ഓര്‍മച്ചുമരുകളില്‍ കാലം വീശുമ്പോള്‍...

നവീൻ മോഹൻ

അടിച്ചമര്‍ത്തലുകളാണ് വിപ്ളവത്തിനു വഴിമരുന്നിടുന്നത്. സ്വന്തം നാടിനെതിരെ പോരാടുന്നവരെ വിപ്ളവകാരികളെന്നു വിളിക്കാമോ? വിളിക്കേണ്ടി വരും, ഭരിക്കുന്നത് സ്വേഛാധിപത്യത്തിന്റെ കാവലാളുകളാണെങ്കില്‍. തെക്കേ അമേരിക്കന്‍ രാജ്യങ്ങളില്‍ കമ്യൂണിസ്റ്റ് ആശയങ്ങള്‍ പ്രചരിക്കുന്നത് തടയാനായി പട്ടാളഭരണകൂടം മാത്രമല്ല അമേരിക്കന്‍ചാരസംഘടനയായ സിഐഎ പോലും ആയുധവും ധനവും വാരിവിതറിയിട്ടുണ്ട്. 1970കളിലെ ആ കഥയാണ് ബൊളീവിയന്‍ ചിത്രമായ 'ദ് ഫോര്‍ഗോട്ടണ്‍' പറയുന്നത്. മികച്ച വിദേശചിത്രത്തിനുള്ള ഓസ്കറിനു വേണ്ടി ബൊളീവിയയുടെഔദ്യോഗിക എന്‍ട്രിയായിരുന്ന ഈ ചിത്രം ഗോവ ഐഎഫ്എഫ്ഐയില്‍ കൈയടികളോടെയാണു സ്വീകരിച്ചത്.

ഗറില്ലാ യുദ്ധങ്ങളും പ്രാദേശിക വിപ്ളവസംഘടനകളും വിഷയങ്ങളായിട്ടുള്ള ചിത്രങ്ങള്‍ നേരത്തെത്തന്നെ പല തെക്കേഅമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നു പുറത്തിറങ്ങിറങ്ങിയിട്ടുണ്ട്. ക്ളാന്റസ്റ്റൈന്‍ ചൈല്‍ഡ് ഹുഡ് പോലെയുള്ള ചിത്രങ്ങള്‍ യുദ്ധകാലത്ത് അനാഥരാക്കപ്പെട്ട കുട്ടികളുടെ കഥകളും പറഞ്ഞിട്ടുണ്ട്. അത്തരത്തില്‍ വിപ്ളവം അനാഥരാക്കിയവരുടെ കഥയാണ് ദ് ഫോര്‍ഗോട്ടണ്‍. വിപ്ളവം കഴിഞ്ഞ് വര്‍ഷങ്ങളായിട്ടും തങ്ങളുടെ പേരക്കുട്ടികളെ തേടി നടക്കുന്ന വൃദ്ധരുടെ കഥ തിരശീലയിലല്ല, ഇപ്പോഴും ഈ രാജ്യങ്ങളിലെ യാഥാര്‍ഥ്യത്തിന്റെ റീലുകളില്‍ ഓടിക്കൊണ്ടിരിക്കുന്നുണ്ടെന്നത് പച്ചയായ സത്യം. എഴുപതുകളില്‍ അര്‍ജന്റീന, ചിലി, ഉറുഗ്വേ, പരാഗ്വേ, ബൊളീവിയ, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ ഉയര്‍ന്നുവന്ന കമ്മ്യൂണിസ്റ്റ് ശക്തികളെയും സോവിയറ്റ് ആശയങ്ങളെയും അടിച്ചമര്‍ത്തുകയെന്നത് അവിടത്തെ പട്ടാളഭരണകൂടങ്ങളുടെ ആവശ്യമായിരുന്നു. സൈനിക പരിശീനമായും ആയുധങ്ങളായും പണമായും അമേരിക്ക ഇവരുടെ സഹായത്തിനെത്തുകയും ചെയ്തു. ഔദ്യോഗിക കണക്കുപ്രകാരം 60,000ത്തിലധികം പേര്‍ ഓപ്പറേഷന്‍ കോണ്ടോര്‍ എന്ന നീക്കത്തിലൂടെ കൊല്ലപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഒരുലക്ഷവും കടന്ന് ആ മരണക്കണക്ക് മുന്നേറുമെന്നതാണു സത്യം. കാലം മറന്നുപോയ ആ സത്യത്തെ കുഴിച്ചു പുറത്തെടുക്കുകയാണ് ദ് ഫോര്‍ഗോട്ടണ്‍.

