കേരളത്തിന്റെ ചലച്ചിത്രമേള മികച്ചതാക്കാന്‍ തയ്യാര്‍: ശങ്കര്‍ മോഹന്‍

കെ.രമേഷ്

കേരള സര്‍ക്കാരില്‍ നിന്ന് ക്ഷണം ലഭിച്ചാല്‍ കേരളത്തിലെ ചലച്ചിത്ര മേഖലയ്ക്കായി പ്രവര്‍ത്തിക്കുന്നതില്‍ സന്തോഷമേയുള്ളൂവെന്ന് ഇന്ത്യയുടെ രാജ്യാന്തര ചലച്ചിത്ര മേളയുടെ(ഐഎഫ്എഫ്ഐ) ഡയറക്ടറും മലയാളിയുമായ ശങ്കര്‍ മോഹന്‍. ഐഎഫ്എഫ്ഐയുടെ സംഘാടനത്തില്‍ 25 വര്‍ഷമായി ഔദ്യോഗിക തലത്തില്‍ സഹകരിക്കുന്ന അദ്ദേഹം അഞ്ചു വര്‍ഷമായി മേളയുടെ ഡയറക്ടറാണ്. ജനുവരിയില്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്നും വിരമിക്കും. ഇന്ത്യയുടെ ചലച്ചിത്ര മേള പോലെ ഒരു വലിയ മേളയില്‍ ഉന്നതപദവി വഹിച്ച ശേഷം താരതമ്യേന ചെറുതായി തോന്നിയേക്കാവുന്ന കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്ര മേളയുമായി സഹകരിക്കുമോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മലയാള മനോരമയ്ക്കായി അദ്ദേഹം അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ നിന്ന്:

വിരമിച്ച ശേഷം കേരളത്തിലെ ചലച്ചിത്ര മേഖലയ്ക്കായി പ്രവര്‍ത്തിക്കാന്‍ ക്ഷണം ലഭിച്ചാല്‍?

സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗിക തലത്തില്‍ തീരുമാനമെടുത്ത് ഉചിതമായ പദവി ലഭിച്ചാല്‍ മലയാള ചലച്ചിത്ര മേഖലയ്ക്കായി പ്രവര്‍ത്തിക്കുന്നതില്‍ സന്തോഷമേയുള്ളു. എന്നാല്‍ അതില്‍ സര്‍ക്കാരാണ് തീരുമാനമെടുക്കേണ്ടത്.

കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേള പലപ്പോഴും വിവാദങ്ങളിലാണ്. അവിടത്തെ ചലച്ചിത്രമേളയുടെ നടത്തിപ്പില്‍ സഹകരിക്കുമോ?

ചലച്ചിത്ര മേള പോലെ കല ഉള്‍ക്കൊളളുന്ന മേളകള്‍ വിവാദത്തില്‍പ്പെടുന്നത് ഒട്ടും സന്തോഷകരമല്ല. ഒത്തിണക്കത്തോടെ ഒരേ മനസോടെ പ്രവര്‍ത്തിക്കാന്‍ സംഘാടകര്‍ തയ്യാറായാല്‍ തീരാവുന്നതേയുള്ളു പല പ്രശ്നങ്ങളും. ചില്ലറ പ്രശ്നങ്ങള്‍ പരിഹരിക്കാതെ പോകുന്നത് പോലും തുടര്‍മേളകളുടെ സുഗമമായ നടത്തിപ്പിനെ ബാധിക്കും. ചലച്ചിത്രപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവരും ഒത്തൊരുമയോടെ പ്രവര്‍ത്തിച്ചാല്‍ കേരളത്തിലെ മേള രാജ്യാന്തര തലത്തില്‍ മികവോടെ മുന്നോട്ടു പോകുമെന്നതില്‍ സംശയമില്ല. രാജ്യാന്തര മേളകള്‍ അതുല്യരായി കാണുന്ന ചലച്ചിത്രപ്രതിഭകളെ സംഭാവന ചെയ്ത കേരളത്തെക്കുറിച്ച് ലോകമെമ്പാടുമുള്ള ചലച്ചിത്രകാരന്മാര്‍ക്ക് ബഹുമാനമേറെയാണ്. ഇത് തന്നെ കേരളത്തിലെ മേളയുടെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു. ഔദ്യോഗികതലത്തില്‍ നിന്ന് ക്ഷണം ലഭിച്ചാല്‍ കേരളത്തിലെ മേള മികവുറ്റതാക്കാന്‍ എത്തുന്നതില്‍ സന്തോഷമേയുള്ളു.

25 വര്‍ഷമായി ഐഎഫ്എഫ്ഐയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നു, പിന്നിട്ട നാളുകള്‍ എങ്ങനെ കാണുന്നു?

