ഐഎഫ്എഫ്ഐ ഡയറക്ടറുടെ മകന്‍ ഡെലിഗേറ്റിനെ തല്ലിയതിന് കേസ്

രാജ്യാന്തര ചലച്ചിത്രമേളയുടെ പ്രതിനിധിയെ ചലച്ചിത്ര മേളയുടെ ഡയറക്ടറുടെ മകന്‍ തല്ലിയതിന് കേസ്. മേള ഡയറക്ടര്‍ ശങ്കര്‍ മോഹന്റെ മകനും ഈ വര്‍ഷം റിലീസ് ചെയ്ത ജയരാജിന്റെ ക്യാമല്‍ സഫാരി എന്ന ചിത്രത്തിലെ നായകനുമായ അരുണ്‍ ശങ്കറാണ് വിവാദത്തിലായത്. വെള്ളിയാഴ്ച വൈകിട്ട് ഐനോക്സ് തിയറ്ററില്‍ മിസ് ജൂലി എന്ന ചിത്രത്തിന്റെ പ്രദര്‍ശനത്തിനിടെ അരുണ്‍ തല്ലിയതായി കാട്ടി ചിന്താമണി ദേവ് എന്ന പ്രതിനിധിയാണ് പൊലീസില്‍ പരാതി നല്‍കിയത്. അരുണ്‍ ഒരു പ്രതിനിധിയെ തല്ലിയതിന് കേസുണ്ടെന്ന് ശങ്കര്‍ മോഹന്‍ സ്ഥിരീകരിച്ചു. എന്നാല്‍ മകന്റെ ഭാഗത്താണോ പരാതി ഉന്നയിച്ച പ്രതിനിധിയുടെ ഭാഗത്താണോ തെറ്റെന്നത് അറിയില്ലെന്നും ശങ്കര്‍ മോഹന്‍ പറഞ്ഞു.

പ്രതിനിധിയെന്ന നിലയിലാണ് അരുണ്‍ ശങ്കര്‍ മേളയില്‍ പങ്കെടുക്കുന്നത്. ഇതല്ലാതെ മറ്റൊരു പരിഗണനയും അരുണിന് മേളയില്‍ നല്‍കുന്നില്ല. ഈ സംഭവത്തില്‍ സത്യം എന്തായാലും പരാതി പൊലീസ് അന്വേഷിച്ചു നടപടി സ്വീകരിക്കട്ടെയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചലച്ചിത്രമേളയുടെ ഭാഗമായി ഗോവ പൊലീസ് സ്ഥാപിച്ച ഔട്ട്പോസ്റ്റിലെത്തിയാണ് ചിന്താമണി ദേവ് പരാതി രേഖപ്പെടുത്തിയത്. ചിത്രത്തിന്റെ പ്രദര്‍ശനത്തിനിടെ തിയറ്ററിനുളളില്‍ അരുണ്‍ സെല്‍ ഫോണ്‍ ഉപയോഗിച്ചത് ചോദ്യം ചെയ്തപ്പോഴാണ് തന്നെ അരുണ്‍ അടിച്ചതെന്നാണ് ചിന്താമണിയുടെ പരാതി. സംഭവത്തെക്കുറിച്ച് അരുണ്‍ ശങ്കറിനോട് മാധ്യമപ്രവര്‍ത്തകര്‍ പ്രതികരണം ആരാഞ്ഞെങ്കിലും അദ്ദേഹം പ്രതികരിക്കാന്‍ വിസമ്മതിച്ചു. സംഭവം അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്ന് ഗോവ പൊലീസ് ഇന്‍സ്പക്ടര്‍ രാജേന്ദ്ര പ്രഭു ദേശായി അറിയിച്ചു.

© Copyright 2014 Manoramaonline. All rights reserved.