വരൂ, ഒരു ബിയര്‍ നുണഞ്ഞ ശേഷം സിനിമ കാണാം

കെ.രമേഷ്

കേരളത്തിലെ മദ്യനിരോധനത്തില്‍ മനസു തകര്‍ന്നവര്‍ക്ക് ഗോവയിലെ രാജ്യാന്തര ചലച്ചിത്രമേളയിലേക്കുള്ള പരസ്യവാചകമായി പോലും ഈ തലക്കെട്ടു വായിക്കാം. ഗോവയില്‍ കാര്യമിങ്ങനെയാണ്, ബിയര്‍ കുടിച്ച് അല്‍പം തലക്കനം സൃഷ്ടിച്ച ശേഷം സിനിമ കാണാന്‍(ആസ്വദിക്കാന്‍) എത്തുന്നവരാണ് ഇവിടെ ഏറെ. പ്രധാന വേദിയായ ഐനോക്സിന്റെ നേരെനടയില്‍ തന്നെ മേളയുടെ മുഖ്യ സ്പോണ്‍സര്‍മാരില്‍ ഒന്നായ കിങ്ഫിഷറിന്റെ ബിയര്‍ പാര്‍ലര്‍.

പ്രതിനിധികള്‍ക്ക് ബിയര്‍ നുകരാന്‍ വേദി വിടേണ്ട അവസ്ഥ ചിന്തിക്കാന്‍ പോലും പ്രധാന സ്പോണ്‍സര്‍ക്ക് മടിയാണെന്ന് തോന്നും പാര്‍ലര്‍ കണ്ടാല്‍. പാര്‍ലറിലെ പതിവുകാരില്‍ ചില മലയാളി പ്രതിനിധികളുമുണ്ട്. മദ്യനിരോധനം കൊടികുത്താനൊരുങ്ങുന്ന കേരളത്തില്‍ നിന്നെത്തുന്ന ചിലര്‍ക്ക് ഇത് ലഹരി നിറയുന്ന ഗോവയാണ്. മേളയില്‍ കണ്ട ചിത്രങ്ങളുടെ കിക് വിടാനെന്നോണം ചില ധീരയുവതികളും ഈ പാര്‍ലറുകളില്‍ എത്തുന്നു. ഐനോക്സ് മുറ്റത്ത് ഒറ്റതിരിഞ്ഞ് ബിയറുമായി കറങ്ങുന്ന സുന്ദരിമാരും ഏറെ. മേളയുടെ സ്പോണ്‍സര്‍ഷിപ്പില്‍ നല്ല തുക തന്നെ നല്‍കിയ കിങ്ഫിഷര്‍ പ്രധാന വേദിയുടെ പരിസരത്ത് മൂന്നിലേറെ പാര്‍ലറുകളാണ് തുറന്നിരിക്കുന്നത്.

വേദിയുടെ മതിലുകള്‍ക്കുള്ളില്‍ നിന്നു കൊണ്ടുമാത്രം ബിയര്‍ നുണയാനുള്ള ഔട്ട്ലെറ്റാണെങ്കില്‍ പ്രധാനവേദിയുടെ പുറത്ത് മണ്ഡോവി നദിയുടെ കാറ്റേറ്റ് ഇരുന്നു തന്നെ ബിയര്‍ നുണയാനുള്ള സൌകര്യമുണ്ട്. ബിയറിനൊപ്പം അല്‍പം 'ഹോട്ട്' വേണ്ടവര്‍ക്ക് അതും വേദിക്കു പുറത്ത് ലഭ്യം. വമ്പന്‍ സ്പോണ്‍സര്‍ഷിപ്പിന്റെ അധികാരവുമായി വേദിയുടെ എതിരെ കിങ്ഫിഷര്‍ വില്ലേജുണ്ട്. നിശ്ചിത തുക നല്‍കി ഇവിടെ പ്രവേശിച്ചാല്‍ മണ്ഡോവി നദിക്കരയിലൊരുക്കിയ പ്രത്യേക സൌകര്യങ്ങളില്‍ മദ്യം നുണയാം..

© Copyright 2014 Manoramaonline. All rights reserved.