കടല്‍, കരയുന്നവരോടു പറഞ്ഞത്...

നവീൻ മോഹൻ

'പ്രിയപ്പെട്ടവളേ ഓര്‍സ, നീ എനിക്കു വേണ്ടി കാത്തിരിക്കില്ലേ...?' കപ്പലില്‍ യാത്രയാകും മുന്‍പേ സ്പൈറസ് തന്റെ പ്രണയിനിയോടു ചോദിച്ചു. ഓര്‍സ ഒന്നും മിണ്ടിയില്ല. അവളിലേക്കു വന്ന അയാളുടെ ചുണ്ടുകളെ നാണത്തോടെ തള്ളിമാറ്റി അവള്‍ ഓടിമാറി. പിന്നെയൊന്നു തിരിഞ്ഞു നിന്നു. നീണ്ടുമെലിഞ്ഞ ആ സുന്ദരി അയാള്‍ക്കു മറുപടി നല്‍കിയത് ഒരു പുഞ്ചിരിയിലൂടെയായിരുന്നു. കടലായിരുന്നു ആ യാത്രപറച്ചിലിന് സാക്ഷി. ആന്‍ഡ്രോ നഗരത്തിന്റെ വിധിയായിരുന്നു ആ യാത്രപറച്ചില്‍. സ്ത്രീകളും കുട്ടികളും വയസ്സന്മാരും മാത്രമുള്ള ഒരു നഗരമെന്നു വിളിക്കേണ്ടി വരും അതിനെ. കടലോരത്തെ ആ നഗരത്തില്‍ എല്ലാ പുരുഷന്മാരും തങ്ങളുടെ പ്രിയപ്പെട്ടവരെപ്പോലെ കടലിനെയും സ്നേഹിച്ചു. തൊഴില്‍ തേടി അതിന്റെ വിരിമാറിലേക്കിറങ്ങി. പോയവരില്‍ പലരും തിരിച്ചു വന്നില്ല. തിരിച്ചുവന്നവരാകട്ടെ വര്‍ഷങ്ങള്‍ കഴിഞ്ഞ്, താടിയും മുടിയും മനസ്സും നരച്ച്...ഇടയ്ക്ക് ചിലരെല്ലാം വന്നു. ഓരോ വരവിലും ഓരോ കുഞ്ഞിനെ സമ്മാനിച്ച് അവര്‍ ആന്‍ഡ്രോയോടു യാത്ര പറഞ്ഞു. ഭര്‍ത്താവ് മരിച്ചാല്‍ അവിടത്തെ സ്ത്രീകളെല്ലാം കറുത്ത വസ്ത്രങ്ങളണിഞ്ഞാണ് നടക്കുക.

പക്ഷേ ആന്‍ഡ്രോയിലെ സ്ത്രീകളെല്ലാം എല്ലായിപ്പോഴും നിറങ്ങളില്‍ മുങ്ങി നടന്നു. കടലെടുത്തെന്നറിഞ്ഞിട്ടും എന്നെങ്കിലും തങ്ങളുടെ പ്രിയപ്പെട്ടവര്‍ തിരിച്ചുവരുമെന്ന പ്രതീക്ഷയായിരുന്നു ആ നിറങ്ങളില്‍. ഓര്‍സയ്ക്ക് പക്ഷേ ഉറപ്പായിരുന്നു സ്പൈറസ് തിരിച്ചു വരുമെന്ന്. എന്നാല്‍ അയാള്‍ തിരിച്ചെത്തിയപ്പോഴേക്കും ഓര്‍സ മറ്റൊരാളുടെ ഭാര്യയായിരുന്നു. അമ്മ മിന നല്‍കിയ വാക്കുതെറ്റിക്കാന്‍ അവള്‍ക്കാവുമായിരുന്നില്ല. അച്ഛനെ കണ്ട നേരിയ ഓര്‍മ മാത്രമേയുള്ളൂ അവള്‍ക്ക്. അവളെയും അനിയത്തി ഓസ്കയെയും വളര്‍ത്തിയെടുക്കാന്‍ മിന പെട്ട പാടെല്ലാം അവള്‍ കണ്ടതാണ്. അമ്മ പറഞ്ഞത് അനുസരിച്ചേ മതിയാകൂ. എന്നിട്ടും താനൊരാളെ പ്രണയിക്കുന്നെന്ന് അവള്‍ അമ്മയോടു പറഞ്ഞു. മകളുടെ പ്രണയമറിഞ്ഞപ്പോള്‍ മിന പക്ഷേ പറഞ്ഞതിങ്ങനെ: നാവികരെ പ്രണയിച്ച് വിവാഹം കഴിക്കാതിരിക്കുന്നത് നല്ലതാണ്. കാരണം കടലിലെ ഏകാന്തതയുടെ വേദന അവര്‍ക്ക് പിന്നെ ഒരിക്കലും അനുഭവിക്കേണ്ടി വരില്ല...' സ്പൈറസ് തിരിച്ചെത്തി. ആദ്യത്തെ പ്രസവം കഴിഞ്ഞ് ആതന്‍സില്‍ നിന്ന് തിരിച്ചെത്തുമ്പോള്‍ ഓര്‍സ അറിഞ്ഞു. തന്റെ അനിയത്തിയുടെ വിവാഹം ഉറപ്പിച്ചിരിക്കുന്നു. വരന്‍ സ്പൈറസായിരുന്നു.

