അച്ഛനും മകളും തമ്മിലുള്ള ബന്ധം പ്രമേയമാക്കി ഷാജി എന്‍. കരുണ്‍ ചിത്രം

കെ.രമേഷ്

രാജ്യാന്തര മേളകളില്‍ പ്രേക്ഷകശ്രദ്ധ നേടി മുന്നേറുന്ന സ്വപാനത്തിനു പിന്നാലെ ഒരച്ഛനും മകളും തമ്മിലുള്ള ബന്ധം പ്രമേയമാക്കി ഷാജി എന്‍. കരുണ്‍ ചിത്രം വരുന്നു. സമകാലീന കുടുംബബന്ധങ്ങള്‍ പശ്ചാത്തലമാക്കുന്ന ചിത്രത്തിന്റെ പ്രാരംഭ ചര്‍ച്ചകളിലേക്കു കടന്നതായി അദ്ദേഹം മനോരമ ഓണ്‍ലൈനോട് പറഞ്ഞു. ഒരു ചെണ്ട കലാകാരന്റെ മനഃസംഘര്‍ഷങ്ങള്‍ പ്രമേയമാക്കുന്ന സ്വപാനം ഗോവ മേളയിലും പ്രതിനിധികളുടെ നിറഞ്ഞ സദസാണ് ഏറ്റുവാങ്ങിയത്. ലളിതമായ കഥനരീതിയാണ് പുതിയ ചിത്രത്തില്‍ സന്നിവേശിപ്പിക്കാന്‍ ഉദ്ദേശിക്കുന്നതെങ്കിലും വ്യക്തിസംഘര്‍ഷത്തിന്റെ പുതിയ തലങ്ങളിലേക്ക് ചിത്രം പ്രേക്ഷകരെ നയിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഷാജി എന്‍. കരുണ്‍ പറഞ്ഞു.

ഈ ചിത്രത്തിനു ശേഷം ഹിന്ദിയില്‍ ഒരു ചിത്രത്തിനും പദ്ധതിയുണ്ട്. പത്തു കോടിയെങ്കിലും ചെലവു പ്രതീക്ഷിക്കുന്ന ഹിന്ദി ചിത്രത്തിന് നിര്‍മാതാക്കളെ പ്രതീക്ഷിക്കുകയാണെന്നും അദ്ദേഹം സൂചിപ്പിച്ചു. ചെണ്ട പോലെ സൌമ്യമായി ഉപയോഗിക്കാനാവാത്ത വാദ്യവും സൌമ്യമായ നടനചാരുതയുടെ മോഹിനിയാട്ടവും സമന്വയിപ്പിച്ച സ്വപാനത്തിന്റെ ചിത്രീകരണം ഏറെ വിഷമകരമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, നമ്മുടെ സംസ്കാരത്തിന്റെ തന്നെ ഭാഗമായ ചെണ്ട കേന്ദ്രീകരിച്ചുളള ചിത്രത്തിനു വിവിധ ചലച്ചിത്ര മേളകളില്‍ ലഭിക്കുന്ന സ്വീകാര്യത സന്തോഷം പകരുന്നു. കേരളത്തിലെ രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉന്നതാധികാര സമിതി അംഗമാണെങ്കിലും ചില തിരക്കുകള്‍ കാരണം സംഘാടനചുമതലയില്‍ നിന്നു മാറിനില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വിയറ്റ്നാമിലെ വിഖ്യാതമായ ഹനോയ് രാജ്യാന്തര ചലച്ചിത്രമേളയില്‍ ഉദ്ഘാടനചിത്രമായി സ്വപാനം തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

നവംബര്‍ 23 ന് ഉദ്ഘാടനപ്രദര്‍ശനത്തിനു ശേഷം മേളയിലെ മല്‍സരവിഭാഗത്തിലും സ്വപാനമെത്തുന്നുണ്ട്. ഈ വിഭാഗത്തില്‍ ഇന്ത്യയില്‍ നിന്ന് ഇടം നേടിയ ഏക ചിത്രമാണിത്. ചിത്രത്തിന്റെ പ്രദര്‍ശനവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച അദ്ദേഹം ഹനോയിലേക്ക് പുറപ്പെടും. ഗോവയിലെ രാജ്യാന്തര ചലച്ചിത്രമേളയുടെ സിഗ്നേച്ചര്‍ ഫിലിം തയ്യാറാക്കിയത് ഷാജി എന്‍. കരുണാണ്..

© Copyright 2014 Manoramaonline. All rights reserved.