തടാകം നിശബ്ദമാണ്, അടിത്തട്ട് കലുഷിതവും...

നവീന്‍ മോഹന്‍

'നീയാണവനെ ചീത്തയാക്കുന്നത്. 16 വയസ്സായി അവന്, ഇപ്പോഴും കൊച്ചുകുട്ടിയാണെന്നാണ് നിന്റെ വിചാരം...' തുഴച്ചില്‍ ടീമിലെ മോശം പ്രകടനത്തിന് എല്ലായിപ്പോഴും അലി കുറ്റപ്പെടുത്തിയത് ലൈലയെയായിരുന്നു. ഒരുകാലത്ത് തുഴച്ചില്‍ ചാംപ്യനായിരുന്നു അലി. ഒറ്റമകനാണ് റുസ്ലാന്‍. അച്ഛന്‍ തന്നെയായിരുന്നു അവന്റെ കോച്ചും. പക്ഷേ റുസ്ലാന്‍ തുഴച്ചിലില്‍ മോശക്കാരനായിരുന്നു. കാരണം എത്ര ചോദിച്ചാലും അവന്‍ പറയില്ല. അവനുപക്ഷേ അച്ഛനെ വേദനിപ്പിക്കരുതെന്നുണ്ടായിരുന്നു. അതുകൊണ്ടുതന്നെ തുഴച്ചില്‍ പരിശീലനത്തിന് തന്റെ കഴിവിന്റെ പരമാവധി ശ്രമങ്ങളും നടത്തുന്നുമുണ്ട്. പക്ഷേ തടാകത്തെ കീറിമുറിച്ചു കൊണ്ട് ആ നാലംഗസംഘം തുഴഞ്ഞു നീങ്ങുമ്പോള്‍ പലപ്പോഴും റുസ്ലാന്റെ കൈകള്‍ അനങ്ങാതായി. അവസാനം അവിടത്തെ പ്രശസ്തമായ തുഴച്ചില്‍ മത്സരമെത്തി.

 'അച്ഛന്‍ പേടിക്കേണ്ട, അച്ഛന്റെ പേരു ഞാന്‍ കളയില്ല..' മത്സരത്തിനിറങ്ങുമ്പോള്‍ റുസ്ലാന്‍ പറഞ്ഞു. പക്ഷേ അലിയ്ക്കത് വിശ്വാസമായില്ല. അയാള്‍ അവനെ ടീമില്‍ നിന്ന് അവസാനനിമിഷം മാറ്റി. പുതിയൊരാളുമായി ആ സംഘം തുഴയാനിറങ്ങി. ദേഷ്യപ്പെട്ട് ജഴ്സിയും വലിച്ചെറിഞ്ഞ് റുസ്ലാന്‍ നടന്നുനീങ്ങി. അലിയ്ക്ക് പക്ഷേ മത്സരത്തിലായിരുന്നു ശ്രദ്ധ. അയാള്‍ പ്രതീക്ഷിച്ച പോലെത്തന്നെ തന്റെ ടീം ഒന്നാം സ്ഥാനത്തെത്തി. ആഘോഷത്തിന്റെ നിമിഷങ്ങള്‍. അയാള്‍ എല്ലാം മറന്നു. രാത്രി ഏറെ വൈകിയാണ് വീട്ടിലെത്തിയത്. അച്ഛനും മകനും ഒരുമിച്ചു വരുമെന്നായിരുന്നു ലൈല കരുതിയിരുന്നത്. പക്ഷേ വന്നത് അലി ഒറ്റയ്ക്ക്. 'റുസ്ലാന്‍ എവിടെ..?' അലിക്ക് അറിയില്ലായിരുന്നു: 'ഞാനവനെ ടീമില്‍ നിന്നുമാറ്റി..' എന്നു മാത്രം പറഞ്ഞു അയാള്‍. അപ്പോഴേക്കും വീണ്ടും ഡോര്‍ബെല്‍. അലി വാതില്‍ തുറന്നു. അതയാളുടെ സുഹൃത്തായ ഒരു പൊലീസുകാരനായിരുന്നു. അയാള്‍ പറഞ്ഞു. 'അലീ, നമുക്കൊരിടം വരെ പോകണം. തടാകത്തില്‍ നീന്താനിറങ്ങിയപ്പോള്‍ റുസ്ലാനെ കാണാതായെന്ന് ഒരു വാര്‍ത്ത.

