'ചൂടു'പടത്തിന് സീറ്റെണ്ണം പോര; പ്രതിനിധികള്‍ക്ക് പ്രതിഷേധം

കെ.രമേഷ്

മേളയ്ക്ക് ലഭ്യമായ സീറ്റെണ്ണത്തിന്റെ കുറവ് പ്രധാനവിഷയമാണെങ്കിലും സീറ്റു ലഭിക്കാത്തതില്‍ കാര്യമായ പ്രതിഷേധമൊന്നും നടത്താത്ത പ്രതിനിധികള്‍ ഒടുവില്‍ പ്രതിഷേധിച്ചു. കാര്യം നിസാരം, മേളയിലെ ചിത്രങ്ങളില്‍ ഏറ്റവും ചൂടു പകരുന്ന ചിത്രത്തിനു സീറ്റില്ലെങ്കില്‍ പ്രതിഷേധിക്കാതിരിക്കുന്നതില്‍ എന്തു ന്യായം. നിംഫോമാനിയാക് എന്ന ചിത്രം കാര്യമായ സീറ്റില്ലാത്ത തിയറ്ററില്‍ പ്രദര്‍ശിപ്പിച്ചതാണ് പ്രതിഷേധത്തിനിടയാക്കിയത്.

സുരക്ഷാ വലയം ഭേദിച്ച് മേളയുടെ മീഡിയ സെന്ററില്‍ കടന്നെത്തിയാണ് ചില ചലച്ചിത്ര പ്രതിനിധികള്‍ സീറ്റു കിട്ടാത്തതിന്റെ വികാരം പ്രകടിപ്പിച്ചത്. ലാസ് വോണ്‍ ട്രയറിന്റെ ഈ ഡെന്‍മാര്‍ക്ക് ചിത്രം അമിത ലൈംഗികാസക്തിയുള്ള ഒരു യുവതിയുടെ ജീവിതപ്രയാണമാണ് പശ്ചാത്തലമാക്കിയത്. അഞ്ചര മണിക്കൂര്‍ ദൈര്‍ഘ്യമുളള ചിത്രം ജീവന്‍ വെടിഞ്ഞും കാണുമെന്ന നിലയിലായിരുന്നു ചിത്രം പ്രദര്‍ശിപ്പിച്ച ഐനോക്സ് മൂന്നിനു മുന്നിലെ ക്യൂവിലെ നില. വെറും 230 സീറ്റു മാത്രമുള്ള തിയറ്ററിലേക്കുള്ള പ്രവേശനം അഞ്ചു മിനിറ്റിനുള്ളില്‍ തന്നെ പൂര്‍ത്തിയായി.

ഇതേത്തുടര്‍ന്നാണ് ചിത്രത്തിന്റെ പ്രദര്‍ശനം 925 സീറ്റിങ് കപ്പാസിറ്റിയുള്ള കലാ തിയറ്ററിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ചില പ്രതിനിധികള്‍ മാധ്യമങ്ങളെ കാണാനെത്തിയത്. ഫെസ്റ്റിവല്‍ ഡയറക്ടറെ കാര്യം പറഞ്ഞു മനസിലാക്കിയാല്‍ വീണ്ടും ഷോയ്ക്ക് സാധ്യതയുണ്ടെന്ന് പറഞ്ഞാണ് മാധ്യമപ്രതിനിധികള്‍ പ്രതിഷേധക്കാരെ മീഡിയ സെന്ററില്‍ നിന്ന് ഒഴിവാക്കിയത്. ഗോവയിലെ രാജ്യാന്തര ചലച്ചിത്ര മേളയില്‍ 13,700 ഓളം പ്രതിനിധികളാണ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ മേളയുടെ ഏഴു വേദികളിലായി വെറും 2,500 സീറ്റുകളാണ് ഇവര്‍ക്കായുളളത്.

© Copyright 2014 Manoramaonline. All rights reserved.