മുന്‍കാല വിപ്ളവചിത്രങ്ങളിലെപ്പോലെ ഗറില്ലായുദ്ധമുറകളിലൂടെയോ തന്ത്രങ്ങളിലൂടെയോ ഒന്നുമല്ല ദ് ഫോര്‍ഗോട്ടണ്‍ മുന്നേറുന്നത്. തങ്ങളുടെ ആശയങ്ങള്‍ക്കു വേണ്ടി നില കൊള്ളേണ്ടി വന്ന ഒരുകൂട്ടം ചെറുപ്പക്കാരുടെ കഥയാണിത്. അവരുടെ സ്വപ്നങ്ങള്‍ മാത്രമല്ല ജീവിതം തന്നെയും തോക്കിന്‍മുനയില്‍ ഒടുങ്ങിത്തീര്‍ന്ന നാളുകളിലെ കഥ. ബൊളീവിയന്‍ പട്ടാളജനറലായ ജോസ് മെന്‍ഡിയേറ്റയുടെ ഓര്‍മകളില്‍ നിന്നാണ് ചിത്രത്തിന്റെ തുടക്കം. ഇപ്പോഴും പട്ടാളഓര്‍മകളില്‍ കരുത്തോടെ ജീവിക്കുന്ന ഒരുമനുഷ്യന്‍. എന്നാല്‍ ഒരുനാള്‍ പതിവുനടത്തത്തിനിടെ പാതിവഴിയില്‍ കണ്ട ചില കാഴ്ചകള്‍ അദ്ദേഹത്തിന്റെ ഓര്‍മകളെ എഴുപതുകളിലേക്ക് തള്ളിയിടുകയായിരുന്നു. നിലവിളികളും വെടിയൊച്ചകളും നിസ്സഹായരുടെ അലര്‍ച്ചയും താങ്ങാനാകാതെ അദ്ദേഹത്തിന്റെ ഹൃദയം നിലച്ചുപോകുമെന്ന അവസ്ഥ. ആശുപത്രിയില്‍ കിടക്കുമ്പോള്‍ തൊട്ടരികില്‍ ഒരു പെണ്‍കുട്ടി. പിഞ്ഞിക്കീറിയ വസ്ത്രവും ചോരപുരണ്ട ശരീരവും അഴിഞ്ഞുലഞ്ഞ മുടിയും തളര്‍ന്ന കണ്ണുകളും... ജോസ് അസ്സഹനീയതോടെ ആ തോന്നലിനു നേരെ കണ്ണടച്ചു. അവിടെയും തീര്‍ന്നില്ല. വീട്ടില്‍ ശുശ്രൂഷകയായി നില്‍ക്കുന്ന സ്ത്രീ ഭക്ഷണം വിളമ്പുമ്പോള്‍ അവരുടെ കൈകളിലാകെ ചോര. ഒരലര്‍ച്ചയോടെ അയാള്‍ ഭക്ഷണപ്പാത്രങ്ങള്‍ വലിച്ചെറിഞ്ഞു. ജീവിതം ഒരടി പോലും മുന്നോട്ടു നയിക്കാനാകാത്ത വിധം ഭൂതകാലം ജോസിനെ കൊന്നുതുടങ്ങിയിരിക്കുന്നു. മകന്‍ പാബ്ളോ അമേരിക്കയിലുണ്ട്. അവസാനമായി അവനെയൊന്നു കാണണം. അവനോട് ഒരു കാര്യം പറയണം. അവനോടു പറയാനാവില്ലെന്നു ഭയന്ന് അയാള്‍ അതെല്ലാം ഒരു കടലാസില്‍ കുറിച്ചിട്ടു. അന്റോണിയോ, ലൂസിയ, സനീറ, നെഗ്രോ, ആന്‍ഡ്രിയ, ജോര്‍ജ്, മാര്‍ക്കോ, ഗോറിയ എന്നിങ്ങനെ ഒരു കൂട്ടം ചെറുപ്പക്കാരുടെ കഥയായിരുന്നു അയാള്‍ വിറയ്ക്കുന്ന കൈകളോടെ കുറിച്ചിട്ടത്. ഓപ്പറേഷന്‍ കോണ്ടോറിന്റെ ഭാഗമായി ജോസ് ചിലിയിലേക്ക് പോയ നാളുകള്‍. അദ്ദേഹത്തിന്റെ ഭാര്യ ഗര്‍ഭിണിയായിരുന്നു. വിപ്ളവസംഘടനയുടെ ഭാഗമാണെന്ന സംശയത്താല്‍ അന്റോണിയോയെയും സംഘത്തെയും രഹസ്യപ്പൊലീസ് പിടികൂടുന്നതും ആ സമയത്താണ്. ലൂസിയയും മാര്‍ക്കോയും തങ്ങളുടെ കുഞ്ഞിനു വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു.

എന്നാല്‍ ഗര്‍ഭിണിയാണെന്ന പരിഗണന പോലും ലൂസിയക്ക് പട്ടാളക്യാംപില്‍ കിട്ടിയില്ല. ഓരോ നാളില്‍ ഓരോരുത്തരായി കൊഴിഞ്ഞു പൊയ്ക്കൊണ്ടേയിരുന്നു. ഫുട്ബോളിലെ മിഡ്ഫീല്‍ഡറാകാന്‍ കൊതിച്ച അന്റോണിയോ മരിച്ചത് കാലിലേറ്റ വെടിയുണ്ടയില്‍ നിന്നുള്ള പഴുപ്പ് ബാധിച്ചായിരുന്നു. മാര്‍ക്കോയെ അവര്‍ വെടിവച്ചു കൊന്നു, അവന്റെ ഷര്‍ട്ട് ലൂസിയക്കു മുന്നിലേക്ക് വലിച്ചെറിഞ്ഞു കൊടുത്തു. പീഡനം സഹിക്കാനാകാതെ ലൂസിയയുടെ കണ്മുന്നില്‍ വച്ചാണ് ഗോറിയ തൂങ്ങി മരിക്കുന്നത്. ഒരുനാള്‍ അവള്‍ക്കു നേരെയും വന്നു ഒരു വിടനായ പട്ടാളക്കാരന്റെ കൈ. അന്നവളെ രക്ഷിച്ചത് ജോസായിരുന്നു. പ്രസവത്തിനിടെ ജോസിന്റെ ഭാര്യ മരിച്ച സമയമായിരുന്നു അത്. എന്നിരുന്നാലും അയാളിലെ പട്ടാളക്കാരനെ അത് തളര്‍ത്തിയില്ല. പട്ടാളം പിടിച്ചുകൊണ്ടു വന്ന പത്തുവയസ്സുകാരെ തിരിച്ചയക്കുമെങ്കിലും ഒരു കോളജ് വിദ്യാര്‍ഥിയെ കണ്മുന്നില്‍ വച്ച് ഒരു കാരണവുമില്ലാതെ വെടിവച്ചുകൊല്ലാന്‍ ഉത്തരവിറക്കുന്നതും ഇതേ പട്ടാളജനറല്‍ തന്നെയായിരുന്നു. ജോസിനെ ആര്‍ക്കും മനസ്സിലാക്കാനായില്ല, അയാള്‍ എങ്ങിനെയൊക്കെ പ്രവര്‍ത്തിക്കുമെന്നും. എന്നിരുന്നാലും ലൂസിയക്കു മുന്നില്‍ അയാള്‍ തളര്‍ന്നു. ഭൂമിയിലേക്കിറങ്ങാന്‍ കൊതിക്കുന്ന ഒരു കുഞ്ഞിക്കാല്‍ അയാളെ പലപ്പോഴും