 മുങ്ങിപ്പോയതാണോയെന്ന് ഉറപ്പാക്കാനായിട്ടില്ല. അന്വേഷണം തുടങ്ങിയിട്ടുണ്ട്...' ഇരുട്ടില്‍ ബോട്ടുകളും മുങ്ങല്‍ വിദഗ്ധരുമെല്ലാം തടാകത്തിലൂടെ തലങ്ങും വിലങ്ങും പാഞ്ഞു. കരയില്‍ അലിയും ലൈലയും കാത്തുനിന്നു. റുസ്ലാന്റെ പ്രിയപ്പെട്ട സുഹൃത്ത് നിറഞ്ഞൊഴുകിയ കണ്ണുകള്‍ തുടയ്ക്കാനാകാതെ അലിയെത്തന്നെ നോക്കി. റുസ്ലാനെ കണ്ടെത്താനായില്ല. പിന്നെയും പിന്നെയും തിരച്ചില്‍ തുടര്‍ന്നു. പൊലീസ് പിന്‍വാങ്ങി. അലി ബോട്ടിലൂടെ തടാകം മുഴുവനും അലഞ്ഞു. മുങ്ങല്‍വിദഗ്ധരെ പലയിടത്തേക്കായി വിട്ടു. എവിടെയൊക്കെയോ അജ്ഞാതജഡങ്ങള്‍ കിട്ടിയെന്ന അറിയിപ്പുകള്‍ വന്നപ്പോള്‍ അവയ്ക്കു പിന്നാലെ ഭ്രാന്തനെപ്പോലെ പാഞ്ഞു. വിറയ്ക്കുന്ന കാലുകളോടെ ലൈലയും അയാളെ പിന്തുടര്‍ന്നു. പക്ഷേ റുസ്ലാനെ കണ്ടെത്താനായില്ല. അവനെവിടെയോ ഒളിച്ചിരിക്കുകയാണെന്നുതന്നെ ലൈല വിശ്വസിച്ചു. അങ്ങിനെ ഒളിക്കാനിടയുള്ള സ്ഥലങ്ങളിലെല്ലാം അലി പരിശോധിച്ചു. പക്ഷേ റുസ്ലാന്‍..!! ഒരുനാള്‍ രാത്രി അവനെ തേടിയലഞ്ഞ് വീട്ടിലെത്തിയ അലിയെ ലൈല തടഞ്ഞുനിര്‍ത്തി ചോദിച്ചു:'നിങ്ങളെവിടെ പോയതാണ്..?' 'ഞാനെന്റെ മകനെത്തേടി...' 'മകനോ..' പുച്ഛമായിരുന്നു ലൈലയുടെ മുഖത്ത്. 'നിങ്ങള്‍ അവളുടെയടുത്തായിരുന്നില്ലേ. ആ നീന്തല്‍ക്കാരി സാഷയുടെ വീട്ടില്‍..? സ്വന്തം മകന്‍ നഷ്ടപ്പെട്ടപ്പോഴെങ്കിലും നിങ്ങള്‍ക്കവളെ കാണാതിരുന്നു കൂടേ...'നിര്‍ത്താനാകാത്ത ലൈലയുടെ കരച്ചിലിനുമേലേക്ക് അലി അയാളുടെ കൈകള്‍ നീട്ടി. അവളുടെ തൊണ്ടയില്‍ പിടിമുറുക്കി, അടിയ്ക്കാന്‍ പലപ്പോഴായി കൈയോങ്ങി. പിന്നെ ഇറങ്ങിപ്പോയി. അയാള്‍ പോയത് സാഷയുടെ വീട്ടിലേക്കായിരുന്നു.