സ്വാതന്ത്യ്രം ലഭിച്ച ശേഷം വര്‍ഷങ്ങള്‍ക്കകം തന്നെ ഇന്ത്യയുടെ രാജ്യാന്തര ചലച്ചിത്ര മേളയെന്ന ചര്‍ച്ചകളിലേക്ക് നാം കടന്നിരുന്നു. 1952 ല്‍ മുംബൈയില്‍ ആദ്യ മേള നടന്നത് തന്നെ ഈ കലയില്‍ ആഗോളതലത്തിലുണ്ടാകുന്ന ചലനങ്ങളെ നാം എത്ര ഗൌരവത്തോടെ കണ്ടുവെന്നതിന്റെ ഉദാഹരണമാണ്. രാജ്യത്തിന്റെ വിവിധ വേദികള്‍ കടന്ന് ഒടുവില്‍ തിരുവനന്തപുരത്ത് നിന്നും 2004 ല്‍ ഗോവയിലെത്തി ഇവിടെ സ്ഥിരംവേദിയായായതോടെയാണ് മേള ഒരു വാര്‍ഷിക മേളയാവുന്നത്. 1990 ലാണ് ഞാന്‍ ഐഎഫ്എഫ്ഐയുടെ ഭാഗമാകുന്നത്. കംപ്യൂട്ടറുകളോ ഇന്റര്‍നെറ്റോ കൂടാതെ ടെലക്സ് മെഷീനിലൂടെയായിരുന്നു ചലച്ചിത്രങ്ങളുടെ പ്രദര്‍ശനപ്പതിപ്പുകള്‍ക്കായി അന്നത്തെ രാജ്യാന്തര സമ്പര്‍ക്കങ്ങള്‍. ഇന്നാകട്ടെ ഏഷ്യയിലെ തന്നെ വലിയ മേളകളില്‍ ഒന്നാണിത്. എണ്‍പതു രാജ്യങ്ങളില്‍ നിന്നും ഇവിടെ പ്രതിനിധികളും ചിത്രങ്ങളുമെത്തുന്നു.

ഇന്ത്യയുടെ രാജ്യാന്തര ചലച്ചിത്ര മേളയില്‍ താങ്കളുടെ സംഭാവന?

ആജീവനാന്ത പുരസ്കാരം പുനഃസ്ഥാപിക്കാനായതാണ് പ്രധാനം. ചലച്ചിത്രവിദ്യാര്‍ഥികള്‍ക്ക് ഗുണകരമാകും വിധം ചലച്ചിത്രകാരന്മാരുടെ ക്ളാസുകളും ശില്‍പശാലകളും ഏര്‍പ്പെടുത്താന്‍ കഴിഞ്ഞു. ഇന്ത്യയുടെ വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളിലെ ചിത്രങ്ങള്‍ക്ക് പ്രത്യേക ഇടം നല്‍കാന്‍ സാധിച്ചു.

2015 ലെ ഐഎഫ്എഫ്ഐ ബഹിഷ്കരിക്കുമെന്ന് ചില ബോളിവുഡ് സംഘടനകള്‍ പറയുന്നുണ്ടല്ലോ?

ഇത്തവണ മേളയ്ക്ക് പ്രത്യേകം ക്ഷണം ലഭിച്ചില്ലെന്നാണ് ഇതില്‍ ചിലര്‍ ഉയര്‍ത്തുന്ന പരാതിയെന്ന് അറിഞ്ഞു. രാജ്യത്തെ വിവിധ ചലച്ചിത്ര സംഘടനകളുടെ കൂട്ടായ്മയായ ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യ(എഫ്എഫ്ഐ) പ്രതിനിധികളുമായി രണ്ടു മാസം മുന്‍പ് തന്നെ ഗോവയിലെ മേള സംബന്ധിച്ച് ചര്‍ച്ച നടത്തിയ ശേഷമാണ് മേളയുടെ നടത്തിപ്പിലേക്ക് കടന്നത് . ഇത്തവണ ഉദ്ഘാടനച്ചടങ്ങില്‍ നന്ദി പറഞ്ഞതു പോലും എഫ്എഫ്ഐയുടെ പ്രതിനിധിയാണ്. ഔദ്യോഗികമായി ഇതുവരെ ആരും പരാതിപ്പെട്ടിട്ടില്ല. ഐഎഫ്എഫ്ഐ ഡയറക്ടറുടെ വാതില്‍ എല്ലാവര്‍ക്കും മുന്നില്‍ തുറന്നു കിടക്കുകയാണ്. പക്ഷപാതപരമായി ആരോടും പെരുമാറിയിട്ടില്ല, പെരുമാറുകയുമില്ല.

ചലച്ചിത്ര മേളകള്‍ക്ക് സ്വകാര്യ സ്പോണ്‍സര്‍ഷിപ്പ് വ്യാപകമാകുന്നത് സംബന്ധിച്ച്?

