കര്‍ഷക വിധവകളുടെ അതിജീവനം സമാനതകളില്ലാത്തത്: കവിത ബഹല്‍

കെ.രമേഷ്

കാര്‍ഷികരംഗത്തെ കടബാധ്യതയില്‍ പുരുഷന്മാര്‍ മരണത്തില്‍ രക്ഷതേടുമ്പോള്‍ കുടുംബത്തിന്റെ ആശാകേന്ദ്രമായി മാറുന്ന സ്ത്രീകളുടെ വെല്ലുവിളികള്‍ പലരും കാണാതെ പോകുന്നതായി സംവിധായിക കവിത ബഹല്‍. മാധ്യമശ്രദ്ധ നേടാനുള്ള ചില പ്രഖ്യാപനങ്ങള്‍ നടത്തി അധികാരികള്‍ പിന്‍വലിയുമ്പോള്‍ ജീവിത വഴിത്താരയില്‍ ഈ വിധവകള്‍ ഏറ്റെടുക്കുന്ന വെല്ലുവിളി സമാനതകളില്ലാത്തതാണെന്ന് അവര്‍ മനോരമ ഓണ്‍ലൈനോട് പറഞ്ഞു.

 ആത്മഹത്യയില്‍ അഭയം തേടുന്ന കര്‍ഷകര്‍ അനാഥമാക്കുന്ന കുടുംബങ്ങളിലെ വിധവകളുടെ അതിജീവന പോരാട്ടത്തിലേക്ക് വെളിച്ചം വീശി കവിത ബഹലും നന്ദന്‍ സക്സേനയും ഒരുക്കിയ കാന്‍ഡില്‍സ് ഇന്‍ ദ് വിന്‍ഡ് പ്രേക്ഷകശ്രദ്ധ നേടി. കഥേതരവിഭാഗത്തില്‍ എത്തിയ ചിത്രം സംവിധായിക കവിത ബഹലിന്റെ സാന്നിധ്യത്തിലാണ് പ്രദര്‍ശിപ്പിച്ചത്. സാമ്പത്തിക വെല്ലുവിളിക്കൊപ്പം കുടുംബത്തിലെ കുട്ടികളെയും മുതിര്‍ന്നവരെയും പോറ്റേണ്ട ബാധ്യതയും ഈ വിധവകളില്‍ വന്നു ചേരുന്നു. പുരുഷന്മാര്‍ ഉപേക്ഷിച്ചു പോകുന്ന കടത്തിന് ഉത്തരം പറയേണ്ടവരും ഇവരാണ്. നിശബ്ദമായെങ്കിലും ഈ ധീരവിധവകള്‍ അതിജീവനത്തിനായി നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തില്‍ ചര്‍ച്ച ചെയ്യാന്‍ ശ്രമിച്ചതെന്ന് കവിത ബഹല്‍ പറഞ്ഞു.

ഒന്നര പതിറ്റാണ്ടിനു മുന്‍പ് കര്‍ഷകരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുമെന്നു കാട്ടി രാജ്യത്ത് വ്യാപകമാക്കിയ ജനിതകവിത്തുകള്‍ കര്‍ഷകന്റെ പ്രതീക്ഷകളെ എúങ്ങനെയാണ് തകിടം മറിച്ചത് ചിത്രം ചര്‍ച്ച ചെയ്യുന്നുണ്ട്. മഹാരാഷ്ട്രയിലെ വിദര്‍ഭയ്ക്കു പിന്നാലെ പഞ്ചാബ് തുടങ്ങിയ മേഖലകളിലും കര്‍ഷക ആത്മഹത്യ കണ്ടു തുടങ്ങുന്നു. ഇത്തരത്തില്‍ പഞ്ചാബില്‍ ഭര്‍ത്താക്കന്മാര്‍ അനാഥമാക്കുന്ന കുടുംബങ്ങളിലെ സ്ത്രീകളുടെ അതിജീവന പോരാട്ടങ്ങളാണ് ചിത്രത്തിലെ കേന്ദ്രബിന്ദു.

© Copyright 2014 Manoramaonline. All rights reserved.