ഓര്‍സയുടെ മനസ്സിലേക്ക് അന്നുവീണ്ടും കടല്‍ത്തിരകള്‍ ആഞ്ഞടിച്ചു. ഓര്‍സയുടെയും ഓസ്കയുടെയും ഭര്‍ത്താക്കന്മാര്‍ പിന്നെയും കപ്പലില്‍ യാത്രയായി. അമ്മയ്ക്ക് കൂട്ടായി ആ രണ്ട് മക്കളും ഒരുമിച്ചു താമസിച്ചു. ഇടയ്ക്കിടെ സ്പൈറസ് വരും. ആ രാത്രികളില്‍ ഓസ്കയുടെ മുറിയില്‍ നിന്നുയര്‍ന്ന ശബ്ദങ്ങള്‍ ഓര്‍സയുടെ ഉറത്തെ കടല്‍കടത്തി വിട്ടു. പിന്നെ കടല്‍ക്കാറ്റിനൊപ്പം പഴയ ഓര്‍മകളും തിരിച്ചെത്തി. ഓസ്കയിലൂടെ പകരംവീട്ടുകയായിരുന്നു സ്പൈറസെന്നു തോന്നി ഓര്‍സയ്ക്ക് പലപ്പോഴും. എന്നാല്‍ ഓസ്കയിലേക്ക് ആഴ്ന്നിറങ്ങുമ്പോഴും സ്പൈറസിന്റെ മനസ്സുനിറയെ ഓര്‍സ തന്നെയായിരുന്നു. അത് തിരിച്ചറിയുമ്പോഴേക്കും കാലമേറെക്കഴിഞ്ഞു. ഓര്‍സ നാലു കുട്ടികളുടെ അമ്മയായി. എന്നിട്ടും പരസ്പരം കണ്ടാല്‍ മിണ്ടാതെ അവരിരുവരും ഒരു വീട്ടില്‍ത്തന്നെ താമസിച്ചു. 1930കളിലാണ്. യുദ്ധം ആരംഭിച്ചിരിക്കുന്നു. ജര്‍മനിയുടെ ടോര്‍പിഡോകള്‍ കടലിനടിയിലൂടെ കപ്പലുകളുടെ വയര്‍പിളര്‍ത്തി അതിലുള്ളവരുടെ ചോര കുടിയ്ക്കാന്‍ മരണപ്പാച്ചില്‍ നടത്തുകയാണ്. ലിറ്റില്‍ ഇംഗണ്ട് എന്നു പേരിട്ട തന്റെ പ്രിയപ്പെട്ട കപ്പലില്‍ സ്പൈറസും പോയിട്ടുണ്ട്. ഇടറിയ ശബ്ദത്തില്‍ ഓരോ ദിവസവും യുദ്ധവാര്‍ത്തകള്‍ ആന്‍ഡ്രോ നഗരം റേഡിയോയിലൂടെ കേട്ടു. ഓസ്ക പേടിയോടെയാണ് ഓരോ വാര്‍ത്തയും കേട്ടത്. ജര്‍മനി മുക്കിയ കപ്പലുകളുടെ പട്ടിക പറയുമ്പോള്‍ അതില്‍ ലിറ്റില്‍ ഇംഗണ്ടും ഉണ്ടോ...? അവള്‍ ചെവിയോര്‍ക്കും. ഇല്ലെന്നറിയുമ്പോള്‍ സന്തോഷത്തോടെ ചിരിക്കും, നൃത്തമാടും. നാളുകള്‍ നീങ്ങി.

