നബാത്, നീയെന്താണവിടം വിട്ടുപോകാഞ്ഞത്...!

നവീന്‍ മോഹന്‍

ഗ്രാമത്തിലെങ്ങും ഒരു മനുഷ്യന്‍ പോലുമില്ല. യുദ്ധമാണ്. കഴിഞ്ഞ ദിവസം ഗ്രാമത്തിലെ സ്കൂളിലാണ് ബോംബ് വന്നുവീണത്. പേടിച്ചുവിറച്ച കുട്ടികളെയും കൊണ്ട് പലരും സ്ഥലംവിട്ടുകഴിഞ്ഞു. ശേഷിക്കുന്ന ചിലര്‍ കുറച്ചുനാള്‍ കൂടി കാത്തു. പക്ഷേ രാത്രികളില്‍ ഉറക്കങ്ങളിലേക്ക് സ്ഫോടനശബ്ദങ്ങള്‍ പതിച്ചുതുടങ്ങിയതോടെ അവരും യാത്രയായി, എല്ലാം ഉപേക്ഷിച്ചുകൊണ്ട്... നബാത്തിനോട് ഭര്‍ത്താവ് ഇസ്കന്ദര്‍ ദിവസവും ചോദിക്കുന്നുണ്ട്-എന്താണ് പുറത്തെ വിശേഷം? 'ഇന്ന് നമ്മുടെ അയല്‍ഗ്രാമത്തിലെ ഒരു പെണ്‍കുട്ടിയുടെ വിവാഹമുണ്ടായിരുന്നു. പാല്‍ വിറ്റ് തിരികെവരുന്നവഴി ഞാനവിടെയൊന്നു കയറി. പെണ്‍കുട്ടിയെ അനുഗ്രഹിച്ചു.

നിങ്ങളുടെ അനുഗ്രഹവും നല്‍കിയിട്ടുണ്ട് അവള്‍ക്ക്...' പുറത്തെ വിജനതയിലേക്കു നോക്കി നെടുവീര്‍പ്പിട്ടാണ് നബാത് അതുപറഞ്ഞത്. യുദ്ധത്തില്‍ പരുക്കേറ്റ ശേഷം കിടപ്പില്‍ത്തന്നെയാണ് ഇസ്കന്ദര്‍. അവരുടെ ഏകമകനും യുദ്ധത്തില്‍ കൊല്ലപ്പെട്ടിരിക്കുന്നു. ഏതാനും നാള്‍ കഴിഞ്ഞപ്പോള്‍ ആ മലമുകളിലെ ഗ്രാമത്തില്‍ നബാത്തിനെ തനിച്ചാക്കി ഇസ്കന്ദറും യാത്രയായി. ഇനിയെന്തുചെയ്യും? എങ്ങോട്ടു പോകും? ഇല്ല, എങ്ങോട്ടും പോകുന്നില്ല. തന്റെ ഭര്‍ത്താവും മകനും ഉറങ്ങുന്ന മണ്ണാണ്. അവിടംവിട്ടു പോയാല്‍ സ്വസ്ഥമായി ഏത് രാത്രിയിലാണ് തനിക്കൊന്നുറങ്ങാനാവുക. ഗ്രാമത്തിലുള്ളവര്‍ എല്ലാംവിട്ടു പോയെങ്കിലും അവരെ ഉപേക്ഷിക്കാന്‍ നബാത് തയാറായിരുന്നില്ല. പശുവിനെ പുല്ലുമേയാന്‍ വിട്ട് അവര്‍ ഗ്രാമത്തിലാകെ അലഞ്ഞു. അയല്‍വീട്ടിലെ കൊച്ചുപെണ്‍കുട്ടിയുടെ ഉപേക്ഷിച്ചുപോയ വസ്ത്രങ്ങളെല്ലാം അലക്കിയിട്ടു. പ്രാവുകള്‍ കുറുകികൂടുകൂട്ടിത്തുടങ്ങിയ പള്ളിയില്‍ കയറി വൃത്തിയാക്കി.