തടഞ്ഞുകൊണ്ടേയിരുന്നു. ലൂസിയയെ രക്ഷിക്കാന്‍ ആത്മാര്‍ഥ സുഹൃത്തിനെ പോലും അയാള്‍ വെടിവച്ചിട്ടതും അതുകൊണ്ടാണ്. തന്നില്‍ നിന്നു പറിച്ചെടുത്ത കുഞ്ഞുമായി നടന്നു നീങ്ങുന്ന നഴ്സിനെ നോക്കി ലൂസിയ കയ്യുയര്‍ത്തി കരഞ്ഞതാണ്. പക്ഷേ നഴ്സ് പറഞ്ഞു-ഇല്ല, നിങ്ങളുടെ കുഞ്ഞ് മരിച്ചു പോയി...' അപ്പോലും നഴ്സിന്റെ കൈയിലെ വെള്ളത്തുള്ളിക്കെട്ടില്‍ കിടന്ന കുഞ്ഞ് മുലപ്പാലിനെന്നവണ്ണം തൊണ്ടയനക്കുന്ന ശബ്ദം ലൂസിയക്ക് കേള്‍ക്കാമായിരുന്നു. ശരീരം കൊണ്ടും മനസ്സു കൊണ്ടും തളര്‍ന്നു പോയ അവള്‍ക്കു പക്ഷേ ഒന്നും ചെയ്യാനായില്ല. ലൂസിയയെ പിന്നെ ആരും കണ്ടിട്ടില്ല. ആ കുഞ്ഞിനെയും... പക്ഷേ വര്‍ഷങ്ങള്‍ക്കിപ്പുറം അമേരിക്കയില്‍ നിന്ന് പാബ്ളോ തിരിച്ചെത്തുമ്പോള്‍ അയാളെ കാത്തിരുന്നത് അപ്രതീക്ഷിതമായ കുറേ വാര്‍ത്തകളായിരുന്നു. അവിടെ നിന്നു പാബ്ളോ യാത്ര തുടങ്ങുകയാണ്, അയാള്‍ക്ക് ഒരാളെ കണ്ടെത്താനുണ്ട്. അയാള്‍ അവരെ കണ്ടെത്തുന്നുമുണ്ട്. പക്ഷേ എല്ലാം മാറിപ്പോയിരുന്നു. പപ്പ തന്ന ഫോട്ടോകളിലെ ആ കണ്ണുകളൊഴികെ. അത്രമാത്രം തീക്ഷ്ണമായിത്തന്നെ നില്‍ക്കുന്നു അവ ഇപ്പോഴും. ആ കണ്ണുകളിലേക്കു നോക്കി നിശബദ്മായി പാബ്ളോ വിളിച്ചു: മമ്മാ...' തോക്കിന്‍മുനകള്‍ക്കു മുന്നില്‍ നെഞ്ചുവിരിച്ചു നിന്ന ഒരു ജനത. പട്ടാളഭരണകൂടത്തിനു നേരെ 'കൊലപാതകികളേ..' എന്ന് ആക്രോശിച്ച് നെഞ്ചൂക്കോടെ പാഞ്ഞുവന്നവര്‍-അവരില്‍ ചെറുപ്പക്കാരും യുവതികളും വൃദ്ധരുമുണ്ടായിരുന്നു. ചിത്രത്തിന്റെ ഒരു ഘട്ടത്തില്‍ ലൂസിയ ഗോറിയയോടു ചോദിക്കുന്നുണ്ട്-സ്വന്തം ആശയങ്ങള്‍ മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കുകയല്ലേ നിങ്ങള്‍? സ്വേഛാധിപതികളും അതുതന്നെയല്ലേ ചെയ്യുന്നത്? നിങ്ങള്‍ തമ്മില്‍ പിന്നെന്തു വ്യത്യാസം..?'

