സ്റ്റീവ് ലോപ്പസിന്റെ കണ്ണുകെട്ടിയവര്‍

നവീന്‍ മോഹന്‍

ഫോര്‍ കോണേഴ്സ്, ഹിപ്പോക്രാറ്റസ്, ക്രാക്ക്സ് ഇന്‍ കോണ്‍ക്രീറ്റ്, വെന്‍ യു വേക്ക് അപ്...ഐഎഫ്എഫ്ഐയില്‍ പ്രദര്‍ശിപ്പിച്ച ഈ ചിത്രങ്ങളെല്ലാം കണ്ടപ്പോള്‍ തോന്നിയതാണ്, എല്ലാത്തിനും ഒരു ഇന്ത്യന്‍സിനിമാച്ചുവ. ചില സിനിമകള്‍ക്ക് ചിത്രീകരണരീതിയില്‍പ്പോലും മലയാളിത്തം. ചിലത് കണ്ടപ്പോഴാകാട്ടെ ഇതിലും മികച്ച ചിത്രങ്ങള്‍ നമ്മുടെ കൊച്ചുകേരളത്തിലിറങ്ങുന്നുണ്ടല്ലോയെന്ന സ്വകാര്യഅഭിമാനവും. വിദേശചിത്രങ്ങളുടെ തിരക്കൊഴിഞ്ഞ ഒരു രാത്രിയിലാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന മലയാളചിത്രങ്ങളിലൊന്ന് കാണാന്‍ തോന്നിയത്. സബ്ടൈറ്റിലുകള്‍ വായിച്ച് കണ്ണുകഴച്ചിരിക്കുന്നു. നമ്മുടെ ഭാഷയില്‍ നമുക്കറിയാവുന്ന നാടിനെയും നടന്മാരെയും കണ്ട് ഒരു ചിത്രം ആസ്വദിക്കാമല്ലോയെന്ന ചിന്തയുമായാണ് 'ഞാന്‍ സ്റ്റീവ് ലോപ്പസിനു' കയറിയത്. തിരുവനന്തപുരം നഗരത്തിന്റെ രാത്രിക്കാഴ്ചകള്‍ പറഞ്ഞു തുടങ്ങുകയാണ് ചിത്രം.

വാട്ട്സ് ആപ്പിലും ഫെയ്സ്ബുക്കിലുമായി കൂട്ടുകാരുമൊത്ത് വിശേഷങ്ങള്‍ പങ്കുവച്ച് വീട്ടിലേക്ക് വരികയാണ് സ്റ്റീവ്. പക്ഷേ പാതിവഴിയില്‍ ദൂരെ നിയോണ്‍വിളക്കിനു താഴെ കാക്കിക്കുപ്പായങ്ങള്‍ കണ്ടപ്പോള്‍ ഡ്രൈവര്‍കൂട്ടുകാരന്‍ ആദ്യം ഇറങ്ങിയോടി, പിന്നാലെ മറ്റുള്ളവരും. എന്തുചെയ്യണമെന്നറിയാതെ സ്റ്റീവ് ഒരു നിമിഷം പകച്ചിരുന്നു പോയി. സ്റ്റീവിന്റെ ആശയക്കുഴപ്പങ്ങള്‍ അവിടെ തുടങ്ങുകയായിരുന്നു. അവനും ഇറങ്ങിയോടി. 'പെട്ക്കാന്‍ നിന്ന പൊലീസിനെ കണ്ട് എന്ത്രിനണ്ണാ ഈ പയലുകളിങ്ങനെ ഓടണത്...' ആരോ ചോദിക്കുന്നു. ടൈറ്റിലിനൊപ്പം തെളിയുന്ന തിരുവനന്തപുരത്തിന്റെ രാത്രിക്കാഴ്ചകളും പിന്നെ വരക്കാഴ്ചകളും പിറകെയെത്തി. ഡിവൈഎസ്പി ജോര്‍ജിന്റെ മകനാണ് സ്റ്റീവ്. നഗരത്തിലെ ഒരു കോളജിലെ അവസാനവര്‍ഷ ബിരുദ വിദ്യാര്‍ഥി. കളിക്കൂട്ടുകാരിയായ അഞ്ജലിയോട് തന്റെ പ്രണയം തുറന്നു പറയാന്‍ കൊതിച്ചുനടക്കുകയാണവന്‍. അവസാനം ഒരുവിധം നാണിച്ച് കളംവരച്ച് സ്റ്റീവ് സംഗതി അഞ്ജലിയോടവതരിപ്പിച്ചു. '