ആ രാത്രി അവളുടെ നെഞ്ചില്‍ക്കിടന്നായിരുന്നു അലി ഉറങ്ങിയത്. അലിയുമായി ദൂരെയൊരിടത്തേക്ക് പോയി സ്വന്തമായൊരു ജീവിതമായിരുന്നു സാഷയുടെ സ്വപ്നം. അലി അതിന് തയാറായതുമായിരുന്നു. പക്ഷേ അതിനുമുന്‍പ് റുസ്ലാനെ കണ്ടെത്തണം. അവന്റെ അന്ത്യകര്‍മങ്ങള്‍ നടത്തണം. അല്ലെങ്കില്‍ ഒരു പക്ഷേ അവന്‍ ജീവിച്ചിരിക്കുന്നുണ്ടോയെന്നു കണ്ടെത്തണം... അയാള്‍ അലച്ചില്‍ തുടര്‍ന്നു. അജ്ഞാതജഡങ്ങളില്‍ നിന്ന് ജഡങ്ങളിലേക്ക് അയാളുടെ യാത്ര നീണ്ടു. അതിനിടെ അയാള്‍ റുസ്ലാന്റെ പ്രിയപ്പെട്ട സുഹൃത്തിനെക്കണ്ടു. 'എന്നെപ്പറ്റി എന്തെങ്കിലും പറയുമായിരുന്നോ അവന്‍...?' അയാള്‍ ചോദിച്ചു. 'അച്ഛന്‍ ഭയങ്കര സ്ട്രിക്റ്റാണെന്നു പറയുമായിരുന്നു..'മറ്റ് കുട്ടികളുടെ മുന്നില്‍ വച്ച് തന്നെ അച്ഛാ എന്നു പോലും വിളിക്കുന്നത് വിലക്കിയിരുന്നത് അയാള്‍ അപ്പോള്‍ ഓര്‍ത്തിരിക്കണം. എന്തുമാത്രം അത് റുസ്ലാന്റെ നെഞ്ചിനെ പിളര്‍ത്തിയിട്ടുണ്ടാകുമെന്നും.. 'വലിയൊരു ഫുട്ബോള്‍ താരമാകണമെന്നായിരുന്നു അവന്റെ സ്വപ്നം..' സുഹൃത്തിന്റെ ആ വാക്കുകള്‍ കൂടിയായതോടെ അലിയുടെ നെഞ്ചുപിടഞ്ഞു.

ഒരിക്കല്‍പ്പോലും താനവനോട് ചോദിച്ചിട്ടില്ല അവന്റെ സ്വപ്നത്തെപ്പറ്റി. പകരം തന്റെ സ്വപ്നങ്ങളിലേക്ക് തുഴഞ്ഞുപോകാന്‍ മകനെ നിര്‍ബന്ധിക്കുകയായിരുന്നു. ഒരുനാള്‍ യാദൃശ്ചികമായാണ് തടാകക്കരയില്‍ മീന്‍പിടിച്ചുകൊണ്ടിരുന്ന ഒരു വയസ്സനെ അയാള്‍ കാണുന്നത്. എന്തൊക്കെയോ സംസാരിച്ച കൂട്ടത്തില്‍ ദൂരെ നീങ്ങുന്ന ബോട്ടുകളെ നോക്കി അയാള്‍ ആക്രോശിച്ചു-'കണ്ടില്ലേ, ആ ചെകുത്താന്മാര്‍ ചെയ്യുന്നത്. എന്റെ വല മുഴുവന്‍ കീറിമുറിച്ചിട്ടുണ്ടാകും ഇപ്പോള്‍...'അലി നിശബ്ദമായിരുന്നു. 'എല്ലാം ഒരു ചെറുക്കനു വേണ്ടിയാണ്. അവന്റെ ശരീരം എങ്ങിനെ കിട്ടാനാണ്. നീന്തുന്നതിനിടയില്‍ ഒരു വാട്ടര്‍സ്കൂട്ടര്‍ തട്ടിത്തെറിപ്പിച്ചതാണ് ചെക്കനെ...ഈ ടൂറിസ്റ്റുകള്‍ക്ക് വല്ല നോട്ടവുമുണ്ടോ. തലങ്ങും വിലങ്ങും പായുകയല്ലേ അവര്‍..' വയസ്സനോടൊന്നും പറയാതെ അലി തിരിഞ്ഞു നടന്നു. അവസാനം അതുറപ്പായിരിക്കുന്നു, തന്റെ മകന്‍ ഒളിച്ചുകളിക്കുകയല്ല, അവന്‍ തടാകത്തിന്റെ അടിത്തട്ടിലെവിടെയോ ഒളിച്ചിരിക്കുകയാണ്. നിശബ്ദമായി, ജീവനില്ലാതെ... ദൂരെ ഒരു ഡാമിനടുത്തു നിന്ന് ഒരു ശവശരീരം കിട്ടിയെന്ന വാര്‍ത്ത കേട്ട് അലിയും പൊലീസ് സുഹൃത്തും വീണ്ടും യാത്രയായി. ഇനിയൊരു യാത്രയ്ക്ക് അയാള്‍ക്കാവില്ലായിരുന്നു. ഡാമിനടുത്തെ തണുത്തുമരവിച്ച ഒരുമുറിയിലേക്ക് അവിടത്തെ സൂക്ഷിപ്പുകാരന്‍ അലിയെ കയറ്റിവിട്ടു. 'വലതുവശത്ത്, തുണികൊണ്ടു മൂടിയിട്ടിട്ടുണ്ട്. നാളു കുറേയായില്ലേ, തിരിച്ചറിയാനാകുമെന്നു തോന്നുന്നില്ല...'