എല്ലായിടത്തും സന്ധ്യയായതോടെ ഓരോ റാന്തല്‍വിളക്കും കത്തിച്ചുവച്ചു. വീടുകളില്‍, തയ്യല്‍ക്കടയില്‍, ചായക്കടയില്‍, സ്റ്റുഡിയോയില്‍...എല്ലാം. എല്ലാവരും ഒഴിഞ്ഞുപോയി പ്രേതഭൂമിയായി മാറേണ്ട ഒരുഗ്രാമത്തിലെ വീടുകളിലെല്ലാം രാത്രി വെളിച്ചം കണ്ട് പട്ടാളമേധാവിക്ക് സംശയമായി. 'കേണല്‍ നിങ്ങളല്ലേ പറഞ്ഞത് അവിടെനിന്ന് എല്ലാവരെയും ഒഴിപ്പിച്ചെന്ന്...?'ആ ചോദ്യത്തിനു പക്ഷേ കേണലിന് ഉത്തരമുണ്ടായിരുന്നില്ല. കാരണം, ഉത്തരം പലപലവീടുകളിലായി റാന്തലും തെളിച്ചുകൊണ്ട് കണ്മുന്നില്‍ത്തന്നെ കത്തിനില്‍പ്പുണ്ട്. എന്തായാലും അധികം വൈകാതെ ഗ്രാമത്തിലും ബോംബിങ് ആരംഭിക്കുമെന്നുറപ്പാണ്. അതിനിടെയാണ് നബാത്തിന്റെ പ്രിയപ്പെട്ട പശുവിനെ കാണാതായത്. തിരികെ വീട്ടിലെത്തിയപ്പോള്‍ വേലിയ്ക്കരികിലെ കുഴിയില്‍ നിന്നൊരു അനക്കം. ഒരു ചെന്നായ വീണിരിക്കുന്നു. ഓടിപ്പോയി ഭര്‍ത്താവിന്റെ തോക്കുമായി തിരികെയെത്തി അതിനു നേരെ ഉന്നംപിടിച്ചതാണ്. പക്ഷേ എന്തുകൊണ്ടോ തിരികെപ്പോയി, ഒരു തടിക്കഷ്ണവുമായെത്തി കുഴിയിലേക്കെട്ടു കൊടുത്തു. അതുവഴി ചെന്നായി കയറിപ്പോവുകയും ചെയ്തു. ഗ്രാമത്തിലാണെങ്കിലും കുഴിയിലാണെങ്കിലും ഒറ്റപ്പെടലുകളില്‍ നാലുവശത്തെയും ചുമരുകള്‍ക്ക് യാതൊരു പങ്കുമില്ല. ആള്‍ക്കൂട്ടത്തിനിടയില്‍ വരെ ഒരാള്‍ ഒറ്റപ്പെട്ടുപോകുന്നത് അതുകൊണ്ടാണ്.

നബാത്തിന് ഇപ്പോള്‍ നന്നായറിയാം ഒറ്റപ്പെടുന്നവരുടെ വേദന. ചെന്നായ പക്ഷേ ഒറ്റയ്ക്കായിരുന്നില്ല, മൂന്നു കുട്ടികളുമുണ്ട് ഒപ്പം. തന്നെ രക്ഷിച്ചതിനുള്ള നന്ദി കാരണമായിരിക്കണം, പിന്നീടങ്ങോട്ട് ഓരോ ദിവസവും നബാത്തിന്റെ വീട്ടുപടിക്കല്‍ ആ ചെന്നായയെത്തി. ആരുമില്ലായിരുന്നു നബാത്തിന് ഒന്നുസംസാരിക്കാന്‍. അവരുടെ മുടിയാകെ നരച്ചിരിക്കുന്നു. മുഖമാകെ വിളര്‍ത്തുപോയിരുന്നു. 'നീയെന്താണിവിടം വിട്ടുപോകാത്തത്...?' നബാത്ത് തന്നെത്തന്നെ നോക്കിനില്‍ക്കുന്ന ചെന്നായയോടാണ് അതുചോദിച്ചത്. മലമുകളില്‍ നിറഞ്ഞൊഴുകുന്ന നിശബ്ദത തന്നെയായിരുന്നു അതിന്റെയും ഉത്തരം. വിളക്കുകള്‍ കത്തിച്ചു വച്ചും വീടുകള്‍ വൃത്തിയാക്കിയും ദിവസങ്ങള്‍ നീങ്ങി. പക്ഷേ വിളക്കുകളിലെ എണ്ണ തീര്‍ന്നിരിക്കുന്നു. ഈ രാത്രി കൊണ്ട് വിളക്കുകളെല്ലാം അന്ത്യശ്വാസം വലിക്കുമെന്നുറപ്പ്. കഴിഞ്ഞ രാത്രിയില്‍ത്തന്നെ സ്ഫോടനശബ്ദങ്ങള്‍ തൊട്ടടുത്തു നിന്നു കേട്ടതാണ്. അനിവാര്യമായ വിധി അടുത്തെത്തിയിരിക്കുന്നു. ആ വിധിയെ നിശബ്ദമായി ഏറ്റുവാങ്ങാന്‍ തന്നെയായിരുന്നു നബാത്തിന്റെ തീരുമാനം. അസര്‍ബെയ്ജാനില്‍ നിന്നുള്ള 'നബാത്ത്' എന്ന ചിത്രം സംവിധാനമികവുകൊണ്ടും ക്യാമറക്കാഴ്ചയിലെ മിഴിവുകൊണ്ടും പ്രേക്ഷകനെ കയ്യിലെടുക്കുന്നതായിരുന്നു. ആത്മസംഘര്‍ഷത്തിന്റെ കഥയാണ് നബാത്ത്, പ്രതീക്ഷകളുടെയും.