എനിക്കിതിനൊന്നും നേരമില്ല സ്റ്റീവ്. നല്ല സുഹൃത്തുക്കളായിരിക്കാമെങ്കില്‍ ഓകെ, അല്ലെങ്കില്‍ ഇനി നമ്മള്‍ കാണില്ല..' എന്നും പറഞ്ഞ് അഞ്ജലി ഒരൊറ്റപ്പോക്കായിരുന്നു. പിന്നെ സോഡയൊഴിക്കാതെ ഡ്രൈയടിയായി, പിറകെ വാളുവയ്ക്കലായി, കരച്ചിലായി... പക്ഷേ ഒരാള്‍ മുഖത്തുനോക്കി ഇഷ്ടമാണെന്നു പറഞ്ഞാല്‍ ഒരു പെണ്‍കുട്ടിക്ക് എത്രനേരം അതിനുനേരെ മുഖം തിരിച്ചു നടക്കാനാകും? പ്രത്യേകിച്ച് അവനോട് ഉള്ളിലെവിടെയോ ഒരിഷ്ടം ഒളിച്ചുകളിക്കുന്ന നേരത്ത്...എന്തായാലും സ്റ്റീവും അഞ്ജലിയും പ്രണയത്തിലായി. നഗരവീഥികളില്‍ അവരുടെ പ്രണയം വേഗത്തിലോടിക്കളിച്ചു. ഭാവിയെപ്പറ്റി നല്ല പ്ളാനിങ്ങിലാണ് അഞ്ജലി. അവള്‍ക്ക് സ്റ്റീവിനെപ്പറ്റി ഒരൊറ്റപ്പരാതിയേയുള്ളൂ-ഒന്നും സീരിയസായെടുക്കില്ല. പക്ഷേ അവളുടെ വാക്കു കേട്ട് അവന്‍ നേരത്തെ എഴുന്നേല്‍ക്കാനും കോളജില്‍ പോകാനും തുടങ്ങി. (കള്ളുകുടിയും നിര്‍ത്തി!!) കൌമാരത്തിന്റേതായ ആശയക്കുഴപ്പങ്ങള്‍ക്കിടയിലും താന്‍ സീരിയസായെന്ന് മറ്റുള്ളവരെ കാണിക്കാനായിട്ടെങ്കിലും സ്റ്റീവ് കാര്യഗൌരവക്കാരനായി. പക്ഷേ ഒരുപകലില്‍ അതൊന്നും സ്റ്റീവിന്റെ അഭിനയമായിരുന്നില്ലെന്നു തെളിഞ്ഞു.

അവന്റെ കണ്മുന്നിലേക്ക് ഇരുവിഭാഗം ഗുണ്ടകളുടെ പക നടുറോഡില്‍ വെട്ടുകൊണ്ടു വീണു. വെട്ടുകൊണ്ടയാളെ ആശുപത്രിയിലെത്തിച്ചത് അവനാണ്. വെട്ടിയ ആള്‍ക്കാരെയും കണ്ടതാണ്. അവനക്കാര്യം അച്ഛനോടു പറഞ്ഞപ്പോള്‍ കിട്ടിയ മറുപടി പക്ഷേ മുഖമടച്ച് ഒരടിയായിരുന്നു. ആ ഗുണ്ടകളിലൊരാള്‍ തല്ലിയതിലും സങ്കടമുണ്ടായിരുന്നു ആ ഒരൊറ്റ അടിയ്ക്ക്. എല്ലാവരും അവനെ ഉപദേശിച്ചു-മോന്‍ ഇതിലൊന്നിലും ഇടപെടേണ്ട'. ജീവിതത്തെ ഗൌരവത്തോടെ കാണണമെന്ന് അവനെ ഉപദേശിച്ച അഞ്ജലി പോലും. പക്ഷേ സ്റ്റീവിന്റെ തലയില്‍ ഉരുകിയൊലിച്ച ചില ചോദ്യങ്ങള്‍ക്ക് ഉത്തരംവേണമായിരുന്നു. ഒപ്പം ചെറുപ്പത്തിന്റെ ചോരത്തിളപ്പുകൂടിയായതോടെ അവന്‍ ചിലതെല്ലാം തീരുമാനിച്ചുറപ്പിച്ചു. കണ്മുന്നില്‍ പിടയുന്ന നിലവിളികള്‍ക്കു നേരെ കണ്ണടയ്ക്കണമെന്നു പഠിപ്പിക്കുന്ന ഒരു വിഭാഗം ആളുകളെ കാട്ടിത്തരികയാണ് രാജീവ് രവി 'ഞാന്‍ സ്റ്റീവ് ലോപ്പസി'ലൂടെ. മനുഷ്യത്വമെന്നത് എന്തെന്നറിയാത്ത ഒരു തലമുറയാണ് ന്യൂജനറേഷനെന്ന പേരില്‍ വളര്‍ന്നുവരുന്നതെന്നു വിമര്‍ശിക്കുന്നവര്‍ക്കുള്ള മറുപടി.

