ബാബാ ആംതെ ചിത്രത്തില്‍ നാനാ പടേക്കര്‍; ഡബിള്‍ റോളില്‍

കെ.രമേഷ്

രാജ്യം കണ്ട സാമൂഹിക പ്രവര്‍ത്തകരില്‍ പ്രമുഖനായ ബാംബ ആംതെയെ വെള്ളിത്തിരയില്‍ അവതരിപ്പിക്കാന്‍ നാനാ പടേക്കര്‍ ഒരുങ്ങുന്നു. ആംതെയുടെ ജീവിതകഥ പശ്ചാത്തലമാക്കുന്ന ചിത്രത്തിന്റെ സംവിധാനവും നിര്‍വഹിക്കുമെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 1991 ല്‍ പ്രഹാര്‍ എന്ന ചിത്രം സംവിധാനം ചെയ്ത ശേഷം രണ്ടു പതിറ്റാണ്ടിന്റെ ഇടവേളയ്ക്ക് ശേഷമാണ് നാന സംവിധാനവഴിയിലേക്ക് മടങ്ങിയെത്തുന്നത്. ആംതെയുടെ മകനും സാമൂഹിക പ്രവര്‍ത്തകനുമായ പ്രകാശിനെയും ചിത്രത്തില്‍ താന്‍ അവതരിപ്പിക്കുമെന്ന് നാന പറഞ്ഞു.

ഇംഗീഷ്, ഹിന്ദി, മറാത്തി എന്നീ ഭാഷകളിലാണ് ചിത്രം ഒരുക്കുക. 2008 ല്‍ അന്തരിച്ച ബാബ ആംതെ കുഷ്ഠരോഗികളെ സേവിക്കുന്നതാണ് ജീവിതവ്രതമായി കണ്ടത്. നാനാ പടേക്കര്‍ പ്രധാനറോളില്‍ അഭിനയിച്ച ഡോ. പ്രകാശ് ബാബ ആംതെ എന്ന മറാത്തി ചിത്രം റിലീസ് ചെയ്തു പിന്നിട്ട ഏഴു ആഴ്ചകളായി നിറഞ്ഞ സദസിലാണ് പ്രദര്‍ശിപ്പിക്കുന്നത്. ഈ ചിത്രത്തിലും തനിക്ക് ബാബ ആംതെയുടെ റോള്‍ വാഗ്ദാനം ചെയ്യപ്പെട്ടെúങ്കിലും പുതിയ ചിത്രത്തിന്റെ പദ്ധതിയില്‍ അത് സ്വീകരിച്ചില്ലെന്ന് നാന പറഞ്ഞു. പ്രകാശ് ബാബ ആംതെയുടെയും ഭാര്യ മന്ദാകിനി ആംതെയുടെയും കഥയാണ് ഡോ.പ്രകാശ് ബാബ ആംതെ എന്ന ചിത്രം പശ്ചാത്തലമാക്കുന്നത്. ബാബ ആംതെയായി വെള്ളിത്തിരയിലെത്തുന്നതിനായി ശരീരം അല്‍പം തടിപ്പിക്കാന്‍ തീരുമാനിച്ചതായും നാന പറഞ്ഞു.

സാമൂഹിക നിലപാടുകളുള്ള താരം എന്തിനാണ് കമ്പോളകേന്ദ്രീകൃത ചിത്രങ്ങളില്‍ അഭിനയിക്കുന്നതെന്ന ചോദ്യത്തിന് ഇത്തരം ചിത്രങ്ങളില്‍ അഭിനയിച്ച് ലഭിക്കുന്ന പണമാണ് താന്‍ സാമൂഹിക അവബോധം സൃഷ്ടിക്കുന്ന ചിത്രങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്നതെന്നായിരുന്നു ഉത്തരം. ദുരഭിമാന ബോധത്തില്‍ ചില കുടുംബങ്ങളില്‍ നടത്തുന്ന അഭിമാനകൊലകളെ അനുകൂലിക്കുന്നില്ലെന്ന് ചോദ്യത്തിനുത്തരമായി അദ്ദേഹം പറഞ്ഞു. തന്റെ കുടുംബത്തിലെ ഒരു പെണ്‍കുട്ടി ഒരു മുസ്ലിം യുവാവിനെ പ്രണയിച്ച് വിവാഹത്തിന് ഒരുúങ്ങിയപ്പോള്‍ കുടുംബമൊന്നായി എതിര്‍ത്തിട്ടും താന്‍ പെണ്‍കുട്ടിക്കൊപ്പമായിരുന്നു. ആ സഹോദരിയെ നഷ്ടമായില്ലെന്നു മാത്രമല്ല ഒരു കുടുംബാംഗത്തെക്കൂടി ലഭിക്കുകയും ചെയ്തു. മതമേതായാലും മനുഷ്യന്റെ ഞരമ്പിലെ ചോരയുടെ നിറം ഒന്നാണെന്നത് മറക്കരുതെന്നും നാന പറഞ്ഞു.

സാമൂഹിക വിചാരധാരയില്‍ നക്സലിസത്തെ എങ്ങനെ കാണുന്നുവെന്ന ചോദ്യത്തിന് നക്സലിസത്തെ താന്‍ അനുകൂലിക്കുന്നില്ലെന്നായിരുന്നു മറുപടി. എന്നാല്‍ നക്സലിസം വളരാന്‍ സാഹചര്യമൊരുക്കുന്ന വിധത്തില്‍ ചില മേഖലകളില്‍ സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ എത്താത്തത് പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം സൂചിപ്പിച്ചു. .

© Copyright 2014 Manoramaonline. All rights reserved.