ചലച്ചിത്ര മേളയ്ക്ക് പുതിയ സ്ഥലം; നടപടി തുടങ്ങി

കെ.രമേഷ്

ഇന്ത്യയുടെ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക്(ഐഎഫ്എഫ്ഐ - ഇഫി) പുതിയ സ്ഥലസൌകര്യമൊരുക്കുന്നത് ലക്ഷ്യമിട്ട് ഗോവയിലെ പനജിക്കടുത്തുള്ള ഡോണ പോളയില്‍ നടപടികള്‍ ആരംഭിച്ചു. ഇഫി വില്ലേജ് എന്ന പേരില്‍ പുരോഗമിക്കുന്ന പദ്ധതിക്കായി സര്‍ക്കാരിന്റെ പക്കലുള്ള 17,500 ചതുരശ്ര മീറ്റര്‍ സ്ഥലം കണ്ടെത്തിയതായി എന്റര്‍ടെയിന്റ്മെന്റ് സൊസൈറ്റി ഓഫ് ഗോവ(ഇഎസ്ജി)വൈസ് ചെയര്‍പഴ്സണ്‍ ദാമോദര്‍ നായിക് അറിയിച്ചു.

റസ്റ്ററന്റുകള്‍, അതിഥികള്‍ക്കായുള്ള താമസസൌകര്യം, ചലച്ചിത്രപ്രദര്‍ശന വേദികള്‍ തുടങ്ങിയവ ഒരു സ്ഥലത്ത് തന്നെ ഒരുക്കി കേന്ദ്രീകൃതമായി ചലച്ചിത്രമേള സംഘടിപ്പിക്കുകയാണ് ലക്ഷ്യം. ഐടി വികസനത്തിനായി സര്‍ക്കാര്‍ കണ്ടെത്തിയ സ്ഥലത്താണ് ചലച്ചിത്രമേളയ്ക്കായി കണ്‍വന്‍ഷന്‍ സെന്റര്‍ വരുന്നത്. അടുത്ത വര്‍ഷം ചലച്ചിത്രമേളയ്ക്കായി പ്രത്യേക സൌകര്യം ഒരുക്കുമെന്ന് ഇത്തവണത്തെ ഉദ്ഘാടനച്ചടúങ്ങില്‍ കേന്ദ്ര പ്രതിരോധ മന്ത്രി കൂടിയായ ഗോവന്‍ നേതാവ് മനോഹര്‍ പരീക്കര്‍ പറഞ്ഞിരുന്നു. പ്രതിനിധികളുടെ ചര്‍ച്ചകള്‍ക്കായി എയര്‍കണ്ടീഷന്‍ ലോഞ്ച്, എയര്‍ടിക്കറ്റ് ബുക്കിങ് സൌകര്യം തുടങ്ങിയവയുടെ സ്പോണ്‍സര്‍ഷിപ്പിലൂടെ രണ്ടു കോടി രൂപ പുതിയ ഇഫി വില്ലേജിനായി സമാഹരിച്ചതായും ദാമോദര്‍ നായിക് പറഞ്ഞു.

2001 വരെ പ്രതിവര്‍ഷം ഏകദേശം 15 കോടി രൂപയാണ് ഗോവ സര്‍ക്കാര്‍ ചലച്ചിത്ര മേളയ്ക്കായി ചെലവഴിച്ചു വന്നത്. എന്നാല്‍ നിലവില്‍ അത് ഏഴു കോടിയില്‍ താഴെയാണ്. നിയന്ത്രിതമായ തോതില്‍ സ്വകാര്യ സ്പോണ്‍സര്‍ഷിപ്പുകള്‍ വഴിയാണ് ചെലവു ചുരുക്കിയതെന്നും അദ്ദേഹം പറഞ്ഞു.

© Copyright 2014 Manoramaonline. All rights reserved.