എന്റെ മക്കളെയാണ് നിങ്ങള്‍ തിന്നത്...!!!

നവീന്‍ മോഹന്‍

ഗ്രാമത്തിലെ ആട്ടിടയനടുത്ത് ആദ്യം വന്നത് ഇസ്മായിലാണ്. അയാള്‍ക്ക് ഒരു ആടിനെ വേണം, പക്ഷേ പണമില്ല. 'വെറുതെ കൊടുക്കാന്‍ ഇവിടെ ആടില്ല...' എന്നുപറഞ്ഞ് ഇസ്മായിലിനെ അധിക്ഷേപിച്ചു വിടുകയായിരുന്നു അയാള്‍. പിന്നീട് കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ ഇസ്മായിലിന്റെ മകന്‍ മെര്‍ത് ആണ് ഒരു ആടിനെ സൌജന്യമായിത്തരുമോയെന്നു ചോദിച്ചു വന്നത്. 'അച്ഛനെപ്പോലെ നീയും എരക്കാന്‍ തുടങ്ങിയോ..' എന്നു പറഞ്ഞ് അപ്പോള്‍ മെര്‍തിനെ അധിക്ഷേപിക്കുന്നത് ആട്ടിടയന്റെ മകനാണ്. പക്ഷേ മെര്‍തിനെ ഒരു ആട്ടിന്‍കുട്ടിയെയെങ്കിലും കിട്ടിയേ തീരൂ. അല്ലെങ്കില്‍ അവന്റെ അച്ഛനും അമ്മയും അവനെ വെട്ടിമുറിച്ച് കറിയാക്കി ഗ്രാമത്തിലുള്ളവര്‍ക്ക് വിരുന്നൊരുക്കും.

കഴിഞ്ഞ ദിവസം അവന്‍ കണ്ടതാണ് അച്ഛന്‍ കത്തിക്ക് മൂര്‍ച്ച കൂട്ടുന്നത്. അമ്മയാണെങ്കിലോ, അവനെ ഇപ്പോള്‍ 'എന്റെ പ്രിയപ്പെട്ട കുഞ്ഞാടേ..' എന്നു മാത്രമേ വിളിക്കുന്നുള്ളൂ. എല്ലാവരും കൂടി അവനെ കറിയാക്കി വിളമ്പാന്‍ പോകുന്നു. എല്ലാത്തിനും കാരണം അവന്റെ സുന്നത്ത് ചടങ്ങായിരുന്നു. അവിടെ വച്ച് ഗ്രാമക്കാര്‍ക്കെല്ലാം സദ്യ വിളമ്പാമെന്ന് അച്ഛനും അമ്മയും ഒരുമിച്ചാണു പ്രഖ്യാപിച്ചത്. ഭാഗ്യം, ചേച്ചി ഉള്ളതുകൊണ്ട് അച്ഛന്റെയും അമ്മയുടെയും പദ്ധതികളെല്ലാം കൃത്യമായി അറിയാനാകുന്നുണ്ട്. അവളെ ജോലിയില്‍ സഹായിച്ചാല്‍ തന്നെ രക്ഷിക്കാമെന്നും ഏറ്റിട്ടുണ്ട്. വിറകുചുള്ളികള്‍ പെറുക്കി നടുവൊടിയാറായിട്ടും അവളെ സഹായിച്ചത് അതുകൊണ്ടാണ്. (പാവം, കുട്ടിമെര്‍ത് അറിഞ്ഞോ അച്ഛനും അമ്മയ്ക്കും അവനോടുള്ള സ്നേഹം കണ്ട് അസൂയ കയറി ചേച്ചി ഒപ്പിച്ച വേലയാണ് ഇതെന്ന്) ആടിനെത്തേടിയുള്ള യാത്രയ്ക്കിടെയാണ് മെര്‍ത് ഒരു മോട്ടോര്‍സൈക്കിളുകാരനെ കണ്ടത്. നീണ്ട മുഖവും മൂക്കും നീട്ടിവളര്‍ത്തിയ മുടിയുമുള്ള യേശുക്രിസ്തുവിനെപ്പോലെ തോന്നിക്കുന്ന ഒരാള്‍. അവനു വേണ്ടി വലിയൊരാടിനെ കൊണ്ടുതരാമെന്ന് അയാള്‍ ഏറ്റിട്ടുണ്ട്. അയാളെ കാത്തിരിക്കുകയാണ് അവന്‍. മെര്‍തിന്റെ അമ്മ മെദീനാകട്ടെ ഇസ്മായിലിന്റെ ശമ്പളദിനം കാത്തിരിക്കുകയാണ്. പട്ടണത്തില്‍പ്പോയി കുട്ടികള്‍ക്ക് പുതിയ വസ്ത്രങ്ങളും പിന്നെ വിരുന്നിനു വേണ്ട സാധനങ്ങളും വാങ്ങാമെന്ന് ഇസ്മായില്‍ വാക്കു തന്നിട്ടുണ്ട്. ശമ്പളദിനം വന്നു.

