ഉണര്‍ന്നപ്പോള്‍ അയാള്‍ കണ്ട 'സ്വപ്നം'

നവീന്‍ മോഹന്‍

ലിത്വാനിയ എന്ന കൊച്ചുരാജ്യം. 30 ലക്ഷത്തിനടുത്തേയുള്ളൂ അവിടത്തെ ജനസംഖ്യ. ഇത്തവണ ഗോവ രാജ്യാന്തര ചലച്ചിത്രമേളയില്‍ അവിടെ നിന്നൊരു ചിത്രമുണ്ടായിരുന്നു. ഒരേയൊരു ചിത്രം-വെന്‍ യു വേക്ക് അപ്. റിക്കാര്‍ഡസ് മാര്‍സിന്‍ക്കസ് എന്ന ചെറുപ്പക്കാരന്റെ ആദ്യ ഫീച്ചര്‍ ഫിലിം. റിക്കാര്‍ഡസും മേളയ്ക്കെത്തിയിരുന്നു. ചിത്രത്തെ പരിചയപ്പെടുത്തുന്നതിനിടെ ലിത്വാനിയയില്‍ കഴിഞ്ഞ ദിവസം ആ ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്ത വിശേഷവും പറഞ്ഞു അദ്ദേഹം. മാത്രവുമല്ല ഗോവയിലെ സിനിമകള്‍ പലതും കണ്ടപ്പോള്‍ തന്റെ ചിത്രം എങ്ങിനെ തിരഞ്ഞെടുക്കപ്പെട്ടു എന്ന് അദ്ഭുതപ്പെട്ടുവെന്നും പറഞ്ഞുകളഞ്ഞു. ചിത്രം കാണുന്ന പ്രേക്ഷകനും തോന്നിയേക്കാം ഈ ചിത്രത്തിന് ചലച്ചിത്രമേളകളുടെ ഒരു സ്വഭാവമില്ലല്ലോയെന്ന്. അത്രമാത്രം വാണിജ്യചേരുവകള്‍ ചേര്‍ന്ന ചിത്രം. സംവിധായകന്‍ ഒന്നുകൂടി പറഞ്ഞു-നിങ്ങള്‍ക്ക് ഈ ചിത്രം ഇഷ്ടപ്പെടാന്‍ സാധ്യതയുണ്ട്, കാരണം ഇന്ത്യന്‍ സിനിമകളെപ്പോലെ ഈ ചിത്രത്തിലും ഒരുപാടു ഗാനങ്ങളുണ്ട്... സത്യമായിരുന്നു. ഒരു ഗായകന്റെ കഥയാണ് വെന്‍ യു വെയ്ക്ക് അപ്. പന്‍ഗ് എന്ന ഗായകന്‍ ഒരുകാലത്ത് ആരാധകരുടെ ഹരമായിരുന്നു. പക്ഷേ പ്രശസ്തിയില്‍ മതിമറന്ന് മയക്കുമരുന്നിന്റെയും മദ്യത്തിന്റെയും ലോകത്ത് അഭിരമിച്ചതോടെ ആരാധകരുടെ കാലം പതിയെ കഴിഞ്ഞുപോയി. ഇപ്പോള്‍ കൂടെ ആരുമില്ല. ആക്കെക്കൂടി ഉണ്ടായിരുന്ന മാനേജര്‍ കൂടി പോയതോടെ പന്‍ഗ് ആകെ തകര്‍ന്നു. ഒരു രാത്രി കുടിച്ചുബോധംകെട്ട് ബാറില്‍ കിടന്നുറങ്ങിയ പന്‍ഗ് ഉണരുമ്പോള്‍ മുന്നില്‍ ഒരു കൊച്ചുസുന്ദരി. ഒരു ഏഴെട്ടുവയസ്സു പ്രായം തോന്നിക്കും. തന്നെത്തന്നെ നോക്കിയിരിക്കുന്ന മാലാഖയുടെ മുഖമുള്ള ആ പെണ്‍കുട്ടിയോട് പന്‍ഗ് ചോദിച്ചു-നീയെങ്ങിനെ ഇവിടെയെത്തി...?' 