ഇന്ത്യന്‍ തത്വചിന്ത പ്രചോദനമായി: പോള്‍ കോക്സ്

സ്നേഹത്തിലും പരസ്പരബഹുമാനത്തിലും അധിഷ്ഠിതമായ ഇന്ത്യന്‍ തത്വചിന്ത പുതിയ ചലച്ചിത്രത്തിന്റെ നിര്‍മാണത്തില്‍ പ്രചോദനമായെന്ന് വിഖ്യാത ഓസ്ട്രേലിയന്‍ സംവിധായകന്‍ പോള്‍ കോക്സ്. ഇന്ത്യയുടെ 45 -ാമത് രാജ്യാന്തര ചലച്ചിത്രമേളയിലെ മാസ്റ്റര്‍ സ്ട്രോക് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ഫോഴ്സ് ഓഫ് ഡെസ്റ്റിനി എന്ന ചിത്രത്തെക്കുറിച്ച് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊല്‍ക്കത്തയിലെ രാജ്യാന്തര ചലച്ചിത്ര മേളയില്‍ ആസ്വാദകശ്രദ്ധ നേടിയ ചിത്രം ഗോവയിലെ മേളയിലും നിറഞ്ഞ സദസാണ് ഏറ്റുവാങ്ങിയത്.

ഹൃദയം കൊണ്ട് ചിത്രമെടുക്കുന്നതില്‍ ഉപരിയായി വിശുദ്ധഗ്രന്ഥമായി പോലും ഹൃദയത്തെ കാണുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിലേക്കുള്ള ഓരോ വരവും സ്വന്തം നാട്ടിലെത്തുന്നത് പോലെയാണ്. സ്നേഹവും പരസ്പര ബഹുമാനവും അടങ്ങിയ സമൂഹമെന്ന നിലയില്‍ മൂല്യാധിഷ്ഠിതമായ രാജ്യമാണ് ഇത്. പുതിയ ഇന്ത്യന്‍ ചലച്ചിത്രങ്ങളും സംവിധായകരും മികച്ച പ്രതീക്ഷ പകരുന്നതായും അദ്ദേഹം പറഞ്ഞു. കരള്‍ അര്‍ബുദത്തിനെതിരെ സ്വന്തം പോരാട്ടം തന്നെയാണ് ഫോഴ്സ് ഓഫ് ഡെസ്റ്റിനി എന്ന ചിത്രത്തിന് പശ്ചാത്തലമായത്. ടെയില്‍സ് ഫ്രം ദ് കാന്‍സര്‍ വാര്‍ഡ് എന്ന സ്വന്തം പുസ്തകമാണ് ഇതിന് അടിസ്ഥാനമായത്. കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്കു വിധേയനായ ഒരു ശില്‍പി പ്രണയത്തിലാവുന്നതാണ് പുസ്തകത്തിന്റെ ഇതിവൃത്തം.

അവയവദാനം പ്രോല്‍സാഹിപ്പിക്കുന്ന സന്ദേശമാണ് ചിത്രം പകരുന്നത്. കേരളത്തിന്റെ രാജ്യാന്തരചലച്ചിത്രമേളയില്‍ ജൂറിതലവനായി എത്തിയപ്പോഴാണ് കേരളത്തില്‍ വച്ചു തന്നെ ചിത്രം ചെയ്യാന്‍ തീരുമാനിച്ചത്. തിരുവനന്തപുരത്ത് തന്നെ ഏറെക്കുറെ പൂര്‍ണമായി തന്നെ ചിത്രീകരിച്ച ചിത്രത്തില്‍ സഹന ഗോസ്വാമി, സീമ ബിശ്വാസ്, മോഹന്‍ അഗാഷെ എന്നീ ഇന്ത്യന്‍ ചലച്ചിത്രതാരങ്ങളാണ് പ്രധാന അഭിനേതാക്കളായതെന്നും പോള്‍ കോക്സ് പúറഞ്ഞു. ചിത്രത്തിന്റെ ഇന്ത്യന്‍ സഹനിര്‍മാതാവായ മലയാളി ബേബി മാത്യുവും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു..

© Copyright 2014 Manoramaonline. All rights reserved.