ഹൃദയങ്ങള്‍ കുത്തിക്കീറാനുള്ളതുകൂടിയാണ്...

നവീന്‍ മോഹന്‍

പാരിസ്-പ്രണയത്തിന്റെ നഗരം. അവിടെ ആകാശത്തെ ചുംബിക്കാന്‍ വെമ്പി നില്‍ക്കുന്ന ഈഫല്‍ഗോപുരം. ഒരു ചുംബനം കൊതിച്ച് പ്രണയിനിയെ കാത്തു നില്‍ക്കുന്നവരെ ഓര്‍മിപ്പിക്കുന്നില്ലേ ആ ഇരുമ്പുകെട്ടിടം? ചിലപ്പോഴൊക്കെ കാമുകനെ കാത്തിരിക്കുന്ന കാമുകിയെപ്പോലെയും. ഫ്രഞ്ച് സംവിധായകര്‍ക്കും പാരിസിനോട് ഒരു വല്ലാത്ത പ്രണയമുണ്ട്. 'പാരിസ് മൈ ലവ്' തുടങ്ങി ചലച്ചിത്രപ്രവര്‍ത്തകരുടെ പ്രിയഭാജനമായി പാരിസ് മാറിയ ചിത്രങ്ങള്‍ ഇനിയുമേറെ. ഈ പ്രണയം കൊണ്ടുതന്നെയാകണം ഫ്രാന്‍സിലെ മറ്റൊരു നഗരത്തില്‍ രാത്രി ഒറ്റപ്പെട്ടു പോയ മാര്‍ക്ക് തെരുവുകളിലൂടെ നടക്കുന്നതിനിടെ സില്‍വിയയോട് ചോദിച്ചത്. 'ഈ നഗരം ഏറെ ശാന്തമാണല്ലോ...?' 'അതെ, രാത്രികളില്‍ ഇവിടമൊരു പ്രേതനഗരമാകും...' സില്‍വിയ മറ്റൊരു പ്രേതത്തെപ്പോലെ പറഞ്ഞു.

അലസമായി അവര്‍ ഇരുവരും കുറേനേരം ആ തെരുവുകളിലൂടെ അലഞ്ഞു. വെറുതെ ഓരോരോ കാര്യങ്ങള്‍ സംസാരിച്ചു. അവരവരുടെ മനസ്സിലുള്ള കാര്യങ്ങള്‍ പറഞ്ഞു. എന്നോ പരിചയപ്പെട്ടവരെപ്പോലെയായിത്തീര്‍ന്നിരുന്നു അവര്‍ ഒരു ചെറുനടത്തം കൊണ്ട്. എന്നിട്ടും യാത്ര പറയാന്‍ നേരത്ത് ഇരുവരും പരസ്പരം പേരുപറഞ്ഞില്ല, ഫോണ്‍നമ്പര്‍ കൈമാറിയില്ല. പക്ഷേ മാര്‍ക്ക് ചോദിച്ചു.'അടുത്ത വെള്ളിയാഴ്ച പാരിസിലേക്കു വരാമോ?' ഭംഗിയുള്ള ചിരി സമ്മാനിച്ച് സില്‍വിയ തലയാട്ടി. 'പാരിസില്‍ എവിടെ..?' 'അവിടെ, ഈഫല്‍ ടവറിനടുത്തെ തോട്ടത്തില്‍...''ഞാനവിടെയുണ്ടാകും..' നടന്നുനീങ്ങുന്നതിനിടെ സില്‍വിയ പറഞ്ഞു. അവള്‍ക്കൊരു ബോയ് ഫ്രണ്ടുണ്ടായിരുന്നു. പക്ഷേ അവര്‍ക്കിടയില്‍ പ്രണയമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ അയാളെ ഉപേക്ഷിക്കാന്‍ അവള്‍ക്കൊരു ബുദ്ധിമുട്ടുമുണ്ടായിരുന്നില്ല. അവള്‍ അയാളോട് യാത്ര പറഞ്ഞു. പാരിസ് നഗരത്തിലേക്ക്. നാല്പത്തിയേഴു വയസ്സുള്ള തന്റെ പ്രിയതമന്റെ അടുത്തേയ്ക്ക്. മുപ്പത്തിയാറു വയസ്സായിരുന്നു അപ്പോള്‍ സില്‍വിയക്ക്... ആരോരുമില്ലാത്ത മാര്‍ക്ക്. എല്ലാവരുമുണ്ടായിട്ടും തനിക്ക് പ്രിയപ്പെട്ടതെന്തോ ഒപ്പമില്ലെന്ന ചിന്തയുമായി നടക്കുന്ന സില്‍വിയ. ആ ചിന്ത സൃഷ്ടിച്ച വിടവിലേക്കാണ് മാര്‍ക്ക് നടന്നു കയറിയത്.

