
എം. മുകുന്ദൻ (1942–)
മയ്യഴിയുടെ കഥാകാരൻ. 1942 സെപ്റ്റംബർ 10-ന് ഫ്രഞ്ച് അധീന പ്രദേശമായിരുന്ന മയ്യഴിയിൽ ജനിച്ചു. ‘ഈ ലോകം അതിലൊരു മനുഷ്യൻ’ എന്ന നോവലിന് കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. മയ്യഴിയുടെ സ്വാതന്ത്രസമരത്തിന്റെ പശ്ചാത്തലത്തിൽ രചിച്ച പ്രണയകഥയാണ് ‘മയ്യഴിപ്പുഴയുടെ തീരങ്ങളിൽ’. സ്വാതന്ത്ര്യത്തിനുശേഷമുള്ള മയ്യഴിയുടെ കഥയാണ് ‘ദൈവത്തിന്റെ വികൃതികൾ’ എന്ന നോവൽ. ‘ഹരിദ്വാറിൽ മണികൾ മുഴങ്ങുന്നു, ഡൽഹി, ഈ ലോകം അതിലൊരു മനുഷ്യൻ, സീത, ആദിത്യനും രാധയും മറ്റുചിലരും, നൃത്തം, ആവിലായിലെ സൂര്യോദയം’ എന്നിവയാണ് പ്രധാന നോവലുകൾ.
ദാസൻ
‘‘അങ്ങനെ ദാസൻ ജനിച്ചു. അങ്ങനെ അതിഭൗതിക രഹസ്യങ്ങളെ ഗർഭംധരിച്ചു കിടക്കുന്ന സമുദ്രത്തിൽ അകലെ സ്ഥിതിചെയ്യുന്ന ജന്മങ്ങൾക്കിടയിലെ ആത്മാവുകളുടെ വിശ്രമസ്ഥലമായ വെള്ളിയാങ്കല്ലിൽ നിന്ന് ഒരു തുമ്പി മയ്യഴിയിലേക്കു പറന്നുവന്നു....’’ (മയ്യഴിപ്പുഴയുടെ തീരങ്ങളിൽ). മലയാള സാഹിത്യത്തിലേക്ക് ഒരു കാലം കൊണ്ടുവരികയായിരുന്നു ‘മയ്യഴിപ്പുഴയി’ലൂടെ എം. മുകുന്ദൻ. മലയാളത്തിലെ നവഭാവുക സാഹിത്യശൈലിയിലെ ഏറ്റവും ശക്തമായ നോവലുകളിലൊന്നായി 1974 ൽ പുറത്തിറങ്ങിയ ‘മയ്യഴിപ്പുഴയുടെ തീരങ്ങളിൽ’. ജന്മനാടിന്റെ ഓർമ്മകളിൽ ഓളം വെട്ടുന്ന ഫ്രഞ്ചുകാർ, ഫ്രാൻസിലെ തിരയിളക്കം ഇങ്ങകലെയിരുന്നു കേൾക്കുന്ന മയ്യഴിക്കാർ അവരുടെ കഥയാണ് ‘മയ്യഴിപ്പുഴ’സ്വാതന്ത്ര്യസമരത്തിന് മുമ്പുള്ള കാലഘട്ടം മുതൽ വിമോചനസമര കാലം വരെ മുകുന്ദൻ ഇതിൽ പലപ്പോഴായി വരച്ചു വയ്ക്കുന്നു. ആരും കാണാത്ത വെള്ളിയാങ്കല്ല് എന്ന മിത്തിൽനിന്നു ദാസനെന്ന കരുത്തനായ കഥാപാത്രത്തെ മുകുന്ദൻ രൂപപ്പെടുത്തി. ഫ്രഞ്ച് അധീന പ്രദേശമായിരുന്ന മയ്യഴിയിലെ (മാഹിയിലെ) മക്കൾ പരന്ത്രീസുകാരെ (ഫ്രഞ്ചുകാരെ) അതിരറ്റു സ്നേഹിച്ചു. പക്ഷേ സ്വാതന്ത്ര്യത്തിന്റെ പൊൻവെട്ടം സ്വപ്നംകണ്ട ദാസനും സുഹൃത്തുക്കൾക്കും അവർ ശത്രുക്കളായി. ‘നമ്മുടെ നാട്ടിൽ നമ്മുടെ ഭരണം’– ദാസനും വാസൂട്ടിയും പപ്പനും കണാരനും കുഞ്ഞനന്തൻ മാസ്റ്ററുമൊക്കെ സ്വപ്നം കണ്ടത് അതായിരുന്നു. ഒടുവിൽ നാടും നാട്ടാരും സ്വാതന്ത്ര്യത്തിന്റെ മധുരം അനുഭവിച്ചപ്പോൾ, ആദർശത്തിന്റെ പിടിവിടാതെ ദാസനു ജീവിതം കയ്പുനീരായി. ഹൃദയത്തോടു ചേർത്തുവച്ച കാമുകി ചന്ദ്രികയും വീടും വീട്ടുകാരും അകന്നു പോയപ്പോൾ ദാസൻ പറയുന്നു: എനിക്കു രാജ്യം കിട്ടി; പക്ഷെ വീട് നഷ്ടപ്പെട്ടു. പിന്നെ, ഒരു തുമ്പിയായിത്തന്നെ ദാസൻ വെള്ളിയാങ്കല്ലിലേക്കു പറന്നു പോവുകയാണ്. ദാസൻ വീണ്ടും മയ്യഴിയിൽ എത്തിയാൽ.....