കോടതിമുറിയില്‍ വിരിഞ്ഞ ക്രിസ്മസ് റോസ്

നവീന്‍ മോഹന്‍

നീതിന്യായപീഠത്തിനു മുന്നില്‍ അന്തിമവിധി പ്രഖ്യാപിക്കുന്നത് ആരാണ്? ന്യായാധിപനോ അതോ ദൈവമോ? ന്യായാധിപനാണെന്നു വിശ്വസിക്കുന്നയാളായിരുന്നു ടിം. കാരണം സ്വന്തം പിതാവുതന്നെ തന്റെ കക്ഷിക്കു വേണ്ടി ഒരു കേസ് വളച്ചൊടിക്കാന്‍ kനടത്തിയ ശ്രമങ്ങളുടെ ഓര്‍മകള്‍ അവന്റെ മനസ്സില്‍ ഇപ്പോഴും കിടപ്പുണ്ട്. ദൈവത്തിന് ആ കേസില്‍ യാതൊരുതരത്തിലുള്ള ഇടപെടലും നടത്താനായിട്ടില്ലെന്നത് ഉറപ്പ്. പീഡനക്കേസില്‍ ഇരയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു. ദൈവത്തിന്റെ കോടതിയില്‍ അച്ഛനൊരു വിധി കാത്തിരിക്കുന്നുണ്ടെന്ന് അവന്‍ എല്ലായിപ്പോഴും വിശ്വസിച്ചു. വന്‍ശമ്പളമുള്ള ജോലി കളഞ്ഞ് അഭിഭാഷകന്റെ കോട്ടണിയാന്‍ തീരുമാനമെടുക്കുമ്പോഴും നീതി നിഷേധിക്കപ്പെടുന്നവരുടെ മുഖമായിരുന്നു ടിമ്മിന്റെ മനസ്സില്‍.

വാദിക്കാന്‍ ആളില്ലാത്തതിനാല്‍ ആര്‍ക്കും നീതി നിഷേധിക്കപ്പെടരുതെന്ന ദൃഢനിശ്ചയവുമായാണ് അതുകൊണ്ടുതന്നെ ടിം കേസുകളോരോന്നും ഏറ്റെടുത്തത്. കുട്ടിക്കാലത്ത് ഒരു പേടിസ്വപ്നമായി മാറിയ വിധത്തിലുള്ള ഒരു കേസ് ആയിടെയാണ് ടിമ്മിനരികിലെത്തുന്നത്. കാലുകള്‍ക്ക് സ്വാധീനമില്ലാത്ത ഒരു യുവതിയെ മെഡിക്കല്‍ചെക്കപ്പിനിടെ ഡോക്ടര്‍ പീഡിപ്പിച്ചെന്നാണു കേസ്. ഡോക്ടറാകട്ടെ സമൂഹത്തില്‍ ഏറെ മാന്യനായ വ്യക്തിയും. അദ്ദേഹത്തിന് ഭാര്യയും ഒരു കൊച്ചുകുട്ടിയുമുണ്ട്. അംഗവൈകല്യം സംഭവിച്ച ഒരു പെണ്‍കുട്ടി എന്തിനാണ് ഒരു ഡോക്ടറെപ്പറ്റി നുണപറയുന്നതെന്ന ചിന്ത മാത്രം മതിയായിരുന്നു ടിമ്മിന് കേസ് ഏറ്റെടുക്കാന്‍. മാത്രവുമല്ല ഡോക്ടറുടെ മകളെ പിയാനോ പഠിപ്പിക്കുന്നതും ജിങ് എന്ന ഈ പെണ്‍കുട്ടിയാണ്. ഒരാളുടെ മനസ്സില്‍ ഏതുനിമിഷവും ഒരു കുറ്റവാളി പിറവിയെടുത്തേക്കാമെന്ന വിശ്വാസം കൂടി ഒപ്പമുള്ളതിനാല്‍ അയാള്‍ കേസിനെപ്പറ്റി നന്നായിത്തന്നെ പഠിച്ചു.