എന്‍ഷില്‍ മുസോഗുവിന്റെ ഈ ചിത്രത്തില്‍ നബാത്തായി അഭിനയിച്ചത് ഇറാനിയന്‍ നടി ഫാത്തിമ മോത്തമെദ് ആയിരുന്നു. പേരുപോലെത്തന്നെ ചിത്രമാകെ നിറഞ്ഞു നില്‍ക്കുന്നതും നബാത്താണ്. ഭൂരിഭാഗം സമയത്തുമാകട്ടെ അവരൊറ്റയ്ക്കും. ചിത്രം ആരംഭിക്കുമ്പോള്‍ പാല്‍ വില്‍ക്കാനായി പോകുന്ന നബാത്തിനെ കാണാം. മലഞ്ചെരുവുകളില്‍ നിന്ന് ചെരുവുകളിലേക്കാണ് യാത്ര. അതിന്റെ ആയാസം മുഴുവന്‍ പ്രേക്ഷകനെയും ബാധിക്കുന്ന വിധത്തിലാണ് ക്യാമറാചലനങ്ങള്‍. യുദ്ധമാണ് വിഷയമെങ്കിലും ഒരൊറ്റ സ്ഫോടനം പോലും ചിത്രത്തില്‍ കാണാനാകില്ല. എന്നാല്‍ ഗ്രാമത്തിലെ ഓരോരുത്തരുടെയും മനസ്സിനകത്തെ പൊട്ടിത്തെറികളുടെ അലയൊലി ആ മലയിടുക്കുമുഴുവന്‍ മാറ്റൊലി കൊള്ളാന്‍ പ്രാപ്തമായിരുന്നു. മകനും ഭര്‍ത്താവും ഗ്രാമംതന്നെയും തന്നെ വിട്ടുപോയിട്ടില്ലെന്നു വിശ്വസിക്കാനാണ് നബാത്തിനിഷ്ടം. ഗ്രാമത്തിന്റെ ജീവന്‍ നിലനിര്‍ത്താന്‍ അവസാനനിമിഷം വരെയും ശ്രമിക്കുന്നുണ്ട് അവര്‍.

പക്ഷേ ദൈവം ആ ഗ്രാമത്തിനു മുകളില്‍ നിന്ന് കരംപിന്‍വലിച്ചരിക്കുന്നു. എല്ലാവരും അവിടം വിട്ടുപോയിരിക്കുന്നു. ഇനി നബാത് മാത്രമായിട്ട് എന്തിനാണവിടെ? അവരും യാത്രയാവുകയാണ്. പൊളിഞ്ഞുവീണ ആ വാതില്‍പ്പലകയ്ക്കുള്ളിലൂടെ മകന്‍ മുന്നേ നടന്നു കഴിഞ്ഞിരിക്കുന്നു. ദൈവമായിരിക്കണം നബാത്തിനോട് പറഞ്ഞത് അവനെ പിന്തുടരാന്‍. അത് കേള്‍ക്കുകയല്ലാതെ വേറെ വഴിയുമില്ലായിരുന്നു നബാത്തിനു മുന്നില്‍. അല്ലെങ്കിലും എല്ലാവരും പോയിട്ടും നബാത് കാത്തിരുന്നത് ആ നിമിഷത്തിനാണ്. തന്നെ കൊണ്ടുപോകാന്‍ പ്രിയപ്പെട്ടവരില്‍ ആരെങ്കിലും ഒരാള്‍ വരുമെന്ന് അവര്‍ക്കുറപ്പായിരുന്നു. വന്നപ്പോള്‍ അവര്‍ക്കൊപ്പം പോകാതിരിക്കാനുമായില്ല. പുഞ്ചിരിയോടെയായിരുന്നു യാത്ര. ഗ്രാമത്തിലാകെ പട്ടാളം നിറഞ്ഞിരിക്കുന്നു. അല്ലെങ്കിലും അവരവിടെ വിഹരിക്കട്ടെ. ബൂട്ടിട്ട കാലടികളില്‍പ്പെട്ടു മരിക്കുന്നതിനേക്കാളും പ്രിയപ്പെട്ടവരോടൊപ്പം ചേരുന്നതു തന്നെയാണു നല്ലത്. നബാത്ത്, സ്വര്‍ഗത്തിലെങ്കിലും നീ ഒറ്റയ്ക്കാവാതിരിക്കട്ടെ. എനിക്കറിയില്ല, അവിടെ ഒരുപാടു നല്ലവരുണ്ടെന്നാണ് കേട്ടിരിക്കുന്നത്...

© Copyright 2014 Manoramaonline. All rights reserved.