പക്ഷേ ഈഫല്‍ ടവറിനടുത്തെ തോട്ടത്തില്‍ മണിക്കൂറുകളോളം ഇരുന്നിട്ടും സില്‍വിയയെ തേടി മാര്‍ക്ക് വന്നില്ല. സില്‍വിയക്ക് അടുത്തേക്ക് അയാള്‍ കാറില്‍ പാഞ്ഞുവന്നതാണ്. പാതിവഴിയില്‍ അയാളുടെ ഹൃദയമൊന്ന് താളം തെറ്റി മിടിച്ചതായിരുന്നു. ബോധം തിരിച്ചുകിട്ടി എത്തിയപ്പോഴേക്കും സില്‍വിയ പോയിരുന്നു. പേരെന്താണെന്നോ ആരാണെന്നോ അറിയാത്ത രണ്ടു പേര്‍. അവരെ ബന്ധിപ്പിച്ച ഒരേയൊരു കാര്യം പ്രണയമെന്ന വാക്കായിരുന്നു. പക്ഷേ പ്രണയത്തിന്റെ നഗരത്തില്‍വച്ചു തന്നെ പിരിയാനായിരുന്നു അവരുടെ വിധി. സില്‍വിയ മുന്‍കാമുകനൊപ്പം അമേരിക്കയിലേക്കു പറന്നു. മാര്‍ക്ക് തന്റെ ബോറന്‍ അക്കൌണ്ടന്റ് ജീവിതം തുടര്‍ന്നു. പല രാത്രികളിലും അയാളുടെ നെഞ്ച് ആരോ കുത്തിക്കീറുന്നപോലെ പിടഞ്ഞു. പരിശോധിക്കാന്‍ വന്ന ഡോക്ടര്‍ പറഞ്ഞു.'നിങ്ങളുടെ ഹൃദയത്തിനൊരു കുഴപ്പവുമില്ല. പക്ഷേ നെഞ്ചിനെ പിഞ്ഞിക്കീറാന്‍ പോന്ന എന്തോ ഒന്ന് നിങ്ങളുടെ മനസ്സിലുണ്ട്...' അത് സില്‍വിയയായിരുന്നു. മാര്‍ക്കിന് അവളെ മറക്കാനായിരുന്നില്ല. ഓഫിസിനടുത്തു വച്ച് യാദൃശ്ചികമായിട്ടാണ് ഒരുനാള്‍ മാര്‍ക്ക് സോഫിയെ കണ്ടത്. ഒരുപക്ഷേ സില്‍വിയയോടുള്ള സോഫിയുടെ സാമ്യമായിരിക്കണം അയാളെ ആകര്‍ഷിച്ചത്. മെലിഞ്ഞ്, നീണ്ട കഴുത്തും, ചുവന്നചുണ്ടുകളും മുഖത്ത് അവിടവിടെയായി കുഞ്ഞുമറുകുകളുമുള്ള സുന്ദരി. നികുതി സംബന്ധിയായ ഒരു പ്രശ്നത്തില്‍ പെട്ടുകിടക്കുകയായിരുന്നു സോഫി. അവളെ സഹായിച്ചത് മാര്‍ക്ക് ആയിരുന്നു.

ആ സൌഹൃദം പിന്നീടൊരു പ്രണയമായി. ഇരുവര്‍ക്കും കാണാതിരിക്കാന്‍ പറ്റാതായി. സോഫിക്കു വേണ്ടി പാരിസ് വിട്ട് മാര്‍ക്ക് അവളുടെ നഗരത്തിലെത്തി. സ്കൂള്‍കാലത്ത് ഒളിച്ചിരുന്ന് ഉമ്മവച്ച ഓര്‍മ വരുന്നെന്നു പറഞ്ഞാണ് സോഫി മാര്‍ക്കിനെ പ്രണയിച്ചത്. ഒടുക്കം ഇരുവരും വിവാഹിതരായി. സോഫിക്ക് ഒരു സഹോദരിയുണ്ടെന്ന് മാര്‍ക്കിന് അറിയാം. അവര്‍ വിദേശത്താണ്. അവരെപ്പറ്റി കൂടുതലറിയാനും അയാള്‍ ശ്രമിച്ചില്ല. കാരണം അയാള്‍ക്കിപ്പോള്‍ എല്ലാം സോഫിയാണ്. അവര്‍ ഒരുമിച്ചു ജീവിതം തുടങ്ങിയിരിക്കുന്നു. സോഫിയുടെ തലോടലുകളില്‍ മാര്‍ക്കിന്റെ ഹൃദയത്തിലെ മുറിവുകളോരോന്നായി മാഞ്ഞു തുടങ്ങി. ചെറിയൊരു സങ്കടം വന്നാല്‍ കരയുമായിരുന്ന സോഫിക്ക് ചിരിയൊഴിഞ്ഞിട്ട് നേരമില്ലാതായി. അവര്‍ ഇരുവരും ഔദ്യോഗികമായി വിവാഹം കഴിക്കാനും തീരുമാനിച്ചു. ആയിടെയ്ക്കാണ് വീട്ടില്‍ നിന്ന് പഴയൊരു സിഗററ്റ് ലൈറ്റര്‍ മാര്‍ക്കിനു കിട്ടിയത്. ഓര്‍മകളിലെവിടെയോ ഒരു രാത്രിയുടെ മിന്നല്‍. അതയാള്‍ സില്‍വിയയുടെ കയ്യില്‍ കണ്ടിട്ടുണ്ട്. നെഞ്ചിലേക്ക് വീണ്ടുമൊരു പിടച്ചില്‍. കല്യാണത്തിന് വിദേശത്തു നിന്ന് വരാനിരിക്കുന്ന സോഫിയുടെ സഹോദരിയെ മാര്‍ക്ക് അന്വേഷിച്ചു. അയാളറിഞ്ഞു-ഒരു രാത്രി കൊണ്ട് ഒരായിരം പ്രണയം തന്ന തന്റെ സില്‍വിയയാണ് സോഫിയുടെ സഹോദരി... സില്‍വിയയും കണ്ടു തന്റെ സഹോദരിയുടെ വരനെ. എന്തുപറയണമെന്നറിയില്ലായിരുന്നു അവള്‍ക്ക്. കല്യാണത്തിന് വന്ന് വളരെ പെട്ടെന്നു തന്നെ അവള്‍ തിരിച്ചു പോയി. നാലു വര്‍ഷം കഴിഞ്ഞു പിന്നീട് സില്‍വിയ തിരിച്ചെത്താന്‍.

