സ്വപ്നമായിരുന്നു അയാളുടെ ജീവിതം

നവീന്‍ മോഹന്‍

'ഡാന്റെ, വിര്‍ജില്‍ നിന്നെ വിട്ടുപോയതിന്റെ പേരില്‍ കരയരുത്. സങ്കടപ്പെടാന്‍ വരട്ടെ, കാരണം നിന്നെ ഇതിലുമധികം കരയിപ്പിക്കാനുള്ള ഒരുപാട് കാര്യങ്ങള്‍ വരാനിരിക്കുന്നേയുള്ളൂ...' 'ഡിവൈന്‍ കോമഡി'യില്‍ ദൈവം ഡാന്റെയ്ക്കു നല്‍കിയ ഉപദേശത്തോടെയാണ് പോളിഷ് ചിത്രം 'ഫീല്‍ഡ് ഓഫ് ഡോഗ്സി'ന്റെ തുടക്കം. കവിതയുടെ ലോകത്തില്‍ വിഹരിച്ചിരിക്കുന്ന ഒരു യുവാവ്. കാറപടകത്തില്‍ കാമുകിയും ആത്മാര്‍ഥ സുഹൃത്തും മരിച്ചതോടെ അയാള്‍ സര്‍ഗാത്മകതയുടെ ലോകത്തു നിന്നുതന്നെ വിടപറഞ്ഞു. ഇപ്പോഴൊരു സൂപ്പര്‍മാര്‍ക്കറ്റിലാണ് ജോലി. പക്ഷേ തരംകിട്ടിയാല്‍ അയാള്‍ സൂപ്പര്‍മാര്‍ക്കറ്റിലെ ഗോഡൌണിലേക്ക് മുങ്ങും. അവിടത്തെ ഏതെങ്കിലും ട്രോളിയില്‍ കൂട്ടിയിട്ടിരിക്കുന്ന ഉടുപ്പുകളുടെ കൂട്ടത്തില്‍ കിടന്നുറങ്ങും.

യാത്രയില്‍, പള്ളിയില്‍, സെമിത്തേരിയില്‍ വരെ അയാള്‍ക്ക് കിടന്നുറങ്ങാന്‍ തോന്നുകയാണ്. 'ആദം, നിങ്ങള്‍ വല്ലാതെ ഉറങ്ങുന്നു. ചികിത്സയ്ക്ക് സമയമായി..' ഒരിക്കല്‍ വൈദികന്‍ പറഞ്ഞു. കുമ്പസാരക്കൂട്ടില്‍ വച്ച് പക്ഷേ ആദം ചോദിച്ചു: എന്തിനാണ് ദൈവം എന്നെയിങ്ങനെ പരീക്ഷിക്കുന്നത്? എല്ലായിപ്പോഴും എനിക്ക് കഠിനമായ ദു:ഖങ്ങളാണ് ദൈവം നല്‍കുന്നത്. എന്നെ ശക്തനാക്കനാണോ ഇത്? ഇങ്ങിനെ കരയിച്ചിട്ടു വേണോ ദൈവത്തിന് എന്നെ ശക്തനാക്കാന്‍...? എനിക്ക് താങ്ങാനാകുന്നില്ല ഇതൊന്നും...' 'ദൈവത്തിന്റെ വഴികള്‍ വിചിത്രങ്ങളാണ് കുഞ്ഞേ...' എന്നായിരുന്നു അതിനുള്ള വൈദികന്റെ മറുപടി. എഴുത്തിന്റെ ലോകത്തു നിന്ന് വിട്ടുപോയെങ്കിലും ഉറക്കത്തിന്റെ ലോകത്ത് മുഴുവന്‍ അയാളുടെ സര്‍ഗാത്മകത വഴിഞ്ഞൊഴുകുകയായിരുന്നു. അയാളുടെ ഒപ്പമുണ്ടായിരുന്നവര്‍, മരിച്ചുപോയവര്‍, ബന്ധുക്കള്‍, യാത്രയില്‍ കണ്ടുമുട്ടുന്നവര്‍...എല്ലാവരും അയാളുടെ സ്വപ്നങ്ങളിലെത്തുകയാണ്. എല്ലാം വല്ലാത്ത സ്വപ്നങ്ങള്‍. അയാള്‍ക്കുമാത്രം മനസ്സിലാക്കാനാകുന്നവ. വിചിത്രകല്‍പനകള്‍ നിറഞ്ഞതായിരുന്നു ഓരോ സ്വപ്നവും. അതുകൊണ്ടുതന്നെ എല്ലായിപ്പോഴും ഉറങ്ങാനും സ്വപ്നം കാണാനും അയാള്‍ കൊതിച്ചു.