'ഞാനെന്റെ അച്ഛന്റെ അടുത്തേക്കു വന്നതാണ്?' അവള്‍ പറഞ്ഞു. 'എന്നിട്ട് അച്ഛനെവിടെ..?' 'നിങ്ങളാണ് എന്റെ അച്ഛന്‍?' പന്‍ഗിന് ഒന്നും മനസ്സിലായില്ല. പക്ഷേ പെണ്‍കുട്ടിയാണെങ്കില്‍ അവനെ വിട്ടുപോകുന്നുമില്ല. ഒളിച്ചുപോകാന്‍ നോക്കി. രക്ഷയില്ല, അവള്‍ പിന്നാലെത്തന്നെയുണ്ട്. എന്തായാലും ദൂരെ ഒരിടത്ത് ഒരു കണ്‍സേര്‍ട്ടുണ്ട്. പോകുന്നവഴിക്ക് അമ്മയുടെ അടുത്താക്കാമെന്നും പറഞ്ഞ് വെര്‍ദയെന്ന സുന്ദരിക്കുട്ടിയെയും കൊണ്ട് പന്‍ഗ് യാത്രയാവുകയാണ്. പന്‍ഗിന്റെ ആഡംബരകാലത്തെ ബാക്കിപത്രമായ പഴഞ്ചന്‍ ബിഎംഡബ്ള്യു കാറിലാണ് യാത്ര. ആ യാത്രയ്ക്കിടെ ഭക്ഷണം കഴിക്കാന്‍ കാശിനു വേണ്ടി പന്‍ഗ് വഴിയോരത്തുനിന്നു പാട്ടുപാടി, വെര്‍ദ നൃത്തം ചെയ്തു. കണ്ടുനിന്നവരെല്ലാം കയ്യടിച്ചു, അവര്‍ക്ക് വയര്‍ നിറച്ചു ഭക്ഷണം കഴിക്കാനുള്ള കാശും കിട്ടി. ഇടയ്ക്ക് പന്‍ഗിന്റെ കയ്യിലെ ഒരേയൊരു സിഗററ്റെടുത്ത് അവള്‍ കാറിനു പുറത്തേക്കെറിഞ്ഞു. വെര്‍ദ കഴിച്ചുകൊണ്ടിരുന്ന ലോലിപ്പോപ്പെടുത്ത് പന്‍ഗും പുറത്തേക്കെറിഞ്ഞു. 'എന്തു പണിയാ കാണിച്ചത്. അതിന് നല്ല ടേസ്റ്റുണ്ടായിരുന്നു...' അവള്‍ സങ്കടം പറഞ്ഞു. 'എന്റെ സിഗററ്റിനും നല്ല ടേസ്റ്റാണെന്നു' പറഞ്ഞ് പന്‍ഗ് കാര്‍ പറത്തിവിട്ടു. തമാശ പറഞ്ഞും ഇടയ്ക്ക് കാറിലെ റേഡിയോയില്‍ കേട്ട പാട്ടുകളെ കുറ്റം പറഞ്ഞും പുകഴ്ത്തിയുമെല്ലാം ആ കാര്‍ നിരത്തുകള്‍ പിന്നിട്ടുകൊണ്ടേയിരിക്കുന്നു. ഇടയ്ക്കൊരിടത്തു വച്ച് വെര്‍ദയെ കാണാതായി. തന്റെ പ്രിയപ്പെട്ടതെന്തോ നഷ്ടപ്പെട്ടതു പോലെയൊരു തോന്നലായിരുന്നു പന്‍ഗിന്. കാര്യം എന്തൊക്കെപ്പറഞ്ഞാലും ആ കൊച്ചുപെണ്‍കുട്ടിയെ അയാള്‍ വല്ലാതെ ഇഷ്ടപ്പെട്ടു തുടങ്ങിയിരുന്നു. അത് അറിയാവുന്നതുകൊണ്ടുതന്നെയാകണം വെര്‍ദ തിരികെയെത്തി. 