ആ തിരിച്ചുവരവില്‍ പക്ഷേ എല്ലാം തകര്‍ന്നടിയുകയായിരുന്നു.വിശ്വാസവും സ്നേഹവും പ്രണയവും ബന്ധങ്ങളുമെല്ലാം ഒരു ചീട്ടുകൊട്ടാരം പോലെ പ്രേക്ഷകനു മുന്നില്‍ ഇടിഞ്ഞുവീഴ്ന്ന കാഴ്ചയാണ് '3 ഹാര്‍ട്ട്സ്' എന്ന ഫ്രഞ്ച് ചിത്രം സമ്മാനിക്കുന്നത്. ഗോവ രാജ്യാന്തര മേളയില്‍ ബെനോയ്ത് ജാക്വാതിന്റെ ഈ ചിത്രം നിറഞ്ഞ കയ്യടിയോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. സിനിമയുടെ വിഷയം പലപ്പോഴും ഒന്നായിരിക്കും, പക്ഷേ അവ കൈകാര്യം ചെയ്യുന്ന കയ്യൊതുക്കമാണ് പലപ്പോഴും കയ്യടി നേടുന്നത്. സ്ത്രീ-പുരുഷ ബന്ധങ്ങളുടെ പലതലങ്ങളും കാഴ്ച വച്ചിട്ടുണ്ട് ഫ്രഞ്ച് സിനിമ. അതുകൊണ്ടുതന്നെ പേരില്‍പ്പോലും ത്രികോണപ്രണയം പറയുന്ന ത്രീ ഹാര്‍ട്ട്സിലും എന്തെങ്കിലും അദ്ഭുതം കാണിക്കാതെ രക്ഷയില്ലായിരുന്നു.

ജാക്വാത് ചിത്രത്തിലെ അവസാനനിമിഷം വരെ സാധാരണ ഒരു കഥപറച്ചിലുകാരനെപ്പോലെ മുന്നോട്ടു പോയി. പക്ഷേ മാര്‍ക്കിന്റെയും സില്‍വിയുടെയും രഹസ്യബന്ധം സോഫിക്ക് മുന്നില്‍ അനാവരണം ചെയ്യപ്പെടുന്ന ആ നിമിഷം... അതിനപ്പുറം എന്തു സംഭവിക്കുമെന്ന കാര്യം ചിന്തിക്കാന്‍ പ്രേക്ഷകനു വിട്ടുതന്നിരിക്കുകയാണ്. 'ഇനി നമ്മള്‍ കാണില്ല..' എന്നു പറഞ്ഞുള്ള സില്‍വിയയുടെ ഫോണ്‍ കോള്‍ വരുമ്പോള്‍ മാര്‍ക്കിന് എന്തു സംഭവിച്ചു. അതു കേള്‍ക്കാനിട വന്ന സോഫിയോ? യാത്ര പറഞ്ഞ് സില്‍വിയ എങ്ങോട്ടാണു പോകുന്നത്...?ചിലപ്പോഴൊക്കെ, ചില ഉത്തരങ്ങള്‍ തേടി മനസ്സലയുമ്പോള്‍ വേദനിക്കേണ്ടി വരുന്നത് ഹൃദയത്തിനാണ്. ഉത്തരം കിട്ടണമെന്നുണ്ടെങ്കില്‍ ഹൃദയത്തെ കുത്തിക്കീറണമെന്നത് അപ്പോള്‍ ഒരു അനിവാര്യതയുമായിത്തീരും...

© Copyright 2014 Manoramaonline. All rights reserved.