ചിലപ്പോഴൊക്കെ സ്വപ്നം സത്യമായ പോലെ തോന്നും. അപ്പോളയാള്‍ തന്റെ വീടിന്റെ ചുമരുകളില്‍ ചെവിയോര്‍ത്തു നില്‍ക്കും-ഒരു പെണ്‍കുട്ടി കരയുന്ന ശബ്ദമല്ലേ താന്‍കേള്‍ക്കുന്നത്? അതോ അവള്‍ ചിരിക്കുകയാണോ...? ഒന്നും മനസ്സിലാകുന്നില്ല. മനസ്സിലുള്ളതെല്ലാം തുറന്നു പറയാന്‍ ഒരു ആന്റി മാത്രമേയുള്ളൂ അയാള്‍ക്ക്. അവരാകട്ടെ കവിതകളും പല പുസ്തകങ്ങളില്‍ നിന്നുള്ള ഭാഗങ്ങളുമെല്ലാം വായിച്ചുകൊടുത്ത് അവനെ സമാധാനിപ്പിക്കാനുള്ള ശ്രമത്തിലാണ്. പക്ഷേ സ്വപ്നങ്ങള്‍ ദിനംപ്രതി ശക്തിപ്രാപിച്ചു വരികയാണ്. ഏതാണ് സ്വപ്നം ഏതാണ് യാഥാര്‍ഥ്യം എന്നു തിരിച്ചറിയാന്‍ പോലും പറ്റുന്നില്ല. പക്ഷേ ദൈവം അയാള്‍ക്കു മാത്രമല്ല ദു:ഖങ്ങള്‍ കൊടുത്തത്. വിനാശത്തിന്റെ കാലം വരും എന്ന് ബൈബിളില്‍ പറഞ്ഞിരിക്കുന്ന പോലെ പോളണ്ടിനെയാകെ ദുരന്തങ്ങള്‍ ഗ്രസിച്ചിരിക്കുകയാണ്. വെള്ളപ്പൊക്കത്തില്‍ സെമിത്തേരികള്‍ വരെ മുങ്ങിപ്പോയിരിക്കുന്നു, ശവപ്പെട്ടികള്‍ ഒഴുകിനടക്കുന്നു. തൊട്ടുപിറകെ പ്രസിഡന്റ് സഞ്ചരിച്ച വിമാനം കാരണമെന്തെന്നു പോലും കണ്ടുപിടിക്കാനാകാതെ പൊട്ടിത്തെറിച്ചിരിക്കുന്നു. ഇതുവരെ കേള്‍ക്കാത്ത മറ്റൊരു ദുരന്തം അഗ്നിപര്‍വതസ്ഫോടനത്തിന്റെ രൂപത്തിലും പോളണ്ടിനെ വിഴുങ്ങുകയാണ്.

ഈ ദുരന്തങ്ങളെല്ലാം അയാളുടെ മനസ്സില്‍ ആഴത്തില്‍ പതിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ മരണപ്പെട്ടവരും അല്ലാത്തവരും പോലും സ്വപ്നങ്ങളില്‍ വിരുന്നിനെത്തു ന്നു. മരിച്ച പലരെയും അയാള്‍ കണ്ടിട്ടുപോലുമില്ല. പക്ഷേ സ്വപ്നത്തില്‍ എല്ലാവര്‍ക്കും മുഖങ്ങളുണ്ട്. ഒരു പെണ്‍കുട്ടിക്കൊഴികെ-അവളുടെ മുഖം മുടിയാല്‍ മറഞ്ഞിരിക്കുകയാണ്.തലയാകെ പൊട്ടിപ്പിളര്‍ന്നിരിക്കുന്നു... അല്ലെങ്കിലും സ്വപ്നം കാണുന്നതിന് ഒന്നും യാഥാര്‍ഥ്യത്തില്‍ അനുഭവിക്കേണ്ട ആവശ്യമില്ലെന്ന് അവനറിയാം. അവന്‍ കാട് കണ്ടിട്ടില്ല. പക്ഷേ അവന്‍ സങ്കല്‍പിച്ചെടുക്കുന്ന കാടിന് വന്യതയുടെ അസാധാരണമായ സൌന്ദര്യവും ചിലപ്പോഴൊക്കെ ഭീകരതയുമുണ്ട്. ഒരു രാജ്യത്തിന്റെ ദുരന്തം വ്യക്തിയിലേക്ക് ചുരുക്കി അവതരിപ്പിക്കുകയാണ് പോളിഷ് സംവിധായകനായ ലീഷ് മഷേവ്സ്കി 'ഫീല്‍ഡ് ഓഫ് ഡോഗ്സി'ലൂടെ. 'ജനറലൈസേഷന്‍' എന്ന ചുരുക്കപ്പേരില്‍ ലളിതമായി വിളിക്കുന്ന ഈ രീതി പക്ഷേ ചിത്രത്തില്‍ അതിമനോഹരമായി അവതരിപ്പിക്കപ്പെട്ടിരിക്കുന്നു. കാമുകിയുടെയും സുഹൃത്തിന്റെ മരണശേഷം മന:സ്സമാധാനമെന്നത് അറിഞ്ഞിട്ടില്ല ആദം. വിചിത്രമായൊരു ലോകത്താണ് ജീവിതം തന്നെ. കവി കൂടിയായ സംവിധായകന്‍ സാഹിത്യത്തെയും കൃത്യമായി ചിത്രത്തില്‍ വിളക്കിച്ചേര്‍ത്തിട്ടുണ്ട്.

ടെക്നോളജിയുടെ സഹായം കൂടി ഭംഗിയായി ഉപയോഗപ്പെടുത്തിയതോടെ സര്‍ റിയലിസത്തിന്റെ അതിഭീകരമെന്നു തന്നെ വിശേഷിപ്പിക്കാവുന്ന സന്നിവേശം കൂടി ഈ ചിത്രത്തില്‍ കാണാം. അവസാന രംഗത്തില്‍ആള്‍ത്താരയ്ക്കുള്ളിലേക്ക് വന്നുപതിക്കുന്ന വെള്ളച്ചാട്ടം തന്നെ ഇതിന് ഏറ്റവും മികച്ച ഉദാഹരണം. യാഥാര്‍ഥ്യത്തേക്കാള്‍ ഭീകരമായ സ്വപ്നലോകവും ചിലപ്പോഴൊക്കെ സ്വപ്നത്തേക്കാള്‍ ഭീകരമായ യാഥാര്‍ഥ്യങ്ങളും കൊണ്ട് പ്രേക്ഷകനെ ഭ്രമിപ്പിക്കും 'ഫീല്‍ഡ് ഓഫ് ഡോഗ്സ്'. എന്തുകൊണ്ടാണ് രാജ്യത്ത് വെള്ളപ്പൊക്കമുണ്ടായത് എന്നതിന് ആദമിന്റെ ആന്റി നല്‍കുന്ന മറുപടി-പ്രകൃതിയെ കീറിമുറിച്ച് നശിപ്പിച്ചതുകൊണ്ട് അത് പ്രതികാരം ചെയ്യുകയാണെന്നാണ്...അതിന്റെ തുടര്‍ച്ചയായി ആദം കാണുന്ന സ്വപ്നങ്ങളിലൊന്നില്‍ സൂപ്പര്‍മാര്‍ക്കറ്റിലെ ടൈല്‍ പതിച്ച നിലം ഉഴുതുമറിക്കുന്ന രണ്ട് കൂറ്റന്‍ കാളകളെ കാണാം, അവയെ തെളിക്കുന്നതാകട്ടെ ആദമിന്റെ അച്ഛനും. മറ്റൊരുഘട്ടത്തില്‍ ടിവിയിലെ ഇക്കിളിപ്പരിപാടിയായ ബിക്കിനി ക്വിസിലേക്ക് വിളിക്കുന്നുണ്ട് ആദം. വന്‍തുകയാണ് ഒരുത്തരത്തിന് സമ്മാനം.