'ഈ പെണ്‍കുട്ടി സത്യമാണോ? അതോ തന്റെ വെറും സ്വപ്നമോ?' പന്‍ഗിന് ചിലപ്പോഴൊക്കെ തോന്നുന്നുണ്ടായിരുന്നു. അവള്‍ വന്നതോടെ തന്നിലേക്കാകെ പടരുന്ന ഒരു മാറ്റം അയാളും തിരിച്ചറിഞ്ഞുതുടങ്ങിയിരുന്നു. ഇടയ്ക്ക് പന്‍ഗിന്റെ വീട്ടിലും ഇരുവരും ഒന്നുകയറി. 'എന്റെ അമ്മയെയെങ്ങാന്‍ മുത്തശ്ശീയെന്നു വിളിച്ചാല്‍ നിന്നെ അവിടെയെട്ട് തല്ലിക്കൊല്ലും...' എന്നു കണ്ണുരുട്ടിയാണ് പന്‍ഗ് വെര്‍ദയെ വീട്ടിലേക്കു ക്ഷണിക്കുന്നത്. വെര്‍ദയുടെ വരവ് പന്‍ഗിന്റെ അമ്മയ്ക്കും ഏറെ സന്തോഷമായിരുന്നു. തന്റെ സുഹൃത്തിന്റെ മകളെന്നാണ് അവളെ അമ്മയ്ക്ക് പരിചയപ്പെടുത്തിയത്. ഇടയ്ക്ക് മകനോട് കല്യാണം കഴിക്കാനൊന്നും പ്ളാനില്ലേ എന്നു ചോദിച്ചതിന് പൊട്ടിത്തെറിയോടെയായിരുന്നു പന്‍ഗിന്റെ മറുപടി. അമ്മ കരഞ്ഞു. പന്‍ഗിനും സങ്കടം വന്നു. പുറത്തുവന്നിരുന്ന് കരയുമ്പോള്‍ അരികിലിരുന്ന് അവനെ ആശ്വസിപ്പിച്ചത് വെര്‍ദയായിരുന്നു. അവനെ ഒരുപാട് നാളായി അറിയാവുന്ന ഒരാളെപ്പോലെ... പന്‍ഗിന് വല്ലാത്തൊരു ആശ്വാസം തോന്നി. അമ്മയോട് ക്ഷമയും പറഞ്ഞ് കെട്ടിപ്പിടിച്ചൊരു ഉമ്മയും കൊടുത്താണ് പിറ്റേന്ന് തിരികെപ്പോയത്. പോകുംവഴി വെര്‍ദയുടെ വീട്ടിലും ഒന്നുകയറി. പക്ഷേ അവളുടെ അമ്മ അവിടെയില്ല. എപ്പോള്‍ തിരിച്ചുവരുമെന്നും അറിയില്ല. എന്നാല്‍പ്പിന്നെ നമുക്കൊരുമിച്ച് കണ്‍സേര്‍ട്ടിനു പോകാമെന്നുപറഞ്ഞ് അവരിരുവരും വീണ്ടും യാത്രയാവുകയാണ്. അതുവരെ ഭ്രാന്തന്‍സംഗീതവുമായി ആള്‍ക്കാരുടെ കൂവലേറ്റുവാങ്ങിയിരുന്ന പന്‍ഗ് പുതിയ സ്ഥലത്ത് ഒരു പാട്ടുപാടി. 'എന്റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട ഒരാളെപ്പറ്റിയുള്ള പാട്ടാണിത്. ആ കക്ഷി ഇവിടെ ഈ ഹാളില്‍ത്തന്നെയുണ്ട്...' പന്‍ഗ് പറഞ്ഞതുകേട്ട് വെര്‍ദ ആ ഭംഗിയുള്ള ചുണ്ടുകള്‍ വിടര്‍ത്തി ഒന്നുകൂടി ചിരിച്ചു. പക്ഷേ പാട്ടിന്റെ പാതിവഴിയില്‍ അവിടേക്ക് കയറിവന്നത് പൊലീസായിരുന്നു. അനാഥാലയത്തിലെ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുവന്നതിന് പന്‍ഗ് സ്റ്റേഷനിലായി. വെര്‍ദ അനാഥാലയത്തിലും. പന്‍ഗിന് ഒന്നും മനസ്സിലായില്ല. ജയിലില്‍ നിന്നിറങ്ങിയ പന്‍ഗ് നേരേ പോയത് അനാഥാലയത്തിലേക്കായിരുന്നു. വെര്‍ദയെ താന്‍ ദത്തെടുക്കാന്‍ ആഗ്രഹിക്കുന്നെന്ന് സൂപ്രണ്ടിനോട് എത്ര പറഞ്ഞിട്ടും അവര്‍ക്ക് മനസ്സിലാകുന്നില്ല. 'ആദ്യം നിങ്ങളുടെ സ്വഭാവം നന്നാക്ക്, എന്നിട്ടു നോക്കാം ബാക്കി കാര്യം...' 'അത് പഴയകാര്യമല്ലേ മാഡം. ഇപ്പോള്‍ ഞാനെന്റെ ദുശ്ശീലങ്ങളെല്ലാം പൂര്‍ണമായും ഒഴിവാക്കി...ദയവായി അവളെ എന്റെ കൂടെ വിടൂ..'പന്‍ഗിന്റെ അപേക്ഷയൊന്നും പക്ഷേ സൂപ്രണ്ട് കേട്ടില്ല. തകര്‍ന്ന മനസ്സോടെ പുറത്തിറങ്ങുമ്പോള്‍ അവിടെ പുതിയൊരാള്‍ കാത്തിരിപ്പുണ്ടായിരുന്നു. പന്‍ഗിനെയും വെര്‍ദയെയും എന്നന്നേക്കും ഒന്നിപ്പിക്കാന്‍ സഹായിച്ച ഒരാള്‍. വാണിജ്യസിനിമയുടെ സകലസ്വഭാവവും ഉള്‍ക്കൊണ്ടായിരുന്നു റിക്കാര്‍ഡസ് തന്റെ കന്നിച്ചിത്രം ഒരുക്കിയത്. ലിത്വാനിയ എന്ന കൊച്ചുരാജ്യത്തില്‍ നിന്നു പക്ഷേ സിനിമാപ്രേമികള്‍ക്കു ലഭിച്ചത് ഉഗ്രനൊരു വിഭവമായിരുന്നു-വാണിജ്യപരമായും കലാപരമായും മികവുപുലര്‍ത്തിയ ഒരു ചിത്രം. ആസ്വാദനത്തിന്റെ ഏറ്റവും മനോഹരമായതലത്തെത്തന്നെ ചിത്രം വല്ലാതെ സ്പര്‍ശിക്കുന്നു. ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ഒരു ക്യാമറ യൂണിറ്റ് തന്നെ കാറില്‍ ഘടിപ്പിച്ചുവച്ചായിരുന്നുവത്രേ യാത്ര. മാത്രവുമല്ല, കാറിന്റെ ഡിക്കിയില്‍ സംവിധായകനും ഒളിച്ചിരിപ്പുണ്ടായിരുന്നു. മുന്നില്‍ ഷൂട്ടിങ് ദൃശ്യങ്ങള്‍ കാണാനുള്ള ഒരു സ്ക്രീനും. കഥാപാത്രങ്ങള്‍ക്കും കഥയ്ക്കും സിനിമയ്ക്കുമൊപ്പം സംവിധായകനും യാത്രചെയ്യുകയായിരുന്നുവെന്നു ചുരുക്കം. എന്തായാലും കഷ്ടപ്പെട്ടത് വെറുതെയായില്ല, ലോകത്തെ ഏറ്റവും മികച്ച റോഡ് മൂവികളുടെ ഗണത്തിലേക്കാണ് വെന്‍ യു വെയ്ക്ക് അപ്പും ഓടിക്കയറിയത്.

© Copyright 2014 Manoramaonline. All rights reserved.