ദൃശ്യം ഹിന്ദി റീമേക്കില്‍ നായകന്‍ അജയ് ദേവ്ഗണ്‍

രമേശ്‌ കെ

ദൃശ്യം ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച ജോര്‍ജുകുട്ടിയെന്ന കഥാപാത്രത്തെ ഹിന്ദി പതിപ്പില്‍ അവതരിപ്പിക്കുക അജയ് ദേവ്ഗണാവുമെന്ന് ദൃശ്യത്തിന്റെ സംവിധായകന്‍ ജീത്തു ജോസഫ്. കന്നഡയിലും തെലുങ്കിലും റീമേക്കുകള്‍ വന്ന ശേഷം സ്വന്തം സംവിധാനത്തില്‍ തന്നെ കമലഹാസന്‍ നായകനായി എത്തുന്ന പാപനാശത്തിന്റെ റിലീസ് അടുത്ത വര്‍ഷം ആദ്യമുണ്ടാകുമെന്ന് ഗോവയില്‍ രാജ്യാന്തര ചലച്ചിത്രമേളയില്‍ അതിഥിയായെത്തിയ അദ്ദേഹം മനോരമ ഓണ്‍ലൈനോട് പറഞ്ഞു.

ദൃശ്യത്തില്‍ ജോര്‍ജുകുട്ടിയുടെ മകളെയാണ് പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതെങ്കില്‍ ഹിന്ദിപതിപ്പില്‍ നായകകഥാപാത്രത്തിന്റെ സഹോദരിയെ എന്ന തരത്തിലാണ് ചര്‍ച്ച പുരോഗമിക്കുന്നത്. ഹിന്ദിയില്‍ സംവിധായകനായി ക്ഷണമുണ്ടായിരുന്നെങ്കിലും തിരക്കുകള്‍ കാരണം സ്വീകരിച്ചില്ല. ദൃശ്യത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച ജോര്‍ജ്കുട്ടിയെന്ന കഥാപാത്രം ക്രൈസ്തവ പശ്ചാത്തലത്തിലുളളതെങ്കില്‍ പാപനാശത്തില്‍ കമലഹാസന്‍ അവതരിപ്പിക്കുന്ന നായകകഥാപാത്രം ഹൈന്ദവ പശ്ചാത്തലത്തില്‍ സ്വയംഭൂലിംഗം നാടാരെന്ന മാറ്റത്തിലാണ്. ഇതൊഴിച്ചാല്‍ ദൃശ്യത്തിലെ പല സ്വീകന്‍സുകളും പുനരവതരിക്കുന്നത് പഴയ അതേ ലൊക്കേഷനിലും പശ്ചാത്തലത്തിലുമാണ്. സ്വീകന്‍സുകളുടെ ഈ പുനരവതരണം ചിത്രീകരണത്തില്‍ കുറെയൊക്കെ ബോറടിപ്പിച്ചുവെന്നും ജീത്തു പറഞ്ഞു.

ഒരേ കഥാപാത്രത്തെ രണ്ട് മികച്ച അഭിനേതാക്കള്‍ അവരവരുടെ ശൈലിയില്‍ അവതരിപ്പിക്കുന്നത് കാണാനായെന്നതാണ് ഇതിനിടെ ആവേശം പകര്‍ന്നത്. സംഘര്‍ഷങ്ങള്‍ മനസിലടക്കി മോഹന്‍ലാല്‍ മലയാളത്തില്‍ തന്റെ തനത് കയ്യടക്കത്തോടെ അവതരിപ്പിച്ച ജോര്‍ജുകുട്ടിയെന്ന കഥാപാത്രത്തെ കമലഹാസനാവട്ടെ തമിഴ് ചലച്ചിത്രങ്ങള്‍ ആവശ്യപ്പെടുന്ന വികാരതീവ്രതയോടെയാണ് അവതരിപ്പിച്ചത്. പ്രതിഭാധനരായ മഹാനടന്മാര്‍ ഭാവപ്രകടനത്തില്‍ പ്രകടിപ്പിക്കുന്ന വ്യത്യസ്തതലങ്ങളാണ് അനുഭവിച്ചറിഞ്ഞത്. ദിലീപിനെ നായകനാക്കിയുള്ള ചിത്രമാണ് അടുത്തു വരാനിരിക്കുന്നത്. പാപനാശത്തിന്റെ പോസ്റ്റ്പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പൂര്‍ത്തിയായ ശേഷം ഡിസംബറോടെ പുതിയ ചിത്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാമെന്നാണ് കരുതുന്നത്. ജൂലൈയില്‍ ഈ ദിലീപ് ചിത്രം റിലീസ് ചെയ്യാനാണ് ശ്രമം. ഭാര്യയും മെമ്മറീസ്, ദൃശ്യം തുടങ്ങിയ ചിത്രങ്ങളിലെ കോസ്്റ്റ്യൂമറുമായ ലിന്‍ഡയുമൊത്താണ് ജീത്തു ജോസഫ് ഇത്തവണ മേളയിലെത്തിയത്..

© Copyright 2014 Manoramaonline. All rights reserved.