പക്ഷേ ആ ഫോണ്‍ ഒരിക്കലും കണക്ട് ചെയ്യപ്പെടില്ല, മിനിറ്റുവച്ച് കാശ് പോവുകയും ചെയ്യും.'വെറും തട്ടിപ്പല്ലേ ഇത്...?' ആദം സ്പ്നത്തില്‍ തന്നെത്തേടിയെത്തിയ ബിക്കിനിപ്പെണ്‍കുട്ടിയോടു ചോദിച്ചു. 'ഒരിക്കലുമല്ല, ഞങ്ങള്‍ സത്യത്തില്‍ അവരെ സഹായിക്കുകയാണ്. ഫോണ്‍ കണക്ട് ചെയ്യുമെന്നു പറഞ്ഞ് അവര്‍ക്ക് പ്രതീക്ഷ നല്‍കുകയാണ്. ഒരുപക്ഷേ ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷ...അതെല്ലാവര്‍ക്കും ഉണ്ടാകണമെന്നില്ല' ആ പെണ്‍കുട്ടി അവന്റെ മടിയില്‍ കയറിയിരുന്നു പറഞ്ഞു. തുടക്കത്തില്‍ സ്വപ്നത്തില്‍ നിറയെ മരണവും മാലാഖമാരും അപകടങ്ങളുമെല്ലാമായിരുന്നെങ്കില്‍ ഇടയ്ക്കെപ്പോഴോ അത് പ്രതീക്ഷയിലേക്ക് വഴിമാറുന്നു. പിന്നെ സ്വപ്നവും ജീവിതവും തമ്മിലുള്ള നേര്‍ത്ത അതിര്‍വരമ്പും പ്രേക്ഷകന്റെ മനസ്സില്‍ നിന്നുള്‍പ്പെടെ മാഞ്ഞു പോകുന്നു. അവസാനസീനില്‍ കാമുകിയോടൊപ്പം വഞ്ചിതുഴഞ്ഞുപോകുന്ന ആദമിനെ കാണാം. എങ്ങോട്ടാണവരുടെ യാത്ര? അറിയില്ല. ആ തടാകത്തിലെ വെള്ളം നയിക്കപ്പെടുന്നത് ഒരു ആള്‍ത്താരയിലേക്കാണ്. അവിടെ പ്രാര്‍ഥിക്കാനെത്തിയവരെ ഒന്നു ഞെട്ടിക്കുക പോലും ചെയ്യാതെ വെള്ളം പള്ളിയ്ക്കുള്ളില്‍ കുത്തിയൊലിക്കുകയാണ്. ആദം കണ്ട സ്വപ്നമായിരുന്നിരിക്കണം അതും. അതോ ജീവിതമോ? തിരശ്ശീലയില്‍ വിഭ്രമാത്മകമായ ഒരുപിടി കാഴ്ചകള്‍ പ്രൊജക്ട് ചെയ്തുകൊണ്ട് ലീഷ് അന്താരാഷ്ട്രചലച്ചിത്രമേളയിലെ പ്രേക്ഷകരുടെയും കയ്യടി സ്വന്തമാക്കുകയായിരുന്നു.

© Copyright 2014 Manoramaonline. All rights reserved.