ബോളിവുഡ് സിനിമ നിര്‍മിക്കുന്നത് കീശ ലക്ഷ്യമിട്ട്: മക്മല്‍ ബഫ്

രമേശ്‌ കെ

പ്രതിഭാധനരാണ് ഹിന്ദി സിനിമാ രംഗത്തുളളതെങ്കിലും ഹൃദയം കൊണ്ടല്ല കീശ ലക്ഷ്യമിട്ടാണ് അവര്‍ സിനിമ നിര്‍മിക്കുന്നതെന്ന് വിഖ്യാത ഇറാന്‍ സംവിധായകന്‍ മക്മല്‍ ബഫ്. പ്രതിഭകളെ കൊണ്ട് സമ്പന്നമാണ് ഹിന്ദി ചലച്ചിത്രരംഗം, എന്നാല്‍ മനസര്‍പ്പിച്ചല്ല പണം നോക്കിയാണ് അവര്‍ ചിത്രം നിര്‍മിക്കുന്നതെന്നാണ് സങ്കടകരം - ഇന്ത്യയുടെ 45 -ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഭാഗമായി ഗോവയിലെത്തിയ അദ്ദേഹം മനോരമ ഓണ്‍ലൈനോട് പറഞ്ഞു.

ഇത്തവണ ചലച്ചിത്രമേളയുടെ ഉദ്ഘാടന ചിത്രം അറബ് വസന്തമെന്നറിയപ്പെടുന്ന പ്രക്ഷോഭം പശ്ചാത്തലമാക്കി മക്മല്‍ ബഫ് സംവിധാനം ചെയ്ത ദ് പ്രസിഡന്റ് എന്ന ചിത്രമായിരുന്നു. ഇത്തവണ ഐഎഫ്എഫ്ഐയില്‍ മക്ബല്‍ ബഫ് ചിത്രങ്ങളുടെ റിട്രോസ്പെക്ടീവ് വിഭാഗവുമുണ്ട്. ജനാധിപത്യം ഒരു ലക്ഷ്യമായല്ല ദ് പ്രസിഡന്റ് വിശദമാക്കുന്നതെന്ന് മക്ബല്‍ ബഫ് പറഞ്ഞു. ഒരു രാജ്യത്തെ ബോംബിട്ടു നശിപ്പിച്ചോ, ആക്രമിച്ചോ അവിടെ ജനാധിപത്യം സമ്മാനിക്കാനാവില്ലെന്ന് അമേരിക്കയുടെ ഇറാഖ്, അഫ്ഗാനിസ്ഥാന്‍ അധിനിവേശങ്ങളെ പേരെടുത്തു പരാമര്‍ശിക്കാതെ അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തിനു വേണ്ടത് വിദ്യാഭ്യാസവും വികസനവുമാണ്. ഗാന്ധിജിയുടെ മാര്‍ഗം അതിനു മികച്ച ഉദാഹരണമാണ്. അധിനിവേശങ്ങളിലൂടെയല്ലാതെ അഹിംസാമാര്‍ഗത്തിലൂടെ ജനാധിപത്യത്തിലേക്ക് വഴിമാറേണ്ടതെങ്ങനെയെന്ന പുനരാലോചനയാണ് തന്റെ ചിത്രമെന്ന് അദ്ദേഹം സൂചിപ്പിച്ചു.