സോഷ്യല്‍മീഡിയകളില്‍ നേരംകളയുന്നവരെന്നു വിളിക്കപ്പെടുന്ന പുതു തലമുറയ്ക്കു പറയാനുള്ളത് കേള്‍ക്കണമെന്ന് ആവശ്യപ്പെടുന്ന ചിത്രം. കണ്മുന്നിലൊരാള്‍ പിടഞ്ഞുവീഴുമ്പോള്‍ അവരെ രക്ഷിക്കണമെന്നു തോന്നുന്നവന്റെ ചിന്തയ്ക്കു പിറകില്‍ ചോരയൊലിപ്പിച്ചു കിടക്കുന്നവരുടെ കുടുംബത്തോടുള്ള അനുകമ്പ തെളിഞ്ഞുകാണാം. ഒരാള്‍ മരിക്കുമ്പോള്‍ ഒപ്പം ഒരുപാടുപേര്‍ മരിച്ചൊടുങ്ങുന്നുവെന്നതു തന്നെ ആ ചിന്തയുടെ കാതല്‍. ഇവിടെ ഗുണ്ടാപ്പകയാണ് മരണകാരണം. പക്ഷേ കൊല്ലുന്നവനും കൊല്ലപ്പെടുന്നവനും കുടുംബങ്ങളുണ്ട്. അവര്‍ക്കിടയില്‍പ്പെടുന്നയാള്‍ ആരുടെ കൂടെ നില്‍ക്കും? സ്റ്റീവിന് അതറിയില്ലായിരുന്നു. അതുകൊണ്ടുതന്നെ മറ്റുള്ളവര്‍ 'അരുത്' എന്നു പറഞ്ഞുവിലക്കിയ വഴികളിലൂടെ മാത്രമായിരുന്നു അവന്റെ സഞ്ചാരം. അതിനിടെ അവന്‍ വീടിനെയും വീട്ടുകാരെയും മറന്നു, നെഞ്ചേറ്റിയ പ്രണയത്തെ മറന്നു... എന്നിട്ടും അന്വേഷിച്ചതിനുത്തരം മാത്രം അവനു കിട്ടിയില്ല. ഒടുക്കം ഏതോ ഒരു വഴിത്തിരിവില്‍ അവനു മനസ്സിലാകുന്നു തന്റെ പ്രിയപ്പെട്ടവരുടെ കൈകളിലും ചോരയുടെ മണമുണ്ട്. തന്റെ ദു:സ്വപ്നങ്ങള്‍ക്കുള്ള ഉത്തരം അവരോടും ചോദിച്ചു.

