2015 ലെ ഗോവ മേളയെ കാത്ത് സിനിമാ സംഘടനകളുടെ ബഹിഷ്കരണ ഭീഷണി

കെ.രമേഷ്

2015 ലെ ഗോവ രാജ്യാന്തര ചലച്ചിത്രമേളയെ കാത്ത് രണ്ട് ചലച്ചിത്ര സംഘടനകളുടെ ബഹിഷ്കരണ ഭീഷണി. ഇത്തവണ ഗോവയിലെ ഇന്ത്യന്‍ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് യഥാവിധി ക്ഷണം ലഭിച്ചില്ലെന്നു കാട്ടിയാണ് ബോളിവുഡിലെ രണ്ട് പ്രമുഖ ചലച്ചിത്ര സംഘടനകള്‍ ബഹിഷ്കരണ ഭീഷണി ഉയര്‍ത്തുന്നത്. ദ് ഫെഡറേഷന്‍ ഓഫ് വെസ്റ്റേണ്‍ ഇന്ത്യ സിനി എംപ്ളോയീസ്(എഫ്ഡബ്ളിയുഐസിഇ), ഓള്‍ ഇന്ത്യ ഫിലിം എംപ്ളോയീസ് കോണ്‍ഫഡറേഷന്‍(എഐഎഫ്ഇസി) എന്നീ സംഘടനകളാണ് പ്രതിഷേധവുമായി രംഗത്ത്.

 ഇരുസംഘടനകളും 2015 ലെ ഗോവ ചലച്ചിത്രമേള ബഹിഷ്കരിക്കുമെന്നും ഫലത്തില്‍ ബോളിവുഡിലേത് ഉള്‍പ്പെടെ സംഘടനയുമായി അഫിലിയേറ്റ് ചെയ്ത 22 യൂണിയനുകള്‍ അടുത്ത മേളയ്ക്കുണ്ടാവില്ലെന്നും എഫ്ഡബ്ളിയുഐസിഇ പ്രസിഡന്റ് കമലേഷ് പാണ്ഡേ അറിയിച്ചു. സാധാരണ എല്ലാ തവണയും ക്ഷണം ഉണ്ടാകാറുണ്ട്. ഇത്തവണ അതുണ്ടായില്ലെന്നും വിഷയം ഉന്നയിച്ച് നല്‍കിയ കത്ത് മേള അധികൃതര്‍ കണ്ടതായി പോലും ഭാവിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംഘാടകര്‍ക്കു പോലും വേണ്ടെങ്കില്‍ മേളയില്‍ പങ്കെടുക്കേണ്ട നിലപാട് സ്വീകരിക്കുകയാണ് ഉചിതമെന്നാണ് ഫെഡറേഷന്റെ നിലപാട്. ഫെഡറേഷനില്‍ ഉള്‍പ്പെട്ട 22 സംഘടനകള്‍ക്കും ഇതു സംബന്ധിച്ച് വിവരം കൈമാറി. ചലച്ചിത്ര പ്രവര്‍ത്തകരുടെയും സാങ്കേതികവിദഗ്ധരുടെയും കൂട്ടായ്മകളോട് മേള സംഘാടകര്‍ കാട്ടുന്നത് അവഗണനാ മനോഭാവമാണ്. പിന്തുടര്‍ന്ന് വന്ന രീതികള്‍ മാറ്റിമറിക്കാനാണ് അധികൃതരുടെ ശ്രമമെന്നും പാണ്ഡേ ആരോപിച്ചു.

അതേസമയം, ബഹിഷ്കരണ ഭീഷണി സംബന്ധിച്ച് മേള സംഘാടകരുടെ പ്രതികരണം ലഭ്യമായില്ല. ഇതാദ്യമായല്ല ഇന്ത്യന്‍ രാജ്യാന്തര ചലച്ചിത്രമേള ബഹിഷ്കരണ ഭീഷണി നേരിടുന്നത്. ഓസ്കര്‍ പുരസ്കാരത്തിന് ഇന്ത്യയില്‍ നിന്നുളള ചിത്രങ്ങള്‍ നിശ്ചയിക്കുന്ന രാജ്യത്തെ വിവിധ ചലച്ചിത്ര സംഘടനകളുടെ കൂട്ടായ്മയായ ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യ(എഫ്എഫ്ഐ) മുന്‍പ് ഇത്തരത്തില്‍ പ്രതിഷേധവുമായി രംഗത്തു വന്നിരുന്നു. 2007 ല്‍ ബോളിവുഡ് വിഭാഗം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ചാണ് എഫ്എഫ്ഐ ബഹിഷ്കരണ ഭീഷണി മുഴക്കിയത്. 2011 ല്‍ ഡയറക്ടറേറ്റ് ഓഫ് ഫിലിം ഫെസ്റ്റിവല്‍ എഫ്എഫ്ഐയെ ക്ഷണിതാക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താത്തതും പ്രതിഷേധത്തിനിടയാക്കി.

© Copyright 2014 Manoramaonline. All rights reserved.