മഞ്ഞുവീഴുന്ന ഒരു രാത്രിയില്‍ മിനയുടെ വീട്ടുവാതിലില്‍ ആരോ മുട്ടി. ഒരു ടെലഗ്രാം സന്ദേശം വന്നിരിക്കുന്നു. സ്പൈറസിന്റെ കപ്പലിലുണ്ടായിരുന്നവരെ ഒരു ലൈഫ് ബോട്ടില്‍ നിന്നു കണ്ടെത്തി. അവരാണു പറഞ്ഞത്. ലിറ്റില്‍ ഇംഗണ്ടും ടോര്‍പിഡോ ആക്രമണത്തില്‍ മുങ്ങിയിരിക്കുന്നു. എല്ലാവരും രക്ഷപ്പെട്ടു. പക്ഷേ സ്പൈറസ്? ഇല്ല, എല്ലാവരെയും ലൈഫ് ബോട്ടിലേക്ക് തള്ളിക്കയറ്റി വിട്ട് ലിറ്റില്‍ ഇംഗണ്ടില്‍ സ്പൈറസ് ഒറ്റയ്ക്ക് മുങ്ങിത്താഴ്ന്നിരിക്കുന്നു. കടലാഴങ്ങളിലെവിടെയോ അയാളുണ്ട്. മൃതശരീരം പോലും കണ്ടുകിട്ടാനിടയില്ല. ഓസ്കയും മിനായും മരവിച്ചു നിന്നു പോയി. അടുക്കളയിലായിരുന്നു ഓര്‍സ. അവളും കേട്ടു ആ വാര്‍ത്ത. ആദ്യം ആ ചുണ്ടില്‍ വിരിഞ്ഞതൊരു ചിരിയായിരുന്നു. പതിയെപ്പതിയെ ആ ചിരിയ്ക്ക് രൂപാന്തരം സംഭവിച്ചു തുടങ്ങി. അതിനൊരു പൈശാചിക രൂപം വന്നു, പിന്നെപ്പിന്നെ നിസ്സഹായതയിലേക്ക് വഴുതിവീണു. ഒടുക്കം കടല്‍ക്കൊടുങ്കാറ്റിനേക്കാള്‍ മുഴക്കത്തിലുള്ള ഒരു ശബ്ദമായി അത് മാറി. 'സ്പൈറസ്, എന്റെ പ്രിയപ്പെട്ടവനേ...' ഓര്‍സ നിര്‍ത്താതെ കരയുകയായിരുന്നു. മിനയുടെയും ഓസ്കയുടെയും മരവിപ്പ് അവിടെക്കൂടിയിരുന്നു മറ്റുള്ളവരിലേക്കും പതിയെ പടര്‍ന്നു. കരയേണ്ടവര്‍ നിശബ്ദരായിരുന്നു. നാലു കുട്ടികളുടെ അമ്മ, മറ്റൊരാളുടെ ഭാര്യ. അവള്‍ കരയുകയാണ്, അനിയത്തിയുടെ ഭര്‍ത്താവിന്റെ പേരുവിളിച്ച്, ഉറക്കെയുറക്കെ, നിര്‍ത്താതെ...