എതിര്‍വക്കീലായി വന്നത് ടിമ്മിന്റെ അച്ഛന്റെ വലിയ ആരാധകനായ ഒരു ചെറുപ്പക്കാരനായിരുന്നു. സ്വാഭാവികമായും വളഞ്ഞവഴിയിലൂടെ ജയിക്കാന്‍ എന്തുശ്രമവും നടത്തുന്ന ഒരുവന്‍. വാദം ആരംഭിച്ചു. ഡോക്ടര്‍ നടത്തിയത് സാധാരണ ഒരു ഫിസിക്കല്‍ ചെക്കപ്പ് മാത്രമാണെന്നു വരുത്തിത്തീര്‍ക്കാനായിരുന്നു എതിര്‍ഭാഗം വക്കീലിന്റെ ശ്രമം. എല്ലാവരുടെയും മുന്നില്‍ വച്ച് അയാള്‍ ജിങ്ങിനോട് ചോദിച്ചതെല്ലാം ഒരു പെണ്‍കുട്ടിയും ഒരിക്കലും കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത കാര്യങ്ങളായിരുന്നു. പലപ്പോഴും കോടതിക്ക് പോലും പറയേണ്ടി വന്നു-ചോദ്യങ്ങള്‍ സൂക്ഷിച്ചു പ്രയോഗിക്കണം... ഓരോ ചോദ്യത്തിനു മുന്നിലും കണ്ണുനിറഞ്ഞെങ്കിലും ജിങ്ങിന്റെ ഉത്തരങ്ങളെല്ലാം ഡോക്ടറുടെ കയ്യിലെ വിലങ്ങ് മുറുക്കുന്നതായിരുന്നു. ഒപ്പം ടിമ്മിന്റെ വാദം കൂടിയായതോടെ കേസ് ജയിക്കുമെന്നായി. പക്ഷേ വിധി വരുന്നതിനു തലേന്ന് ടിമ്മിന് ജിങ് ഒരു സമ്മാനം നല്‍കി. കടലാസുകൊണ്ടുണ്ടാക്കിയ രണ്ട് റോസ്പുഷ്പങ്ങള്‍. രാത്രിയില്‍ അതുംനോക്കിയിരിക്കെയാണ് അതിനകത്ത് എന്തോ കുത്തിക്കുറിച്ചതായി ടിം കണ്ടത്. അയാളത് തുറന്നു നോക്കി.'നിങ്ങള്‍ക്കെന്റെ കാവല്‍മാലാഖയാകാനാകുമോ..?' എന്നായിരുന്നു അതിലെ ഒരു ചോദ്യം.

രണ്ടാമത്തെ എഴുത്ത് കൂടി വായിച്ചതും അയാള്‍ ജിങ്ങിന്റെ വീട്ടിലേക്കു പാഞ്ഞു. അവളുടെ മുറിയില്‍ നിറയെ കടലാസ്റോസുകളായിരുന്നു. അവള്‍ തടഞ്ഞിട്ടും അയാള്‍ ഓരോന്നായി തുറന്നു നോക്കി. എല്ലാം ഡോക്ടര്‍ക്കെഴുതിയതായിരുന്നു. പലതിലും പ്രണയം നിറഞ്ഞുതുളുമ്പുന്നു... ഭാര്യയും കുട്ടിയുമുള്ള ഒരാളെ പ്രണയിക്കുകയായിരുന്നോ ഈ പെണ്‍കുട്ടി? അതിന് അയാള്‍ തയാറാകാത്തതിനു നല്‍കിയ ശിക്ഷയാണോ ഈ പീഡനാരോപണം? അങ്ങിനെയെങ്കില്‍ ഇവളുടെ അടുത്ത ഇര താനാവില്ലേ? ടിമ്മിന്റെ വിവാഹമാണെങ്കില്‍ അടുത്തുതന്നെ നടക്കാനിരിക്കുകയുമാണ്. അയാള്‍ക്ക് എല്ലാം കീഴ്മേല്‍ മറിയുന്ന പോലെ തോന്നി. അതുവരെ നീതിക്ക് ഒപ്പമായിരുന്നുവെന്ന തോന്നല്‍ മാറിയത് ഒരൊറ്റ നിമിഷം കൊണ്ടാണ്. പിറ്റേന്ന് അടുത്ത ഞെട്ടലായി വിധി വന്നു-ഡോക്ടര്‍ കുറ്റക്കാരനാണെന്നു തെളിഞ്ഞിരിക്കുന്നു... താന്‍ ആര്‍ക്കു വേണ്ടിയാണ് വാദിച്ചതെന്ന ചിന്ത ടിമ്മിന്റെ തലയില്‍ കിടന്നു തിളച്ചു-വാദിയ്ക്കോ അതോ പ്രതിയ്ക്കു വേണ്ടിയോ...? എന്തായാലും കേസ് അവിടെയും തീര്‍ന്നില്ല. മേല്‍ക്കോടതിയില്‍ അപ്പീല്‍ പോയി. വീണ്ടും ടിമ്മിന് ഒരു ഏറ്റുമുട്ടലിനൊരുങ്ങേണ്ടി വന്നു. അവിടെ പക്ഷേ എല്ലാം തകിടം മറിയുകയായിരുന്നു. വാദത്തിനിടെ ചില നേരങ്ങളില്‍ വാദി പ്രതിയായി മാറി, മറ്റു ചിലപ്പോള്‍ പ്രതിയുടെ മേല്‍ കുരുക്ക് കൂടുതല്‍ മുറുകുകയും...കൊണ്ടുംകൊടുത്തും കേസ് മുന്നേറുന്നു.