പ്രസിഡന്റും പേരക്കുട്ടിയുമായുള്ള സംഭാഷണത്തിലൂടെയാണ് ദ് പ്രസിഡന്റ് പുരോഗമിക്കുന്നത്. ഇവര്‍ തമ്മിലുളള ആശയസംവാദം രണ്ടു തലമുറകള്‍ തമ്മിലുളള സംഭാഷണം മാത്രമായല്ല സ്വന്തം കുട്ടിക്കാലവുമായി പ്രസിഡന്റിന്റെ സംവാദമായി കൂടിയാണ് ഉദ്ദേശിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ചെറുപ്പകാലത്ത് ഈ പ്രസിഡന്റ് ആരായിരുന്നു, ഇന്ന് അദ്ദേഹത്തില്‍ ഉണ്ടായ മാറ്റമെന്ത് എന്ന പുനരന്വേഷണം കൂടിയാണിത്. മറ്റൊരു തരത്തില്‍ അധികാരം നിഷ്കളങ്കതയെ നശിപ്പിച്ചതെങ്ങനെയെന്ന അന്വേഷണമാണത്. ഗദ്ദാഫിയുടെ പതനമാണോ ദ് പ്രസിഡന്റ് പശ്ചാത്തലമാക്കിയെന്ന ചോദ്യത്തിന് ഒരു വ്യക്തിയെ ആസ്പദമാക്കിയല്ല ചിത്രമൊരുക്കിയതെന്നും സദ്ദാം ഹുസൈനടക്കം ലോകത്ത് പലയിടത്തും നിലനിന്ന, നിലനില്‍ക്കുന്ന, തുടരാന്‍ സാധ്യതയുള്ള ഏകാധിപത്യമനോഭാവത്തെയാണ് ചിത്രം വിശദമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പതിനേഴാം വയസില്‍ ഇറാനില്‍ രാഷ്ട്രീയതടവുകാരനായിരുന്നപ്പോഴാണ് ഇറാനിലെ രാഷ്ട്രീയ പ്രശ്നങ്ങള്‍ക്ക് സാംസ്കാരിക വേരുകളുമുണ്ടെന്ന് മനസിലാക്കുന്നത്. തടവറയില്‍ പിന്നിട്ട കാലം കലയിലൂടെ സംസ്കാരത്തെ മാറ്റിമറിക്കാനാവുമെന്ന ബോധോദയം പകര്‍ന്നു. ചലച്ചിത്രനിര്‍മാണത്തിലേക്കും പുസ്തകമെഴുത്തിലേക്കും കടന്നതങ്ങനെയാണ്. കലയിലൂടെ ജനാധിപത്യത്തിനായുള്ള ശ്രമങ്ങള്‍ തന്റെ 30 ചലച്ചിത്രങ്ങളും നിരവധി പുസ്തകങ്ങളും ഇറാനില്‍ നിരോധിക്കപ്പെടാനിടയാക്കി. പത്തുവര്‍ഷം മുന്‍പ് രാജ്യം തന്നെ അഭയാര്‍ഥിയാക്കി. ഇന്ത്യയെ പോലെ വൈവിധ്യമാര്‍ന്ന ഭാഷകളും മതങ്ങളും സംസ്കാരങ്ങളും നിലകൊള്ളുന്ന സാഹചര്യത്തിനപ്പുറം, മതങ്ങളും സംസ്കാരങ്ങളും ഭാഷകളും ഏക മതത്തിന്റെúയും ഭാഷയുടെയും സമ്മര്‍ദ്ദത്തിലാണ്ടു പോകുന്ന സ്ഥിതിവിശേഷമാണ് ഇറാനിലുള്ളത്. രാഷ്ട്രീയ ചിത്രങ്ങള്‍ ഒരുക്കുന്നത് ശ്രമകരമാണ്. എന്നാല്‍ ലോകം മാറ്റേണ്ടതുണ്ടെങ്കില്‍ ആ സാഹസം നിങ്ങള്‍ ചെയ്തേ മതിയാകൂ. ആഗോളസംവാദങ്ങള്‍ക്ക് വഴിയൊരുക്കി ഇറാനിയന്‍ സംവിധായര്‍ ലോകസമക്ഷം അവതരിപ്പിച്ച പുതുതരംഗം ഇറാന്‍ സമൂഹത്തില്‍ മാറ്റം ഉúറപ്പാക്കാനായാണ്. പ്രേക്ഷകരുടെ മനസുമാറ്റത്തിലൂടെ ഇറാനില്‍ ഒരു സാംസ്കാരികമാറ്റത്തിനാണ് ഈ ശ്രമമെന്നും മക്മല്‍ ബഫ് പറഞ്ഞു. ബഫിന്റെ ഭാര്യയും സംവിധായികയായ മാര്‍സിയ മെഷ്കിനിയും ബഫിനൊപ്പം ഗോവയിലെത്തിയിട്ടുണ്ട്. മെഷ്കിനിയുടെ ഡേ ഐ ബികെയിം എ വുമണ്‍ എന്ന ചിത്രം ഞായറാഴ്ച ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കും.

© Copyright 2014 Manoramaonline. All rights reserved.