ഓസ്കയ്ക്ക് ഭ്രാന്തുപിടിക്കുന്ന പോലെ തോന്നി. ചേച്ചിയുടെയും സ്വന്തം ഭര്‍ത്താവിന്റെയും ചതിയോര്‍ത്ത് അവള്‍ കണ്ണില്‍ക്കണ്ടതെല്ലാം തല്ലിത്തകര്‍ത്തു, വലിച്ചെറിഞ്ഞു. ഓര്‍സയുടെ മുടിയിഴകളില്‍ ചുറ്റിപ്പിടിച്ച് അവളെ തല്ലിക്കൊണ്ടേയിരുന്നു. പിന്നെ നിശബ്ദമായി കട്ടിലില്‍ കിടന്നു. ഓര്‍സയും അന്നുമുതല്‍ നിശബ്ദയായിരുന്നു. വെളിച്ചം കടക്കാത്ത ഒരു മുറിയില്‍ അവള്‍ തന്റെ ലോകം തീര്‍ത്തു. ഓസ്ക പിന്നീടവളോട് മിണ്ടുന്നത് വര്‍ഷങ്ങള്‍ കഴിഞ്ഞായിരുന്നു. അപ്പോഴേക്കും ഓര്‍സയെ കണ്ടാല്‍ തിരിച്ചറിയാതായി. മുടിയിലാകെ വെള്ളിയിഴകള്‍. ഞാവല്‍പ്പഴം പോലുള്ള കൃഷ്ണമണികള്‍ക്കു ചുറ്റും പോലും കാലം തീര്‍ത്ത കറുപ്പ്. മേലാകെ ഉപ്പുകാറ്റേറ്റെന്ന പോലെ വരണ്ടുണങ്ങിയിരിക്കുന്നു. ഓസ്കയ്ക്കൊന്നും മനസ്സിലായില്ല. ആരാണു തന്നെ ചതിച്ചത്? ചേച്ചിയോ അതോ സ്വന്തം ഭര്‍ത്താവോ? ചേച്ചിക്കു വേണ്ടിയാണോ സ്പൈറസ് തന്നെ സ്നേഹിച്ചത്? അതിന് ഉത്തരം നല്‍കിയത് കുറേ കത്തുകളായിരുന്നു. ലോകം ചുറ്റുന്നതിനിടെ പലയിടത്തു നിന്നായി സ്പൈറസ് ഓര്‍സയ്ക്കയച്ച കത്തുകള്‍.

പക്ഷേ അതവളുടെ വിവാഹം കഴിയുന്നതുവരെയേ ഉണ്ടായിരുന്നുള്ളൂ. 'പിന്നീടങ്ങോട്ട് സ്പൈറസ് നിന്നെ മാത്രമേ സ്നേഹിച്ചിട്ടുള്ളൂ...' പ്രേതത്തെപ്പോലെയായിരുന്നു ഓര്‍സ സംസാരിച്ചത്. പിന്നെയും അവള്‍ പറഞ്ഞു. അവസാനമായി സ്പൈറസിനെ കണ്ട നാള്‍. അവര്‍ ആദ്യമായി ഒന്നായ നാള്‍. അവരുടെ പ്രിയപ്പെട്ട ആ പാറക്കെട്ടുകള്‍ക്കു താഴെ, കടലോരത്ത്... അന്നു യാത്ര പറഞ്ഞതാണ് സ്പൈറസ്. പിന്നീട് അവളെത്തേടിയെത്തിയത് അയാളുടെ മരണവാര്‍ത്തയായിരുന്നു. അന്നു നിറംമങ്ങിയതാണ് ഓര്‍സയുടെ ജീവിതം. ഭര്‍ത്താവ് ജീവിച്ചിരിക്കെത്തന്നെ അവള്‍ കറുത്തവസ്ത്രങ്ങളണിഞ്ഞു. ഭര്‍ത്താവ് മരിച്ച ഓസ്കയും. നാട്ടുകാര്‍ക്ക് പറഞ്ഞുചിരിക്കാനുള്ള വിഭവമായി ചേച്ചിയും അനിയത്തിയും. എന്നാല്‍ ഇപ്പോള്‍ ഓസ്കയ്ക്ക് എല്ലാം മനസിലായിത്തുടങ്ങിയിരുന്നു. അവള്‍ ചേച്ചിയോടൊപ്പം തന്നെയിരുന്നു. പക്ഷേ കരയുന്നവരോട് കടലിന് ഒരിഷ്ടക്കൂടുതലുണ്ടോ? അതുകൊണ്ടാണോ ഒരു പുലരിയില്‍ ഒന്നും പറയാതെ ഓര്‍സയുടെ ശ്വാസം ആന്‍ഡ്രോയില്‍ വീശിയടിച്ച കടല്‍ക്കാറ്റില്‍ അലിഞ്ഞു ചേര്‍ന്നത്...? ആര്‍ക്കും അറിയില്ല അതിനുത്തരം. പാന്‍ഡലിസ് വള്‍ഗാരിസിന്റെ ലിറ്റില്‍ ഇംഗണ്ട് എന്ന ചിത്രം കടലിന്റെയും അതില്‍ അലിഞ്ഞുചേര്‍ന്ന മനുഷ്യരുടെയും കഥയാണു പറഞ്ഞത്.