വിപ്ളവത്തിനുവേണ്ടി ജീവന്‍ വെടിഞ്ഞ ഭര്‍ത്താവില്‍ നിന്നു കിട്ടിയ ഊര്‍ജത്തിന്റെ ബലത്തില്‍ പോരിനിറങ്ങിയവളാണ് ഗോറിയ. ലൂസിയ പറഞ്ഞ കാര്യങ്ങള്‍ ഒറ്റുകാരിയുടെ വാക്കുകളായാണ് ഗോറിയക്കു തോന്നിയത്. അവള്‍ ചീറി- അതെ ഞങ്ങള്‍ ആശയങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണ് ചെയ്യുന്നത്. പക്ഷേ അതൊരു ജനതയെ രക്ഷിക്കാന്‍ വേണ്ടിയാണ്... 'എന്നിട്ട് ആരെങ്കിലും രക്ഷപ്പെട്ടോ? ഈ നാലു ചുമരുകള്‍ക്കുള്ളില്‍ നിന്ന് നമ്മളെങ്കിലും രക്ഷപ്പെടുമോ?' ലൂസിയ കരയാന്‍ തുടങ്ങി. ഗോറിയക്ക് മനസ്സിലായി-താന്‍ കേട്ടത് ലൂസിയയുടെ വാക്കുകളല്ല. അവളുടെ വയറ്റിലെ ആ പിഞ്ചുകുഞ്ഞിന്റെ കരച്ചിലായിരുന്നു.. ആ കുഞ്ഞിന്റെ കരച്ചില്‍ സത്യവുമായിരുന്നെന്ന് കാലം തെളിയിച്ചു. ഓപ്പറേഷന്‍ കോണ്ടോറില്‍ കൊല്ലപ്പെട്ട പലരും കാലത്തിന്റെ കുത്തൊഴുക്കില്‍ ഓര്‍മച്ചുമരുകളില്‍ നിന്ന് മായ്ക്കപ്പെട്ടു. കാണാതായവരേറെ, പട്ടാളം പിടിച്ചുകൊണ്ടുപോയി തിരിച്ചുവരാത്തവരും ഏറെ. ആരെല്ലാം മരിച്ചെന്നു പോലും കണ്ടെത്താനായില്ല. തലയില്‍ തുളഞ്ഞ വെടിയുണ്ടകളുമായി വഴിയരികില്‍ മരിച്ചുകിടന്നുവരും ഒട്ടേറെ.. ജീവനോടെ കുഴിച്ചിട്ടപ്പെട്ട മനുഷ്യരുടെ നിലവിളികള്‍ കാല്‍ച്ചുവട്ടില്‍ ഇപ്പോഴും ഉയരുന്നുണ്ടാകാം... ആരും അവരെ ഓര്‍ത്തില്ല. ഓര്‍ത്തിരുന്ന ചിലര്‍ ഒന്നുരണ്ട് പുസ്തകങ്ങളെഴുതി.

കാര്‍ലോസ് ബൊലാഡോ എന്ന ബൊളീവിയന്‍ സംവിധായകന്‍ അക്കാലത്തെപ്പറ്റി ഒരു സിനിമയെടുത്തപ്പോള്‍ അതിന് ദ് ഫോര്‍ഗോട്ടണ്‍, അഥവാ കാലം മായ്ച്ചുകളഞ്ഞവര്‍ എന്നു പേരിടേണ്ടി വന്നതും അതുകൊണ്ടായിരിക്കണം. കാലം പോലും സ്വേഛാധിപതികള്‍ക്കൊപ്പമായിരുന്നു... .

© Copyright 2014 Manoramaonline. All rights reserved.