ദൂരദര്‍ശന്‍ അവതാരകയുടെ 'നാക്കുപിഴ' അന്വേഷിക്കുന്നു

ഗോവയില്‍ അരങ്ങേറുന്ന ഇന്ത്യയുടെ നാല്‍പത്തിയഞ്ചാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടനച്ചടങ്ങിന്റെ തല്‍സമയ സംപ്രേഷണത്തിനിടെ ദൂരദര്‍ശനിലെ അവതാരകയ്ക്കുണ്ടായ നാക്കുപിഴ ഔദ്യോഗിക തലത്തില്‍ അന്വേഷിക്കുന്നു. ഗോവ ഗവര്‍ണര്‍ മൃദുല സിന്‍ഹയെ ഗവര്‍ണര്‍ ഓഫ് ഇന്ത്യയെന്നും മറ്റും പരാമര്‍ശിച്ചത് യൂട്യൂബില്‍ വൈറലായതോടെയാണ് ദൂരദര്‍ശന്‍ നടപടിക്ക് ഒരുങ്ങുന്നത്. ഇതേക്കുറിച്ച് അന്വേഷിക്കാന്‍ ഉയര്‍ന്ന ഉദ്യോഗസ്ഥനെ നിയോഗിച്ചതായി ദൂരദര്‍ശന്‍ ചാനലിന്റെ ചുമതലയുളള പ്രസാര്‍ ഭാരതിയിലെ ഉന്നത കേന്ദ്രങ്ങള്‍ വെളിപ്പെടുത്തി.

ഉദ്ഘാടനചടങ്ങിനിടെ ഗവര്‍ണറെ പരിചയപ്പെടുത്തുന്നതിന്റെ നാലു മിനിറ്റ് വിഡിയോയാണ് യൂട്യൂബില്‍ വൈറലായത്. ഇതേക്കുറിച്ച് ആകാശവാണിയിലെ എഡിജി റാങ്കിലുള്ള ഉദ്യോഗസ്ഥനാകും അന്വേഷിക്കുക. തല്‍സമയ സംപ്രേഷണത്തില്‍ കാഷ്വല്‍ ജീവനക്കാരിയാണ് അവതാരകയായതെന്നും ഇതേക്കുറിച്ച് അന്വേഷിക്കാന്‍ നിര്‍ദ്ദേശിച്ചതായും പ്രസാര്‍ ഭാരതി സിഇഒ ജവാഹര്‍ സിര്‍കാര്‍ പറഞ്ഞു. അതേസമയം, ദൂരദര്‍ശനിലും ആകാശവാണിയിലും ഉദ്ദേശം 18,000 ഒഴിവുകള്‍ നികത്താതെ കിടക്കുകയാണെന്നും 20 വര്‍ഷത്തോളമായി ഒഴിവുകള്‍ നികത്താത്തതിനാലാണ് സ്റ്റേഷന്‍ ഡയറക്ടര്‍മാര്‍ക്ക് കാഷ്വല്‍ ജീവനക്കാരെ രംഗത്തിറക്കേണ്ടി വരുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. പരിപാടികളുടെ ഗുണമേന്മ വിലയിരുത്തേണ്ട 191 പേരുടെ സൂപ്പര്‍വൈസറി പോസ്റ്റില്‍ മാത്രം 180 ഒഴിവാണുള്ളത്.

ദൂരദര്‍ശനില്‍ സംപ്രേഷണത്തിനിടെ അടുത്തിടെ ഉണ്ടായ പിഴവുകളില്‍ പുതിയതാണ് ഐഎഫ്എഫ്ഐയിലേത്. ചൈനീസ് പ്രസിഡന്റിന്റെ സന്ദര്‍ശത്തിനിടെ അദ്ദേഹത്തിന്റെ പേര് റോമന്‍ അക്കത്തിലേതെന്ന് തെറ്റിധരിച്ച് ഇലവന്‍ എന്നു വായിച്ചതും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദര്‍ശനത്തിന്റെ വാര്‍ത്താ ശകലത്തില്‍ മോദിക്കു പകരം മന്‍മോഹന്‍ സിങ്ങിന്റെ ചിത്രം കാട്ടിയതും വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.

© Copyright 2014 Manoramaonline. All rights reserved.