കടലിലേക്കിറങ്ങിയവരെയും കരയിലിരുന്നവരെയും അത് തന്നോടു ചേര്‍ത്തുപിടിച്ചു. ബന്ധങ്ങള്‍ക്കിടയിലെ വിശുദ്ധിയും അവിശുദ്ധിയും തിരിച്ചറിയാനാകാതെ കുഴങ്ങിയ ഒരു ജനത. വര്‍ഷങ്ങള്‍ നീണ്ട യാത്ര കഴിഞ്ഞ് തിരിച്ചെത്തുമ്പോള്‍ കരയില്‍ കാത്തിരിക്കാന്‍ പ്രിയപ്പെട്ടവരുണ്ടാകുമോ എന്ന ചിന്തയാണ് കടലില്‍ പോയവരില്‍ വീശിയടിച്ചിരുന്നത്. കരയിലാകട്ടെ തങ്ങളുടെ പ്രിയപ്പെട്ടവര്‍ എന്നെങ്കിലും തിരിച്ചുവരുമോ എന്ന ആധിയുടെ തിരയടിയും. ഇവര്‍ക്കിടയില്‍ കടല്‍ മാത്രമേയുള്ളൂ. ഈ ബന്ധം അതീവഭാവുകത്വത്തോടെ അതിലേറെ സൌന്ദര്യാത്മകയായി ചിത്രീകരിച്ചിരിക്കുന്നു പാന്‍ഡലിസ്. ഭാര്യ ഇയോണ കര്യസ്ത്യാനിയുടെ നോവലാണ് പാന്‍ഡലിസ് അതേ പേരില്‍ സിനിമയാക്കിയത്.

മികച്ച വിദേശഭാഷാചിത്രത്തിനുള്ള ഓസ്കറിന് ഗ്രീസിന്റെ ഔദ്യോഗിക എന്‍ട്രിയായിരുന്നു ഈ ചിത്രം. ഷാങ് ഹായ് ഫിലിം ഫെസ്റ്റിവലില്‍ മികച്ച ചിത്രത്തിനുള്ള പുരസ്കാരവും ലിറ്റില്‍ ഇംഗണ്ടിനായിരുന്നു. ഒപ്പം മികച്ച സംവിധായകനും മികച്ച നടിക്കുള്ള പുരസ്കാരവും. ഓര്‍സയെ അവതരിപ്പിച്ച പെനെലോപെ തിസിലിക്കയുടെ മികച്ച അഭിനയമുഹൂര്‍ത്തങ്ങളെ ഗോവ ഫിലിം ഫെസ്റ്റിവലിലും (ഐഎഫ്എഫ്ഐ) കയ്യടികളോടെയായിരുന്നു പ്രേക്ഷകര്‍ അംഗീകരിച്ചത്. മികച്ച ഛായാഗ്രാഹണത്തിനും സൌണ്ട് മിക്സിങ്ങിനും കോസ്റ്റ്യൂം ഡിസൈനിനുംമേക്കപ്പിനുമെല്ലാം വിവിധ ഫെസ്റ്റിവലുകളില്‍ ലിറ്റില്‍ ഇംഗണ്ട് പുരസ്കാരം നേടിയെടുത്തിട്ടുണ്ട്. .

© Copyright 2014 Manoramaonline. All rights reserved.