ആരാ ഈ മക്മല്‍ ബഫ്?

ഇന്ത്യയുടെ 45 -ാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍ ഇറാന്‍ സംവിധായകന്‍ മക്മല്‍ ബഫ് വിശിഷ്ടാതിഥിയാണ്, പറഞ്ഞിട്ടെന്തു കാര്യം, സംഘാടകര്‍ക്ക് പോലും ആളെ അത്ര പിടിയില്ല. മേളയിലെ തിരക്കിനിടയില്‍ ഒരു ചിത്രം കാണാമെന്നു കരുതിയ മക്മല്‍ബഫിനെയും ഭാര്യയും സംവിധായികയുമായ മാര്‍സിയ മെഷ്കിനിയേയും തിരിച്ചറിയാതെ തിയറ്ററില്‍ നിന്നും പുറത്താക്കി. ഒടുവില്‍ ചില മാധ്യമപ്രവര്‍ത്തകര്‍ ഇടപെട്ടപ്പോഴാണ് ഇവരെ തിയറ്ററില്‍ വീണ്ടും പ്രവേശിപ്പിച്ചത്.

എന്നാല്‍ അപ്പോഴും അദ്ദേഹത്തിന് ഒരു കസേര നല്‍കാനുള്ള സൌമനസ്യം തിയറ്ററിലെ വൊളണ്ടിയര്‍മാര്‍ കാട്ടിയില്ല. ഗോവയിലെ എസ്പിക്കു പോലും സീറ്റു കിട്ടിയില്ല പിന്നെയാണോ നിങ്ങള്‍ പറയുന്ന ഈ ബഫ് എന്നായിരുന്നു ഒരു വൊളണ്ടിയറുടെ പ്രതികരണം. വെള്ളിയാഴ്ച രാത്രി മേളയുടെ പ്രധാന വേദിയായ ഐനോക്സ് തിയറ്ററിലെ സ്ക്രീന്‍ മൂന്നിലായിരുന്നു മേളയുടെ നിറം കെടുത്തിയ ഈ സംഭവം. ഒലിവര്‍ അസായസിന്റെ ക്ളൌഡ് ഓഫ് സില്‍സ് മരിയ എന്ന ചിത്രം കാണാനെത്തിയതായിരുന്നു ബഫും ഭാര്യയും. വിശിഷ്ടാതിഥിക്ക് ടിക്കറ്റ് വേണ്ടെങ്കിലും ബഫിനെ തിരിച്ചറിയാത്ത ഗേറ്റ് വൊളണ്ടിയര്‍മാര്‍ അദ്ദേഹത്തെ ആദ്യം കടത്തിവിട്ടില്ല. ഒടുവില്‍ മാധ്യമപ്രവര്‍ത്തകര്‍ തെറ്റുചൂണ്ടിക്കാട്ടിയപ്പോഴാണ് അദ്ദേഹത്തെ തിയറ്ററിലേക്ക് പ്രവേശിപ്പിച്ചതു തന്നെ.

നിറഞ്ഞ തിയറ്ററില്‍ സീറ്റു കിട്ടാതെ ഒരു നിലത്തിരുന്നു ചിത്രം കാണാന്‍ തീരുമാനിച്ച ബഫിനെ തിരിച്ചറിയാതെ വൊളണ്ടിയര്‍മാര്‍ പുറത്താക്കുകയായിരുന്നു. നിലത്തിരുന്നു സിനിമ കാണാന്‍ ആരെയും അനുവദിക്കാറില്ലെന്നു പറഞ്ഞായിരുന്നു ഇത്. ഒടുവില്‍ മാധ്യമപ്രവര്‍ത്തകരുടെ സമ്മര്‍ദ്ദത്തില്‍ അദ്ദേഹത്തെ വീണ്ടും തിയറ്ററില്‍ പ്രവേശിപ്പിച്ചെങ്കിലും പ്രദര്‍ശന സ്ക്രീനിനു സമീപത്തെ വാതിലിനു മുന്നില്‍ നിന്നു ചിത്രം കാണാനായിരുന്നു ബഫിന്റെയും ഭാര്യയുടെയും വിധി. സംഘാടകപ്പിഴവ് മേളയില്‍ ദൃശ്യമാണ്.

13,000 പ്രതിനിധികളും ഏകദേശം 2,500 സീറ്റും എന്ന ഒരിക്കലും ചേരാത്ത കണക്കു തന്നെ ഇതിന് ഉദാഹരണം. പനോരമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച മലയാള ചിത്രം ദൃശ്യത്തിന്റെ സംവിധായകന്‍ ജീത്തു ജോസഫിനാകട്ടെ വാഹനസൌകര്യം പോലും സംഘാടകര്‍ ഒരുക്കിയില്ല. വിമാനത്താവളത്തില്‍ നിന്നും വാഹനം കിട്ടാതെ കുഴങ്ങിയ അദ്ദേഹത്തിന് ഒരു മണിക്കൂറോളം കാത്തു നിന്ന ശേഷമാണ് വാഹനം ലഭിച്ചത്. മറാത്തി താരങ്ങള്‍ക്കും ഗോവയിലെ കൊങ്കിണി ചലച്ചിത്രതാരങ്ങള്‍ക്കും ഹിന്ദി ചലച്ചിത്രങ്ങളിലേയും ഹിന്ദി സിരീയലിലെയും താരങ്ങള്‍ക്കും മികച്ച പരിഗണന ലഭിക്കുമ്പോള്‍ ബഫടക്കം ഇതരരാഷ്ട്രങ്ങളില്‍ നിന്നും ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കും ഇന്ത്യയിലെ ഇതരഭാഷകളിലെ മികച്ച ചലച്ചിത്രപ്രതിഭകള്‍ക്കു പോലും വഴിയാധാരമാകുന്ന സ്ഥിതിയാണ് മേളയില്‍..

© Copyright 2014 Manoramaonline. All rights reserved.