടിക്കുന്ന ഗ്രാമീണ മനുഷ്യരുടെ കഥകളാണ് തകഴി പറഞ്ഞത്. കുട്ടനാട്ടിലെ കർഷകരുടെ ജീവിതമാണ് രണ്ടിടങ്ങഴിയിൽ. ആലപ്പുഴ പട്ടണത്തിലെ തോട്ടികളുടെ കഥയാണ് തോട്ടിയുടെ മകൻ. കടലിനോട് മല്ലടിക്കുന്ന മുക്കുവരുടെ ജീവിതത്തിന്റെ പശ്ചാത്തലത്തിൽ എഴുതപ്പെട്ട ദുരന്തപൂർണമായ പ്രേമകഥയാണ് ചെമ്മീൻ. മലയാളത്തിലെ ബൃഹദ് നോവലുകളിലൊന്നാണ് ‘കയർ’, ‘ഏണിപ്പടികൾ’, ‘അനുഭവങ്ങൾ പാളിച്ചകൾ’, ‘ത്യാഗത്തിന്റെ പ്രതിഫലം’, ഔസേപ്പിന്റെ മക്കൾ’, എന്നിങ്ങനെ നിരവധി നോവലുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ചെമ്പൻകുഞ്ഞ്
മുറിവേറ്റ മനസ്സുകളിൽനിന്നു ചോര വാർന്നു വീഴുന്നതു കാണാതെ, ആഗ്രഹിച്ചതൊക്കെ വെട്ടിപ്പിടിച്ച അവരുടെ അവസാനത്തെ വിലാപമായി ചെമ്പൻ കുഞ്ഞ് എന്ന കഥാപാത്രം മലയാളിയുള്ളിടത്തോളം ഉണ്ടാവും.
പരീക്കുട്ടിയും കറുത്തമ്മയും തമ്മിലുള്ള തീവ്ര പ്രണയത്തിന്റെയും പ്രണയ ദുരന്തത്തിനും കഥയാണ് ചെമ്മീൻ. ഒപ്പം കറുത്തമ്മയുടെ അച്ഛൻ ചെമ്പൻ കുഞ്ഞിനെ കഥ കൂടിയാണ്. അയാളുടെ സ്വപ്നങ്ങളുടെ കഥ, വീഴ്ചയുടെയും.
സോഷ്യലിസവും സാമൂഹ്യനീതിയുമെല്ലാം കഥകളുടെയും നോവലുകളുടെയും വിഷയങ്ങളായിരുന്ന കാലത്ത് വ്യത്യസ്തമായ പ്രമേയമാണ് തകഴി ശിവശങ്കരപ്പിള്ള പരീക്ഷിച്ചത്. പ്രണയത്തിനൊപ്പം കടലോരത്തെ ജീവിത സ്പന്ദനങ്ങളോരോന്നും ആ കൃതി പങ്കുവെച്ചു. കടലും കടൽക്കാറ്റും കടലോരവും മലയാളിയുടെ മനസ്സിൽ അലകളായി.
കടലോരങ്ങളിലെ വറുതിയുടെ നാളുകളിൽ കൈ നിറയെ പണവുമായി കൊള്ളപ്പലിശക്കാർ ഇറങ്ങി നടക്കും. എഴുത്തും വായനയും അറിയാത്ത മുക്കുവർക്ക് അവർ പണം നൽകും. ഒടുവിൽ പലിശ കേറി മുക്കുവന്റെ ജീവിതം മുടിയും.
സ്വന്തമായൊരു വള്ളവും വലയുമായിരുന്നു ചെമ്പൻകുഞ്ഞിന്റെ സ്വപ്നം. പലിശക്കാരനിൽ നിന്ന് അയാളെ രക്ഷിക്കുന്നതും വള്ളവും വലയും വാങ്ങാൻ പണം നല്കുന്നതും പരീക്കുട്ടിയാണ്. മകളുടെ കാമുകനെ പണത്തിനായി സമീപിച്ചപ്പോഴുള്ള മനസ്സ് ആയിരുന്നില്ല കാര്യം നടന്നു കഴിഞ്ഞപ്പോൾ ചെമ്പൻ കുഞ്ഞിന് .കറുത്തമ്മയുടേയും പരീക്കുട്ടിയുടേയും പളനിയുടേയും ജീവിതങ്ങൾ തകരാൻ നിമിത്തമാകുന്നത് ചെമ്പൻ കുഞ്ഞിന്റെ തീരുമാനങ്ങളാണ്.
അയാൾക്കു കൈ നിറയെ കിട്ടുന്ന പണം പോലും ഒടുവിൽ വെറുതെ ആകുന്നു. സമനില തെറ്റിയ ജീവിതത്തിനു പണം ആവശ്യമില്ലല്ലോ .ലോകത്തിലെ വിവിധ ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയ ചെമ്മീൻ മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട കൃതിയാണ് ജീവിത ദുരന്തങ്ങളുടെ പ്രതീകമായ ചെമ്പൻകുഞ്ഞ് മലയാളിക്കു മറക്കാനാവാത്ത കഥാപാത്രവും.