അന്തിമവിജയം ആര്‍ക്കാകുമെന്ന് പ്രേക്ഷകന് ഊഹിച്ചെടുക്കാന്‍ പോലും ആകാത്ത അവസ്ഥ. അവസാനം പ്രതിഭാഗം വക്കീല്‍ തന്റെ തുറുപ്പുചീട്ടിറക്കി. പക്ഷേ അതോടെ അതുവരെ ആരും അറിയാതിരുന്ന ഒരു സത്യം ആ കോടതിമുറിയില്‍ അനാവരണം ചെയ്യപ്പെടുകയായിരുന്നു... ഒന്‍പത് ചൈനീസ് ചിത്രങ്ങളുടെ പാക്കേജുമായാണ് ഇത്തവണ ഐഎഫ്എഫ്ഐ ആരംഭിച്ചത്. അതില്‍ ഹോളിവുഡ് ചിത്രങ്ങളുടെ ചടുലതയും കലാമികവും അവകാശപ്പെടാവുന്ന വിധം ഒരുക്കിയതാണ് ഷാര്‍ലി യുങ്ങിന്റെ 'ക്രിസ്മസ് റോസ്' എന്ന ചിത്രം. ഷാര്‍ലിയുടെ ആദ്യ ഫീച്ചര്‍ഫിലിമാണിത്. ഹോളിവുഡിലേക്കുള്ള ചിത്രത്തിന്റെ ചായ്വിന് കൃത്യമായ കാരണവുമുണ്ട്. ഗായികയും നടിയുമായിരുന്ന ഷാര്‍ലി ജാക്കിചാനോടൊപ്പം ന്യൂ പൊലീസ് സ്റ്റോറിയിലും നിക്കോളാസ്കേജിനൊപ്പം ബാങ്കോക്ക് ഡെയ്ഞ്ചറസിലും അഭിനയിച്ച പരിചയവുമായാണ് 'ക്രിസ്മസ് റോസ്' ഒരുക്കുന്നത്. ചൈനീസ് ചിത്രങ്ങളുടെ സ്വഭാവത്തില്‍ വന്ന മാറ്റത്തിന് ഏറ്റവും മികച്ച ഉദാഹരണമാണ് 2013ലിറങ്ങിയ ക്രിസ്മസ് റോസ്.

നേരത്തെ ചലച്ചിത്രമേളകളിലെത്തുന്ന ചൈനീസ് ചിത്രങ്ങളിലെല്ലാം അമിതമായ വയലന്‍സിന്റെയും സെക്സിന്റെയും സാന്നിധ്യം കാണാമായിരുന്നു. വികാരങ്ങളെ, അത് അക്രമമായാലും പ്രണയമായാലും, അതിന്റെ തീവ്രതയില്‍ തന്നെ കാണിക്കുന്നവരായിരുന്നു അവിടത്തെ സംവിധായകര്‍. അതുകൊണ്ടുതന്നെ റിയലിസത്തിന്റെ തൂവല്‍ ചാര്‍ത്തി പല രാജ്യാന്തരമേളകളും ചൈനീസ് ചിത്രങ്ങളെ അംഗീകരിച്ചിട്ടുണ്ട്. അതിനിടെയാണ് ഷാര്‍ലി യുങ്ങിനെപ്പോലെയുള്ള പുതുസംവിധായകരുടെ വരവ്. ഒരേസമയം മേളകളെയും തിയേറ്ററുകളെയും ലക്ഷ്യമിട്ടുകൊണ്ടാണ് ഇവരുടെ ചലച്ചിത്രനിര്‍മാണം. അതിനാല്‍ത്തന്നെ അക്രമങ്ങളിലും രതിയിലുമെല്ലാം വല്ലാത്ത നിയന്ത്രണങ്ങളുണ്ട്. അതേസമയം തന്നെ ബുദ്ധിപരമായ തിരക്കഥകളുടെ കെട്ടുറപ്പും ഒപ്പമുണ്ടാകും. മിക്ക ചിത്രങ്ങളും ക്രൈം ത്രില്ലറുകളാകുന്നതും സ്വാഭാവികം. അതിനകത്ത് ആധുനിക ചൈനയെ കൃത്യമായി പ്രതിഫലിപ്പിക്കാനാകുന്നു.

ബന്ധങ്ങളിലെ വൈചിത്യ്രങ്ങള്‍, പ്രണയം എത്തിച്ചേരുന്ന പുതിയതലങ്ങള്‍, ടെക്നോളജിയുണ്ടാക്കുന്ന പ്രശ്നങ്ങള്‍ ഇതെല്ലാം ചൈനീസ് സിനിമകളുടെ പൊതുസ്വഭാവമായി മാറുകയാണ്. ഹോളിവുഡിനെ കണ്ടുവളര്‍ന്ന ചൈനീസ് സിനിമ അധികം വൈകാതെ തന്നെ തങ്ങളുടേതായ ഒരു ചലച്ചിത്രലോകം സൃഷ്ടിക്കുമെന്ന കാര്യം അരക്കിട്ടുറപ്പാക്കുന്നതായിരുന്നു ഐഎഫ്എഫ്ഐയിലെ ഓരോ ചൈനീസ് ചിത്രവും. കാത്തിരിക്കുക തന്നെ വേണം ചൈന സമ്മാനിക്കാനിരിക്കുന്ന പുതുലോക-അദ്ഭുത സിനിമാക്കാഴ്ചകള്‍ക്ക്...

© Copyright 2014 Manoramaonline. All rights reserved.