മെദീനും മകളും അച്ഛനെ കാത്ത് വഴിയോരത്തു നില്‍ക്കുകയാണ്. പോകുംവഴി ഗ്രാമീണരോടെല്ലാം അവള്‍ പറഞ്ഞു-എല്ലാവരും സദ്യയ്ക്ക് വരണേ...ആരെയും ക്ഷണിച്ചില്ലെന്നു പറയരുത്'. പക്ഷേ രാത്രിയേറെയായിട്ടും ഇസ്മായില്‍ വന്നില്ല. പട്ടണത്തില്‍ ഒരു പാട്ടുകാരി വന്നിട്ടുണ്ട്. വേശ്യാവൃത്തിയാണ് അവരുടെ തൊഴില്‍. സുഹൃത്തുക്കള്‍ പറഞ്ഞുകൊതിപ്പിച്ചപ്പോള്‍ ഇസ്മായിലിനും അങ്ങോട്ടു പോകാതിരിക്കാനായില്ല. ശമ്പളം കിട്ടിയ പണം മുഴുവന്‍ അവളെ ഏല്‍പിച്ചാണ് അയാള്‍ തിരിച്ചു ഗ്രാമത്തിലെത്തിയത്. ആടിനെ വാങ്ങാന്‍ മെദീന്‍ ഏല്‍പിച്ച സ്വര്‍ണവള പോലും അയാള്‍ ആ വേശ്യയ്ക്ക് കൊടുത്തു. ഗ്രാമത്തലവന്റെ കയ്യില്‍ നിന്ന് കടംവാങ്ങിയും കൊടുത്തു കുറേ പണം. ഗ്രാമത്തിലുള്ളവരെ മുഴുവന്‍ വിരുന്നിനു വിളിച്ചു, ഇനി അവര്‍ക്ക് എന്തു വിളമ്പും? ആലോചിച്ച് മെദീന് തല പെരുത്തു. അതിനിടെ ഭര്‍ത്താവിന് നഗരത്തിലെ വേശ്യയുമായുള്ള ബന്ധത്തെപ്പറ്റി നാട്ടുകാര്‍ പലതും പറഞ്ഞുതുടങ്ങിയിരിക്കുന്നു. ഇസ്മായില്‍ തിരിച്ചു വീട്ടിലെത്തിയപ്പോള്‍ കണ്ടത് വിഭവസമൃദ്ധമായ സദ്യയായിരുന്നു. ഇത്രയും രുചികരമായ ആട്ടിറച്ചിക്കറി ഇതുവരെ കഴിച്ചിട്ടില്ലെന്ന് ഗ്രാമത്തലവന്‍ വരെ സാക്ഷ്യപ്പെടുത്തി. മെര്‍തിന്റെ അമ്മൂമ്മയാകട്ടെ ഒരു പാത്രത്തില്‍ അല്‍പം ഇറച്ചിക്കറി മാറ്റിവച്ചു-കുട്ടികള്‍ വരുമ്പോള്‍ കൊടുക്കണം...അപ്പോഴാണ് ആലോചിച്ചത്.