സ്പോണ്‍സര്‍ഷിപ്പ് അടിസ്ഥാനമാക്കിയുള്ള മേളകള്‍ നിലനില്‍ക്കില്ലെന്നതാണ് വാസ്തവം. ഇവിടെ പോലും കോടികളുമായി സ്വകാര്യ സ്പോണ്‍സര്‍മാര്‍ കാത്തുനില്‍ക്കുകയാണ്. എന്നാല്‍ മേളയുടെ നടത്തിപ്പിന് കേന്ദ്ര സര്‍ക്കാരിന്റെയും ഗോവ സര്‍ക്കാര്‍ നല്‍കുന്ന ഫണ്ടുമാണ് ഉപയോഗിക്കുന്നത്. ഗോവ സര്‍ക്കാര്‍ സ്പോണ്‍സര്‍ഷിപ്പിലൂടെ സ്വകാര്യരംഗത്തുളളവരില്‍ നിന്നും പണം സ്വരൂപിക്കുന്നുണ്ട്. എന്നാല്‍ അത് സ്റ്റാളുകളുടെ ലേലത്തിലും മറ്റും അവസാനിക്കുന്നു. നേരിട്ട് മേളയുടെ നടത്തിപ്പില്‍ സ്വകാര്യരംഗത്തുള്ളവര്‍ക്ക് പങ്കാളിത്തമൊന്നുമില്ല. സര്‍ക്കാര്‍ മേളയാണിത്. സര്‍ക്കാര്‍ മേളയായി തുടരുന്നിടത്തോളം മേളകള്‍ നിലനില്‍ക്കും. സ്വകാര്യ സ്പോണ്‍സര്‍ഷിപ്പില്‍ രാജ്യത്ത് നിലനില്‍ക്കുന്ന പല മേളകളും തകര്‍ച്ചയുടെ വക്കിലാണ്.

വിരമിച്ച ശേഷം അഭിനയരംഗത്ത് വീണ്ടും സജീവമാകാന്‍ പദ്ധതിയുണ്ടോ?

ഇല്ല. എന്നാല്‍ ചലച്ചിത്രരംഗവുമായി ബന്ധപ്പെട്ട് തന്നെ പ്രവര്‍ത്തിക്കണമെന്നാണ് ആഗ്രഹം. ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തിരക്കഥയും സംവിധാനവുമാണ് പഠിച്ചത്. തിരക്കഥ, സംവിധാന രംഗത്തേക്ക് തിരിഞ്ഞുകൂടെന്നില്ല. എല്ലാം കാലം കാത്തു വച്ചത് പോലെ നടക്കും.

കോട്ടയം പൊന്‍കുന്നം സ്വദേശിയായ ശങ്കര്‍ മോഹന്‍ കൊല്‍ക്കത്തയിലെ സത്യജിത് റേ ഫിലിം ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. എം.ടി. വാസുദേവന്‍ നായര്‍ സംവിധാനം ചെയ്ത മഞ്ഞില്‍ നായകനായിരുന്നു. മഞ്ഞിനു ശേഷം കാട്ടിലെ പാട്ട്, മൌനരാഗം, നട്ടുച്ചയ്ക്കിരുട്ട്, വീണപൂവ് തുടങ്ങി പത്തോളം മലയാള ചിത്രങ്ങളില്‍ അഭിനയിച്ചു. 1983ല്‍ വീണപൂവിലായിരുന്നു അവസാനം വെള്ളിത്തിരയിലെത്തിയത്. നിര്‍മാതാവും കേരളസംസ്ഥാന ചലച്ചിത്രവികസന കോര്‍പ്പറേഷന്റെ സ്ഥാപക ഡയറക്ടറുമായിരുന്ന കാഞ്ഞിരപ്പള്ളി പങ്ങപ്പാട്ട് പി.ആര്‍.എസ്. പിള്ളയുടെ മകനാണ്.

ഒൌദ്യോഗിക തിരക്കുകള്‍ക്കിടയിലും ചില ഡോക്യുമെന്ററികള്‍ സംവിധാനം ചെയ്തു. രാജാ രവിവര്‍മയുടെ ചെറുമകളുടെ മകളായ പ്രഭാവതിയാണു ഭാര്യ. നടനും മോഡലുമായ അരുണ്‍ ശങ്കര്‍(ജയരാജ് ചിത്രം ക്യാമല്‍ സഫാരിയിലെ നായകന്‍), ഫാഷന്‍ ഡിസൈനര്‍ സോണാലി ശങ്കര്‍ എന്നിവരാണ് മക്കള്‍. അമ്മ ഡോ. രാജം തിരുവനന്തപുരത്താണുള്ളത്.

© Copyright 2014 Manoramaonline. All rights reserved.