പക്ഷേ ആര്‍ക്കും ഉത്തരമില്ല. അല്ലെങ്കില്‍ ഉത്തരമറിയില്ലെന്ന് അവര്‍ നടിച്ചു. 'എന്തിനാ നീയീ വേണ്ടാത്ത പണിക്കു പോകുന്നത്' എന്ന് എല്ലാവരും അവനോടു ചോദിച്ചു-അച്ഛന്‍, അമ്മ, കാമുകി, ആത്മാര്‍ഥ സുഹൃത്തുക്കള്‍, കൊല്ലപ്പെട്ടയാളുടെ സഹോദരന്‍, കൊന്നവന്‍...എല്ലാവരും. പക്ഷേ കണ്മുന്നില്‍ ചോരയിറ്റുവീഴുന്ന മുഖവും വെട്ടിക്കീറിയ ശരീരവുമായി നില്‍ക്കുന്നവര്‍ ഉറക്കം കെടുത്തിത്തുടങ്ങിയപ്പോള്‍ സ്റ്റീവ് പ്രിയപ്പെട്ടവരുടെ വാക്കും കേള്‍ക്കാന്‍ നിന്നില്ല. സ്റ്റീവ് ലോപ്പസിന്റെ അവസാന സീനില്‍ തിരശ്ശീലയെ കീറിമുറിയ്ക്കാനെന്ന വണ്ണം വീശിയ വെട്ടുകത്തിയുടെ മിന്നായത്തില്‍ തിയേറ്ററിലെ പ്രേക്ഷകരില്‍ നിന്നൊരുമിച്ചാണ് ദീര്‍ഘനിശ്വാസമുയര്‍ന്നത്. ചിത്രം കഴിഞ്ഞിട്ടും സീറ്റുകളില്‍ നിന്നെഴുന്നേല്‍ക്കാന്‍ പലരുമൊന്നു മടിച്ചു. ചിലരാകട്ടെ തൊട്ടടുത്ത നിമിഷത്തില്‍ ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞിരുന്നു. തിരുവനന്തപുരത്തുകാരനായ ഒരാളോടൊപ്പമായിരുന്നു എന്റെ സിനിമ കാണല്‍.

ചിത്രം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ ആള്‍ പറഞ്ഞു-അവസാനസീനില്‍ എന്റെ ശ്വാസം കുറച്ചുനേരത്തേക്ക് വിലങ്ങിപ്പോയി... ' ഞാനാളുടെ മുഖത്തേക്കു നോക്കി. ആള്‍ തുടര്‍ന്നു-'എനിക്കുമുണ്ട് സ്റ്റീവിന്റെ അതേ പ്രായത്തിലൊരു മകന്‍. ഇതുപോലൊരു കൂട്ടുകെട്ടില്‍ നിന്ന് അവനെ രക്ഷിച്ച് ഞാന്‍ കടല്‍ കടത്തിയതേയുള്ളൂ. അവനെ ഒരിടത്താക്കി തിരിച്ചുവന്നപ്പോഴാണ് ശ്വാസമൊന്നു നേരെ വീണത്...' ആ ശ്വാസത്തിലായിരുന്നു 'ഞാന്‍ സ്റ്റീവ് ലോപ്പസ്' വിലങ്ങിട്ടത്. ശരിയാണ്, ആരും ഒരു സ്റ്റീവ് ലോപ്പസാകാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷേ കണ്മുന്നില്‍ ഏതുനിമിഷവും ഒരാള്‍ വെട്ടേറ്റു വീണേക്കാം, അപകടത്തില്‍പ്പെട്ടു ചോരയൊലിച്ചു കിടന്നേക്കാം. അപ്പോള്‍ അയാളെ രക്ഷിക്കാന്‍ നീട്ടുന്ന കൈകള്‍ വെട്ടിമുറിയ്ക്കാന്‍ വെമ്പുന്നവരാണല്ലോ നമ്മുടെ ചുറ്റിലുമുള്ളതെന്ന ഓര്‍മയില്‍ ഒരു നടുക്കം അറിയാതെ മേലാകെ പടരുന്നുണ്ട്... ഐഎഫ്എഫ്ഐ മേളച്ചിത്രങ്ങള്‍ക്കിടയില്‍ രാജ്യാന്തരനിലവാരത്തോടെ ഒരു മലയാളസിനിമയുണ്ടായല്ലോയെന്ന അഭിമാനവും നെഞ്ചേറ്റിയാണ് 'ഞാന്‍ സ്റ്റീവ് ലോപ്പസ്' കണ്ടിറങ്ങിയത്.

© Copyright 2014 Manoramaonline. All rights reserved.