കുട്ടികള്‍ രണ്ടുപേരും എവിടെ? ഒരാള്‍ ചെന്ന് മെദീനോടു ചോദിച്ചു. മെദീന്‍ പറഞ്ഞതുകേട്ട് ഭക്ഷണം കഴിച്ചവരെല്ലാം ഞെട്ടിത്തരിച്ചു പോയി. രണ്ട് കുട്ടികളെയും കൊന്നു കറി വച്ചാണ് അവര്‍ക്ക് ആട്ടിറച്ചിയാണെന്നു പറഞ്ഞ് വിളമ്പിയത്. ഇനിയെന്തു ചെയ്യും? പൊലീസ് വരില്ലേ? രണ്ട് പിഞ്ചുകുട്ടികളെ കൊന്ന് ഒരു ഗ്രാമം മുഴുവനുമിരുന്ന് തിന്നുതീര്‍ത്തെന്നു കേസ് വരില്ലേ? സ്വന്തം മക്കളെ തിന്ന കുറ്റം ഇസ്മായിലിനും ഏറ്റെടുക്കേണ്ടി വരും. എല്ലാം അവളൊരൊറ്റ ഒരുത്തികാരണമാണ്-ആ മെദീന്‍. പക്ഷേ മെര്‍തിനും ചേച്ചിയ്ക്കും ഒന്നും പറ്റിയിരുന്നില്ല. തന്റെ നിസ്സഹായതയെ നോക്കി പരിഹസിച്ച ഒരു ഗ്രാമത്തിനും വിശ്വാസവഞ്ചന നടത്തിയ ഭര്‍ത്താവിനും മെദീന്‍ നല്‍കിയ ഒരു കൊച്ചുഷോക്കായിരുന്നു അത്. തുര്‍ക്കി ചിത്രം 'ദ് ലാംബ്' ചിരിപ്പിച്ചും ഇടയ്ക്ക് കരയിപ്പിച്ചും പിന്നെ ഞെട്ടിപ്പിച്ചും പ്രേക്ഷകനെ കൈയിലെടുക്കുകയായിരുന്നു. രണ്ട് കൊച്ചുകുട്ടികളുടെ അസാധാരണമായ അഭിനയം കൊണ്ട് ഞെട്ടിച്ചുകളയുന്നതായിരുന്നു കുട്ലുഗ് അറ്റാമന്റെ ഈ ചിത്രം. തുര്‍ക്കിയിലെ മഞ്ഞുമൂടിയ ഒരു പര്‍വതപ്രദേശത്തെ ജനങ്ങളുടെ കഥയാണിത്. ദാരിദ്യ്രമാണെങ്കിലും അത് പുറത്തുകാണിക്കാതെ ലളിതജീവിതം നയിക്കുന്ന കുടുംബം. അവര്‍ക്കുണ്ടാകുന്ന ചെറിയ ആഗ്രഹങ്ങള്‍. അത് നിറവേറ്റുന്നതിന് ഓരോരുത്തരും നടത്തുന്ന ശ്രമങ്ങള്‍. അതിനിടെയിലുണ്ടാകുന്ന തടസ്സങ്ങള്‍. ആ പ്രശ്നങ്ങള്‍ മറികടക്കുന്നതിനുള്ള പ്രയത്നം. അവസാനം വരെ അടിയറവു പറയാതെ നിന്ന് ഒടുക്കം തന്നെ വേദനിപ്പിച്ചവര്‍ക്ക് വല്ലാത്തൊരു അടി സമ്മാനിക്കുന്ന ചിലരുടെ കഥ. ഒരേസമയം പ്രേക്ഷകനെ ഞെട്ടിപ്പിക്കുകയും ഒടുവില്‍ ആശ്വാസത്തിന്റെ നെടുവീര്‍പ്പോടെ തിയേറ്റര്‍ വിട്ടിറങ്ങാന്‍ സാധിക്കുകയും ചെയ്ത ചിത്രമായിരുന്ന 'ദ് ലാംബ്'.

© Copyright 2014 Manoramaonline. All rights reserved.