മരവിപ്പിക്കുന്ന വാക്കുകള്‍ക്കു മുന്നില്‍ ചെവിയടച്ച് അലി ആ മുറിയിലേക്കു കയറി. അവിടെ കിടപ്പുണ്ട് തുണിയില്‍ പൊതിഞ്ഞ ഒരു ശരീരം. അല്പനേരം അയാള്‍ അതിലേക്കു തന്നെ നോക്കി നിന്നു. ആ തുണിയൊന്ന് മാറ്റി നോക്കിയാല്‍ കാണുന്നത് തന്റെ മകന്റെ ജീര്‍ണിച്ച ശരീരമായിരിക്കും. അയാള്‍ നിശബ്ദനായി നിന്നു. തണുപ്പ് അയാളിലേക്ക് ആഴ്ന്നിറങ്ങി. അപ്പോള്‍, മകനെ കാണാതായതിന് നാളുകള്‍ക്കു ശേഷം അയാളുടെ കണ്ണുകള്‍ നനഞ്ഞു, പിന്നെ നിറഞ്ഞൊഴുകാന്‍ തുടങ്ങി. അയാള്‍ ഉറക്കെയുറക്കെ കരഞ്ഞു കൊണ്ട് പുറത്തേയ്ക്കോടി. 'അതവനാണ്, എന്റെ മകനാണ്...' അലിയുടെ കരച്ചിലിനെ തൊട്ടടുത്തു നിന്നുവീശിയ കടല്‍ക്കാറ്റ് ഏറ്റുപിടിച്ചു. ഇനിയും അയാള്‍ക്കു വയ്യ ജഡങ്ങള്‍ തേടിയുള്ള യാത്രയ്ക്ക്...തിരിച്ചു യാത്രയ്ക്കിടെ അയാള്‍ കുറേ മള്‍ബെറിപ്പഴങ്ങള്‍ വാങ്ങി. 'അടുത്തയാഴ്ച മഴ തുടങ്ങും. പിന്നെ ആ പഴങ്ങള്‍ക്ക് ഒരു രുചിയുമുണ്ടാകില്ല...' അലി പിറുപിറുത്തു. റുസ്ലാന്‍ അപ്രത്യക്ഷമായ ആ തടാകക്കരയിലിരുന്ന് ഒരു യന്ത്രത്തെപ്പോലെ ബെറിപ്പഴങ്ങള്‍ തിന്നുതീര്‍ക്കുമ്പോള്‍ അയാളുടെ ചുണ്ടുകളിലാകെ കടുംചുവപ്പ് പടര്‍ന്നു.

കൈകളിലും ബെറിപ്പഴത്തിന്റെ ചോരച്ചുവപ്പ്. അലിയാണോ റുസ്ലാനെ കൊന്നത്? സ്വന്തം മകന്റെ ചോരയാണോ ആ ചുണ്ടുകളിലും കൈകളിലും ഇഴഞ്ഞൊഴുകുന്നത്. അറിയില്ല... ആസിഫ് റുസ്തമോവ് എന്ന അസര്‍ബെയ്ജാനി സംവിധായകന്റെ കന്നിച്ചിത്രം 'ഡൌണ്‍ ദ് റിവര്‍' അവസാനിക്കുന്നത് നിശബ്ദമായ തടാകത്തിന്റെ പലവിധ ഷോട്ടുകളിലൂടെയാണ്. ചിത്രം അവസാനിച്ചിരിക്കുന്നു. തടാകത്തിന്റെ ദൃശ്യങ്ങള്‍ക്കു മേലേക്കൂടി ടൈറ്റിലുകള്‍ വന്നു തുടങ്ങി. എന്നിട്ടും ഗോവ രാജ്യാന്തര ചലച്ചിത്രമേളയ്ക്കെത്തിയ പ്രേക്ഷകര്‍ കാത്തുനിന്നു. റുസ്ലാന്റെ സുചനയുമായി തടാകത്തിന്റെ അടിത്തട്ടില്‍ നിന്നെവിടെ നിന്നെങ്കിലും ഒരു കുമിള ഉയരുന്നുണ്ടോ? ഇല്ല. റുസ്ലാന് എന്തുപറ്റിയെന്ന് ആര്‍ക്കും അറിയില്ല. തടാകം നിശബ്ദമായിരുന്നു. പക്ഷേ അതിന്റെ അടിത്തട്ട് കലുഷിതമായിരുന്നു. ചില മനുഷ്യരുടെ മനസ്സു പോലെ...

© Copyright 2014 Manoramaonline. All rights reserved.